ഇന്ത്യന്‍ പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രകള്‍ പലപ്പോഴും പുകമറയ്ക്കുള്ളിലാണ്. വിദേശത്ത് അദ്ദേഹം നടത്തുന്ന സമ്മേളനങ്ങളും പൊതുവേദികളില്‍ നടത്തുന്ന പ്രസംഗങ്ങളും മിക്കപ്പോഴും വിവാദങ്ങളില്‍ ചെന്നവസാനിക്കാറുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വൈദേശിക ഇടപാടുകള്‍ പലപ്പോഴും സംശയാസ്പദമാണ്. പ്രതിപക്ഷ നേതാവ് എന്ന ഉയര്‍ന്ന, ഏറെ ഉത്തരവാദിത്തമുള്ള പദവിയില്‍ ഇരിക്കുന്ന ഒരു വ്യക്തി പുലര്‍ത്തേണ്ട സുതാര്യത രാഹുല്‍ഗാന്ധിയുടെ വിദേശയാത്രകളിലില്ല. രാജ്യത്തിനുള്ളില്‍ പ്രധാനപ്പെട്ട രാഷ്ട്രീയ സാഹചര്യങ്ങള്‍ നിലനിന്നപ്പോള്‍ പലപ്പോഴും അദ്ദേഹം വിദേശത്തായിരുന്നു. പല പ്രധാനപ്പെട്ട തെരഞ്ഞെടുപ്പുകളുടെയും ഇടയില്‍ അദ്ദേഹം വിദേശത്തേക്ക് കടന്നുകളയുകയുണ്ടായി. അപ്പോഴൊക്കെ ഭാരതത്തിലെ മാധ്യമങ്ങള്‍ പൊതുവെ മൗനം പാലിച്ചെങ്കിലും, ചിലതെങ്കിലും രാഹുല്‍ഗാന്ധി എവിടെ എന്ന ചോദ്യം ഉയര്‍ത്തിയിട്ടുണ്ട്.
ഒരു പാര്‍ലമെന്റ് അംഗം വിദേശയാത്ര നടത്താനാഗ്രഹിക്കുന്നുവെങ്കില്‍ മൂന്നാഴ്ച മുമ്പ് ലോകസഭയുടെയോ രാജ്യസഭയുടെയോ സെക്രട്ടറിയേറ്റിനെ അറിയിക്കണം എന്ന് ചട്ടമുണ്ട്. എന്നാല്‍ രാഹുല്‍ ഗാന്ധി പലപ്പോഴും ഈ ചട്ടം പാലിക്കാറില്ല. രാഹുല്‍ രാജ്യത്തിനകത്തില്ലെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ പോലും അറിയുന്നത് വിദേശത്ത് നിന്നുള്ള സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ കണ്ടാണ്.
പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തതിനു ശേഷമുള്ള രാഹുല്‍ഗാന്ധിയുടെ വിദേശയാത്രകള്‍ ശ്രദ്ധിച്ചാല്‍ അതില്‍ അപകടകരമായ ഒരു പാറ്റേണ്‍ കാണാന്‍ കഴിയും. ഓരോ വിദേശയാത്ര നടത്തിയതിനുശേഷവും തിരികെ എത്തിയിട്ടാണ് തികച്ചും നിരുത്തരവാദപരമായ രീതിയില്‍ രാജ്യവിരുദ്ധമായ പ്രസ്താവനകള്‍ രാഹുല്‍ഗാന്ധി നടത്തിയിട്ടുള്ളത്. രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനത്തെയും, സൈന്യത്തെയും നിയമനിര്‍വഹണ നീതിന്യായ വ്യവസ്ഥയെയും, അതിലുപരി നമ്മുടെ രാജ്യാന്തരബന്ധങ്ങളെയും അസ്ഥിരപ്പെടുത്തുന്ന രീതിയിലുള്ള നിരവധി പ്രസ്താവനകള്‍ രാഹുലില്‍ നിന്ന് ഉയര്‍ന്നത് ഓര്‍ക്കുമല്ലോ. ഈ പ്രസ്താവനകളുടെ സമയക്രമവും പശ്ചാത്തലവും നോക്കുമ്പോള്‍ അതിന്റെ തൊട്ടുമുന്‍പായി അദ്ദേഹം ഒരു വിദേശയാത്ര നടത്തിയിട്ടുണ്ടായിരിക്കും. രാഹുല്‍ ഗാന്ധി ഒരു വ്യക്തി എന്ന നിലയില്‍ നിലനിര്‍ത്തുന്ന സുതാര്യതാരാഹിത്യം അഥവാ അദ്ദേഹത്തിന്റെ സ്വകാര്യത രാജ്യതാല്‍പര്യത്തിന് വിരുദ്ധമാകുന്നത് ഇവിടെയാണ്. രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ് നിരന്തരം രാജ്യവിരുദ്ധ പ്രസ്താവനകള്‍ നടത്തുകയും, രാജ്യത്തിനുള്ളിലുള്ള ശത്രുക്കള്‍ക്കും ശത്രുരാജ്യങ്ങള്‍ക്കും ഉപകാരപ്രദമായ രീതിയിലുള്ള പ്രവര്‍ത്തനങ്ങളെ വെള്ള പൂശുന്ന തരത്തില്‍ ചര്‍ച്ചകള്‍ ഒരുക്കുകയും ചെയ്യുന്ന സാഹചര്യം, വിദേശയാത്രകളുമായി ബന്ധപ്പെട്ടുള്ളതാണെങ്കില്‍ അത് അത്യന്തം അപകടകരമാണ്.
രാഹുല്‍ഗാന്ധി കൊണ്ടുവന്ന ‘രാഷ്ട്രീയബോംബുകള്‍’ പലതും വിദേശത്തുള്ള ആരുടെയോ നിര്‍ദ്ദേശപ്രകാരമായിരുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതിലുപരി കോണ്‍ഗ്രസ് പല സമയത്തും ഇറക്കിയിട്ടുള്ള ടൂള്‍കിറ്റ് രാഷ്ട്രീയം, അവരുടെ പ്രവര്‍ത്തനങ്ങളിലെ വിദേശ ബന്ധത്തിന് അടിവരയിടുന്നു. രാജ്യത്ത് നടന്ന എല്ലാ വ്യാജ പ്രക്ഷോഭങ്ങളും ടൂള്‍കിറ്റ് രീതിയില്‍ ആസൂത്രണം ചെയ്തതായിരുന്നു എന്നത് പലതവണ വെളിപ്പെട്ടതാണ്.
കഴിഞ്ഞ 22 വര്‍ഷത്തിനിടെ രാഹുല്‍ ഗാന്ധി 54 വിദേശ യാത്രകളാണ് നടത്തിയിട്ടുള്ളത് എന്നാണ് കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാക്കുന്നത്. ഇതിന്റെ ഏകദേശം ചുരുങ്ങിയ ചെലവ് 60 കോടി രൂപയാണ്. എന്നാല്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ അദ്ദേഹം തന്നെ വെളിപ്പെടുത്തിയ അദ്ദേഹത്തിന്റെ വാര്‍ഷിക വരുമാനം ഏകദേശം 11 കോടി രൂപയാണ്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ രാഹുല്‍ഗാന്ധി സമര്‍പ്പിച്ച ആസ്തി ബാധ്യത പ്രഖ്യാപനം പ്രകാരം 2004 ല്‍ അദ്ദേഹത്തിന്റെ ആസ്തി 55.39 ലക്ഷം രൂപയും 2024 ല്‍ അത് 20.3 9 കോടി രൂപയും ആയിരുന്നു എന്ന് ബിജെപി നേതാവ് സമ്പിത് പത്ര അടുത്തിടെ വെളിപ്പെടുത്തുകയുണ്ടായി.
അദ്ദേഹത്തിന്റെ മുഴുവന്‍ ആസ്തി 21 കോടി രൂപ ആയിരിക്കുമ്പോള്‍ ഈ വിദേശയാത്രകള്‍ക്കായി രാഹുല്‍ ഗാന്ധി 60 കോടി രൂപ ചെലവഴിച്ചെങ്കില്‍, രാഹുല്‍ഗാന്ധിക്ക് വേണ്ടി ബാക്കി തുക ആരാണ് മുടക്കിയത് എന്നത് പ്രസക്തമായ ചോദ്യമാണ്. ഈ രാജ്യത്തെ ഓരോ പൗരനും പ്രതിപക്ഷ നേതാവിന്റെ പ്രവര്‍ത്തനങ്ങളില്‍ ജാഗരൂകരാകേണ്ടതിന്റെ ആവശ്യകതയാണ് കണക്കുകളിലെ ഈ പൊരുത്തമില്ലായ്മ സൂചിപ്പിക്കുന്നത്. ഉത്തരവാദിത്തമുള്ള ഒരു പ്രതിപക്ഷ കക്ഷി എന്ന നിലയില്‍ പ്രതിപക്ഷ നേതാവിന്റെ വിദേശയാത്രകള്‍ക്ക് ആരാണ് പണം മുടക്കിയത് എന്ന് രാഹുലും കോണ്‍ഗ്രസും വെളിപ്പെടുത്തേണ്ടതാണ്.
എഫ്‌സിആര്‍എ വ്യവസ്ഥകള്‍ പ്രകാരം ഏതെങ്കിലും ഒരു എം.പി, ജഡ്ജി, അല്ലെങ്കില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍, ഏതെങ്കിലും ഒരു മൂന്നാം കക്ഷിയുടെ സഹായത്തോടെ വിദേശയാത്രകള്‍ നടത്തുകയാണെങ്കില്‍, അത്തരം യാത്രകള്‍ക്കും സഹായ സ്വീകരണങ്ങള്‍ക്കും സര്‍ക്കാരില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതുണ്ട്. അതിലുപരി സ്വന്തം കയ്യിലെ പൈസ ഉപയോഗിച്ച് വിദേശയാത്രയ്ക്ക് പോവുകയാണെങ്കില്‍ അത് ആദായനികുതി റിട്ടേണില്‍ വെളിപ്പെടുത്തണം. മേല്‍പ്പറഞ്ഞ കാറ്റഗറികളില്‍ പെടുന്ന ആളുകള്‍ക്ക് വിദേശത്തുവച്ച് എന്തെങ്കിലും സമ്മാനം ലഭിക്കുകയോ മറ്റു ചെയ്താല്‍ അതും വെളിപ്പെടുത്തണം.
രാഹുല്‍ ഗാന്ധി വിദേശയാത്രകള്‍ക്ക് മുന്‍കൂര്‍ അനുമതി നേടിയിട്ടില്ലെന്നാണ് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വ്യക്തമാകുന്നത്. ഈ വിഷയത്തില്‍ അദ്ദേഹത്തിന്റെ ആദായനികുതി രേഖകളിലും തെളിവുകള്‍ ഒന്നുമില്ല. 2024 ഡിസംബര്‍ മുതല്‍ 2025 സെപ്റ്റംബര്‍ വരെ രാഹുല്‍ ഗാന്ധി ആറ് അപ്രഖ്യാപിത വിദേശയാത്രകള്‍ നടത്തിയതായി പലതരത്തിലുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഈ ഓരോ യാത്രകളും എസ്പിജി സംരക്ഷണത്തിന്റെ പ്രോട്ടോക്കോള്‍ ലംഘനം ആയിരുന്നു. ഈ വിവരം സൂചിപ്പിച്ചുകൊണ്ട് സിആര്‍പിഎഫ് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗയ്ക്ക് കത്തയച്ചിട്ടുണ്ട്.
2026 മെയ് മൂന്നിന് രാത്രി ഒമാനിലെ മസ്‌കറ്റിലേക്ക് രാഹുല്‍ഗാന്ധി ഒരു അപ്രഖ്യാപിത യാത്ര നടത്തിയതായി സമ്പിത് പത്ര ആരോപിച്ചിട്ടുണ്ട്. അതും എസ്പിജി സംരക്ഷണത്തിന്റെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. ഭാരതത്തില്‍ നിലനില്‍ക്കുന്ന പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഭരണാധികാരിക്ക് തുല്യമായ പദവി തന്നെയാണ് പ്രതിപക്ഷ നേതൃത്വത്തിനും. അങ്ങനെയുള്ളപ്പോള്‍ രാഹുല്‍ നടത്തുന്ന ദുരൂഹ വിദേശയാത്രകള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ്. രാഹുല്‍ ഗാന്ധി കഴിഞ്ഞ 22 വര്‍ഷത്തിനിടെ നടത്തിയ വിദേശ യാത്രകള്‍, അവയ്ക്ക് ചെലവായ പണം, ആരാണാ പണം ചെലവാക്കിയത് എന്നും മറ്റുമുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കോണ്‍ഗ്രസ് ബാധ്യസ്ഥമാണ്. ഈ വിഷയത്തില്‍ സുതാര്യത പുലര്‍ത്താന്‍ തങ്ങളുടെ നേതാവിനോട് ആവശ്യപ്പെടേണ്ടത് അനുയായികളുടെ കര്‍ത്തവ്യവുമാണ്.






















