തടാകക്കരയില്‍ ഇളംവെയിലേറ്റു മയങ്ങുന്ന കോമ്പല്ലന്‍ ചീങ്കണ്ണി. അതിന്റെ വായില്‍ ഭക്ഷണം തിരയുന്ന കുഞ്ഞന്‍ പക്ഷി. അവന്‍
തമാറയോടു പറഞ്ഞു.
”ചീങ്കണ്ണിയുടെ പല്ലുകള്‍
നോക്ക്. അവന്‍ വിചാരിച്ചാല്‍
നിന്റെ കഴുത്തിലെ കെട്ട് കടിച്ചു പൊട്ടിക്കാന്‍ കഴിഞ്ഞേക്കും..”
മയക്കത്തില്‍ നിന്നും ഉണരാതെ ചീങ്കണ്ണി വിലങ്ങനെ
തലയാട്ടി.
”കഴിഞ്ഞ ദിവസം വിചിത്രങ്ങളായ കുറേ സാധനങ്ങള്‍ കടിച്ചു
പറിച്ച് എന്റെ പല്ലാകെ തളര്‍ന്നു പോയി. കുറച്ചു ദിവസത്തേക്ക്
പല്ലിനു വിശ്രമം കൊടുത്തിരിക്കുകയാണ്. അല്ലെങ്കിലും ഒരു കടുവയുടെ കഴുത്തിലെ കെട്ടഴിക്കാന്‍ ഞാനില്ല. ആ
ചങ്ങാത്തം എനിക്കും
വേണ്ട.”
”നീ എന്തെല്ലാമാണ് കടിച്ചു പറിച്ചത്..?” തമാറ ചോദിച്ചു.
ചീങ്കണ്ണി വെള്ളത്തിലേക്കു മുങ്ങി. കുറച്ചു
കഴിഞ്ഞ് വെള്ളത്തില്‍
നിന്നും ഒരു കെട്ടു
സാധനങ്ങളുമായി
പൊങ്ങി, അതെല്ലാം
കരയിലേക്കിട്ടു.
തമാറ നോക്കി.
അതെല്ലാം അവനു
പരിചയമുള്ളതാണ്.
കൂട്ടില്‍ കിടന്ന അവനെ കാണാന്‍ വന്നവരുടെ കൈയില്‍ അതെല്ലാമുണ്ടായിരുന്നു. രണ്ട്
മൂന്നു ബാഗുകള്‍. പൊട്ടിത്തകര്‍ന്ന മൂന്നു ക്യാമറകള്‍. രണ്ടു ബൈനാക്കുലറുകള്‍. ഷൂസുകള്‍.
എല്ലാം കടിച്ചു പൊട്ടിച്ച് തകര്‍ത്തിട്ടുണ്ട്.
”ഇതെങ്ങനെ കിട്ടി?” തമാറ ചോദിച്ചു.
”കഴിഞ്ഞ ഒരു ദിവസം
ഇങ്ങോട്ടുവന്ന രണ്ടുപേരുടെ കൈയില്‍ ഉണ്ടായിരുന്ന സാധനങ്ങളാണ് ഇതെല്ലാം. അവര്‍ ഇവിടെ ഇരുന്ന നേരം എവിടെ നിന്നെന്നറിയില്ല പാഞ്ഞുവന്ന ഒരു കുരങ്ങന്‍ അവരുടെ കൈയില്‍ നിന്ന് അതെല്ലാം തട്ടിപ്പറിച്ച് വെള്ളത്തിലേക്കെറിഞ്ഞു..”
വെറുപ്പോടെ ചീങ്കണ്ണി മുഖം ചുളിച്ചു.
”ഒരു സ്വാദുമില്ലാത്ത കുറച്ചു സാധനങ്ങള്‍. എന്റെ ഒരു പല്ലു പാതി പൊട്ടുകയും ചെയ്തു.”
തമാറ പറഞ്ഞു.
”ഞാന്‍ ആ കുരങ്ങനെ തേടിയാണു നടക്കുന്നത്.”
”ഓഹോ.. അങ്ങനെയാണോ? എങ്കില്‍ നിന്റെ നടപ്പിനിടയില്‍
എന്റെ കൂട്ടുകാരിയെ എവിടെങ്കിലും കാണുകയാണെങ്കില്‍ ഞാന്‍ ഇവിടെ ഉണ്ടെന്നു പറയണേ.”
”നിന്റെ കൂട്ടുകാരിക്ക് എന്തു
പറ്റി?”
”ഞങ്ങള്‍ പണ്ട് പുഴക്കരയില്‍ ഒരുമിച്ചു കഴിഞ്ഞതാണ്. ഒരിക്കല്‍ കുറേ ആളുകള്‍ ചേര്‍ന്ന് ഞങ്ങളെ പിടിച്ചു കൊണ്ടുപോയി. ഞാന്‍ ഇടയ്ക്ക് രക്ഷപ്പെട്ടു.”
ആളുകള്‍ അതിന്റെ കഥ കഴിച്ചിട്ടുണ്ടാകുമെന്ന് തമാറയ്ക്ക് തോന്നി.
”രക്ഷപ്പെടണ്ടായിരുന്നെന്ന്
ഇപ്പോള്‍ തോന്നുന്നുണ്ട്.” അവന്‍ കടുവയുടെ നേരേ നോക്കി.
”മനുഷ്യര്‍ എന്റെ കൂട്ടുകാരിയെ തല്ലിക്കൊന്നിട്ടുണ്ടാകും അല്ലേ…? ചീങ്കണ്ണിയുടെ ഇറച്ചിയും തോലും നല്ലതെന്ന് ആളുകള്‍ പറയുന്നതു കേട്ടിട്ടുണ്ട്. എന്നാലും ഒരു ചെറിയ പ്രതീക്ഷ…” ചീങ്കണ്ണി നിര്‍ത്തി.”
എന്നെങ്കിലും കാണുമെന്ന്..”
”തീര്‍ച്ചയായും…” തമാറ പറഞ്ഞു. ”നിന്റെ കൂട്ടുകാരിയുടെ കാര്യം എന്റെ മനസ്സില്‍ ഉണ്ടാകും.”
ഒരു മണിക്കൂര്‍ നേരത്തെ ചാടിമറിയലിനു ശേഷം കുരങ്ങുകളി അവസാനിപ്പിച്ച് കിട്ടിയ തുട്ടുകളൊക്കെ കുരങ്ങാട്ടി എണ്ണാന്‍ തുടങ്ങി. ഇന്ന് മൂന്നുകളി നടത്തിയെങ്കിലും വേണ്ടത്ര പണമൊന്നും കിട്ടിയില്ല.കുരങ്ങാട്ടി എണ്ണിക്കൊണ്ടിരുന്ന തുട്ടുകളിലേക്കും അയാളുടെ മുഖത്തേക്കും മാറി മാറി നോക്കിക്കൊണ്ടിരുന്ന മാര്‍ക്കോയോട് കുരങ്ങാട്ടി പറഞ്ഞു.
”ഇന്ന് നിന്റെ തീറ്റയുടെ പാതിയും വെട്ടിക്കുറച്ചിരിക്കുന്നു. നിന്റെ തിരിച്ചിലും മറിച്ചിലും ഒന്നും ഇപ്പോള്‍ ആര്‍ക്കും പിടിക്കുന്നില്ല.”
മാര്‍ക്കോ തല ചൊറിഞ്ഞു.
മേലാകെ ചൊറിഞ്ഞു. ഇയാളുടെ ഒപ്പം വന്നതിനു ശേഷം ഒരിക്കല്‍ പോലും വയര്‍ നിറയെ ഭക്ഷണം കഴിക്കാനൊത്തിട്ടില്ലെന്ന് മാര്‍ക്കോ ഓര്‍ത്തു. ഇപ്പോള്‍ കുരങ്ങുകളി കാണാന്‍ ആളുകള്‍ കുറവാണ്. വരുന്നതധികവും കുട്ടികളാണ്. അവരുടെ കൈയില്‍ പൈസയും ഉണ്ടാകില്ല. കളി തീരുന്നതുവരെ ചുറ്റുമിരിക്കും. ഒടുക്കം കുരങ്ങന്റെ കുറ്റവും കുറവും വിളിച്ചു പറയും.
”പഴയ നമ്പറുകളൊക്കെ ആളുകള്‍ക്ക് മടുത്തു. നാലു കാശുകിട്ടണമെങ്കില്‍ പുതിയതു വല്ലതുമൊക്കെ കണ്ടുപിടിച്ചേ മതിയാകൂ.” കുരങ്ങാട്ടി അയാളോടു തന്നെയെന്നവണ്ണം പറഞ്ഞു.
കുരങ്ങാട്ടി എഴുന്നേറ്റ് മാര്‍ക്കോയേയും കൊണ്ട് നടക്കാന്‍ തുടങ്ങി. എവിടെയെങ്കിലും ഒന്നു രണ്ടിടങ്ങളിലും കൂടി കളി നടത്തണം. എന്നാലേ കുറച്ചെന്തെങ്കിലും
ബാക്കി വെക്കാന്‍ കഴിയൂ. അയാള്‍ ഇപ്പോള്‍ കുറച്ചു പണം സൂക്ഷിച്ചു വെക്കാന്‍ ശ്രമിക്കുന്നുണ്ട്. മാര്‍ക്കോ അയാളുടെ കണ്ണു വെട്ടിച്ച്
ഇനിയും കടന്നു കളയുമെന്ന് അയാള്‍ക്കറിയാം. പോയാല്‍ അവന്‍ വീണ്ടും വലയിലാകുമെന്നും അറിയാം. അതിനിടയിലുള്ള ദിവസങ്ങളിലേക്കുള്ള കരുതിവെയ്പാണത്. അവനിപ്പോള്‍ അഞ്ചു തവണയെങ്കിലും തന്റെ കൈയില്‍ നിന്നും രക്ഷപ്പെട്ടിട്ടുണ്ട്. അഞ്ചു തവണയും ഒരേ വലയില്‍ തന്നെ അവന്‍ കുരുങ്ങുകയും ചെയ്തു.
മറ്റു കുരങ്ങന്മാരാരും അവനെ കൂട്ടത്തില്‍ കൂട്ടില്ല എന്നുള്ളത് ഒരു നല്ല കാര്യം തന്നെ.
പണ്ട് പട്ടണത്തില്‍ ഒന്നോ രണ്ടോ കളി നടത്തിയാല്‍ ഒന്നു രണ്ടു ദിവസത്തേക്കുള്ള പണം കിട്ടുമായിരുന്നു. ഇപ്പോള്‍ പട്ടണത്തില്‍ കളി നടത്താന്‍ സമ്മതിക്കില്ല. കുരങ്ങനെക്കൊണ്ടുള്ള കളികളെല്ലാം നിരോധിച്ചിരിക്കുന്നു. പോലീസു കണ്ടാല്‍ വിരട്ടി ഓടിക്കും. ഒന്നു രണ്ടു തവണ കുരങ്ങാട്ടിയെ പോലീസ് സ്റ്റേഷനില്‍ കൊണ്ടു പോയി വൈകുംവരെ ഇരുത്തി. മാര്‍ക്കോയെ ചങ്ങലയില്‍ നിന്നും ഊരി വിടുകയും ചെയ്തു.
(തുടരും)