ഇന്ന് പതിവിലധികം തിരക്കായിരുന്നു ഓഫീസില്‍. ഉച്ചക്ക് ഭക്ഷണം കഴിക്കുമ്പോഴത്തെ പതിവ് വര്‍ത്തമാനത്തിന് സമയം കിട്ടാത്തതിന്റെ പരിഭവത്തിലാണ് രാജി തന്റെ ഇരിപ്പിടത്തിലേക്ക് ചെന്നത്. യൂണിയന്‍ ജോസേട്ടന് പുതിയ ശമ്പള പരിഷ്‌ക്കരണത്തെക്കുറിച്ച് വാതോരാതെ പറയണമെന്നുണ്ടായിരുന്നു. പക്ഷെ കേള്‍വിക്കാര്‍ സമയമില്ലാത്തവരായി. വാര്യര്‍ക്ക് നല്ല തളിര്‍ വെറ്റില ഒന്ന് പുകയില കൂട്ടിപ്പിടിച്ച് ഇത്തിരി നേരം വാട്ട്‌സ് ആപ്പ് ചാറ്റ് ചെയ്യാത്തതിന്റെ അസ്വസ്ഥത നല്ലോണം ണ്ട്. ഫെമി ഭര്‍ത്താവിന്റെ വിളിക്ക് പിന്നെ വിളിക്കാം എന്നുപറഞ്ഞ് ഫോണ്‍ കട്ട് ചെയ്ത് ഫയലുകള്‍ക്കിടയിലേക്ക് വീണ്ടും ഓടിക്കയറി. നാളത്തെ അവധി ദിവസം കഴിഞ്ഞാല്‍ അദാലത്താണ്. അതിന്റെ ഫയല്‍ ഒരുക്കത്തിന്റെ അവസാനത്തിലാണ് ഓഫീസ്.
അദാലത്ത് ഒന്ന് കഴിഞ്ഞ് വേണം രണ്ടൂസം ലീവെടുക്കാന്‍ – രാജന്‍ സാര്‍ പറഞ്ഞപ്പോഴേക്കും രാജിയുടെ ചോദ്യം വന്നു – എന്തിനാ?
സുഖായിട്ടൊന്ന് ഉറങ്ങണം ന്റെ രാജ്യേ.
നിങ്ങക്കൊക്കെ സുഖായിട്ട് ഉറങ്ങാലോ, ഞങ്ങള്‍ക്ക് ലീവെടുത്താലും പണി തന്നെയല്ലേ വീട്ടില്‍ – ജലജ ചേച്ചി സങ്കടം പറഞ്ഞു തീരുന്നതിനിടയിലാണ് പ്രിയക്ക് അപ്പുവിന്റെ വിളി വന്നത് – അമ്മേ ഈ മുത്തച്ഛന്‍ കളിക്കാന്‍ കൂട്ടുന്നില്ല.
ശരി, അമ്മ പറയാം കൂട്ടാന്‍ എന്ന മറുപടിയോടെ അവന്‍ ശാന്തനായി.
അവന്റെ വലിയ കൂട്ട് മുത്തച്ഛനാണ്. എന്നാല്‍ ഇടക്കിടെ രണ്ടു പേരും തമ്മില്‍ അടികൂടുകയും തെറ്റിപ്പിരിയുകയും ചെയ്യും. അച്ഛനും ഇപ്പോള്‍ അവനെപ്പോലെ നാലു വയസ്സുകാരനായിരിക്കുന്നു. കഴിഞ്ഞ തവണ കണ്ടപ്പോള്‍ ഡോക്ടര്‍ ഉറപ്പിച്ചു പറഞ്ഞു – അച്ഛന്റെ ഓര്‍മ്മയിപ്പോള്‍ നാലു വയസ്സുവരെയുള്ളൂ.
ശരിക്കും അടി കിട്ടിയ വാക്കുകളായിരുന്നു അത്. അമ്മയും അനിലേട്ടനും പോയപ്പോഴും പിടിച്ചു നിന്നത് അച്ഛനിലായിരുന്നു. എന്തിനെയും ഏതിനെയും പേടിക്കാതെ നേരിടണം എന്ന് പഠിപ്പിച്ച അച്ഛന്‍ വല്ലാത്ത ധൈര്യമായിരുന്നു. പക്ഷെ അനിയേട്ടന്റെ പോക്കാണ് അച്ഛനെ ശരിക്കും തളര്‍ത്തിയത്. മകളെ ആലോചിച്ച് ഉള്ളില്‍ ഒരുപാട് തവണ കരഞ്ഞതിന്റെ ബാക്കിപത്രമായിരുന്നു ഓര്‍മ്മയും, താളവും തെറ്റല്‍.
വൈകുന്നേരം ഫ്‌ളാറ്റിലെത്തുമ്പോള്‍ ബാഗ് തുറന്ന് നോക്കാന്‍ ആദ്യമെത്തിയത് അച്ഛനായിരുന്നു. പിറകെയെത്തിയ അപ്പു മുത്തച്ഛനെ തള്ളി മാറ്റാന്‍ ശ്രമിക്കുന്നതിനിടെ അവള്‍ മിഠായി രണ്ടു പേര്‍ക്കും പങ്കിട്ടു നല്‍കി. രണ്ടു പേര്‍ക്കും ഒരേ പോലെ അല്ലെ എന്ന് സംശയത്തോടെ നോക്കുകയും ചോദിക്കുകയും ചെയ്യുന്നതിനിടയിലേക്കാണ് അവളുടെ ചോദ്യം വന്നത് – ആരാണിതെല്ലാം വാരിവലിച്ചിട്ടത്?
രണ്ടു പേരും പരസ്പരം കൈചൂണ്ടുകയും വിളിച്ചു പറയുകയും ചെയ്യുന്നത് ശ്രദ്ധിക്കാതെ അകമാകെ വാരിക്കിടക്കുന്ന കടലാസുകളിലേക്കും കളിപ്പാട്ടങ്ങളിലേക്കും അവള്‍ കുറച്ച് സമയം ക്ഷീണത്തോടെ നോക്കി.
ഇന്നും വാതിലില്‍ കുറെ നേരം തട്ടിയിരുന്നു എന്ന് ഫ്‌ളാറ്റിലെ വാച്ച്മാന്‍ രമേശന്‍ വരുമ്പോഴേ പറഞ്ഞിരുന്നു. അവനാണ് ഇപ്പോ ഒരു ആശ്വാസം. ഇടക്ക് വന്ന് വാതില്‍പ്പഴുതിലൂടെ ഒന്ന് കണ്ണോടിച്ച് പോകും. ഇടക്ക് വാതില്‍ തുറന്ന് അകത്ത് ചെല്ലും. അപ്പൂനും അച്ഛനും അവനെ ഇഷ്ടമാണ്. പറഞ്ഞാല്‍ അനുസരിക്കും.
അവരുടെ ഒരവസ്ഥ സങ്കടം തന്നെ, ചേച്ചീടത് അതിലും സങ്കടം – രമേശന്‍ ഇടക്കിടെ ഇത് പറഞ്ഞ് സ്വയം സങ്കടപ്പെടുന്നത് കാണാം. ആരുമല്ലാത്ത ഒരാളെങ്കിലും ഇങ്ങനെ ഒപ്പം സങ്കടപ്പെടാനുണ്ടല്ലോ എന്നതും ഒരു ആശ്വാസമാണെന്ന് അവള്‍ക്കറിയാം. ജോലിക്കാരി ഉണ്ടായിരുന്നു. പക്ഷെ വയ്യാതായി നിര്‍ത്തി. പിന്നെ വന്ന ആള്‍ക്ക് ആരെയും നോക്കാനൊന്നും പറ്റില്ല, വീട്ടു ജോലി മാത്രം ചെയ്യാംന്ന്. അതിന് മാത്രം ഒരാളെ ആവശ്യമില്ലെന്ന് പറഞ്ഞതോടെ അവര്‍ പോയി. രമേശനും കൊറെ തിരഞ്ഞു നോക്കി. വിശ്വസിക്കാന്‍ പറ്റുന്ന ഒരാളെ കിട്ടിയില്ലെന്ന മറുപടി ബാക്കിയായി നിന്നു.
രാത്രി ഭക്ഷണ സമയത്ത് ആദ്യം എനിക്ക് ചോറ് വാരിത്തരണമെന്ന് രണ്ടു പേരും വാശി പിടിച്ചു. അപ്പുവിനേക്കാള്‍ വാശി അച്ഛന് കൂടുതലാണെന്നവള്‍ക്ക് പലപ്പോഴും തോന്നിയിരുന്നു. ഇടക്ക് ചുമരിലെ അമ്മയുടെ പടം നോക്കി അപ്പു അമ്മൂമ്മ എന്ന് വിളിക്കുമ്പോഴൊക്കെ അച്ഛനും അതേറ്റ് വിളിക്കുമ്പോള്‍ അവള്‍ ശരിക്കും കരഞ്ഞു പോയി. അച്ഛന്റെ അമ്മേ എന്ന വിളിയില്‍ വല്ലാതെ പുളയുമ്പോഴൊക്കെ അവള്‍ തട്ടകത്തമ്മയെ നിറഞ്ഞ് വിളിക്കാറുണ്ട് – ഇതൊരു വല്ലാത്ത പരീക്ഷണമായെന്റെ ഭഗോതി.
പിറ്റേന്നത്തെ ഒഴിവ് ദിനത്തില്‍ പാര്‍ക്കില്‍ കൊണ്ടുപോവണമെന്നത് അപ്പുവിന്റെ നിര്‍ബന്ധമായിരുന്നു. അവിടെ ഓടിക്കളിക്കുന്നതിന്റെ ആവേശം അച്ഛനായിരുന്നു കൂടുതല്‍. പോപ്പ്‌കോണും ഐസ്‌ക്രീമും കഴിച്ച ശേഷം കടലക്കായി അച്ഛന്‍ വാശിപിടിച്ചു. രണ്ടുപേരുടെയും കളികള്‍ ചിലര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നത് അവളെ വല്ലാതെ അസ്വസ്ഥയാക്കി. വേഗത്തില്‍ രണ്ടു പേരെയും കൊണ്ട് പാര്‍ക്കിന് പുറത്തിറങ്ങി നടക്കവെ അച്ഛന്‍ സങ്കടപ്പെട്ടു – കളിച്ചു മതിയായില്ല.
അപ്പുവും സങ്കടപ്പെട്ടു.
രാത്രി രണ്ടുപേരും അധികം സംസാരിച്ചില്ല. വേഗത്തില്‍ ഉറങ്ങി.
അവള്‍ ഏറെ ആകാശത്തേക്ക് നോക്കിയിരുന്നു. നക്ഷത്രങ്ങളുള്ള ആകാശത്തിന്റെ ഭംഗി അറിഞ്ഞതേയില്ല.
അദാലത്തിന്റെ ഇടയിലായിരുന്നു തിങ്കളാഴ്ച അവള്‍. ഉച്ചയോടെ തിരക്കിന് ഇത്തിരി കനം കുറഞ്ഞു. ആളുകളുടെ സംശയങ്ങള്‍ക്കും, ചോദ്യങ്ങള്‍ക്കും മറുപടി പറഞ്ഞവള്‍ തളര്‍ന്ന അവസ്ഥയിലായി. ഒരേ കാര്യം തന്നെ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നതിന്റെ നിറക്കേടിനെ കണ്ണുകള്‍ ഇറുക്കിയടച്ചും പിന്നെ വലുതായി തുറന്നും മാറ്റാന്‍ ശ്രമിക്കുന്നതിനിടയിലാണ് സൂപ്രണ്ട് അടുത്തേക്ക് വന്നത് –
പ്രിയ, തല്‍ക്കാലം ഈ സെക്ഷന്‍ രാജീവ് നോക്കിക്കോളും. നമുക്കൊരിടം വരെ പോകാം.
എങ്ങോട്ടാ സാര്‍ – അവളുടെ ചോദ്യത്തിന് ഉത്തരമുണ്ടായില്ല.
കൂടുതലൊന്നും ചോദിക്കാതെ അവള്‍ സൂപ്രണ്ടിനൊപ്പം നടന്നു.
അവിടെയാകെ ഒരു മൂകത പരന്നു തുടങ്ങിയത് അവള്‍ അറിഞ്ഞു. എല്ലാ കണ്ണുകളും തനിക്കു നേരെ തന്നെ വരുന്നുണ്ടോ എന്ന സംശയത്തോടെ അവള്‍ സൂപ്രണ്ടിന്റെ കാറില്‍ കയറി. കൂടെ രാജിയും മരിയ ചേച്ചിയും ഒന്നും മിണ്ടാതെ ഇരുന്നു.
കാര്‍ ജനറല്‍ ആശുപത്രിയുടെ ഗേറ്റ് കടന്നപ്പോള്‍ അവള്‍ ചുറ്റും നോക്കി. മരിയ ചേച്ചി അവളുടെ കൈകള്‍ അമര്‍ത്തി പിടിച്ചു.
കളിക്കുന്നതിനിടെ ഫ്‌ളാറ്റില്‍ നിന്ന് വീണതാണ്. ഇവിടെ എത്തുമ്പോഴെ കഴിഞ്ഞിരുന്നു – തൊട്ടടുത്ത് ആരോ ഫോണില്‍ പറയുന്നത് മാത്രമേ അവളിലേക്ക് എത്തിയുള്ളൂ.
പിന്നെ അവള്‍ ശൂന്യമായിരുന്നു.
എല്ലാം കഴിഞ്ഞ് മൂന്നാം ദിവസമാണ് അവള്‍ മുറിയില്‍ കിടന്നിരുന്ന അപ്പൂന്റെ പ്രിയപ്പെട്ട മഞ്ഞ ടീ ഷര്‍ട്ട് കണ്ടത്. എപ്പോഴും അതിടാനാണ് അവന് താല്‍പ്പര്യം. അതിനെ വാരി നെഞ്ചോട് ചേര്‍ത്ത് പിടിച്ച അവള്‍ ഒന്നുറക്കെ കരയാന്‍ ശ്രമിച്ചു നോക്കി. പക്ഷെ ശബ്ദവും കണ്ണീരും തളര്‍ന്നു പോയിരുന്നു. അച്ഛനപ്പോഴും കളിപ്പാട്ടങ്ങള്‍ എടുത്ത് ഫ്‌ളാറ്റിനകത്ത് അപ്പുവിനെ തിരയുകയായിരുന്നു.
രാത്രി അപ്പുവിന്റെ ചിരിക്കുന്ന ഫോട്ടോയെ തന്നെ നോക്കിയിരുന്ന അവള്‍ക്കരികിലേക്ക് അച്ഛന്‍ പതിയെ ചേര്‍ന്നിരുന്നു. അവള്‍ പതിയെ അയാളെ നെഞ്ചോട് ചേര്‍ത്തുപിടിച്ചു. പിന്നെ അവളുടെ കൈകള്‍ക്ക് ശക്തി കൂടി. ഇപ്പോള്‍ അവളില്‍ അപ്പു നിറയുകയാണ്. അപ്പു മാത്രം.