- താഷ്‌കെന്റില്‍ പിറവികൊണ്ട റഷ്യന്‍-ഇസ്ലാമിക സന്തതി (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 1)
- കാണ്‍പൂരില്‍ കണ്ട ദേശവിരുദ്ധ മുഖം ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 2)
- സ്ഥാപകന്റെ ദേശസ്‌നേഹം പാര്‍ട്ടിക്ക് സഹിച്ചില്ല (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 3)
- വിപ്ലവകാരികളെ വഴിതെറ്റിച്ച സാമ്രാജ്യത്വ സോഷ്യലിസം! (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 11)
- ദേശീയവാദിയും ഭാരതവിരുദ്ധനും ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 4)
- ഡോ.ഹെഡ്‌ഗേവാറിന്റെ രാഷ്ട്ര നിയോഗം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 5)
- കാണ്‍പൂരിലെ ഗൂഢനീക്കവും നാഗ്പൂരിലെ തുടക്കവും (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 6)
സായുധ സമരത്തില്‍ ഏര്‍പ്പെട്ടതിന് സെല്ലുലാര്‍ ജയിലില്‍ അടയ്ക്കപ്പെട്ട വിപ്ലവകാരികളെ കമ്മ്യൂണിസത്തിലേക്ക് മാനസാന്തരപ്പെടുത്താന്‍ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകൂടവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും സഹകരിച്ചതിന്റെ ചരിത്രം പില്‍ക്കാലത്ത് തമസ്‌കരിക്കപ്പെട്ടു. റഷ്യന്‍ ആര്‍ക്കൈവ്‌സിലെ ഭാരതത്തെ സംബന്ധിക്കുന്ന 1917- 1947 കാലയളവിലെ രേഖകള്‍ പരിശോധിച്ചുകൊണ്ട് പുരഭി റോയിയും സഹപ്രവര്‍ത്തകരും ഈ മനസാന്തരപ്പെടുത്തലിന്റെ വിവരങ്ങള്‍ നല്‍കുന്നുണ്ട്: ”സെല്ലുലാര്‍ ജയിലിലെ തടവുകാരുടെ പ്രമുഖ നേതാക്കളായ ഡോ. നാരായണ്‍ റോയ്, നിരഞ്ജന്‍ സെന്‍ എന്നിവര്‍ 1933 പകുതിമുതല്‍ തടവുകാര്‍ക്ക് മാര്‍ക്‌സിസ്റ്റ് ആശയങ്ങളെക്കുറിച്ച് ക്ലാസെടുക്കുകയും, വിപ്ലവപാതയില്‍ നിന്ന് അവരെ അകറ്റി ക്കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്തു. 1935 ഏപ്രില്‍ 26 ന് ബംഗാള്‍, ബീഹാര്‍, ഇന്നത്തെ ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ള വലിയൊരു വിഭാഗം തടവുകാര്‍ ആന്‍ഡമാന്‍ ജയിലില്‍ കമ്മ്യൂണിസ്റ്റ് കണ്‍സോളിഡേഷന്‍ കമ്മിറ്റി (സിസിസി) എന്നൊരു രഹസ്യമായ സംവിധാനത്തിന് രൂപം നല്‍കി. മെയ് ഒന്നിന് ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനവും നടന്നു. 1930 കളില്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ വ്യാപിപ്പിക്കുന്നതിനുള്ള ഒരു വഴിത്തിരിവായിരുന്നു സിസിസിയുടെ രൂപീകരണം. കുറച്ച് വര്‍ഷത്തിനുള്ളില്‍ തടവുകാര്‍ കൂട്ടത്തോടെ സായുധ വിപ്ലവത്തിന്റെ പാത ഉപേക്ഷിക്കുകയും, മാക്‌സിസത്തെ വാരിപ്പുണരുകയും ചെയ്തു. ഇവരില്‍ പലരും അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു… 1935 നും 1938 നും ഇടയില്‍ ആന്‍ഡമാന്‍ ജയിലില്‍ നിന്ന് വിട്ടയച്ച വളരെയധികം തടവുകാര്‍ മോചിപ്പിക്കപ്പെട്ട ഉടന്‍തന്നെ അന്ന് നിരോധനം ഉണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗങ്ങളായി.” (1)
നാരായണന്‍ റോയിയെയും നിരഞ്ജന്‍ സെന്നിനെയും മാര്‍ക്‌സിസത്തിലേക്ക് കൊണ്ടുവന്നത് കോണ്‍ഗ്രസ് സോഷ്യലിസ്റ്റുകള്‍ ആയിരുന്നു. ഇവര്‍ സെല്ലുലാര്‍ ജയിലിലേക്ക് കമ്മ്യൂണിസ്റ്റ് സാഹിത്യം എത്തിച്ചു. ജയപ്രകാശ് നാരായണ്‍, മിനൂ മസാനി, മധു ലിമായെ, അച്യുത് പട്‌വര്‍ത്തന്‍, രാം മനോഹര്‍ ലോഹ്യ എന്നിവരായിരുന്നു അക്കാലത്തെ പ്രമുഖ സോഷ്യലിസ്റ്റ് നേതാക്കള്‍. കല്‍ക്കട്ട യൂണിവേഴ്‌സിറ്റിക്ക് സമീപമുള്ള മച്ചുവ ബസാറില്‍ 1930 ല്‍ വിപ്ലവകാരികളുടെ ഒരു ബോംബു നിര്‍മാണ ഫാക്ടറി സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു. ഈ കേസില്‍ 33 വിപ്ലവകാരികള്‍ അറസ്റ്റിലാവുകയുണ്ടായി. ഇവരില്‍ ഉള്‍പ്പെട്ട നിരഞ്ജന്‍ സെന്‍, സതീഷ് പ്രകാശി, സുധാംശു സെന്‍ ഗുപ്ത എന്നിവരാണ് സെല്ലുലാര്‍ ജയിലിലേക്ക് കമ്മ്യൂണിസ്റ്റ് സാഹിത്യം എത്തിച്ചത്. ഈ വിവരം സുബോധ് റോയ് ഓര്‍മ്മക്കുറിപ്പുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്: ”ഡോ. നാരായണ്‍ റോയിയും നിരഞ്ജന്‍ സെന്‍ ഗുപ്തയും സെല്ലുലാര്‍ ജയിലിലേക്ക് വന്നത് ഒരു പെട്ടിനിറയെ സോഷ്യലിസത്തെക്കുറിച്ചും കമ്മ്യൂണിസത്തെക്കുറിച്ചും സോവിയറ്റ് യൂണിയനെക്കുറിച്ചുമുള്ള സാഹിത്യവുമായാണ്. ബംഗാളില്‍ നിന്നുള്ള ഇവര്‍ രണ്ടുപേരും ആന്‍ഡമാന്‍ ജയിലിലെ തടവുകാര്‍ക്കിടയില്‍ കമ്മ്യൂണിസം പ്രചരിപ്പിച്ചവരില്‍ പ്രധാനികളാണ്. നിസ്സഹകരണ പ്രക്ഷോഭത്തിന്റെ ഭാഗമായി യെര്‍വാദ സെന്‍ട്രല്‍ ജയിലില്‍ കിടക്കുമ്പോഴാണ് സഹതടവുകാരായിരുന്ന സോഷ്യലിസ്റ്റുകാര്‍ ഈ നേതാക്കള്‍ക്ക് കമ്മ്യൂണിസ്റ്റ് സാഹിത്യം നല്‍കിയത്. സര്‍ക്കാരിന്റെ ചെലവിലാണ് സോഷ്യലിസത്തെക്കുറിച്ചുള്ള പുസ്തകങ്ങള്‍ ഞങ്ങള്‍ക്ക് ലഭിച്ചതെന്ന് അറിയുമ്പോള്‍ വായനക്കാര്‍ അത്ഭുതപ്പെട്ടേക്കും. ഇപ്രകാരം ആന്‍ഡമാനിലെ രാഷ്ട്രീയ തടവുകാരെ സോഷ്യലിസത്തില്‍ തല്‍പ്പരരാക്കുന്നതില്‍ സര്‍ക്കാരിന് കയ്യുണ്ടായിരുന്നു. മറ്റ് ജയിലുകളിലെ രാഷ്ട്രീയ തടവുകാരിലും സര്‍ക്കാര്‍ കമ്മ്യൂണിസത്തിന്റെ വിത്തു വിതച്ചു.” (2)
വിപ്ലവകാരികള്‍ക്കെതിരെ ബ്രിട്ടീഷ്-കമ്മ്യൂണിസ്റ്റ് സഖ്യം
വിപ്ലവകാരികളുടെ മനസ്സുമാറ്റാന്‍ സൗജന്യമായാണ് ബ്രിട്ടീഷ് ഭരണകൂടം ജയിലുകളില്‍ സോഷ്യലിസ്റ്റ് സാഹിത്യം എത്തിച്ചിരുന്നത് എന്നര്‍ത്ഥം. അറിഞ്ഞുകൊണ്ടുതന്നെ വിപ്ലവകാരികളുടെ മനസ്സില്‍ ബ്രിട്ടീഷ് ഭരണകൂടം കമ്മ്യൂണിസത്തിന്റെ വിത്ത് വിതയ്ക്കുകയായിരുന്നു. എന്നാല്‍ സുബോധ് റോയിയെപ്പോലുള്ള വിപ്ലവകാരികള്‍ ഇത് തിരിച്ചറിഞ്ഞില്ല. തടവുകാര്‍ എന്തു വായിക്കണം എന്ന കാര്യത്തില്‍ ബ്രിട്ടീഷ് അധികൃതര്‍ കര്‍ശന നിയന്ത്രണം വച്ചിരുന്നു. ഇംഗ്ലീഷുകാരനായ ജില്ലാ മജിസ്‌ട്രേറ്റിനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട ശാന്തിദാസ് എന്ന വിപ്ലവകാരി തന്റെ ഓര്‍മ്മക്കുറിപ്പില്‍ ഇക്കാര്യം പറയുന്നുണ്ട്. കോണ്‍ഗ്രസ് നേതാവും അമ്മാവനുമായ പ്രൊഫ. ശക്തി മിത്ര ജയിലിലെത്തിച്ച സാമൂഹ്യ ശാസ്ത്രത്തെക്കുറിച്ചും നരവംശ ശാസ്ത്രത്തെ കുറിച്ചുമുള്ള പുസ്തകങ്ങള്‍ വായിക്കാന്‍ ശാന്തിദാസിനെ ജയില്‍ അധികൃതര്‍ അനുവദിച്ചിരുന്നില്ല. ഇതേ സ്ഥാനത്താണ് ജയിലുകളില്‍ സൗജന്യമായി കമ്മ്യൂണിസ്റ്റ് സാഹിത്യം വിതരണം ചെയ്തത്.
ചിറ്റഗോങ് കലാപത്തിന് നേതൃത്വം നല്‍കിയ കാളിപാദ ചക്രവര്‍ത്തിയെക്കുറിച്ചും സുബോധ് റോയ് പറയുന്നുണ്ട്. ജലാലബാദില്‍ ഒരു മുഴുവന്‍ ബ്രിട്ടീഷ് ബറ്റാലിയനെയും പിന്തിരിപ്പിച്ചയാളാണ് ഈ വിപ്ലവകാരി. സെല്ലുലാര്‍ ജയില്‍വാസത്തിനിടെ കമ്മ്യൂണിസ്റ്റായവരില്‍ കാളിപാദ ചക്രവര്‍ത്തിയും ഉള്‍പ്പെടുന്നു. ചക്രവര്‍ത്തിയെയും കൂട്ടാളികളെയും ജയിലിലെ മറ്റെല്ലാ ജോലികളില്‍ നിന്നും ജയിലധികൃതര്‍ ഒഴിവാക്കിയിരുന്നു. ഇവര്‍ കമ്മ്യൂണിസത്തെക്കുറിച്ചുള്ള പഠനത്തില്‍ മുഴുകി.
ആന്‍ഡമാന്‍ ജയിലിലെ കമ്മ്യൂണിസ്റ്റ് കണ്‍സോളിഡേഷന്‍ കമ്മിറ്റിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മില്‍ സജീവമായ ബന്ധം നിലനിന്നിരുന്നു. ഈ കമ്മിറ്റി ബംഗാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എഴുതിയ ഒരു കത്ത് പുരഭി റോയ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റുകളായി മാറിയവര്‍ ജയില്‍ മോചിതരാവുന്നത് എപ്പോഴാണെന്നു പോലും കമ്മ്യൂണിസ്റ്റ് കണ്‍സോളിഡേഷന്‍ കമ്മിറ്റിക്ക് അറിയാമായിരുന്നു. നിരാഹാരം ഉള്‍പ്പെടെ ജയിലില്‍ എന്തൊക്കെ ചെയ്യണമെന്നു പോലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തടവുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നതായി ഈ കത്തില്‍ നിന്ന് മനസ്സിലാക്കാം. ഈ കത്തിടപാടുകളൊക്കെ ബ്രിട്ടീഷ് ഭരണകൂടം അനുവദിച്ചിരുന്നു എന്നതാണ് അത്ഭുതകരം. മറ്റ് രാഷ്ട്രീയ തടവുകാരുടെ കാര്യത്തില്‍ ഇങ്ങനെയൊരു സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഭരണകൂടവും തമ്മിലുള്ള ഒരു അവിശുദ്ധ ബന്ധം നിലനിന്നിരുന്നു എന്നതിന്റെ തെളിവാണിത്. ഈ അവിശുദ്ധ ബന്ധത്തിന്റെ ഫലങ്ങള്‍ മറ്റുതരത്തിലും പ്രകടമായിരുന്നു. അനുശീലന്‍ സമിതി, യുഗാന്തര്‍ പോലുള്ള വിപ്ലവ പ്രസ്ഥാനങ്ങള്‍ വളരെ വേഗം ഇല്ലാതായി. ഇക്കാര്യത്തിലും ബ്രിട്ടീഷ് സര്‍ക്കാരിന്റെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ഗൂഢാലോചന നടന്നുവെന്നര്‍ത്ഥം.
സെല്ലുലാര്‍ ജയിലില്‍ മാത്രമല്ല ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഒത്താശയോടെ കമ്മ്യൂണിസ്റ്റ് ആശയപ്രചാരണം നടന്നതെന്നും പുരഭി റോയ് രേഖപ്പെടുത്തുന്നു: ”ആന്‍ഡമാനിലെ ഉദാഹരണത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മറ്റ് ജയിലുകളിലും രാജ്യത്തെ വിവിധ ഇടങ്ങളിലുള്ള തടങ്കല്‍ പാളയങ്ങളിലും കമ്മ്യൂണിസ്റ്റ് കണ്‍സോളിഡേഷന്‍ കമ്മിറ്റി (സിസിസി) രൂപംകൊണ്ടു. ഇത് വിപ്ലവകാരികളുടെ കമ്മ്യൂണിസ്റ്റുവല്‍ക്കരണ പ്രക്രിയയെ കൂടുതല്‍ മുന്നോട്ടുകൊണ്ടുപോയി.” (3) സുബോധ് റോയിക്ക് പുറമേ ആര്‍എസ്പി ചരിത്രകാരനായ ബുദ്ധദേവ് ഭട്ടാചാര്യയെ ഉദ്ധരിച്ചും പുരഭി റോയ് ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്.
”1930-38 കാലത്ത് തടവനുഭവിക്കുന്നതിനിടെ അനുശീലന്‍ സമിതിയിലെ ഉള്‍പ്പെടെ വിപ്ലവകാരികള്‍ക്ക് ആശയവ്യക്തത ലഭിച്ചു. ഇക്കാലത്തിനിടെയാണ് വ്യക്തിഗതമായ ഭീകര പ്രവര്‍ത്തനത്തിന്റെയും, ജനപിന്തുണയില്ലാത്ത സംഘടിത സായുധ ആക്രമണത്തിന്റെയും നിരര്‍ത്ഥകത വിപ്ലവകാരികള്‍ക്ക് മനസ്സിലായത്. അവര്‍ ആര്‍ത്തിയോടെ മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് ഗ്രന്ഥങ്ങള്‍ വായിക്കുകയും, മാസങ്ങളും വര്‍ഷങ്ങളും നീണ്ടുനിന്ന ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. ഒടുവില്‍ മാര്‍ക്‌സിസത്തിലേക്ക് തെന്നിമാറുകയായിരുന്നു.”(4)

പ്രമോദ് ദാസ് ഗുപ്തയ്ക്കും അജയ് ഘോഷിനും സംഭവിച്ചത്
ജയിലുകളില്‍ അടച്ചിരുന്ന വിപ്ലവകാരികള്‍ക്ക് കമ്മ്യൂണിസ്റ്റ് സാഹിത്യം മാത്രമാണ് വായിക്കാന്‍ കൊടുത്തിരുന്നത്. കമ്മ്യൂ ണിസത്തെക്കുറിച്ച് അനന്തമായ ചര്‍ച്ചകള്‍ നടത്താനുള്ള അവസരവും കൊടുത്തു. ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് തങ്ങളും പോരാടുന്നതെന്നും, എന്നാല്‍ അത് വ്യത്യസ്ത പാതയിലൂടെയാണെന്നും കമ്മ്യൂണിസ്റ്റുകള്‍ തെറ്റിദ്ധരിപ്പിച്ചു. വിപ്ലവകാരികളെ മനംമാറ്റുന്നതില്‍ ഇത് സഹായിക്കുകയും ചെയ്തു. പശ്ചിമ ബംഗാളിലെ ഹിജിലി ജയിലില്‍ അടയ്ക്കപ്പെട്ട ചിറ്റഗോങ് കലാപകാരിയായ കല്‍പ്പന ദത്തയുടെ ഓര്‍മ്മക്കുറിപ്പില്‍ ഇതിനെക്കുറിച്ച് എഴുതുന്നുണ്ട്. ജയിലില്‍ താന്‍ എങ്ങനെയാണ് കമ്മ്യൂണിസ്റ്റായതെന്ന് കല്‍പ്പന വിശദീകരിക്കുന്നു:
”ശിക്ഷിക്കപ്പെട്ട ഉടന്‍ എന്നെ ഹിജിലിയിലെ പ്രത്യേക ജയിലിലേക്ക് മാറ്റി. അവിടെ മറ്റ് വനിതാ തടവുകാര്‍ക്കൊപ്പം വായിക്കാന്‍ ഒരുപാട് അവസരങ്ങള്‍ ലഭിച്ചിരുന്നു. പുരോഗമനാശയങ്ങള്‍ പ്രചരിപ്പിക്കുന്ന ‘പരിചയ്’ പോലുള്ള ആനുകാലികങ്ങള്‍ ജയിലഴികള്‍ക്കുള്ളിലൂടെ ലഭിച്ചു. അവിടെ നിന്നാണ് ഞാന്‍ കമ്മ്യൂണിസത്തെക്കുറിച്ച് കേള്‍ക്കുന്നത്. പിന്നീട് സോഷ്യലിസത്തെക്കുറിച്ചും കമ്മ്യൂണിസത്തെക്കുറിച്ചുമുള്ള പുസ്തകങ്ങള്‍ ലഭിക്കാന്‍ തുടങ്ങി. ഈ പുസ്തകങ്ങളിലെ വാദഗതികളും സമീപനവും മനസ്സിനെ ഇളക്കാന്‍ തുടങ്ങി. ഏറെക്കാലമായി ഞാന്‍ ആണ്ടു മുങ്ങിയിരുന്ന വിപ്ലവ സാഹിത്യവും ഈ വാദഗതികളും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങി. വിപ്ലവത്തെക്കുറിച്ചുള്ള ആഖ്യാനങ്ങളും, ഖുദിറാം, കനൈലാല്‍, ഭഗത് സിംഗ് തുടങ്ങിയവരും മരണത്തെപ്പോലും കൂസാത്ത വിധം ഞങ്ങളെ ആഴത്തില്‍ സ്വാധീനിച്ചിരുന്നു. പക്ഷേ സോഷ്യലിസത്തെക്കുറിച്ചും കമ്മ്യൂണിസത്തെക്കുറിച്ചുമുള്ള എഴുത്തുകള്‍ അപ്രസക്തമായി കരുതി തള്ളിക്കളയാനായില്ല. പുതിയൊരു പോരാട്ടത്തിന്റെ മുഴക്കം നേരിയ തോതില്‍ എന്റെയുള്ളില്‍ ഞാന്‍ കേട്ടു. കമ്മ്യൂണിസത്തെക്കുറിച്ച് ഞാന്‍ വളരെയധികം വായിച്ചെങ്കിലും എന്റേതായ നിലയ്ക്കാണ് ആശയങ്ങള്‍ മനസ്സിലാക്കിയിരുന്നത്. കമ്മ്യൂണിസവും എന്റെ ചിന്തയും തമ്മില്‍ വലിയ വ്യത്യാസമില്ലെന്നു തോന്നി. കമ്മ്യൂണിസ്റ്റുകള്‍ വിപ്ലവകാരികളെ എതിരാളികളായാണ് കാണുന്നതെന്ന് ആരെങ്കിലും പറഞ്ഞാല്‍ ഞാന്‍ അത് പരിഹസിച്ചു തള്ളും. ഞങ്ങള്‍ക്ക് ഒരേ ആശയമാണ്. ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി സമര്‍പ്പണ ബുദ്ധിയോടെ പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഞങ്ങള്‍ എതിരാളികളല്ല, സഹയാത്രികരാണ്.” (5)
ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഒത്താശയോടെ ജയിലില്‍ വച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരനായ മറ്റൊരാളാണ് പ്രമോദ് ദാസ് ഗുപ്ത. ഇന്നത്തെ ബംഗ്ലാദേശിലെ ഫരീദ്പൂര്‍ ജില്ലയില്‍ ജനിച്ച പ്രമോദ് ദാസ് ബ്രജ്‌മോഹന്‍ കോളേജില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ അനുശീലന്‍ സമിതിയില്‍ അംഗമാവുകയും, മച്ചുവാ ബസാര്‍ ബോംബ് കേസില്‍ പ്രതിയാവുകയും ചെയ്തു. മതിയായ തെളിവുകള്‍ ഇല്ലാതിരുന്നിട്ടും എട്ടുവര്‍ഷക്കാലം പ്രമോദ് ദാസിനെ ബംഗാളിലെ നിരവധി ജയിലുകളിലും തടങ്കല്‍ പാളയങ്ങളിലുമായി മാറ്റിപ്പാര്‍പ്പിച്ചു. 1937 ല്‍ ജയില്‍ മോചിതനായ പ്രമോദ് ദാസ് 1938 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് അറസ്റ്റിലായി. 1942 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിരോധനം നീങ്ങിയതോടെ മോചിപ്പിക്കപ്പെട്ടു. അതിനുശേഷം അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ബംഗാള്‍ ഘടകം സെക്രട്ടറിയായി. പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗമായി പ്രവര്‍ത്തിക്കുകയും, 1962 ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎമ്മില്‍ എത്തുകയും പൊളിറ്റ് ബ്യൂറോ അംഗമാവുകയും ചെയ്തു.
വിപ്ലവ പ്രവര്‍ത്തനം നടത്തിയതിന് തടവനുഭവിക്കുകയും, മാനസാന്തരം വന്ന് കമ്മ്യൂണിസ്റ്റാവുകയും ചെയ്ത മറ്റൊരാളാണ് അജയ് ഘോഷ്. പ്രശസ്ത ഡോക്ടറായിരുന്ന പിതാവ് കാണ്‍പൂരില്‍ ജോലി ചെയ്തിരുന്നതിനാല്‍ അലഹബാദ് സര്‍വകലാശാലയിലാണ് അജയ്‌ഘോഷ് പഠിച്ചത്. ഭഗത് സിംഗും ചന്ദ്രശേഖര്‍ ആസാദുമൊക്കെ പ്രവര്‍ത്തിച്ചിരുന്ന ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷനില്‍ അംഗമായ അജയ് ഘോഷ് ലാഹോര്‍ ഗൂഢാലോചന കേസില്‍ പ്രതിയായെങ്കിലും തെളിവുകളുടെ അഭാവത്തില്‍ വിട്ടയക്കപ്പെട്ടു. പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരുകയും, പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയാവുകയും ചെയ്തു.

കമ്മ്യൂണിസ്റ്റുകളായി മാറിയ സായുധ വിപ്ലവകാരികളുടെ കാര്യത്തില്‍ മറ്റൊരു കാര്യവും സംഭവിച്ചു. വിപ്ലവ പ്രസ്ഥാനങ്ങളില്‍ താഴെക്കിടയില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ എത്തിയപ്പോള്‍ ഉയര്‍ന്ന പദവികള്‍ ലഭിച്ചു. ഇവരില്‍ ഉള്‍പ്പെടുന്നവരാണ് പ്രമോദ് ദാസ് ഗുപ്തയും അജയ് ഘോഷും. കേസില്‍ പ്രതികളായെങ്കിലും തെളിവില്ലാത്തതിനാല്‍ വിട്ടയക്കപ്പെട്ടവരാണല്ലോ ഇരുവരും. വിപ്ലവ പ്രസ്ഥാനങ്ങളില്‍ താഴെത്തട്ടില്‍ പ്രവര്‍ത്തിച്ചവര്‍ ആയതുകൊണ്ടാണ് ഇവര്‍ക്കെതിരെ കാര്യമായ തെളിവുകള്‍ ഇല്ലാതിരുന്നത്. അതേസമയം, സെല്ലുലാര്‍ ജയിലില്‍ തടവനുഭവിച്ച ചട്ടോഗ്രാം വിപ്ലവകാരികളായ സുബോധ് റോയ്, ഗണേഷ് ഘോഷ് എന്നിവര്‍ക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ താഴ്ന്ന പദവികളാണ് ലഭിച്ചത്.
വിപ്ലവകാരികള്‍ അവര്‍ക്ക് ഭീകരവാദികള്‍!
സ്വാതന്ത്ര്യത്തിനു വേണ്ടി വിപ്ലവ പ്രസ്ഥാനങ്ങളില്‍ ചേര്‍ന്ന യുവാക്കളെ സാമ്രാജ്യത്വ ഭരണകൂടത്തിന്റെ സഹായത്തോടെ കമ്മ്യൂണിസ്റ്റുകളാക്കിയത് 1930 കളില്‍ തന്നെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ പി.സി. ജോഷിയും സമ്മതിക്കുന്നുണ്ട്. തടവുകാരായ ഭീകരവാദികളില്‍ ഭൂരിപക്ഷവും കമ്മ്യൂണിസ്റ്റുകളായെന്ന് ജോഷി പറഞ്ഞിട്ടുള്ളതായി ‘പി.സി. ജോഷി: എ പൊളിറ്റിക്കല്‍ ജേര്‍ണി’ എന്ന ജീവചരിത്രത്തില്‍ വിപന്‍ ചന്ദ്ര രേഖപ്പെടുത്തിയിട്ടുണ്ട്. എങ്ങനെയാണ് മുന്‍ വിപ്ലവകാരികളെ ഉള്‍പ്പെടുത്തി ഇന്ത്യയില്‍ കമ്മ്യൂണിസം വളര്‍ന്നതെന്ന് പില്‍ക്കാലത്ത് സിപിഎം ജനറല്‍ സെക്രട്ടറിയായ ഹര്‍കിഷന്‍ സിംഗ് സുജിത്തും വ്യക്തമാക്കുന്നുണ്ട്. ”ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ മറ്റ് രണ്ട് ഘടകങ്ങളും പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ഭീകരവാദത്തിന്റെ പാത തെരഞ്ഞെടുത്ത വിപ്ലവകാരികള്‍ അത് ഉപേക്ഷിച്ച് കമ്മ്യൂണിസ്റ്റുകളായി. ഭീകര പ്രവര്‍ത്തനം യഥാര്‍ത്ഥ പരിഹാരമല്ലെന്ന് തിരിച്ചറിഞ്ഞ ഇവരില്‍ പലരും കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടരായി പാര്‍ട്ടിയില്‍ ചേരുകയായിരുന്നു. അനുശീലന്‍ സമിതി, യുഗാന്തര്‍, ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ തുടങ്ങിയ സംഘടനകളില്‍ ഉള്ളവരായിരുന്നു ഇവര്‍.”(6)
മോചനം ആവശ്യപ്പെട്ട് ജയിലില്‍ നിരാഹാരം തുടങ്ങുന്നതിന് മുന്‍പ് തടവുകാര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ‘നാഷണല്‍ ഫ്രണ്ട്’ എന്ന മുഖപത്രത്തില്‍ ഒരു അഭ്യര്‍ത്ഥന പുറപ്പെടുവിക്കുമായിരുന്നു. തങ്ങളുടെ ദൗത്യത്തോട് ഐക്യം പ്രഖ്യാപിക്കണം എന്നായിരുന്നു ആവശ്യം.
പി.സി. ജോഷിയും സുര്‍ജിത്തും അനാദരവോടെയാണ് സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സായുധ സമരത്തെക്കുറിച്ച്, പ്രത്യേകിച്ച് വിപ്ലവകാരികളെക്കുറിച്ച് സംസാരിക്കുന്നത്. ‘ഭീകരവാദത്തിന്റെ പാത’യില്‍നിന്നാണ് വിപ്ലവകാരികളെ ‘മാറ്റിയെടുത്തത്’ എന്നും, കമ്മ്യൂണിസ്റ്റുകളാവാന്‍ അവര്‍ ഭീകരപ്രവര്‍ത്തനത്തിന്റെ പാത ഉപേക്ഷിക്കുകയായിരുന്നു എന്നൊക്കെ അഭിമാനം കൊള്ളുന്നത് ഇതിന് തെളിവാണ്. സായുധ വിപ്ലവകാരികളെ ഭീകരവാദികള്‍ എന്ന് വിശേഷിപ്പിക്കുക മാത്രമല്ല പി.സി. ജോഷി ചെയ്യുന്നത്. അവര്‍ ‘കാല്‍പ്പനിക വിപ്ലവകാരികള്‍’ മാത്രമാണെന്നും, വഴിപിഴച്ച അവരുടേത് മിഥ്യാസങ്കല്‍പ്പങ്ങളാണെന്നും പരിഹസിക്കുകയും ചെയ്യുന്നു.
കമ്മ്യൂണിസ്റ്റായി മാറിയ ചാട്ടോഗ്രാം വിപ്ലവകാരി കല്‍പ്പന ദത്തയായിരുന്നു പി.സി. ജോഷിയുടെ ഭാര്യ. കല്‍പ്പനയുടെ ആത്മകഥാപരമായ ഓര്‍മ്മക്കുറിപ്പുകള്‍ക്ക് അവതാരിക എഴുതിയിട്ടുള്ളത് ജോഷി തന്നെയാണ്. ”കല്‍പ്പന ഞങ്ങളുടെ പാര്‍ട്ടിയിലേക്ക് വന്നത് എങ്ങനെയാണെന്ന് അവര്‍ വസ്തുനിഷ്ഠമായി വിവരിച്ചിട്ടുണ്ട്. അവരുടെ ജീവിത കഥ വായിക്കുന്നതിലൂടെ ദേശീയ പ്രസ്ഥാനത്തെ മനസ്സിലാക്കാന്‍ കഴിയും. മുപ്പതുകളില്‍ അത് എങ്ങനെയായിരുന്നു. വലിയൊരു വിഭാഗം ഭീകരവാദികളായ തടവുകാര്‍ എങ്ങനെയാണ് കമ്മ്യൂണിസ്റ്റുകളായത് എന്നൊക്കെ മനസ്സിലാക്കാന്‍ കഴിയും. പാര്‍ട്ടിയിലേക്കുള്ള അവരുടെ (വിപ്ലവകാരികള്‍) വരവ് ഒരേസമയം എളുപ്പമുള്ളതും ശ്രമകരവുമായിരുന്നു. അവരുടെ വിപ്ലവകരമായ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ ചേരുന്നതും ശാസ്ത്രീയവുമാണ് പാര്‍ട്ടിയുടെ നയപരിപാടികള്‍ എന്നതാണ് എളുപ്പമെന്ന് പറയാന്‍ കാരണം. യുവത്വ കാലത്ത് പ്രതിജ്ഞയെടുത്ത രാജ്യത്തിനുവേണ്ടിയുള്ള പോരാട്ടം തുടരാന്‍ വ്യാമോഹങ്ങള്‍ ഉപേക്ഷിക്കുകയും ശരിയായ പാത തെരഞ്ഞെടുക്കുകയും വേണമായിരുന്നു. ഇതാണ് ശ്രമകരമെന്ന് പറയാന്‍ കാരണം. ഭീകരവാദം ശിശുവാണെന്നും, കമ്മ്യൂണിസം വിപ്ലവ ജീവിതത്തിന്റെ പക്വതയെത്തിയ അവസ്ഥയാണെന്നും ഈ ഓര്‍മ്മക്കുറിപ്പുകള്‍ വെളിപ്പെടുത്തുന്നു.” (7)
തടവു ശിക്ഷ അനുഭവിച്ചിരുന്ന കാലത്ത് കമ്മ്യൂണിസ്റ്റുകളാവുകയും, പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരുകയും ചെയ്ത വിപ്ലവകാരികള്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് കീഴടങ്ങുകയും, സ്വാതന്ത്ര്യ സമരത്തെ അട്ടിമറിക്കുകയുമാണ് ചെയ്തത്. ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തെ ഒറ്റുകൊടുത്തതിന് മുന്‍പായിരുന്നു ഈ സംഭവവികാസങ്ങള്‍. വിപ്ലവകാരികളുടെ കമ്മ്യൂണിസ്റ്റുവല്‍ക്കരണത്തിന് ബ്രിട്ടീഷ് ഭരണകൂടത്തിന്റെ എല്ലാ പിന്തുണയും ഉണ്ടായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ചേര്‍ന്ന് അവതരിപ്പിച്ച സാമ്രാജ്യത്വ സോഷ്യലിസം സ്വാതന്ത്ര്യ ദാഹികളായ വിപ്ലവകാരികളെ വഴിതെറ്റിക്കുകയായിരുന്നു.
അടുത്തത്:
സാമ്രാജ്യത്വ വിരോധിയായ ഡോ. ഹെഡ്‌ഗേവാര്‍
അടിക്കുറിപ്പുകള്‍:-
1. Indo-Russian Relations:1917-1947, Select Documents from the Archives of the Russian Federation Part- 2, Edited and Compiled by Purabi Roy, Sobhanlal Dutta Gupta, Hari Vasudevan.
2. Chittagong Armory Raid: A Memoir, Subodh Roy.
3. Indo-Russian Relations:1917-1947, Select Documents from the Archives of the Russian Federation Part- 2, Edited and Compiled by Purabi Roy, Sobhanlal Dutta Gupta, Hari Vasudevan.
4. Ibid
5.Chittagong armoury Raiders- Reminisences, Kalpana Dutta.
6. 75th Anniversary of the Formation of the Communist Party of India, Harkishan Singh Surjeet.
7. Chittagong Armoury Raiders- Reminisences, Kalpana Dutta.





















