ലോകത്തിലേക്കും വച്ച് ഏറ്റവും സുഖമുള്ളകാര്യം സ്വന്തം മുറിയുടെ ജനലഴിയില്‍ പിടിച്ച് ഇങ്ങനെ പുറത്തേക്ക് നോക്കി നിന്ന് മഴ കാണുക എന്നതാണ്.
ജീവിതംപോലെ മഴ പെയ്‌തൊഴുകിപോകുന്നു. എത്രമാത്രം നനഞ്ഞു, നനയാതിരിക്കാന്‍ ഇത്തിരിക്കുടകൊണ്ട് എത്ര പ്രതിരോധിച്ചു. എത്ര സ്‌നേഹിച്ചു, എത്ര ശപിച്ചു, വാതില്‍ കൊട്ടിയടച്ചു. എന്നിട്ടും പെയ്യുകയാണ്. വികാരമില്ലാതെ ചിരിച്ചു തിമിര്‍ത്ത്, വിദ്വേഷമില്ലാതെ അലച്ചുകരഞ്ഞു…
പെട്ടെന്ന് അമ്മ വന്ന് തോളിതട്ടി. ഹൊ… കഷ്ടം, അത് അമ്മയായിരുന്നില്ല. അമ്മയുടെ ഓര്‍മ്മ. അമ്മയേക്കാള്‍ ശക്തിയാണതിന്. അല്ലെങ്കില്‍ ഇത്രശക്തമായി തോള്‍ കുടയില്ലായിരുന്നു. ”ജനാലയടച്ച് മാറിപ്പോ കുഞ്ഞേ”യെന്ന് പറഞ്ഞതായിരിക്കും. കാറ്റിനറിയില്ലല്ലോ ഇങ്ങനെയാഞ്ഞു വീശിയാല്‍ മഴയായ മഴയെല്ലാം അകത്തേക്ക് കടക്കുമെന്ന്. ഞാനും കാറ്റുമായുള്ള ഈ ഒത്തുകളി അമ്മക്കും അറിയില്ലല്ലോ.
അമ്മ… അമ്മ വല്യനാണക്കാരിയായിരുന്നു. ബാത്‌റൂമിലേക്ക് കയറുമ്പോള്‍ ആരെങ്കിലും പുറത്തുണ്ടോയെന്ന് ചാഞ്ഞും ചരിഞ്ഞും നോക്കും. സെറ്റുടുക്കുമ്പോള്‍ ശരീരത്തിന്റെ ഏതെങ്കിലും ഭാഗം മറയാതെയുണ്ടോയെന്ന് പലയാവര്‍ത്തിനോക്കും. അമ്മയുടെ നീതിക്കു നിരക്കാത്തവണ്ണം ആരെങ്കിലും നടന്നാല്‍ ”ശ്ശൊ… ശ്ശോ…. എന്തായീ കാണിച്ചു നടക്കുന്നതീശ്വരാ…. ഞാനൊന്നും പറയുന്നില്ലേ…” യെന്ന് തലകുടയും.
ആ അമ്മയാണിപ്പോള്‍ വയറോളം വസ്ത്രം തെറുത്ത് പിടിച്ച് എല്ലാവരുടേയും മുന്നിലൂടെ ബാത്‌റൂമിലേക്ക് പോകുന്നത്. വാതിലടക്കാതെ ടേയ്‌ലറ്റില്‍ ഇരിക്കുന്നത്. കുളിമുറിയിലെ സ്റ്റൂളില്‍ വിവസ്ത്രയായിരുത്തി കുളിപ്പിക്കുമ്പോള്‍ പാവയേപ്പോലെ അനുസരിക്കുന്നത്… ഈശ്വരാ ഒന്നും ഓര്‍ക്കാതിരിക്കട്ടെ.
ഉറക്കഗുളികകളെപോലും അമ്മ ഉറക്കി. രാത്രിയും പകലും ഉറങ്ങാതിരുന്നിട്ടും അതിന്റെ ക്ഷീണം തെല്ലും ബാധിക്കാതെ ഒരാള്‍ നിരന്തരം നടന്നുകൊണ്ടേയിരിക്കുക! അത് സ്വന്തം പെറ്റമ്മയാണ്.
‘പ്‌തോം’ എന്നൊരു ശബ്ദം. വല്ലാതെ ഞെട്ടി. മുറ്റത്ത് മാമ്പഴം വീണതാണ്. പുഴു തിന്നത്, കിളികൊത്തിയത്, മൂത്തുപഴുത്തത്, ഏതായാലും മണ്ണില്‍ വീണാല്‍ ചെളിപുരളും. കൊതിയൂറുന്ന മനസ്സുകളില്ലെങ്കില്‍ ആര്‍ക്കും വേണ്ടാതെ കിടക്കും. മുറ്റത്തെ മാവും മാമ്പഴവുമൊക്കെ കേട്ടുപഴകിയ കഥകളായിരുന്നിട്ടും ഞെട്ടിയത് അമ്മ വീണതാണ് എന്നോര്‍ത്തുപോയിട്ടാണ്. അല്ലെങ്കില്‍ ഒരു മാമ്പഴം വീഴുമ്പോള്‍ ആരെങ്കിലും ഞെട്ടുമോ..?
ടോയ്‌ലറ്റില്‍ നിന്നും കട്ടിലിലേക്കും ഉടന്‍ തന്നെ ടോയ്‌ലറ്റിലേക്കും നിരന്തരം നടന്ന് അടിക്കടി വടിപോലെ മറിഞ്ഞു വീഴുന്നു അമ്മ. ഇങ്ങനെ ഒരു രോഗം എന്നു പറഞ്ഞാല്‍ വിശ്വസിക്കുന്നതെങ്ങനെ. വിശ്വാസിച്ചാല്‍ തന്നെ അത് പരിഹാരമാകുമോ?
കക്കൂസ് പിശാച് കൂടിയതാണെന്നു പറഞ്ഞ് അമര്‍ച്ച ചെയ്യാന്‍ നോക്കി. മുജ്ജന്മ പാപവും ഇജ്ജന്മദോഷവും പറഞ്ഞ് പിടിച്ചു കെട്ടാന്‍ നോക്കി. കാരണം, ഒരിക്കല്‍ ഇതിലൊക്കെ അങ്ങേയറ്റം വിശ്വസിച്ചിരുന്നു അമ്മ. ഇരുന്നും നടന്നും കിടന്നും നാമം ജപിച്ചിരുന്ന അമ്മയിപ്പോള്‍ ദൈവത്തേയും മറന്നുപോയിരിക്കുന്നു. അതോ ദൈവം അമ്മയേയൊ മറന്നത്. സന്ധ്യാവിളക്ക് കൊളുത്തുവാനുള്ള സമയത്തിനായി ക്ലോക്കിലേക്ക് നോക്കിയിരുന്ന ആ ആളിപ്പോള്‍ നിലവിളക്കിനെ പോലും തിരിച്ചറിയുന്നില്ല.
മറിഞ്ഞുവീണ് മുറിഞ്ഞ്, മുടി പലതവണ ചെമന്നപ്പോഴാണ് ബാത്‌റൂം പൂട്ടിയത്. പൂട്ടില്‍ ഇളക്കികൊണ്ട്, ‘എന്നെ പൂട്ടിയിട്ടു അല്ലേ’ – യെന്ന് അവ്യക്തമായി പറഞ്ഞ് ദയനീയമായി നോക്കുന്ന ആ മുഖം ഹൃദയം വിങ്ങിയല്ലാതെ ഓര്‍ക്കുവാനാകില്ല. നടപ്പ് പുറത്തേക്കായപ്പോള്‍ ഒരാള്‍ കാവല്‍ ഇരുന്നുകൊണ്ട് മുറിയുടെ വാതിലും സാക്ഷയിട്ടു. രണ്ടുവാതിലും തുറക്കാനാവാതെ മുറിയിലൂടെ ഉഴറി നടക്കുന്ന അമ്മയുടെ മനസ്സില്‍ അപ്പോള്‍ എന്തായിരിക്കുമെന്നോര്‍ത്ത് ഉറക്കമിളക്കുന്ന രണ്ടുകാവല്‍ക്കണ്ണുകളും നിറഞ്ഞൊഴുകി. ഇടക്കിടെ പുറത്തിറക്കി പിച്ചവയ്പിക്കും.
തന്റെ കണ്‍തടത്തിലെ കറുപ്പ് വര്‍ദ്ധിച്ചിട്ടുണ്ട്. ഒന്നുറങ്ങാന്‍ കൊതിച്ചുമയങ്ങുന്ന പാതിരാത്രികളില്‍ നിശ്ശബ്ദതയെ ഭേദിച്ചു ഭീതിദമായ ഈണത്തില്‍ ”മോളേ”യെന്ന വിളി. ഞെട്ടി മിഴിതുറക്കുമ്പോള്‍ മുഖത്തോടുചേര്‍ന്ന് തുറിച്ച കണ്ണുള്ള പ്രേതത്തേപ്പോലെ അമ്മ. എത്ര വഴക്കുപറഞ്ഞു. എത്രമാത്രം ദേഷ്യപ്പെട്ടു. കട്ടിലില്‍ കെട്ടിയിടുമെന്ന് ഭീഷണിപ്പെടുത്തി. അപ്പോഴും ഒന്നും മനസ്സിലാകാത്ത കുഞ്ഞിനേപ്പോലെ വാതില്‍പ്പൂട്ടിലേക്കായിരുന്നു മിഴികള്‍.
ഒരാളുടെ പ്രാഥമികാവശ്യങ്ങള്‍ മറ്റൊരാളുടെ നിയന്ത്രണത്തിലാകുന്നത് എത്ര കഷ്ടമാണ്. ഡയപ്പറിന്റെ ഗുണങ്ങളൊന്നും അമ്മക്ക് മനസ്സിലായില്ല. നിരന്തരം അത് ഊരി കട്ടിലില്‍ വെച്ചു. മൂക്കില്‍ തുണികെട്ടിവച്ചുകൊണ്ട് എത്രതവണയാണ് വസ്ത്രങ്ങളും മുറിയും വൃത്തിയാക്കിയത്. അത് ബാത്‌റൂം പൂട്ടിയവരുടെ തെറ്റാണ്. അനുഭവിക്കണം. എല്ലാം പരാജയപ്പെടുന്നു.
എട്ടുപ്രസവിച്ച അമ്മയെ രണ്ടുപ്പെറ്റ ഞാന്‍ എന്തു പറഞ്ഞാണ് മനസ്സിലാക്കേണ്ടത്. എന്റെ മോള്‍, ഒന്നരവയസ്സായ അവളുടെ കുഞ്ഞിനെ ചേര്‍ത്തുപിടിച്ച് കരയുന്നു. ഇന്ന് അവളുടെ കുഞ്ഞും എന്റെ അമ്മയും ഒരു പോലെയാണ്. അരുതെന്നു പറയുന്നത് തന്നെ ചെയ്യുമ്പോള്‍ കുഞ്ഞിനോടു തോന്നുന്ന വികാരമല്ല ലോകത്ത് ഒരാള്‍ക്ക് അമ്മയോട് തോന്നുന്നത്. അടങ്ങിയിരിക്കാതെ ഓടി നടന്നു വീഴുമ്പോള്‍ ഒരു ചുള്ളികൊണ്ടുപോലും അടിച്ചു ദേഷ്യം തീര്‍ക്കാനാവില്ല. ആഹാരം കോരിക്കൊടുക്കുമ്പോള്‍, ഉരിഞ്ഞിട്ട പഴത്തൊലി കൂടി എടുത്തു ഭക്ഷിക്കുമ്പോള്‍ പ്രകടിപ്പിക്കാനാവാത്ത പിരിമുറുക്കമാണ് അനുഭവിക്കുന്നത്. നെഞ്ചുപിടക്കുന്ന അസ്വസ്ഥത. മറിഞ്ഞു വീഴലുകള്‍ ഒന്ന് എഴുന്നേറ്റ് നടക്കുവാനും മറ്റൊന്ന് എന്നേക്കുമായി കിടക്കുവാനും.
തളര്‍ന്ന് കിടന്നുപോയിരുന്നെങ്കില്‍ സുഖമായി ശുശ്രൂഷിക്കാമായിരുന്നു എന്ന് പലതവണ ഓര്‍ക്കുകയും പറയുകയും ചെയ്തു.
മക്കള്‍ വഴക്കുപറയുമ്പോള്‍ ഒരമ്മയുടെ മനസ്സില്‍ എന്തായിരിക്കും? ഒന്നും മിണ്ടാതെ മുഖത്തേക്കുതന്നെ നോക്കിയിരിക്കുന്നത് മനസ്സിലാകാഞ്ഞിട്ടോ നിവൃത്തികേടിന്റെ സഹനമോ? ഒരു കുഞ്ഞിനെപ്പോലെ ചിലപ്പോഴൊക്കെ തങ്ങളുടെ മുഖത്ത് നോക്കി ചിരിക്കുന്നതു കാണുമ്പോള്‍, ‘ഇനിയൊരിക്കലും’ – എന്ന് പലവട്ടം ശപഥം ചെയ്തു. എന്നിട്ടും ആവര്‍ത്തിച്ചു. കൂടെ കിടന്ന് കെട്ടിപ്പിടിച്ച് കരഞ്ഞു.
എത്ര വീണാലും മുറിഞ്ഞാലും വേദനയില്ല ശരീരത്തിനും മനസ്സിനും. പിന്നെയെന്താണൊരു മനുഷ്യന്‍. മരിച്ചുപോയിരുന്നെങ്കില്‍ എന്ന് ആത്മാര്‍ത്ഥമല്ലാത്തൊരു പ്രാര്‍ത്ഥന ഉള്ളില്‍ മുട്ടിയുഴറി. വെറുതെയാണ്. പെറ്റമ്മ മരിച്ചുപോയാല്‍ പിന്നെന്താണുള്ളത്? അമ്മേയെന്ന വിളി നിലച്ചാല്‍ പിന്നേതുവാക്കാണുള്ളത്?
ആരേയും കഷ്ടപ്പെടുത്താതുള്ള മരണത്തിനായി എന്നും ദൈവത്തോടിരന്നിരുന്നു അമ്മ. എന്നിട്ടോ…? ജീവിതവും അസുഖവും മരണവുമൊക്കെ വിധിയാണോ? എങ്കില്‍ എന്തിനുള്ള വിധി…?
ഒരായുഷ്‌ക്കാലം രണ്ടുജന്മം. അദ്യപകുതിയിലെ അമ്മയെ കാണുവാന്‍ കൊതിയാകുന്നു. സെറ്റുടുത്ത് കുളിച്ചുകുറിതൊട്ട് നരച്ചുനീണ്ട മുടി തുമ്പുകെട്ടി പൂമുഖത്തെ ചൂരല്‍ക്കസേരയില്‍ മക്കള്‍ ആരെങ്കിലും വരുന്നുണ്ടോയെന്ന് വഴിക്കണ്ണുമായി കാത്തിരിക്കുന്ന അമ്മ. ഇന്നിപ്പോള്‍ എക്കാലവും വെറുത്തിരുന്ന പാകമാകാത്ത ഒറ്റയുടുപ്പില്‍ ആണുങ്ങളേപ്പോലെ മുടി പറ്റെമുറിച്ച് നടക്കുന്നതു കാണുമ്പോള്‍ ഹൃദയത്തിനുള്ളില്‍ ഭാരമേറിയൊരു കല്ലിരിക്കുന്നതുപോലെതോന്നും. നീണ്ടുവളര്‍ന്ന സ്വന്തം മുടിയില്‍ എന്നും അഭിമാനിച്ചിരുന്നു. അതൊരു സൗന്ദര്യചിഹ്നമായി കൊണ്ടു നടന്നു… എന്നിട്ടോ… മനുഷ്യരൂപം പോലുമല്ലാത്ത കരയിക്കുന്ന മറ്റെന്തോ ഒന്നായിട്ടിപ്പോള്‍…..
”ചേച്ചീ മടുത്തു അല്ലേ….? ഹോം നേഴ്‌സിനെ വെയ്ക്കാം.” അമ്മയുടെ ഒരേയൊരു ആണ്‍തരി ചോദിക്കുന്നു.
”വേണ്ട അമ്മയുടെ ചലനത്തെ അവര്‍ ശമ്പളം കൊണ്ടളക്കും. അമ്മയുടെ വീഴ്ച അവര്‍ക്ക് ജോലിയിലെ വീഴ്ചമാത്രമായിരിക്കും. അവരതു മറച്ചുവയ്ക്കും. നമുക്ക് മുന്‍പിലും അമ്മക്കു മുന്‍പിലും രണ്ടുമുഖമായിരിക്കും. വേണ്ട. അവരെ നമ്മുടെയമ്മ പെറ്റതല്ല. മക്കള്‍ക്കേ ആക്രോശിക്കാന്‍ അവകാശമുള്ളൂ. ശേഷം അവര്‍ ചുളുങ്ങിപ്പോയ വയറിനുള്ളിലെ അതിലും ചുരുങ്ങിയ ഗര്‍ഭപാത്രം കാണും. കാരണം അവര്‍ ഹോം നഴ്‌സല്ല.”
”ങ്ഹാ…” മഴയിലേക്ക് ഒരു നിശ്വാസം കൂടി ജനലിലൂടെ ഇറങ്ങിപ്പോയി. ഈ ജനല്‍വിടവിലൂടെ ലോകം കാണുമ്പോള്‍ മറ്റൊരു ഞെട്ടല്‍. ഡോക്ടര്‍ പറയുന്നു. ”ഇത് പാരമ്പര്യവുമാകാം.”
കൈകള്‍ ജനലഴിയില്‍ നിന്നു വിട്ടുപോയി. സ്വന്തം മൂടിയിഴയിലൂടെ വിരലോടിച്ചു. നരച്ചു തുടങ്ങിയിട്ടേയുള്ളൂ. പൂര്‍ണ്ണമായും വെളുക്കുമ്പോള്‍ ചെമപ്പ് പടരുമോ? കഴുത്തിലൂടെയൊഴുകി തറയില്‍ വീഴുന്ന ചെമന്ന തുള്ളികള്‍…
എനിക്കുള്ളത് ഒരേയൊരു മകളാണ്. ഒന്നിനും സമയം തികയാത്ത ഒരേയൊരു മകള്‍. രണ്ടോ മൂന്നോ മകളേക്കൂടി ഞാന്‍ പ്രസവിക്കേണ്ടതായിരുന്നു. പൂട്ടിയിടും എന്ന് ഞാന്‍ ആരും കേള്‍ക്കാതെ പറഞ്ഞു. എന്നാല്‍ ‘പൂട്ടിയിടൂ’ – എന്ന് അവള്‍ ഉച്ചത്തില്‍ ആക്രോശിക്കും. അവളുടെ മക്കള്‍ അവളെ പറയാതെ പൂട്ടിയിടുമെന്ന് ചിന്തിക്കാതെ. കാരണം, ഡോക്ടര്‍ പറയുന്നു. ‘ഇതിന് പാരമ്പര്യത്തിന്റെ പിന്നാമ്പുറമുണ്ട്.’
ബാഗില്‍ ഷുഗറിന്റേയും പ്രഷറിന്റേയും മരുന്നുകള്‍ക്കൊപ്പം ഒരു ചെറിയകുപ്പി മരുന്നുകൂടി കരുതി വയ്ക്കണം. മക്കളുടെ ബുദ്ധിമുട്ടറിയാവുന്ന ഒരു മകളും അമ്മയുമാണല്ലോ, താന്‍. ഓടുന്നവനും ഓടിക്കുന്നവനും കിതക്കാതിരിക്കാന്‍ ഓട്ടം തുടങ്ങുന്നതിനു മുന്‍പേ ആരുമറിയാതെ… ഒരു ചെറിയകുപ്പി…
മുറ്റത്തിപ്പോള്‍ അഞ്ചോ ആറോ മാമ്പഴമുണ്ട്. ഇനിയും വീഴും. എല്ലാം മണ്ണോടുചേര്‍ന്ന് ജന്മം കഴിക്കും. മാവ് നിലനില്‍ക്കും. പിന്നേയും പൂക്കാന്‍, കായ്ക്കാന്‍. മാവ് നരക്കുമ്പോള്‍ മറിഞ്ഞു വീഴുമ്പോള്‍ ഒരു മാങ്ങയും താങ്ങാനുണ്ടാവില്ല. എത്ര തലമുറകള്‍ ജനിക്കുകയും മരിക്കുകയും ചെയ്തു. എത്ര മക്കള്‍ പുനര്‍ജന്മംകൊണ്ടു. എന്നിട്ടും അമ്മ വൃക്ഷം! വൃക്ഷമാകുന്നതായിരുന്നോ അമ്മയാകുന്നതിനേക്കാള്‍ നല്ലത്?
നനഞ്ഞൊട്ടിയ ഇലകളിലേക്കും ചെളിതെറിച്ച മാങ്ങയിലേക്കും നോക്കി നില്‍ക്കുമ്പോള്‍ മറ്റൊരു ശബ്ദത്തില്‍ വീണ്ടും ഞെട്ടി. അത് ഫോണ്‍ബെല്ലാണ്. അവനാണ്. ഹോം നേഴ്‌സിന്റെ ആവശ്യം വന്നിരിക്കും. ഓരോരുത്തരും ഊഴം വച്ച് നോക്കി മടുത്തിട്ടുണ്ടാകും. സ്വജീവിത തത്രപ്പാടുകള്‍ പറഞ്ഞ് തിരിച്ചുപോരും. താന്‍ ഇറങ്ങാന്‍ നേരം പറഞ്ഞിരുന്നു. എന്നെങ്കിലും”ഹോം നേഴ്‌സ് എന്ന് ചിന്തിക്കേണ്ടതായി വന്നാല്‍ എന്നെ വിളിക്കുക.” ഇപ്പോള്‍ ആവശ്യം വന്നിരിക്കും. പോകണം. ഒരിക്കല്‍ കൂടി കാണാമല്ലോ. അല്ലെങ്കില്‍, നടക്കരുതെന്ന് എത്രപറഞ്ഞാലും കേള്‍ക്കാത്ത ആ ഭ്രാന്തിക്കോലം ഒന്നു നടന്നു കണ്ടിരുന്നെങ്കില്‍ എന്ന് ചിന്തിക്കേണ്ടതായിവരും. പ്രേതത്തെപ്പോലെയെങ്കിലും കണ്ണുതുറുപ്പിച്ചൊന്ന് നോക്കിയിരുന്നെങ്കിലെന്ന്…., ഭീതിദമായെങ്കിലും ‘മോളേ’ യെന്ന് ഒന്നു വിളിച്ചിരുന്നെങ്കിലെന്ന്…. ആ ചിന്തക്ക് ഇടംകൊടുക്കുന്നതിനുമുമ്പ് പോകണം.
ഫോണെടുത്ത് പലതവണ ‘ഹലോ’ പറഞ്ഞിട്ടും മറുതല നിശ്ശബ്ദം. നെഞ്ചിലൊരു ഇടിവെട്ടല്‍…
”എന്താടാ…?”
മറുപടിയായി അവന്‍ ഒറ്റവാക്കേ പറഞ്ഞുള്ളൂ.
”അമ്മ…”
ഫോണ്‍ കട്ടാകും മുന്‍പേ കസേരയിലേക്ക് ഊര്‍ന്നിരുന്നു. മുറ്റത്ത് അപ്പോഴും മാമ്പഴങ്ങള്‍ വീണുകൊണ്ടിരുന്നു. മഴ തോര്‍ന്നിരിക്കുന്നു. അതെ. എണ്‍പതുവര്‍ഷം നിര്‍ത്താതെ പെയ്ത മഴ ആര്‍ത്തലച്ച് പെയ്തു തോര്‍ന്നിരിക്കുന്നു.