മാര്‍ക്കോയോട് അത്രയും ചെയ്യേണ്ടിയിരുന്നില്ലെന്ന് അയാള്‍ക്ക് തോന്നി. മാര്‍ക്കോയുടെ ശരീരത്തിനുള്ളില്‍ പലതും പൊട്ടിത്തകര്‍ന്നിട്ടുണ്ടാകും. ആഹാരത്തിനുള്ള വക ഉണ്ടാക്കിത്തരുന്നതവനാണ്. അത്രയും വേണ്ടായിരുന്നു.
ഇരുട്ടാകുന്നു. ഇനി മുന്നോട്ടുള്ള യാത്ര ഒട്ടും സുരക്ഷിതമല്ല. കടുവ ഇപ്പോള്‍ പുഴ കടന്നിട്ടുണ്ടാകുമോ? എങ്കില്‍ അത് അടുത്ത കുറ്റിക്കാട്ടില്‍ എവിടെയെങ്കിലും തന്നെ പോലെ പതുങ്ങിയിട്ടുണ്ടാകും. എപ്പോഴെങ്കിലും തന്റെ മേലേക്ക് ചാടി വീഴുമെന്ന് കുരങ്ങാട്ടി ഭയപ്പെട്ടു.
അയാള്‍ ഒന്നു വിശ്രമിക്കാന്‍ ഒരുങ്ങിയതാണ്. പോലീസ് ജീപ്പില്‍ നിന്നുമുള്ള അറിയിപ്പ് വീണ്ടും കേട്ടു. വണ്ടി പുഴയോരത്തേക്ക് വരുന്നത് അറിഞ്ഞു.
പോലീസ് വണ്ടിയില്‍ നിന്നും അറിയിപ്പുണ്ടായി.
”കടുവ പുഴ നീന്തിക്കടന്നിരിക്കുന്നു. പുഴയോരത്തുള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കുക. കടുവയെ പ്രകോപിക്കുന്ന തരത്തില്‍ ഒന്നും ചെയ്യാതിരിക്കുക. ആരും വീട്ടിനു വെളിയില്‍ ഇറങ്ങാതിരിക്കുക.”
താന്‍ മാത്രമാണ് തുറന്ന ഒരിടത്ത് ഒറ്റയ്ക്ക് നില്‍ക്കുന്നതെന്ന് കുരങ്ങാട്ടി ഭയപ്പെട്ടു. മാര്‍ക്കോ ഉണ്ടായിരുന്നെങ്കില്‍ ഭയം ഒട്ടൊന്നു കുറഞ്ഞേനേ. അവന്‍ നിവര്‍ന്നു നിന്ന് ഒന്നു ചീറിയാല്‍ ആരും ഒന്നു സംശയിച്ചു നില്‍ക്കും. ഏറ്റവും കുറഞ്ഞത് ഒരു കടുവയുടെ സാമീപ്യം അറിയിക്കാനെങ്കിലും അവനു കഴിയുമായിരുന്നു.
അയാള്‍ പെട്ടെന്നോര്‍ത്തു. രക്ഷപ്പെട്ടപ്പോഴൊക്കെയും അവന്‍ പുഴ കടന്ന് കാട്ടിലേക്ക് പോവുകയാണു ചെയ്തത്. ഇത്തവണയും അവന്‍ അങ്ങോട്ടു പോകാനാണു സാധ്യത. അവന്‍ കാടു കയറും മുമ്പ് അവനെ പിടിക്കണം. കടുവ ഇക്കരെയെത്തിയെന്നാണല്ലോ വിളിച്ചു പറഞ്ഞത്. അതുകൊണ്ട് അക്കരെയെത്തിയാല്‍ കടുവയെ പേടിക്കേണ്ടതുമില്ല.
ഇത്തവണ മാര്‍ക്കോയെ പിടിക്കാന്‍ പാടുപെടേണ്ടി വരില്ല. അവന്റെ ശരീരമാകെ നുറുങ്ങിയിരിക്കുന്നു. അതിന്റെ വേദനയില്‍ അവന് പെട്ടെന്നൊന്നും രക്ഷപ്പെടാന്‍ കഴിയില്ല. ഓടാനോ ചാടാനോ മരം കയറാനോ അവനുടനെയൊന്നും കഴിയില്ല.
കുരങ്ങാട്ടി ചുറ്റിലും നോക്കി. നിലാവ് തെളിയുന്നു. എങ്ങും പ്രകാശം പരക്കുന്നുണ്ട്.
അയാള്‍ മെല്ലെ പുഴയിലേക്കിറങ്ങി കഴുത്തറ്റം വെള്ളം വരെ നടന്നു. പിന്നെ അയാള്‍ നീന്താന്‍ തുടങ്ങി. പാതിയെത്തിയപ്പോഴേക്കും അയാള്‍ തളര്‍ന്നു. ഇന്നു കാര്യമായൊന്നും കഴിച്ചിട്ടില്ല.
പുഴയുടെ നടുവിലെ പാറക്കെട്ട് കണ്ടു. അയാള്‍ പാറക്കെട്ടിലേക്കു കയറി. അവിടെ നീണ്ടു നിവര്‍ന്നു കിടന്നു. അയാളുടെ ശരീരത്തിനാകെ വേദന തോന്നി. കടുത്ത വേദന. തനിക്ക് ഇനിയും നീന്താനുള്ള ശക്തിയില്ലെന്ന് അയാള്‍ക്കു തോന്നി. എങ്ങോട്ടാണെങ്കിലും നീന്തല്‍ പുലര്‍ന്നിട്ടാകാമെന്നു തീരുമാനിച്ചു. ഒരു രാത്രി പാറക്കെട്ടില്‍ കഴിയാം.
മാര്‍ക്കോയെ കൈയില്‍ കിട്ടിയാല്‍ അവനെ ചങ്ങലയില്‍ തന്നെ കുരുക്കിയിടണം. തനിക്ക് പ്രായമാകുന്നു. ഒരു പുതിയ കുരങ്ങിനെപ്പിടിച്ച് കുരങ്ങുകളി പഠിപ്പിക്കാനൊന്നും വയ്യ. കുരങ്ങുകളിയില്‍ മാര്‍ക്കോയെ പോലെ ആരും അത്ര പെട്ടെന്നു മിടുക്കരുമാകില്ല. മാര്‍ക്കോയെ എങ്ങനെയെങ്കിലും കണ്ടുപിടിച്ച് കൂടെ നിര്‍ത്തണം.
അപ്പോള്‍ പുഴയ്ക്കക്കരെ വലിയ ബഹളം കേട്ടു. പോലീസ് വിളിച്ചു പറയുന്നതൊന്നും പുഴയിലൂടെ അടിച്ചു പോകുന്ന കാറ്റില്‍ വ്യക്തമാകുന്നില്ല.
പന്തങ്ങള്‍ പുഴക്കരയില്‍ പാഞ്ഞു നടക്കുന്നു.
കടുവ നാട്ടില്‍ എത്തിയിരിക്കുന്നെന്നു മനസ്സിലായി. അതിനെ തേടി നടക്കുകയായിരിക്കും ആളുകളെന്ന് കുരങ്ങാട്ടി ചിന്തിച്ചു. അധികം വൈകാതെ പുഴക്കരയില്‍ നിന്നും പന്തങ്ങളൊക്കെയും അകന്നകന്നു പോയി. കുരങ്ങാട്ടിയുടെ ഉള്ളൊന്നു ഞടുങ്ങി.
എല്ലാവരും കൂടി കടുവയെ ഓടിച്ചു കാണുമോ? താന്‍ പോലീസിനെ കണ്ടു വിരണ്ടോടിയതു പോലെ പന്തങ്ങള്‍ കണ്ട് കടുവയും ഭയന്ന് പുഴയിലേക്കു ചാടിയിരിക്കുമോ?
അയാള്‍ വീണ്ടും ഞടുങ്ങി. അവന്‍ ഈ വഴിയായിരിക്കുമോ തിരിച്ചു വരുന്നത്…?
വിശന്നു തളര്‍ന്നു വരുന്നവന് തന്റെ മണം പിടികിട്ടുമോ? ദൈവമേ…
തിരിച്ചു നീന്തിയാലോ? അതും വേണ്ടെന്നു വെച്ചു. നീന്തുന്നതിനിടയില്‍ അവനെങ്ങാനും എതിരെ വന്നാല്‍ കഥ കഴിഞ്ഞതു തന്നെ.
കടുവ പാറക്കെട്ടിലേക്കു കയറുന്നതു പോലെ തോന്നി. ചുറ്റും നോക്കി. അടുത്തെങ്ങും ഒരനക്കവുമില്ല. പാറക്കെട്ടിലേക്കു തിര അടിച്ചു കയറിയപ്പോള്‍ കുരങ്ങാട്ടി വല്ലതെ ഭയപ്പെട്ടു. കടുവ തന്റെ നേരേ നീന്തി വരുന്നുണ്ട്. അതിന്റെ തിരയിളക്കമാണ്.
എല്ലായിടവും നിശ്ശബ്ദമായി. കുരങ്ങാട്ടി പാറപ്പുറം പറ്റിക്കിടന്നു.
കടുവ പുഴയില്‍ ഇറങ്ങിയിട്ടുണ്ടെങ്കില്‍ പുഴ കടന്നുപോകാനുള്ള നേരമായി. അയാള്‍ക്ക് തെല്ല് ആശ്വാസം തോന്നി. എന്നാലും അയാള്‍ക്ക് ഒട്ടും സമാധാനമായില്ല. നമ്മള്‍ ഒന്നു വിചാരിക്കുന്നു. കടുവ മറ്റൊന്നു തീരുമാനിക്കുന്നു.
(തുടരും)