- ഇഷ്ടമില്ലാത്ത യാത്ര (ഹാറ്റാചുപ്പായുടെ മായാലോകം 1)
- ശരിക്കും കാട് (ഹാറ്റാചുപ്പായുടെ മായാലോകം 2)
- രുചിയുള്ള വീട് (ഹാറ്റാചുപ്പായുടെ മായാലോകം 3)
- പരിഹാരം അകലെ (ഹാറ്റാചുപ്പായുടെ മായാലോകം 58)
- എല്ലാവര്‍ക്കുമുള്ളത് (ഹാറ്റാചുപ്പായുടെ മായാലോകം 4)
- മരക്കൊമ്പുകളും കൊമ്പനാനയും (ഹാറ്റാചുപ്പായുടെ മായാലോകം 5)
- പേടി മാറാനൊരുമ്മ (ഹാറ്റാചുപ്പായുടെ മായാലോകം 6)
ജീപ്പ് വീട്ടുമുറ്റത്തെത്തി നിര്‍ത്തിയതും ദേവേശി ചാടിയിറങ്ങി – മുയല്‍ക്കുട്ടികളെ വെച്ചിരിക്കുന്ന കൂടയുമായി! കൂടയുടെ വാതില്‍ തുറന്ന് അവള്‍ അവയെ സ്വതന്ത്രരാക്കി. വരാന്തയിലും മുറ്റത്തും പുല്‍ത്തകിടിയിലുമൊക്കെ അവരോടിക്കളിയ്ക്കാന്‍ തുടങ്ങി. ദേവേശി അവര്‍ക്ക് പഴങ്ങളും കാരറ്റുമൊക്കെ കൊടുത്തു. തൂവെളുപ്പും കരിക്കറുപ്പും തവിട്ടും ചാരനിറവും തേന്‍നിറവും പുള്ളികളുമൊക്കെയുള്ള ആറു സുന്ദരക്കുട്ടന്മാര്‍! മുയല്‍ക്കുട്ടികളെ കിട്ടിയ വിവരം ഉടനെതന്നെ തന്റെ കൂട്ടുകാരെ അറിയിക്കാനുമവള്‍ മറന്നില്ല. ഫര്‍ഹാനും ആരവും ദല്‍ബീറും ജാന്‍വിയും ഇവാനായും ദര്‍പ്പണയുമൊക്കെ ഓടിയെത്തി. മുയല്‍ക്കുട്ടികള്‍ക്കൊപ്പം കളിക്കുട്ടികളായി അവരെല്ലാവരും.
”എന്തു പറഞ്ഞു ആദിമൂപ്പന്‍?” ചന്ദ്രപ്പൂപ്പന്‍ മമ്മയോടു ചോദിച്ചു. മമ്മ മുഖമുയര്‍ത്താതെ, കുനിഞ്ഞിരിയ്ക്കുകയാണ്. പാണ്ഡവന്‍ കാട്ടില്‍ നിന്നു തിരിച്ചെത്തിയപ്പോള്‍ മുതല്‍ മമ്മയുടെ മുഖത്ത് വല്ലാത്തൊരു സങ്കടത്തിന്റെ ഇരുട്ടു പരന്നിരിക്കുന്നുവെന്നത് ചന്ദ്രപ്പൂപ്പന്‍ ശ്രദ്ധിച്ചു.
”അല്ല, മൂപ്പന്‍ പറഞ്ഞോ… പരിഹാരമൊന്നുമില്ലെന്ന്?” ചന്ദ്രപ്പൂപ്പന്‍ വീണ്ടും ചോദിച്ചു. മമ്മ പതിയെ മുഖമുയര്‍ത്തി ”ഉണ്ട്… പരിഹാരമുണ്ട്… പക്ഷേ…. എനിക്കറിയില്ല ചന്ദ്രാ…”
ഒന്നിലും കുലുങ്ങാത്ത മാളികേലമ്മയ്ക്ക് എന്തുപറ്റിയെന്നാലോചിച്ചു നിന്നുപോയി ചന്ദ്രപ്പൂപ്പന്‍. വല്ലാത്തൊരു കാലം തന്നെ!
”ഇതിന്റെ പേര് സ്‌നോവൈറ്റ്, ഇതു ക്ലൗഡ്… പിന്നെ ഇത് പീനട്ട്, പിന്നേ…. ഇത് കാരമല്‍…, ഇതാണ് ആഷസ്…. ഇതിന്റെ പേര് പൊല്‍ക്ക…. പിന്നെ….”
ദേവേശി മുയല്‍ക്കുട്ടികള്‍ക്കു വേണ്ടി താന്‍ കണ്ടെത്തിയ പേരുകള്‍ കൂട്ടുകാരോടു പറയുന്നതിനിടയ്ക്കു കയറി ഇവാനാ പറഞ്ഞു:
”അയ്യേ… ഒട്ടും രസമില്ലാത്ത പേരാ. ഇതെല്ലാം ഞാമ്പറയാം നല്ല പേരുകള്.”
ദേവേശിയുടെ മുഖം വാടി. അടുത്ത നിമിഷം ഫര്‍ഹാന്‍ ചാടിയെഴുന്നേറ്റു ‘ക്ലൗഡ്ന്നുള്ള പേര് മാത്രമേയുള്ളൂ രസമില്ലാത്തത്… പിന്നെ പീനട്ടും… ബാക്കിയെല്ലാം നല്ല പേരാ…”
ഇവാനായ്ക്കു ദേഷ്യം വന്നു ”പിന്നേ… നിനക്കല്ലേ എല്ലാം അറിയാവുന്നത്…?”
ദര്‍പ്പണ ഇവാനയുടെ കയ്യില്‍ ചെറുതായൊന്നു തട്ടി ”ഇവാ എന്തിനാ എപ്പഴും ദേഷ്യപ്പെടുന്നേ?” അതുകേട്ട് ദല്‍ബീര്‍ ദര്‍പ്പണയെ കളിയാക്കി. ”ഓ, നിനക്കു പിന്നെ ദേഷ്യം ഒന്നുമില്ലല്ലോ” ആരവ് ദല്‍ബീറിനെ ശാസിച്ചു ”എടാ, നീ മിണ്ടാതിരിക്ക് ഞാമ്പറയാം, ഏതാ നല്ല പേരെന്ന്….”
വഴക്കു മുറുകുന്നതിനിടയില്‍ ചന്ദ്രപ്പൂപ്പന്‍ അങ്ങോട്ടു വന്നു. സംഗതി പന്തിയല്ലെന്നു മനസ്സിലായ ചന്ദ്രപ്പൂപ്പന്‍ കുട്ടികളോടു പറഞ്ഞു:
”എല്ലാരും വണ്ടീല്‍ കയറ്… ഞാന്‍ നിങ്ങളെയൊക്കെ വീട്ടില്‍ കൊണ്ടു ചെന്നാക്കാം.. മതി കളിച്ചത്.”
അന്നു വൈകുന്നേരം നാമം ജപിച്ചു കഴിഞ്ഞ് നീളന്‍ വരാന്തയിലെ തൂണില്‍ ചാരിയിരിക്കുമ്പോള്‍ ദേവേശി മമ്മയുടെ മടിയില്‍ തലവെച്ചു കിടന്നുകൊണ്ടു ചോദിച്ചു
”മമ്മാ, എന്തിനാ മമ്മ സങ്കടപ്പെട്ടിരിക്കുന്നത്?”
മമ്മ അവളുടെ കവിളില്‍ തലോടി, മുടിയിഴകള്‍ ഒതുക്കി വെച്ചു.
”കുട്ടാ, നീ കണ്ടില്ലേ നിന്റെ കൂട്ടുകാര് വഴക്കുണ്ടാക്കുന്നത്? നിനക്കു കൂട്ടിരിക്കാന്‍ വരാറുള്ള കുഞ്ഞമ്മൂമ്മയുടെ വീട്ടില് തീ പിടുത്തമുണ്ടായി… ബസ് സ്റ്റോപ്പിന്റെ പിറകില് താമസിക്കുന്ന ആന്റോയുടെ വീട് ഇടിഞ്ഞുവീണു. നമ്മുടെ വീടിനപ്പുറത്തുള്ള തേക്കിന്‍ കാട്ടില്‍ ഗണേശനാനയും രണ്ടു കാട്ടുപോത്തുകളും തമ്മില്‍ ഭയങ്കര യുദ്ധം… മൂന്നാള്‍ക്കും പരുക്കുപറ്റി. പിന്നെ, സേവ്യറപ്പാപ്പന്റെ വാഴയും കപ്പയും പച്ചക്കറിയുമെല്ലാം കരിഞ്ഞുണങ്ങിപ്പോയി… കരിന്തൂറുകണ്ണന്മാരുടെ പണി.”
ദേവേശി എഴുന്നേറ്റിരുന്നു ”മമ്മാ, ആദിമൂപ്പനോടു ചോദിക്കാമെന്നല്ലേ പറഞ്ഞത് എന്തു ചെയ്യണമെന്ന്?”
മമ്മ സാവകാശമാണ് മറുപടി പറഞ്ഞത്:
”ചോദിച്ചു, പക്ഷേ, എന്റെ ദേവുമോള് മൂന്നു പകലും രാത്രീം മുഴുവന്‍ വീട്ടിനു പുറത്ത് ആ തൊപ്പിയുടേം ചുപ്പായുടേം കൂടെ വെയിലും മഴേം കൊണ്ട് കഴിയണം. എന്നാലേ പരിഹാരമുണ്ടാവൂന്നാ മൂപ്പന്‍ പറഞ്ഞത്…”
ങ്‌ഹേ! ദേവേശി ഞെട്ടിപ്പോയി. കരിന്തൂറുകണ്ണന്മാരെപ്പറ്റി കേള്‍ക്കുമ്പോള്‍ത്തന്നെ പേടിയുള്ള താനെങ്ങനെയാണ് രാത്രിയും പകലും പുറത്തു കഴിയുന്നത്?
ദേവേശി മമ്മയെ മുറുകെ കെട്ടിപ്പിടിച്ചുകൊണ്ടു കിണുങ്ങാന്‍ തുടങ്ങി.
”മമ്മാ, പ്ലീസ് എനിക്കു പേടിയാ മമ്മാ.. ഞാന്‍ വീടിനു പൊറത്തു പോവില്ല മമ്മാ…”
മമ്മ അവളുടെ നെറ്റിയിലുമ്മ വെച്ചു: ”വേണ്ട, എന്റെ മോളൂ പോവണ്ട. പേടിക്കണ്ട ട്ടോ…”
(തുടരും)






















