ഏറെക്കാലമായി താനൊരു കൂട്ടിലായിരുന്നെന്നും ഇപ്പോള്‍ താനൊരു യാത്രയിലാണെന്നും തമാറ ഓര്‍മ്മിച്ചെടുത്തു. മറ്റൊന്നും ഓര്‍മ്മിച്ചെടുക്കാന്‍ കഴിയുന്നില്ല. ചുറ്റും ഇരുട്ട് മാത്രമേയുള്ളു. ഇരുട്ടില്‍ ഓര്‍മ്മകളെല്ലാം കെട്ടു പിണഞ്ഞു കിടക്കുന്നു. അതില്‍ നിന്നും ഒരിഴ പോലും വേര്‍തിരിച്ചെടുക്കാന്‍ കഴിയുന്നില്ല. എന്തെങ്കിലും ഓര്‍ത്തെടുത്താലും അതിന്റെ തുടര്‍ച്ച കിട്ടുന്നില്ല. കണ്ണടച്ചപ്പോള്‍ ഇരുള്‍ നിറഞ്ഞ ഗുഹയിലൂടെ പോകുന്നതുപോലെ അനുഭവപ്പെടാന്‍ തുടങ്ങി.
ഏറെ നേരത്തിനു ശേഷമാണ് വണ്ടി നിന്നത്. തൊട്ടടുത്ത് കാല്‍പ്പെരുമാറ്റം കേട്ടു. തമാറ ഇരുട്ടില്‍ എഴുന്നേറ്റു നിന്നു.
ഇരുട്ടിന്റെ ഒരു ഭാഗം മാറി. അഴികളിട്ട ഇത്തിരി ചതുരവെളിച്ചം കണ്‍മുമ്പില്‍ തെളിഞ്ഞു. വെളിച്ചവുമായി കണ്ണുകള്‍ പൊരുത്തപ്പെട്ടപ്പോള്‍ അവിടെ പെരുമാളിന്റെ മുഖം തെളിഞ്ഞു. അയാളുടെ കൈയില്‍ വെള്ളപ്പാത്രമുണ്ട്.
”നിനക്ക് ദാഹിക്കുന്നുണ്ടോ തമാറാ…?”
കഴിഞ്ഞ മൂന്നു മാസത്തോളം തമാറയുടെ ഒപ്പം പെരുമാള്‍ ഉണ്ടായിരുന്നു. അത്രയും നാളത്തെ പരിചയം കൊണ്ട് പെരുമാള്‍ പറയുന്നതെല്ലാം അവനു കുറച്ചൊക്കെ മനസ്സിലാകും. തമാറയുടെ നോട്ടം കൊണ്ടോ ചെറിയൊരു ശബ്ദം കൊണ്ടോ അവനെ പെരുമാളിനും മനസ്സിലാക്കാന്‍ കഴിയും.
കൂട്ടില്‍ കിടക്കുന്ന ഒരു കടുവയ്ക്ക് വളരെക്കുറച്ച് ആവശ്യങ്ങളേ ഉള്ളൂ.
ദാഹിക്കുമ്പോള്‍ വെള്ളം. വിശക്കുമ്പോള്‍ ഇറച്ചി. പിന്നെ കാടിന്റെ ഓര്‍മ്മയില്‍ ഭ്രാന്തുപിടിക്കുമ്പോള്‍ പാതിയില്‍ അവസാനിച്ചു പോകുന്ന ഒരലര്‍ച്ച.
ഇരുമ്പുകൂടിന്റെ മുകളിലെ ചെറിയ വാതില്‍ തുറന്ന് പെരുമാള്‍ അതിലൂടെ വെള്ളം കൂട്ടിലെ പാത്രത്തിലേക്ക് വീഴിച്ചു. പാത്രത്തില്‍ നിന്നും വെള്ളം തമാറയുടെ മേലേക്കു തെറിച്ചു. ഒരു ചെറുമഴയെ കൊതിച്ച് തമാറ കൂടുതല്‍ അടുത്തു നിന്നെങ്കിലും വെള്ളം പെട്ടെന്നു നിന്നു.
പാത്രത്തിലെ വെള്ളം തമാറ ഒരു വട്ടം ഉള്ളിലേക്കാക്കിയതേയുള്ളു. പുതുജീവന്‍ വെച്ചതു പോലെ തമാറ ഉണര്‍ന്നു. ശരീരം ആകെയൊന്നു കുടഞ്ഞു. അവന്‍ തല ഉയര്‍ത്തി പെരുമാളിനേയും, പിന്നെ പുറത്തേക്കും നോക്കി.
കാടെത്തിയിരിക്കുന്നു. കാടിന്റെ സ്വാദു നിറയുന്ന വെള്ളമാണിപ്പോള്‍ കുടിച്ചത്. ഒരു കാട്ടുചോല കാടിന്റെ കുളിരൊക്കെയും ഓരോ തുള്ളി വെള്ളത്തിലും ഒളിപ്പിച്ചു വെച്ചിരിക്കും. താനിപ്പോള്‍ കാട്ടിലാണ്. അല്ലെങ്കില്‍ തൊട്ടടുത്തെവിടെയോ കാടുണ്ട്.
പെരുമാള്‍ കൂടിന്റെ പുറത്തെ മറ പൂര്‍ണമായും നീക്കി. ഏറെക്കാലത്തിനു ശേഷം ഇത്തിരി വട്ടത്തിലാണെങ്കിലും തമാറയുടെ മുമ്പില്‍ കാട് അതിന്റെ മുഴുവന്‍ ഭംഗിയോടെയും തെളിഞ്ഞു.
സന്തോഷത്തില്‍ തമാറ ആഞ്ഞൊന്നു ഗര്‍ജ്ജിച്ചു. കാട്ടിലേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷം. അവന്‍ കൂട്ടിനുള്ളില്‍ ഒന്നു വട്ടം കറങ്ങി. അഴികളില്‍ കാലമര്‍ത്തി ഉയര്‍ന്ന് പുറത്തേക്കു നോക്കി.
മരങ്ങളില്‍ നിന്ന് മഞ്ഞ് ഇനിയും വിട്ടുമാറിയിട്ടില്ല. തുടര്‍ച്ചയായി വീശുന്ന കാറ്റിന് കാടിന്റെ ഗന്ധം. ഇലച്ചാര്‍ത്തുകള്‍ക്കുള്ളില്‍ കുരുങ്ങിക്കിടന്ന മഞ്ഞ് മരങ്ങള്‍ കാറ്റില്‍ ഉലഞ്ഞപ്പോള്‍ വേര്‍പെട്ട് തിടുക്കത്തില്‍ മാറിമാറിപ്പോകുന്നു. ആകാശത്തെവിടെയോ സൂര്യനുണ്ട്.
പെരുമാള്‍ ഒരു വലിയ തുണ്ട് ഇറച്ചിയെടുത്ത് അവന്റെ കൂട്ടിലേക്കിട്ടു. കാട് വേട്ടയാടലിനേയും ഓര്‍മ്മിപ്പിക്കുന്നു. അതിനാല്‍ ഇറച്ചിക്കഷണത്തിലേക്ക് തമാറ തിരിഞ്ഞു നോക്കിയില്ല. ഒരു സൗജന്യം പോലെ മുന്നിലോട്ടു വീഴുന്ന ഇറച്ചിയോട് എന്നും അതൃപ്തിയായിരുന്നു.
വണ്ടി മുന്നോട്ടു നീങ്ങാന്‍ തുടങ്ങി.
അവന്‍ കമ്പിയഴികളോടു ചേര്‍ന്നു നിന്ന് പുറത്തേക്കു നോക്കി. പരിചയമുള്ളതൊന്നും കണ്ണില്‍ പെട്ടില്ല. ഒട്ടും പരിചയമില്ലാത്ത ഇടം. ഇത് പുതിയ സ്ഥലമാണ്. താന്‍ അതിരിട്ടു കാത്ത, താന്‍ കളിച്ചു വളര്‍ന്ന, വേട്ടയാടി നടന്ന തന്റെ ഇടത്തിലേക്കല്ല പോകുന്നത്.
തമാറയ്ക്ക് നിരാശ തോന്നി. ഈ കാട് തന്റേതല്ല.
ഒരു മാന്‍കൂട്ടം കടന്നു പോകുന്ന വാഹനത്തെ നോക്കി പകച്ചു നില്‍ക്കുന്നു. വാഹനം അവയെ പിന്നിട്ടു കഴിഞ്ഞപ്പോള്‍ അവ വണ്ടിയിലെ കാഴ്ചയെ സാകൂതം നോക്കിനിന്നു. ആ കാഴ്ചയില്‍ ചിലവ ഒന്നു രണ്ടടി മുന്നോട്ട് വെച്ച് പിന്നെ ഭയപ്പെട്ട് പൊടുന്നനെ പിന്തിരിഞ്ഞോടി.
തന്നെ ഏറെ ദൂരേക്ക് കൊണ്ടു പോവുകയാണെന്ന് തമാറയ്ക്കു മനസ്സിലായി.
പെരുമാള്‍ പറഞ്ഞതോര്‍ത്തു. ”നീ നാടിന്റെ നാലയലത്തു പോലും വന്നേക്കരുത്. ഇനി നാട്ടിലിറങ്ങിയാല്‍ വെടിവെച്ചു കൊല്ലാനാവും മോളില്‍ നിന്നുള്ള ഉത്തരവ്. നരഭോജി എന്നൊരു പേരു നിനക്കു വീണിട്ടുണ്ട്. നീ സൂക്ഷിക്കണം.”
തട്ടിയും മുട്ടിയും കുലുങ്ങിക്കുലുങ്ങിയുമാണ് ഇപ്പോള്‍ വണ്ടിയുടെ സഞ്ചാരം. തമാറ നിലം പറ്റിക്കിടന്നു. ഏറെ നേരത്തിനു ശേഷമാണ് വണ്ടി യാത്ര അവസാനിപ്പിച്ചത്.
പെരുമാളും സഹായിയും വണ്ടിയില്‍ നിന്നും കൂടിനു മുകളിലേക്കു കയറി. തമാറ എഴുന്നേറ്റു. തന്നെ കാട്ടിലേക്കു തുറന്നു വിടാനുള്ള ഒരുക്കമാണ്. ഏറെക്കാലത്തിനു ശേഷം കാട്ടുമണ്ണില്‍ കാലു കുത്തുകയാണ്. മനസ്സും ഹൃദയവും വല്ലാതെ തുടിക്കുന്നു. സിരകളില്‍ ചോരയ്ക്കു ചൂടു പിടിക്കുന്നു.
കൂടിന്റെ വാതില്‍ തുറന്നു കിട്ടാനുള്ള തിരക്കായി തമാറക്ക്. പെരുമാളും സഹായിയും കൂടി കൂടിന്റെ വാതില്‍ മുകളിലേക്കുയര്‍ത്തി.
കാട് മുന്നില്‍ നിറഞ്ഞ് ഓളം വെട്ടുന്നത് തമാറ കണ്ടു. അടുത്ത നിമിഷം തമാറ കാട്ടിലേക്കു ചാടിയിറങ്ങി. കാടാകെ പാഞ്ഞു നടക്കണമെന്ന് അവനു തോന്നി.
(തുടരും)