സര്‍ക്കാര്‍ ഉദ്യോഗസ്ഥനായതുകാരണം കര്‍ക്കിടകവാവിന് നിയന്ത്രിത അവധിയുണ്ട്. ഭാര്യയുടെ മുതലാളി വിദേശിയായതുകാരണം കര്‍ക്കിടകമില്ല, വാവും. പിള്ളേര്‍ക്ക് അവധി വാവും, റെഡ് അലേര്‍ട്ടും. പിള്ളേരെ പതിവുപോലെ അമ്മായിയമ്മയുടെ തിരുസന്നിധിയില്‍ തള്ളി, വാവുബലിക്ക് പോകാന്‍ തയ്യാറായി.
പെട്ടെന്ന് ഏകാത്മദര്‍ശനം അഥവാ നവോത്ഥാനം പൊട്ടിച്ചിതറി, ഓപ്പണ്‍ഹെയ്മറുടെ മനസ്സില്‍ ആറ്റംബോംബ് ആശയം പൊട്ടിയതുപോലെ..
കര്‍ക്കിടക വാവിന് എന്തിനു ഏതെങ്കിലും ക്ഷേത്രത്തിലോ, പുഴത്തീരത്തോ പോയി ക്യൂ നിന്ന് ശ്രാദ്ധമൂട്ടുന്നു?
റെവല്യൂഷന്‍ സ്റ്റാര്‍ട്ട് അറ്റ് ഹോം..
പിന്നെ ഒന്നുംനോക്കീല, ഇന്നലെ വൈകീട്ട് കത്തിച്ച വിളക്കിന്റെ തിരിയെടുത്ത് വലിച്ചെറിഞ്ഞു, കയ്യില്‍ പറ്റിയ എണ്ണ തലയില്‍ തുടച്ചു. പുതിയ തിരിയിട്ട് കത്തിച്ചു. ഭാര്യ ബാക്കിവെച്ചിരുന്ന ചോറെടുത്ത് തൂശനിലയില്‍..
ചതിച്ചു.. തൂശനില ഇല്ല..
ആത്മാക്കള്‍ തൂശനിലയില്‍ അല്ലെങ്കില്‍ ഉണ്ണൂല്ലാ..
അപ്പൊ വാഴേല ഇല്ലാത്ത നാട്ടില്‍ ആത്മാക്കള്‍ എന്തുചെയ്യും? പട്ടിണികിടക്ക്വൊ?
നിവര്‍ത്തില്ലാന്നുവെച്ചാ.. ചിലപ്പോ പ്രാദേശിക ഇലയിലും ഉണ്ണും.
പ്രാദേശിക ഇലയില്‍ ഉണ്ണുന്നുവെച്ചാ പ്ലേറ്റിലും ഉണ്ണും.
പ്ലേറ്റ് സ്റ്റീല്‍ വേണ്ട സിറാമിക് തന്നെ ആയിക്കോട്ടെ. ചോറ്, ഉണ്ടായിരുന്ന അച്ചിങ്ങ മെഴുക്കുപുരട്ടി, മോരും ഉപ്പും പിന്നെ അല്പം മാങ്ങാക്കറിയും പപ്പടവും ഒരു ഭംഗിക്കും വെച്ച് വിളക്കുകത്തിച്ചു. ഇനി പുകയുടെ കുറവുവേണ്ട, കൂടെ കുറച്ച് ചന്ദനത്തിരിയും കത്തിച്ച് വെച്ചു. ഹിന്ദി സിനിമയിലെ ഓവര്‍ ആക്ട് കോമഡി സീന്‍ പോലെ ചന്ദനത്തിരിക്ക് മുടിഞ്ഞ പുക. ബ്രഹ്‌മപുരം വീണ്ടു കത്തിയെന്നു കരുതി ആത്മാക്കള്‍ വരാതിരിക്കുമോ ആവോ? നമുക്കല്ലേ പോകാന്‍ വേറെ സ്ഥലമില്ലാത്തതുള്ളൂ.. അവര്‍ക്ക് പോകാന്‍ ഇടങ്ങള്‍ വേറെ ഉണ്ടല്ലോ.
സെറ്റപ്പ് റെഡി. ഇനി തുടങ്ങാം..
അല്ലാ ഇപ്പൊ ഇതെന്തൂന്ന് പറഞ്ഞു വിളിക്കും?
ആരെ?
ആത്മാക്കളെ..
പൊട്ടാ ഇതൊക്കെ നേരത്തെ പ്ലാന്‍ ചെയ്യേണ്ടേ..
വിപ്ലവങ്ങള്‍ പൊട്ടിമുളക്കുകയാണ്.. നട്ടു വളര്‍ത്തുന്നവയല്ല.
വിപ്ലവം പൊട്ടിമുളക്കുമായിരിക്കും. പക്ഷെ ആത്മാക്കള്‍, അത് അച്ഛനും അമ്മയും ആയാലും വിളിക്കാതെ വരില്ല.
വരില്ല്യാ?
ഇല്ല്യാ… അതാണ് നാട്ടുനടപ്പ്.
വിളിക്കാം.. ശ്ലോകങ്ങള്‍ വല്ലതും അറിയ്യോ? സംസ്‌കൃതശ്ലോകം?
സംസ്‌കൃതത്തില്‍ തന്നെ ആത്മാക്കളെ വിളിക്കണമെന്ന് വേദങ്ങളില്‍ പറഞ്ഞിട്ടില്ലല്ലോ?
ഇല്ലെന്നാണ് അറിവ്.. സംശയമുണ്ടെകില്‍ വാമന്‍ജിയോട് ചോദിക്കാം..
വേണ്ടാ അങ്ങേര് പറയുന്നത് മനസ്സിലാക്കി ചാത്തമൂട്ടാറാവുമ്പോഴേക്ക് അടുത്ത കര്‍ക്കിടക വാവ് ആയിക്കാണും.
അപ്പൊ എന്താ പരിപാടി? അടുത്ത അമ്പലത്തില്‍ പെട്ടെന്ന് പോയാല്‍ ബാക്കി വന്ന ചോറ് എടുത്ത് ചോറുണ്ട്, പ്രഷറും ഷുഗറും പിടിച്ച് തളര്‍ന്നിരിക്കുന്ന പ്രാവുകള്‍ക്ക് എറിഞ്ഞു കൊടുക്കാം.. അവര്‍ തിന്നിട്ട് ബാക്കി ആത്മാക്കള്‍ക്ക് കൊടുത്തോളും. വിജയം അല്ലെങ്കില്‍ മരണം.. വിപ്ലവത്തിലും വാവുബലിയിലും.
മനസ്സിലായില്ല.
രണ്ടിലും (വിപ്ലവത്തിലും വാവുബലിയിലും) വിജയിക്കാന്‍ ഒരു വഴിയും കണ്ടില്ലെങ്കില്‍ നമ്മള്‍ ചെയ്യുന്നതിനെയാണ് ‘അടവുനയം’ എന്ന് ഓമനപ്പേരിട്ട് പത്രക്കാരെകൊണ്ട് നമ്മള്‍ വിളിപ്പിക്കുന്നത്, അല്ലെങ്കില്‍ സമൂഹത്തിനു ഇതാണ് മാതൃകയും, നല്ലതും, ശരിയും എന്ന് നമ്മള്‍ സ്വയം പ്രഖ്യാപിച്ചു അത് ഉയര്‍ത്തിക്കാട്ടും. അതാണ് അടവുനയത്തിന്റെ ഗുണം. എപ്പോവേണമെങ്കിലും നമുക്ക് എന്തുതോന്ന്യാസവും നടപ്പിലാക്കിയിട്ട് ഇതാണ് അടവുനയമെന്നു പറയാം. ഒരു ലക്ഷ്യത്തില്‍ നിര്‍ത്തുവാനുള്ള യാത്രയല്ല വിപ്ലവവും നവോത്ഥാനവും. നിരന്തര യാത്രപോലെയാണവ.. നിരന്തരം നവീകരിച്ചുകൊണ്ടിരിക്കും. ഒരു സാമ്പിള്‍ ഇങ്ങനെയിരിക്കും.
വീണ്ടും ഒന്നും മനസ്സിലായില്ല..
‘വസ്തുനിഷ്ഠ ഘടകത്തെ മാത്രം നോക്കി ആത്മനിഷ്ഠഘടകത്തെ കാണാതെ ഒരു ഘട്ടത്തെ നിര്‍ണ്ണയിക്കുവാന്‍ കഴിയില്ല. ആത്മനിഷ്ഠ ഘടകത്തിന്റെ ആഗ്രഹത്തെ മാത്രം അടിസ്ഥാനപ്പെടുത്തി വസ്തുനിഷ്ഠഘടകത്തിന്റെ സാഹചര്യത്തെ മൂര്‍ത്തമായി കാണാതെ ഒരു ഘടകത്തെയും നിര്‍ണ്ണയിക്കുവാനും സാധ്യമല്ല.’ മനസ്സിലായോ?
ഇനിമേലാല്‍ ഇത് വീണ്ടുംപറഞ്ഞാല്‍ നിന്നെ ആത്മാവാക്കി വാവുബലിയും ഇട്ട് ഇന്നുതന്നെ പരലോകത്തേക്ക് പറത്തും.
വാഴയിലയില്ല, കായയും ചേനയും മെഴുക്കുപുരട്ടിയുമില്ല, പകരം ഇന്നലത്തെ അച്ചിങ്ങ മെഴുക്കുപുരട്ടി, (അതും ഫ്രിഡ്ജില്‍ മീന്‍ കൂട്ടാന്റെ കൂടെ ഇരുന്ന് തണുത്ത് മരവിച്ചു മരിച്ചത്) പോരാത്തതിന് സംസ്‌കൃതവുമില്ല.
ഇല്ല.. ആത്മാക്കള്‍ ആരും വരില്ല.
വന്നില്ലെങ്കില്‍ ആരും അറിയാനൊന്നും പോണില്ലല്ലോ. നമുക്ക് വിളിക്കാം… ആരെങ്കിലും വരാതിരിക്കില്ല.
അതെ മലയാളത്തെ, പെറ്റനാടിനെ, മാതൃഭാഷയെ മറക്കാത്ത ആത്മാക്കള്‍ ആരെങ്കിലും ഉണ്ടാവാതിരിക്കില്ല.
കുറഞ്ഞപക്ഷം അപ്പൂപ്പനെങ്കിലും വരും. പേരുകേട്ട മലയാള അധ്യാപകനായിരുന്നല്ലോ മൂത്ത കാര്‍ന്നോര്..
ന്നാ തൊടങ്ങാം..
മരിച്ചുപോയ അച്ഛനും അമ്മയ്ക്കും, അവരുടെ കാര്‍ന്നോര്‍മാര്‍ക്കും ഇന്ന് ജീവിച്ചിരിക്കുന്ന ഞാന്‍ സമര്‍പ്പിക്കുന്ന വാവുബലി.. ശരിയാണോ?
ഏതാണ്ട് ശരിയാണ്.. നിര്‍ത്തേണ്ട.. കാച്ചിക്കോ..
പ്രിയപ്പെട്ട അച്ഛാ അമ്മേ.. അവരുടെ ഏഴുതലമുറയില്‍പെട്ട കാര്‍ന്നോമ്മാരെ എനിക്ക് ചില സാങ്കേതിക കാരണങ്ങളാല്‍ ആലുവയിലോ, ചേലാമറ്റത്തോ പോകുവാന്‍ പറ്റിയില്ല. നാളെയാവട്ടെ എന്നുപറഞ്ഞു മാറ്റിവെക്കാനും പറ്റില്ലല്ലോ. എന്നെകൊണ്ടാവും വിധം ഞാന്‍ ഈ ശ്രാദ്ധം ഊട്ടുകയാണ്.. സഹകരിക്കണം.. പെങ്ങളുടെ അടുത്ത് എല്ലാ വര്‍ഷവും പോകുന്നതല്ലേ.. അത്രയും റിച്ചൊന്നുമല്ല.. ന്നാലും ഇത്തവണ പ്ലീസ്..
ആദ്യം തന്നെ സംസ്‌കൃതം അറിയാത്തതിനാല്‍ മലയാളത്തില്‍ വിളിക്കുന്നതിന് ക്ഷമ.. ചോദിക്കുന്നു.
അതിനു നിന്നോടാരാ പറഞ്ഞെ ഞങ്ങളെ സംസ്‌കൃതത്തില്‍ വിളിക്കണമെന്ന്?
അപ്പൂപ്പാ നമസ്‌കാരം ആദ്യമേ തന്നെ വന്നൂല്ലേ? താങ്ക്‌സ്.
ഞാന്‍ മാത്രമല്ല എല്ലാരും വരുന്നുണ്ട്.. ചത്തിട്ടും ചെറുപ്പക്കാരുടെ എല്ലാം തടിയും, ഷുഗറും ഒന്നും പൂര്‍ണ്ണമായിട്ടും ഇതുവരെ മാറിയിട്ടില്ല. എന്റെ എല്ലാ അസുഖങ്ങളും മാറി. അതുകൊണ്ട് ആദ്യമെത്തി.
ന്നാ പിന്നെ എല്ലാവരുംകൂടി ഈ കുത്തരിച്ചോറും അച്ചിങ്ങ മെഴുക്കുപുരട്ടിയും കൂട്ടി ഊണ് കഴിക്കണം.
പപ്പടവും, മാങ്ങാക്കറിയും ഞങ്ങള്‍ക്കല്ലേ നീ വെച്ചേക്കണേ.. മാങ്ങാക്കറിയുടെ ആരാധകനായ അച്ഛന്‍ വയലന്റായി.
എല്ലാവരും വന്നു എടുത്തോളൂ.. ആവശ്യത്തിലധികം വെച്ചിട്ടുണ്ട്.. അമ്മാവന്‍ പതിവ് റോള്‍ ഭംഗിയാക്കുന്നുണ്ട്, അതിനിടയിലും ഭാര്യക്ക് ഒരു വറ്റുകൂടി കൂടുതല്‍ കൊടുക്കുവാനും ശ്രമിക്കുന്നുണ്ട്.
അമ്മേ എങ്ങിനെയുണ്ട് അവിടെ?
സീരിയല്‍ ഇല്ല, തൊഴിലുറപ്പും.
രണ്ടും ഒന്നല്ലേ? ഒരിക്കലും തീരില്ല. നീണ്ടുപോകും ഒരു റിസള്‍ട്ടുമുണ്ടാകുകയുമില്ല..
അതാരാ അമ്മേ പുറകില്‍ നില്‍ക്കുന്നേ? മനസ്സിലായില്ല.
നിനക്കറിയില്ല.. അമ്മൂമ്മയുടെ ഒരു അകന്ന ബന്ധുവാ.. എല്ലാരും വലിയ നിലയില്‍ വിദേശത്താ.. അതുകാരണം ഇങ്ങേരു മുഴുപട്ടിണിയാ.. കുറച്ചുവര്‍ഷമായിട്ട്..
ജന്മത്ത് കാണാത്ത അകന്ന ബന്ധുവിനും കൊടുത്തു ബലിച്ചോറ്..
നീ ബന്ധുക്കളെ മാത്രമേ വിളിച്ചുള്ളൂ അല്ലേ? പതിവുപോലെ അമ്മ പിണങ്ങാനുള്ള തയ്യാറെടുപ്പില്‍ ആയി.
അല്ല ബന്ധുക്കളെ മാത്രമല്ലെ കര്‍ക്കിടകവാവിന് വിളിക്കാവൂ എന്നല്ലേ?..
എന്നാരുപറഞ്ഞൂ.. വേദപണ്ഡിതന്‍ കൂടിയായ അപ്പൂപ്പനാണ് കൂടുതല്‍ ദേഷ്യത്തില്‍….
നിനക്ക് ചോറ് സിറാമിക് പ്‌ളേറ്റില്‍ തരാം, കായയും ചേനയും എന്ന നിയമം മാറ്റി ഫ്രിഡ്ജില്‍ വെച്ച അച്ചിങ്ങ മെഴുക്കുപുരട്ടി ഞങ്ങള്‍ക്ക് തരാം… മരിച്ചുപോയ കൂട്ടുകാരെ, അവര്‍ക്ക് മക്കളും ബന്ധുക്കളും ഇല്ലെങ്കില്‍ പിന്നാരാ ഒരു നേരത്തെ അന്നം കൊടുക്കുക. ചത്താ തീരുന്നതാണോ നിന്റെ ആധുനിക സൗഹൃദം…
മതി മതി… ഞാന്‍ വിളിച്ചോളാം… ഞാന്‍ വിളിച്ചാല്‍ വൈകിയാണെങ്കിലും അവര്‍ വരും.
പറ്റാവുന്നതുപോലെ ചമ്രം പടിഞ്ഞെന്നപോലെ ഇരുന്നു. മണ്മറഞ്ഞ കൂട്ടുകാരുടെ പേരുകള്‍ ഓര്‍ത്തെടുക്കുവാന്‍ തുടങ്ങി..
വേണ്ട വേണ്ടാ ആരെയും വിളിക്കേണ്ടാ നീ..
അതെന്താമ്മേ?
എല്ലാവരും വന്നിട്ടുണ്ട്.. നിനക്ക് അവരെ മറക്കാന്‍ പറ്റുമെങ്കിലും അവര്‍ക്ക് നിന്നെ മറക്കാന്‍ പറ്റുമോ? ഞങ്ങള്‍ക്കു പറ്റുമോ?
അതേ. കൂട്ടുകാരായ അജയനും, ആഷിറും, ഗോപാല്‍ജിയും അമ്മ സ്‌കൂളില്‍ പഠിപ്പിക്കാന്‍ പോകുമ്പോള്‍ എന്നെ വളര്‍ത്തിയ ഏലികുട്ടിച്ചേച്ചിയും, പറമ്പില്‍ തെങ്ങിന് തടംവെട്ടുന്ന സമയത്ത് പ്രകൃതിയുടെ രാഷ്ട്രീയവും, ചെടികളിലെ ഔഷധഗുണവും എന്നെ പഠിപ്പിച്ച കണ്ണഞ്ചിച്ചേട്ടനും, അമ്മയുടെ കൂട്ടുകാരി സതിച്ചേച്ചിയും എല്ലാവരും വന്നിട്ടുണ്ട്.
ഫൈവ്സ്റ്റാര്‍ ഹോട്ടലിലെ പ്ലേറ്റുപോലും ടിഷ്യു വെച്ച് തുടച്ചിട്ട് മാത്രം ഭക്ഷണം വിളമ്പാന്‍ അനുവദിക്കുന്ന അജയനും എണ്ണമയമുള്ള പ്ലേറ്റില്‍നിന്നും, ചോറിന്റെയൊപ്പം മീനുണ്ടെകില്‍ മട്ടനെവിടെ എന്നു ഭാര്യയോട് ചോദിക്കുന്ന ആഷിറും കുത്തരിച്ചോര്‍ അച്ചിങ്ങ മെഴുക്കുപുരട്ടിയും കൂട്ടി ഒരു വിഷമവുമില്ലാതെ കഴിക്കുന്നു. ഏലികുട്ടിച്ചേച്ചിക്കും, കണ്ണഞ്ചിച്ചേട്ടനും, സതിച്ചേച്ചിക്കും ജീവിച്ചിരിക്കുമ്പോഴും, പിന്നീട് ഇപ്പോള്‍ വര്‍ഷങ്ങളായും ഈ ഭക്ഷണം ശീലമായതാണല്ലോ..
നമ്മള്‍ ആദ്യം വിളിച്ചു ഒരു വറ്റെങ്കില്‍ ഒരു വറ്റ് സ്‌നേഹത്തോടെ നല്‍കേണ്ടത് നമ്മളെ സ്‌നേഹിച്ചവര്‍ക്കാണ്, കൂടെനിന്നവര്‍ക്കാണ്, അല്ലാതെ ജന്മത്ത് കാണാത്ത, പിറകില്‍നിന്നുകുത്തിയ ബന്ധുക്കള്‍ക്കല്ല.
വന്നവര്‍ക്കു ഭൂരിപക്ഷം പേര്‍ക്കും സംസ്‌കൃതം അറിയില്ല.. ചിലര്‍ക്ക് മലയാളംപോലും എഴുതാന്‍ അറിയില്ല..
പൂര്‍വികരെ, മണ്മറഞ്ഞുപോയവരെ വിളിക്കേണ്ടത് ഭാഷകൊണ്ടല്ല, ഹൃദയംകൊണ്ടാണ്. നല്‍കേണ്ട ഭക്ഷണം ശ്രദ്ധയോടുള്ള അനുസ്മരണമാണ്, അത് മരണത്തിനു മുന്‍പും ശേഷവും. അവര്‍ വരും വീട്ടിലായാലും, ക്ഷേത്രത്തിലായാലും.
പോകുന്നതിനുമുമ്പ് അമ്മ സ്‌നേഹത്തോടെ പറഞ്ഞു.. ഇനി വീട്ടില്‍ മതി. തിരക്കില്ലാത്ത, എവിടെയെന്ന് തിരക്കാതെ നേരെവന്നു കഴിക്കാല്ലോ…
ഇടനിലക്കാരനില്ലാതെ നേരിട്ട് വിളിക്കുന്നതാണ് ഞങ്ങള്‍ക്കുമിഷ്ടം..
അത് ഹൃദയതാളത്തില്‍, സ്‌നേഹത്തിന്റെ ഭാഷയില്‍.