- താഷ്‌കെന്റില്‍ പിറവികൊണ്ട റഷ്യന്‍-ഇസ്ലാമിക സന്തതി (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 1)
- കാണ്‍പൂരില്‍ കണ്ട ദേശവിരുദ്ധ മുഖം ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 2)
- സ്ഥാപകന്റെ ദേശസ്‌നേഹം പാര്‍ട്ടിക്ക് സഹിച്ചില്ല (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 3)
- ഹെഡ്‌ഗേവാര്‍ നിയമലംഘന പ്രക്ഷോഭത്തിന്റെ മുന്നണിപ്പോരാളി (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 15)
- ദേശീയവാദിയും ഭാരതവിരുദ്ധനും ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 4)
- ഡോ.ഹെഡ്‌ഗേവാറിന്റെ രാഷ്ട്ര നിയോഗം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 5)
- കാണ്‍പൂരിലെ ഗൂഢനീക്കവും നാഗ്പൂരിലെ തുടക്കവും (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 6)
ആര്‍എസ്എസ് രൂപീകരിക്കുന്നതിന് മുന്‍പ് ഡോ. കേശവ ബലിറാം ഹെഡ്‌ഗേവാര്‍ സ്വാതന്ത്ര്യ സമരത്തില്‍ സജീവമായി പങ്കെടുത്തത് നിസ്സഹകരണ പ്രക്ഷോഭത്തിലായിരുന്നു. 1925 ല്‍ ആര്‍എസ്എസ് രൂപീകരിച്ച ശേഷം പ്രഥമ സര്‍സംഘചാലക് എന്ന നിലയ്ക്ക് സംഘടനയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതില്‍ ഹെഡ്‌ഗേവാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. 1926 മുതല്‍ പ്രവര്‍ത്തനം സജീവവും വ്യാപകവുമായതോടെ സംഘടന പൊതുജനങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ചു. നാഗ്പൂരിലെ കൂടുതല്‍ പേര്‍ ആര്‍എസ്എസ്സില്‍ ആകൃഷ്ടരാവുകയും പ്രവര്‍ത്തനത്തിലേക്ക് വരികയും ചെയ്തു. ഇതിനിടയിലും സ്വാതന്ത്ര്യസമര പ്രസ്ഥാനം എന്ന നിലയില്‍ കോണ്‍ഗ്രസിനോടുള്ള ഹെഡ്‌ഗേവാറിന്റെ ആഭിമുഖ്യം നിലനിന്നു. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തെ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
ആര്‍എസ്എസ് രൂപീകരണത്തിനുശേഷവും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഹെഡ്‌ഗേവാറിന്റെ കാഴ്ചപ്പാടില്‍ യാതൊരു മാറ്റവും വന്നില്ല. 1929 ഏപ്രില്‍ മാസത്തില്‍ വാര്‍ദ്ധയില്‍ നടന്ന സ്വയംസേവകരുടെ ഒരു പരിശീലന ശിബിരത്തില്‍ ഹെഡ്‌ഗേവാര്‍ നടത്തിയ പ്രഭാഷണം ഇത് തെളിയിക്കുന്നുണ്ട്:
”ഭാരതത്തിന് സ്വാതന്ത്ര്യം നല്‍കുമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ പല പ്രാവശ്യം പറഞ്ഞുകഴിഞ്ഞു. എന്നാല്‍ ഇത് കളവായിരുന്നുവെന്ന് തെളിഞ്ഞിരിക്കുന്നു. ഭാരതം സ്വന്തം ശക്തിയില്‍ സ്വാതന്ത്ര്യം കൈവരിക്കേണ്ട സമയമായിരിക്കുന്നു. ബ്രിട്ടന്റെ അധീശത്വം അംഗീകരിക്കാനാവില്ലെന്ന് അയര്‍ലന്‍ഡ് പ്രഖ്യാപിച്ചു കഴിഞ്ഞു. ബ്രിട്ടീഷ് ഭരണാധികാരികള്‍ക്ക് അയര്‍ലന്‍ഡുകാരുടെ മനസ്സിനെ ജയിക്കാന്‍ കഴിഞ്ഞില്ല. ഭാരതത്തിലെ ജനങ്ങളുടെ മനസ്സും അവര്‍ക്ക് കീഴടക്കാന്‍ കഴിഞ്ഞിട്ടില്ല. ബലംപ്രയോഗിച്ച് അവര്‍ ഭാരതത്തെ സ്വന്തം കോളനിയാക്കി വച്ചുകൊണ്ടിരിക്കുകയാണ്. ഓരോ ഭാരതീയനും അവന്‍ ഏത് മതസ്ഥനായിരുന്നാലും നമ്മുടേത് ഹിന്ദു രാഷ്ട്രമാണ്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കുചേരാത്തവര്‍ വിമര്‍ശിക്കപ്പെടേണ്ടവരുമാണ്. എല്ലാ ഭാരതീയരും ഹിന്ദുക്കളാണ്. സ്വരാജ്യം നേടുക എന്നത് അവരുടെ കര്‍ത്തവ്യവുമാണ്.”(1)
പൂര്‍ണ്ണ സ്വരാജിനൊപ്പം ആര്‍എസ്എസ്സും
ലാഹോറില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സമ്മേളനം പൂര്‍ണ സ്വരാജ് എന്ന ആവശ്യം മുന്നോട്ടുവച്ചു. 1929 ഡിസംബര്‍ 31 മുതല്‍ ത്രിവര്‍ണ്ണ പതാക സ്വാതന്ത്ര്യ പതാകയായി അംഗീകരിക്കുകയും, ജനുവരി 26 സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. പൂര്‍ണ്ണ സ്വരാജ് ആവശ്യപ്പെട്ടുകൊണ്ടുള്ള ലാഹോര്‍ പ്രമേയത്തെ ആര്‍എസ്എസ് സ്വാഗതം ചെയ്തു. ഒരോ ശാഖയും കോണ്‍ഗ്രസ് പ്രസിഡന്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന് അഭിനന്ദന സന്ദേശം അയച്ചു. ഇതു സംബന്ധിച്ച് ഹെഡ്‌ഗേവാര്‍ ഒരു സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. അതില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരുന്നു: ”ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും പൂര്‍ണ്ണ സ്വാതന്ത്ര്യം ലക്ഷ്യമായി സ്വീകരിച്ചത് സ്വാഭാവികമായും നമുക്ക് സന്തോഷം പകരുന്നു. ഈ ലക്ഷ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഏതൊരു സംഘടനയോടും സഹകരിക്കുക എന്നത് നമ്മുടെ കടമയാണ്… അതിനാല്‍ 1930 ജനുവരി 26 ആര്‍എസ്എസ്സിന്റെ എല്ലാ ശാഖകളിലെയും സ്വയംസേവകര്‍ തങ്ങളുടെ പ്രദേശത്ത് സമ്മേളനങ്ങള്‍ സംഘടിപ്പിക്കണം. ഇവിടെ നടത്തുന്ന പ്രസംഗങ്ങളില്‍ സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥം എന്താണെന്നും, അത് നേടിയെടുക്കേണ്ടത് എങ്ങനെയാണെന്നും ജനങ്ങളോട് വിശദീകരിക്കണം. സ്വാതന്ത്ര്യം ലക്ഷ്യമായി അംഗീകരിച്ചതില്‍ കോണ്‍ഗ്രസിനെ അഭിനന്ദിച്ചു കൊണ്ടായിരിക്കണം സമ്മേളനം അവസാനിപ്പിക്കേണ്ടത്.”(2) ഭാരതം സ്വാതന്ത്ര്യം നേടുക എന്നതിനപ്പുറം പോകുന്നതായിരുന്നു ഹെഡ്‌ഗേവാറിന്റെ ചിന്ത. ‘രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയുമാണ് ഹെഡ്‌ഗേവാര്‍ സംഘത്തെ ഒരുക്കിയെടുത്തതെങ്കിലും യഥാര്‍ത്ഥ ലക്ഷ്യം ഭാരതത്തെ പരമ വൈഭവശാലിയായ രാഷ്ട്രമാക്കി മാറ്റുക എന്നതായിരുന്നു. ഈ ലക്ഷ്യമാകട്ടെ, സ്വാതന്ത്ര്യം നേടാതെ സാധ്യമാകുന്നതും ആയിരുന്നില്ല'(3) എന്നാണ് പ്രമുഖ ചിന്തകനായിരുന്ന ദത്തോപന്ത് ഠേംഗ്ഡിയെ ഉദ്ധരിച്ചുകൊണ്ട് ഡോ.രാകേശ് സിന്‍ഹ പറയുന്നത്.
ആര്‍എസ്എസ് രൂപീകരിക്കുന്നതിന് ഒരാഴ്ച മുന്‍പ് വരെ ഡോ. ഹെഡ്‌ഗേവാര്‍ കോണ്‍ഗ്രസിന്റെ പ്രാന്തീയ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1928 അവസാനം വരെ കോണ്‍ഗ്രസ് അംഗമായി തുടര്‍ന്നു. പ്രാന്തീയ സമിതിയില്‍ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ഹെഡ്‌ഗേവാര്‍ നിര്‍ണായക പങ്കുവഹിച്ചുപോന്നു. ഭാരതത്തിലെ ബ്രിട്ടീഷ് സര്‍ക്കാര്‍ ചൈനയിലേക്ക് സൈന്യത്തെ അയക്കുന്നതിനെ എതിര്‍ത്തുകൊണ്ട് 1927 ല്‍ നാഗ്പൂര്‍ സിറ്റി കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ഒരു സമ്മേളനം സംഘടിപ്പിച്ചു. ഭാരത പൗരന്മാരെ സൈനിക ഉദ്ദേശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനെ എതിര്‍ക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു പ്രമേയം സമ്മേളനം പാസ്സാക്കി. അവതരിപ്പിച്ചത് ആര്‍എസ്എസ്സിന്റെ പ്രമുഖ നേതാവായിരുന്ന എസ്.വി. പരാഞ്‌പെ ആയിരുന്നു.
സൈമണ്‍ കമ്മീഷനും ഉപ്പ് സത്യഗ്രഹവും
1928 ല്‍ ഭാരതം സന്ദര്‍ശിച്ച സൈമണ്‍ കമ്മീഷനെ എതിര്‍ക്കാനും ആര്‍എസ്എസ് മുന്‍നിരയിലുണ്ടായിരുന്നു. ഭാരതത്തിലെ ഭരണഘടനാപരമായ പരിഷ്‌കാരങ്ങള്‍ പഠിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നിയോഗിച്ച ഏഴ് ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങളടങ്ങിയ ഒരു കമ്മറ്റിയായിരുന്നു ഇത്. സര്‍ ജോണ്‍ സൈമണ്‍ ആയിരുന്നു അധ്യക്ഷന്‍. നിസ്സഹകരണ പ്രക്ഷോഭത്തിനു ശേഷം ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന ശക്തമായ സമരമായിരുന്നു സൈമണ്‍ കമ്മീഷനെതിരായ പ്രതിഷേധം. ബനാറസില്‍ ചേര്‍ന്ന കോണ്‍ഗ്രസിന്റെ പ്രത്യേക സമ്മേളനം കമ്മീഷനെ ദേശവ്യാപകമായി ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരുന്നു. മധ്യസംസ്ഥാനത്ത് സൈമണ്‍ വിരുദ്ധ സമരത്തിന്റെ പ്രചാരണ ചുമതല ഹെഡ്‌ഗേവാറിനായിരുന്നു. രാജ്യത്തെ ഹിന്ദുക്കളും മുസ്ലിങ്ങളും ഒറ്റക്കെട്ടായി സാമ്രാജ്യത്വ ശക്തികള്‍ക്ക് തക്കതായ മറുപടി നല്‍കണമെന്ന് നാഗ്പൂരില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ പ്രമേയം പാസ്സാക്കി. ഇതിന് നേതൃത്വം നല്‍കിയതും ഹെഡ്‌ഗേവാര്‍ ആയിരുന്നു. സൈമണ്‍ കമ്മീഷന്‍ വിരുദ്ധ സമരത്തില്‍ ആര്‍എസ്എസ് സുപ്രധാന പങ്കുവഹിച്ചു. കോണ്‍ഗ്രസിന്റെ നിര്‍ദ്ദേശമനുസരിച്ച് പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ഹെഡ്‌ഗേവാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ആര്‍എസ്എസ്സിന്റെ വര്‍ദ്ധിച്ചുവരുന്ന വളര്‍ച്ചയിലും ശക്തിപ്പെടുന്ന പ്രഭാവത്തിലും ചില കോണ്‍ഗ്രസ് നേതാക്കള്‍ അസ്വസ്ഥരായിരുന്നു. അവര്‍ സംഘത്തിനെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചു. മറ്റുള്ളവര്‍ വിവാദം സൃഷ്ടിച്ചാല്‍, സംഘത്തെ എതിര്‍ക്കണമെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ നമുക്ക് എന്തുചെയ്യാനാവും എന്നു പറഞ്ഞ് ഈ ആരോപണങ്ങളെ അവഗണിക്കാനാണ് ഹെഡ്‌ഗേവാര്‍ നിര്‍ദ്ദേശിച്ചത്.

ഈ സാഹചര്യത്തിലും ഏകപക്ഷീയമായി കോണ്‍ഗ്രസിനെ എതിര്‍ക്കാന്‍ ഹെഡ്‌ഗേവാര്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ അനുവദിച്ചിരുന്നില്ല. കോണ്‍ഗ്രസും ആര്‍എസ്എസ്സും തമ്മിലുള്ള സഹകരണത്തിന്റെ അടിസ്ഥാനം നേതൃത്വപരമോ സംഘടനാപരമോ അല്ലെന്നും, ലക്ഷ്യത്തിന്റെ ഐക്യവും സമാനതയുമാണെന്നും ഹെഡ്‌ഗേവാര്‍ പറയുകയുണ്ടായി. രാജ്യതാല്‍പ്പര്യം സംഘടനയുടെ താല്‍പ്പര്യത്തേക്കാള്‍ വലുതാണെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തു.
വൈസ്രോയിയായിരുന്ന ഇര്‍വിന്‍ പ്രഭുവിന് 1930 ഫെബ്രുവരിയില്‍ ഗാന്ധി ഒരു കത്തെഴുതി. ഭൂനികുതിയില്‍ 15 ശതമാനം കുറവു വരുത്തണമെന്നും, ഉപ്പിന്റെ നികുതി എടുത്തുകളയണമെന്നും, കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ ഒഴികെയുള്ള എല്ലാ രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കണമെന്നും ഈ കത്തില്‍ ആവശ്യപ്പെട്ടു. നിയമ ലംഘന പ്രക്ഷോഭം നടത്തുമെന്ന മുന്നറിയിപ്പോടെ അടുത്തമാസം ഇര്‍വിന്‍ പ്രഭുവിന് മറ്റൊരു കത്തുകൂടി ഗാന്ധി അയച്ചു. ഈ കത്തില്‍ ഉന്നയിച്ച കാര്യങ്ങളോട് നേരിട്ട് പ്രതികരിക്കാന്‍ ഇര്‍വിന്‍ തയ്യാറായില്ല. ”തീര്‍ച്ചയായും സമാധാനം തകര്‍ക്കുന്ന നടപടിയെക്കുറിച്ചാണ് നിങ്ങള്‍ ആലോചിക്കുന്നത്”(4) എന്നുമാത്രമാണ് മറുപടിയില്‍ ഉണ്ടായിരുന്നത്.
ഗുജറാത്തിലെ ബൊര്‍സാദില്‍ നടത്തിയ ഒരു പ്രസംഗത്തിന്റെ പേരില്‍ സര്‍ദാര്‍ വല്ലഭഭായി പട്ടേലിനെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്ത് മൂന്ന് മാസം തടവിന് ശിക്ഷിച്ചു. പട്ടേലിനെ അറസ്റ്റ് ചെയ്ത വിവരം രാജ്യം മുഴുവന്‍ പരന്നു. തൊഴിലാളി യൂണിയന്‍ നേതാവായ അനസൂയ സാരാഭായിയുടെ ആഹ്വാനപ്രകാരം അഹമ്മദാബാദിലെ തുണിമില്ലുകള്‍ അടച്ചു. അടുത്തദിവസം വൈകിട്ട് സ്ത്രീകളടക്കം 60,000 വരുന്ന ജനങ്ങളുടെ സമ്മേളനത്തെ ഗാന്ധി അഭിസംബോധന ചെയ്തു. പട്ടേലിന്റെ ധീരതയെ ഗാന്ധി അഭിനന്ദിച്ചു. ഗുജറാത്തിനു വേണ്ടിയുള്ള പട്ടേലിന്റെ പ്രവര്‍ത്തനം തന്റെ സേവനത്തെക്കാള്‍ ആയിരം തവണ മറികടന്നിരിക്കുന്നുവെന്ന് പ്രഖ്യാപിച്ചു. ബ്രിട്ടീഷ് ഭരണകൂടം ഒരു പട്ടേലിനെ അറസ്റ്റ് ചെയ്തു നീക്കിയാല്‍ ഗുജറാത്തിലെ സ്ത്രീ-പുരുഷന്മാര്‍ പകരക്കാരായി രംഗത്തുവരുമെന്ന് ഗാന്ധി പ്രഖ്യാപിച്ചു. ഇതിനുശേഷമാണ് ദണ്ഡിയില്‍ ഉപ്പ് നിയമം ലംഘിക്കാന്‍ ഗാന്ധി തീരുമാനിച്ചത്. ഇതേ തുടര്‍ന്ന് സബര്‍മതി ആശ്രമത്തില്‍ വന്‍തോതില്‍ ആളുകളെത്തുകയും, അവര്‍ രാത്രിമുഴുവന്‍ നദീതീരത്ത് തങ്ങുകയും ചെയ്തു.
1930 മാര്‍ച്ച് 12 വൈകുന്നേരം 78 തെരഞ്ഞെടുക്കപ്പെട്ട സത്യഗ്രഹികളുമായി ആശ്രമത്തിന് പുറത്തുവന്ന ഗാന്ധി ചരിത്ര പ്രസിദ്ധമായ ദണ്ഡി മാര്‍ച്ചിന് തുടക്കം കുറിച്ചു. ഉപ്പു നിയമം ലംഘിക്കാന്‍ പോകുന്ന ഗാന്ധിയെ കാണാന്‍ സ്ത്രീ-പുരുഷന്മാരും കുട്ടികളും തൊഴിലാളികളും ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ തെരുവിലിറങ്ങി. അവര്‍ ഗാന്ധിയെ എതിരേല്‍ക്കുകയും പുഷ്പവൃഷ്ടി നടത്തുകയും ചെയ്തു. യാത്രക്കിടെ ഗാന്ധി വലിയ സമ്മേളനങ്ങളെ അഭിസംബോധന ചെയ്തു. സൂറത്തില്‍ ഒരു ലക്ഷം പേരാണ് ഈ നിയമലംഘന പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. 170 ഗ്രാമത്തലവന്മാര്‍ സ്ഥാനം രാജിവച്ചു. രാജിക്കത്തിന്റെ കോപ്പികള്‍ ഗാന്ധിക്ക് നല്‍കി. 27 ദിവസം പിന്നിട്ട് യാത്ര ദണ്ഡി കടല്‍ത്തീരത്തെത്തി. 1930 ഏപ്രില്‍ അഞ്ചിനായിരുന്നു ഇത്. അടുത്ത ദിവസം ഏപ്രില്‍ ആറിന് നിയമം ലംഘിച്ച് ഗാന്ധി ഉപ്പ് കുറുക്കി. ഇതുപോലുള്ള നിയമലംഘനങ്ങള്‍ രാജ്യമെമ്പാടും നടന്നു.
വനസത്യഗ്രഹത്തിന് തുടക്കം കുറിക്കുന്നു
മധ്യസംസ്ഥാനത്തെ അകോലയില്‍ നടന്ന ഉപ്പുസത്യഗ്രഹം വേണ്ടത്ര വിജയിച്ചില്ല. പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി വനസത്യഗ്രഹത്തെ കൂടി പരിപാടിയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റി തീരുമാനിച്ചു. മധ്യ സംസ്ഥാനത്തെ സര്‍ക്കാരിന്റെ വരുമാനം കുറയ്ക്കുക എന്നതാണ് കോണ്‍ഗ്രസ് ലക്ഷ്യമിട്ടത്. നിയന്ത്രിത വനമേഖലയില്‍ കടന്നുചെന്ന് വൃക്ഷങ്ങള്‍ വെട്ടിമാറ്റി നിയമലംഘനം നടത്തുക എന്നതായിരുന്നു പരിപാടി. ഇതിനെ പൂര്‍ണമായും പിന്തുണയ്ക്കാന്‍ ആര്‍എസ്എസ് തീരുമാനിച്ചു.
ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തുടക്കം മുതല്‍ ഈ പ്രക്ഷോഭത്തില്‍ പങ്കുചേര്‍ന്നിരുന്നെങ്കിലും അവര്‍ക്കൊപ്പം ഡോ. ഹെഡ്‌ഗേവാര്‍ പങ്കെടുക്കാന്‍ തീരുമാനിച്ചപ്പോള്‍ ബ്രിട്ടീഷ് ഭരണത്തിന് എതിരായ പ്രതിഷേധം അതിന്റെ പരമകാഷ്ഠയിലെത്തി. നാഗ്പൂരില്‍ ചേര്‍ന്ന ആര്‍എസ്എസ് സംഘചാലകന്മാരുടെ മൂന്നുദിവസം നീണ്ടുനിന്ന യോഗം കോണ്‍ഗ്രസ് പ്രഖ്യാപിച്ച സത്യഗ്രഹത്തിന് നിരുപാധിക പിന്തുണ നല്‍കാന്‍ തീരുമാനിച്ചു. ഈ തീരുമാനം പെട്ടെന്നുള്ള ഒരു എടുത്തുചാട്ടം ആയിരുന്നില്ല. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രക്ഷോഭത്തില്‍ പങ്കെടുക്കേണ്ട രീതി എന്തായിരിക്കണമെന്നും ഹെഡ്‌ഗേവാര്‍ നിര്‍ദ്ദേശിച്ചു.’സാമ്രാജ്യത്വ വിരുദ്ധ സമരത്തിന് ഒരു വേദി, ഒരു പതാക, ഒരു ബാനര്‍, ഒരു പരിപാടി എന്ന ആശയക്കാരനായിരുന്നു ഹെഡ്‌ഗേവാര്‍. സംഘത്തിന്റെ പതാകയും വ്യത്യസ്ത നേതൃത്വവുമായി സമരത്തില്‍ പങ്കുചേരുക എന്നതിനര്‍ത്ഥം വെറുതെ വിവാദം സൃഷ്ടിക്കുക എന്നതാണ്. ചുരുക്കത്തില്‍ സൈദ്ധാന്തികമായ വാദപ്രതിവാദങ്ങള്‍ക്ക് ഇടനല്‍കാതെ സ്വയംസേവകരോട് സമരത്തില്‍ പൂര്‍ണമായും സഹകരിച്ച് മുന്നേറാന്‍ ഉപദേശിച്ചു. ഹെഡ്‌ഗേവാര്‍ മുന്‍നിരയില്‍ നിന്നു.”(5)

നിയമലംഘന പ്രക്ഷോഭത്തില്‍ ആര്‍എസ്എസ് സജീവമായി പങ്കെടുത്തു. ഇതുസംബന്ധിച്ച് ആര്‍എസ്എസിന്റെ എല്ലാ ശാഖകള്‍ക്കും ഡോ.ഹെഡ്‌ഗേവാര്‍ ഇങ്ങനെയൊരു നിര്‍ദ്ദേശം നല്‍കി: ”ആര്‍എസ്എസ് ഒരു സംഘടന എന്ന നിലയ്ക്ക് പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചിട്ടില്ല. പക്ഷേ സര്‍സംഘചാലകിന്റെ അനുമതിയോടെ സ്വയംസേവകര്‍ക്ക് പങ്കെടുക്കാം.” (6) ഹെഡ്‌ഗേവാര്‍ പ്രക്ഷോഭത്തിന്റെ ഭാഗമായി സത്യഗ്രഹത്തില്‍ പങ്കെടുക്കുകയും ചെയ്തു.
നിയമലംഘന പ്രസ്ഥാനത്തില്‍ പങ്കെടുത്ത സത്യഗ്രഹികളെ പോലീസ് ക്രൂരമായി തല്ലിച്ചതച്ചിരുന്നു. ഇവര്‍ക്ക് വൈദ്യ ശുശ്രൂഷ നല്‍കാന്‍ 100 പേരടങ്ങുന്ന സ്വയംസേവകരുടെ ഒരു സംഘത്തെ ആര്‍എസ്എസ് അയച്ചു. നാഗ്പൂരിലും പരിസരപ്രദേശങ്ങളിലുമായാണ് ഇവരെ പരിചരിച്ചത്.(7)
1930 ജൂലായ്‌യില്‍ നാഗ്പൂരില്‍ സംഘടിപ്പിച്ച ആര്‍എസ്എസിന്റെ ഗുരുദക്ഷിണ ഉത്സവത്തില്‍, ഡോ. ഹെഡ്‌ഗേവാര്‍ വന സമരത്തില്‍ പങ്കെടുത്തു വരികയാണെന്ന വിവരം സര്‍സംഘചാലക് പദവി താല്‍ക്കാലികമായി ഏറ്റെടുത്ത ഡോ. പരാഞ്‌പേ അറിയിച്ചു. ”ഇപ്പോള്‍ നടന്നുവരുന്ന പ്രക്ഷോഭം രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുമെന്ന കാര്യത്തില്‍ അല്പം പോലും സംശയിക്കേണ്ടതില്ല. വരാന്‍പോകുന്ന സമരങ്ങളിലും സര്‍വസ്വവും സമര്‍പ്പിക്കാന്‍ തയ്യാറാവുന്നവരെ സംഘടിപ്പിക്കുക എന്ന യഥാര്‍ത്ഥ പ്രവര്‍ത്തനം നടത്തേണ്ടതുണ്ട്.”(8)
നിയമലംഘന പ്രക്ഷോഭത്തിന്റെ ഭാഗമായി ഹെഡ്‌ഗേവാറിന്റെ നേതൃത്വത്തില്‍ യവത്മാലില്‍ നടന്ന വനസത്യഗ്രഹം വന്‍ വിജയമായി. നാഗ്പൂരില്‍ നിന്ന് ട്രെയിനില്‍ പുറപ്പെട്ട സത്യഗ്രഹികളുടെ സംഘത്തിന് പല സ്റ്റേഷനുകളിലും വലിയ സ്വീകരണം ലഭിച്ചു. ഹെഡ്‌ഗേവാറും സത്യഗ്രഹികളും വാര്‍ദ്ധയില്‍ എത്തിയപ്പോള്‍ വേറെയും നിരവധി പേര്‍ ഒപ്പം ചേര്‍ന്നു. യവത്മാലില്‍ വലിയൊരു സമ്മേളനത്തെ ഹെഡ്‌ഗേവാര്‍ അഭിസംബോധന ചെയ്തു. സത്യഗ്രഹത്തിന്റെ തുടക്കത്തില്‍ 4000 ത്തോളം പേര്‍ പങ്കെടുത്തു. ഇതില്‍ 800 ഓളം പേര്‍ സ്ത്രീകള്‍ ആയിരുന്നു. ഈ സത്യഗ്രഹികള്‍ക്കൊപ്പം ഹെഡ്‌ഗേവാര്‍ നിയമം ലംഘിച്ചു. പോലീസ് ഉടന്‍ കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു. 125 സത്യഗ്രഹികള്‍ക്കൊപ്പം അകോല ജയിലിലാണ് ഹെഡ്‌ഗേവാറിനെ പാര്‍പ്പിച്ചത്. ഒന്‍പത് മാസത്തെ കഠിന തടവാണ് വിധിച്ചത്. നാഗ്പൂരില്‍ ഹെഡ്‌ഗേവാറിന് പിന്തുണ പ്രഖ്യാപിച്ച് വലിയ സമ്മേളനം സംഘടിപ്പിച്ചു. സത്യഗ്രഹത്തില്‍ വനനിയമം ലംഘിച്ച് ഹെഡ്‌ഗേവാര്‍ വെട്ടിയെടുത്ത പുല്ല് നാഗ്പൂരിലെത്തിച്ച് ആദരവര്‍പ്പിച്ചു. ഹെഡ്‌ഗേവാറിനെ പിന്തുണച്ച് കോണ്‍ഗ്രസും സമ്മേളനം സംഘടിപ്പിച്ചു. ഹെഡ്‌ഗേവാറിന് തടവു ശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സത്യഗ്രഹത്തില്‍ പങ്കുചേര്‍ന്നു. ഇതില്‍ പലര്‍ക്കും തടവു ശിക്ഷ അനുഭവിക്കേണ്ടിവന്നു.
1930 ലെ ദസറ ഉത്സവകാലത്ത് ആര്‍എസ്എസ്സിന്റെ എല്ലാ ശാഖകളിലും സ്വാതന്ത്ര്യ ബോധത്തെ ഉണര്‍ത്തുന്ന ലേഖനം വായിക്കുകയുണ്ടായി.
”മാതൃഭൂമി പാരതന്ത്ര്യത്തിന്റെ ചങ്ങലകളില്‍ നിന്ന് മുക്തമാകുന്നതു വരെ, രാഷ്ട്രം വൈഭവ പൂര്‍ണമാകുന്നതുവരെ നമുക്ക് അല്പം പോലും സുഖിക്കാന്‍ അധികാരമില്ല… യഥാര്‍ത്ഥ സുഖം പാരതന്ത്ര്യത്തിന്റെ ചങ്ങല പൊട്ടിച്ച് രാഷ്ട്രത്തെ സ്വതന്ത്രമാക്കുന്നതില്‍ ആയിരുന്നു.” (9)എന്നതായിരുന്നു ഈ ലേഖനത്തിന്റെ ഉള്ളടക്കം.
ഇടതു വഞ്ചന തുടര്‍ക്കഥ
ഡോ. ഹെഡ്‌ഗേവാറും ആര്‍എസ്എസ്സും നിയമലംഘന പ്രക്ഷോഭത്തില്‍ സജീവമായി പങ്കെടുക്കുമ്പോള്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അതിനൊപ്പം ഉണ്ടായിരുന്നില്ല. എന്നുമാത്രമല്ല, വലിയ തോതില്‍ എതിര്‍ക്കുകയും ചെയ്തു.
ലാഹോര്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ പൂര്‍ണ്ണ സ്വരാജ് പ്രമേയം അവതരിപ്പിച്ചത് തങ്ങളാണെന്നും മറ്റുമുള്ള പൊള്ളയായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന ഇടതു പാര്‍ട്ടികള്‍ സ്വാതന്ത്ര്യ സമരത്തിന് എതിരായിരുന്ന തങ്ങളുടെ മുഖം മറച്ചുപിടിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. പൂര്‍ണ സ്വരാജ് പ്രമേയം അവതരിപ്പിച്ച ഹസ്രത്ത് മൊഹാനി ഒരു സ്വയം പ്രഖ്യാപിത കമ്മ്യൂണിസ്റ്റ് മാത്രമായിരുന്നുവെന്ന് നേരത്തെ കണ്ടതാണല്ലോ.
സ്വാതന്ത്ര്യ പ്രസ്ഥാനം മിതവാദപരവും ബൂര്‍ഷ്വാ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതുമാണ് എന്നതായിരുന്നു അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. തൊഴിലാളികര്‍ഷക സമരങ്ങളെ കേന്ദ്രീകരിച്ചുള്ള കൂടുതല്‍ ഹിംസാത്മകമായ സമീപനം വേണമെന്നാണ് അവര്‍ വാദിച്ചത്. സോവിയറ്റ് യൂണിയന്റെയും കോമിന്റേണിന്റെയും സ്വാധീനത്തില്‍ രൂപപ്പെട്ടതാണ് ഈ നിലപാട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബ്രിട്ടീഷ് ഭരണത്തിനെതിരായ നിയമലംഘന പ്രക്ഷോഭത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എതിര്‍ത്തത്. സ്വാതന്ത്ര്യ സമരത്തിന്റെ മുഖ്യധാരയുമായി അകന്നുനില്‍ക്കുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പൊതു നിലപാടിന് അനുസൃതമായിരുന്നു ഇതും.
ഭാരത സ്വാതന്ത്ര്യസമരകാലത്ത്-പ്രത്യേകിച്ച് നിയമലംഘന പ്രസ്ഥാനവും തുടര്‍ന്ന് ക്വിറ്റ് ഇന്ത്യ പ്രസ്ഥാനവും സംബന്ധിച്ച്- അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തിയതായ വഞ്ചനകള്‍ രണ്ടാം ലോകമഹായുദ്ധകാലത്ത് സോവിയറ്റ് യൂണിയന്റെ നയംമാറ്റത്തിന് അനുസൃതമായിരുന്നു. ആ കാലഘട്ടത്തില്‍ ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരങ്ങളെ പിന്തുണയ്ക്കുന്നതിനുപകരം, സോവിയറ്റ് യൂണിയന്റെ സഖ്യകക്ഷിയായി തീര്‍ന്നതോടെ ബ്രിട്ടീഷുകാരുടെ യുദ്ധപ്രയത്നത്തെ പിന്തുണയ്ക്കാനാണ് അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തീരുമാനിച്ചത്. ഹിറ്റ്‌ലറുടെ നാസി ജര്‍മ്മനി സോവിയറ്റ് യൂണിയനെ ആക്രമിച്ചതിനു പിന്നാലെ കമ്മ്യൂണിസ്റ്റു പാര്‍ട്ടി ബ്രിട്ടീഷുകാര്‍ക്കെതിരായ നിലപാട് മാറ്റി അവരെ പിന്തുണയ്ക്കാന്‍ തുടങ്ങി. ഭാരതത്തിന്റെ സ്വാതന്ത്ര്യം നേടിയെടുക്കുക എന്നതല്ല, സോഷ്യലിസത്തെ സംരക്ഷിക്കുന്നതിനായുള്ള ‘ജനങ്ങളുടെ യുദ്ധത്തെ’ പിന്തുണയ്ക്കുകയാണ് ലക്ഷ്യമെന്ന് അവര്‍ പ്രഖ്യാപിച്ചു.
ഗാന്ധി ഉപ്പുസത്യഗ്രഹം പ്രഖ്യാപിച്ചപ്പോഴും അതിനോട് അകലം പാലിക്കുകയാണ് അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചെയ്തത്. ഇതിന് ഏകദേശം ഒരു വര്‍ഷം മുന്‍പ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ എസ്. എ.ഡാങ്കെ താന്‍ ഒരു ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് ആണെന്നും ബോള്‍ഷെവിക് അല്ലെന്നും പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ ഗാന്ധി മീററ്റ് ഗൂഢാലോചന കേസിലെ പ്രതികളെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നില്‍ ഡാങ്കെയുടെ പ്രേരണയും ഉണ്ടായിരുന്നു. ഉപ്പുസത്യഗ്രഹത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിന്തുണക്കണമെന്നായിരുന്നു ഡാങ്കെയുടെ നിലപാട്. ഈ നിലപാട് സഹപ്രവര്‍ത്തകരെ കൊണ്ട് അംഗീകരിക്കുകയെന്ന ലക്ഷ്യവും ഗാന്ധിയുടെ ജയില്‍ സന്ദര്‍ശനത്തില്‍ ഡാങ്കെക്ക് ഉണ്ടായിരുന്നു. എന്നാല്‍ ഇത് വിജയിച്ചില്ല. ഉപ്പുസത്യഗ്രഹത്തെ പിന്തുണയ്ക്കണമെന്ന നിലപാടിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് ഡാങ്കെയെ പുറത്താക്കുകയാണ് പാര്‍ട്ടി ചെയ്തത്. കോമിന്റേണിന്റെ കമ്മ്യൂണിസ്റ്റ് ചിന്ത പൂര്‍ണമായി അംഗീകരിക്കുന്നതില്‍ പരാജയപ്പെട്ടതാണ് കാരണമായി പറഞ്ഞത്. ഡാങ്കയെ തന്നെ ഇക്കാര്യം പരിഹാസ്യതയോടെ തുറന്നു പറയുകയുണ്ടായി. ”നിങ്ങള്‍ മാര്‍ക്‌സിസം പൂര്‍ണമായി സ്വീകരിക്കുന്നപക്ഷം യുക്തിപരമായും അങ്ങനെ ചെയ്യേണ്ടതുണ്ട്…കോമിന്റേണ്‍… മോസ്‌കോയും ജനീവയും പറയുന്നതിലെ നല്ല കാര്യങ്ങള്‍ സ്വീകരിക്കാനും, മോശം കാര്യങ്ങള്‍ നിരസിക്കാനുമുള്ള സ്വാതന്ത്ര്യം ഞങ്ങള്‍ക്കില്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം മോസ്‌കോയാണ് എല്ലാ സത്യവും.”(10) ഇവിടെ ജനീവ എന്നതുകൊണ്ട് കമ്മ്യൂണിസ്റ്റായി രൂപാന്തരം സംഭവിക്കുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിനെയാണ് ഉദ്ദേശിക്കുന്നതെന്ന് കരുതുന്നവരുണ്ട്. ജനീവ അക്കാലത്ത് കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികളുടെ കേന്ദ്രമായിരുന്നു. എന്നാല്‍ ജനീവ പരാമര്‍ശത്തിലൂടെ ഡാങ്കെ ഉദ്ദേശിക്കുന്നത് ഗാന്ധിജിയെ ആണെന്ന് ഈ ഡോ. രാഹുല്‍ ശാസ്ത്രി അഭിപ്രായപ്പെടുന്നു.
നിയമലംഘന പ്രക്ഷോഭത്തിന്റെ കാലഘട്ടത്തില്‍ അതില്‍ പങ്കുചേര്‍ന്ന് ശക്തിപ്പെടുത്തുന്നതിനു പകരം കോണ്‍ഗ്രസില്‍ ആധിപത്യം ഉറപ്പിക്കാനുള്ള അവസരം തേടി നടക്കുകയാണ് കമ്മ്യൂണിസ്റ്റുകള്‍ ചെയ്തത്. കോണ്‍ഗ്രസിന്റെ പല പോഷക സംഘടനകളിലും അതിനോടകം ആധിപത്യം ഉറപ്പിക്കാന്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് കഴിഞ്ഞിരുന്നു. ഇതില്‍നിന്ന് വ്യത്യസ്തമായിരുന്നു ഡോ. ഹെഡ്‌ഗേവാറിന്റെയും ആര്‍എസ്എസ്സിന്റെയും സമീപനം. ഒരു സത്യഗ്രഹി എന്ന നിലയില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന പ്രക്ഷോഭങ്ങളില്‍ ഹെഡ്‌ഗേവാര്‍ പൂര്‍ണമായി പങ്കെടുത്തു. ഒരുതരത്തിലുള്ള വിഭാഗീയതയും സൃഷ്ടിച്ചില്ല. രാജ്യത്തിന്റെ സ്വാതന്ത്ര്യ ലബ്ധിക്കായി പ്രവര്‍ത്തിക്കുക എന്നത് ഏതൊരു സംഘടനയുടെയും കര്‍ത്തവ്യമാണെന്ന് വ്യക്തമാക്കുകയും ചെയ്തു.
അടുത്തത്: ക്വിറ്റ് ഇന്ത്യ: ആര്‍എസ്എസ് പങ്കാളിത്തവും കമ്മ്യൂണിസ്റ്റ് വഞ്ചനയും
അടിക്കുറിപ്പുകള്‍:
1. Dr.Keshava Baliram Hedgewar, Rakesh Sinha, Publication Division Government of India.
2. Understanding RSS, Dr. Rakesh Sinha.
3. Ibid.
4. Gandhi That the Years Changed the World, Ramachandra Guha.
5. Dr.Kesava Baliram Hedgewar, Rakesh Sinha, Publication Division Government of India.
6. The Saffron Surge: Untold Story of RSS Leadership, Arun Anand.
7. The Saffron Surge: Untold Story of RSS Leadership, Arun Anand.
8. Dr.Kesava Baliram Hedgewar, Rakesh Sinha, publication Division, Government of India.
9. Ibid.
10. DENYING NATIONAL ROOTS, Early Communism and India, Dr.R. Rahul Shastri.





















