വണ്ടി കണ്ണില്‍ നിന്നും മറയുന്നതു വരെ തമാറ നോക്കിനിന്നു. തിരക്കു കൂട്ടേണ്ട കാര്യമൊന്നുമില്ല. ചുറ്റും നോക്കി. ഇലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ സൂര്യപ്രകാശം ഇറ്റിറ്റു വീണുകിടക്കുന്നു. അതില്‍ മലര്‍ന്നു കിടന്നു. ഇങ്ങനെയൊന്നു കിടന്നിട്ട് എത്ര നാളായി.
ഏറെ നേരം അങ്ങനെ കിടക്കാന്‍ കഴിഞ്ഞില്ല. ഇത് തന്റെ ഇടമല്ല. ഇത് തന്റെ കാടല്ല. താന്‍ കളിച്ചു നടന്നത് ഇവിടെയല്ല.
തമാറ എഴുന്നേറ്റ് രണ്ടു മൂന്നു തവണ നീണ്ടു നിവര്‍ന്ന് മൂരി നിവര്‍ത്തി. ആവുന്നത്ര ഉച്ചത്തില്‍ ഗര്‍ജ്ജിച്ചു നോക്കി. കാടെത്തിയപ്പോള്‍ ശബ്ദം തിരിച്ചു കിട്ടിയിരിക്കുന്നു. കൂട്ടില്‍ കിടന്നപ്പോള്‍ ഇനി ഗര്‍ജ്ജിക്കാന്‍ കഴിയില്ലെന്നു ഭയപ്പെട്ടിരുന്നു. കൂട്ടില്‍ കിടക്കുന്ന ഒരു മൃഗത്തിന്റെ ഉള്ളിലും എല്ലാത്തിനേയും തടവില്‍ ഇടുന്ന ഒരു കൂട് വളര്‍ന്നു വരും.
കാലുകളും കൈകളും മൂന്നു മാസത്തെ കൂട്ടില്‍ കിടപ്പിനിടയില്‍ മരവിച്ചു പോയതുപോലെ തോന്നി. ഏറെ നാള്‍ കൂട്ടില്‍ കഴിഞ്ഞതിനാല്‍ തനിക്ക് ഒരു കൂടിന്റെ ആകൃതിയായ പോലെ. ചുറ്റും ഒരു കൂടുണ്ട് എന്നൊരു തോന്നല്‍. ഒന്നു രണ്ടു വട്ടം കൈകാലുകള്‍ ആഞ്ഞ് വലിഞ്ഞ് നിവര്‍ത്തി. ശരീരം ആകാവുന്നത്ര നീട്ടി വലിച്ചു. കൂടിന്റെ ഇത്തിരി വട്ടത്തില്‍ നിന്നും വിശാലമായ ഒരു ലോകത്തെത്തിയതിന്റെ സന്തോഷത്തിലേക്ക് തമാറ പെട്ടെന്നു തിരിച്ചെത്തി.
തൊട്ടടുത്തു നിന്നും മുരള്‍ച്ച കേട്ടു. മരങ്ങള്‍ക്കിടയില്‍ നിന്നും ഒരു കടുവ ഇറങ്ങി വരുന്നു. ചിറിയില്‍ പറ്റിയിരുന്ന ചോര നാക്കുകൊണ്ട് വടിച്ചെടുത്ത് അവന്‍ ക്രുദ്ധനായി തമാറയെ നോക്കി.
”നീ ആര്? എന്റെ ഇടത്തിലേക്ക് അതിക്രമിച്ചു കടക്കാന്‍ നീ ആരാണ്?”
അവന്‍ പെട്ടെന്നു തന്നെ ഒരു പോരാട്ടത്തിനു തയ്യാറായി. തമാറ പിന്മാറി. ഇത് തന്റെ ഇടമല്ല. താന്‍ കടന്നുകയറിയവനാണ്. ഇപ്പോള്‍ ഒരു പോരാട്ടത്തിനു വയ്യ. പിന്തിരിഞ്ഞു നടന്നു.
”നില്‍ക്ക്…” പുറകില്‍ നിന്നും കടുവ പറഞ്ഞു.
തമാറ തിരിഞ്ഞു നിന്നു. അവന്‍ തമാറയുടെ അടുത്തെത്തി കഴുത്തിലേക്ക് ശ്രദ്ധിച്ചു നോക്കി.
”നീ കടുവ അല്ലെന്നു തോന്നുന്നല്ലോ? കടുവകളുടെ കഴുത്തു പോലെയല്ലല്ലോ നിന്റെ കഴുത്ത്. നിന്റെ കഴുത്തില്‍ എന്തോ കെട്ടിയതു പോലെ. എന്താണത്?”
തമാറ കഴുത്തൊന്നു ചുറ്റിച്ചു നോക്കി. തന്റെ കഴുത്തില്‍ സവിശേഷമായൊന്നും ഉണ്ടെന്ന് അവനു തോന്നിയില്ല. എന്നാലും അടുത്ത നിമിഷം തമാറ നടുങ്ങി. തന്റെ കഴുത്തില്‍ ഇപ്പോഴും ആ കോളര്‍ ഉണ്ട്. കഴുത്തില്‍ അങ്ങനെ ഒരു കുരുക്ക് ഏറെക്കാലം കിടന്ന് അത് ശരീരത്തിന്റെ ഭാഗം പോലെയായിരിക്കുന്നു. അതുകൊണ്ടായിരിക്കണം പെട്ടെന്നതറിയാതെ പോയത്.
ആ നിമിഷം തമാറയ്ക്ക് ഭയം തോന്നിത്തുടങ്ങി. തന്റെ ഓരോ നീക്കങ്ങളും ആരോ നിരീക്ഷിക്കുന്നുണ്ട്. ആരോ എവിടെയോ ഇരുന്ന് അതെല്ലാം, തന്റെ ഒരു ശ്വാസം പോലും രേഖപ്പെടുത്തുന്നുണ്ട്. ആ നേരം തന്റെ കഴുത്തിന് ഭാരം കൂടുന്നുണ്ടെന്ന് തമാറയ്ക്ക് തോന്നി. തല താണു പോകുന്നു. കഴുത്തില്‍ ആരോ പിടി മുറുക്കിയിരിക്കുന്നു. എന്തോ ഒരു വലിയ ഭാരം കെട്ടിത്തൂക്കിയിട്ടതു പോലെ.
തീരെച്ചെറിയ ഒരു കൂട്ടില്‍ പെട്ടതായി തമാറയ്ക്ക് അനുഭവപ്പെടാന്‍ തുടങ്ങി. തന്റെ സ്വാതന്ത്ര്യത്തിന് ആരോ പെട്ടെന്ന് അതിരിട്ടതു പോലെ.
”കാടാകെ മാറിയിരിക്കുന്നു. ഇവിടെ സൈ്വരജീവിതം സാധ്യമല്ലാതായി തീര്‍ന്നിരിക്കുന്നു. കാട്ടില്‍ ആരൊക്കെയോ വരുന്നു. പോകുന്നു. മരങ്ങളില്‍ ആരും കാണാതെ എന്തൊക്കെയോ ഒളിപ്പിച്ചു വെക്കുന്നു. നീയും ആ കൂട്ടത്തില്‍ പെട്ടവനാണെന്നു ഞാന്‍ സംശയിക്കുന്നു.”
തമാറ കടുവയെ നോക്കി.
”എല്ലാവരേയും ഒളിഞ്ഞു നോക്കുന്ന എന്തോ ഒന്ന് കാട്ടിലെല്ലായിടത്തും ഉണ്ട്. കാട്ടിലെ ജീവികളുടെ കാര്യങ്ങളെല്ലാം ആരോ ചോര്‍ത്തിയെടുക്കുന്നു. കുറച്ചു ദിവസം മുമ്പ് ഈ വഴി വന്ന ഒരു കുരങ്ങനാണതു പറഞ്ഞത്. അവന്‍ മരങ്ങള്‍ തോറും നടന്ന് എന്തൊക്കെയോ തല്ലിപ്പൊട്ടിക്കുന്നതു കണ്ടു. അത് എന്താണൊന്നും എനിക്കു മനസിലായില്ല.”
”എന്നിട്ട് അവന്‍ എങ്ങോട്ടാണു പോയത്?” തമാറ ഞെട്ടി ഉണര്‍ന്ന പോലെ ചോദിച്ചു.
”അവന്‍ ഏതു വഴി പോയെന്ന് ആര്‍ക്കറിയാം? ഒരിക്കല്‍ തെക്കോട്ടു പായുന്നതു കണ്ടു. പിന്നൊരിക്കല്‍ വടക്കോട്ടു പോകുന്നതും. എല്ലാം മിന്നായം പോലെയാണ്. ഇനി കിഴക്കു നിന്നും പടിഞ്ഞാട്ടായിരിക്കും.”
അത് മാര്‍ക്കോ ആയിരിക്കുമോ? എങ്കില്‍ എന്തിനാണിങ്ങനെ കാടു മുഴുവനും പാഞ്ഞു നടക്കുന്നത്? എന്തൊക്കെയാണ് അവന്‍ തല്ലിപ്പൊട്ടിക്കുന്നത്?
മാര്‍ക്കോയെ അന്വേഷിച്ചായിരുന്നു തമാറ നാട്ടിലിറങ്ങിയത്. അവനെ തേടി നടക്കുന്നതിനിടയിലാണ് തമാറ കൂട്ടിലായത്. അതും രണ്ടു തവണ.
തമാറ വീണ്ടും ആ കുരങ്ങനെക്കുറിച്ചു ചോദിക്കാനൊരുങ്ങിയതാണ്. കടുവ പറഞ്ഞു.
”ആരേയും വിശ്വസിക്കാന്‍ കഴിയാത്ത കാലമാണ്. നീ വേഗം പൊക്കോളൂ. അതാണു നല്ലത്. നിന്റെ കഴുത്തിലെ കെട്ടിനെ എനിക്ക് പേടിയുമാണ്. അതിലെന്തോ കുബുദ്ധി ഒളിപ്പിച്ചു വെച്ചിട്ടുണ്ട്.”
തിരിഞ്ഞു നടക്കുമ്പോള്‍ കര്‍ക്കശ ശബ്ദം കേട്ടു.
”നീ വേഗം നടന്നോ.. എന്റെ അതിര്‍ത്തി കടക്കാന്‍ കുറച്ച് വേഗത്തില്‍ ഓടേണ്ടി വരും. ഇവെടെങ്ങും തങ്ങാന്‍ നില്‍ക്കേണ്ട..”
തുടര്‍ന്ന് അന്ത്യശാസനവും ഉണ്ടായി. ”ഈ ഭാഗത്തൊന്നും ഇനി കണ്ടു പോകരുത്..”
തമാറ നടന്നു. പുതിയ ഒരിടം കണ്ടെത്തണം. അതിര്‍ത്തി നിര്‍ണ്ണയിച്ചിടണം. ഒരു കടുവ ആദ്യം ചെയ്യേണ്ടത് അതാണ്.
എത്ര ദൂരം നടന്നെന്നറിയില്ല. ഒരു തടാകം കണ്ടു. നല്ല തെളിനീര്‍ നിറഞ്ഞു കിടക്കുന്നു. വെള്ളത്തിലേക്കിറങ്ങി തല മാത്രം പൊന്തിച്ച് ഏറെ നേരം മുങ്ങിക്കിടന്നു.
(തുടരും)