കുരങ്ങാട്ടി വീണ്ടും ചിന്തയിലായി. താന്‍ പോലീസുകാരുടെ നോട്ടപ്പുള്ളിയുമായിരിക്കുന്നു. മാര്‍ക്കോയെ അങ്ങനെ കെട്ടിത്തൂക്കിയിട്ടത് വലിയ കുറ്റം തന്നെ. ഇന്ന് തനിക്കു പുറകെ പോലീസ് പായാതിരുന്നതിന് ഒരു കാരണമേയുള്ളു കടുവ. അവനിന്ന് പുഴക്കരയില്‍ എത്തിയിരുന്നില്ലെങ്കില്‍ താന്‍ ഇന്ന് പോലീസ് സ്റ്റേഷനില്‍ കിടന്നു നേരം വെളുപ്പിക്കേണ്ടി വരുമായിരുന്നു. നന്നായി. കടുവ വന്നതു നന്നായി.
ഇപ്പോള്‍ മുതിര്‍ന്നവരേക്കാള്‍ കുട്ടികളെയാണ് കുരങ്ങാട്ടി ഭയപ്പെടുന്നത്. എവിടെ കുരങ്ങുകളി നടത്തുമ്പോഴും അരുതെന്ന് പറയാന്‍ എപ്പോഴും ഒരു കുട്ടിയെങ്കിലും കാണും. ചിലപ്പോഴൊക്കെ ഒരു കരച്ചില്‍ കൊണ്ടാകും കുട്ടികള്‍ എതിര്‍ക്കുന്നത്. കുറച്ചു കഴിയുമ്പോള്‍ വലിയവരില്‍ ഒന്നുരണ്ടു പേരെങ്കിലും കുട്ടികളുടെ ഒപ്പം കൂടും. ഒടുവില്‍ കളി നിര്‍ത്തി പോരേണ്ടി വരുകയും ചെയ്യും. എന്നാല്‍ മാര്‍ക്കോയോ? അടി കൊടുക്കാതെ ഒരു കാര്യവും അവന്‍ ചെയ്യില്ലെന്നായിരിക്കുന്നു. ഒരു ചെറിയ അടിക്കു പോലും അവനിപ്പോള്‍ വലിയ വായില്‍ നിലവിളിക്കാന്‍ തുടങ്ങിയിരിക്കുന്നു. അവന്‍ അതൊരു സൂത്രമാക്കിയിട്ടുണ്ട്.
കുട്ടികളുടെ മനസ്സ് മാറ്റാന്‍ ആ കരച്ചില്‍ ധാരാളമാണെന്ന് അവന്‍ മനസ്സിലാക്കിയിട്ടുണ്ട്. ഇനി കളികളെല്ലാം മാറ്റേണ്ട കാലമായിരിക്കുന്നു. എങ്കിലേ അന്നത്തിനുള്ളതു കിട്ടൂ.
നിരവധി ചിന്തകളിലും പുഴക്കാറ്റിലും പെട്ട് അയാള്‍ ഉറക്കത്തിലേക്കു വീണു.
ഉറക്കത്തില്‍ നിന്നും എഴുന്നേറ്റപ്പോള്‍ വെട്ടം വീണു തുടങ്ങിയിരുന്നു. പുഴക്കു മേലെ മഞ്ഞു കെട്ടിക്കിടക്കുന്നുണ്ട്. അയാള്‍ ചുറ്റും നോക്കി.
പാറക്കെട്ടില്‍ നിന്ന് കണ്ട കാഴ്ച്ചയില്‍ കുരങ്ങാട്ടി ഞെട്ടി. താന്‍ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നിട്ടില്ലേയെന്ന് അയാള്‍ സംശയിച്ചു. ഉറക്കം വിട്ടിരിക്കുന്നു എന്നുറപ്പായപ്പോള്‍ കുരങ്ങാട്ടി കണ്ണുകള്‍ രണ്ടും അമര്‍ത്തി തിരുമ്മി വീണ്ടും പുഴയിലേക്കു നോക്കി.
അയാള്‍ക്ക് താന്‍ കണ്ട കാഴ്ച്ച വിശ്വസിക്കാന്‍ സാധിച്ചില്ല.
മാര്‍ക്കോ വെള്ളത്തിനു മീതെ ഇരിക്കുന്നു.
വെള്ളത്തിനു മുകളിലൂടെ ഒരു കാറ്റു പോലെ അവന്‍ കടന്നു പോകുന്നു.
പെട്ടെന്നു തന്നെ ആ കാഴ്ച്ച മഞ്ഞില്‍ മറയുകയും ചെയ്തു.
”മാര്‍ക്കോ…” കുരങ്ങാട്ടി ആകാവുന്ന ഒച്ചയില്‍ വിളിച്ചു.
തന്റെ വിളി അവന്‍ കേട്ടില്ലെന്നു തോന്നി. ഇനി തനിക്ക് എല്ലാം ഉറക്കപ്പിച്ചില്‍ തോന്നുന്നതാകുമോ? അയാള്‍ കഴിയാവുന്നത്ര ഒച്ചയില്‍ വിളിച്ചു.
”മാര്‍ക്കോ…”
അവനൊന്നു തിരിഞ്ഞു നോക്കിയോ?
അതു മാര്‍ക്കോ തന്നെയെന്നുറപ്പായി. വെള്ളത്തിനുപരിതലത്തിലൂടെ മാറിപ്പോകുന്ന മാര്‍ക്കോയെ മഞ്ഞിനുള്ളിലൂടെ കണ്ടു. അവനിപ്പോള്‍ വേഗത കൂടിയിരിക്കുന്നു. അവന്‍ തന്നെ കണ്ടിട്ടുണ്ട്. അതാണവന്‍ വേഗത കൂട്ടിയത്.
പക്ഷേ എങ്ങനെയാണവന്‍ വെള്ളത്തിനു മുകളിലൂടെ യാത്ര ചെയ്യുന്നത്? അതും സുഖമായിരുന്ന്. പിന്നെ ഒന്നും ആലോചിക്കാതെ കുരങ്ങാട്ടി വെള്ളത്തിലേക്കെടുത്തു ചാടി മുന്നില്‍ പോകുന്ന മാര്‍ക്കോയ്‌ക്കൊപ്പമെത്താന്‍ തിടുക്കത്തില്‍, ഏറെ തിടുക്കത്തില്‍ നീന്തിത്തുടങ്ങി.
* * *
രാത്രി വൈകും വരെ മാര്‍ക്കോ മരത്തില്‍, ഇലപ്പടര്‍പ്പിനുള്ളില്‍ സുഖമായി ഇരുന്നു. ഇതിനിടയില്‍ ഒന്നു രണ്ടു തവണ പോലീസിന്റെ ജീപ്പു വന്നു പോയി. കടുവയെ തേടിയിറങ്ങിയ ഒന്നു രണ്ടു സംഘങ്ങളും ബഹളം വെച്ചു കടന്നു പോയി.
പഞ്ചായത്താഫീസിന്റെ അടുത്തുള്ള കുറ്റിക്കാട്ടില്‍ കടുവയെ കണ്ടെന്നാരോ പറഞ്ഞതു കേട്ട് പന്തവുമായി എല്ലാവരും അങ്ങോട്ടു പാഞ്ഞു.
മാര്‍ക്കോ കടുത്ത ചിന്തയിലായിരുന്നു. അവന് അവന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കാനുണ്ട്. ഇനി മീശക്കാരന്‍ കുരങ്ങാട്ടിയോടൊപ്പം കഴിയാന്‍ വയ്യ. ഓര്‍മ്മ വെച്ച കാലം മുതല്‍ അയാളുടെ അടിയും തല്ലും കൊണ്ടും ചീത്തയും കേട്ടും കഴിയുകയാണ്. മറ്റൊരു കുരങ്ങിനെ കിട്ടിയിരുന്നെങ്കില്‍ അയാള്‍ എന്നേ തന്നെ തല്ലിക്കൊന്നേനേ. അയാളുടെ ചെണ്ടയ്‌ക്കൊപ്പം ചാടാനും മറിയാനും ഇനി വയ്യ.
അയാള്‍ക്കു പിടുത്തം കൊടുക്കാതെ ദൂരേയ്ക്കു പോകണം. ഒത്തിരിയൊത്തിരി ദൂരേക്ക്. കുരങ്ങാട്ടിക്ക് എത്താന്‍ കഴിയാത്ത ഒരിടത്തേക്ക്.
ഇപ്പോള്‍ തന്നെ യാത്ര തുടങ്ങണമെന്നു തോന്നി. കാട്ടിലേക്കു പോകാന്‍ തോന്നിയില്ല. കുരങ്ങിന്‍ കൂട്ടം മുഴുവനും ഒരുമിച്ചു വരും. അവരോട് എത്ര ദിവസം എതിര്‍ത്തു നില്‍ക്കാനാണ്?
അല്ലെങ്കില്‍, വെറുതെ മരങ്ങള്‍ മാറി മാറി മലകള്‍ കയറി ഇറങ്ങി യാത്ര ചെയ്യാം. ഓരോ ദിവസവും ഓരോ നാടുകളിലൂടെ. ആളുകള്‍ കൂടുതല്‍ ഉപദ്രവിക്കാത്ത ഇടങ്ങളില്‍ കുറച്ചു ദിവസം തങ്ങാം. അങ്ങനെ അങ്ങനെ…
എല്ലാവരും കുരങ്ങാട്ടിയെ പോലുള്ളവരല്ല. ഏറിയ കൂറും നല്ലവര്‍ തന്നെ. തലകീഴായി കെട്ടിയിട്ട തന്നെ രക്ഷിച്ച കുട്ടിയെ ഓര്‍ത്തു. തന്നെ കരുണയോടെ നോക്കിയ കണ്ണുകള്‍ ഏറെയാണ്. ആലോചിച്ചപ്പോള്‍ തനിക്കുനേരേ കോപം കൊണ്ട കണ്ണുകള്‍ വളരെക്കുറച്ചേയുള്ളു. മാര്‍ക്കോയ്ക്ക് ആത്മവിശ്വാസമേറി.
ഒറ്റക്കുതിപ്പിന് എത്താവുന്ന മരങ്ങളൊന്നും തൊട്ടടുത്തില്ല.
മാര്‍ക്കോ മരത്തില്‍ നിന്നും മെല്ലെ താഴേക്കിറങ്ങി. താഴെ മരച്ചുവട്ടില്‍ നിലാവിന്റെ വട്ടങ്ങള്‍ ഇരുട്ടില്‍ ധാരാളമായി പൊഴിഞ്ഞു കിടന്നിരുന്നു.
താഴെ കുരങ്ങാട്ടിയുടെ ഭാണ്ഡത്തില്‍ നിന്നും അവന്‍ വല എടുക്കാന്‍ ഒരുങ്ങിയ നേരത്ത് ഒരു വിളി കേട്ടു. അത് മീശക്കാരന്‍ കുരങ്ങാട്ടിയുടേതല്ലെന്ന് ഉറപ്പായിരുന്നിട്ടും മാര്‍ക്കോ ഞെട്ടി.
(തുടരും)