കുരങ്ങാട്ടിയുടെ ചെണ്ട കൂടുതല്‍ ഉച്ചത്തില്‍ മുഴങ്ങി. കുരങ്ങാട്ടി വിരിച്ചിട്ട തുണിക്കഷണത്തിലേക്ക് നാണയങ്ങള്‍ വന്നു വീഴാന്‍ തുടങ്ങി. കുരങ്ങാട്ടി കൂടുതല്‍ ശക്തിയോടെ ചെണ്ടയില്‍ അടിച്ചു.
പക്ഷേ അയാളുടെ സന്തോഷം ഏറെ നേരം നീണ്ടു നിന്നില്ല.
ഒരു പോലീസ് ജീപ്പ് അങ്ങോട്ട് തിടുക്കത്തില്‍ വരുന്നുണ്ടായിരുന്നു. പോലീസ് ജീപ്പില്‍ നിന്നും വിളിച്ചു പറഞ്ഞത് കേട്ട് എല്ലാവരും ഞടുങ്ങി.
”പുഴക്കരയില്‍ കടുവ എത്തിയിരിക്കുന്നു. ചിലപ്പോള്‍ പുഴ കടക്കാന്‍ സാധ്യതയുണ്ട്. എല്ലാവരും കരുതിയിരിക്കുക. വഴിയില്‍ ചുറ്റിത്തിരിയാതിരിക്കുക..”
എല്ലാവരും കൂടുതല്‍ വിവരങ്ങളറിയാന്‍ പോലീസ് ജീപ്പിനരികിലേക്കു നടന്നു.
അപ്പോഴും മാര്‍ക്കോ വേദന സഹിക്കാനാകാതെ ഒന്നു പിടയാനെങ്കിലും കഴിയാതെ തൂങ്ങിക്കിടക്കുകയായിരുന്നു. ശരീരഭാഗങ്ങളെല്ലാം പറിഞ്ഞു പോകുന്നതു പോലെ.
മരത്തിനു പുറകില്‍ നിന്ന് കുരങ്ങാട്ടി പോലീസ് ജീപ്പ് നില്‍ക്കുന്ന സ്ഥലത്തേക്കു നോക്കി.
അയാള്‍ ഭയപ്പെട്ടു. നേരത്തേ കരഞ്ഞ കുട്ടി പോലീസ് ജീപ്പിനടുത്തേക്ക് ഓടി ചെല്ലുന്നു. പോകാന്‍ തുടങ്ങിയ പോലീസ് ജീപ്പ് അവന്‍ തടഞ്ഞുനിര്‍ത്തി.
അവന്‍ മരത്തിനു നേര്‍ക്ക് കൈ ചൂണ്ടി. പോലീസ് ജീപ്പ് തിരിച്ച് മരത്തിനു നേരേ വരുന്നു. മരത്തിന്റെ മറപറ്റി കുരങ്ങാട്ടി തിടുക്കത്തില്‍ ഓടി മറഞ്ഞു. എന്നാലും തന്നെ പോലീസ് പിന്തുടരുന്നുണ്ടെന്ന വിചാരത്തില്‍ അയാള്‍ കഴിയുന്നത്ര വേഗത്തില്‍ ഓടിക്കൊണ്ടേയിരുന്നു.
പോലീസ് ജീപ്പ് മരത്തിന്റെ ചുവട്ടിലെത്തിയത് മാര്‍ക്കോ അറിഞ്ഞു.
പോലീസുകാരന്‍ മരത്തിലേക്കു കയറി. അപ്പോഴും ജീപ്പിനകത്തിരുന്നയാള്‍ കടുവ പുഴക്കരയില്‍ എത്തിയിട്ടുണ്ടെന്ന കാര്യം ഒരു മുടക്കവും കൂടാതെ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.
മാര്‍ക്കോയെ അഴിച്ചു താഴേക്കു കൊണ്ടുവന്നു. അവന്‍ ആകെ തളര്‍ന്നിരുന്നു. ശരീരമാകെ വലിഞ്ഞു മുറുകി പൊട്ടും പോലെ. അവന്‍ നിലത്തു തളര്‍ന്നു കിടന്നു.
മാര്‍ക്കോ പോലീസുകാരനെ നന്ദിപൂര്‍വം നോക്കി.
”ആ നശിച്ച കടുവാ ഇല്ലായിരുന്നെങ്കില്‍ നിന്നെ പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയേനേ. പത്രക്കാരെ വിളിച്ച് നല്ലൊരു വാര്‍ത്തയാക്കിയേനേ.”
അയാള്‍ മാര്‍ക്കോയുടെ കൈയിലെ കെട്ടും അരയിലെ ചങ്ങലയും അഴിക്കുന്നതിനിടയില്‍ പറഞ്ഞു.
”കടുവ അധികം താമസിയാതെ പുഴ കടന്ന് ഇങ്ങെത്തും. നീ മരത്തിലേക്കു തന്നെ കയറിക്കോ. അതാണു നല്ലത്. അതിനു തീറ്റയാകാന്‍ നില്‍ക്കേണ്ട.”
കടുവ വരുന്ന വിവരം എല്ലാവരേയും അറിയിച്ചു കൊണ്ട് പോലീസ് ജീപ്പ് തിടുക്കത്തില്‍ പോയി.
കുട്ടി മാര്‍ക്കോയുടെ അടുത്തേക്കു വന്നു.
”മാര്‍ക്കോ….” അവന്‍ വിളിച്ചു.
മാര്‍ക്കോ തല ഉയര്‍ത്തി.
”കടുവ പുഴക്കരയില്‍ എത്തിയിട്ടുണ്ട്… നീ മരത്തില്‍ കയറുന്നതാണു നല്ലത്…”
പോലീസ് ജീപ്പ് വീണ്ടും വേഗത്തില്‍ തിരിച്ചു വന്നു.
”നീയെന്തിനാണിവിടെ ചുറ്റിത്തിരിയുന്നത്…?” പോലീസുകാരന്‍ കുട്ടിയോട് ചോദിച്ചു.
”കടുവയ്ക്ക് ഇരയാകാനോ…? വേഗം ജീപ്പില്‍ കയറ്.. എവിടെയാണു നിന്റെ വീട്..?” അവര്‍ അവനെ ജീപ്പിലേക്കു പിടിച്ചു കയറ്റി.
ജീപ്പിന്റെ പുറകില്‍ നിന്നും അവന്‍ വിളിച്ചു പറഞ്ഞു. ”നീ രക്ഷപ്പെടാന്‍ നോക്ക്… മാര്‍ക്കോ… കടുവ വരുന്നുണ്ട്.”
വയ്യ. ഒട്ടും വയ്യ. എന്നാലും മരത്തിനു മുകളിലേക്കു മെല്ലെ കയറി. മരത്തിന്റെ മുകളിലെത്തി മാര്‍ക്കോ എഴുന്നേറ്റു നിന്നു. അവിടെ നിന്നു നോക്കിയാല്‍ അങ്ങകലെ പുഴ കാണാം. പുഴയ്ക്കക്കരെ കാടിന്റെ കറുപ്പു നിറം. അവന്‍ പുഴയിലേക്കു തന്നെ നോക്കിയിരുന്നു. അകലെയിരുന്നാലും പുഴയും കാടും കാണാന്‍ നല്ല രസം തന്നെ. സന്ധ്യ ഇട്ടു പോയ ചുവപ്പ് അപ്പോഴും പുഴയില്‍ അലിയാതെ കിടന്നിരുന്നു. മാര്‍ക്കോ മരക്കൊമ്പില്‍ ചാരി സുഖമായിരുന്നു. കാറ്റില്‍ മരച്ചില്ലകള്‍ ഇളകിയപ്പോള്‍ സുഖം തോന്നി.
അല്പം കൂടി കഴിയട്ടെ. ശരീരത്തിന്റെ തളര്‍ച്ച മാറിക്കഴിഞ്ഞാല്‍ മെല്ലെ ഇറങ്ങി നടക്കണം. താഴെ ചങ്ങല കിടപ്പുണ്ട്. അത് എടുക്കണം. അതിനു മുമ്പ് വല കീറി നശിപ്പിക്കണം. രക്ഷപ്പെട്ടു പോകുന്ന തന്നെ വീണ്ടും തടവിലാക്കുന്നത് ആ വലയാണ്.
മരത്തുമ്പില്‍ നല്ല കാറ്റ്. കാറ്റ് ശരീരത്തിന്റെ വേദനയൊക്കെ കൊണ്ടു പോകുന്നു. മാര്‍ക്കോ മെല്ലെ മയക്കത്തിലായി.
കുരങ്ങാട്ടി അപ്പോഴും തിരക്കിട്ട് നടക്കുകയായിരുന്നു. ചിലപ്പോളത് ഓട്ടമായി മാറി. എതിലെയെല്ലാമാണ് പാഞ്ഞതെന്ന് ഒരു ഓര്‍മ്മയുമില്ല. രക്ഷപ്പെട്ടു എന്നു കരുതുമ്പോഴാണ് എവിടെ നിന്നെങ്കിലും പോലീസ് ജീപ്പില്‍ നിന്നുമുള്ള അറിയിപ്പ് കേള്‍ക്കുന്നത്.
തനിക്കു പുറകെ പോലീസ് മാത്രമല്ല ഒരു കടുവയുമുണ്ടെന്ന് അയാള്‍ ഭയപ്പെടാന്‍ തുടങ്ങി. അതോടെ ഓട്ടം കൂടുതല്‍ വേഗത്തിലായി.
വീണ്ടും മൈക്കിന്റെ ശബ്ദം. ചെവിയോര്‍ത്ത് പുഴക്കരയിലെ കുറ്റിക്കാട്ടില്‍ പതുങ്ങി.
പോലീസിന്റെ കൈയില്‍ കിട്ടിയാല്‍ ഇക്കുറി തന്റെ കഥ കഴിഞ്ഞതു തന്നെ. ഇനി കൈയില്‍ കിട്ടിയാല്‍ തന്റെ കൈയില്‍ ഭാരം തൂക്കി മരത്തില്‍ തലകീഴായി കെട്ടിത്തൂക്കിയതു തന്നെ. മാര്‍ക്കോയെ ചെയ്തതു തന്നെ തന്നേയും ചെയ്യുമെന്നാണു കഴിഞ്ഞതവണ പോലീസ് ഭീഷണിപ്പെടുത്തിയത്.
(തുടരും)