- കാത്തിരിപ്പ്
- കൂട് (കാത്തിരിപ്പ് 2)
- അരക്കൊമ്പന്‍ (കാത്തിരിപ്പ് 3)
- കഴുത്തിലെ കെട്ട് (കാത്തിരിപ്പ് 4)
- കുരങ്ങുകളി (കാത്തിരിപ്പ് 5)
- കഷണ്ടിക്കാരനും താടിക്കാരനും (കാത്തിരിപ്പ് 6)
- മാര്‍ക്കോയുടെ ചിരി (കാത്തിരിപ്പ് 7)
കുരങ്ങിനെക്കൊണ്ട് കളിപ്പിക്കാന്‍ പാടില്ലെങ്കില്‍ ഒരു കുരങ്ങാട്ടി എങ്ങനെയാണു ജീവിക്കുക?
അതുകൊണ്ടാണ് അയാളിപ്പോള്‍ ഗ്രാമങ്ങളിലേക്ക് പോകുന്നത്. അതും അത്ര എളുപ്പമൊന്നുമല്ല. അവിടേയും കുരങ്ങുകളിയെ എതിര്‍ക്കുന്നവരുണ്ട്. കളിയെല്ലാം കണ്ടുകഴിഞ്ഞ് മൃഗസ്‌നേഹം പറയുന്നവരും ഉണ്ട്.
ഒരു ഗ്രാമത്തിലെത്തി. കളി തുടങ്ങാനായി കുരങ്ങാട്ടി ചെണ്ടയില്‍ മുട്ടാന്‍ തുടങ്ങി.
കുട്ടികളെല്ലാം ഓടിക്കൂടി. കുറച്ചാളുകളും എത്തി. അവരുടെ നില്‍പ്പില്‍ നിന്നും ഭാവത്തില്‍ നിന്നും വലിയ ഗുണമൊന്നും
ഉണ്ടാകില്ലെന്ന് കുരങ്ങാട്ടി വായിച്ചെടുത്തു. ഓരോരുത്തരുടേയും നില്‍പ്പുകണ്ടാല്‍ അറിയാം. അവരുടെ കീശയില്‍ പണമുണ്ടോ, പണം കൊടുക്കുന്നവരാണോ എന്നൊക്കെ.
അതുകൊണ്ട് വലിയ അഭ്യാസങ്ങള്‍ക്കൊന്നും കുരങ്ങാട്ടി ഒരുങ്ങിയില്ല. അന്ന് മാര്‍ക്കോയ്ക്ക് അധികം ചാടി മറിയേണ്ടി വന്നില്ല. എല്ലാം കുഞ്ഞുകുഞ്ഞ് അഭ്യാസങ്ങളിലും ഒന്നുരണ്ടു തുള്ളിക്കളികളിലും ഒതുക്കി.
വിചാരിച്ചതുപോലെ അയാള്‍ക്ക് വളരെക്കുറച്ച് നാണയങ്ങളേ കിട്ടിയുള്ളു.
എല്ലാവരും പോയിക്കഴിഞ്ഞപ്പോള്‍ അയാള്‍ ഭാണ്ഡത്തില്‍ നിന്നും ഒരു ചൂരല്‍ വലിച്ചെടുത്തു.
അയാള്‍ പുതിയതെന്തോ തുടങ്ങാനുള്ള ഒരുക്കത്തിലാണെന്ന് മാര്‍ക്കോയ്ക്ക് മനസ്സിലായി. ഇതുവരെ ഒരു കുരങ്ങനും കാണിക്കാത്ത ഒരഭ്യാസമായിരിക്കും അയാളുടെ മനസ്സിലെന്ന് മാര്‍ക്കോ ഭയപ്പെട്ടു.
”മാര്‍ക്കോ….” അയാള്‍ മീശ ഇരു കൈകള്‍കൊണ്ടും പിരിച്ചു
മുകളിലേക്കാക്കി വിളിച്ചു. ”നമുക്കിന്നു മുതല്‍ ഒരു പുതിയ നമ്പര്‍ പരിശീലിച്ചു തുടങ്ങണം.”
പുതിയ പാഠം ആരംഭിക്കാന്‍ തുടങ്ങും മുമ്പേ ഒരു ജീപ്പ് അവരുടെ അടുത്തുവന്നു നിന്നു. അതില്‍ നിന്ന് ഒന്നു രണ്ടു പേര്‍ പുറത്തേക്കിറങ്ങി. ഒരു കഷണ്ടിക്കാരനും,
ഒരു താടിക്കാരനും.
”ഇയാളെ അന്വേഷിച്ച് ഞങ്ങള്‍ എത്ര ദിവസമായി നടപ്പു തുടങ്ങിയിട്ട്…?” കഷണ്ടിക്കാരന്‍ കുരങ്ങാട്ടിയെ നോക്കി.
”തന്റെ കുരങ്ങനെങ്ങനെ…? ന്യൂജന്‍ ആണോ?” താടിക്കാരന്‍ ചോദിച്ചു.
കുരങ്ങാട്ടിക്കു ഭയം തോന്നി. അയാള്‍ മീശ തടവി താഴേക്കാക്കി.
പോലീസോ ഫോറസ്റ്റുകാരോ ആയിരിക്കുമെന്ന് അയാള്‍ ഭയപ്പെട്ടു. കുരങ്ങാട്ടി അവരുടെ നേരേ കൈ തൊഴുതു പിടിച്ചു. അയാള്‍ക്ക് അറിയാവുന്ന ഒരു പണി കുരങ്ങിനെ കളിപ്പിക്കലാണ്. അതില്ലാതായാല്‍ പട്ടിണി കിടക്കേണ്ടി
വരും.
താടിക്കാരന്‍ വീണ്ടും ചോദിച്ചു ”തന്റെ കുരങ്ങനെങ്ങനെ?
അഭിനയിക്കാനറിയുമോ?”
അതു മനസ്സിലാകാതെ
കുരങ്ങാട്ടി അവരെ നോക്കി.
”എന്താ കുരങ്ങന്റെ പേര്?”
കഷണ്ടിക്കാരന്‍ ചോദിച്ചു.
”മാര്‍ക്കോ.””നല്ല പേര്..”
കഷണ്ടിക്കാരന്‍ പറഞ്ഞു.
മാര്‍ക്കോ കഷണ്ടിക്കാരനു നേരെ ചീറി. അവരുടെ നില്പും ഭാവവും അവനൊട്ടും പിടിച്ചില്ല.
”തന്റെ കുരങ്ങനു ചിരിക്കാനറിയാമോ?” ചോദിച്ചത് താടിക്കാരനാണ്.
കുരങ്ങാട്ടി അയാളുടെ നേരേ നോക്കി. മാര്‍ക്കോ ചിരിക്കുന്നത് അയാള്‍ ഇതുവരെ കണ്ടിട്ടില്ല. കുരങ്ങാട്ടി ചിരിക്കാന്‍ ശ്രമിച്ചത് പരാജയപ്പെട്ടു. അയാളും ചിരിക്കുന്നതെങ്ങനെയെന്നു മറന്നുപോയിരുന്നു.
കുരങ്ങാട്ടി ദയനീയമായി പറഞ്ഞു.
”ഇല്ല… അവന്‍ ചിരിക്കുന്നത് ഞാനിതുവരെ കണ്ടിട്ടില്ല. ഞാനവനെ ചിരിക്കാന്‍ പഠിപ്പിച്ചിട്ടില്ല.”
മാര്‍ക്കോ വീണ്ടും ചീറി.
കുരങ്ങാട്ടി പറഞ്ഞു. ”അവനെപ്പോഴും ഈ ഒരു സ്വഭാവമേയുള്ളു.. ആരുടെ നേരേയും ചീറും.”
”കരയാനറിയുമോ?”
കുരങ്ങാട്ടി തലകുലുക്കി. ഒരു ചെറിയ തല്ലുമതി. അവന്‍ വലിയ വായില്‍ കരയും.
”മാര്‍ക്കോ…” അയാള്‍ കുരങ്ങനെ വിളിച്ചു. ”മാര്‍ക്കോ നീയൊന്ന് കരഞ്ഞു കാണിക്ക്….”
കണ്ണുപൊത്തി കരയും പോലെ നില്‍ക്കുക. ഒരു തുണി കഷണം കൊണ്ട് മുഖം പാതി മറച്ചു നില്‍ക്കുക. അതൊക്കെ അവനറിയാമായിരുന്നു. മുഖത്ത് തക്ക ഭാവമൊന്നും വരില്ല എന്നേയുള്ളു.
”മാര്‍ക്കോ.. നീയൊന്ന് കരഞ്ഞു കാണിക്ക്….” കുരങ്ങാട്ടി വീണ്ടും പറഞ്ഞു.
മാര്‍ക്കോക്ക് ഒരനക്കവും ഉണ്ടായില്ല.
”അവന് അനുസരണയൊട്ടുമില്ല. അല്ലേ?” കഷണ്ടിക്കാരന്‍ ചോദിച്ചു.
കുരങ്ങാട്ടി ഭാണ്ഡത്തില്‍ തിരുകിവെച്ചിരുന്ന വടി വലിച്ചെടുത്ത് മാര്‍ക്കോയ്ക്കു നേരെ വീശി. അതവന്റെ മുഖത്താണു കൊണ്ടത്. മാര്‍ക്കോ കരഞ്ഞുപോയി.
”നല്ല കരച്ചില്‍” കഷണ്ടിക്കാരന് ആ കരച്ചില്‍ രസിച്ചു.
താടിക്കാരന്‍ പറഞ്ഞു.
”ഞങ്ങള്‍ക്ക് കുറച്ചു ഫോട്ടോയെടുക്കണം. ഒരു കുരങ്ങന്റെ വിവിധ ഭാവങ്ങള്‍. കുരങ്ങന്റെ നവരസങ്ങള്‍. നിങ്ങള്‍ക്ക് ഒരാഴ്ച മുഴുവന്‍ തെണ്ടിക്കിട്ടുന്നത് രണ്ടു ദിവസം കൊണ്ട് ഞങ്ങള്‍ തരും.
എല്ലാം ശരിയായാല്‍
അതിലധികവും.”
കുരങ്ങാട്ടി തല കുലുക്കി.
”പക്ഷേ എല്ലാഭാവങ്ങളും അവന്റെ മുഖത്ത് നിങ്ങള്‍ തന്നെ വരുത്തണം.”
കുരങ്ങാട്ടി അപ്പോഴും തല കുലുക്കി.
അവര്‍ കുരങ്ങാട്ടിയേയും മാര്‍ക്കോയേയും ജീപ്പില്‍ കയറ്റിപ്പോയി.
(തുടരും)