അരനിമിഷം കൊണ്ട് മരക്കൊമ്പില്‍ കുരങ്ങന്മാരുടെ ബഹളം നിറഞ്ഞു. അവര്‍ എവിടെ നിന്നോ പാഞ്ഞെത്തിയതാണ്. കുരങ്ങന്മാരെല്ലാം താഴേക്കു നോക്കി തമാറയ്ക്കു നേരെ ഒച്ചയിട്ടു. മരത്തലപ്പുകള്‍ വലിയ കാറ്റിലെന്ന പോലെ കുലുങ്ങി. മുകളില്‍ നിന്നും ഒരു കുരങ്ങന്‍ വിളിച്ചു ചോദിക്കുന്നതു കേട്ടു.
”ഇവന്റെ കഴുത്തില്‍ എന്താണ് ഒരു വട്ടക്കെട്ട്? ഇവന്‍ കടുവയല്ലെന്നു തോന്നുന്നല്ലോ?”
”ആ കുരങ്ങനെ ഓടിച്ചതു പോലെ ഇവനേയും ഇവിടെ നിന്നും വേഗം ഓടിക്കണം. ചിലപ്പോള്‍ ഇവന്‍ അവന്റെ കൂട്ടുകാരനാകും. അവന്റെ കഴുത്തിലും ഒരു കെട്ടുണ്ടായിരുന്നല്ലോ?”
തമാറ വെള്ളത്തില്‍ നിന്നും എഴുന്നേറ്റു.
”നിങ്ങള്‍ ആരെ ഓടിച്ചെന്നാണു പറഞ്ഞത്? ഞാന്‍ ആരുടെ കൂട്ടുകാരനാണെന്നാണു പറഞ്ഞത്?”
”കാട്ടിലേക്കു നുഴഞ്ഞു കയറിയ ഒരുത്തനെ. ഒരു ഭ്രാന്തന്‍ കുരങ്ങനെ. കാല്‍ക്കഴഞ്ചിനാണവന്‍ ഞങ്ങളില്‍ നിന്നും രക്ഷപ്പെട്ടത്. ഇനി ഈ പ്രദേശത്തെങ്ങാനും അവന്‍ വന്നാല്‍…” കുരങ്ങന്‍ പാതിയില്‍ നിര്‍ത്തി.
”എന്തിനാണവനെ ഓടിച്ചത്?”
”മനുഷ്യരോടൊപ്പം കഴിഞ്ഞവരെ ഞങ്ങള്‍ കൂട്ടത്തില്‍ ചേര്‍ക്കാറില്ല. മനുഷ്യര്‍ക്കൊപ്പം കഴിഞ്ഞവര്‍ മനുഷ്യന്റെ സ്വഭാവവുമായിട്ടാണു തിരിച്ചു വരുന്നത്. അതു ഞങ്ങള്‍ക്ക് ഒട്ടും ഇഷ്ടമല്ല..”
”അവന്റെ പേര് മാര്‍ക്കോയെന്നാണോ?”
വാലില്‍ തൂങ്ങിക്കിടന്ന് അവന്‍ പറഞ്ഞു. ”അതൊന്നും അറിയില്ല. ഞങ്ങ ളെ വശത്താക്കാന്‍ അവന്‍ പല അഭ്യാസങ്ങളും കാണിച്ചു. അതൊന്നും ഞങ്ങള്‍ക്കിഷ്ടപ്പെട്ടില്ല.” ഒന്നാഞ്ഞു വലിച്ച് കുരങ്ങന്‍ മൂക്കു ചുളിച്ചു.
”നിനക്കും മനുഷ്യന്റെ മണമുണ്ടെന്നു തോന്നുന്നു. വേഗം പൊക്കോ…അതാണു നല്ലത്.”
തമാറ അതു കേട്ടില്ലെന്നു ഭാവിച്ചു.
”എന്താണു നിങ്ങളുടെ വരവിന്റെ ഉദ്ദേശ്യം?” മുകളില്‍ നിന്നും ചോദ്യം കേട്ടു.
തമാറ അതിനും മറുപടി പറഞ്ഞില്ല. ഇനി എന്താണു ചെയ്യേണ്ടത് എന്ന ആലോചനയിലായിരുന്നു അവന്‍.
”നിങ്ങള്‍ ഇവിടെ നിന്നും പോകാനുള്ള ഭാവമില്ലെന്നു തോന്നുന്നല്ലോ?”
തമാറ വെള്ളത്തില്‍ നിന്നും കരയിലേക്കു കയറി.
തമാറ ചോദിച്ചു. ”നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും എന്റെ കഴുത്തിലെ ഈ കെട്ടൊന്നഴിച്ചു തരാമോ? എന്നാല്‍ വലിയ ഉപകാരമായി.”
”വഴിയെ പോണ വയ്യാവേലി തലയിലേക്കു വലിച്ചു കേറ്റാന്‍ ഞങ്ങളില്ല…”
”അതെ.. വയ്യാവേലിക്കു ഞങ്ങളില്ല.” കുരങ്ങന്മാര്‍ ഒരു മുദ്രാവാക്യം പോലെ ഏറ്റു പറഞ്ഞു.
തമാറ എന്തോ പറയാനൊരുങ്ങിയതാണ്. കൂട്ടത്തിലെ മുതിര്‍ന്ന കുരങ്ങ് മുന്നോട്ടു വന്നു.
”ചങ്ങാത്തത്തിനു നില്‍ക്കാതെ വേഗം പോകാന്‍ നോക്ക്…” കുരങ്ങിന്‍ കൂട്ടം വീണ്ടും മരത്തിനു മുകളില്‍ നിന്ന് ചീറി.
തമാറ മെല്ലെ നടന്നു.
തന്റെ പഴയ കാട് എവിടെയായിരിക്കും? അങ്ങോട്ടിനി എത്ര ദൂരമുണ്ടാകും? അതോ ചെന്നെത്താന്‍ കഴിയാത്ത ദൂരത്തിലായിരിക്കുമോ?
പക്ഷേ മാര്‍ക്കോ ഈ കാട്ടില്‍ ഉണ്ടെന്നുള്ളത് അല്പം ആശ്വാസം നല്‍കുന്നുണ്ട്.
* * * * *
രണ്ടു ദിവസം രാത്രിയും പകലും നടന്നു. മാര്‍ക്കോയെ കണ്ടെത്തണം. കഴുത്തിലെ കോളര്‍ അഴിച്ച് ദൂരെ കളയണം. സൈ്വരമായി കാട്ടിലൂടെ നടക്കണം.
മൂന്നാം ദിവസം പാതിരാവ് കഴിഞ്ഞ നേരത്ത് ചങ്ങലയുടെ കിലുക്കം കേട്ടു. കുറച്ചു കൂടി മുന്നോട്ടു പോയപ്പോള്‍ മരച്ചുവട്ടില്‍ നില്‍ക്കുന്ന ആനയെ കണ്ടു. അവന്‍ അനക്കമറ്റ് നില്‍ക്കുകയാണ്. അവന്റെ കൊമ്പുകള്‍ രണ്ടും പാതിയില്‍ വെച്ചു മുറിച്ചു കളഞ്ഞിരുന്നു. വാല്‍ പാതിയേ ഉണ്ടായിരുന്നുള്ളു.
കടുവ തന്നെ ഉറ്റു നോക്കുന്നതു കണ്ട് ആന പറഞ്ഞു.
”കണ്ടത് ഒക്കെ ശരി തന്നെ. രണ്ടും മുറിക്കൊമ്പുകളാണ്. വാലും പാതിയേ ഉള്ളു. അതുകൊണ്ട് അരക്കൊമ്പനെന്നും മുറിക്കൊമ്പനെന്നും മുറിവാലനെന്നും എനിക്ക് മൂന്നു പേരുണ്ട്. മൂന്നു പേരിനും വിളികേള്‍ക്കണം. താങ്കള്‍ക്ക് ഇഷ്ടമുള്ളത് വിളിക്കാം.”
തമാറയ്ക്ക് അതു രസിച്ചു.
അരക്കൊമ്പന്‍ പറഞ്ഞു. ”കുറച്ചു കാലങ്ങള്‍ക്കു മുമ്പ് അമ്പലങ്ങളില്‍ എഴുന്നള്ളത്തായിരുന്നു പ്രധാന തൊഴില്‍. ചെല്ലുന്നിടത്തെല്ലാം ഒന്നാമന്‍. അഞ്ചാറു തവണയെങ്കിലും എഴുന്നള്ളിപ്പിനിടയില്‍ തീപ്പന്തങ്ങളുടെ ചൂട് സഹിക്കാന്‍ കഴിയാതെ ഇടഞ്ഞു. രണ്ടു മൂന്നു തവണ കാടുകയറി.
അതുകൊണ്ടൊക്കെയാണ് കൊമ്പുകള്‍ മുറിച്ചത്. ഇടഞ്ഞപ്പോള്‍ ആനപ്പാപ്പാന്റെ പരാക്രമത്തില്‍ വാലിന്റെ പാതി മുറിഞ്ഞു പോവുകയും ചെയ്തു. ആ വേദനയിലായിരുന്നു ആദ്യത്തെ കാടുകയറ്റം. പിന്നെ ശല്യക്കാരന്‍ എന്നു പറഞ്ഞ് ആരും ആഘോഷങ്ങള്‍ക്ക് വിളിക്കാതായി. അങ്ങനെയാണ് കാട്ടില്‍ പണിക്ക് എത്തിയത്. ഇപ്പോള്‍ മരം വലിക്കല്‍ മാത്രമേ പണി ഉള്ളു. ചെറിയൊരു പഴുതു കിട്ടിയാല്‍ കാടുകയറും.” കാടുകയറി ഇന്നലെയാണ് അരക്കൊമ്പന്‍ ഇവിടെ എത്തിയത്. ഇപ്പോള്‍ തന്നെ അന്വേഷിച്ചു വരുന്നവരേയും കാത്തു നില്‍ക്കുകയാണ്.
തന്റെ കഥ അവസാനിപ്പിച്ച് അരക്കൊമ്പന്‍ പറഞ്ഞു.
(തുടരും)