ലോകത്തില്‍ ഒരു രാജ്യത്തും ഒരു ഗീതം അതിന്റെ ദേശീയ മുന്നേറ്റങ്ങളെ വന്ദേമാതരം പോലെ സ്വാധീനിച്ചിട്ടില്ല. സ്വാതന്ത്ര്യസമരത്തില്‍ സായുധവിപ്ലവകാരികളെയും ഗാന്ധിയന്‍ അഹിംസാ സമരക്കാരേയും ഒരുപോലെ വന്ദേമാതരം സ്വാധീനിച്ചിരുന്നു. നിരവധി സ്വാതന്ത്ര്യസമരപോരാളികള്‍ വന്ദേമാതരം ആലപിച്ചുകൊണ്ട് തൂക്കുമരമേറിയ ചരിത്രത്തെ തമസ്‌ക്കരിച്ചുകൊണ്ട് ആര്‍ക്കും മുന്നോട്ടു പോകാനാവില്ല. എന്നാല്‍ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ വിജയിച്ച കോണ്‍ഗ്രസ് മുന്നണി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ വന്ദേമാതരമാലപിച്ചത് മഹാപരാധമായി ആദ്യം ചിത്രീകരിച്ചത് കമ്മ്യൂണിസ്റ്റ് നേതാവും എംഎല്‍എയുമായ മുഹമ്മദ് റിയാസാണ്.
വന്ദേമാതരത്തിന്റെ ചില വരികള്‍ ആശങ്കയുണ്ടാക്കുന്നവയാണ് എന്നാണ് മുഹമ്മദ് റിയാസ് പറഞ്ഞത്. വന്ദേമാതരത്തില്‍ പത്തു കരങ്ങളിലും ആയുധങ്ങളേന്തി ശത്രു നിഗ്രഹ സജ്ജയായ ദുര്‍ഗ്ഗയായി ഭാരതമാതാവിനെ ചിത്രീകരിക്കുന്ന ഭാഗമാവണം പ്രധാനമായും മുഹമ്മദ് റിയാസില്‍ ഭയം ജനിപ്പിച്ചിട്ടുണ്ടാവുക. സ്വയം രാഷ്ട്രത്തിന്റെ ശത്രുപക്ഷത്താണ് താനെന്ന് ഇതിലൂടെ മുഹമ്മദ് റിയാസും അദ്ദേഹം പ്രതിനിധീകരിക്കുന്ന പ്രസ്ഥാനവും തുറന്നു സമ്മതിച്ചിരിക്കുകയാണ്. അടുത്ത കാലത്ത് കാശ്മീരില്‍ കലിമ ചൊല്ലാനാവശ്യപ്പെട്ട് അവരുടെ മതം തിരിച്ചറിഞ്ഞ് മുസ്ലീം ഭീകരവാദികള്‍ ഭാരതീയരെ വെടിവച്ചു കൊന്നപ്പോള്‍ മുഹമ്മദ് റിയാസിന് ഭയം തോന്നിയതായി പറഞ്ഞു കേട്ടിട്ടില്ല. ആ സാഹചര്യത്തില്‍ വന്ദേമാതരത്തിലെ ചില വരികള്‍ കേള്‍ക്കുമ്പോള്‍ മുഹമ്മദ് റിയാസിനുണ്ടാകുന്ന ഭയം നല്ലതാണെന്നു തോന്നുന്നു. എന്തായാലും റിയാസിന് ഭയമുണ്ടായതറിഞ്ഞ ഉടനെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും വന്ദേമാതരത്തിനെതിരെ പ്രസ്താവനയുമായി വന്നു. യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം ആലപിച്ചതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവന ഇറക്കുന്നതില്‍ അത്ഭുതത്തിന് വകയില്ല. കാരണം ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റിയ, ഭാരതത്തെ പതിനേഴായി വെട്ടിമുറിക്കണമെന്ന് മെക്കാളെയോടാവശ്യപ്പെട്ട, സ്വാതന്ത്ര്യദിനം ദീര്‍ഘകാലം കരിദിനമായി ആചരിച്ച, ഗാന്ധിജിയെ വാര്‍ദ്ധയിലെ കള്ളദൈവമെന്ന് ആക്ഷേപിച്ച, സുഭാഷ് ചന്ദ്ര ബോസിനെ ടോജോയുടെ ചെരുപ്പു നക്കിയെന്ന് വിളിച്ച, വീര സാവര്‍ക്കറെ ഇന്നും ഷൂ നക്കി എന്ന് ആക്ഷേപിക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് രാജ്യത്തിനെതിരെ പണിയെടുത്ത പാരമ്പര്യം മാത്രമാണുള്ളത്.
എന്നാല്‍ പറവൂരെ അഭിനവ ഗാന്ധി വി.ഡി. സതീശന്‍ തെല്ല് കുറ്റബോധത്തോടെ വന്ദേമാതരം മുഴുവന്‍ പാടുമെന്ന് താനറിഞ്ഞിരുന്നില്ലെന്ന് കുമ്പസാരിക്കുന്നത് കേട്ടപ്പോള്‍ കോണ്‍ഗ്രസ് എത്തിയിരിക്കുന്ന അപചയത്തിന്റെ ആഴം വ്യക്തമായി. വലിയ വായനക്കാരനാണെന്നവകാശപ്പെടുന്ന വി.ഡി. സതീശന്‍ സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ജനിച്ച കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയാണെന്ന് പെരുപ്പിക്കുന്ന മാധ്യമങ്ങള്‍ അദ്ദേഹത്തോട് ഭാരതസ്വാതന്ത്ര്യസമര ചരിത്രം ഒന്നു വായിക്കാന്‍ ആവശ്യപ്പെടുന്നത് നല്ലതാണ്. അതില്‍ വന്ദേമാതരം വഹിച്ച പങ്കെന്തെന്ന് അപ്പോള്‍ മനസ്സിലാവും. ജിന്നയുടെ മുസ്ലീം ലീഗിന് വന്ദേമാതരം ഹറാമാണെന്നു പറഞ്ഞപ്പോള്‍ നെഹ്രു ആദ്യം വന്ദേമാതരത്തെ വെട്ടിമുറിച്ചു. മുസ്ലീം ലീഗിന്റെ പാകിസ്ഥാന്‍ വാദം ശക്തിപ്പെട്ടതവിടെ നിന്നാണ്. കേരള മുഖ്യമന്ത്രി മഹാത്മാഗാന്ധിയെക്കാള്‍ മുസ്ലീം ലീഗിന്റെ ജിന്നയെ ഇഷ്ടപ്പെടുന്നതുകൊണ്ടാണ് വന്ദേമാതരത്തിനെതിരെ സംസാരിക്കാന്‍ അദ്ദേഹത്തിനാവുന്നത്. പാകിസ്ഥാന്‍ രാഷ്ട്രപിതാവായ മുഹമ്മദാലി ജിന്ന ആരംഭിച്ച അതേ ലീഗിന്റെ തന്നെ കേരള രൂപമാണ് യുഡിഎഫിനെ നിയന്ത്രിക്കുന്ന മുസ്ലീം ലീഗ്. ലീഗിന്റെ ഔദാര്യത്തില്‍ കിട്ടിയ മുഖ്യമന്ത്രി കസേരയിലിരിക്കുമ്പോള്‍ വന്ദേമാതരത്തിന്റെ വരികള്‍ വി.ഡി. സതീശനും കോണ്‍ഗ്രസ്സുകാര്‍ക്കും ഹറാമായി തോന്നുക സ്വാഭാവികം. പക്ഷെ ഭാരതം ഇന്ന് ഭരിക്കുന്നത് നെഹ്രുവിന്റെ സന്തതിപരമ്പരകള്‍ അല്ലാത്തതുകൊണ്ട് ഇനിയുള്ള കാലം ഈ രാജ്യത്ത് വന്ദേമാതരം പൂര്‍ണ്ണമായി പാടിയേ മതിയാകൂ. വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷം നടക്കുന്ന ഇക്കാലത്ത് നരേന്ദ്ര മോദി സര്‍ക്കാര്‍ എടുത്ത ശക്തമായ തീരുമാനങ്ങളിലൊന്നായിരുന്നു സര്‍ക്കാരിന്റെ എല്ലാ ഔദ്യോഗിക പരിപാടികളിലും വിദ്യാലയങ്ങളിലും വന്ദേമാതരം പൂര്‍ണ്ണമായി പാടണമെന്നുള്ളത്. വന്ദേമാതരം തങ്ങള്‍ക്ക് ഹറാമാണെന്നു പറഞ്ഞവര്‍ 1947 ല്‍ ഭാഗം പിരിഞ്ഞു പോയതറിയാത്ത സതീശന്മാരും റിയാസുമാരുമൊക്കെ ഇനി കേരളത്തില്‍ മാത്രമെ കാണൂ എന്നു തോന്നുന്നു.
1950 മുതല്‍ വന്ദേമാതരം ഭാരതത്തിന്റെ ദേശീയഗീതവും ദേശീയഗാനമായ ജനഗണമനയ്ക്കു തുല്യപദവിയുള്ളതുമാണ്. 1950 ജനുവരി 24 ന് ഭരണഘടനാ നിര്‍മ്മാണ സഭയുടെ അദ്ധ്യക്ഷനും പ്രഥമ രാഷ്ട്രപതിയുമായ ഡോ.രാജേന്ദ്രപ്രസാദാണ് വന്ദേമാതര ഗാനത്തെ ദേശീയഗീതമായി പ്രഖ്യാപിച്ചത്. ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും ആര്‍ട്ടിക്കിള്‍ 51 (എ) പ്രകാരമുള്ള മൗലിക കടമകളുടെ ഭാഗമായി ദേശീയ ഗീതത്തെ ആദരിക്കണമെന്ന് സുപ്രീംകോടതിയും നിര്‍ദ്ദേശിച്ചിട്ടുണ്ട്. 1876 ല്‍ ബങ്കിംചന്ദ്ര ചാറ്റര്‍ജി രചിച്ച വന്ദേമാതരം 1882 ല്‍ അദ്ദേഹത്തിന്റെ തന്നെ ആനന്ദമഠം എന്ന ആഖ്യായികയില്‍ ഉള്‍പ്പെടുത്തി. അതില്‍ നിറഞ്ഞു തുളുമ്പി നിന്ന ദേശീയ വികാരം സ്വാതന്ത്ര്യസമര സേനാനികളുടെ ഞരമ്പുകളില്‍ കനല്‍ കോരിയിടാന്‍ പര്യാപ്തമായിരുന്നു. അതുകൊണ്ടു തന്നെ കൊളോണിയല്‍ ശക്തികള്‍ ഏറ്റവും ഭയപ്പെട്ട ഗീതമായിരുന്നു വന്ദേമാതരം. ഇപ്പോള്‍ അത് മാര്‍ക്‌സിസ്റ്റ് നേതാവായ മുഹമ്മദ് റിയാസിനേയും കോണ്‍ഗ്രസ് നേതാവായ വി.ഡി. സതീശനേയും ഭയപ്പെടുത്തുന്നുണ്ടെങ്കില്‍ അവരിലെ കൊളോണിയല്‍ വിധേയത്വം വിട്ടുപോയിട്ടില്ലെന്നാണ് അര്‍ത്ഥം. നിയമസഭാംഗമായി മുഖ്യമന്ത്രി വി.ഡി. സതീശനും മുഹമ്മദ് റിയാസും സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുമെന്ന സത്യവാചകത്തിന്റെ ലംഘനമാണ് വന്ദേമാതരത്തെ എതിര്‍ക്കുന്നതിലൂടെ ഇരുവരും നിര്‍വ്വഹിച്ചിരിക്കുന്നത്.
എത്ര വലിയ കമ്മ്യൂണിസവും മതേതരത്വവും പറഞ്ഞാലും മുഹമ്മദ് റിയാസിനെപ്പോലുള്ളവര്‍ ജിഹാദ് ഒളിപ്പിച്ച സ്ലീപ്പിംഗ് സെല്ലുകള്‍ മാത്രമായിരിക്കും എന്നതിന്റെ തെളിവാണ് വന്ദേമാതരത്തിനെതിരെയുള്ള അയാളുടെ പ്രസ്താവന. ലീഗിനെ പ്രീണിപ്പിക്കുവാന്‍ ഇടതു-വലതു മുന്നണികള്‍ കേരളത്തില്‍ നടത്തുന്ന വഴിവിട്ട ശ്രമങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് വന്ദേമാതര വിരുദ്ധ പ്രസ്താവന. ചോറിങ്ങും കൂറങ്ങും എന്ന നിലപാട് സ്വീകരിച്ചു പോരുന്ന കമ്മ്യൂണിസ്റ്റുകാര്‍ക്കും അതിലെ ജിഹാദി സുപ്ത കോശങ്ങള്‍ക്കും വന്ദേമാതരവും ഭാരതമാതാവുമൊക്കെ ഹറാമായിരിക്കും. അതു കൊണ്ട് കേരളത്തിലെ ദേശീയവാദികളായ സാമാന്യജനങ്ങള്‍ വന്ദേമാതര വിരുദ്ധരാണെന്ന് പ്രഖ്യാപിച്ചു കളയരുത്. രാഷ്ട്ര ഗീതം പൂര്‍ണ്ണമായി പാടണമെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ കേരളവും അതു പാടിയിരിക്കും. വന്ദേമാതരത്തെ ഭയമുള്ളവര്‍ക്ക് തല്‍ക്കാലം പാണക്കാട് തങ്ങന്മാരോതിയ വെള്ളം കുടിച്ച് മിണ്ടാതിരിക്കുകയേ നിര്‍വ്വാഹമുളളൂ.





















