ഞായറാഴ്ചയുടെ ആലസ്യം മുഴുവന്‍ തലയിലേറ്റിക്കൊണ്ട് പത്ര വാര്‍ത്തകളുടെ ആഴങ്ങളിലേക്ക് ഊളിയിട്ടിരുന്ന ശ്രീജയനെ മുകളില്‍ നിന്നും മൊബൈല്‍ ഫോണില്‍ വിളിച്ചത് അന്‍വര്‍ സാര്‍ ആയിരുന്നു. ‘ശ്രീ… പിന്നെ ഒരു കാര്യം, തന്റെ ഒരു ഫ്രണ്ട് ഉണ്ടായിരുന്നല്ലോ. ഒരു ആഫ്രിക്കന്‍ പെണ്‍കുട്ടി. അവര്‍ ഇപ്പോള്‍ എവിടെയാ ഉള്ളത്?’ സാര്‍ ചോദിച്ചു. ‘അവര്‍ ഇപ്പോള്‍. എന്താ സര്‍ കാര്യം?’ ഉത്തരമില്ലാത്ത ചോദ്യത്തെ മറ്റൊരു ചോദ്യം കൊണ്ട് നേരിടുന്ന അധ്യാപക ബുദ്ധി അയാള്‍ക്ക് തുണയായി.
‘ഒരു ചെറിയ കാര്യം… താന്‍ ഏതായാലും കുറച്ചു കഴിഞ്ഞു ഇത് വഴി ഒന്ന് വരണം… അപ്പോള്‍ പറയാം’ അന്‍വര്‍ സാര്‍ ഫോണ്‍ വച്ചു. അദ്ദേഹം സര്‍വ്വകലാശാലയിലെ ചരിത്ര വിഭാഗം മേധാവിയാണ്. ശ്രീജയന്റെ ഉള്ളില്‍ ഒരു ആന്തല്‍ അനുഭവപ്പെട്ടു. സാറിന് അവളെക്കുറിച്ചു എന്താവും പറയാനുണ്ടാവുക? എലീസ അവളുടെ സുഹൃത്തിനൊപ്പം പോയിട്ട് മൂന്നു വര്‍ഷത്തോളമായി. അതില്‍ പിന്നെ അവള്‍ എവിടെ ഉണ്ടെന്നോ എന്ത് സംഭവിച്ചെന്നോ അയാള്‍ക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ സാറിന് എന്തെങ്കിലും അറിവ്? എന്തെങ്കിലും അപകടം? ‘ഏയ്, തരമില്ല. അങ്ങനെയെങ്കില്‍ എവിടെയാണ് എന്ന് ചോദിക്കേണ്ട കാര്യം ഇല്ല.’ അയാള്‍ സമാധാനിച്ചു. പിന്നെ ഒരു യന്ത്രം കണക്കെ ഒരുങ്ങി ഇറങ്ങി. എലീസയുമായുള്ള അവസാനത്തെ കൂടിക്കാഴ്ച എപ്പോഴും ഒരു ഭൂപടത്തിന്റെ പശ്ചാത്തലത്തിലാണ് ശ്രീജയന്റെ മനസ്സില്‍ തെളിയാറുള്ളത്. നീലക്കടലും വന്‍കരകളും ദ്വീപുകളും ഉള്‍പ്പെടുന്ന ഒരു വര്‍ണ്ണ ഭൂപടത്തിന്റെ പശ്ചാത്തലത്തില്‍!
‘വന്‍കരകള്‍ തമ്മില്‍ പ്രണയിച്ചിട്ടുണ്ടാവുമോ, എപ്പോഴെങ്കിലും?’ദൂരെ കടലിലേക്ക് കണ്ണയച്ചു കൊണ്ട് അന്ന് അവള്‍ ചോദിച്ചു. അയാള്‍ മറുപടിയൊന്നും പറഞ്ഞില്ല. ഒരു മറുപടിക്ക് വേണ്ടിയായിരുന്നില്ല അവള്‍ അങ്ങനെ ചോദിച്ചത് എന്നയാള്‍ക്ക് അറിയാമായിരുന്നു. ഹോട്ടല്‍ മുറിയിലെ ബാല്‍ക്കണിയില്‍ നില്‍ക്കുന്ന അവളുടെ കണ്ണുകളില്‍ അപ്പോള്‍ ഇളം വെയിലില്‍ തിളങ്ങിയിളകുന്ന ഓളങ്ങളുടെ നിഴലാട്ടം ഉണ്ടായിരിന്നു. മറ്റൊരവസരത്തില്‍ ആയിരുന്നെങ്കില്‍ അയാള്‍ക്കത് കാണണമെന്നുണ്ടാകുമായിരുന്നു. മേശപ്പുറത്തിരുന്ന അവളുടെ ഭാരം കൂടിയ ബാഗ് നൊമ്പരങ്ങളുടെ ഭാണ്ഡക്കെട്ടായി അയാള്‍ക്ക് തോന്നി. അതുയര്‍ത്താന്‍ അശക്തനായ കുട്ടിയായി അയാള്‍ മാറി.
നാലു വര്‍ഷം മുന്‍പ് ഒരു മാര്‍ച്ച് മാസത്തില്‍ വളരെ യാദൃച്ഛികമായാണ് ശ്രീജയന്‍ അവളെ പരിചയപ്പെടുന്നത്. കോഴിക്കോട്ടേക്കുള്ള ഒരു ബസ് യാത്രയില്‍. സമയം പത്തുമണി കഴിഞ്ഞതിനാലാവും ബസ്സില്‍ യാത്രക്കാര്‍ കുറവാണ്. സര്‍വ്വകലാശാല സ്റ്റോപ്പില്‍ നിന്നും കയറിയ അയാള്‍ക്ക് ഒരു സീറ്റ് ഒത്തു കിട്ടി. ടിക്കറ്റ് കൊടുത്തു പരിചയഭാവത്തില്‍ ഒന്ന് ചിരിച്ചുകൊണ്ട് കണ്ടക്ടര്‍ മുന്‍പിലേക്ക് പോയി. പുറത്തു വെയിലിനുചൂട് പിടിച്ചു തുടങ്ങിയിരുന്നു. പുതിയ റോഡ് നിര്‍മ്മാണത്തിനായി പാതയോരത്തെ മരങ്ങളെല്ലാം വീഴ്ത്തി കഴിഞ്ഞിരിക്കുന്നു. റോഡ് ഉണങ്ങാന്‍ വിരിച്ചിട്ട ഒരു കരിമ്പടം പോലെ കിടന്നു.
പെട്ടെന്ന് മുന്‍പില്‍ നിന്നും ഉച്ചത്തിലുള്ള സംസാരവും ചിരിയും കേട്ട് അയാള്‍ പാളി നോക്കി. സീറ്റില്‍ ഒരു പെണ്‍കുട്ടി ഇരിക്കുന്നുണ്ട്. അവള്‍ അയാള്‍ കയറിയ സ്റ്റോപ്പില്‍ നിന്നും കയറിയതാണ്. കാഴ്ചയില്‍ ഒരു ആഫ്രിക്കക്കാരിയാണ്. ആയിടെ കുറെയേറെ കുട്ടികള്‍ ഇവിടുത്തെ പല സ്ഥാപനങ്ങളിലും പഠിക്കാനായി വരുന്നുണ്ട്. പെണ്‍കുട്ടി പറഞ്ഞ സ്ഥലപ്പേര് കണ്ടക്ടര്‍ക്ക് മനസ്സിലാവാത്തതാണ് പ്രശ്‌നം. അവള്‍ പറയുന്നു. ‘രമാഞ്ഞി ട്ടുക്കാരി’ കണ്ടക്ടറുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് അവള്‍ക്ക് ഒരേ മറുപടി തന്നെ. മറ്റു പലരും അവള്‍ പറഞ്ഞ സ്ഥലപ്പേര് ആവര്‍ത്തിച്ചു നോക്കുന്നു. ആകെ തളര്‍ന്ന കണ്ടക്ടര്‍ ഒരിക്കല്‍ കൂടി അവളുടെ അടുത്തെത്തി. കുനിഞ്ഞു കൊണ്ട് അവളുടെ കവിളിനു സമീപം ചെവി വട്ടം പിടിച്ചു. അവള്‍ വ്യക്തമായി നിര്‍ത്തി നിര്‍ത്തി പറഞ്ഞു. ‘രമഞ്ഞി’… കണ്ടക്ടര്‍ ആവര്‍ത്തിച്ചു ‘രമഞി’… തലകുലുക്കികൊണ്ട് വ്യാകരണം പഠിക്കുന്ന കുട്ടിയെപ്പോലെ അയാള്‍ അടുത്തതിന് കാതോര്‍ത്തു… ‘ട്ടുക്കാരി’… അവള്‍ തുടര്‍ന്നു. ഒരു ദീര്‍ഘ നിശ്വാസത്തോടെ നിവര്‍ന്നു പൊങ്ങി കണ്ടക്ടര്‍ പതിയെ പറഞ്ഞു… ‘ട്യുക്കാരി’….
അദ്ദേഹം പിറു പിറുത്തു കൊണ്ട് പുറകില്‍ വന്നു വിളിച്ചു. ‘മാഷെ, ഒന്ന് ചോയിക്ക്… ഓരോ വണ്ടിയും വലയും… രാവിലെ തന്നെ.’ ശ്രീജയന്‍ പതുക്കെ നടന്നു പെണ്‍കുട്ടിക്ക് അടുത്തെത്തി. അവളുടെ സീറ്റിനരികില്‍ ഇരുന്നു. അയാളെ കണ്ട ഉടന്‍ അവള്‍ ഉറക്കെ ശകാര സ്വരത്തില്‍ പറഞ്ഞു, ‘രമഞ്ഞി ട്യുക്കാരി.’
‘ഓകെ.. ഓകെ’ അയാള്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.
അവള്‍ക്ക് ഏതാണ്ട് ഇരുപതു വയസ്സിനു മുകളില്‍ പ്രായം മതിക്കും. ജീന്‍സും വെള്ള ടോപ്പും അതിനു മുകളില്‍ ഇളം നീല നിറമുള്ള കട്ടിയേറിയ ഒരു ഓവര്‍ കോട്ടും ആണ് വേഷം. ചുരുളന്‍ തലമുടിയില്‍ മുത്ത് കോര്‍ത്ത റിബ്ബണില്‍ അലങ്കാര പണികള്‍ ചെയ്തിട്ടുണ്ട്. നല്ല ശ്രീത്വമുള്ള മുഖം. ഇരുണ്ട നിറം, പക്ഷെ എണ്ണക്കറുപ്പല്ല. വിടര്‍ന്ന തിളക്കമുള്ള വലിപ്പമേറിയ കണ്ണുകളില്‍ ചെറിയ ഒരു നാണം ഒളിച്ചു കളിക്കുന്നുണ്ട്. ഒരല്പം നീണ്ടു അഗ്രം തുടുത്ത സ്‌നേഹമുള്ള മൂക്ക്. കുട്ടിത്തം വിട്ടുപോയിട്ടില്ലാത്ത സ്‌നിഗ്ധമായ കവിള്‍ തടങ്ങള്‍. അല്‍പ്പം തടിച്ച ശരീരമാണ്. ഇറുകിയ ഉള്‍വസ്ത്രത്തിനകത്ത് അവളുടെ യൗവ്വനം മൊത്തത്തില്‍ വീര്‍പ്പു മുട്ടുന്നുണ്ട്.
‘ഓകെ, ഓകെ, ഫ്രം ദേര്‍ ആക്ച്വലി വേര്‍ ഡു യു വാണ്ട് ടു ഗോ’ അയാള്‍ ചോദിച്ചു.
അവള്‍ ഒരു ചെറിയ ഡയറി തുറന്നു കാണിച്ചു. അതില്‍ പാലക്കാട് ഉള്ള ഒരു മേല്‍വിലാസം ഉണ്ടായിരുന്നു. ഒരു വിജയിയെ പോലെ അയാള്‍ കണ്ടക്ടറെ നോക്കി പറഞ്ഞു, ‘രാമനാട്ടുകര.’ എല്ലാവരും അത്ഭുതത്തോടെ നോക്കി. അവിടുന്നാണ് പാലക്കാട് ബസ് പിടിക്കാന്‍ അവള്‍ ഉദ്ദേശിച്ചത്. എല്ലാവര്‍ക്കും വലിയ സന്തോഷം.
‘മനസ്സിലാകാഞ്ഞിട്ടാണ് എന്റെ മോളെ, ഒന്ന് പറഞ്ഞു കൊടുക്കണേ മാഷേ’ കണ്ടക്ടര്‍ അവള്‍ക്കു ടിക്കറ്റ് കൊടുത്തുകൊണ്ട് പറഞ്ഞു. കണ്ടക്ടര്‍ ഉപയോഗിച്ച ‘മോളു’ടെ അര്‍ത്ഥം ഏതായാലും അവള്‍ക്ക് മനസ്സിലായി. അവളും ചിരിച്ചു. സ്‌നേഹഭാഷണത്തിനു ഭാഷ ഒരു തടസ്സമാവാറില്ലല്ലോ. അയാള്‍ അവളെ പരിചയപ്പെട്ടു. പേര് എലീസ അലക്‌സാണ്ടര്‍. കിഴക്കന്‍ ആഫ്രിക്കന്‍ നാടായ ടാന്‍സാനിയ ആണ് സ്വദേശം. അവള്‍ അയാളെ മാഷു എന്നാണ് വിളിച്ചത്. ബസ് കണ്ടക്ടര്‍ വിളിച്ചതില്‍ നിന്നാവും അവള്‍ക്ക് അത് കിട്ടിയത്. അയാള്‍ പറഞ്ഞ സ്വന്തം പേര് അവള്‍ ശ്രദ്ധിച്ചതായി തോന്നിയില്ല. പാലക്കാട്ടേക്കുള്ള ബസ് കയറ്റി വിട്ടാണ് അന്നവര്‍ പിരിഞ്ഞത്.
പിന്നീട് കോഫി ഹൗസില്‍ വച്ച് അവളെ കാണുമ്പോള്‍ കൂടെ ഒരു ചെറുപ്പക്കാരനും മറ്റു രണ്ടു പെണ്‍കുട്ടികളും ഉണ്ടായിരുന്നു. ആദ്യം പരിചയഭാവം കാണിക്കാത്തതിനാല്‍ അവള്‍ക്കു മനസ്സിലായില്ല എന്നു കരുതി അയാള്‍. എന്നാല്‍ അയാളെ അമ്പരപ്പിച്ചുകൊണ്ട് കൂടെയുള്ളവരെ തിടുക്കത്തില്‍ പറഞ്ഞു വിട്ട് ‘മാമ്പൂ… മാഷു..’ എന്നു പറഞ്ഞുകൊണ്ട് അവള്‍ അടുത്തെത്തി. ക്ഷമാപണത്തിനു ശേഷം കുശലം ചോദിച്ചു. ‘മാമ്പു’ എന്നത് അവരുടെ ഭാഷയില്‍ ഹലോ എന്നതിന് സമാനമാണെന്ന് പിന്നീട് അവളില്‍ നിന്ന് തന്നെ മനസ്സിലാക്കിയതാണ്. കൂടെയുള്ള മലയാളി പെണ്‍കുട്ടികളെ പറ്റിയും മംഗലാപുരത്തു നിന്നുമുള്ള അഫ്‌സല്‍ എന്ന ചെറുപ്പക്കാരനെ കുറിച്ചും പറഞ്ഞു. അവളുടെ ഇവിടുത്തെ സ്പോണ്‍സറുടെ ആളാണ് അഫ്സല്‍. നല്ല പൊക്കവും ആകാര സൗഷ്ഠവവുമുള്ള വെളുത്ത ഒരു യുവാവ്! ഒപ്പമുള്ള ഒരു യുവതി അയാളുടെ സ്റ്റാഫ് ആണത്രേ! ചോദിക്കാതെ തന്നെ എലീസ അവളുടെ കാര്യങ്ങള്‍ ഒരു ചിരപരിചിതനോടെന്നപോലെ പറഞ്ഞു. കുറച്ചു കാലം ഒരു സന്നദ്ധ സംഘടനയുടെ ഒരു കോഴ്‌സ് കഴിഞ്ഞ ശേഷം യുണിവേഴ്‌സിറ്റിയില്‍ പഠനത്തിന് ചേരാന്‍ സാധിക്കുമത്രേ അവള്‍ക്ക്!
പിന്നീട് പല തവണ അവര്‍ തമ്മില്‍ കണ്ടു. ഭാഷയുടെയും സംസ്‌കാരത്തിന്റെയും അതിര്‍ വരമ്പുകള്‍ അവര്‍ക്കിടയില്‍ അനുദിനം ശോഷിച്ചു വന്നുകൊണ്ടിരുന്നു. പാടങ്ങളും തോടുകളും മെലിഞ്ഞും നിറഞ്ഞും ഒഴുകുന്ന പുഴകളും വേലയും പൂരവും എല്ലാം അയാള്‍ അവളെ കാണിച്ചു. പുതുമഴയില്‍ നെല്‍പ്പാടങ്ങളില്‍ പൊടിച്ചു വന്ന നിരന്ന പുല്‍നാമ്പുകള്‍ അവളെ ഹര്‍ഷ പുളകിതയാക്കി. ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ നിറച്ചാര്‍ത്തണിഞ്ഞ പുഷ്പങ്ങള്‍ അവള്‍ക്കു പുത്തന്‍ ഉണര്‍വ്വ് പകരുന്നതായി തോന്നി. പ്രത്യേകിച്ച് വയലറ്റ് ഓര്‍ക്കിഡ് പൂക്കള്‍ അവളെ ഉന്മാദിനിയാക്കി. പൂമൊട്ടുകള്‍ അവളുടെ വിടര്‍ന്ന മിഴികള്‍ അനുകരിക്കാനെന്ന വണ്ണം വിടരാന്‍ വെമ്പിക്കൊണ്ടിരുന്നു.
അയാളെ കുറിച്ചു അഫ്‌സല്‍ അന്വേഷിച്ചത് അവളില്‍ കൗതുകം ഉണര്‍ത്തി. എലിസയെ പരിചയപ്പെട്ടു തുടങ്ങിയ നാളുകളില്‍ ഒന്നില്‍ അവള്‍ പറഞ്ഞു.
‘മാഷുവിനെ അഫ്‌സല്‍ അന്വേഷിച്ചു.’
‘യാദൃച്ഛികമായി പരിചയപ്പെട്ട ഒരാള്‍ എന്ന് മാത്രം പറഞ്ഞു, പക്ഷെ താങ്കളുടെ വേര്‍ എബൗട്‌സ് ആയിരുന്നു അവന്‍ ചോദിച്ചത്.’
‘എലിസ എന്ത് പറഞ്ഞു?’ അയാള്‍ ഉള്ളില്‍ തികട്ടി വന്ന ഉദ്വേഗം പണിപ്പെട്ട് മറച്ചു കൊണ്ട് ചോദിച്ചു.
‘ഒരു അധ്യാപകന്‍ ആണെന്ന് പറഞ്ഞൂ, പിന്നെ….’ എലിസ ഒന്ന് നിര്‍ത്തി.
‘മൈ ഹെവന്‍ലി ഫ്രണ്ട്… ഹെവന്‍ലി ഫ്രണ്ട് ഇന്‍ ഗോഡ്സ് ഓണ്‍ കണ്‍ട്രി.. എന്ന് ഞാന്‍ പറഞ്ഞില്ല.’
ഇരു കൈകളും പുറകില്‍ കോര്‍ത്ത് പിടിച്ചു പുഞ്ചിരിച്ചു കൊണ്ടു മുകളിലേക്ക് തലയുയര്‍ത്തി അല്‍പ്പം ഇടറിയ സ്വരത്തില്‍ അതുപറയുമ്പോള്‍ എലിസയുടെ കണ്ണുകളിലെ ആര്‍ദ്രതയില്‍ നീലാകാശം പ്രതിഫലിച്ചത് അയാള്‍ ശ്രദ്ധിച്ചു.
‘ഹെവന്‍ലി ഫ്രണ്ട് ഇന്‍ ഗോഡ്സ് ഓണ്‍ കണ്‍ട്രി’ അയാള്‍ മനസ്സില്‍ ആവര്‍ത്തിച്ചു. ഇത്രയും പവിത്രമായ വിശേഷണത്തിനുള്ള അര്‍ഹതയുടെ കാര്യത്തില്‍ മാത്രം അയാള്‍ ഒന്ന് ശങ്കിച്ചു.
‘എന്തുകൊണ്ടാണ് അങ്ങനെ പറയാതിരുന്നത്’ അയാള്‍ എറിഞ്ഞ ചോദ്യത്തിന് ഉത്തരം പറയാന്‍ അവള്‍ ആദ്യം മടിച്ചു. പിന്നെ പതുക്കെ അയാളുടെ ചെവിയില്‍ പറഞ്ഞു.
‘നിങ്ങള്‍ പുരുഷന്മാര്‍ വളരെ സെന്‍സിറ്റീവ് ആണ്. എഴുതാപ്പുറം എളുപ്പത്തില്‍ വായിച്ചെടുക്കും..അത് തന്നെ കാരണം.’ എലീസയുടെ കുസൃതി കലര്‍ന്ന മറുപടിയില്‍ എല്ലാറ്റിനുമുള്ള ഉത്തരം ഉണ്ടായിരുന്നു.
മറ്റൊരിക്കല്‍ എലിസ ചോദിച്ചു. ‘എന്തുകൊണ്ട് വിവാഹം കഴിക്കുന്നില്ല? ആര്‍ യു എ ബ്രഹ്‌മചാരി?’ അയാളുടെ മറുപടിക്ക് കാത്തു നില്‍ക്കാതെ അവള്‍ തുടര്‍ന്നു.
‘ഓ.. പെണ്‍കുട്ടികള്‍ കന്യകകള്‍ ആകണമെന്ന് നിങ്ങള്‍ ഇന്ത്യക്കാര്‍ക്ക് നിര്‍ബന്ധമാണ് അല്ലെ? അത്തരത്തില്‍ ഒന്നിനെ കിട്ടാത്തതുകൊണ്ടാണോ വിവാഹം വൈകുന്നത്?’ തെല്ലു പരിഹാസത്തോടെ അവള്‍ ചോദിച്ചു. അയാള്‍ ഒന്ന് ചിരിക്കുക മാത്രം ചെയ്തു. പൊതുവെ ഇന്ത്യക്കു പുറത്തുള്ളവര്‍ക്ക് ഇന്ത്യക്കാരെ കുറിച്ച് ഇത്തരം മിഥ്യാ ധാരണകള്‍ ഉണ്ട് എന്ന് കേട്ടിട്ടുണ്ട്. അവര്‍ എല്ലാം മാജിക്കുകാരാണ്, ആനപ്പുറത്തു യാത്ര ചെയ്യുന്നവരാണ് എന്നിങ്ങനെ പോകുന്നു അവ. പണ്ട് ദക്ഷിണാഫ്രിക്കയില്‍ പോയി ഗാന്ധിജി തന്റെ പെണ്‍ സുഹൃത്തിനോട് ആള്‍ ഇന്ത്യന്‍സ് ആര്‍ ബ്രഹ്‌മചാരിസ് ആന്‍ഡ് ഓള്‍ ബ്രഹ്‌മചാരിസ് ആര്‍ വെജിറ്റേറിയന്‍സ്’ എന്നൊക്കെ പറഞ്ഞതായി കേട്ടിട്ടുണ്ട്. ഇപ്പോള്‍ ഇതാ എലിസയും.
‘എലിസയും വിവാഹിതയല്ലല്ലോ?’ അയാള്‍ ചോദിച്ചു.
‘അല്ല, പൊതുവെ അവിടെ നേരത്തെതന്നെ വിവാഹം കഴിച്ചോ അല്ലാതെയോ ഒരുമിച്ചു താമസിക്കുന്നവരാണ്. പക്ഷെ… ഞാന്‍…’ എലിസ ഇടയ്ക്കുവച്ച് നിര്‍ത്തി.
‘എനി അഫയര്‍?’ അയാള്‍ തിരക്കി.
‘ദെയ്ര്‍ വാസ് വണ്‍’ അവള്‍ തലകുലുക്കികൊണ്ട് പറഞ്ഞു ‘ആന്റ് ഫോര്‍ ദാറ്റ് ഐ ലോസ്റ്റ് മൈ വിര്‍ജിനിറ്റി ടൂ, ഇഫ് ഐ ഹാഡ് ഗോട്ട് വണ്‍.’
‘യുവര്‍ ബോയ് ഫ്രണ്ട്?’ അയാള്‍ ചോദിച്ചു.
‘യെസ്, ബട്ട് ഐ നെവര്‍ സ്ലെപ്റ്റ് വിത്ത് ഹിം.’ അവള്‍ ഒരു നിശ്വാസത്തോടെ പറഞ്ഞു.
‘പിന്നെ?’ അയാള്‍ ആശ്ചര്യത്തോടെ എലിസയെ നോക്കി ചോദിച്ചു.
‘അത് ഒരു കഥയാണ്, എന്നെ ആഫ്രിക്കന്‍ വന്‍കരയില്‍ നിന്നും ഏഷ്യന്‍ വന്‍ കരയിലേക്കെത്തിച്ച ഗ്രേറ്റ് മൈഗ്രേഷന്റെ പിന്നാമ്പുറ കഥ.’ പക്ഷെ അവള്‍ ആ കഥ പറഞ്ഞില്ല. എലിസ അങ്ങനെയാണ്, അതിനും അവള്‍ക്ക് ചിലപ്പോള്‍ കാരണങ്ങള്‍ ഉണ്ടാവാം. അഫ്‌സലിനെ കുറിച്ച് പറഞ്ഞ തരത്തില്‍! അയാള്‍ അതിനാല്‍ തന്നെ കൂടുതല്‍ ഒന്നും ചോദിച്ചില്ല.
ഒടുവില്‍ പിരിയുന്നതിന്റെ തലേ ദിവസം രാത്രിയില്‍ ഇരമ്പിക്കൊണ്ടിരുന്ന കടലിനെ സാക്ഷി നിര്‍ത്തി അവള്‍ ആ കഥ പറഞ്ഞു അപ്പോള്‍ അകലെ കടല്‍പ്പരപ്പില്‍ കറുപ്പണിഞ്ഞ തിരമാലകള്‍ അവളുടെ മനസ്സിന്റെ ഉള്ളറകളിലേക്ക് എത്തി നോക്കി മുരണ്ടു കൊണ്ടിരുന്നതായി അയാള്‍ക്ക് തോന്നി.
‘കിഴക്കന്‍ ടാന്‍സാനിയയിലെ ദാരുല്‍സലാമയില്‍ നിന്നും മുന്നൂറു കിലോമീറ്റര്‍ അകലെയുള്ള ഒരു ഉള്‍നാട്ടിലാണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും മറ്റും. ട്രെക്ക് ഡ്രൈവര്‍ ആയിരുന്നു പാപ്പ. വല്ലപ്പോഴും മാത്രമേ പാപ്പ വീട്ടില്‍ വന്നിരുന്നുള്ളൂ. എനിക്ക് പതിനാല് വയസ്സുള്ളപ്പോള്‍ ഒരു ദിവസം മമ്മ എട്ടു വയസ്സ് മാത്രം പ്രായമായ അനുജനെ എന്റെ അടുത്തിരുത്തി പുറത്തു പോയി. രാത്രിയായും തിരിച്ചു വന്നില്ല. അടുത്ത വീട്ടിലെ മാമി പറഞ്ഞു പിന്നീട് അറിഞ്ഞു മമ്മ അവരുടെ ആണ്‍ സുഹൃത്തിനൊപ്പം പോയതാണെന്നും ഇനി വരില്ലെന്നും മറ്റും. സുഹൃത്ത് ഇടയ്ക്കിടെ വീട്ടില്‍ വരുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. മാമി ഞങ്ങള്‍ക്ക് ഭക്ഷണം തന്നിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ ഞാന്‍ സ്‌കൂളില്‍ പോയില്ല. സന്ധ്യയായാല്‍ സിയന്‍ എന്നെ ചുറ്റിപ്പിടിച്ചു കരയും. ഒപ്പം ഞാനും കരയും. എന്റെ ജീവിതത്തിലെ ആദ്യ പതനം അതായിരുന്നു. ഞാന്‍ ആദ്യമായി വെറുക്കാന്‍ തുടങ്ങിയ സ്ത്രീ എന്റെ സ്വന്തം മമ്മയായിരുന്നു.’ തികട്ടി വന്ന ഒരു തേങ്ങല്‍ മറയ്ക്കാനാവും കയ്യിലിരുന്ന ക്യാനില്‍ നിന്ന് അല്പം കൂടി ബിയര്‍ നുണഞ്ഞുകൊണ്ടു അവള്‍ തുടര്‍ന്നു.
‘ഏകദേശം രണ്ടാഴ്ച കഴിഞ്ഞാണ് പാപ്പ വന്നത്. കുറച്ചു നേരം തളര്‍ന്നിരുന്ന പാപ്പ ഞങ്ങളെ സമാധാനിപ്പിച്ചു. ആശ്വസിപ്പിച്ചു. കളി തമാശകള്‍ കാണിച്ചു സിയാനെ ചിരിപ്പിച്ചു. തിരികെ പോകുമ്പോള്‍ പാപ്പ ഞങ്ങളെയും കൂട്ടി. ടാങ്ക പട്ടണത്തിനടുത്തുള്ള ഒരു ഉള്‍ഗ്രാമത്തില്‍ ഞങ്ങള്‍ താമസമാക്കി. അവിടെ ഞങ്ങളെ നോക്കാന്‍ ഒരു ആയ ഉണ്ടായിരുന്നു. സിബെല്ല. സിയാനെ കണ്ടപ്പോള്‍ ആയ സൂക്ഷിച്ചു നോക്കി. സിയാന്റെ പ്രത്യേകത അവരെ അസ്വസ്ഥയാക്കിയിരുന്നു എന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്. അവന്‍ ഒരു ആല്‍ബിനോ ആയിരുന്നു.’ എലിസ ഒന്ന് നിര്‍ത്തി. എവിടെ നിന്നോ ഉയര്‍ന്ന ഒരു നൊമ്പരം സൃഷ്ടിച്ച ഗദ്ഗദം അവളുടെ സ്വരം ചുഴറ്റിയെടുക്കുന്നത് അയാള്‍ അറിഞ്ഞു.
ശരിയാണ്, ആല്‍ബിനോകള്‍ ധാരാളം കണ്ടുവരുന്ന ഒരു രാജ്യമാണ് ടാന്‍സാനിയ. വര്‍ണ്ണനഷ്ടം സംഭവിച്ച ആല്‍ബിനോകളുടെ സാമീപ്യം പല പല ആപത്തുകളും കൊണ്ടുവരും എന്ന് വിശ്വസിക്കുന്നവര്‍ ധാരാളമുണ്ട് ആ പ്രദേശങ്ങളില്‍. ദോഷം തീര്‍ക്കാന്‍ ആല്‍ബിനോകളെ വകവരുത്തി അവരുടെ ശരീര ഭാഗങ്ങളും അസ്ഥികളും മറ്റും വീട്ടില്‍ രഹസ്യമായി സൂക്ഷിക്കുന്നവര്‍ വരെ ഉണ്ട്. ഇത്തരം അന്ധവിശ്വാസങ്ങളുടെ മറ പിടിച്ചു ആല്‍ബിനോകളെ കടത്തിക്കൊണ്ടു പോകുന്ന അധോലോകം അവിടെ പ്രവര്‍ത്തിക്കുന്നുണ്ടത്രേ! എവിടെയോ ഒരിക്കല്‍ വായിച്ചത് അയാള്‍ ഓര്‍ത്തു.
‘പാപ്പയുടെ കൂടെ വീട്ടില്‍ വന്നിരുന്ന ഇമ്മാനുവല്‍ എന്ന ചെറുപ്പക്കാരന്‍ ഞങ്ങള്‍ക്ക് പ്രിയങ്കരന്‍ ആയി. തമാശകള്‍ പറഞ്ഞും പാട്ടുകള്‍ പാടിയും അവന്‍ സിയാനെ സന്തോഷിപ്പിച്ചു. കെനിയന്‍ അതിര്‍ത്തിയില്‍ ഉള്ള എന്തോ ബിസിനെസ്സില്‍ പാപ്പയെ അയാള്‍ പങ്കു ചേര്‍ത്തു. ക്രമേണ ഇമ്മാനുവലുമായി ഞാന്‍ അടുത്തു. ഏതൊരു പെണ്‍കുട്ടിയും ഇഷ്ടപ്പെടുന്ന അന്തസ്സുറ്റ പെരുമാറ്റവും ആകാരവും അവനുണ്ടായിരുന്നു. സിബെല്ല ആയയ്ക്കു പക്ഷെ ഇമ്മാനുവലിനെ അത്രയ്ക്ക് ഇഷ്ടപ്പെട്ടില്ല. അവന്റെ ലക്ഷണങ്ങള്‍ നല്ലതല്ല എന്നാണ് അവരുടെ അഭിപ്രായം.
എ ലെവല്‍ പഠനത്തിനായി ഞാന്‍ പട്ടണത്തില്‍ ചേര്‍ന്നു. സിയാന്‍ സിബെല്ലയുടെ മാത്രം സംരക്ഷണയില്‍ ആയി. പുതിയ സംരംഭങ്ങളുടെ തിരക്കില്‍ പാപ്പാ വീട്ടില്‍ എത്തുന്നത് കുറഞ്ഞു. ആദ്യ പ്രണയം എന്നിലെ സ്വപ്‌നങ്ങള്‍ക്ക് നിറം പകര്‍ന്നു. മനസ്സിലെ മഞ്ഞണിഞ്ഞുനിന്ന താഴ്‌വരകള്‍ ഈറന്‍ വയലറ്റ് പുഷ്പങ്ങളാല്‍ നിറഞ്ഞു വസന്തത്തെ വരവേറ്റു. അതിനിടയില്‍ പാപ്പയും ഇമ്മാനുവലും അത്യാവശ്യം പണക്കാര്‍ ആയി മാറിയിരുന്നു. പാപ്പാ ഞങ്ങളുടെ അക്കൗണ്ടില്‍ വലിയ തുകകള്‍ നിക്ഷേപിച്ചു. കാണാന്‍ വരുമ്പോള്‍ ഇമ്മാനുവല്‍ എന്നെ പട്ടണം ചുറ്റിക്കാണിച്ചു. അങ്ങനെയിരിക്കെ ശപിക്കപ്പെട്ട ഒരു ദിവസം എന്റെ രണ്ടാമത്തെ പതനം സംഭവിച്ചു. ജോലി സ്ഥലത്തു വച്ച് ഒരു അപകടത്തില്‍ പാപ്പ മരിച്ചു എന്ന അറിയിപ്പ് കിട്ടി. നാല് ദിവസം കഴിഞ്ഞു കണ്ടെടുത്ത ബോഡി അഴുകിയിരുന്നത്രെ! ഇമ്മാനുവല്‍ മാത്രം ക്രിമേഷനില്‍ പങ്കെടുത്തു. അനാഥരായ ഞങ്ങളുടെ സംരക്ഷണം പക്ഷെ ഇമ്മാനുവല്‍ ചുമലിലേറ്റി. അധിക നാള്‍ കഴിഞ്ഞില്ല, ദുര്യോഗം മറ്റൊരു വാര്‍ത്തയുമായെത്തി. ഒരു ദിവസം സ്‌കൂളില്‍ പോയ സിയാന്‍ തിരികെ എത്തിയില്ല! ഇമ്മാനുവല്‍ വഴി പോലീസില്‍ പരാതി നല്‍കിയെങ്കിലും കണ്ടെത്താനായില്ല. ഞാന്‍ തികച്ചും ഒറ്റപ്പെട്ടു. സിയാനെ കൂടാതെ എനിക്ക് മുന്‍പോട്ടു പോവാനായില്ല. അവനു എന്തോ അപകടം പിണഞ്ഞതായി എന്റെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നു. ഒരു ദിവസം ഇമ്മാനുവലിന്റെ വിളി പ്രതീക്ഷിച്ചു കൊണ്ടിരുന്ന എനിക്ക് മറ്റൊരു കാള്‍ ലഭിച്ചു. നഗരത്തിലെ പോലീസ് സ്റ്റേഷനില്‍ ചെന്നപ്പോള്‍ ഇമ്മാനുവല്‍ തടവിലാക്കപ്പെട്ടതായി അറിഞ്ഞു. ഏക ആശ്രയമായ ഇമ്മാനുവലിനെ കാണാന്‍ വാശി പിടിച്ച എന്നെ ഒരു ഓഫീസര്‍ വിളിപ്പിച്ചു. ചില കുറ്റകൃത്യങ്ങളുടെ പേരിലാണ് ഇമ്മാനുവല്‍ ജയിലില്‍ ആയത്. ആദ്യം അനധികൃത സ്വര്‍ണ ഖനനത്തില്‍ ഏര്‍പ്പെട്ട ഇമ്മാനുവല്‍ ഇപ്പോള്‍ ആല്‍ബിനോകളെ അപായപ്പെടുത്തി അവരുടെ അവയവങ്ങള്‍ കച്ചവടം ചെയ്യുന്ന സംഘത്തിലെ അംഗമാണത്രെ! അയാള്‍ അപായപ്പെടുത്തിയവരുടെ കൂട്ടത്തില്‍ തന്റെ പാപ്പയും സിയാനും ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് കൂടി അറിഞ്ഞപ്പോള്‍ എനിക്ക് പിടിച്ചു നില്‍ക്കാന്‍ ആയില്ല. ചതിയുടെ അഗാധ ഗര്‍ത്തത്തില്‍ വീണു കിടന്നു നിരാലംബയായി കരയുന്ന എന്നെ ഞാന്‍ കണ്ടു. പിന്നെ തല കറങ്ങി കുഴഞ്ഞു വീഴുകയായിരുന്നു.
ആ ഓഫീസര്‍ എന്നെ ആശ്വസിപ്പിച്ചു. ഇമ്മാനുവലിന്റെ അടുത്ത ഇരയെ രക്ഷിച്ച ആശ്വാസത്തിലായിരുന്നു അദ്ദേഹം. എന്റെ കന്യകാത്വം പോലും ഇമ്മാനുവല്‍ ഉറപ്പു വരുത്തിയത് ഇത്തരം ഒരാവശ്യത്തിനായിരുന്നു എന്നത് ഒരു ഞെട്ടലോടെ ഞാന്‍ അദ്ദേഹത്തില്‍ നിന്ന് മനസ്സിലാക്കി. എന്നോട് മര്യാദയോടെ പെരുമാറിയ അദ്ദേഹത്തിന് മുന്‍പില്‍ എന്റെ സങ്കടം പല തവണ അണ പൊട്ടി ഒഴുകി. വളരെ അനുകമ്പയോടെയുള്ള ആശ്വാസ വാക്കുകള്‍ എന്നിലെ അരക്ഷിതത്വ ബോധത്തിനു അയവു വരുത്തി. കുറച്ചു ദിവസം അവിടെ തങ്ങിയ എനിക്ക് മറ്റൊരു ഓഫീസറുടെ ശിപാര്‍ശയില്‍ ഇന്ത്യയിലേക്ക് തുടര്‍ പഠനത്തിന് പോകാന്‍ സൗകര്യമൊരുക്കി. അങ്ങനെയാണ് ഒരു ഏജന്‍സി വഴി ഇവിടെ എത്തിയത്.
അവിടെ നിന്ന് പോരുന്നതിനു തലേ ദിവസം, അന്ന് ഈസ്റ്റര്‍ ആയിരുന്നു. രാത്രി വിട പറയാന്‍ ഒരുങ്ങവെയാണ് നാട്ടിലുള്ള അദ്ദേഹത്തിന്റെ അഞ്ചു വയസ്സുള്ള മകള്‍ ഒരു ആല്‍ബിനോ ആണെന്നും അതിന്റെ സുരക്ഷയില്‍ അദ്ദേഹം പോലും ഉല്‍ക്കണ്ഠാകുലനാണെന്നും അറിയുന്നത്. ഞാന്‍ എന്റെ സിയാനെ ഓര്‍ത്തു. ഞങ്ങള്‍ പരസ്പരം ആശ്വസിപ്പിച്ചു. ആശ്ലേഷത്തിലിരുന്ന ഞങ്ങള്‍ എപ്പോഴോ ദുഖത്തിന്റെ നീര്‍ച്ചാലിലൂടെ ഒഴുകിയെത്തിയ തരളിതമായ ഏതോ വികാരത്തിന്റെ ഇളം ചൂട് അനുഭവിക്കാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ പുരുഷ ഗന്ധം ഉയര്‍ത്തിയ മേഘപടലങ്ങള്‍ എന്നില്‍ പുതു മഴയായി പെയ്തിറങ്ങാന്‍ തുടങ്ങി. ഇമ്മാനുവലിനോടുള്ള എന്റെ പ്രതികാരം അപ്പോള്‍ ചുടു നിശ്വാസങ്ങളായി അദ്ദേഹത്തിന്റെ സിരകളില്‍ അഗ്‌നി ചിതറി. ഒരിക്കല്‍ കാത്തു വച്ചതെല്ലാം സന്തോഷത്തോടെ ഞാന്‍ അദ്ദേഹത്തിന് ആ രാത്രി പകര്‍ന്നു നല്‍കി. ആത്മാവിനേറ്റ മുറിവുകള്‍ക്ക് ശരീരം കൊണ്ട് ഞാന്‍ പകരം വീട്ടുകയായിരുന്നു. എലിസ പറഞ്ഞു നിര്‍ത്തി.
അവള്‍ ആകെ ഉലഞ്ഞിരുന്നു. ഒന്നും മിണ്ടാനാവാതെ അവളെ നോക്കി നില്‍ക്കാന്‍ മാത്രമേ അയാള്‍ക്ക് സാധിക്കുമായിരുന്നുള്ളൂ. സമാധാനിപ്പിക്കാന്‍ തുനിഞ്ഞാല്‍ അത് പൊയ് വാക്കായി മാറും. ഈ ഉപഭൂഖണ്ഡത്തില്‍ അവളെ സഹായിക്കാന്‍ സാധിക്കാത്ത അയാള്‍ക്ക് തന്നോട് തന്നെ പുച്ഛം തോന്നി. ഇവിടെ വന്നതിന് ശേഷം ഒരു പ്രധാന കാര്യം അവളുടെ ശ്രദ്ധയില്‍ പെടുത്തണമെന്നു കരുതിയതാണ്. തെറ്റിദ്ധരിക്കാന്‍ ഇടയാക്കുമെന്ന ഭയത്താലും തീര്‍ച്ചയില്ലാത്ത വിവരമായതിനാലും അതൊന്നും പറഞ്ഞില്ല. തങ്ങളെ പല തവണ ഒപ്പം കണ്ട അന്‍വര്‍ സാര്‍ ഒരിക്കല്‍ ചോദിച്ചു.
‘ശ്രീയുടെ ഒപ്പം കണ്ട ആഫ്രിക്കന്‍ കുട്ടി ഇവിടെയാണോ പഠിക്കുന്നത്?’ അയാള്‍ അല്ലെന്നു പറഞ്ഞപ്പോള്‍ അദ്ദേഹം തെല്ലു സങ്കോചത്തോടെ പറഞ്ഞു. ‘എന്റെ ഒരു സ്റ്റുഡന്റ് ആ കുട്ടിയുടെ ഒപ്പം കാണാറുള്ള ഒരു ചെറുപ്പക്കാരനെ പറ്റി ചില കാര്യങ്ങള്‍ പറഞ്ഞു. അയാള്‍ക്ക് ഏതോ സംഘടനയിലുള്ള ആളുകളുമായി ബന്ധമുള്ളതായി താന്‍ കെയര്‍ഫുള്‍ ആവണമെന്നേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ.’ അന്‍വര്‍ സാര്‍ പറഞ്ഞത് അയാള്‍ക്ക് ഒരു പുതിയ അറിവായിരുന്നു. അന്ന് തന്നെപ്പറ്റി അഫ്‌സല്‍ അന്വേഷിച്ചതും മറ്റും അയാള്‍ ചേര്‍ത്ത് വായിച്ചു. പക്ഷെ നിജസ്ഥിതി അറിയാതെ എലിസയോട് പറയുന്നതെങ്ങനെ? ഇല്ല. അത് സാധ്യമായിരുന്നില്ല. ഇപ്പോള്‍ അത് തീര്‍ത്തും അസാധ്യമായിരിക്കുന്നു. അഫ്‌സലിനെ അവള്‍ക്ക് വളരെ വിശ്വാസമാണ്. മാത്രമല്ല, ഇനി അത്തരം ഒരു ആഘാതം കൂടി താങ്ങാനുള്ള കഴിവ് ആ മനസ്സിന് ഉണ്ടാവുമെന്ന് കരുതാനും വയ്യ! അയാള്‍ ആ ശ്രമം ഉപേക്ഷിച്ചു.
എന്തോ തിരയുന്ന കടല്‍ പക്ഷികള്‍ ദൂരെ ഉയര്‍ന്നും വട്ടമിട്ടു പറക്കുന്നു. ഇനി ഒരു മണിക്കൂര്‍ കഴിഞ്ഞാല്‍ അവള്‍ പോകും. അഫ്‌സലിന്റെ ഒപ്പം മറ്റേതോ വന്‍കര തേടി. അവിടം അവള്‍ക്കു പുതിയ ലോകം ഒരുക്കും. അവള്‍ ഒരിക്കല്‍ സ്വപ്‌നം കണ്ട ലോകത്തിന്റെ പുതിയ പതിപ്പ് ആവും അത്. അങ്ങനെ തന്നെ ആവട്ടെ. അയാള്‍ മനസ്സാ ആശീര്‍വദിച്ചു. അഫ്‌സലിനെ അവള്‍ക്കു ഇഷ്ടമാണ്. അവളുടെ പ്രതീക്ഷകളുടെ ഉത്തരമാണ് അയാള്‍. തന്നോട് അവള്‍ക്കുണ്ടായിരുന്ന വികാരത്തെ പറ്റി മാത്രം അയാള്‍ക്കറിഞ്ഞു കൂടാ. പുരുഷന് എത്തിപ്പിടിക്കാനാവാത്ത ഉയരത്തിലും ചിലപ്പോള്‍ ആഴത്തിലും ആവും സ്ത്രീ മനസ്സ്.
ഒരിക്കല്‍ അവള്‍ പറഞ്ഞത് അയാള്‍ വെറുതെ ഓര്‍ത്തു ‘എനിക്ക് ഒരു കുഞ്ഞുണ്ടാവുമ്പോള്‍ അവനു മാഷുവിന്റെ മുഖച്ഛായ ആയിരിക്കും.’ അയാള്‍ അപ്പോള്‍ നിര്‍വികാരനായി അവളെ നോക്കി’ ഞങ്ങളുടെ ഗോത്ര വിശ്വാസമനുസരിച്ചു പെണ്‍കുട്ടികള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ആളിന്റെ മുഖമായിരിക്കും അവള്‍ക്ക് പിറക്കുന്ന കുട്ടിക്ക് എന്നാണ്.’ അന്ന് അത് പറഞ്ഞുകൊണ്ട് അവള്‍ അയാളുടെ കവിളില്‍ നുള്ളി നോവിച്ചു. എന്നിട്ട് ഉറക്കെ പൊട്ടി ചിരിച്ചു.
അഫ്‌സല്‍ വരും എന്ന് പറഞ്ഞതനുസരിച്ചാണ് അവര്‍ മംഗലാപുരത്തു എത്തിയത്. പിന്നെ എന്തോ അസൗകര്യമുള്ളതിനാല്‍ യാത്ര പിറ്റേ ദിവസത്തേക്ക് മാറ്റി വച്ചെന്ന് അറിയിക്കുകയും ആ രാത്രി അവര്‍ ഹോട്ടലില്‍ മുറിയെടുക്കുകയുമായിരുന്നു. യഥാര്‍ത്ഥത്തില്‍ അഫ്‌സല്‍ യാത്ര മാറ്റുകയായിരുന്നില്ല, എലീസ മനഃപൂര്‍വ്വം തലേ ദിവസം വന്നതാണ്. അതിന്റെ കാരണമായി അവള്‍ പറഞ്ഞത് ഇങ്ങനെയാണ്. പോകുന്നതിനു മുന്‍പ് എനിക്ക് കുറെ സമയം മാഷുമൊത്തു ചെലവഴിക്കണം. മാഷു എന്നെ യാത്രയാക്കണം ഇത്രയും എന്റെ ആഗ്രഹങ്ങള്‍.’ അപ്പോള്‍ എലിസ ഇനിയും കണ്ടെത്തപ്പെടാത്ത സ്വന്തമായി കടലുകളും ദ്വീപു സമൂഹങ്ങളും ഉള്ള ഒരു വന്‍കരയായി മാറിയതായി അയാള്‍ക്ക് തോന്നി
ഒടുവില്‍ പോകാനായി കാര്‍ വന്നപ്പോള്‍ അവള്‍ പറഞ്ഞു ‘മാഷു കൂടെ വരേണ്ട. ഞങ്ങള്‍ പന്ത്രണ്ട് മണിക്ക് പോകും. മാഷു അത് കഴിഞ്ഞു മാത്രമേ ഇവിടം വിട്ടു പോകാവൂ’ ഇത്രയും പറഞ്ഞുകൊണ്ട് അവള്‍ ആദ്യമായി അയാളെ ചുംബിച്ചു. അവളുടെ കണ്ണുകള്‍ ആര്‍ദ്രമായിരുന്നത് നിറഞ്ഞ കണ്ണുകളാല്‍ അയാള്‍ നോക്കി കണ്ടു. എലിസയുടെ വൈകാരികമായ പെരുമാറ്റം അയാളില്‍ ഒരേസമയം അമ്പരപ്പും ഉത്കണ്ഠയും ഉളവാക്കിയിരുന്നു. എലിസ പോയതില്‍ പിന്നെ അവളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആവുകയും ചെയ്തു. എന്നെന്നേക്കുമായി!
വീട്ടിലെത്തിയപ്പോള്‍ സ്റ്റഡി റൂമില്‍ അന്‍വര്‍ സാറിനെ കണ്ടില്ല. പുസ്തക അലമാരകള്‍ അതിരിടുന്ന മുറിയുടെ നടുവില്‍ തടവിലാക്കപ്പെട്ട ഏതോ വളര്‍ത്തു മൃഗത്തെപ്പോലെ എപ്പോഴും സാര്‍ ഉണ്ടാവാറുള്ളതാണ്. ടീപ്പോയില്‍ വച്ചിട്ടുള്ള ഫ്രണ്ട് ലൈന്‍ ദ്വൈവാരിക മറിച്ചു നോക്കിക്കൊണ്ടു അയാള്‍ കസേരയില്‍ ഇരുന്നു. ഉള്‍പ്പേജിലെ പ്രധാന ലേഖനത്തെപ്പറ്റി ഇഞകടകട എന്നാണ് പുറം ചട്ടയില്‍ കാണിച്ചിട്ടുള്ളത്. ഐ.എസ്.ഐ.എസ് എന്ന ഭീകര സംഘടനയിലെ ക്യാമ്പില്‍ സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങളെ കുറിച്ചു വളരെ രഹസ്യാത്മകമായി തയ്യാറാക്കപ്പെട്ട കരളലിയിപ്പിക്കുന്ന ലേഖനമായിരുന്നു അത്. ചതിയില്‍ പെട്ടവരുടെ രോദനങ്ങള്‍! ലേഖനത്തിനൊപ്പമുള്ള വര്‍ണ്ണ ചിത്രങ്ങളില്‍ ഒന്നില്‍ ഒരു വേള അയാളുടെ കണ്ണുകള്‍ ഉടക്കി. തടവില്‍ വച്ച് ഗര്‍ഭം ധരിച്ചു അമ്മമാര്‍ ആയ പെണ്‍കുട്ടികള്‍ അവരുടെ കൈക്കുഞ്ഞുകളുമായി നില്‍ക്കുന്ന ചിത്രത്തില്‍ ഇടതു നിന്ന് മൂന്നാമതായി നില്‍ക്കുന്നത് എലീസയോ? അയാള്‍ക്ക് വിശ്വസിക്കാനായില്ല. ഒന്ന് കൂടി ഉറപ്പിക്കാനായി നോക്കിയപ്പോള്‍ എലിസയുടെ എളിയിലിരുന്ന ആണ്‍കുട്ടി അയാളെ നോക്കി ചിരിച്ചു. ഭൂതകാല സ്മരണകള്‍ അയാളുടെ മുന്‍പില്‍ അഘോര താണ്ഡവം നടത്തി. ഒരു പരാജിതനെപ്പോലെ മാഗസിന്‍ അടച്ചു വെച്ചു ഇറങ്ങി നടക്കുമ്പോള്‍ അയാള്‍ സംശയിച്ചു. അലമാരയുടെ ചില്ലില്‍ പതിഞ്ഞ തന്റെ മുഖം ആ കുഞ്ഞിന്റേത് ആയിരുന്നോ? ഒരിക്കല്‍ കൂടി അത് നോക്കാന്‍ അയാള്‍ അശക്തനായിരുന്നു.