- താഷ്‌കെന്റില്‍ പിറവികൊണ്ട റഷ്യന്‍-ഇസ്ലാമിക സന്തതി (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 1)
- കാണ്‍പൂരില്‍ കണ്ട ദേശവിരുദ്ധ മുഖം ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 2)
- സ്ഥാപകന്റെ ദേശസ്‌നേഹം പാര്‍ട്ടിക്ക് സഹിച്ചില്ല (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 3)
- സ്വാതന്ത്ര്യസമരത്തിലെ സംഘധാര (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 14)
- ദേശീയവാദിയും ഭാരതവിരുദ്ധനും ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 4)
- ഡോ.ഹെഡ്‌ഗേവാറിന്റെ രാഷ്ട്ര നിയോഗം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 5)
- കാണ്‍പൂരിലെ ഗൂഢനീക്കവും നാഗ്പൂരിലെ തുടക്കവും (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 6)
ആര്‍എസ്എസ് വ്യക്തികള്‍ എന്ന നിലയ്‌ക്കോ സംഘടന എന്ന നിലയ്‌ക്കോ ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടില്ലെന്നും, ബ്രിട്ടീഷ് ഭരണവുമായി സഹകരിക്കുകയാണ് ചെയ്തിട്ടുള്ളതെന്നും പ്രചാരണം നടത്തുന്നവര്‍ വസ്തുതകളെ കീഴ്‌മേല്‍ മറിക്കുകയും, ചരിത്ര പ്രാധാന്യമുള്ള ഒരു കാലഘട്ടത്തെക്കുറിച്ച് ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുകയുമാണ് ചെയ്യുന്നത്. ആശയപരമായും സൈദ്ധാന്തികമായും സംഘടനാപരമായും രാഷ്ട്രീയമായും പരാജയപ്പെടുകയും, ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുകയും ചെയ്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പ്രതിരോധത്തിലാകുമ്പോഴെല്ലാം, അവര്‍ മുഖ്യശത്രുവായി കാണുന്ന ആര്‍എസ്എസ്സിനെതിരെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെടുത്തി ഈ ദുഷ്പ്രചാരണം നടത്താറുണ്ട്.
ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. കേശവബലിറാം ഹെഡ്‌ഗേവാറിന്റെ ദേശസ്‌നേഹ നിര്‍ഭരമായ ജീവിതത്തെക്കുറിച്ച് ഒന്നുമറിയാത്തവര്‍ക്കും, മഹത്തായ ആ ജീവിതം കടന്നുപോന്ന സംഭവബഹുലമായ കാലഘട്ടങ്ങളെക്കുറിച്ച് അജ്ഞത നടിക്കുന്നവര്‍ക്കും മാത്രമേ ആര്‍എസ്എസ് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് പറയാന്‍ കഴിയൂ. സിപിഎം നേതാവായിരുന്ന സീതാറാം യെച്ചൂരി ഒരു പടികൂടി കടന്ന് ഒരു ലേഖനത്തില്‍ ഇങ്ങനെ പ്രഖ്യാപിച്ചു: ”അത് (ആര്‍എസ്എസ്) സ്വാതന്ത്ര്യസമരത്തെ ബഹിഷ്‌കരിക്കുകയും ചിലപ്പോഴൊക്കെ എതിര്‍ക്കുകയുമാണ് ചെയ്തിട്ടുള്ളത്.”(1) ആര്‍എസ്എസ് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് (2)സിപിഐയുടെ സൈദ്ധാന്തികനായ കെ.എല്‍. മല്‍ഹോത്രയും ഒരു ലഘുലേഖയില്‍ പറയുന്നുണ്ട്. എന്നാല്‍ ഈ ആരോപണത്തിന്റെ പൊള്ളത്തരം ഇടതുപക്ഷ ചരിത്രകാരനായ ബിപന്‍ ചന്ദ്ര തന്നെ തുറന്നുകാട്ടിയിട്ടുണ്ട് എന്നതാണ് രസകരം. ”സാമ്രാജ്യത്വ വാഴ്ചയുമായി ഹെഡ്‌ഗേവാര്‍ ഒരിക്കലും പൊരുത്തപ്പെട്ടില്ല”(3) എന്നാണ് ബിപന്‍ ചന്ദ്ര രേഖപ്പെടുത്തിയിട്ടുള്ളത്. സുമിത് സര്‍ക്കാര്‍ ഉള്‍പ്പെടെ അഞ്ച് മാര്‍ക്‌സിസ്റ്റ് ചരിത്രകാരന്മാര്‍ ചേര്‍ന്ന് എഴുതിയ ‘കാക്കി ഷോര്‍ട്ട്‌സ് ആന്‍ഡ് സാഫ്രണ്‍ ഫ്‌ളാഗ്‌സ്’ എന്ന പുസ്തകത്തിലും ഡോ. ഹെഡ്‌ഗേവാര്‍ സാമ്രാജ്യത്വ വിരോധിയായിരുന്നുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ആര്‍എസ്എസ് നിസ്സഹകരണ പ്രക്ഷോഭത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് കുറ്റപ്പെടുത്തുകയും ചെയ്യുന്നു. ഈ പറയുന്നതിലെ പൊള്ളത്തരം പിന്നീട് പരിശോധിക്കാം.
പരിഹാസ്യമായ വിമര്‍ശനങ്ങള്‍
ആര്‍എസ്എസ്സും സ്വാതന്ത്ര്യസമരവും തമ്മില്‍ ബന്ധമില്ലെന്ന് ശഠിക്കുന്നവര്‍ സ്ഥലകാല ബോധമില്ലാതെയാണ് തങ്ങളുടെ വാദഗതികള്‍ അവതരിപ്പിക്കുന്നത്. ഇവരുടെ വിമര്‍ശനങ്ങള്‍ ഒട്ടും വസ്തുതാപരമല്ലെന്നു മാത്രമല്ല, ആര്‍ക്കും മനസ്സിലാവുന്ന വസ്തുതകളെ തമസ്‌കരിക്കുകയും ചെയ്യുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായി ബന്ധപ്പെടുത്തിയാണ് ആര്‍എസ്എസ് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് ചിലരൊക്കെ പറയുകയും എഴുതുകയും ചെയ്തിട്ടുള്ളത്. ഇക്കാര്യത്തില്‍ പ്രാഥമികമായ ചില വസ്തുതകള്‍ പരിശോധിക്കേണ്ടതുണ്ട്.
1885 ഡിസംബറിലാണല്ലോ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപീകൃതമാകുന്നത്. 40 വര്‍ഷം കഴിഞ്ഞ് 1925 ലാണ് ആര്‍എസ്എസ് സ്ഥാപിതമായത്. നിലവിലില്ലാതിരുന്ന ഒരു സംഘടന കോണ്‍ഗ്രസിനെ പിന്തുണയ്ക്കുകയോ എതിര്‍ക്കുകയോ ചെയ്യുന്ന പ്രശ്‌നമേ ഉദിക്കുന്നില്ലല്ലോ. ഇക്കാലയളവില്‍ ആര്‍എസ്എസ് സ്ഥാപകനായ ഡോ. ഹെഡ്‌ഗേവാര്‍ എന്തു ചെയ്തു എന്നാണ് നോക്കേണ്ടത്. കോണ്‍ഗ്രസ് രൂപം കൊണ്ട് മൂന്നുവര്‍ഷം കഴിഞ്ഞ് 1889 ലാണ് ഹെഡ്‌ഗേവാര്‍ ജനിക്കുന്നത്. ജനിച്ചയുടന്‍ ഒരാള്‍ക്ക് പൊതുപ്രവര്‍ത്തനത്തിലും സ്വാതന്ത്ര്യസമരത്തിലുമൊക്കെ പങ്കെടുക്കാന്‍ കഴിയില്ലല്ലോ. എന്നാല്‍ പ്രാഥമിക വിദ്യാഭ്യാസ കാലത്തുതന്നെ ഹെഡ്‌ഗേവാര്‍ ബ്രിട്ടീഷ് ഭരണത്തോടുള്ള എതിര്‍പ്പ് പലതരത്തില്‍ പ്രകടിപ്പിക്കുന്നുണ്ട്.
അലന്‍ ഒക്ടോവിയന്‍ ഹ്യൂം എന്നു പേരുള്ള വിരമിച്ച ബ്രിട്ടീഷ് ഉദ്യോഗസ്ഥനാണ് അന്നത്തെ വൈസ്രോയി ഡുഫെറിന്‍ പ്രഭുവിന്റെ അനുമതിയോടെ ബോംബെയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാപിക്കുന്നത്. എ.ഒ.ഹ്യൂം ആദ്യ സെക്രട്ടറിയും ഡബ്ല്യു.സി. ബാനര്‍ജി ആദ്യ പ്രസിഡന്റുമായിരുന്നു. ദാദാഭായി നവറോജി, സുരേന്ദ്രനാഥ് ബാനര്‍ജി എന്നിവരടക്കം 72 പേരായിരുന്നു സമിതി അംഗങ്ങള്‍. ഭാരതത്തിന്റെ സ്വാതന്ത്ര്യം ആയിരുന്നില്ല, ബ്രിട്ടീഷ് സംവിധാനത്തിന്റെ പരിഷ്‌കരണമായിരുന്നു ഈ സംഘടനയുടെ ലക്ഷ്യം. 38 വര്‍ഷം മുന്‍പ് നടന്ന 1857 ലെ കലാപം അടിച്ചമര്‍ത്തപ്പെട്ടെങ്കിലും ജനങ്ങളില്‍ അതിശക്തമായ സ്വാതന്ത്ര്യ ദാഹം രൂപപ്പെടുകയായിരുന്നു. ഇതിനെ പ്രതിരോധിക്കുകയെന്ന ബ്രിട്ടീഷ് ഭരണകൂടത്തിന്റെ താല്‍പ്പര്യവും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ രൂപീകരണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് പല ചരിത്രകാരന്മാരും ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. പില്‍ക്കാലത്ത് ബാലഗംഗാധര തിലകനും അരവിന്ദ് ഘോഷുമൊക്കെ അധ്യക്ഷപദവിയില്‍ എത്തിയതോടെയാണ് കോണ്‍ഗ്രസ് ശരിയായ അര്‍ത്ഥത്തില്‍ ഒരു സ്വാതന്ത്ര്യ പ്രസ്ഥാനം ആകുന്നത്. കോണ്‍ഗ്രസ് സ്ഥാപിതമായി നാലു പതിറ്റാണ്ട് കഴിഞ്ഞാണല്ലോ പൂര്‍ണ്ണ സ്വരാജ് എന്ന ആവശ്യം ഉന്നയിക്കപ്പെടുന്നത്. അന്നുപോലും പലര്‍ക്കും അതിനോട് വിയോജിപ്പായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കൗമാരക്കാരനായ ഹെഡ്‌ഗേവാര്‍ സഹപാഠികളെ സംഘടിപ്പിച്ച് ബ്രിട്ടീഷ് ഭരണത്തോട് കലഹിച്ചത്. ഇതിന്റെ തുടര്‍ച്ചയായിരുന്നു സായുധ സമരത്തിലൂടെ ബ്രിട്ടീഷ് ഭരണത്തിന് അന്ത്യം കുറിക്കാന്‍ രൂപപ്പെട്ട വിപ്ലവ സംഘടനകളില്‍ ഹെഡ്‌ഗേവാര്‍ സജീവമായി പങ്കെടുത്തത്. 1905 ലെ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ബംഗാള്‍ വിഭജനത്തിനെതിരെ ശക്തിപ്പെട്ട വന്ദേമാതര പ്രക്ഷോഭത്തിലും ഹെഡ്‌ഗേവാര്‍ നേതൃപരമായ പങ്കുവഹിച്ചു.
ആര്‍എസ്എസ് രൂപീകരിക്കുന്നതിന് മുന്‍പും പിന്‍പും ഡോ. ഹെഡ്‌ഗേവാര്‍ വിപ്ലവ പ്രസ്ഥാനങ്ങളിലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലും സജീവമായി പങ്കെടുത്തിരുന്നു. 1925ല്‍ രൂപംകൊണ്ട ആര്‍എസ്എസ്സും ഇതേ പാതയാണ് പിന്തുടര്‍ന്നത്. ചരിത്ര വസ്തുതകള്‍ പരിശോധിക്കുന്ന ആര്‍ക്കും ഇത് മനസ്സിലാക്കാന്‍ കഴിയും. ഇങ്ങനെയൊരു പശ്ചാത്തലം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും നേതാക്കള്‍ക്കും ഇല്ലാത്തതിനാലാണ് അവര്‍ ആര്‍എസ്എസ്സിനെ ലക്ഷ്യം വയ്ക്കുന്നത്. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ നടന്ന ഓരോ പ്രക്ഷോഭങ്ങളോടും ഡോ. ഹെഡ്‌ഗേവാറും ആര്‍എസ്എസ്സും എന്തൊക്കെ നിലപാടുകള്‍ എടുത്തു, കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെയും നേതാക്കളുടെയും നയനിലപാടുകളും ചെയ്തികളും എന്തൊക്കെയായിരുന്നു എന്നു പരിശോധിച്ചാല്‍ യഥാര്‍ത്ഥ ചിത്രം തെളിയും.
ഗോപാലകൃഷ്ണ ഗോഖലെ, ബാലഗംഗാധര തിലകന്‍, ലാലാ ലജ്പത് റായ്, അരവിന്ദ ഘോഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കിയ ബംഗാള്‍ വിഭജന വിരുദ്ധ പ്രക്ഷോഭത്തില്‍ ഹെഡ്‌ഗേവാറും സജീവമായി പങ്കെടുത്തു. ”ബംഗാള്‍ നമ്മുടെ മാതൃഭൂമിയുടെ ഭാഗമാണ്. അതിനെ വിഭജിക്കാന്‍ നമ്മള്‍ ഒരിക്കലും അനുവദിക്കില്ല” (4) എന്നാണ് ഹെഡ്‌ഗേവാര്‍ പ്രഖ്യാപിച്ചത്.
വിപ്ലവ പ്രവര്‍ത്തനങ്ങളോട് വിടപറഞ്ഞ ശേഷമാണ് 1918 ല്‍ ഹെഡ്‌ഗേവാര്‍ കോണ്‍ഗ്രസ്സില്‍ ചേരുന്നത്. കോണ്‍ഗ്രസ്സിന്റെ ചെറുതും വലുതുമായ എല്ലാ പരിപാടികളും വിജയിപ്പിക്കാന്‍ സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്തു. പാതി മനസ്സോടെ ആയിരുന്നില്ല ഇതൊന്നും. ഒന്നാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍, സംശയം തോന്നുന്ന ആരെയും അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കാന്‍ അധികാരം നല്‍കുന്നതിനായി 1919 ല്‍ ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന റൗലറ്റ് നിയമത്തിനെതിരെ മഹാത്മാ ഗാന്ധിയുടെയും വല്ലഭ ഭായി പട്ടേലിന്റെയും സരോജിനി നായിഡുവിന്റെയും മറ്റും നേതൃത്വത്തില്‍ രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭത്തില്‍ ഹെഡ്‌ഗേവാര്‍ പങ്കെടുത്തു. ഗാന്ധിജിയെ ബ്രിട്ടീഷുകാര്‍ അറസ്റ്റ് ചെയ്തു. ഇതില്‍ പ്രതിഷേധിക്കാന്‍ അമൃതസറിലെ ജാലിയന്‍വാലാബാഗില്‍ സംഘടിച്ചവര്‍ക്കെതിരെ ജനറല്‍ ഡയറിന്റെ ആജ്ഞയനുസരിച്ച് നടന്ന വെടിവെപ്പില്‍ നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടു. ബ്രിട്ടീഷ് വാഴ്ചക്കെതിരായ പ്രതിഷേധം ആളിക്കത്താന്‍ ഇത് ഇടയാക്കി.
1919 ലെ കോണ്‍ഗ്രസ് വാര്‍ഷിക സമ്മേളനം നടന്നത് അമൃതസറില്‍ ആയിരുന്നു. 10,000 പ്രതിനിധികള്‍ പങ്കെടുത്തു. രക്തപങ്കിലമായ ജാലിയന്‍വാലാബാഗ് ഈ സമയത്ത് ഹെഡ്‌ഗേവാര്‍ സന്ദര്‍ശിച്ചു.(5) ഇവിടെനിന്ന് തിരിച്ചെത്തിയ ശേഷമാണ് നാഗ്പൂര്‍ കോണ്‍ഗ്രസ് സമ്മേളനത്തിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍ ഹെഡ്‌ഗേവാര്‍ നടത്തിയത്.
നിസ്സഹകരണ പ്രക്ഷോഭവും ഡോ. ഹെഡ്‌ഗേവാറും
1921 ജനുവരിയില്‍ മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തില്‍ നിസ്സഹകരണ പ്രക്ഷോഭത്തിന് തുടക്കം കുറിച്ചു. സി.ആര്‍. ദാസിനെപ്പോലുള്ളവര്‍ക്കൊപ്പം ഹെഡ്‌ഗേവാറും നടത്തിയ പ്രസംഗങ്ങള്‍ വിദ്യാര്‍ത്ഥികളെ പ്രക്ഷോഭത്തിലിറക്കി. ഒരു ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ക്ലാസുകള്‍ ബഹിഷ്‌കരിച്ച് സമരത്തില്‍ പങ്കുചേര്‍ന്നത്. അധ്യാപകര്‍ ജോലി രാജിവച്ചു. സി.ആര്‍ ദാസ്, വല്ലഭ ഭായി പട്ടേല്‍, സി. രാജഗോപാലാചാരി തുടങ്ങിയ അഭിഭാഷകര്‍ കോടതികള്‍ ബഹിഷ്‌കരിച്ചു. പല നേതാക്കളും ബ്രിട്ടീഷ് സര്‍ക്കാര്‍ നല്‍കിയ ബഹുമതികള്‍ തിരിച്ചേല്‍പ്പിച്ചു. വളരെയധികം ജനങ്ങള്‍ വിദേശ വസ്തുക്കള്‍ ബഹിഷ്‌കരിച്ചു. നാഗ്പൂരില്‍ ഇതിന് നേതൃത്വം നല്‍കിയത് ഹെഡ്‌ഗേവാര്‍ ആയിരുന്നു.(6)
1921 നവംബറില്‍ ഭാരതം സന്ദര്‍ശിച്ച വെയില്‍സ് രാജകുമാരനെ ബഹിഷ്‌കരിച്ചു എന്നതാണ് നിസ്സഹകരണ പ്രസ്ഥാനത്തിന്റെ വിജയങ്ങളിലൊന്ന്. ബ്രിട്ടീഷ് രാജകുമാരന്റെ സന്ദര്‍ശത്തിനെതിരെ ബോംബെയില്‍ ഹര്‍ത്താല്‍ ആചരിച്ചു. ബ്രിട്ടീഷ് ഭരണത്തെ അനുകൂലിക്കുന്ന ക്രൈസ്തവരും പാഴ്‌സികളും രാജകുമാരനെ സ്വാഗതം ചെയ്തപ്പോള്‍ സത്യഗ്രഹികള്‍ എതിര്‍ത്തു. ഇത് വലിയ സംഘര്‍ഷത്തില്‍ കലാശിച്ചു. പോലീസ് വെടിവയ്പ്പില്‍ 53 പേര്‍ കൊല്ലപ്പെട്ടു. അഹിംസ പാലിക്കാന്‍ ആഹ്വാനം ചെയ്ത ശേഷം ഗാന്ധിജി സത്യഗ്രഹം ആരംഭിച്ചു.

പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് നൂറുകണക്കിനാളുകള്‍ക്കെതിരെ കേസെടുക്കുകയും അറസ്റ്റുചെയ്യുകയുമുണ്ടായി. ഡോ. ഹെഡ്‌ഗേവാറും ഇതില്‍ ഉള്‍പ്പെടുന്നു. കോടതിയില്‍ കേസ് സ്വയം വാദിക്കാനാണ് ഹെഡ്‌ഗേവാര്‍ തീരുമാനിച്ചത്. ”ഭാരതം ഭാരതീയരുടേതാണ്. അതുകൊണ്ടാണ് ഞങ്ങള്‍ സ്വാതന്ത്ര്യം ആവശ്യപ്പെടുന്നത്. എന്റെ എല്ലാ പ്രസംഗങ്ങളുടെയും ഉള്ളടക്കം ഇതാണ്. സ്വാതന്ത്ര്യം എങ്ങനെ നേടണമെന്നും, നേടിക്കഴിഞ്ഞാല്‍ അത് എങ്ങനെ സംരക്ഷിക്കണമെന്നും ജനങ്ങളളോട് പറയേണ്ടതുണ്ട്. അല്ലാത്തപക്ഷം സ്വതന്ത്ര ഭാരതത്തിലും ജനങ്ങള്‍ ബ്രിട്ടീഷുകാരെ അനുകരിക്കാന്‍ സാധ്യതയുണ്ട്. മറ്റു രാജ്യങ്ങളില്‍ കടന്നുകയറി അടിച്ചമര്‍ത്തലുകളിലൂടെ ഭരണം നടത്തുന്ന ബ്രിട്ടീഷുകാര്‍ സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യം അപകടത്തിലായാല്‍ ചോരചിന്താന്‍ പോലും മടിക്കുന്നവരല്ല. സമീപകാലത്തെ യുദ്ധം അത് തെളിയിക്കുന്നുണ്ട്. ഞങ്ങളുടെ ജനങ്ങളോട് ഒരു കാര്യം പറയാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്, പ്രിയപ്പെട്ടവരെ നിങ്ങള്‍ ഒരിക്കലും ബ്രിട്ടീഷുകാരുടെ അടിച്ചമര്‍ത്തലുകള്‍ അനുകരിക്കരുത്. സമാധാനപരമായ മാര്‍ഗ്ഗത്തിലൂടെ സ്വാതന്ത്ര്യം നേടുക. മറ്റു രാജ്യങ്ങളുടെ ഭൂപ്രദേശങ്ങള്‍ പിടിച്ചെടുക്കാതെ സ്വന്തം രാജ്യത്ത് സന്തോഷത്തോടെ ജീവിക്കുക. ഈ ആശയം ജനങ്ങളോട് വിശദീകരിക്കുമ്പോള്‍ ഇപ്പോഴത്തെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ പരാമര്‍ശിക്കാതിരിക്കാന്‍ കഴിയില്ല. ബ്രിട്ടീഷുകാര്‍ നമ്മുടെ പ്രിയപ്പെട്ട രാജ്യത്ത് നടത്തുന്ന കിരാതഭരണം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഒരു രാജ്യത്തെ ഭരിക്കാന്‍ മറ്റൊരു രാജ്യത്തിന് അവകാശം നല്‍കുന്നതാണോ നിയമം? പൂര്‍ണ്ണ സ്വാതന്ത്ര്യം തന്നെയാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. അത് നേടിയെടുക്കുന്നതു വരെ ഞങ്ങള്‍ക്ക് അടങ്ങിയിരിക്കാന്‍ കഴിയില്ല.”(7)
കേസില്‍ കുറ്റക്കാരനായി കണ്ടെത്തിയ ഹെഡ്‌ഗേവാറിനെ ഒരു വര്‍ഷം തടവ് ശിക്ഷക്ക് വിധിച്ചു. വിധി പ്രഖ്യാപനത്തിനും ശേഷം ഹെഡ്‌ഗേവാര്‍ കോടതിക്ക് പുറത്തുവന്നപ്പോള്‍ അവിടെ നൂറുകണക്കിനാളുകള്‍ തടിച്ചുകൂടിയിരുന്നു. ഹെഡ്‌ഗേവാര്‍ അവരെ അഭിസംബോധന ചെയ്തു: ”നിങ്ങള്‍ക്ക് അറിയാവുന്നതുപോലെ എനിക്കെതിരായ രാജ്യദ്രോഹ കേസ് ഞാന്‍ തന്നെയാണ് വാദിച്ചത്. കേസുകളെ കോടതികളില്‍ പ്രതിരോധിക്കുന്നത് സ്വാതന്ത്ര്യ സമരത്തോടുള്ള വഞ്ചനയാണെന്ന ഒരു ധാരണ ഇക്കാലത്തുണ്ട്. പക്ഷേ ഇങ്ങനെയൊരു കേസിന് വഴങ്ങിക്കൊടുക്കുന്നത് തീര്‍ത്തും തെറ്റാണെന്ന് ഞാന്‍ കരുതുന്നു. വൈദേശിക ഭരണാധികാരികളുടെ ദൗര്‍ബല്യങ്ങള്‍ ലോകത്തിനു മുന്‍പില്‍ തുറന്നുകാണിക്കേണ്ടത് നമ്മുടെ കടമയാണ്. ഇങ്ങനെ ചെയ്യുന്നത് തീര്‍ച്ചയായും ദേശസ്‌നേഹപരമായ പ്രവൃത്തിയാണ്. കേസില്‍ സ്വയം പ്രതിരോധിക്കാതിരിക്കുന്നത് ആത്മഹത്യാപരമായ നയമായിരിക്കും. നിങ്ങള്‍ സ്വയം പ്രതിരോധിക്കുന്നില്ലെങ്കില്‍ വേണ്ട, പക്ഷേ ദൈവത്തെയോര്‍ത്ത് മറ്റൊരാള്‍ അങ്ങനെ ചെയ്യുന്നത് ദേശസ്‌നേഹമല്ലെന്നു കരുതരുത്. ദേശസ്‌നേഹപരമായ കടമ നിര്‍വഹിക്കുന്നതിനിടെ നമുക്ക് ജയിലില്‍ പോകേണ്ടി വരാം. അതുമല്ലെങ്കില്‍ ആന്‍ഡമാനിലേക്ക് നാടുകടത്തപ്പെടാം. തൂക്കുമരങ്ങളെ അഭിമുഖീകരിക്കേണ്ടി വരാം. അപ്പോഴൊക്കെ സ്വമേധയാ അത് സ്വീകരിക്കണം. പക്ഷേ ജയിലില്‍ പോകുന്നതാണ് എല്ലാമെന്നും, സ്വാതന്ത്ര്യം നേടാനുള്ള ഒരേയൊരു വഴി അതാണെന്നും വിചാരിക്കരുത്. ജയിലിനു പുറത്ത് ദേശസേവനത്തിനുള്ള ഒരുപാട് അവസരങ്ങള്‍ കാത്തുനില്‍ക്കുന്നുണ്ട്. ഒരു വര്‍ഷത്തിനുശേഷം ഞാന്‍ നിങ്ങളിലേക്ക് മടങ്ങിയെത്തും. അതുവരെ ദേശീയ സംഭവവികാസങ്ങളുമായി ബന്ധപ്പെടാന്‍ എനിക്ക് കഴിയില്ല. പക്ഷേ പൂര്‍ണ്ണ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടം കരുത്താര്‍ജിക്കുമെന്ന് എനിക്കുറപ്പുണ്ട്. ഇനി അധികകാലം വൈദേശിക ആധിപത്യത്തിന്റെ കാല്‍ക്കീഴില്‍ ഹിന്ദുസ്ഥാനെ നിലനിര്‍ത്താന്‍ കഴിയില്ല. എല്ലാവര്‍ക്കും എന്റെ നന്ദി.” ആവേശദായകമായ ഈ പ്രസംഗത്തിനുശേഷം 1921 ആഗസ്റ്റില്‍ ഹെഡ്‌ഗേവാര്‍ അജാനി ജയിലിലേക്ക് പോയി.
ഏഴു ദിവസത്തിനകം രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുകയും, മാധ്യമങ്ങള്‍ക്ക് മേലുള്ള ബ്രിട്ടീഷ് നിയന്ത്രണം നീക്കുകയും ചെയ്തില്ലെങ്കില്‍ നിയമലംഘന പ്രക്ഷോഭം ആരംഭിക്കുമെന്ന് 1921 ഫെബ്രുവരിയില്‍ ഗാന്ധിജി പ്രഖ്യാപിച്ചു. എന്നാല്‍ നിയമലംഘന പ്രക്ഷോഭം ആരംഭിക്കുന്നതിനു മുന്‍പു തന്നെ ഇന്നത്തെ ഗോരഖ് പൂരില്‍ ചൗരി ചൗര എന്ന സ്ഥലത്ത് ദേശീയവാദികള്‍ ഒരു പോലീസ് സ്റ്റേഷന്‍ അഗ്‌നിക്കിരയാക്കി. വലിയൊരു വിഭാഗം സത്യഗ്രഹികള്‍ മുദ്രാവാക്യം മുഴക്കി പോലീസുമായി ഏറ്റുമുട്ടുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് പോലീസ് സ്റ്റേഷന്‍ ആക്രമിച്ചത്. സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ചൗരി ചൗരാ സംഭവം എന്നറിയപ്പെടുന്ന ഈ ഏറ്റുമുട്ടലില്‍ 22 പോലീസുകാര്‍ കൊല്ലപ്പെട്ടു. ഇതോടെ ബര്‍ദോളിയില്‍ വിളിച്ചുചേര്‍ത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തില്‍ നിസ്സഹകരണ പ്രക്ഷോഭം നിര്‍ത്തിവച്ചതായി ഗാന്ധിജി പ്രഖ്യാപിച്ചു.
നിസ്സഹകരണ പ്രക്ഷോഭം ഒരര്‍ത്ഥത്തില്‍ പരാജയപ്പെടുകയായിരുന്നു. ഇതേതുടര്‍ന്ന് കോണ്‍ഗ്രസില്‍ ഭിന്നത രൂപപ്പെട്ടു. സി.ആര്‍. ദാസ്, ജവഹര്‍ലാല്‍ നെഹ്‌റു, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവര്‍ പ്രക്ഷോഭം പിന്‍വലിച്ചതിന് ഗാന്ധിജിയെ വിമര്‍ശിച്ചു. ഇതിനിടെ ഡോ. ഹെഡ്‌ഗേവാര്‍ ജയില്‍ മോചിതനായി. അന്നേദിവസം വൈകുന്നേരം ഒരു പൊതുയോഗം സംഘടിപ്പിക്കുകയും അതില്‍ മോട്ടിലാല്‍ നെഹ്‌റു, ഹക്കിം അജ്മല്‍ ഖാന്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ പങ്കെടുക്കുകയും ചെയ്തു. ഈ യോഗത്തില്‍ പ്രസംഗിച്ച നേതാക്കള്‍ ഹെഡ്‌ഗേവാറിനെ സ്വാഗതം ചെയ്തു. അതേസമയം കോണ്‍ഗ്രസ്സിന്റെ സംഘടനാശേഷി ദുര്‍ബലമായതില്‍ ഹെഡ്‌ഗേവാര്‍ നിരാശ പ്രകടിപ്പിച്ചു. അച്ചടക്കമുള്ള സംഘടനയുടെ അഭാവത്തില്‍ ദേശാഭിമാനികളായ യുവാക്കള്‍ക്ക് ബ്രിട്ടീഷ് ഭരണത്തില്‍നിന്ന് രാജ്യത്തെ മോചിപ്പിക്കാന്‍ കഴിയില്ലെന്ന് ഹെഡ്‌ഗേവാര്‍ ചിന്തിച്ചു. അഹിംസാത്മകമായ സമരം യുവാക്കളെ ആകര്‍ഷിക്കുന്നില്ലെന്ന അഭിപ്രായവും ഹെഡ്‌ഗേവാറിന് ഉണ്ടായിരുന്നു. എന്നിരുന്നാലും സെന്‍ട്രല്‍ പ്രോവിന്‍സിലെ കോണ്‍ഗ്രസ് കമ്മിറ്റിയിലേക്ക് ഹെഡ്‌ഗേവാര്‍ തെരഞ്ഞെടുക്കപ്പെടുകയും, ജോയിന്റ് സെക്രട്ടറിയായി നിയമിക്കപ്പെടുകയും ചെയ്തു.
1922 ല്‍ സി.ആര്‍. ദാസും മോട്ടിലാല്‍ നെഹ്‌റുവും ചേര്‍ന്ന് സ്വരാജ് പാര്‍ട്ടിക്ക് രൂപം നല്‍കി. നിയമനിര്‍മ്മാണ സഭകളില്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ ചേരണമെന്നായിരുന്നു ഡോ. ഹെഡ്‌ഗേവാറിന്റെ അഭിപ്രായം. ഹെഡ്‌ഗേവാറിന്റെ അടുത്ത സുഹൃത്തുക്കള്‍ പലരും സ്വരാജ് പാര്‍ട്ടിയില്‍ ചേരുകയും ചെയ്തു. കോണ്‍ഗ്രസിലെ ഒരു ഗ്രൂപ്പായാണ് ഈ പാര്‍ട്ടി പ്രവര്‍ത്തിച്ചത്. നിയമനിര്‍മ്മാണ സഭകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കണം എന്നതൊഴികെ കോണ്‍ഗ്രസിന്റെ എല്ലാ പരിപാടികളും സ്വരാജ് പാര്‍ട്ടി അംഗീകരിച്ചിരുന്നു. സ്വാതന്ത്ര്യം നേടുന്നതിന് രാഷ്ട്രത്തിന്റെ ചരിത്രത്തിലും പാരമ്പര്യത്തിലും അഭിമാനം കൊള്ളുന്ന, സമര്‍പ്പണ മനോഭാവമുള്ള യുവാക്കള്‍ ആവശ്യമാണെന്ന് ഈ ഘട്ടത്തില്‍ ഹെഡ്‌ഗേവാര്‍ ചിന്തിച്ചു. നാഗ്പൂരിലെ പല കോണ്‍ഗ്രസ് നേതാക്കളുമായി ഇത്തരമൊരു സംഘടന രൂപീകരിക്കുന്നതിനെക്കുറിച്ച് ഹെഡ്‌ഗേവാര്‍ ചര്‍ച്ച ചെയ്തു. ഇതിനുവേണ്ടി 1924 ല്‍ വാര്‍ദ്ധയിലെ ഗാന്ധി ആശ്രമവും ഹെഡ്‌ഗേവാര്‍ സന്ദര്‍ശിച്ചു. ഈ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്റെ ചില നയങ്ങളും വിമര്‍ശന വിധേയമാക്കി. ”ഖിലാഫത്ത് പ്രക്ഷോഭത്തെ ഗാന്ധി പിന്തുണയ്ക്കുന്നതിനോട് ഹെഡ്‌ഗേവാര്‍ വിയോജിക്കുകയും, അത് മുസ്ലിങ്ങളില്‍ വിഘടന മനോഭാവം വളര്‍ത്തുമെന്ന് പറയുകയും ചെയ്തുവെന്നാണ് അറിയുന്നത്. പരസ്പരം പോരടിക്കുന്ന ഹിന്ദു സംഘടനകളെ ഐക്യപ്പെടുത്തി എങ്ങനെ ദേശീയ പ്രസ്ഥാനത്തിന്റെ പൊതുധാരയില്‍ കൊണ്ടുവരാന്‍ കഴിയും എന്നതിനെക്കുറിച്ചാണ് വാര്‍ദ്ധ വിട്ടതിനു ശേഷം ഹെഡ്‌ഗേവാര്‍ ആലോചിച്ചത്.”(8)

കോമിന്റേണിന്റെ കള്ളക്കളികള്‍
കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ (കോമിന്റേണ്‍) സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ നിയന്ത്രിക്കാന്‍ തീരുമാനിച്ച സമയത്തോടടുത്താണ് നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചത്. ഭാരതത്തില്‍ ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കാനും, സോവിയറ്റ് യൂണിയന്റെ താല്‍പ്പര്യം സംരക്ഷിക്കാനും ചില ഭാരതീയരെയും ഉള്‍പ്പെടുത്തി താഷ്‌ക്കെന്റില്‍ സൈനിക പരിശീലനം നല്‍കുന്ന കാലമായിരുന്നു ഇത്.
സ്വാതന്ത്ര്യസമര പ്രസ്ഥാനമായ കോണ്‍ഗ്രസ്സിനെ ‘ബൂര്‍ഷ്വാസിയുടെ രാഷ്ട്രീയ വക്താവ്’ ആയാണ് അക്കാലത്ത് കോമിന്റേണ്‍ കണ്ടത്. സ്വാഭാവികമായും നിസ്സഹകരണ പ്രസ്ഥാനത്തിന് അവര്‍ അനുകൂലമായിരുന്നില്ല. ഇതിനുപകരം കോണ്‍ഗ്രസിനെ സ്വാധീനിക്കാനും നിയന്ത്രിക്കാനും പിടിച്ചെടുക്കാനുമാണ് കോമിന്റേണ്‍ തന്ത്രം മെനഞ്ഞത്. 1917 ല്‍ ചമ്പാരന്‍ സത്യഗ്രഹവും പിന്നീട് റൗലറ്റ് നിയമത്തിനെതിരായ പ്രക്ഷോഭവും ആരംഭിച്ച ഗാന്ധിജിയെ പ്രലോഭിപ്പിക്കാന്‍ ഒരു ശ്രമവും ഇവര്‍ നടത്തി.
കോണ്‍ഗ്രസിനെ നിയന്ത്രിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പിന്നീട് 1921 ലെ അഹമ്മദാബാദ് കോണ്‍ഗ്രസ് സമ്മേളനത്തിലേക്ക് കോമിന്റേണിനുവേണ്ടി, അതായത് റഷ്യക്ക് വേണ്ടി എം.എന്‍. റോയിയും അബനീ മുഖര്‍ജിയും ചേര്‍ന്ന് ഒരു സന്ദേശം അയച്ചു. ഇതോടൊപ്പം, സി.ആര്‍. ദാസ്, ഡോ. സമ്പൂര്‍ണ്ണാനന്ദ്, ശിങ്കാരവേലു ചെട്ടിയാര്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളുമായി എം.എന്‍.റോയ് ബന്ധപ്പെട്ടു. സുഭാഷ് ചന്ദ്ര ബോസുമായും ബന്ധം സ്ഥാപിച്ചു. തങ്ങള്‍ നടത്താനിരുന്ന വിപ്ലവം അപഹരിച്ചതിനാല്‍ കമ്മ്യൂണിസ്റ്റുകള്‍ ഗാന്ധിജിയോട് വിരോധം പുലര്‍ത്തി.
വിപ്ലവപ്രസ്ഥാനങ്ങളില്‍ നിന്ന് അകലം പാലിച്ച് കോണ്‍ഗ്രസിന്റെ വേദിയില്‍ ഡോ. ഹെഡ്‌ഗേവാര്‍ കൂടുതല്‍ സജീവമാകുന്നത് നിസ്സഹകരണ പ്രക്ഷോഭത്തിലൂടെയാണ്. സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഈ പോരാട്ടത്തിന്റെ പരിസരത്തു പോലും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ എന്നു പറയപ്പെടുന്നവര്‍ ഉണ്ടായിരുന്നില്ല. നേരെമറിച്ച് നിസ്സഹകരണ പ്രക്ഷോഭത്തെയും വഴിതെറ്റിക്കാനും അട്ടിമറിക്കാനുമാണ് അവര്‍ ശ്രമിച്ചത്. ഫലത്തില്‍ അത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് അനുകൂലമായിരുന്നു. എന്നിട്ടാണ് അടിസ്ഥാനരഹിതമായ പ്രചാരവേലയിലൂടെ ആര്‍എസ്എസ്സിന് സ്വാതന്ത്ര്യസമരവുമായി ബന്ധമില്ലെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്.
അടുത്തത്: നിയമലംഘന പ്രക്ഷോഭത്തിന്റെ മുന്നണിപ്പോരാളി
അടിക്കുറിപ്പുകള്‍:-
1. What is Hindu Rashtra, Frontline-March 12, 1992.
2. Defeat the RSS Fascist Designs, K.L. Malhotra.
3.Communalism in Modern India, Bipan Chandra.
4. The RSS: Icons of the Indian Right, Nilanjan Mukhopadhyay.
5. The Saffron Surge:Untold Story of RSS Leadership, Arun Anand.
6. Histories of Non co-operation and Khilafat Movement, P.C.Bamford.
7. The Saffron Surge: Untold Story of RSS Leadership, Arun Anand, Dr Hedgewar the Epoch Maker, B.V.Des pande and S.R. Ramaswamy.
8. The Rashtriya Swayamsevak Sangh: Early concerns, Walter Anderson.





















