കൊച്ചി: ഭാരതത്തിന്റെ അന്തസത്തയും വൈചാരിക അടിത്തറയും ഹിന്ദുത്വമാണെന്നും അതിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിന് മുന്നോട്ട് കുതിക്കാനാകൂ എന്നും പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാർ. ആർഎസ്‌എസ് ശതാബ്ദി പ്രവർത്തനങ്ങളുടെ ഭാഗമായി കൊച്ചി മഹാനഗരം സംഘടിപ്പിച്ച പ്രമുഖ പൗരസംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആർഎസ്എസ് വാർഷികങ്ങളെയോ ജൂബിലികളെയോ ആഘോഷങ്ങളാ യല്ല കാണുന്നത്. മറിച്ച് ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ എത്ര ദൂരം സഞ്ചരിച്ചു എന്ന് വിലയിരുത്താനുള്ള ഉൾനോട്ടത്തിന്റെ സന്ദർഭമായാണ് സംഘടന ഓരോ നാഴികക്കല്ലിനെയും നോക്കിക്കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. 1925ൽ വിജയദശമി നാളിൽ ആരംഭിച്ച സംഘടന, ഒരു നൂറ്റാണ്ട് പിന്നിടുമ്പോഴും രാഷ്ട്രത്തിന്റെ പരമവൈഭവമെന്ന ലക്ഷ്യത്തിലേക്ക് നിരന്തരം മുന്നേറിക്കൊണ്ടിരിക്കുകയാണ്. ലക്ഷ്യം പോലെ തന്നെ മാർഗ്ഗവും ശുദ്ധമായിരിക്കണമെന്ന നിർബന്ധം ആർഎസ്എസിനുണ്ട്. സ്വാമി വിവേകാനന്ദൻ വിഭാവനം ചെയ്ത ‘വ്യക്തിനിർമ്മാണത്തിലൂടെയുള്ള’ സാമൂഹ്യ പരിവർത്തനമാണ് സംഘം നിർവഹിക്കുന്നത്. നിയമനിർമ്മാണത്തിലൂടെ പ്രഖ്യാപിക്കേണ്ട ഒന്നല്ല ഹിന്ദുരാഷ്ട്രം. അത് പണ്ടേ ഉള്ളതും ഇപ്പോഴുള്ളതുമായ യാഥാർത്ഥ്യമാണെന്നും ചരിത്രത്തിൽ സനാതന ധർമ്മത്തിലും ഹിന്ദുത്വത്തിലുമുള്ള വിശ്വാസത്തിൽ ഇവിടുത്തെ ജനങ്ങൾക്ക് കുറവ് വന്നപ്പോഴാണ് രാജ്യം ദുർബലമായതെന്നും അദ്ദേഹം പറഞ്ഞു.
നമ്മൾ ക്ഷീണിതരായതുകൊണ്ടാണ് വിദേശികൾക്ക് നമ്മെ കീഴ്പ്പെടുത്താൻ കഴിഞ്ഞത്. എന്നാൽ നമ്മുടെ സംസ്കാരം ശക്തമായിരുന്ന കാലത്ത് വന്ന ശത്രുക്കളെയെല്ലാം ഭാരതം സ്വാംശീകരിച്ചിട്ടുണ്ടെന്ന് കാറൽ മാർക്സ് പോലും എഴുതിയിട്ടുണ്ടെന്ന് ജെ. നന്ദകുമാർ ചൂണ്ടിക്കാട്ടി.
ഭാരതീയതയുടെ തനിമ ലോകത്തിന് മുന്നിൽ വിളിച്ചോതാൻ മുൻകാല പണ്ഡിതന്മാർ തങ്ങളുടെ ശാസ്ത്ര ശാഖകൾക്ക് ‘ഹിന്ദു കെമിസ്ട്രി’, ‘ഹിന്ദു സോഷ്യോളജി’, ‘ഹിന്ദു മാത്തമാറ്റിക്സ്’ എന്ന് പേരിട്ടു. മഹാത്മാഗാന്ധി പോലും തന്റെ രാഷ്ട്രീയ രൂപരേഖയ്ക്ക് ‘ഹിന്ദു സ്വരാജ്’ എന്നാണ് പേര് നൽകിയത്. ഭരണഘടന, ജുഡീഷ്യറി, സൈനിക ശക്തി എന്നിവയ്ക്കൊപ്പം ഭാരതത്തെ താങ്ങിനിർത്തുന്ന നാലാമത്തെ പ്രബല ശക്തിയാണ് ആർഎസ്എസ് എന്ന് മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസ് നിരീക്ഷിച്ച കാര്യം അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്ന് സംഘത്തിന്റെ പ്രഭാവം എല്ലാ മേഖലകളിലും എത്തിക്കഴിഞ്ഞു. എങ്കിലും ഇനിയും ലക്ഷക്കണക്കിന് ഗ്രാമങ്ങളിലേക്ക് എത്തിച്ചേരാനുണ്ട്. രാഷ്ട്ര നിർമ്മാണത്തിന്റെ ഈ വലിയ ദൗത്യത്തിൽ തങ്ങളുടെ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച പ്രമുഖ വ്യക്തികൾ ശരീരം കൊണ്ടോ, മനസ്സ് കൊണ്ടോ, സമ്പത്ത് കൊണ്ടോ പങ്കാളികളാകണമെന്നും അദ്ദേഹം പറഞ്ഞു.
യുഎസ്ടി ചീഫ് വാല്യൂസ് ഓഫീസറും ഗ്ലോബൽ ഹെഡുമായ സുനിൽ ബാലകൃഷ്ണൻ ചടങ്ങിൽ മുഖ്യാതിഥിയായി.കൊച്ചി മഹാനഗർ സഹ സംഘചാലക് ഡോ. എ. കൃഷ്ണമൂർത്തി അധ്യക്ഷത വഹിച്ച ചടങ്ങിൽ എറണാകുളം നഗർ സംഘചാലക് അഡ്വ. ടി. സി. കൃഷ്ണ സ്വാഗതവും മഹാനഗർ സമ്പർക്ക പ്രമുഖ് കെ. ജി. രഞ്ജിത്ത് നന്ദിയും പറഞ്ഞു.

















