”തോക്കും തോട്ടിയും കുന്തവും എല്ലാമായി ആളുകള്‍ അധികം വൈകാതെ ഇങ്ങെത്തും. നീ വേഗം ഇവിടുന്ന് പോവുന്നതാണു നല്ലത്. കടുവയെ വെടിവെച്ചു കൊല്ലുന്നവര്‍ക്ക് നാട്ടില്‍ നല്ല മതിപ്പാണ്”
തമാറയില്‍ അത് ഒരു മാറ്റവും ഉണ്ടാക്കിയില്ല.
അരക്കൊമ്പന്‍ തമാറയെ സൂക്ഷിച്ചു നോക്കി ചോദിച്ചു. ”നീ സാധാരണ കടുവയെ പോലല്ലല്ലോ? നിന്റെ കഴുത്തില്‍ ഒരു കെട്ടുകാണുന്നല്ലോ?”
തമാറ തല കുലുക്കി. ”നിന്റെ ചങ്ങല പോലെ തന്നെ. ഞാന്‍ എവിടെയെന്നറിയാന്‍ കെട്ടിയതാണ്. ചെറുതെങ്കിലും നിന്റെ ചങ്ങലയേക്കാള്‍ ഭാരമുണ്ട്.”
”നിന്റെ പേര് എന്താണെന്നു പറഞ്ഞില്ലല്ലോ?” അരക്കൊമ്പന്‍ ചോദിച്ചു.
”തമാറ. ഇത്തവണ കൂട്ടില്‍ കിടന്നപ്പോള്‍ കിട്ടിയ പേരാണ്. അതിനു മുമ്പ് ആളെക്കൊല്ലി. ചെകുത്താന്‍ കടുവ, നരഭോജി എന്നൊക്കെ ആയിരുന്നു.”
”അരക്കൊമ്പന്‍ തല കുലുക്കി.” ഏതായാലും ഒരു നല്ല പേരു കിട്ടിയല്ലോ..?”
”നാലഞ്ചു തവണയെങ്കിലും നാട്ടിലിറങ്ങിയിട്ടുണ്ട്. ഇര തേടി. നേരിടാന്‍ വന്നവരുടെ നേരെ പാഞ്ഞു കയറിയിട്ടുമുണ്ട്. പക്ഷേ കഴിഞ്ഞ രണ്ടു തവണയും നാട്ടിലിറങ്ങിയത് ഒരു കുരങ്ങനെ അന്വേഷിച്ചാണ്. പക്ഷേ ഞാന്‍ അവനടുത്തെത്തുമ്പോഴേക്കും അവന്‍ മീശക്കാരന്‍ കുരങ്ങാട്ടിയുടെ വലയില്‍ പെടും.”
”ഒരു കടുവാക്കാര്യത്തില്‍ കുരങ്ങനെന്താണു കാര്യം?” അരക്കൊമ്പന്‍ ചോദിച്ചു.
”എന്റെ കഴുത്തിലെ ഈ കുരുക്കഴിക്കാന്‍ അവനേ കഴിയൂ. അവന്റെ കൈയ്യേ അതിനു വഴങ്ങൂ.”
അരക്കൊമ്പന്‍ പറഞ്ഞു. ”എനിക്കവനെ അറിയാം. അവനിവിടെ വന്നിട്ടുണ്ട്. നീ അല്പം വൈകിപ്പോയി.”
ഒരു സന്ധ്യയ്ക്ക് ഒരു മിന്നല്‍ പോലെയാണവന്‍ പാഞ്ഞു വന്നത്. ഭ്രാന്തു പിടിച്ചതുപോലെയായിരുന്നു അവന്റെ വരവ്. ഓരോ മരപ്പൊത്തിലും കൈകടത്തിയും തലയിട്ടും ആകെ പരിശോധിച്ചു. എങ്ങോട്ടെന്നറിയില്ല പാഞ്ഞു പോവുകയും ചെയ്തു. ചോദിച്ചതിനൊന്നും അവന്‍ കൃത്യമായി മറുപടി പറഞ്ഞില്ല.
ഇനിയും കാണാമെന്നു പറഞ്ഞു. അവന്‍ വലിയ തിരക്കിലായിരുന്നു.
പിറ്റേന്ന് അവനെ അന്വേഷിച്ച് ഒരാള്‍ വന്നിരുന്നു. അത് ചിലപ്പോള്‍ നീ പറഞ്ഞ കുരങ്ങാട്ടിയാകും. അയാള്‍ക്ക് വലിയൊരു മീശയുണ്ടായിരുന്നു.
തമാറ പറഞ്ഞു. ”ശരിയായിരിക്കും. മീശക്കാരന്‍ കുരങ്ങാട്ടി എന്നാണ് എല്ലാവരും അയാളെ വിളിക്കുന്നത്.”
അകലെ നിന്നും ശബ്ദങ്ങള്‍ കേട്ടു. അരക്കൊമ്പന്‍ പറഞ്ഞു.
”എന്നെ അന്വേഷിച്ച് വരുന്നവരാണെന്നു തോന്നുന്നു. നീ വേഗം ഇവിടെ നിന്നു മാറിക്കോളൂ.”
അരക്കൊമ്പന്‍ ശബ്ദത്തിനു നേരെ നടക്കാന്‍ തുടങ്ങിയപ്പോള്‍ തമാറ ചോദിച്ചു. ”നീ രക്ഷപ്പെടുന്നില്ലേ…?”
”എങ്ങോട്ടു രക്ഷപ്പെടാന്‍? അവരുടെ നേരെ അനുസരണയോടെ ചെന്നാല്‍ ശിക്ഷകള്‍ക്ക് കുറച്ചിളവ് കിട്ടും. വല്ലപ്പോഴും കുറച്ചു നേരം കാട്ടിലൂടെ തനിച്ചു നടക്കണം. അത്രേ ഇപ്പോള്‍ ആഗ്രഹമുള്ളു. രണ്ടടി കിട്ടിയാലും സാരമില്ല.”
അരക്കൊമ്പന്‍ തന്നെ അന്വേഷിച്ചുവരുന്നവരെ തേടി നടക്കാന്‍ തുടങ്ങി.
* * *
മാര്‍ക്കോ വീണ്ടും കുരങ്ങാട്ടിയുടെ കൈയില്‍പ്പെട്ടിരിക്കുമോ? മീശക്കാരന്‍ കുരങ്ങാട്ടി അവനെ തേടിയിറങ്ങുമെന്ന് ഉറപ്പാണ്. കുരങ്ങുകളിക്ക് എല്ലാം തികഞ്ഞവനാണ് മാര്‍ക്കോ. ആളുകള്‍ കൂടിയാല്‍ കുരങ്ങാട്ടിയുടെ ചെണ്ടയുടെ താളത്തിനൊപ്പിച്ച് അവന്‍ എന്തും ചെയ്യും. അവന്റെ വേലകള്‍ കാണാന്‍ വിദേശത്തു നിന്നു പോലും ആളുകള്‍ വരുമെന്ന് മീശക്കാരന്‍ കുരങ്ങാട്ടി പറയും. കുരങ്ങാട്ടി മനസ്സില്‍ വിചാരിക്കാത്ത നമ്പറുകള്‍ കൂടി അവന്‍ ചെയ്യും.
രണ്ടു ദിവസങ്ങള്‍ കഴിഞ്ഞു.
തമാറ നിരാശപ്പെടാന്‍ തുടങ്ങി. ഒട്ടും സാധ്യതയില്ലാത്തതാണ് താന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളെന്ന് അവനു തോന്നിത്തുടങ്ങി. ജീവിതകാലം മുഴുവന്‍ കഴുത്തില്‍ കെട്ടുമായി അലയേണ്ടി വരും. എപ്പോഴും ഏതു നേരവും ആരുടെയെങ്കിലും കണ്ണില്‍പ്പെട്ടുകൊണ്ട് ജീവിതം മുഴുവന്‍ സഞ്ചരിക്കേണ്ടി വരും. തനിക്കു നേരേ ഏതു നേരവും തുറന്നു പിടിച്ച നൂറുനൂറു കണ്ണുകള്‍ ഉണ്ട് എന്ന തോന്നല്‍ അസഹനീയമായ അസ്വാതന്ത്ര്യമാണ്.
കഴുത്തില്‍ ഇത് കിടന്നോട്ടെ. ആരെങ്കിലും തന്നെ നിരീക്ഷിക്കുന്നുണ്ടെങ്കില്‍ നിരീക്ഷിക്കട്ടെ. കാണുന്നെങ്കില്‍ കാണട്ടെ. അതിനു തനിക്കെന്ത്? അരികില്‍ കണ്ട തടാകത്തിലേക്കിറങ്ങി കിടക്കുമ്പോള്‍ തമാറ ആശ്വസിക്കാന്‍ ശ്രമിച്ചു.
ഒന്നു മയങ്ങിയതാണ്. പെട്ടെന്ന് ഞെട്ടിയെഴുന്നേറ്റു. ആരോ താന്‍ മയങ്ങുന്നത് അറിയുന്നുണ്ട്. തനിക്ക് തൊട്ടടുത്ത് തന്റെ ശത്രു ഉണ്ടെന്നറിഞ്ഞതുപോലെ ഉറക്കം നഷ്ടപ്പെട്ടു. താന്‍ ശ്വസിക്കുന്നത് ആരോ എണ്ണുന്നുണ്ട്.
ഒരുകൂട്ടം കാട്ടുപോത്തുകള്‍ തടാകതീരത്തേക്കു വന്നു.
വെള്ളം കുടിക്കുന്ന കാട്ടുപോത്തുകളെ നോക്കിക്കിടക്കുമ്പോള്‍ തമാറയ്ക്കു തോന്നി. ഒരു കാട്ടു പോത്തുമായി ഒന്നു പോരാടിയാലെന്താണ്? എങ്ങനെയെങ്കിലും അവന്റെ കൊമ്പില്‍ തന്റെ കഴുത്തിലെ കെട്ടൊന്നു കുരുങ്ങിയാല്‍. അവന്‍ കോളറില്‍ കൊമ്പ് കൊരുത്ത് ശരിക്കൊന്നു കുടഞ്ഞാല്‍. കോളര്‍ തന്റെ കഴുത്തില്‍ നിന്ന് അഴിഞ്ഞു പോയേക്കാം. അങ്ങനെയൊരു സാദ്ധ്യതയുണ്ട്. അതൊരു നല്ല ബുദ്ധി തന്നെ.
തമാറ എഴുന്നേറ്റു. ഒരു കാട്ടുപോത്ത് മുന്നോട്ടു കയറിപ്പറഞ്ഞു.
”നീ കാട്ടിലെ നിയമം തെറ്റിക്കുന്നോ? നീ ഇപ്പോള്‍ വയര്‍ നിറഞ്ഞവനാണ്.”
വിശക്കുമ്പോഴല്ലാതെ ഒരു കാട്ടുമൃഗം വേട്ടയ്‌ക്കൊരുങ്ങാന്‍ പാടില്ല.
”ഞാന്‍ വേട്ടയ്ക്ക് ഒരുങ്ങിയതല്ല. എന്റെ കഴുത്തിലെ ഈ കെട്ട് കണ്ടില്ലേ? അതൊന്നഴിക്കാന്‍ സഹായിക്കാമോ? ആരെങ്കിലും കൊമ്പില്‍ കുരുക്കി എന്നെയൊന്നു ചുഴറ്റിയാല്‍ ഇതു കഴുത്തില്‍ നിന്നും അഴിഞ്ഞു പോയേക്കും.”
കാട്ടുപോത്ത് പറഞ്ഞു. ”വിശന്നാല്‍ നീ വേട്ടക്കാരനാണ്. ഞങ്ങള്‍ ഇരയും. നമ്മള്‍ തമ്മില്‍ ആ ബന്ധം മതി. ചങ്ങാത്തം വേണ്ട.”
”അതെ. ചങ്ങാത്തം വേണ്ട.” കാട്ടുപോത്തുകള്‍ ഒരുമിച്ചു പറഞ്ഞു.
കാട്ടുപോത്തുകള്‍ വെള്ളം കുടി കഴിഞ്ഞ് മടങ്ങി.
(തുടരും)