- താഷ്‌കെന്റില്‍ പിറവികൊണ്ട റഷ്യന്‍-ഇസ്ലാമിക സന്തതി (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 1)
- കാണ്‍പൂരില്‍ കണ്ട ദേശവിരുദ്ധ മുഖം ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 2)
- സ്ഥാപകന്റെ ദേശസ്‌നേഹം പാര്‍ട്ടിക്ക് സഹിച്ചില്ല (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 3)
- കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അറിയപ്പെടാത്ത സാമ്രാജ്യത്വ ദാസ്യം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 10)
- ദേശീയവാദിയും ഭാരതവിരുദ്ധനും ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 4)
- ഡോ.ഹെഡ്‌ഗേവാറിന്റെ രാഷ്ട്ര നിയോഗം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 5)
- കാണ്‍പൂരിലെ ഗൂഢനീക്കവും നാഗ്പൂരിലെ തുടക്കവും (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 6)
ആര്‍എസ്എസ് ഒരു കാലത്തും ബ്രിട്ടീഷ് സാമ്രാജ്യത്വത്തോട് വിധേയത്വം പ്രകടിപ്പിക്കുകയോ അവരുമായി ഒത്തുകളിക്കുകയോ, താല്‍ക്കാലിക നേട്ടത്തിനു വേണ്ടി തന്ത്രപരമായ സമീപനം സ്വീകരിക്കുകയോ ചെയ്തിട്ടില്ല. 1925 മുതല്‍ സംഘടന എന്ന നിലയ്ക്കും വ്യക്തികള്‍ എന്ന നിലയ്ക്കും ആര്‍എസ്എസ് ബ്രിട്ടീഷ് ഭരണകൂടത്തിന് എതിരായിരുന്നു. ഇതിനു തെളിവായി നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ കഴിയും. എന്നാല്‍ ഇതായിരുന്നില്ല ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും പാര്‍ട്ടി നേതാക്കളുടെയും സമീപനവും നിലപാടുകളും പ്രവര്‍ത്തനങ്ങളും.
ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരത്തെ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭകാലത്ത് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ ബ്രിട്ടീഷ് ഭരണകൂടത്തിന് ഒറ്റുകൊടുത്തത് ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. ചിലപ്പോഴൊക്കെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ബ്രിട്ടീഷ് ഭരണകൂടം എതിര്‍ത്തിരുന്നതായും, കമ്മ്യൂണിസ്റ്റുകളെ അടിച്ചമര്‍ത്തിയിരുന്നതായും മറ്റുള്ളവര്‍ക്ക് തോന്നാം. തങ്ങള്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തെയും ഭരണകൂടത്തെയും എതിര്‍ത്തിരുന്നതായി ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളും അവകാശപ്പെട്ടു. രണ്ടു കൂട്ടരുടെയും പ്രവൃത്തികള്‍ ആത്മാര്‍ത്ഥമായിരുന്നില്ല എന്നതാണ് വാസ്തവം. ഇത് മനസ്സിലാകണമെങ്കില്‍ ബ്രിട്ടീഷ് ഭരണകൂടം ഓരോ ഘട്ടങ്ങളില്‍ സ്വീകരിച്ച ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തന്ത്രങ്ങള്‍ എന്തൊക്കെയായിരുന്നുവെന്നും, എന്തിനായിരുന്നുവെന്നും തിരിച്ചറിയേണ്ടതുണ്ട്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ രൂപീകരണ കാലത്ത് (1919-1925) ഭാരതം ഒരു ബ്രിട്ടീഷ് കോളനിയായിരുന്നുവല്ലോ. സാമ്രാജ്യത്വ വിരോധം അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രഖ്യാപിത നയവുമായിരുന്നു. ഇതനുസരിച്ച് ബ്രിട്ടീഷ് വാഴ്ചയെ എതിര്‍ക്കാന്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ ബാധ്യസ്ഥരുമായിരുന്നു. പക്ഷേ സംഭവിച്ചത് അതല്ല. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളുടെ സാമ്രാജ്യത്വ വിരോധം അധരവ്യായാമം മാത്രമായിരുന്നു. ഓരോ ഘട്ടത്തിലും ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരത്തെ ഇവര്‍ അട്ടിമറിച്ചു. എല്ലായിപ്പോഴും ബ്രിട്ടീഷ് ഭരണകൂടത്തിന്റെ നയപരവും രാഷ്ട്രീയവും സാമ്പത്തികവും തന്ത്രപരവുമായ ഒത്താശ ഇതിന് ലഭിക്കുകയും ചെയ്തു. ബ്രിട്ടന്റെ വിദേശ നയവുമായി ബന്ധപ്പെട്ടായിരുന്നു ഇത്.
മീററ്റ് കേസിന്റെ കാണാപ്പുറങ്ങള്‍
സാമ്രാജ്യത്വ ശക്തിയായ ബ്രിട്ടന്‍ സാമ്രാജ്യത്വ വിരുദ്ധരായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പിന്തുണയ്ക്കുന്ന വിരോധാഭാസമാണ് ഭാരതത്തിന്റെ കാര്യത്തില്‍ സംഭവിച്ചത്. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ അഞ്ചാംപത്തികള്‍ ആയിരുന്നു എന്നര്‍ത്ഥം. ചില സന്ദര്‍ഭങ്ങളില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് എതിരെ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകൂടം നടപടി എടുത്തിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തങ്ങള്‍ ബ്രിട്ടീഷ് വാഴ്ചയ്‌ക്കെതിരെ പോരാടിയിട്ടുണ്ടെന്ന് കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ പ്രചരിപ്പിക്കാറുള്ളത്. ബ്രിട്ടീഷ് ചക്രവര്‍ത്തിയെ സായുധസമരത്തിലൂടെ അട്ടിമറിക്കാനുള്ള മീററ്റ് ഗൂഢാലോചനക്കേസ് ഇതിലൊന്നാണ്. ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റുകളും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളും ഈ കേസില്‍ പ്രതികളായിരുന്നു. എന്നാല്‍ ഇവര്‍ വിചാരണ ചെയ്യപ്പെട്ടത് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിന്റെ പേരിലായിരുന്നു. ഭാരതത്തിന്റെ സ്വാതന്ത്ര്യം ഇവര്‍ ആവശ്യപ്പെട്ടിരുന്നില്ല. ഈ വസ്തുത പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നുണ്ട്.
മറ്റു കേസുകളിലെ വിചാരണ തടവുകാരോട് കര്‍ക്കശമായി പെരുമാറിയിരുന്ന ബ്രിട്ടീഷ് ഭരണാധികാരികള്‍ മീററ്റ് ഗൂഢാലോചന കേസിലെ പ്രതികളോട് മൃദുസമീപനമാണ് സ്വീകരിച്ചത്. കേസില്‍ തടവു ശിക്ഷ ലഭിച്ച് അധികം വൈകാതെ തന്നെ ഇവരെ വിട്ടയച്ചത് ഇതിന് തെളിവാണ്. കമ്മ്യൂണിസത്തില്‍ വിശ്വസിക്കുന്നതു കൊണ്ടുമാത്രം ഒരാള്‍ കുറ്റക്കാരനാവില്ലെന്ന ഈ കേസിലെ സര്‍ക്കാര്‍ വാദവും പരസ്പര ധാരണയുടെ ഭാഗമായിരുന്നു എന്നുപോലും വിശ്വസിക്കേണ്ടിയിരിക്കുന്നു. ഈ കേസിന്റെ കാലത്താണ് സോവിയറ്റ് യൂണിയനും ബ്രിട്ടനും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ കാര്യമായ മാറ്റം സംഭവിച്ചത്. ഇതും മീററ്റ് കേസിലെ പ്രതികള്‍ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചു.
സോവിയറ്റ് യൂണിയനും ബ്രിട്ടനും തമ്മിലുള്ള ബന്ധവും, ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുമേല്‍ ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ള നിയന്ത്രണവും, ബ്രിട്ടീഷ് ഭരണകൂടത്തില്‍ നിന്ന് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് ലഭിക്കുന്ന പരിഗണനയും വര്‍ദ്ധിച്ചുകൊണ്ടിരുന്നു. 28 ഇന്ത്യക്കാരും ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ രണ്ടുപേരും ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടിയിലെ ഒരാളും പ്രതികളായ മീററ്റ് ഗൂഢാലോചന കേസിന്റെ വിചാരണയില്‍ ഈ ബന്ധവും സഹായവും പരിഗണനയും പ്രകടമായിരുന്നു.
മീററ്റ് ഗൂഢാലോചന കേസില്‍ ശിക്ഷിക്കപ്പെട്ട ലെസ്റ്റര്‍ ഹച്ചിന്‍സണ്‍ ഒരു പുസ്തകം എഴുതിയിട്ടുണ്ട്. ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടി ചെയര്‍മാനും ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സിലെ പ്രൊഫസറുമായിരുന്ന ഹാരോള്‍ഡ് ലാസ്‌കിയാണ് ഇതിന് അവതാരിക എഴുതിയത്. ഈ അവതാരികയില്‍ മീററ്റ് ഗൂഢാലോചന കേസിന്റെ സ്വഭാവത്തിലേക്ക് ലാസ്‌കി വിരല്‍ ചൂണ്ടുന്നുണ്ട്: ”വര്‍ഷങ്ങളോളം സാധാരണ ജീവിതം നയിച്ച മനുഷ്യരെ പിച്ചിക്കീറുകയായിരുന്നു. സാധാരണ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനവും രാഷ്ട്രീയപ്രവര്‍ത്തനവും നടത്തിയതാണ് ഇവര്‍ ചെയ്ത കുറ്റം. ഈ രാജ്യത്തെ ദൈനംദിന ജീവിതത്തിന്റെ രീതിയാണിത്.” (1)
മീററ്റ് ഗൂഢാലോചന കേസ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ കൊട്ടിഘോഷിക്കുന്നതു പോലെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമല്ലെന്ന് തന്റെ കൃതിയില്‍ ഹച്ചിന്‍സണ്‍ തന്നെ വ്യക്തമാക്കുന്നു എന്നതാണ് രസകരമായ കാര്യം. ”സാധാരണ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനവും രാഷ്ട്രീയപ്രവര്‍ത്തനവും നടത്തിയവര്‍ക്കെതിരെ മീററ്റ് സെഷന്‍ കോടതി ജഡ്ജ് മിസ്റ്റര്‍ യോര്‍ക്ക് ഏര്‍പ്പെടുത്തിയ കഠിനമായ ശിക്ഷ വളരെ കൂടിപ്പോയെന്ന് അവര്‍ക്കു തന്നെ (ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകൂടത്തിന്) ബോധ്യമായിരുന്നു… യോര്‍ക്ക് വിധിച്ച ഈ തടവുശിക്ഷ ഇന്ത്യയില്‍ മാത്രമല്ല ഇംഗ്ലണ്ടിലും വലിയ പ്രതിഷേധം ഉയര്‍ത്തി. തുടര്‍ന്നുള്ള മാസങ്ങളില്‍ ഈ പ്രതിഷേധം ഒരു കൊടുങ്കാറ്റായി… ഈ പ്രക്ഷോഭം ഇന്ത്യയിലെ ഗവണ്‍മെന്റിന്റെ മേലും സ്വാധീനം ചെലുത്തി… ഈ ശിക്ഷാവിധിയിലൂടെ സര്‍ക്കാര്‍ തങ്ങളുടെ ബഹുജന പിന്തുണ ഇല്ലാതാക്കി.” (2)
പ്രതികളുടെ അപ്പീലുകള്‍ പരിഗണിക്കുന്നതില്‍ ഹൈക്കോടതി വലിയ ദയവു കാണിച്ചു എന്നാണ് ഹച്ചിന്‍സണ്‍ തുടര്‍ന്ന് എഴുതുന്നത്. ”1933 ജൂലൈ അവസാന വാരം അപ്പീലുകള്‍ കേള്‍ക്കുമെന്നാണ് ഏപ്രില്‍ മാസം തുടക്കത്തില്‍ ഹൈക്കോടതി പറഞ്ഞത്. ഇതേ സമയത്തു തന്നെ ജാമ്യ ഹര്‍ജികളില്‍ വാദം കേള്‍ക്കാനും തുടങ്ങിയിരുന്നു. ചില പ്രതികള്‍ക്ക് ജാമ്യം നല്‍കുകയും, മറ്റു ചിലര്‍ക്ക് നിഷേധിക്കുകയും ചെയ്തു. എല്ലാവരെയും അത്ഭുതപ്പെടുത്തിയത് എന്നെ വിട്ടയച്ചതാണ്. ഞാനാണെങ്കില്‍ ജാമ്യത്തിന് അപേക്ഷിച്ചിട്ടുമില്ലായിരുന്നു! ഞാന്‍ ജാമ്യാപേക്ഷ നല്‍കിയില്ലെങ്കിലും ഭാവിയില്‍ അങ്ങനെ ചെയ്യുന്നതില്‍ നിന്ന് എന്നെ തടയാനാവില്ല എന്നാണ് കോടതി പറഞ്ഞത്!” (3) എത്ര വിചിത്രമായ വാദഗതിയാണിത്. കേസിലെ മറ്റ് പ്രതികളുടെ കാര്യത്തിലും ഇതേ ലാഘവത്തോടെയും നീതിബോധമില്ലാതെയുമാണ് കോടതി പെരുമാറിയതെന്ന് ഹച്ചിന്‍സണ്‍ തുടര്‍ന്ന് എഴുതുന്നതില്‍ നിന്ന് വ്യക്തമാവുന്നുണ്ട്. ”ചീഫ് ജസ്റ്റിസ് സര്‍ ഷാ മുഹമ്മദ് സുലൈമാന്‍, ജസ്റ്റിസ് യംഗ് എന്നിവരാണ് അപ്പീല്‍ പരിഗണിച്ചത്. ഇതില്‍ വാദം കേള്‍ക്കാന്‍ രണ്ടുമാസം എടുക്കുമെന്നാണ് കരുതിയത്. പക്ഷേ 10 ദിവസം മാത്രമാണ് എടുത്തത്.” (4)
അവസാനം എന്തു സംഭവിച്ചു എന്നുകൂടി ഹച്ചിന്‍സ് പറയുന്നത് കേള്‍ക്കുമ്പോള്‍ ചിത്രം വ്യക്തമാവും. ”വിധിപ്രഖ്യാപനം കേള്‍ക്കാന്‍ വളരെയധികം ആളുകള്‍ ഇവിടെ തടിച്ചുകൂടിയിരുന്നു. വൈകിട്ട് ജയിലിലേക്കു തന്നെ തിരിച്ചുപോകേണ്ടിവരുമല്ലോ എന്നുകരുതി സാധനങ്ങളെല്ലാം എടുത്താണ് ഞാന്‍ വന്നത്. നീതിമാനായ സോളമന്‍ രാജാവിനെപ്പോലെ തോന്നിക്കുന്ന രണ്ട് ന്യായാധിപന്മാര്‍ വന്നു. ഞങ്ങളെ ഇവര്‍ വധശിക്ഷയ്ക്ക് വിധിക്കും എന്നാണ് കരുതിയത്. പക്ഷേ ചീഫ് ജസ്റ്റിസ് വിധിന്യായം വായിക്കാന്‍ തുടങ്ങിയതോടെ എല്ലാവരുടെയും നിരാശ വലിയ ആശ്ചര്യത്തിന് വഴിമാറി. എല്ലാവരുടെയും ശിക്ഷയില്‍ കുറവ് വരുത്തി. ജീവപര്യന്തം നാടുകടത്താനുള്ള ശിക്ഷ മൂന്നു വര്‍ഷത്തെ തടവാക്കി കുറച്ചു. 12 വര്‍ഷത്തെ തടവു ശിക്ഷ രണ്ടുവര്‍ഷമാക്കി കുറച്ചു. ഇതേ കുറ്റം മുന്‍പ് ചെയ്ത രണ്ടുപേരുടെ ശിക്ഷ മാത്രമാണ് ശരിവെച്ചത്. പത്തുവര്‍ഷം തടവു ലഭിച്ചവര്‍ക്ക് ഒരുവര്‍ഷമാക്കി ചുരുക്കി. ഞാന്‍ ഉള്‍പ്പെടെ മറ്റ് പ്രതികളെയെല്ലാം ഒന്നുകില്‍ വെറുതെ വിടുകയോ, അല്ലെങ്കില്‍ വിചാരണക്കാലത്തെ തടവ് ശിക്ഷയായി കണക്കാക്കി ജയില്‍ മോചിതരാക്കുകയോ ചെയ്തു.” (5) ഇപ്രകാരം കേസിലെ എല്ലാ പ്രതികളെയും വിട്ടയച്ചു. സോവിയറ്റ് യൂണിയനും ബ്രിട്ടനും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ട സമയമായിരുന്നു ഇത്.
ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഇരട്ടത്താപ്പുകള്‍
മീററ്റ് ഗൂഢാലോചന കേസിലെ പ്രതികള്‍ തങ്ങള്‍ക്ക് യാതൊരു ഭീഷണിയും ഉയര്‍ത്തുന്നില്ല എന്നതിനാലാണ് അവരെ വിട്ടയക്കാന്‍ ബ്രിട്ടീഷ് ഭരണകൂടം തയ്യാറായത്. സാമ്രാജ്യത്വ വാഴ്ചയെ ധീരമായി വെല്ലുവിളിച്ച വിപ്ലവകാരികളെ തൂക്കിലേറ്റുകയും നാടുകടത്തുകയും, 17-18 വര്‍ഷം തടവുശിക്ഷ നല്‍കുകയുമൊക്കെ ചെയ്ത കാലത്താണ് മീററ്റ് കേസിലെ പ്രതികള്‍ക്ക് ഇങ്ങനെയൊരു സൗജന്യം ബ്രിട്ടീഷ് സര്‍ക്കാര്‍ ചെയ്തുകൊടുത്തത്. ഇക്കാലത്തുതന്നെ സ്വാതന്ത്ര്യത്തിനു വേണ്ടി സായുധ സമരത്തില്‍ ഏര്‍പ്പെടുന്ന ഏതൊരാളെയും വിചാരണ കൂടാതെ അനിശ്ചിതകാലത്തേക്ക് ജയിലിലിടാന്‍ അധികാരം നല്‍കുന്ന ഓര്‍ഡിനന്‍സ് ബംഗാള്‍ സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. ഇക്കാര്യം സുഭാഷ് ചന്ദ്ര ബോസ് പറയുന്നുണ്ട്: ”ബംഗാളിലെ ആയിരക്കണക്കിന് രാഷ്ട്രീയ തടവുകാരില്‍ ഭൂരിപക്ഷം പേരെയും വിചാരണ കൂടാതെ ജയിലിലടച്ചു. നൂറുകണക്കിന് രാഷ്ട്രീയ തടവുകാരെ ആന്‍ഡമാനിലേക്ക് നാടുകടത്തി നീണ്ടകാലം തടവിലാക്കി. ബംഗാള്‍, പഞ്ചാബ്, യുണൈറ്റഡ് പ്രോവിന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു ഇവരില്‍ അധികം പേരും.” (6)
ഈ ഓര്‍ഡിനന്‍സ് പ്രകാരം സുഭാഷ് ചന്ദ്രബോസിനെയും വിചാരണ കൂടാതെ നിരവധി വര്‍ഷം തടവിലിട്ടിരുന്നു. 1921- 1940 കാലയളവില്‍ ഒന്‍പത് വര്‍ഷം മാത്രമാണ് നേതാജി ജയിലിന് പുറത്തുണ്ടായിരുന്നത്. ആരോഗ്യനില തകര്‍ന്ന് മരിക്കും എന്ന നില വന്നപ്പോഴാണ് ബ്രിട്ടീഷുകാര്‍ പലപ്പോഴും നേതാജിയെ ജയില്‍ മോചിതനാക്കിയത്. നേതാജിയെപ്പോലെ ഔന്നിത്യമുള്ള ഒരു നേതാവ് ജയിലില്‍ കിടന്ന് മരിച്ചാല്‍ അത് വലിയ ജനരോഷം ക്ഷണിച്ചുവരുത്തുമെന്ന് ബ്രിട്ടീഷുകാര്‍ ഭയന്നു. ഈ പശ്ചാത്തലത്തിലാണ് കമ്മ്യൂണിസ്റ്റുകളെ ബ്രിട്ടീഷുകാര്‍ വിചാരണ പ്രഹസനം നടത്തി വിട്ടയച്ചത്. രണ്ടാം ലോക മഹായുദ്ധകാലത്ത് ബ്രിട്ടനെ പിന്തുണച്ചതിന്റെ പ്രത്യുപകാരം കൂടിയായിരുന്നു ഇത്.
മീററ്റ് ഗൂഢാലോചന കേസില്‍ ശിക്ഷിക്കപ്പെട്ടവരായിരുന്നു അന്നത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രമുഖ നേതാക്കള്‍. മുസഫര്‍ അഹമ്മദ്, എസ്.എ. ഡാങ്കെ, എസ്.വി. ഗാട്ടെ, കെ.എന്‍. ജോഗ്ലേക്കര്‍, ആര്‍.എസ്. നിംബാര്‍ക്കര്‍, എസ്. എസ്. മിറാജ്കര്‍, ഷൗക്കത്ത് ഉസ്മാനി, മിര്‍ അബ്ദുല്‍ മജീദ്, സോഹന്‍ സിംഗ് ജോഷ്, പി.സി.ജോഷി എന്നിവരായിരുന്നു ഇവര്‍. ഇതില്‍ പി.സി. ജോഷി 1935 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി. 1947 വരെ-അതായത് ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ട് പോകുന്നതു വരെ-ഈ സ്ഥാനത്ത് തുടര്‍ന്നു. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നയിക്കുന്നവര്‍ ഒരുതരത്തിലും തങ്ങള്‍ക്ക് ഭീഷണിയാവാത്ത വിശ്വസ്തരാണെന്ന് ബ്രിട്ടീഷുകാര്‍ക്ക് ഉറപ്പായിരുന്നു.
ഇങ്ങനെയൊരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വളരുന്നതില്‍ ബ്രിട്ടീഷുകാര്‍ക്ക് യാതൊരു പ്രയാസവും ഉണ്ടായിരുന്നില്ല എന്നതാണ് വസ്തുത. മീററ്റ് ഗൂഢാലോചന കേസ് ഇന്ത്യയിലെ കമ്മ്യൂണിസത്തിന്റെ വളര്‍ച്ച തടയുന്നില്ലെന്ന് അന്നത്തെ ബോംബെ സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായ കെ.എന്‍. മുന്‍ഷിയുമായി പങ്കുവെച്ച 1939 മെയ് 29 ലെ ബ്രിട്ടീഷ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് തന്നെ പറയുന്നുണ്ട്. ”മീററ്റ് കേസ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പദ്ധതിക്ക് താല്‍ക്കാലിക തടസ്സം മാത്രമാണ് സൃഷ്ടിക്കുകയെന്ന് തുടര്‍ന്നുള്ള സംഭവവികാസങ്ങള്‍ കാണിക്കുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരുപാട് മാറിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് നേതൃത്വത്തില്‍ തൊഴിലാളികളെയും കര്‍ഷകരെയും സംഘടിപ്പിക്കാന്‍ വലിയതോതില്‍ ശ്രമം നടക്കുന്നുമുണ്ട്.” (7)
തങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുന്ന വിധത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വളരുന്നതില്‍ ബ്രിട്ടീഷ് സര്‍ക്കാരിന് യാതൊരു എതിര്‍പ്പും ഉണ്ടായിരുന്നില്ല. സ്വാതന്ത്ര്യ സമരത്തില്‍, പ്രത്യേകിച്ച് സായുധപാത സ്വീകരിച്ച വിപ്ലവകാരികള്‍ക്കിടയില്‍ അഞ്ചാംപത്തികളായി കമ്മ്യൂണിസ്റ്റുകളെ ഉപയോഗിക്കാന്‍ ബ്രിട്ടീഷുകാര്‍ തീരുമാനിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബഹുജന പിന്തുണ നേടാതെ നോക്കുകയും ചെയ്തു. ഈ രണ്ട് ലക്ഷ്യം മുന്‍നിര്‍ത്തിയാണ് 1934 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ബ്രിട്ടീഷ് സര്‍ക്കാര്‍ നിരോധിച്ചത്. ബ്രിട്ടീഷ് താല്‍പ്പര്യത്തിന് അനുകൂലമല്ലാത്ത കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കെതിരെ മാത്രമാണ് നിരോധന കാലത്ത് നടപടിയെടുത്തത്. തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കൊപ്പം നില്‍ക്കാത്ത കമ്മ്യൂണിസ്റ്റുകളെയാണ് ബ്രിട്ടീഷുകാര്‍ ജയിലില്‍ അടച്ചതെന്ന് കെ. ദാമോദരന്‍ തന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ വിവരിക്കുന്നുണ്ട്.
നിരോധനത്തിന്റെ പേരില്‍ കമ്മ്യൂണിസ്റ്റുകളെ ബ്രിട്ടീഷ് ഭരണകൂടം വേട്ടയാടിയിരുന്നില്ല. എന്നാല്‍ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ വിപ്ലവകാരികളെ കര്‍ക്കശമായി നേരിടുകയും ചെയ്തു. 1939 അവസാനം വരെ വളരെ കുറച്ച് കമ്മ്യൂണിസ്റ്റുകളെ മാത്രമാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പി.സി. ജോഷിയെ കുറച്ച് മാസങ്ങള്‍ക്ക് ശേഷം വിട്ടയച്ചതിനെക്കുറിച്ചും, ജയിലിലെ പൂന്തോട്ടം നല്ല രീതിയില്‍ പരിപാലിച്ചതുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നും ബിപന്‍ ചന്ദ്ര നേരിയ പരിഹാസത്തോടെ എഴുതുന്നുണ്ട്. മാത്രമല്ല കമ്മ്യൂണിസത്തില്‍ വിശ്വസിക്കുന്നതും, വിപ്ലവത്തെക്കുറിച്ച് പ്രസ്താവന പുറപ്പെടുവിക്കുന്നതും കുറ്റകരമല്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. സ്വാതന്ത്ര്യത്തിനുവേണ്ടി സായുധപാത അവലംബിക്കുമെന്ന് സംശയിക്കുന്ന വിപ്ലവകാരികളെ പോലും അറസ്റ്റ് ചെയ്യുകയും ജയിലില്‍ അടയ്ക്കുകയും പീഡനത്തിന് വിധേയരാക്കുകയും ചെയ്തപ്പോഴാണ് കമ്മ്യൂണിസ്റ്റുകളോട് ബ്രിട്ടീഷ് ഭരണാധികാരികള്‍ ഇപ്രകാരം കൊഞ്ചിക്കുഴയാന്‍ നിന്നത്. തങ്ങളുടെ ഭരണസംവിധാനത്തിന് ഇക്കൂട്ടര്‍ ചെറിയൊരു ഭീഷണി പോലുമല്ലെന്ന് അവര്‍ തിരിച്ചറിഞ്ഞിരുന്നു എന്നര്‍ത്ഥം.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ ദേശീയവാദികളായ വിപ്ലവകാരികളെ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകൂടം ജയിലുകളില്‍ അടച്ചിരുന്നു. 1930 കളില്‍ ഈ വിപ്ലവകാരികളെ കമ്മ്യൂണിസ്റ്റുകളാക്കി മാറ്റാനുള്ള സഹായങ്ങള്‍ ബ്രിട്ടീഷ് ഭരണകൂടം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നല്‍കി. ചിറ്റഗോങ് സായുധ കലാപത്തില്‍ പങ്കെടുത്തതിന് സെല്ലുലാര്‍ ജയിലില്‍ അടച്ചിരുന്ന പതിനാല് വയസ്സുള്ള സുബോധ് റോയ് എന്ന വിപ്ലവകാരിയെ ഇങ്ങനെ കമ്മ്യൂണിസ്റ്റുകാരനാക്കി. സോഷ്യലിസ്റ്റ് ആശയങ്ങളില്‍ തങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെന്നു വരുത്തി വിപ്ലവകാരികളുടെ അനുഭാവം നേടുക എന്നതായിരുന്നു സര്‍ക്കാരിന്റെ ഒരു തന്ത്രം. മര്‍ദ്ദകരായ ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുന്ന വിപ്ലവകാരികളുടെ അത്രയും അപകടകാരികളല്ല സോഷ്യലിസ്റ്റുകളെന്നും സര്‍ക്കാര്‍ കരുതി.
വിപ്ലവകാരികള്‍ സ്വപ്‌നം കണ്ടതുപോലെ ഭാരതത്തിന്റെ മോചനത്തിനുവേണ്ടിയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് വിപ്ലവകാരികളെ തെറ്റിദ്ധരിപ്പിക്കാന്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കഴിഞ്ഞു. ബഹുജന സമരത്തിലൂടെ തങ്ങള്‍ മറ്റൊരു മാര്‍ഗമാണ് സ്വാതന്ത്ര്യത്തിനു വേണ്ടി അവലംബിക്കുന്നതെന്നാണ് കമ്മ്യൂണിസ്റ്റുകള്‍ അവകാശപ്പെട്ടത്. മറ്റ് പല രാജ്യങ്ങളിലും ഈ മാര്‍ഗ്ഗം വിജയിച്ചതായി അവതരിപ്പിക്കാനും കഴിഞ്ഞു. വിപ്ലവകാരികള്‍ക്കിടയിലെ പാര്‍ട്ടി സാഹിത്യത്തിന്റെ പ്രചാരണം ഇതിന് വലിയ പങ്കുവഹിച്ചു. ജയിലുകളില്‍ കഠിനമായ ജോലികളാണ് വിപ്ലവകാരികളെക്കൊണ്ട് ചെയ്യിച്ചിരുന്നത്. എന്നാല്‍ ഇവര്‍ കമ്മ്യൂണിസ്റ്റുകളായതോടെ ഇതിന് മാറ്റം വന്നു. അപ്പോള്‍ അദ്ധ്വാനം കമ്മ്യൂണിസ്റ്റ് സാഹിത്യത്തിന്റെ വായനയിലേക്കും ചര്‍ച്ചയിലേക്കും വഴിമാറി. കമ്മ്യൂണിസത്തിലേക്ക് കൂറുമാറിയ വിപ്ലവകാരികളില്‍ നിന്ന് പഴയതുപോലുള്ള പ്രതിരോധം ഉണ്ടാവില്ലെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ ആശ്വസിച്ചു. വിപ്ലവകാരികളെ സ്വന്തമായി ലഭിച്ചതോടെ ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയുടെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കാനും, യുവാക്കളെ ആകര്‍ഷിക്കാനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കഴിഞ്ഞു. ഇതിന്റെ ഫലമായി സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സായുധ സമരത്തിന് അന്ത്യം വരുത്താന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കഴിഞ്ഞു. ഇക്കാര്യത്തില്‍ സാമ്രാജ്യത്വവുമായിയുള്ള ഒത്തുകളികള്‍ മറ്റുള്ളവര്‍ തിരിച്ചറിഞ്ഞതുമില്ല.
(അടുത്തത്: വിപ്ലവകാരികളെ വഴിതെറ്റിച്ച സാമ്രാജ്യത്വ സോഷ്യലിസം!)
അടിക്കുറിപ്പുകള്‍:-
1. Conspiracy at Meerut, lester Hutchinson.
2. Ibid
3. Ibid
4. Ibid
5. Ibid
6. The Indian Struggle, Subhash Chandra Bose, Netaji collected works, vol. 2, Edited by Sisir Bose and Sugata Bose.
7. Towards Freedom, Documents on the Movement for Independent in India 1939, Edited by mushirul Hasan, Government Ban on the Communist Party of India.





















