Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home കഥ

സര്‍പ്പദൃഷ്ടി

ഗോപാലന്‍ കെ.ഗോപാലന്‍ കെ.
22 March 2024

വിസ്തൃതമായ വയല്‍പരപ്പിലേക്ക് ഇറങ്ങി നീളുന്ന വലിയ വരമ്പിലൂടെ വേണം നടക്കാന്‍. രണ്ട് വരമ്പുകള്‍ക്കിടയിലൂടെ ഒഴുകിയിരുന്ന നീര്‍ച്ചാലുകള്‍ ഉണങ്ങിവരണ്ടിരിക്കുന്നു. മീനം മേടം മാസങ്ങളില്‍ വരണ്ടുണങ്ങിയില്ലെങ്കിലേ അത്ഭുതമുള്ളൂ. നേര്‍ത്ത വരമ്പുകള്‍ നീണ്ടു നീങ്ങി മെല്ലെ നാട്ടുപാതയില്‍ ചെന്ന് മുട്ടും.

Google NewsAdd Kesari Weekly as a preferred source on Google

മുളങ്കാടുകള്‍ ആടിയുലഞ്ഞുണ്ടാകുന്ന കെരെകെരെപ്പിനിടയില്‍ അണ്ണാറക്കണ്ണനും വണ്ണാത്തിപ്പുള്ളുകളും കിന്നാരം പറയുന്ന നാട്ടുമരത്തോട്ടങ്ങളും കാട്ടുപൊന്തകളും നിറഞ്ഞ വലിയ വലിയ ചെമ്മണ്‍ പറമ്പുകളായിരുന്നു ഇരുപുറവും. അവയെല്ലാം ഇല്ലിക്കോല്‍ വേലിക്കെട്ടുകള്‍ കൊണ്ട് അതിരുകള്‍ തിരിച്ചിരുന്നു. നാട്ടുപാതകള്‍ ആ വേലിക്കെട്ടുകള്‍ക്കരികിലൂടെ വളഞ്ഞു പുളഞ്ഞു പോകും.

മരം കൊണ്ടുള്ള പാദുകങ്ങള്‍ കാര്‍ന്നോമ്മാര്‍ക്കും അത്യാവശ്യം തോല്‍ച്ചെരിപ്പുകള്‍ ചില തറവാടികള്‍ക്കുമുണ്ടെന്നല്ലാതെ നഗ്‌നപാദരായിരുന്നല്ലോ ബഹുഭൂരിപക്ഷവും. കൂര്‍ത്ത ചെങ്കല്‍ച്ചീളുകളും അള്ളുകള്‍ പോലുള്ള മുളം മുള്ളുകളും തറച്ചു കയറാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നെങ്കിലും വളരെ വേഗത്തില്‍ ആ നാട്ടുപാതകളിലൂടെ ഒഴുകിയെത്തുമായിരുന്നു നാട്ടാരെല്ലാം..

ADVERTISEMENT

തെങ്ങോല മേലാപ്പിട്ട നാലുകാലോലപ്പന്തലില്‍ ഈന്തോലച്ചീളുകള്‍ അടുക്കിയലങ്കരിച്ച മുളം തൂണുകള്‍, മൂളിത്തെളിയുന്ന പെട്രോമാക്‌സുകള്‍ ധവളാഭയേറ്റി കൂരിരുളകറ്റുന്ന ചെമ്മണ്‍ തളത്തിനു നടുവില്‍ വെള്ളാട ചുറ്റിയ വാഴത്തണ്ടിന്‍ കാലുകളില്‍ കുരുത്തോലത്തോരണം ചാര്‍ത്തിയ ചെറുചതുരപ്പന്തല്‍. ആ പന്തലിന്‍ നടുവില്‍ തുടങ്ങി തറയില്‍ നിന്നും പുറത്തേക്കായി ചാണകമെഴുകിയ നിലത്ത് അരിപ്പൊടി, മഞ്ഞള്‍പ്പൊടി തുടങ്ങി പഞ്ചവര്‍ണ്ണപ്പൊടികള്‍ കൊണ്ടുള്ള കളമെഴുത്തില്‍ തെളിഞ്ഞു ശോഭിക്കുന്ന നാഗദൈവങ്ങള്‍!!
കളത്തിന് കിഴക്കേ തിണ്ടില്‍ പാട്ടിന് കൈമണിയും വീണയും കുടവുമെല്ലാം ഒരുക്കിയ ഇരിപ്പിടത്തിലെ പുള്ള്വോപ്പണിക്കരുടെ നിര്‍ദ്ദേശങ്ങള്‍ക്കൊത്ത് കളപ്പന്തലില്‍ കളത്തില്‍ കമ്മള്‍ പൂങ്കുലച്ചമയവും തീപ്പന്തങ്ങളുമുള്ള വലിയ വെള്ളോട്ടുകിണ്ടിയുമായി മുമ്മൂന്നു ചുറ്റ് താളക്രമത്തില്‍ വലം വെച്ചു പൂജാദി കര്‍മ്മങ്ങള്‍ തുടരുന്നതും നോക്കി പകച്ചിരുന്നിരുന്ന കുട്ടിക്കാലത്തെ കളം പാട്ട്! അതിന് ശേഷം കളരിയഭ്യാസപ്രകടനത്തോടെ ചടുലമായ തിരിയുഴിച്ചിലിന്റെ വശ്യത!!!

പൂജാപുഷ്പങ്ങളില്‍ നിന്നും ധൂമങ്ങളില്‍ നിന്നും മഞ്ഞള്‍പ്പൊടിയില്‍ നിന്നും പടര്‍ന്നൊഴുകുന്ന മാസ്മരിക ഗന്ധവും അതിനോടൊപ്പം കുടവും വീണയും കൈമണിയും ചേര്‍ത്തൊരുക്കുന്ന പ്രത്യേകതരം സംഗീതധ്വനിയും കളത്തിലാരൂഢരായ വൃതശുദ്ധകളായ കന്യകമാരുടേയും കാണികളും കാഴ്ചക്കാരുമായ തറവാട്ടംഗങ്ങളുടേയും മാനസികവ്യാപാരം പെെട്ടന്ന് തന്നെ സംഭ്രമാത്മകമായ ഒരവസ്ഥയിലേക്ക് ഉയര്‍ത്തുമായിരുന്നു. പത്തിരുപത് കൊല്ലങ്ങള്‍ക്ക് ശേഷവും അതെല്ലാം ഓര്‍മ്മകളില്‍ തികട്ടി വരുന്നു.
ഇന്നും കളത്തിന് പറയത്തക്ക വ്യത്യാസം ഒന്നും തോന്നിയില്ല. പെട്രോമാക്‌സിന്റെ സ്ഥാനം വൈദ്യുതി വിളക്കുകള്‍ ഏറ്റെടുത്തിരിക്കുന്നു. കാഴ്ചക്കാരുടേയും അനുഷ്ഠാനക്കാരുടേയും ആടയാഭരണങ്ങള്‍ക്കാണ് കാതലായ മാറ്റം! ഗ്രാമപ്പച്ചപ്പും കാവിന്നിരുള്‍ ഭംഗിയും വല്ലാതെ ശോഷിച്ചു പോയി.
സൗകര്യപ്രദമായ ഒരു ഇരിപ്പിടം തന്നെയാണ് കിട്ടിയത്. കളത്തിനോടടുത്ത് നേരെ തെക്ക് ഭാഗത്ത്. അതുകൊണ്ട് തന്നെ എല്ലാ കാര്യങ്ങളും വ്യക്തമായി കാണാമായിരുന്നു.

ആരോ തന്നെ ശ്രദ്ധിക്കുന്നു എന്നൊരു തോന്നല്‍ പെട്ടന്നാണ് ഉണ്ടായത്. ചുറ്റുപാടുമൊന്ന് കണ്ണോടിച്ചു. എന്തേ അങ്ങനെ ഒരു തോന്നല്‍ എന്ന് കരുതി വീണ്ടും കളംപാട്ടിലേക്ക് തിരിയവെയാണ് ആ കണ്ണുകള്‍ ശ്രദ്ധിച്ചത്.
അവര്‍ ഇങ്ങോട്ട് തന്നെ ശ്രദ്ധിച്ചു നോക്കിയോ എന്ന് ഒരു തോന്നല്‍! വിളക്കുകളില്‍ നിന്നും അവരുടെ മുഖത്തേക്ക് നല്ല രീതിയില്‍ വെളിച്ചം തെളിയുന്നുണ്ട്. ഈ ഭാഗത്തും ഏറെക്കുറെ അങ്ങനെ തന്നെയാണ് വെളിച്ചം. അയാള്‍ അങ്ങോട്ട് ശ്രദ്ധിച്ചു നോക്കിയപ്പോള്‍ അവര്‍ ദൃഷ്ടി മാറ്റി നേരെ കളത്തിലേക്ക് നോക്കിയ പോലെ തോന്നി. ശ്രദ്ധ വീണ്ടും കളത്തിലേക്ക് തിരിച്ചു.

പുള്ള്വോക്കുടത്തില്‍ നിന്നും ആ മാസ്മരിക ശബ്ദവീചികള്‍ മുഴങ്ങിക്കൊണ്ടിരുന്നു. അപ്രതീക്ഷിതമായി മനസ്സ് വീണ്ടും അവരിലേക്ക് തന്നെ തിരിഞ്ഞു. അപ്പോഴും അവര്‍ ഇങ്ങോട്ട് തന്നെ നോക്കിയിരിക്കയായിരുന്നു. ആ കണ്ണുകള്‍ വളരെ സൂക്ഷ്മമായി തന്നെത്തന്നെ ശ്രദ്ധിക്കുന്നു എന്ന പോലെ! കേരളാ സാരിയില്‍ ആണെന്നാണ് ആദ്യം തോന്നിയത്. അല്ല അത് കസവുകരയുള്ള വേഷ്ടിയും മുണ്ടുമായിരുന്നു. ഇരുനിറമാണെങ്കിലും നല്ല ആഢ്യത്ത്വമുള്ള മുഖഭാവം!
ആ നോട്ടം ഇത്തിരി രൂക്ഷമായിരുന്നോ? ഏതോ ഒരു സര്‍പ്പത്തിന്റെ കണ്ണുകള്‍ പോലെ തോന്നി!
പിന്നണിയില്‍ നാഗപ്പാട്ടിന്റെ വീണവായനയും കൈമണിയും പുള്ള്വോക്കുടത്തിന്റ മുഴക്കവും. ഭക്തിസാന്ദ്രമായ ഒരവസ്ഥയില്‍ കളത്തില്‍ കണ്ണടച്ചിരുന്നവരില്‍ ഒരു കന്നിയുടെ ശിരോഭാഗം അല്പാല്പമായി ചാഞ്ചാടിത്തുടങ്ങിയിരുന്നു.
തന്റെ നോട്ടം ശ്രദ്ധയില്‍ പെട്ടിട്ടാണോ ആവോ അവര്‍ കൈയില്‍ കരുതിയ വാനിറ്റി ബാഗ് ഉയര്‍ത്തി മാറിടംമറച്ചു പിടിച്ചു കൊണ്ട് കളത്തിലേക്ക് ശ്രദ്ധ തിരിച്ച് ഒന്ന് ചാഞ്ഞിരുന്നു.
‘ഇബടെ പുത്യേ ആളാണൊ…?’ അടുത്തു ഇരുന്നിരുന്ന വൃദ്ധന്‍ ഇടക്ക് കയറി ചോദിച്ചു.
‘അതേ…’

‘ഏത് താവഴീന്നാ..?’
അയാള്‍ വിടുന്ന ലക്ഷണമില്ല.
എന്താണ് പറയുക?
‘അങ്ങനെയൊന്നും ഇല്ല്യാ…, ഇവിടെ ഒരു കളം പാട്ട് നടക്കുന്നത് അറിഞ്ഞു ഒന്ന് തൊഴാന്‍ വന്നതാ…’
ചിലര്‍ അങ്ങനെയാണ്. വെറുതേ കയറി ചൊറിയും. ഇന്നാട്ടില്‍ നിന്നും പണ്ടേ അകന്നു പോയി നഗരവാസികളായ ഒരു താവഴിയില്‍ പെട്ടതാണെന്നും, കളംതൊഴാന്‍ വന്നതാണെന്നും പറയാന്‍ നിന്നില്ല.
അയാളോട് പറഞ്ഞു തിരിഞ്ഞു വീണ്ടും അവരിരുന്ന ഭാഗത്തേക്ക് നോക്കിയപ്പോള്‍, അവര്‍ അവിടെ ഇല്ലായിരുന്നു.
ഇത്ര പെട്ടെന്ന് എവിടെ പോയോ? ആവോ??
അയാള്‍ ആ ഭാഗം മുഴുവന്‍ ശ്രദ്ധിച്ചു നോക്കി. ആ ഇരിപ്പിടം കാലിയായിരുന്നു.
അല്ലെങ്കില്‍ അവര്‍ എവിടെ പോയാലെന്ത്? വീണ്ടും കളംപാട്ടിലേക്ക് ശ്രദ്ധ തിരിച്ചു.

പാട്ടും പുള്ള്വോക്കുടത്തിന്റെ മുഴക്കവും കൈമണികളുടെ ധൃത താളത്തിലുള്ള കിലുക്കവും വീണാനാദവുംകൊണ്ട് ഭക്തിനിര്‍ഭരമായിക്കൊണ്ടിരുന്നു അന്തരീക്ഷം!
കളത്തിലെ കന്നിമാരില്‍ ഒരാള്‍ ഇരുത്തത്തില്‍ നിന്നും മയങ്ങി നിരക്കം തുടങ്ങിയിരുന്നു. അവള്‍ ഇരുനിറത്തിലുള്ള പാവാടയും ബ്ലൗസുമാണ് ധരിച്ചിരുന്നത്. പൂങ്കുലയേറ്റിയ ഇരുകൈകളും ആ കളത്തിലെ നിറക്കൂട്ടുകളെ സമ്മിശ്രമാക്കിക്കൊണ്ടിരുന്നു.
വടക്കുഭാഗത്ത് ചെറുപന്തലില്‍ തെങ്ങോല മെടഞ്ഞിട്ട തിണ്ടില്‍ ഇരുന്നിരുന്ന കോമരപ്പെണ്ണുങ്ങളില്‍ രണ്ട് പേര്‍ ഇരുന്നാടി നിരങ്ങി നീങ്ങി കളത്തിലേക്ക് വന്നു കൊണ്ടിരുന്നു. അവര്‍ കൂടി കളത്തിലേക്ക് എത്തിയപ്പോഴേക്കും കളത്തിലെ രണ്ടാം കന്നിയും ആടിയുലഞ്ഞിരുന്നു. അവള്‍ കാപ്പി നിറമുള്ള ജമ്പറും പാവാടയുമായിരുന്നു.

അഴിഞ്ഞുവീണ തലമുടി ചുഴറ്റിയും പൂങ്കുല കൊണ്ട് തേച്ച് പരത്തിയും ആ നാഗക്കളത്തില്‍ ഒന്നാം കന്നിയും പിറകെ രണ്ടാം കന്നിയും വീണുരുണ്ട് നിരങ്ങി നീങ്ങി. പാമ്പുകള്‍ പോലെ അവരതില്‍ ഇഴഞ്ഞു നടന്നു. അവരുടെ വസ്ത്രങ്ങള്‍ ചായക്കൂട്ടുകള്‍ കൊണ്ട് അലങ്കോലമായിത്തുടങ്ങിയിരിക്കുന്നു.
പുള്ള്വോപ്പണിക്കര്‍ വീണാനാദംമുറുക്കി ‘ആടാടുപാമ്പേ…’ എന്നു തുടങ്ങിയ നാഗപ്പാട്ടു വരികള്‍ ഉറക്കെയുറക്കെ പാടിക്കൊണ്ടിരിക്കെ പെട്ടെന്ന് വടക്കെ പന്തലിനടുത്ത് ഒരു ചെറിയ ആള്‍ക്കൂട്ടം കണ്ടു. അവിടെ ആരോ ഒരു സ്ത്രീ താഴെ വീണ് ഉരുണ്ടു നീങ്ങുകയായിരുന്നു.
പുള്ള്വോപ്പണിക്കര്‍ വീണയുമായി അങ്ങോട്ട് നോക്കി പാട്ടു മുറുക്കി. പുള്ള്വോക്കുടം അതിശക്തമായി മുഴങ്ങിക്കൊണ്ടിരുന്നു, കൈമണികളും. ആ ചെറു ബഹളത്തിനിടയില്‍ നിന്നും ഒരു സ്ത്രീ കൂടി ഇഴഞ്ഞിഴഞ്ഞു കളത്തിലേക്ക് വന്നു. ആരോ ചിലര്‍ അവരുടെ കൈയിലും പൂങ്കുലകള്‍ പിടിപ്പിച്ചു. അയാള്‍ ഞെട്ടിത്തരിച്ചു. അത് അവരായിരുന്നു. നേരത്തെ കണ്ട കസവ് വേഷ്ടിക്കാരി! കസവുകരയുള്ള വേഷ്ടിയും മുണ്ടും ചായങ്ങളും കരിയും ചേര്‍ന്ന് മുഷിഞ്ഞിരിക്കുന്നു.

അവര്‍ കൂടി കളത്തിലെത്തിയപ്പോള്‍ കൊട്ടും പാട്ടും പരമാവധി മുഴങ്ങി! ആ മുഴക്കത്തില്‍ അവരഞ്ചുപേരും പാമ്പുകളായി ഇഴഞ്ഞു മറിയുകയായിരുന്നു. അയാള്‍ നോക്കിയിരുന്ന ഭാഗത്തേക്ക് അവര്‍ക്കിടയില്‍ നിന്നും ഒരു പാമ്പിനെ പോലെ, കളം മായ്ചുകൊണ്ട് അവള്‍ ഇഴഞ്ഞു വന്നു. കൈകള്‍ രണ്ടും ഇടക്കിടെ പൂങ്കുലകളോടെ തൊഴുത് പിടിച്ചു കൊണ്ട് അവര്‍ താനിരിക്കുന്ന നേരേ തന്നെയാണ് ഇഴഞ്ഞിഴഞ്ഞു വന്നത്. അത് അല്‍പം പരിഭ്രാന്തിയുണ്ടാക്കിയെങ്കിലും പരിഭ്രമം പുറത്ത് പ്രകടിപ്പിക്കാതെ അവരെ നോക്കി. ആ കണ്ണുകള്‍ അടച്ച് പിടിച്ചു കൊണ്ട് തന്നെയാണവര്‍ ഇഴഞ്ഞു വന്നത്. ആ ഭാഗത്തെ കളമെഴുത്ത് മുഴുവന്‍ അതിധൃതം മായ്ച്ചു കഴിഞ്ഞ് അവള്‍ കിടന്നുരുണ്ടു. അവരഞ്ചുപേരും കളത്തില്‍ ഉറഞ്ഞാടി ആടിത്തിമര്‍ത്ത് കളമൊന്നാകെ കലക്കി മറിച്ച് തളര്‍ന്നു വീണു.

പരികര്‍മ്മികളായ ചില സ്ത്രീകള്‍ അവരെ പൊക്കിയെടുത്ത് താഴെ ചിത്രോടക്കല്ലുകള്‍ക്ക് അരികിലേക്കാനയിച്ചു. അവിടുത്തെ കര്‍മ്മങ്ങള്‍ തീര്‍ത്തു തിരിച്ച് അവരെയെല്ലാം താല്‍ക്കാലിക തിടപ്പള്ളിയില്‍ വിരിച്ച പുല്‍പ്പായയില്‍ പിടിച്ചു കിടത്തി.
തിരിച്ചു പോരുമ്പോള്‍ അയാള്‍ ഓര്‍ത്തു നോക്കി. ആരാണവര്‍? എന്തിനാണാവോ അവരുമിവിടെ ഉറഞ്ഞാടിയത്? എന്താണ് അവര്‍ തന്നെ ശ്രദ്ധിച്ചു നോക്കിയത്? ഒന്നും അറിയില്ല.

ഉറക്കം ശരിയാകാതെ തിരിഞ്ഞും മറഞ്ഞും കിടന്നപ്പോള്‍ പലതും ഓര്‍ത്തു പോയി.
ആ ഓര്‍മ്മയില്‍ ആ കണ്ണുകള്‍ തിളങ്ങി! ഇതിനു മുന്‍പ് എവിടെയോ വെച്ച് ആ കണ്ണുകള്‍ കണ്ടിരുന്നു എന്ന നിഗമനത്തില്‍ എത്താനേ കഴിഞ്ഞുള്ളൂ. ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ അത് തന്നെ പിന്തുടര്‍ന്നിരുന്നു.
ഒന്ന് മയങ്ങിയോ ആവോ?
ആരണ്യപ്രാന്തങ്ങളിലെവിടെയോ ചിതലുപേക്ഷിച്ച പുറ്റു തേടി ഇഴഞ്ഞു നീങ്ങിയ കരിനാഗമൊന്നിന്റെ കണ്ണുകള്‍! അത് ആരെയോ തിരയുകയായിരുന്നു.
പെട്ടെന്ന് ഞെട്ടിയുണര്‍ന്നു. ഓര്‍മ്മകളില്‍ ആ കണ്ണുകള്‍ തെളിഞ്ഞു വന്നു. ഒന്ന് ഞെട്ടി! അവള്‍! അതേ അവള്‍ തന്നെ! അല്ല… ഇത് അവളല്ല…., പക്ഷേ… ആ കണ്ണുകള്‍? അവളുടേത് പോലെ! അതെ അതുപോലെതന്നെ!!
കുറച്ചു കൊല്ലങ്ങള്‍ക്ക് മുന്‍പാണ്. വിവാഹം ഒരു സ്വപ്‌നമായി കൊണ്ട് നടക്കുന്ന കാലം!

എന്തുകൊണ്ടോ മനസ്സിനിണങ്ങിയ ഒരു പെണ്‍കുട്ടിയെ കണ്ടെത്താതെ അന്വേഷണങ്ങളില്‍ മുഴുകി അലഞ്ഞു കഴിഞ്ഞ ആ കാലം!
ജാതകത്തില്‍ സര്‍പ്പ ദോഷം! ഒടുവില്‍ വളരെ വളരെ കുറച്ച് വീടുകളില്‍ കയറിയിറങ്ങി ഒടുവില്‍ ഒരു വിധം ഒരാളെ കണ്ടെത്തിയിരുന്നു. അതേ.., ആ കണ്ണുകള്‍ തന്നെ! കൂടുതല്‍ ഒന്നും ശ്രദ്ധിക്കാന്‍ നേരം കിട്ടിയിരുന്നില്ല. അപ്പോഴേക്കും ധൃതിയില്‍ വാതിലിനു പിറകിലേക്ക് വലിഞ്ഞു കഴിഞ്ഞിരുന്നു. പിന്നിട്ട വര്‍ഷങ്ങളുടെ ദൈര്‍ഘ്യം ഓര്‍മ്മപ്പിശകിന് കാരണമായതാണ്.
‘എന്തു പറയുന്നു..?’ രാഘവേട്ടന്‍ തലചെരിച്ച് ചെവിയില്‍ സ്വകാര്യം പോലെ ചോദിച്ചു.
‘കുഴപ്പമില്ലെന്ന് തോന്നുന്നു..’ മറ്റാരുടെയും ശ്രദ്ധയില്‍ പെടാതെ പിറുപിറുത്തു.

അവിടെ നിന്നും വിവരമറിയിക്കാമെന്ന് മാത്രം സൂചിപ്പിച്ചു പടിയിറങ്ങുമ്പോള്‍ കുട്ടിയുടെ അച്ഛന്‍ രാഘവേട്ടനെ വഴിയില്‍ നിന്നും വീണ്ടും ഒന്ന് വിളിച്ചു എന്തോ സ്വകാര്യം പറഞ്ഞു.
രാഘവേട്ടന്‍ അകന്ന ഒരു ബന്ധുവാണ്. ഇനി വല്ല ബ്രോക്കറേജ് കാര്യങ്ങളും ആയിരിക്കും എന്ന് കരുതി അങ്ങോട്ട് നോക്കാതെ മെല്ലെ മുന്നോട്ടു നീങ്ങി.
‘ഇപ്പോഴത്തെ കുട്ടികള്‍ക്ക് ഫോണ്‍നമ്പറൊന്നും ചോദിക്കാന്‍ ഒരു മടിയുമില്ല. വല്ലാത്തൊരു മാറ്റം തന്നെ!’
വേഗത്തില്‍ തിരിച്ചെത്തിയ രാഘവേട്ടന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.
‘ആ കുട്ടിക്ക് നെന്റെ ഫോണ്‍ നമ്പര്‍ വേണോലോ.’
‘എന്നിട്ട് കൊടുത്തോ…?’

‘ഇല്ല്യ…, നെന്നോട് ചോദിച്ചിട്ട് പിന്നെ തരാം ന്ന് പറഞ്ഞൂ…’
‘കൊടുത്തൂടാരുന്നോ…?’
‘ങ്ഹാ.., പിന്നെ കൊടുക്കാം ന്ന് പറഞ്ഞു…’
കുറച്ചു നേരത്തെ നിശ്ശബ്ദതക്ക് ശേഷം രാഘവേട്ടന്‍ ചോദിച്ചു
‘എന്താ.. നെന്റെ അഭിപ്രായം…? കുട്ടി എങ്ങനെണ്ട്?’
‘അതേയ്… പിന്നെ…കുഴപ്പംല്ലെന്ന് തോന്ന്ണൂ…, എന്താ രാഘവേട്ടന്റെ അഭിപ്രായം…?’
‘നീയല്ലേ… അഭിപ്രായം പറയേണ്ടത്…. അല്ലാതെ ഞാനാ…’
‘ഒരു നോട്ടമേ കണ്ടുള്ളൂ… ധൃതിയില്‍ അകത്തേക്ക് പോയല്ലോ…’
‘എന്നാലും, ഞാന്‍ അവരോട് എന്താ പറയ്വാ…?’
‘രണ്ടീസം കഴിയട്ടെ, ഞാന്‍ അമ്മയോട് സംസാരിച്ചിട്ട് വിവരം പറയാം.’
വെറുതെ ഒരു ഭംഗി വാക്ക് പറഞ്ഞൂ എന്നേയുള്ളൂ. എത്രയെന്ന് വച്ചാ ഇങ്ങനെ വീടുകള്‍ കയറിയിറങ്ങുക. ഇന്നും എല്ലാവര്‍ക്കും ജാതകം പ്രശ്‌നമാണ്.
അമ്മ അമ്മാവനോട് സംസാരിച്ചു കാര്യങ്ങള്‍ ഉറപ്പിക്കാന്‍ തീരുമാനിച്ചിരിക്കെയാണ്. ഒരു ദിവസം പരിചയമില്ലാത്ത ഒരു നമ്പറില്‍ നിന്നും ഒരു കോള്‍ വന്നു.
അന്ന് കൊട്ടിയൂര്‍ ഇളനീരാട്ടസമയമായിരുന്നു. നിറഞ്ഞൊഴുകുന്ന ബാവലിയുടെ കിഴക്കേകരയില്‍ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ട ജീപ്പില്‍ ചാരി നിന്ന് ഫോണെടുത്തു.
‘ഉണ്ണ്യേട്ടനല്ലേ…?’ ഒരു സ്ത്രീ ശബ്ദമായിരുന്നു
‘അതേ…, ആരാ… മനസ്സിലായില്ല…’
‘ഞാനാ…, സതി….’
‘ആര്?’ പെട്ടെന്ന് ആളെ പിടികിട്ടിയില്ല.

‘സതി, അന്ന് രാഘവേട്ടന്റെ കൂടെ…’ ശബ്ദം കുറച്ചു വളരെ മെല്ലെയാണ് സംസാരിച്ചിരുന്നത്. അല്പാല്പമായി കിതക്കുന്നുമുണ്ട്.
‘ഓഹ്…, അത് ശരി, എനിക്ക് പെെട്ടന്ന് മനസ്സിലായില്ലാ ട്ടോ…, എന്താ വിളിച്ചത്…’
‘അത്… പിന്നെ…, പിന്നെ…, ഉണ്ണ്യേട്ടാ…, ഒരു കാര്യം പറയാനാ… അതേയ്…. ആ കാര്യം… വിട്ടേക്കൂ…, വിഷമംണ്ട് പറയണേന്…, ഇപ്പോഴെങ്കിലും പറയാതിരിക്കാന്‍ കഴിയില്ല്യ.., അല്ലെങ്കില്‍ ആകെ പ്രശനാവും… എനിക്ക്…, എനിക്ക് മറ്റൊരാളെ ഇഷ്ടാണ്.., വീട്ടില്‍ അറിയില്ല…, എങ്ങന്യാ.. പറയ്വാന്ന് അറിഞ്ഞൂടാ…, തല്‍ക്കാലം ഉണ്ണ്യേട്ടന്‍ ഒന്ന് സഹായിക്കണം…, എന്തെങ്കിലും ഒരു കാരണം പറഞ്ഞ് ഒഴിഞ്ഞോളൂ… ദയവ് ചെയ്തു ഞാന്‍ വിളിച്ചകാര്യം ആരോടും പറയരുതേ…’
ഒറ്റ ശ്വാസത്തില്‍ അവള്‍ പറഞ്ഞു തീര്‍ത്തു.

എന്താ പറയുക…! കാര്യമൊക്കെ ഏറെക്കുറെ സ്വയം തീര്‍ച്ചപ്പെടുത്തിയ ശേഷമാണ് ഈ കാര്യം അവള്‍ പറയുന്നത്. ഇനി വേണ്ടപ്പെട്ടവരെ കണ്ട് വീടുകാണലും ഉറപ്പിക്കലുമെല്ലാം നടത്തണമെന്ന് കരുതിയിരിക്കെയാണിത്.
ആകെക്കൂടെ ഒന്നും മനസ്സിലാവാത്തപോലെ!

‘ശരി’ എന്ന് മാത്രം യാന്ത്രികമായി പറഞ്ഞു. ഫോണ്‍ കട്ട് ചെയ്തു.


കുറേയേറെ ജാതകങ്ങള്‍ നോക്കിച്ചിരുന്നു. സര്‍പ്പദോഷമുള്ള ജാതകമാണ് ഒത്തുവരാന്‍ പ്രയാസമാണ്. ഏറെക്കുറെ ഒത്തു വന്ന ഒന്നാണിത്. അത് ഇങ്ങനെയും!
കുറേ നേരം ആലോചിച്ചു കൊണ്ടിരുന്നു. ബാവലിയില്‍ മുങ്ങി നിവര്‍ന്ന് ആളുകള്‍ അക്കരെ തൊഴാന്‍ നെട്ടോട്ടമാണ്. അക്കരെ നിബിഡമായ വനഭൂമി പച്ചവിട്ട് ഇരുണ്ടിരിക്കുന്നു. തന്റെ മനസ്സ് പോലെ!
രാഘവേട്ടനോട് പകയാണ് തോന്നിയത്. ഇനി കാണുമ്പോള്‍ നല്ല നാല് വര്‍ത്താനം പറയണം. ഇതൊന്നും അന്വേഷിക്കാതെയാണോ, അല്ലെങ്കില്‍ അറിയാതെയാണോ കല്ല്യാണാലോചനയുമായി വരിക? ഒന്നുമില്ലെങ്കില്‍ നമ്മള്‍ നാളേം കാണേണ്ട ആളുകളല്ലേ…?
ഫോണില്‍ ട്രൈ ചെയ്തപ്പോള്‍ ഔട്ട് ഒഫ് സ്റ്റേഷന്‍ എന്നാണ് മറുപടി കിട്ടിയത്. തിരിച്ചു വീട്ടില്‍ എത്തിയപ്പോഴും ഒന്ന് രണ്ട് തവണ ട്രൈ ചെയ്തു. കിട്ടിയില്ല.

കുറേനേരം ആലോചനയില്‍ മുഴുകി. ആദ്യമാദ്യം അവളോട് വല്ലാത്തൊരു വെറുപ്പാണ് തോന്നിയത്.
ഭയങ്കരി! ഇങ്ങനെയായിരുന്നു മനസ്സിലിരിപ്പ് എങ്കില്‍ എന്തിനേ അണിഞ്ഞൊരുങ്ങി മുന്നില്‍ വന്നു നിന്നു തന്നത്? അപ്പോഴേ പറഞ്ഞൂടായിരുന്നോ…? ആളുകളെ മെനക്കെടുത്താന്‍ ഓരോ ജന്മങ്ങള്‍! അശ്രീകരം.
‘നിനക്കെന്താ ഒരു വല്ലായ്മ?…’
‘ഒന്നും ല്ല്യാ…, ഒരു ചെറിയ തലവേദന… കുറെ ദൂരം വണ്ടി ഓടിച്ചതിന്റ്യാ… ഒന്ന് ഒറങ്ങ്യാ ശര്യാവും…’
അമ്മയോട് തല്‍ക്കാലം ഒന്നും പറഞ്ഞില്ല.

ഒന്ന് ഉറങ്ങാന്‍ കിടന്നപ്പോള്‍ വീണ്ടും അത് തന്നെയായിരുന്നു ആലോചന. എപ്പോളോ കിടന്നുറങ്ങിപ്പോയി..
രാവിലെ രാഘവേട്ടനെ വീട്ടില്‍ ചെന്ന് അന്വേഷിച്ചു. ഗുരുവായൂര്‍ക്ക് പോയതാണെന്നറിഞ്ഞു. കുളിച്ചുതൊഴാന്‍. ഫോണ്‍ എടുക്കാതെയാണ് പോയതത്രെ.
മനസ്സിന് കനം കുറഞ്ഞു തുടങ്ങി. ആലോചനയുടെ മട്ടുമാറിത്തുടങ്ങി.

അല്ലെങ്കില്‍ത്തന്നെ താനെന്തിനാ ഇത്ര വെപ്രാളപ്പെടുന്നത്? ഇവളല്ലെങ്കില്‍ വേറെ…! അങ്ങനെ ഒരു ചിന്ത മുളപൊട്ടി.
പിന്നെ തോന്നി അവളെയെന്തിനാ പഴിക്കുന്നത്? അവള്‍ക്ക് ഒരാളെ ഇഷ്ടമാണ്. അതവള്‍ തുറന്നു പറഞ്ഞു. കല്ല്യാണത്തിന് മുന്‍പേ പറഞ്ഞു. അത് നന്നായല്ലേയുള്ളൂ. അല്ലാതെ കല്ല്യാണ ശേഷം കേട്ടറിയുകയല്ലല്ലോ…! കല്ല്യാണ ശേഷമായിരുന്നെങ്കിലോ…!
ഒരു കണക്കിനു നന്നായി. അവള്‍ അവള്‍ക്ക് ഇഷ്ടമുള്ള ആളോടൊപ്പം കഴിയട്ടെ…, അതാണതിന്റെ ശരി. ഇങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല എന്ന് വെക്കാം… സംഭവിച്ചിട്ടേയില്ല…!
അപ്പോള്‍ ഇനി അമ്മയോടെന്തു പറയും…? അത് സാരംല്ല്യ… അത് ശരിയാവില്ല എന്ന് മാത്രം പറയാം…, അതെ… അതുമതി…, അത് ശരിയാവില്ല…
എന്തെങ്കിലും കാരണം കാണും എന്ന് അമ്മ ധരിച്ചോളും…
രാഘവേട്ടനോടോ?

വേണ്ട രാഘവേട്ടനോടും പറയേണ്ട! ഇക്കാര്യം ആരോരും അറിയിക്കേണ്ട…., ആ കുട്ടിയെക്കുറിച്ച് താനായിട്ട് ഒരു കാര്യവും പറയേണ്ട…
രണ്ടു ദിവസത്തെ ആലോചനയില്‍ ഏറെക്കുറെ ദൃഢമായ ഒരു തീരുമാനത്തില്‍ എത്തിയിരുന്നു. അവള്‍ അവളുടെ ഇഷ്ടം പോലെ കഴിയട്ടെ. താനായി ശല്ല്യം ചെയ്യേണ്ട.
എന്തെങ്കിലുമാവട്ടെ ഈ കാര്യം ശരിയാവില്ല. വേറെ നോക്കാം…, ഇപ്പോള്‍ വേണ്ട… ധൃതിയില്ല…

‘അല്ല….! തീയതി ഉറപ്പിക്കണ്ടേ’ എന്ന് രാഘവേട്ടന്‍ ചോദിച്ചപ്പോള്‍ ഒഴിഞ്ഞു മാറാന്‍ കുറച്ച് പ്രയാസം തോന്നി.
‘വേണ്ട രാഘവേട്ടാ… അത് ശര്യാവില്ല…’
‘ങ്‌ഹേ…!’
‘ഒന്നും ല്ല്യാ…, അത് ശര്യാവില്ല…’
‘ഇതെന്താ കുട്ടിക്കള്യാ…., തോന്നുമ്പൊ മാറ്റിപ്പറയാന്‍…?’
‘വേണ്ട…, എനിക്ക് അത് ശരിയാവില്ല…’
‘എന്താ കാരണം…?, കാരണം പറയ്…’
‘ഒന്നും ണ്ടായിട്ടല്ലാ…, അത് വേണ്ട…., അതെനിക്ക് ശര്യാവില്ല്യാ…., അത് വിട്ടേക്കൂ…’
രാഘവേട്ടന്‍ കുറേ നിര്‍ബന്ധിച്ചുവെങ്കിലും മറ്റ് യാതൊന്നും പറഞ്ഞില്ല.
എന്തോ കുഴപ്പമുണ്ടെന്ന് മൂപ്പര്‍ക്ക് തോന്നിക്കാണും.

കുറച്ചു നേരം കൂടി മുഖത്തേക്ക് നോക്കി നിന്ന് എന്തോ ഉറപ്പിച്ചു ‘ശരി…’ എന്ന് പറഞ്ഞു തലയൊന്നാട്ടി രാഘവേട്ടന്‍ സ്ഥലം വിട്ടു.
പിന്നെ കുറച്ചു നാള്‍ മനസ്സില്‍ ഒരു അങ്കലാപ്പ് ആയിരുന്നു. എങ്കിലും അവളോട് വെറുപ്പല്ല തോന്നിയത്. സത്യം പറഞ്ഞല്ലോ… എന്ന് ഒരു സമാധാനം.
അന്ന് തീര്‍ച്ചപ്പെടുത്തിയതാണ് ഇനി ഒരാലോചന വേണ്ട എന്ന്… അത് ശരിയാവില്ല!
കുറെ കഴിഞ്ഞ് ഒരുനാള്‍ രാഘവേട്ടന്‍ പറഞ്ഞു.

‘എനിക്ക് കാര്യം മനസ്സിലായിട്ടോ… ഓള്‍ക്ക് വേറെ ലൈനുണ്ടായിരുന്നൂ ല്ലേ…? ന്നട്ട് നീയറിഞ്ഞിട്ടെന്തേ എന്നോട് പറയാഞ്ഞൂ… നെന്നോടാരേ പറഞ്ഞൂ….’
‘അതൊക്കെ ഞാനറിഞ്ഞു രാഘവേട്ടാ…
ആ കാര്യം വിട്ടേക്കൂ….’
കൂടുതല്‍ ഒന്നും പറയാന്‍ നിന്നില്ല. അവള്‍ ഫോണ്‍ ചെയ്തകാര്യം താനെന്തിനു പറയണം…?

പിന്നീട് രാഘവേട്ടന്‍ പറഞ്ഞറിഞ്ഞു അത് ശരിയായില്ല. അവളുടെ ആ കാര്യം നടന്നില്ല. ആ പയ്യന്‍ പാമ്പ് കടിയേറ്റു മരിച്ചത്രെ…..!
അതൊക്കെ എന്നേ മറന്നു കഴിഞ്ഞിരുന്നു. എന്നിട്ടും ഇന്നിപ്പോള്‍ എന്തേ… അതൊക്കെ ഓര്‍ക്കാന്‍ ഇത് അവളല്ലല്ലോ….., പക്ഷേ… ആ കണ്ണുകള്‍!
ആ കണ്ണുകള്‍ ഇപ്പോഴും തന്നെ പിന്തുടരുന്നു…
സര്‍പ്പദൃഷ്ടി….!

ShareTweetSendShare

Related Posts

ബാന്‍സുരി

ബാന്‍സുരി

ഭീമരഥ ശാന്തി

ഭീമരഥ ശാന്തി

പക

പക

അരൂപികളുടെ ആകാശം

അരൂപികളുടെ ആകാശം

മസാലദോശ

മസാലദോശ

ദാനം

ദാനം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies