- താഷ്‌കെന്റില്‍ പിറവികൊണ്ട റഷ്യന്‍-ഇസ്ലാമിക സന്തതി (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 1)
- കാണ്‍പൂരില്‍ കണ്ട ദേശവിരുദ്ധ മുഖം ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 2)
- സ്ഥാപകന്റെ ദേശസ്‌നേഹം പാര്‍ട്ടിക്ക് സഹിച്ചില്ല (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 3)
- ക്വിറ്റിന്ത്യാ പ്രക്ഷോഭവും ആര്‍എസ്എസ് പങ്കാളിത്തവും (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 17)
- ദേശീയവാദിയും ഭാരതവിരുദ്ധനും ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 4)
- ഡോ.ഹെഡ്‌ഗേവാറിന്റെ രാഷ്ട്ര നിയോഗം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 5)
- കാണ്‍പൂരിലെ ഗൂഢനീക്കവും നാഗ്പൂരിലെ തുടക്കവും (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 6)
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ക്വിറ്റിന്ത്യാ സമരത്തെ ഒറ്റുകൊടുത്ത് ഭാരതത്തിന്റെ സ്വാതന്ത്ര്യസമരത്തെ വഞ്ചിക്കുകയായിരുന്നു എന്നത് മുഖ്യധാരയില്‍ ചര്‍ച്ചയായപ്പോഴാണ് ആര്‍എസ്എസ്സും ക്വിറ്റിന്ത്യാ സമരത്തില്‍ പങ്കെടുത്തില്ലെന്ന ആരോപണവുമായി ഇടതു പാര്‍ട്ടികളും ബുദ്ധിജീവികളും രംഗത്തുവന്നത്. ഈ നുണ ആവര്‍ത്തിച്ച് തങ്ങളുടെ രാജ്യദ്രോഹം മറച്ചുപിടിക്കാനാണ് ഇടതു പാര്‍ട്ടികള്‍ വിഫലശ്രമം നടത്തിയത്. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ക്വിറ്റിന്ത്യാ സമരത്തെ ഒറ്റുകൊടുത്തു എന്നത് അനിഷേധ്യമായ സത്യമായിരുന്നെങ്കില്‍, ആര്‍എസ്എസ്സിനെതിരായ ആരോപണം അടിസ്ഥാന രഹിതമായ പ്രചാരണം മാത്രമായിരുന്നു.
ഡോ. ഹെഡ്‌ഗേവാറിന്റെ മരണത്തിനു ശേഷം, രണ്ടാം സര്‍സംഘചാലകായിരുന്ന ഗുരുജി ഗോള്‍വല്‍ക്കറുടെ നേതൃത്വത്തില്‍ സംഘ നേതാക്കളും സ്വയംസേവകരും പൂര്‍ണ്ണ സമര്‍പ്പണത്തോടെ സംഘപ്രവര്‍ത്തനം വിപുലീകരിച്ചു. ഗുരുജിയുടെ മാര്‍ഗനിര്‍ദ്ദേശത്തില്‍ അനേകം സ്വയംസേവകരെ കുടുംബബന്ധങ്ങള്‍ ഉപേക്ഷിച്ച് പ്രചാരകന്മാരായി പ്രവര്‍ത്തിക്കാന്‍ പ്രചോദിപ്പിച്ചു. ഈ യുവപ്രചാരകന്മാരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അയച്ചു. വ്യക്തിത്വം, വിശ്വാസ്യത, സഹോദരഭാവം എന്നിവയിലൂടെ അവര്‍ സംഘപ്രവര്‍ത്തനം വ്യാപിപ്പിച്ചു. മുന്‍പ് സംഘപരിശീലന ശിബിരങ്ങള്‍ നാഗ്പൂരില്‍ മാത്രമാണ് നടന്നിരുന്നതെങ്കില്‍, ഗുരുജിയുടെ കാലത്ത് അവ മിക്ക സംസ്ഥാനങ്ങളിലും നടക്കാന്‍ തുടങ്ങി. സ്വയംസേവകരുടെയും ശാഖകളുടെയും എണ്ണം ഗണ്യമായി വര്‍ധിച്ചു. ശാഖകളില്‍ സ്ഥിരമായി നടക്കുന്ന പ്രഭാഷണങ്ങള്‍ ഭാരതത്തിന്റെ പൂര്‍ണ്ണ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സ്വയംസേവകരുടെ ആഗ്രഹത്തെ വലിയതോതില്‍ പ്രചോദിപ്പിച്ചു. ഇതേസമയം ബ്രിട്ടീഷ് അധികാരികള്‍ ആര്‍എസ്എസ് പ്രവര്‍ത്തനങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരുന്നു.
ആര്‍എസ്എസ് എന്ന രൂപത്തില്‍ ഉയര്‍ന്നുവരുന്ന ദേശീയശക്തി ബ്രിട്ടീഷ് സര്‍ക്കാരിനും അവരുടെ ഇവിടുത്തെ കൂട്ടാളികള്‍ക്കും കണ്ണിലെ കരടായി. ബ്രിട്ടീഷ് സര്‍ക്കാര്‍ ഒരു ഉത്തരവിലൂടെ സന്നദ്ധ സംഘടനകള്‍ സൈനിക യൂണിഫോം ധരിക്കുന്നതും പരേഡ് നടത്തുന്നതും നിരോധിച്ചു. ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ രഹസ്യാന്വേഷണ ഏജന്‍സികളെ നിയോഗിച്ചു. ആര്‍എസ്എസ്സിന്റെ അടിസ്ഥാന ലക്ഷ്യം ബ്രിട്ടീഷുകാരെ പുറത്താക്കി സ്വാതന്ത്ര്യം നേടുക എന്നതാണെന്ന് അവര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. ഗുരുജി ഗോള്‍വല്‍ക്കര്‍, ബാബാസാഹേബ് ആപ്‌തേ തുടങ്ങിയവര്‍ നടത്തിയ പ്രസംഗങ്ങളുടെ വിവരങ്ങള്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിച്ചു.
വഡൂജിലെ പ്രക്ഷോഭം ജാലിയന്‍ വാലാബാഗ്
ക്വിറ്റിന്ത്യാ സമരകാലത്ത് കോണ്‍ഗ്രസ്സിനെ അപേക്ഷിച്ച് ആര്‍എസ്എസ് ചെറിയ സംഘടനയായിരുന്നു. എങ്കിലും സ്വയംസേവകര്‍ പ്രക്ഷോഭത്തില്‍ സജീവമായി പങ്കെടുത്തു. ചിലര്‍ നേരിട്ട് പങ്കെടുത്തപ്പോള്‍ മറ്റു ചിലര്‍ ഒളിവില്‍ പ്രവര്‍ത്തിക്കുന്നവരെ സഹായിച്ചു.
മുംബൈയിലാണല്ലോ ക്വിറ്റിന്ത്യ സമരത്തിന് തുടക്കം കുറിച്ചത്. മഹാരാഷ്ട്രയുടെ മാത്രം കാര്യമെടുത്താല്‍, ദേശീയ വികാരത്താല്‍ പ്രചോദിതരായ നിരവധി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നേരിട്ടും പരോക്ഷമായും ഈ പ്രസ്ഥാനത്തില്‍ പങ്കെടുത്തതായ നിരവധി സംഭവങ്ങളുണ്ട്. കോണ്‍ഗ്രസ് അനുകൂല വേദികളും ഇടതുപക്ഷ ചരിത്രകാരന്മാരും വര്‍ഷങ്ങളായി കോണ്‍ഗ്രസ് നേതാക്കള്‍ക്കു മാത്രമാണ് സ്വാതന്ത്ര്യ സമരത്തില്‍ പങ്കുള്ളതെന്ന ഏകപക്ഷീയമായ പ്രചാരണമാണ് നടത്തിയത്. മറ്റ് വിപ്ലവകാരികളുടെ പങ്ക് പലപ്പോഴും അവഗണിക്കപ്പെട്ടു. സത്താറ ജില്ലയിലെ വഡൂജില്‍ നടന്ന ഒരു സംഭവം ഇതിനു തെളിവാണ്. ക്വിറ്റിന്ത്യാ സമരത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായ വഡൂജിലെ പ്രമുഖ ആര്‍എസ്എസ് പ്രവര്‍ത്തകനും ഡോക്ടറുമായ ശങ്കര്‍ അംബികെയുടെ പ്രവര്‍ത്തനം നിര്‍ണായകമായിരുന്നു. ഡോ.ശങ്കര്‍ അംബികെയുടെയും മറ്റ് ആര്‍എസ്എസ് സ്വയംസേവകരുടെയും ക്വിറ്റിന്ത്യാ സമരത്തിലെ പങ്കാളിത്തം ഈ ഘട്ടത്തിലെ സ്വാതന്ത്ര്യസമരത്തില്‍ ആര്‍എസ്എസ് പങ്കെടുത്തിരുന്നില്ല എന്ന വാദത്തെ നിരാകരിക്കുന്നതാണ്.

ഗാന്ധിജിയുടെ ‘പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക’ എന്ന ആഹ്വാനത്തോടെ തുടക്കമിട്ട ക്വിറ്റിന്ത്യ പ്രസ്ഥാനം രാജ്യവ്യാപകമായി വ്യാപിച്ചിരുന്നു. ഈ പ്രക്ഷോഭം സത്താറയിലും ശക്തിപ്രാപിച്ചു. ഓഗസ്റ്റ് 12 മുതല്‍ 15 വരെ സത്താറയിലുടനീളം പ്രതിഷേധങ്ങള്‍ ആളിക്കത്തി. വഡൂജ്, ഖട്ടാവ്, വായ് എന്നിവിടങ്ങളിലെ പ്രകടനങ്ങള്‍ അക്രമാസക്തമായി. ബ്രിട്ടീഷ് അടിച്ചമര്‍ത്തലും അറസ്റ്റുകളും ഉണ്ടായിട്ടും കലാപം ദൃഢനിശ്ചയത്തോടെ മുന്നേറി.
സത്താറ ജില്ലയിലെ വഡൂജില്‍ 1942 ആഗസ്റ്റ് ഒന്‍പതിനാണ് ക്വിറ്റിന്ത്യാ പ്രസ്ഥാനം ആരംഭിച്ചത്. വിദ്യാര്‍ത്ഥികളും കര്‍ഷകരും സ്വാതന്ത്ര്യസമര സേനാനികളും ബ്രിട്ടീഷ് ഭരണത്തിനെതിരെ സംഘടിച്ച് മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ബ്രിട്ടീഷ് പോലീസ് ശ്രമിച്ചെങ്കിലും അവര്‍ പിന്മാറാന്‍ വിസമ്മതിച്ച് ‘ഭാരത് മാതാ കീ ജയ്’ എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ടിരുന്നു. ലാത്തിച്ചാര്‍ജുകള്‍ അവരുടെ ദൃഢനിശ്ചയം തകര്‍ക്കാന്‍ പര്യാപ്തമായില്ല. സ്ഥിതി രൂക്ഷമായപ്പോള്‍ ഓഗസ്റ്റ് പതിമൂന്നിന് പോലീസ് വെടിവച്ചു. നിരവധി പ്രതിഷേധക്കാര്‍ കൊല്ലപ്പെടുകയും, അനേകം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. വെടിവയ്പ്പിനിടെ വഡൂജിലെ പ്രമുഖ ആര്‍എസ്എസ് പ്രവര്‍ത്തകനായ ഡോ. അംബികെ ധൈര്യത്തോടെ മുന്നോട്ട് വന്ന് പരിക്കേറ്റവരെ ചികിത്സിച്ചു. അതിന് ബ്രിട്ടീഷുകാര്‍ പിഴ ചുമത്തി. അക്രമത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് സ്വാതന്ത്ര്യസമരത്തില്‍ വഡൂജിലെ സംഭവത്തെ രണ്ടാമത്തെ ജാലിയന്‍വാലാ ബാഗ് എന്നാണ് വിശേഷിപ്പിക്കുന്നത്.
വഡൂജിലെ ക്വിറ്റിന്ത്യാ സമരം ശക്തമായ മുന്നേറ്റം നടത്തി. വഡൂജിലെയും സമീപപ്രദേശങ്ങളിലെയും ആളുകള്‍ പ്രതിഷേധങ്ങളില്‍ പങ്കെടുത്തു. സമരത്തെ മുന്‍നിരയില്‍ നിന്ന് നയിച്ച ആളായിരുന്നു ഡോ. ശങ്കര്‍ അംബികെ. പ്രതിബദ്ധനായ ദേശസ്‌നേഹിയുമായിരുന്നു ഡോ. അംബികെ. ബ്രിട്ടീഷ് വെടിവയ്പ്പില്‍ പരിക്കേറ്റ സമരഭടന്മാരെ, അധികാരികളുടെ സമ്മര്‍ദ്ദം അവഗണിച്ച് തന്റെ ക്ലിനിക്കില്‍ അംബികെ ചികിത്സിച്ചു. കുടുംബാംഗമായ രാമചന്ദ്ര അംബികെയും സമരത്തെ പിന്തുണച്ചു. ഇരുവര്‍ക്കും ബ്രിട്ടീഷ് സര്‍ക്കാര്‍ പിഴ ചുമത്തി. ഡോ. അംബികെയെ രണ്ട് മാസത്തേക്ക് സത്താറയില്‍ നിന്ന് നാടുകടത്തുകയും, ക്ലിനിക്ക് താല്‍ക്കാലികമായി അടച്ചുപൂട്ടുകയും ചെയ്തു. രാമചന്ദ്രയെ നാല് മാസത്തേക്ക് തടങ്കലിലാക്കി. അവരുടെ പേരുകള്‍ പിന്നീട് സത്താറ ജില്ലയിലെ സ്വാതന്ത്ര്യസമര സേനാനികളുടെ ഔദ്യോഗിക ഗസറ്റില്‍ രേഖപ്പെടുത്തി.
സത്താറയിലെ ആര്‍എസ്എസ് പ്രവര്‍ത്തനം സ്ഥാപകനായ ഡോ. ഹെഡ്‌ഗേവാറിന്റെ കാലത്തു തന്നെ ആരംഭിച്ചിരുന്നു. ഡോ. ഹെഡ്‌ഗേവാര്‍ 1932 ല്‍ സത്താറ സന്ദര്‍ശിച്ച് ഗണേഷ് ആള്‍ട്ടികര്‍, ഉദ്ഭവ് ദത്താത്രയ കുല്‍ക്കര്‍ണി എന്നിവരെ സംഘപ്രവര്‍ത്തനത്തിന് നിയോഗിച്ചിരുന്നു. 1935 ല്‍ കാശിനാഥ് പന്ത് പടിഞ്ഞാറന്‍ മഹാരാഷ്ട്ര സംഘപ്രവര്‍ത്തനത്തിന്റെ ചുമതലക്കാരനായി. അതിനുശേഷം സത്താറയില്‍ ആര്‍എസ്എസ് പ്രവര്‍ത്തനം ശക്തിപ്പെട്ടു. നിരവധി സ്വയംസേവകര്‍ സംഘടനയില്‍ ചേ ര്‍ന്നു. ഉദ്ഭവ് കുല്‍ക്കര്‍ണി എന്ന സ്വയംസേവകനെ പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന് ബ്രിട്ടീഷുകാര്‍ ശിക്ഷിച്ചു. സമരത്തില്‍ പങ്കെടുത്ത ശ്രീപാദ് സാത്‌വലേക്കറെ പിന്നീട് ഗുരുജി ഗോള്‍വല്‍ക്കര്‍ ആദരിച്ചു. വലിയ പണ്ഡിതനായിരുന്ന സാത്‌വലേക്കറിന് 1966 ല്‍ പദ്മവിഭൂഷണ്‍ ലഭിച്ചു. ദത്തോപന്ത് ഗോഖലെയും ക്വിറ്റിന്ത്യാ സമരത്തിന് തന്റേതായ സംഭാവന നല്‍കി.
ഡോ. ശങ്കര്‍ അംബികെ പൊതുസേവനത്തിന്റെയും ധൈര്യത്തിന്റെയും ദേശസ്‌നേഹത്തിന്റെയും അതുല്യ മാതൃകയായിരുന്നു. സത്താറയിലെ സ്വാതന്ത്ര്യസമരത്തില്‍ ഡോ. അംബികെ ഇന്നും അഭിമാനത്തോടെ ഓര്‍ക്കപ്പെടുന്നു. ഈ ഡോക്ടര്‍ വൈദ്യസേവനത്തില്‍ മാത്രം ഒതുങ്ങിയിരുന്നില്ല. സമൂഹ്യ പ്രവര്‍ത്തനം, സ്വാതന്ത്ര്യ സമരത്തില്‍ ജനങ്ങളെ പങ്കെടുപ്പിക്കല്‍ എന്നിവയെല്ലാം ഡോ. അംബികെ ചെയ്തു. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള പ്രവര്‍ത്തനത്തിലൂടെ ‘വഡൂജിന്റെ ദേശസ്‌നേഹി ഡോക്ടര്‍’ എന്നും ‘ജനങ്ങളുടെ ഡോക്ടര്‍’ എന്നുമുള്ള വിളിപ്പേരുകള്‍ നേടിക്കൊടുത്തു. 1993 ലാണ് ഈ ദേശസ്‌നേഹി അന്തരിച്ചത്.
ദേശീയ ആര്‍ക്കൈവുകളിലെ ആര്‍എസ്എസ് രേഖകള്‍
പ്രശസ്ത എഴുത്തുകാരനും പാഞ്ചജന്യ വാരികയുടെ പത്രാധിപരും ആയിരുന്ന, ക്വിറ്റിന്ത്യാ സമരത്തില്‍ പങ്കെടുത്തതിന് രണ്ടുതവണ സ്‌കൂളില്‍നിന്ന് പുറത്താക്കപ്പെടുകയും ചെയ്ത ദേവേന്ദ്ര സ്വരൂപ് സര്‍ക്കാര്‍ ആര്‍ക്കൈവുകളിലെ അന്നത്തെ രഹസ്യാന്വേഷണ ഫയലുകള്‍ പരിശോധിച്ച ശേഷം എഴുതിയിട്ടുള്ളത് ഇങ്ങനെയാണ്: ”രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ആര്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ രാജ്യത്തുടനീളം അതിവേഗം വ്യാപിക്കുകയാണ്. 11 സ്ഥലങ്ങളില്‍ പരിശീലന ശിബിരങ്ങള്‍ സംഘടിപ്പിച്ചു. നിരവധി യുവാക്കള്‍ സ്വന്തം കുടുംബങ്ങളെ വിട്ട് വിവിധ സംസ്ഥാനങ്ങളില്‍ പൂര്‍ണ്ണസമയ പ്രവര്‍ത്തകരായി പ്രവര്‍ത്തിക്കുകയും, പുതിയ ശാഖകള്‍ ആരംഭിക്കുകയും ചെയ്യുന്നു. സംഘനേതാവായ എം. എസ്. ഗോള്‍വല്‍ക്കര്‍ നഗരങ്ങളില്‍ മാത്രമല്ല ഗ്രാമങ്ങളിലെ വിദൂര പ്രദേശങ്ങളിലേക്കും സംഘപ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ അനുയായികളെ ആഹ്വാനം ചെയ്യുന്നു. അസ്പൃശ്യത പോലുള്ള സാമൂഹിക തിന്മകള്‍ ഇല്ലാതാക്കാനും, ഹിന്ദുക്കളിലെ എല്ലാ വിഭാഗങ്ങളെയും ഏകോപിപ്പിക്കാനും ഗോള്‍വല്‍ക്കര്‍ ആഹ്വാനം ചെയ്യുന്നു.”(1)
ബ്രിട്ടീഷ് സര്‍ക്കാരിന്റെ മറ്റൊരു രഹസ്യ റിപ്പോര്‍ട്ടില്‍ ഭാരതത്തില്‍ ആര്‍എസ്എസ്സിന്റെ വര്‍ധിച്ചുവരുന്ന സ്വാധീനത്തിന്റെയും, സര്‍ക്കാരിനെതിരായ പ്രവര്‍ത്തനങ്ങളുടെയും ‘ഭീതിജനകമായ ചിത്രം’ വരച്ചുകാട്ടുന്നു. അതില്‍ ഇങ്ങനെ പറയുന്നു:
”ആര്‍എസ്എസ് പ്രവര്‍ത്തനം രാജഭരണം നിലനില്‍ക്കുന്ന നാട്ടുരാജ്യങ്ങളില്‍ ഉള്‍പ്പെടെ ഭാരതമാകെ വ്യാപിച്ചിട്ടുണ്ട്. ഇത് സര്‍ക്കാര്‍ സേവനങ്ങളിലേക്കും സൈന്യത്തിലേക്കും വരെ കടന്നുകയറിയിട്ടുണ്ട്. ഈ സംഘടന അത്യന്തം ബ്രിട്ടീഷ് വിരുദ്ധവുമാണ്. ഇത് ദിനംപ്രതി കൂടുതല്‍ ആക്രമണാത്മകമാകുന്നു. എം. എസ്. ഗോള്‍വല്‍ക്കര്‍ വളരെ വേഗത്തില്‍ ശക്തമായ ഒരു സന്നദ്ധ സംഘടന വികസിപ്പിക്കുകയാണ്. ഈ സ്വയംസേവകര്‍ രഹസ്യമായി നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നു. ആവശ്യപ്പെടുമ്പോള്‍ ഏതു നടപടിയും സ്വീകരിക്കാനും, ഏല്‍പ്പിച്ച ജോലികള്‍ നിര്‍വഹിക്കാന്‍ തയ്യാറായിരിക്കുകയും ചെയ്യുന്നു. ഗോള്‍വല്‍ക്കര്‍ വളരെ സൂക്ഷ്മമായി ചിന്തിക്കുന്നയാളും വളരെ വിഭവസമ്പന്നനുമാണ്.” (2)
ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ദൈനംദിന സൈനിക ഡ്രില്ലുകളും പരിശീലന ശിബിരങ്ങളും കര്‍ശനമായി നിരോധിക്കണമെന്നും റിപ്പോര്‍ട്ടിന്റെ അവസാനം ശുപാര്‍ശ ചെയ്യുന്നു.
ഇത്തരം രഹസ്യ ഫയലുകള്‍ ദേശീയ ആര്‍ക്കൈവുകളില്‍ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ഈ റിപ്പോര്‍ട്ടുകളില്‍ ക്വിറ്റിന്ത്യാ പ്രസ്ഥാനത്തില്‍ പങ്കെടുത്തതിനാല്‍ അറസ്റ്റിലായി തടവുശിക്ഷ ലഭിച്ച നിരവധി ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പേരുകള്‍ ഉള്‍ക്കൊള്ളുന്നു. വിദര്‍ഭയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഒരു സമാന്തര സര്‍ക്കാര്‍ രൂപീകരിച്ച കാര്യം ഈ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ക്രാന്തി സിംഗ് പാട്ടീല്‍ എന്ന വിപ്ലവകാരിയാണ് ഇതിന് നേതൃത്വം നല്‍കിയത്. ഈ പ്രവര്‍ത്തകരെ ബ്രിട്ടീഷ് പോലീസ് ക്രൂരമായി പീഡിപ്പിച്ചു. ഈ സര്‍ക്കാരുമായി ബന്ധപ്പെട്ടിരുന്ന ഏകദേശം ഒരു ഡസന്‍ സ്വയംസേവകരെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തി. നാഗ്പൂരിന് സമീപമുള്ള രാംടെക്കിലെ നഗര്‍ പ്രമുഖനായ രമാകാന്ത് ദേശ്പാണ്ഡെയെ ക്വിറ്റിന്ത്യാ പ്രസ്ഥാനത്തില്‍ പങ്കെടുത്തതിന് വധശിക്ഷയ്ക്ക് വിധിച്ചുവെങ്കിലും പിന്നീട് മോചിതനായി. ഇതേ വ്യക്തിയാണ് പിന്നീട് ആദിവാസികളുടെ അഭിമാനത്തിനും യഥാര്‍ത്ഥ അവകാശങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ‘വനവാസി കല്യാണ്‍ ആശ്രമം’ എന്ന സംഘടന സ്ഥാപിച്ചത്.
മഹാത്മാഗാന്ധിയുടെ നേതൃത്വത്തിലുള്ള സ്വാതന്ത്ര്യ സമരത്തില്‍ സ്വയംസേവകര്‍ രാജ്യത്തുടനീളം പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തു. പല സ്ഥലങ്ങളിലും താലൂക്ക്, ജില്ലാ ആസ്ഥാനങ്ങളില്‍ ത്രിവര്‍ണ്ണപതാക ഉയര്‍ത്തി സത്യഗ്രഹം നടത്തി. പോലീസ് വെടിവയ്പ്പിലും ലാത്തിച്ചാര്‍ജിലും നിരവധി സ്വയംസേവകര്‍ക്ക് പരിക്കേറ്റു. ഇത്തരം പ്രക്ഷോഭങ്ങളിലൂടെ ആര്‍എസ്എസ് രാജ്യത്തുടനീളം സാന്നിധ്യം ശക്തമാക്കി. സ്വയംസേവകരുടെ സംഘങ്ങള്‍ സാധാരണ സിവില്‍ വേഷത്തില്‍ ഗാന്ധിജിയെ പ്രശംസിച്ചും, ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കിയും തെരുവുകളിലൂടെ നീങ്ങും. മുന്‍കൂട്ടി നിശ്ചയിച്ച സ്ഥലത്തെത്തി നിയമലംഘനം നടത്തി അറസ്റ്റിന് തയ്യാറാകും. ഗാന്ധിജിയുടെ ആഹ്വാന പ്രകാരം അവര്‍ അത്യന്തം നിയന്ത്രണം പാലിക്കുകയും, പോലീസുമായുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കുകയും ചെയ്തു. അക്കാലത്ത് പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അഭയം നല്‍കിയിരുന്നു.
ഇതിന് കടകവിരുദ്ധമായിരുന്നു കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെയും നേതാക്കളുടെയും പ്രവര്‍ത്തനം. അവര്‍ തങ്ങളുടെ തന്ത്രപരവും രാഷ്ട്രീയവുമായ താല്‍പ്പര്യങ്ങള്‍ക്കായി ബ്രിട്ടീഷുകാര്‍ ഭാരതം വിട്ടുപോകുന്നത് ആഗ്രഹിച്ചിരുന്നില്ല. അവര്‍ ബ്രിട്ടീഷ് രഹസ്യ പോലീസിനെ സഹായിച്ച് ദേശഭക്തരായ എതിരാളികളെ അറസ്റ്റ് ചെയ്യാന്‍ സഹായിച്ചു. സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ് നാരായണനും കോണ്‍ഗ്രസ് നേതാവ് അരുണ ആസിഫ് അലിക്കും ദല്‍ഹിയിലെ ആര്‍എസ്എസ് സംഘചാലകായ ലാല ഹന്‍സ്‌രാജ് ഗുപ്തയുടെ വീട്ടില്‍ അഭയം നല്‍കി. ഒളിവിലിരുന്നുകൊണ്ട് ഇവര്‍ പ്രക്ഷോഭ ത്തെ നയിച്ചു. അതുപോലെ, പ്രശസ്ത സോഷ്യലിസ്റ്റ് നേതാവ് അച്യുത് പട്വര്‍ധനും സാനെ ഗുരുജിയും ആര്‍എസ്എസ് നേതാവാ യിരുന്ന ഭാവു സാഹേബ് ദേശ്മുഖിന്റെ വീട്ടില്‍ താമസിച്ച് രഹസ്യമായി പ്രവര്‍ത്തിച്ചു. പ്രശസ്ത വിപ്ലവകാരിയായ നാനാ പാട്ടീലിന് സത്താറ ജില്ലയിലെ സംഘചാലകനായ സാത്വലേക്കറിന്റെ വീട്ടില്‍ അഭയം ലഭിച്ചു.
രഹസ്യാന്വേഷണ വകുപ്പിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, 1943 സെപ്റ്റംബറില്‍ നടന്ന ആര്‍എസ്എസ്സിന്റെ ഒരു രഹസ്യയോഗത്തില്‍, ജപ്പാന്റെ സഹായത്തോടെ സുഭാ ഷ് ചന്ദ്രബോസിന്റെ നേതൃത്വത്തി ലുള്ള ആസാദ് ഹിന്ദ് ഫൗജ് ഭാരതത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ നടപ്പിലാക്കേണ്ട പദ്ധതികള്‍ ചര്‍ച്ച ചെയ്തിരുന്നു. സ്വയംസേവകര്‍ അറസ്റ്റിന് തയ്യാറാകുമ്പോള്‍, ജയിലില്‍ പോകാത്തവര്‍ പുറത്ത് നിന്ന് സത്യാഗ്രഹികളെയും അവരുടെ കുടുംബങ്ങളെയും സഹായിക്കണമെന്ന് ഗുരുജി ഗോള്‍വല്‍ക്കര്‍ വ്യക്തമായി നിര്‍ദ്ദേശിച്ചു. ഈ സംഘ പ്രവര്‍ത്തകര്‍ ഒളിവില്‍ കഴിയുന്ന നേതാക്കളെ മാത്രമല്ല, അവരുടെ കുടുംബങ്ങളെയും സഹായിച്ചു.
ക്വിറ്റിന്ത്യാ പ്രസ്ഥാനത്തെക്കുറിച്ചുള്ള സംഘത്തിന്റെ നിലപാട് വ്യക്തമായിരുന്നു. നിസ്സഹകരണ പ്രക്ഷോഭത്തോടും നിയമലംഘന പ്രക്ഷോഭത്തോടും ആര്‍എസ്എസ് സ്ഥാപകനായ ഡോ. ഹെഡ്‌ഗേവാര്‍ സ്വീകരിച്ച നിലപാടിന്റെ തുടര്‍ച്ചയെന്നോണം അതിനോട് പൊരുത്തപ്പെടുന്ന സമീപനമാണ് അന്നത്തെ സര്‍സംഘചാലക് ഗുരുജി ഗോള്‍വല്‍ക്കര്‍ സ്വീകരിച്ചത്.



ഗുരുജിയുടെ നേതൃത്വവും ക്വിറ്റിന്ത്യാ സമരവും
രണ്ടാം ലോകമഹായുദ്ധം പുരോഗമിക്കുന്നതിനിടെയാണ് 1940 ജൂലൈയില്‍ ഗുരുജി ഗോള്‍വല്‍ക്കര്‍ ആര്‍എസ്എസ്സിന്റെ രണ്ടാം സര്‍സംഘചാലകായി ചുമതലയേറ്റത്. 1942 മെയ് മാസത്തില്‍ പൂനെയില്‍ നടന്ന ആര്‍എസ്എസ് ശിബിരത്തില്‍ ഗുരുജി ഇങ്ങനെ പ്രഖ്യാപിച്ചു: ”എന്തൊക്കെ അടിച്ചമര്‍ത്തല്‍ ഉണ്ടായാലും ആര്‍എസ്എസ് സ്വന്തം കാലില്‍ നില്‍ക്കുകതന്നെ ചെയ്യും. വിദേശികളോട് കെഞ്ചി സ്വാതന്ത്ര്യം നേടാന്‍ കഴിയില്ല. സ്വാതന്ത്ര്യത്തിനു വേണ്ടി ശക്തി ഉപയോഗിക്കണം. ആര്‍എസ്എസ്സിന്റെ രണ്ടു പതിറ്റാണ്ട് കാലത്തെ ചരിത്രം സാമ്രാജ്യത്വ ശക്തികള്‍ക്ക് എതിരായ സമരത്തിലെ പങ്കാളിത്തത്തിന്റെയും, സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുന്ന കോണ്‍ഗ്രസുമായി മാത്രമല്ല മറ്റു സംഘടനകളുമായും നിരുപാധികമായ സഹകരണത്തിന്റെയും ചരിത്രമാണ്.” (3)
ഇത് സ്വാതന്ത്ര്യ സമരത്തില്‍ ചേരാനുള്ള സ്വയംസേവകരുടെ ശക്തമായ ആഗ്രഹം പ്രകടമാക്കുന്നു. എന്നാല്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ നയിച്ച കോണ്‍ഗ്രസ് മറ്റ് സംഘടനകളെ ഒപ്പംകൊണ്ടുപോകാന്‍ താല്‍പ്പര്യപ്പെട്ടില്ല. ഭാരതത്തെ സ്വതന്ത്രമാക്കാന്‍ പോരാടുന്ന മറ്റ് ദേശഭക്ത സംഘടനകളുമായി സംയുക്ത മുന്നണി രൂപീകരിക്കാന്‍ അവര്‍ ഒരിക്കലും ശ്രമിച്ചില്ല. എന്നിരുന്നാലും, ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള ക്വിറ്റിന്ത്യാ പ്രസ്ഥാനത്തില്‍ സ്വയംസേവകര്‍ തുടര്‍ന്നും പങ്കെടുത്തു. രാജ്യത്തുടനീളം സ്വാര്‍ത്ഥരഹിതമായി സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന യുവ സ്വയംസേവകരുടെ ശൃംഖല ഉണ്ടായിരുന്ന ഏക സംഘടന ആര്‍എസ്എസ് ആയിരുന്നു. സ്വയംസേവകര്‍ വ്യക്തിപരമായ നിലയില്‍ ക്വിറ്റിന്ത്യാ പ്രസ്ഥാനത്തില്‍ പങ്കെടുത്തു.
തന്റെ മുന്‍ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍, ബ്രിട്ടീഷ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിക്കുകയും, അതിലൂടെ മുന്‍പ് ചെയ്തതുപോലെ പ്രക്ഷോഭം പിന്‍വലിക്കാന്‍ അവസരം ലഭിക്കുമെന്നും ഗാന്ധിജി പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അതിവേഗം പ്രവര്‍ത്തിച്ച് 34 ദിവസത്തിനുള്ളില്‍ കോണ്‍ഗ്രസ് കമ്മിറ്റിയിലെ എല്ലാ അംഗങ്ങളെയും അറസ്റ്റ് ചെയ്തു. ചര്‍ച്ചയ്‌ക്കോ ആലോചനയ്‌ക്കോ പോലും അവര്‍ സമയം അനുവദിച്ചില്ല. കോണ്‍ഗ്രസ് നിയമ വിരുദ്ധ സംഘടനയായി പ്രഖ്യാപിക്കപ്പെട്ടു, അതോടെ പ്രസ്ഥാനം നേത്യത്വരഹിതവും ദിശയറ്റതുമായിത്തീര്‍ന്നു.
ചരിത്രകാരന്‍ ഡോ. സതീഷ് ചന്ദ്ര മിത്തല്‍ പറയുന്നത് ഇങ്ങനെയാണ്: ”സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത വിവിധ കക്ഷികള്‍ക്ക് ഒരേപോലെയും സത്യസന്ധവുമായ സമീപനം ഉണ്ടായിരുന്നില്ല. അവയില്‍ ഏറ്റവും ദ്രോഹപരമായ സമീപനം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേതായിരുന്നു. യഥാര്‍ത്ഥത്തില്‍, ദേശഭക്തരായ സ്വാതന്ത്ര്യ സമര സേനാനികളെ ചാരവൃത്തി ചെയ്യാന്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഏജന്റായി പ്രവര്‍ത്തിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പൊളിറ്റ് ബ്യൂറോയുടെയും ആഭ്യന്തര വകുപ്പിന്റെ സെക്രട്ടറിയുടെയും ഇടയില്‍ ഒരു കരാര്‍ ഉണ്ടായിരുന്നു. അതനുസരിച്ച് കമ്മ്യൂണിസ്റ്റ് നേതാവ് പി.സി.ജോഷിയെ ബ്രിട്ടീഷ് സര്‍ക്കാരിനെ സഹായിക്കാന്‍ നിയോഗിച്ചു.”(4)
ക്വിറ്റിന്ത്യാ പ്രസ്ഥാനം ദിശയറ്റതായതിനു ശേഷം, സുഭാഷ് ബോസ് ജപ്പാന്റെ സഹായത്തോടെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ശക്തമായ മുന്നേറ്റത്തിന് തയ്യാറെടുത്തു. ഗോള്‍വല്‍ക്കര്‍ സ്ഥാപക സര്‍സംഘചാലകനായ ഡോ. ഹെഡ്‌ഗേവാര്‍ നിശ്ചയിച്ച ലക്ഷ്യത്തിലേക്ക് അഖണ്ഡ ഭാരതത്തിന്റെ പൂര്‍ണ്ണ സ്വാതന്ത്ര്യം ലക്ഷ്യംവച്ചുള്ള പ്രവര്‍ത്തനം തുടര്‍ന്നു. ഭാരത സംസ്‌കാരം ലോകത്തെ സഹവര്‍ത്തിത്വത്തോടെയുള്ള സമാധാന ജീവിതത്തിന്റെ മൂല്യങ്ങള്‍ പഠിപ്പിച്ചിരുന്ന കാലത്തെ ഓര്‍ത്ത് രാജ്യത്തെ അതിന്റെ പരമോന്നത മഹത്വത്തിലേക്ക് നയിക്കുകയെന്നതായിരുന്നു ലക്ഷ്യം.
അടുത്തത്: ഭാരതത്തെ വിഭജിച്ചത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും
അടിക്കുറിപ്പുകള്‍:-
1. Sangh Beej Se Vriksh, A History of the Rashtriya Swayamsevak Sangh Ideology, Practices and Role in Shaping Modern India, Devendra Swaroop.
2. Ibid.
3. Understanding RSS, Rakesh Sinha.
4. Sources of National movement, Satish Chandra Mittal.





















