- താഷ്‌കെന്റില്‍ പിറവികൊണ്ട റഷ്യന്‍-ഇസ്ലാമിക സന്തതി (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 1)
- കാണ്‍പൂരില്‍ കണ്ട ദേശവിരുദ്ധ മുഖം ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 2)
- സ്ഥാപകന്റെ ദേശസ്‌നേഹം പാര്‍ട്ടിക്ക് സഹിച്ചില്ല (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 3)
- സ്വാതന്ത്ര്യസമരത്തിലെ വിരുദ്ധധാരകള്‍ (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 9)
- ദേശീയവാദിയും ഭാരതവിരുദ്ധനും ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 4)
- ഡോ.ഹെഡ്‌ഗേവാറിന്റെ രാഷ്ട്ര നിയോഗം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 5)
- കാണ്‍പൂരിലെ ഗൂഢനീക്കവും നാഗ്പൂരിലെ തുടക്കവും (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 6)
ചരിത്രത്തിലെ സവിശേഷമായ ഒരു ഘട്ടത്തില്‍ ഭാരതത്തിന്റെ സ്വാതന്ത്ര്യസമരത്തിലേക്കാണ് ആര്‍എസ്എസ്സും അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും പിറന്നുവീണതെങ്കിലും ഇരു സംഘടനകളുടെയും ലക്ഷ്യവും മാര്‍ഗ്ഗവും വ്യത്യസ്തമായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ജനതയുടെ ഐക്യവും രാജ്യത്തിന്റെ സമ്പൂര്‍ണ്ണ സ്വാതന്ത്ര്യവും രാഷ്ട്രത്തിന്റെ അഖണ്ഡതയുമാണ് ആര്‍എസ്എസ് ലക്ഷ്യമിട്ടത്. രാഷ്ട്രീയ ചിന്താഗതികളും മതപരമായ വേര്‍തിരിവുകളും ഇതിന് വിഘാതമാവാന്‍ പാടില്ലെന്നും ആര്‍എസ്എസ് കരുതി. എന്നാല്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളിത്തം ഉണ്ടായിരുന്നെങ്കിലും ബ്രിട്ടീഷ് വാഴ്ചയില്‍ നിന്നുള്ള ഭാരതത്തിന്റെ മോചനമോ ജനതയുടെ ഐക്യമോ ആയിരുന്നില്ല കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ലക്ഷ്യം.
ബ്രിട്ടീഷ് ആധിപത്യം ഭാരതത്തിന് പലതരത്തിലും ഗുണകരമായി എന്നാണല്ലോ കാറല്‍ മാര്‍ക്‌സ് ചിന്തിച്ചത്. ബ്രിട്ടീഷ് വാഴ്ചയോടും അടിച്ചമര്‍ത്തലുകളോടും ആര്‍എസ്എസ്സിനും മറ്റു ദേശീയ വാദികള്‍ക്കുമുള്ള എതിര്‍പ്പ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് ഉണ്ടായിരുന്നില്ല. ബ്രിട്ടീഷ് ആധിപത്യം ഇല്ലാതായാല്‍ തന്നെ അതിന്റെ സ്ഥാനത്ത് റഷ്യന്‍ ആധിപത്യം വരണമെന്നാണ് ഇവര്‍ ആഗ്രഹിച്ചത്. സോവിയറ്റ് യൂണിയനും ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഈ ആഗ്രഹം മറച്ചുപിടിച്ചതുമില്ല. അതിനാല്‍ ഭാരതത്തിന്റെ സ്വാതന്ത്ര്യം ഇക്കൂട്ടരുടെ മുന്‍ഗണനാ വിഷയം ആയിരുന്നില്ല.
ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരത്തോട് അവസരവാദപരവും വഞ്ചന നിറഞ്ഞതുമായ സമീപനമാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം സ്വീകരിച്ചത്. സ്വാതന്ത്ര്യ സമരത്തെ ആവശ്യമനുസരിച്ച് മുതലെടുക്കാനും തള്ളിപ്പറയാനും അട്ടിമറിക്കാനും വഴിതെറ്റിക്കാനും, സമരനേതൃത്വത്തെ തമസ്‌കരിക്കാനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒരുകാലത്തും മടിയുണ്ടായിരുന്നില്ല. വല്ലാത്ത സാമര്‍ത്ഥ്യത്തോടെയും മെയ്‌വഴക്കത്തോടെയുമാണ് അവര്‍ ഇത് ചെയ്തത്. തങ്ങള്‍ ഇങ്ങനെ ചെയ്യുന്നതാണ് ചരിത്രപരമായും സൈദ്ധാന്തികമായും ശരിയെന്ന് ഇവര്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഇതിനോട് യോജിക്കാത്തവരെയും എതിര്‍ത്തവരെയും തേജോവധം ചെയ്തു. സോവിയറ്റ് യൂണിയന്റെയും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെയും നിര്‍ലോഭമായ സഹായം വിവിധ ഘട്ടങ്ങളില്‍ ഇവര്‍ക്ക് ലഭിക്കുകയും ചെയ്തു.
രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടന്ന ക്വിറ്റ് ഇന്ത്യ സമരത്തെ ബ്രിട്ടീഷ്-സോവിയറ്റ് പക്ഷത്തിനൊപ്പം നിന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒറ്റുകൊടുത്തതിനെക്കുറിച്ച് 1984 ല്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ ഷൂരി അന്ന് ഏറെ പ്രചാരമുണ്ടായിരുന്നതും പിന്നീട് പ്രസിദ്ധീകരണം നിലച്ചതുമായ ഇല്ലസ്‌ട്രേറ്റഡ് വീക്കിലിയില്‍ നാല് ഭാഗങ്ങളായി എഴുതിയത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ‘ദ ഗ്രേറ്റ് ബിട്രയല്‍’ എന്ന ശീര്‍ഷകത്തില്‍ എഴുതിയ ഈ ലേഖന പരമ്പര പിന്നീട് ‘ദ ഓണ്‍ലി ഫാദര്‍ ലാന്‍ഡ്’ എന്ന പേരില്‍ പുസ്തകമാവുകയും ചെയ്തു. ഷൂരി തെളിവുകള്‍ സഹിതം പുറത്തുകൊണ്ടുവന്ന കാര്യങ്ങള്‍ നിഷേധിക്കാന്‍ സിപിഎം ജനറല്‍ സെക്രട്ടറിയായിരുന്ന ബസവ പുന്നയ്യയും, ഇടതുപക്ഷ ചരിത്രകാരനായ സുമിത് സര്‍ക്കാറും മറ്റും വിഫലശ്രമം നടത്തുകയുണ്ടായി. എന്നാല്‍ സ്വാതന്ത്ര്യ സമരത്തിലെ ഒരു നിര്‍ണായക ഘട്ടത്തില്‍ നടന്ന കമ്മ്യൂണിസ്റ്റ് വഞ്ചന ജനങ്ങള്‍ തിരിച്ചറിഞ്ഞു.
പക്ഷേ ഈ പുസ്തകം മറ്റൊരു തരത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ സഹായിച്ചു. സ്വാതന്ത്ര്യ സമരത്തില്‍ ക്വിറ്റിന്ത്യ പ്രക്ഷോഭത്തെ മാത്രമാണ് ബ്രിട്ടനൊപ്പം ചേര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വഞ്ചിച്ചതെന്ന ധാരണ സൃഷ്ടിക്കപ്പെട്ടു. യഥാര്‍ത്ഥത്തില്‍ ക്വിറ്റിന്ത്യ പ്രക്ഷോഭത്തിന് മുന്‍പും സ്വാതന്ത്ര്യ സമരത്തെ ബ്രിട്ടീഷുകാര്‍ക്കൊപ്പം ചേര്‍ന്ന് വഞ്ചിക്കുകയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചെയ്തത്. ഇത് അറിയണമെങ്കില്‍ ബ്രിട്ടനുമായും ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായും സോവിയറ്റ് യൂണിയന് ഉണ്ടായിരുന്ന ബന്ധവും, ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളും തമ്മിലുള്ള ബന്ധവും പരിശോധിക്കേണ്ടതുണ്ട്. വാസ്തവത്തില്‍ ക്വിറ്റിന്ത്യാ സമരത്തിനും വളരെ മുന്‍പ് മുതല്‍ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ കയ്യിലെ സമര്‍ത്ഥമായ ഉപകരണമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാറിയിരുന്നു. ഈ ചരിത്രം പൊതുവെ അറിയപ്പെടുന്നതല്ല.
സോവിയറ്റ് യൂണിയനും ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റുകളും
സാമ്രാജ്യത്വ വിരുദ്ധ വായ്ത്താരികള്‍ മുഴക്കുമായിരുന്നെങ്കിലും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ സോവിയറ്റ് യജമാനന്മാരുടെ മാത്രമല്ല, ബ്രിട്ടീഷ് ഭരണാധികാരികളുടെയും അടിമകളായിരുന്നു. സോവിയറ്റ് യൂണിയന്റെയും ബ്രിട്ടന്റെയും സ്‌നേഹദ്വേഷ ബന്ധങ്ങളാണ് ഭാരതത്തിന്റെ സ്വാതന്ത്ര്യസമരകാലത്ത് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നയങ്ങള്‍ തീരുമാനിച്ചിരുന്നത്. 1918-1935 കാലഘട്ടത്തില്‍ ഇത് പ്രകടവുമായിരുന്നു. പൊതുവെ കരുതപ്പെടുന്നതുപോലെ രണ്ടാം ലോക മഹായുദ്ധത്തില്‍ പരസ്പരം ആക്രമിക്കില്ലെന്ന് സ്റ്റാലിനും ഹിറ്റ്‌ലറും തമ്മിലുണ്ടാക്കിയ ധാരണ ഒരു ഘട്ടത്തില്‍ പൊളിഞ്ഞ് സോവിയറ്റ് യൂണിയന്‍ ബ്രിട്ടീഷ് പക്ഷത്ത് ചേര്‍ന്നപ്പോള്‍ മാത്രമല്ല ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ സാമ്രാജ്യത്വവുമായി കൈകോര്‍ത്തത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ (CPGB) ഈ ബന്ധത്തിന്റെ ഇടനിലക്കാരാവുകയും ചെയ്തു.
കാണ്‍പൂരില്‍ രൂപീകരിക്കപ്പെട്ട അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തുടക്കം മുതല്‍ തന്നെ ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നഖത്തിന്‍ കീഴിലായിരുന്നു. ലെനിന്റെ മരണശേഷം സോവിയറ്റ് യൂണിയനില്‍ അധികാരത്തില്‍ വന്ന സ്റ്റാലിനും കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ അഥവാ കോമിന്റേണും വംശീയമായ യൂറോപ്യന്‍ പക്ഷപാതം പുറത്തെടുക്കുകയും, ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കൈമാറുകയും ചെയ്തു. 1935 ആയപ്പോഴേക്കും ഈ കൈമാറ്റം പൂര്‍ണമായി. റഷ്യയും കോമിന്റേണും റിമോട്ട് കണ്‍ട്രോളായി പ്രവര്‍ത്തിച്ചെങ്കിലും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേരിട്ടുള്ള നിയന്ത്രണം ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ആയിരുന്നു. സാമ്രാജ്യത്വത്തിനെതിരെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സന്ധിയില്ലാത്ത സമരം പ്രഖ്യാപിച്ചപ്പോള്‍ അതിന്റെ മാര്‍ഗ്ഗദര്‍ശികള്‍ ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളായ രജനി പാമെ ദത്ത്, ബെന്‍ ബ്രാഡ്‌ലി, ഹാരി പൊള്ളിറ്റ് എന്നിവരായിരുന്നു. ഇതിനുശേഷമാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വാതന്ത്ര്യസമര പ്രഹസനം ശരിക്കും അരങ്ങേറുന്നത്.
1920 കളിലും 1930 കളിലും കോമിന്റേണില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നില പരിതാപകരമായിരുന്നു. ഭാരത സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രമെഴുതിയ ബിപന്‍ ചന്ദ്ര ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്: ”ആഫ്രോ-ഏഷ്യന്‍ രാജ്യങ്ങളിലെ മറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കോമിന്റേണില്‍ സ്വന്തമായി പ്രാതിനിധ്യം ഉണ്ടായിരുന്നില്ല.” (1) ഇതിനു ബദലായി ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു കോമിന്റേണില്‍ ശക്തം. പ്രത്യേകിച്ച് ബ്രിട്ടന്റെ കോളനിയായിരുന്ന ഇന്ത്യയുടെ കാര്യത്തില്‍. ബ്രിട്ടീഷ് ഇടതുപക്ഷത്തില്‍ ശക്തമായ സ്ഥാനമുറപ്പിച്ച ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അക്കാലത്തെ ബുദ്ധിജീവികളെയും വലിയതോതില്‍ സ്വാധീനിച്ചു. ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകരായ എമിലി ബേണ്‍സ്, രജനി പാമെ ദത്ത്, ജെ. വാള്‍ട്ടന്‍ ന്യൂ ബോള്‍ഡ്, ഹെലന്‍ ക്രാഫര്‍ഡ്, ഇന്ത്യയില്‍ വലിയ വ്യവസായം പടുത്തുയര്‍ത്തിയ ജാംഷെഡ്ജി ടാറ്റയുടെ ബന്ധു ഷപുര്‍ജി ദൊറാബ്ജി സക്ലറ്റ്‌വാല എന്നിവര്‍ ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടി അംഗങ്ങളായിരുന്നു. പ്രശസ്ത ഗ്രന്ഥകാരന്‍ ജോണ്‍ കല്ലഗന്‍ എഴുതുന്നത് ഇങ്ങ നെയാണ്: ”(ബ്രിട്ടീഷ്) കോളനികളിലെ സ്വാതന്ത്ര്യ സമരത്തിന്റെ (ഇന്ത്യയുടെ) കാര്യത്തില്‍ ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മോസ്‌കോയുമായി സങ്കീര്‍ണ്ണ ബന്ധമാണ് ഉണ്ടായിരുന്നത്. ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി റഷ്യന്‍ നയത്തിന്റെ സന്ദേശ സന്ദേശവാഹകര്‍ മാത്രമായിരുന്നില്ല.” (2)

1925 ല്‍ തന്നെ ഇന്ത്യന്‍ കമ്മ്യൂണിസത്തെ നയിക്കാനുള്ള ചുമതല ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കോമിന്റേണ്‍ നല്‍കിയിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സൈദ്ധാന്തികനായി അറിയപ്പെട്ട രജനി പാമെ ദത്ത് ഇന്ത്യാകാര്യ വിദഗ്ധനായും ഉയര്‍ന്നുവന്നിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തിലെ കോളനി രാജ്യങ്ങളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി ഒരു കൊളോണിയല്‍ ബ്യൂറോ സ്ഥാപിക്കണമെന്ന ആവശ്യം ലണ്ടനിലെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ മുന്നോട്ടുവച്ചു. ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മേല്‍നോട്ടത്തിലാണ് ഈ സംവിധാനം പ്രവര്‍ത്തിച്ചത്. ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് യോജിപ്പുള്ള ഇംഗ്ലണ്ടിലെ ചില ഇന്ത്യക്കാര്‍ സ്വതന്ത്രമായ ഒരു കൊളോണിയല്‍ ബ്യൂറോയും രൂപീകരിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്ക് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വം നല്‍കാന്‍ സോവിയറ്റ് യൂണിയന്‍ തയ്യാറായില്ല. ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു സോവിയറ്റ് യൂണിയന് സ്വീകാര്യര്‍.
ദത്ത്-ബ്രാഡ്‌ലി തീസിസ് ഇന്ത്യയോട് ചെയ്തത്
ആറാം കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ സമ്മേളനം കഴിഞ്ഞതോടെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കു മേലുള്ള ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിടി മുറുകി. റഷ്യന്‍ ഭാഷാ പണ്ഡിതയും ഗവേഷകയുമായ പുരഭി റോയ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്: ”എം.എന്‍. റോയ് പുറത്താകുകയും, കോമിന്റേണ്‍ തന്ത്രം മാറ്റുകയും ചെയ്തതോടെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പൂര്‍ണ്ണമായും ഇന്ത്യന്‍ അല്ലാതെയായി (സോവിയറ്റ് യൂണിയനില്‍ ഉണ്ടായിരുന്ന ഇന്ത്യക്കാരായ അബനി മുഖര്‍ജി, ജി.എ.കെ. ലുഹാനി, വീരേന്ദ്രനാഥ് ചതോപാധ്യായ എന്നിവര്‍ ഇന്ത്യയ്ക്ക് വേണ്ടി കോമിന്റേണിനൊപ്പം പ്രവര്‍ത്തിക്കാമെന്ന് പറഞ്ഞെങ്കിലും അംഗീകരിക്കപ്പെട്ടില്ല). ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യയുടെ വക്താവായി മാറി. ഇതോടെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ നിയന്ത്രണം പൂര്‍ണ്ണമായും ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളും ഇടനിലക്കാരുമായ ആര്‍.പി. ദത്ത്, ബെന്‍ ബ്രാഡ്‌ലി, ഡി. കാമ്പെല്‍, ഫിലിപ്പ് സ്പാര്‍ട്ട് തുടങ്ങിയവര്‍ ഏറ്റെടുത്തു. ഇവരായി കോമിന്റേണില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മേലാളന്മാര്‍. 1935 ല്‍ നടന്ന കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ ഏഴാമത് കോണ്‍ഗ്രസില്‍ ഇന്ത്യയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ടാമ്പെ എന്നൊരു കള്ളപ്പേരില്‍ അവതരിപ്പിച്ചത് ബ്രാഡ്‌ലി ആയിരുന്നു. 1930 കള്‍ മുതല്‍ 1943 കോമിന്റേണ്‍ പിരിച്ചുവിടുന്നതു വരെ ബ്രാഡ്‌ലിക്കായിരുന്നു ഇന്ത്യയുടെ ചുമതല.” (3)
ഇന്ത്യയുടെ ചുമതല ഏറ്റെടുക്കാന്‍ തന്നെ അനുവദിക്കണമെന്ന് 1939 ല്‍ വീരേന്ദ്രനാഥ ചതോപാധ്യായ കോമിന്റേണിനോട് അഭ്യര്‍ത്ഥിക്കുന്നുണ്ടെങ്കിലും അനുവദിക്കപ്പെട്ടില്ല. ഈ അവകാശം ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തീറെഴുതി കൊടുത്തതുപോലെയായിരുന്നു.
1935 ല്‍ കോമിന്റേണിന്റെ ഏഴാം കോണ്‍ഗ്രസ് മോസ്‌കോയില്‍ നടന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് സാമ്രാജ്യത്വ വിരുദ്ധ മുന്നണി രൂപീകരിക്കണമെന്ന ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിര്‍ദ്ദേശം ഈ സമ്മേളനം അംഗീകരിച്ചു. ബിപന്‍ ചന്ദ്ര ഇതിനെക്കുറിച്ചും എഴുതുന്നുണ്ട്: ”ഇതോടെ (1935) കോമിന്റേണ്‍ ഒരിക്കല്‍ കൂടി യൂറോപ്പിനോടും കൊളോണിയല്‍-അര്‍ദ്ധ കൊളോണിയല്‍ രാജ്യങ്ങളോടുമുള്ള സമീപനം മാറ്റി. ഇവിടങ്ങളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മറ്റ് ദേശീയ വാദികളും ഫാസിസ്റ്റ് വിരുദ്ധ ശക്തികളുമായി കൈകോര്‍ക്കണം എന്ന നിലപാട് സ്വീകരിച്ചു. ഇന്ത്യയുടെ കാര്യത്തില്‍ ഇത് ‘ദത്ത്-ബ്രാഡ്‌ലി തീസിസ് -1935’ എന്ന പേരില്‍ അറിയപ്പെട്ടു. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മാര്‍ഗദര്‍ശനവും മേധാവിത്വവും അംഗീകരിക്കണമെന്ന നയം മുന്നോട്ടുവച്ചു. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രക്ഷിതാവായി ലണ്ടനില്‍ കഴിഞ്ഞുകൊണ്ട് ബ്രാഡ്‌ലി ഈ നയം നടപ്പാക്കി” (4)
ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റുകളുടെ സ്വരാജ്യസ്‌നേഹം
ബ്രിട്ടീഷ് ഭരണകൂടവും ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മില്‍ പല ഘട്ടങ്ങളിലും അവിശുദ്ധമായ ബന്ധമാണ് നിലനിന്നത്. അമേരിക്കയെപോലുള്ള ഭരണകൂടങ്ങള്‍ തങ്ങളുടെ രാജ്യത്തെ കമ്മ്യൂണിസ്റ്റുകളെ ശിക്ഷിക്കാന്‍ തയ്യാറായപ്പോള്‍ സ്വന്തം കമ്മ്യൂണിസ്റ്റുകളെ ബ്രിട്ടീഷ് സര്‍ക്കാര്‍ ഒരിക്കലും പീഡിപ്പിച്ചിരുന്നില്ല. ജെ.ആര്‍.കാമ്പെല്‍, ഹാരി പൊള്ളിറ്റ് എന്നിവരെപ്പോലുള്ള ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ സഹജമായി തന്നെ കൂടുതല്‍ വിശ്വസ്തരായിരുന്നത് സ്വന്തം രാജ്യത്തോടായിരുന്നു. സോവിയറ്റ് യൂണിയനോടും കോമിന്റേണിനോടുമല്ല. ഇതില്‍ കാമ്പെല്‍ ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക അംഗവും, പാര്‍ട്ടി നടത്തിയിരുന്ന പത്രങ്ങളുടെ എഡിറ്ററും ആയിരുന്നു. ഹാരി പൊള്ളിറ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയുമായിരുന്നു. 1939 ല്‍ ബ്രിട്ടന്‍ നാസി ജര്‍മ്മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചപ്പോള്‍ ഇത് ഫാസിസ്റ്റ് വിരുദ്ധ യുദ്ധമായാണ് പൊള്ളിറ്റും കാമ്പെലും ചിത്രീകരിച്ചത്. സംഘര്‍ഷം ‘സാമ്രാജ്യത്വ യുദ്ധം’ ആണെന്ന സോവിയറ്റ് യൂണിയന്റെയും കോമിന്റേണിന്റെയും നിലപാട് ഇരുവരും അംഗീകരിച്ചില്ല. ഇതിനെ തുടര്‍ന്ന് ‘ഡെയ്‌ലി വര്‍ക്കര്‍’ പത്രത്തിന്റെ എഡിറ്റര്‍ പദവിയില്‍നിന്ന് കാമ്പലിനെ പിരിച്ചുവിട്ടു. പൊള്ളിറ്റിനെ ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കം ചെയ്തു. സോവിയറ്റ് യൂണിയന്റെ താല്‍പ്പര്യപ്രകാരമായിരുന്നു ഈ ശിക്ഷാ നടപടികള്‍. 1941 ല്‍ ഹിറ്റ്‌ലര്‍ സോവിയറ്റ് യൂണിയന്‍ ആക്രമിച്ചതോടെയാണ് ഇരുവരും പദവികളില്‍ പുനഃപ്രതിഷ്ഠിക്കപ്പെട്ടത്.
സ്വന്തമായി കോളനികളുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ തങ്ങളുടെ നാട്ടിലെ കമ്മ്യൂണിസ്റ്റുകളെ പീഡിപ്പിക്കുകയോ ശിക്ഷിക്കുകയോ ചെയ്തിരുന്നില്ല. അതേസമയം കോളനികള്‍ ഇല്ലാത്ത രാജ്യങ്ങള്‍ അത് ചെയ്തു. ഇത് എന്തുകൊണ്ടാണെന്ന് പലരും അത്ഭുതപ്പെട്ടേക്കാം. ഇക്കാര്യത്തില്‍ സാമ്രാജ്യത്വ ഭരണകൂടങ്ങള്‍ക്ക് കൃത്യമായ നയം ഉണ്ടായിരുന്നു. സ്വന്തം കമ്മ്യൂണിസ്റ്റുകളെ ഉപയോഗിച്ച് കോളനികളിലെ സ്വാതന്ത്ര്യ സമരങ്ങളെ സ്വാധീനിക്കാന്‍ വേണ്ടിയായിരുന്നു ഈ തന്ത്രം. ഇന്ത്യയുടെ കാര്യത്തിലും ഇത് സംഭവിച്ചു. ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ബ്രിട്ടന്‍ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെ അട്ടിമറിക്കാന്‍ ഉപയോഗിച്ചു. 1935 മുതല്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിടിയിലായിരുന്നതിനാല്‍ ഇത് എളുപ്പമായിരുന്നു. ഇക്കാലത്ത് ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി യജമാനനും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിധേയനും ആയിരുന്നു. ബിപന്‍ ചന്ദ്ര ഈ സ്ഥിതി വിശേഷം രേഖപ്പെടുത്തിയിട്ടുണ്ട്: ”ഇന്ത്യയുടെ കാര്യത്തില്‍ ബ്രിട്ടനില്‍ രൂപം നല്‍കിയ ദത്ത്- ബ്രാഡ്‌ലി തീസിസ് നടപ്പാക്കാന്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് ആവശ്യപ്പെട്ടു. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ആലോചിക്കാതെയാണ് തീസിസിന് രൂപം നല്‍കിയത്. ഇതിനുവേണ്ടി അന്ന് സ്വിറ്റ്‌സര്‍ലന്‍ഡില്‍ ആയിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിനോടു പോലും ചര്‍ച്ച നടത്തി. അപ്പോഴും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ക്രൂരമായി അവഗണിച്ചു.” (5)

1935 ല്‍ പി.സി. ജോഷി പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി ആയതോടെ ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോടും, അതുവഴി ബ്രിട്ടീഷ് സര്‍ക്കാരിനോടുമുള്ള ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിധേയത്വം വര്‍ദ്ധിച്ചു. സ്വതന്ത്രമായി ചിന്തിക്കാനോ പാര്‍ട്ടിയുടെ നയപരിപാടികള്‍ രൂപീകരിക്കാനോ ജോഷിക്ക് കഴിഞ്ഞില്ല. ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉത്തരവുകള്‍ നടപ്പാക്കുക മാത്രമായിരുന്നു ജോഷിയുടെ ജോലി. പഴയ നേതാക്കള്‍ നിസ്സാര കാര്യങ്ങള്‍ക്കു വേണ്ടി കടിപിടികൂടുന്നവര്‍ ആയിരുന്നതിനാല്‍ ഇരുപത്തിയെട്ടാമത്തെ വയസ്സില്‍ തന്നെ ജോഷി ജനറല്‍ സെക്രട്ടറിയായി. ജോഷി മാത്രമല്ല പാര്‍ട്ടി പൊളിറ്റ് ബ്യൂറോയിലെ അംഗങ്ങളും ചെറുപ്പക്കാരായിരുന്നു. ഇതിനാല്‍ ഏഴാം കോമിന്റേണ്‍ സമ്മേളന തീരുമാനങ്ങള്‍ പ്രകാരം നയപരിപാടികള്‍ വികസിപ്പിച്ച് പാര്‍ട്ടിയെ നയിക്കാന്‍ കഴിഞ്ഞില്ല. ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വ്യാഖ്യാനിച്ച കോമിന്റേണ്‍ നയങ്ങള്‍ നടപ്പാക്കുക മാത്രമാണ് അവര്‍ ചെയ്തത്. പി.സി. ജോഷിയും മറ്റ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് നേതാക്കളും 1920 കളിലും 1930 കളിലും 1940 കളിലും ഇന്ത്യയെക്കുറിച്ചും ഇന്ത്യന്‍ വിപ്ലവത്തെക്കുറിച്ചുമുള്ള സൈദ്ധാന്തിക ധാരണകള്‍ സ്വരൂപിക്കാന്‍ രജനി പാമെ ദത്തിനെയാണ് വന്‍തോതില്‍ ആശ്രയിച്ചത്.” (6) ദത്ത്-ബ്രാഡ്‌ലി തീസിസ് നടപ്പാക്കാന്‍ വേണ്ടി മാത്രമാണ് അത്രയും ചെറുപ്രായത്തില്‍ ജോഷിയെ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് പ്രതിഷ്ഠിച്ചതെന്ന് കരുതുന്നവരുമുണ്ട്.
ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിലനില്‍ക്കണോ വേണ്ടയോയെന്ന് തീരുമാനിക്കാനുള്ള അവകാശം ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കായിരുന്നു. ഇത് തെളിയിക്കുന്ന ഒരു സംഭവമുണ്ട്. 1934 ല്‍ ജയപ്രകാശ് നാരായണനും മിനു മസാനിയും ചേര്‍ന്ന് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി (സിഎസ്പി) രൂപീകരിച്ചു. 1935 ല്‍ നടന്ന കോമിന്റേണ്‍ സമ്മേളനത്തില്‍ മിനു മസാനിയെ സിഎസ്പി സ്വന്തം പ്രതിനിധിയായി അയച്ചു. ഇവിടെവച്ച് ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളായ ഹാരി പൊള്ളിറ്റ്, രജനി പാമെ ദത്ത്, ബെന്‍ ബ്രാഡ്‌ലി എന്നിവരുമായി മസാനി ചര്‍ച്ച നടത്തി. ഇതിനെക്കുറിച്ച് ചരിത്രകാരനായ ഡേവിഡ് ഡ്രുഹെ എഴുതുന്നത് ഇങ്ങനെയാണ്: ”ഇടത് വിഭാഗീയ നയത്തിലൂടെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തെറ്റുചെയ്‌തെന്നും, ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ കോണ്‍ഗ്രസ്സും കോണ്‍ഗ്രസ്സിനു പുറത്തുള്ളവരുമായ സാമ്രാജ്യത്വ വിരുദ്ധ ശക്തികളുമായി കൈകോര്‍ക്കുകയാണ് വേണ്ടതെന്നും ഈ മാന്യന്മാര്‍ (ദത്ത് മുതലായവര്‍) മസാനിയോട് പറഞ്ഞു. ഇത് കേട്ടപ്പോള്‍ എന്തുകൊണ്ട് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിരിച്ചുവിട്ട് ഇടതുപക്ഷത്തിന്റെ പാര്‍ട്ടിയായി സിഎസ്പിയെ കരുതിക്കൂടായെന്ന് മസാനി അവരോട് ചോദിച്ചു. സിഎസ്പി കോമിന്റേണിന്റെ ഭാഗമാവുകയാണെങ്കില്‍, അതായത് ഫലത്തില്‍ സിപിഐ ആവുകയാണെങ്കില്‍ ഇക്കാര്യം പരിഗണിക്കാം എന്നാണ് ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ മസാനിയോട് പറഞ്ഞത്. എന്നാല്‍ സിഎസ്പി സ്വതന്ത്രമായി നിലനില്‍ക്കണമെന്ന് മസാനി വാദിച്ചപ്പോള്‍ കോമിന്റേണിന് ഇന്ത്യയില്‍ സ്വന്തം പാര്‍ട്ടി വേണമെന്ന് ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ ശഠിക്കുകയായിരുന്നു. (7)
പൊതുവേ കരുതപ്പെടുന്നതുപോലെ ക്വിറ്റ് ഇന്ത്യാ സമരകാലത്തു മാത്രമല്ല, അതിനു വളരെ മുന്‍പു മുതല്‍ ഭാരതത്തിന്റെ സ്വാതന്ത്ര്യസമരത്തെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനുവേണ്ടി ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ ഒറ്റുകൊടുക്കുകയായിരുന്നു എന്ന ചിത്രമാണ് ഇവിടെ തെളിയുന്നത്.
അടുത്തത്: കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ അറിയപ്പെടാത്ത സാമ്രാജ്യത്വ ദാസ്യം
അടിക്കുറിപ്പുകള്‍:-
1. P.C. Joshy: A Political Journey, Bipan Chandra.
2. Jawaharlal Nehru and the Communist Party, John Callaghan.
3. Indo- Russian relations: 1917-1947, selected documents from the Archives of The Russian Federation, Part II, 1929-1947, Edited and Compiled by Puraby Roy, Shoban Lal Dutta Gupta, Hari Vasudevan.
4. P.C. Joshy:A Political Journey, Bipan Chandra.
5. Ibid
6. Ibid
7. Soviet Russia and Indian communism, David N. Druhe.





















