ക്രിസ്തു ജനിക്കുന്നതിനും നാന്നൂറിലധികം വര്‍ഷം മുന്‍പ് പാലകാപ്യമുനി രചിച്ച കൃതിയാണത്രേ പാലകാപ്യം അഥവാ ഹസ്തായുര്‍വേദം. അതിനെ അടിസ്ഥാനപ്പെടുത്തി, തിരുമംഗലത്ത് നീലകണ്ഠന്‍ മൂസ് 15-16 ശതകങ്ങളില്‍ മാതംഗലീല രചിച്ചു. നീലകണ്ഠന്‍ മൂസ് എഴുത്തച്ഛന്റെ ഗുരുക്കന്മാരില്‍ ഒരാള്‍ ആയിരുന്നുവത്രേ! അദ്ദേഹം തച്ചുശാസ്ത്രത്തില്‍ ‘മനുഷ്യാലയ ചന്ദ്രിക’ എന്നൊരു കൃതിയും കാവ്യോല്ലാസം എന്ന വേറൊരു കൃതിയും കൂടി രചിച്ചിട്ടുണ്ടെന്ന് ഉള്ളൂര്‍ സാഹിത്യ ചരിത്രത്തില്‍ പറയുന്നു. മാതംഗലീല വള്ളത്തോള്‍ സംസ്‌കൃത ത്തില്‍ നിന്നും മലയാളത്തിലേയ്ക്ക് തര്‍ജ്ജമ ചെയ്തിട്ടുള്ളത് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ചെറുവളളി നാരായണന്‍ നമ്പൂതിരിയും ‘മാതംഗലീല ഗജരക്ഷണശാസ്ത്രം’ എന്ന പേരില്‍ ഈ കൃതി മലയാളത്തിലാക്കിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ പറയാനിടയാക്കിയത് എം.പി.രമേഷ് ഭാഷാപോഷിണി ഫെബ്രുവരി ലക്കത്തില്‍ എഴുതിയിരിക്കുന്ന കഥ, ‘വരാതെ പോയവന്‍’ ആണ്. കാരണം അദ്ദേഹത്തിന്റെ കഥ ഈ കാര്യങ്ങളുടെ ഒരു ആവര്‍ത്തനം കൂടിയാണ്.
മാതംഗലീലയൊന്നും കേരളത്തിലിപ്പോള്‍ ആനപ്പാപ്പാന്മാര്‍ പോലും വായിക്കുന്നില്ല. മൃഗഡോക്ടര്‍മാര്‍ വായിക്കുന്നുണ്ടോ എന്നറിവില്ല. ഈ ലേഖകനും അതുവായിച്ചുനോക്കിയിട്ടില്ല. എന്തായാലും എം.പി.രമേഷ് വായിച്ചിട്ടുണ്ട് എന്നതില്‍ തര്‍ക്കമില്ല. കാരണം കഥയില്‍ പാലകാപ്യമുനിയെക്കുറിച്ചൊക്കെ അദ്ദേഹം പ്രതിപാദിക്കുന്നുണ്ട്. ഒറ്റപ്പാലത്തിനടുത്തുള്ള ചിനക്കത്തൂര്‍ കാവിലെ ഗംഭീരമായ പൂരത്തിന്റെ വിശദാംശങ്ങളുമൊക്കെ കഥയില്‍ അവതരിപ്പിക്കുന്നുണ്ട്. മൊത്തത്തില്‍ പുതിയ അറിവുകള്‍ പകര്‍ന്നു നല്‍കിയതിന് കഥാകൃത്തിനെ അഭിനന്ദിക്കണം. ഇങ്ങനെ ധാരാളം അറിവുകളുണ്ടെങ്കിലും നല്ല ഒരു കഥയാണ് ‘വരാതെ പോയവര്‍’ എന്നു പറയാനാവില്ല. ‘ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ ഒരു വ്യക്തിയോടും ഈ കഥയ്ക്ക് ഒരു സാദൃശ്യവുമില്ല’ എന്നിങ്ങനെ കഥാകൃത്ത് ഭീഷണി മുഴക്കുന്നുണ്ട്. അതില്‍ നിന്നും ഒരു കാര്യം മനസ്സിലായി ഏതോ ഒരു സംഭവത്തിന്റെ നേര്‍വിവരണമാണ് കഥ. പക്ഷേ അതൊന്നും കഥയുടെ മേന്മയെ വര്‍ദ്ധിപ്പിക്കുന്നില്ല. ഒരു സംഭവം നടന്നതുപോലെ എഴുതി വച്ചാല്‍ കഥയാകില്ല. ‘അനന്തമായ ആകാശത്തിന്റെ ഓരത്തു തെളിഞ്ഞു മായുന്ന വെളിച്ചം മാത്രമായിരുന്നു, ഓരോ പൂരവും അമ്മയ്ക്ക്, എന്നൊക്കെയുള്ള എഴുത്ത് മോശമല്ല. എങ്കിലും മൊത്തത്തില്‍ ഒരു കഥയില്‍ സംഭവിക്കേണ്ട വികാസം മൊത്തം കഥയിലെ കാര്യങ്ങള്‍ക്കില്ല. അങ്ങനെയൊക്കെയാണെങ്കിലും പുതിയ ചിലത് അവതരിപ്പിക്കുക വഴി കഥാകൃത്ത് ചെയ്യുന്നത് നല്ല കാര്യമാണ്.
സംഭവങ്ങളുടെ യഥാതഥമായ ആവിഷ്‌കാരം കഥയാകുമോ? ഒരിക്കലും ഇല്ല. ചിലത് വിട്ടുകളഞ്ഞും മറ്റു ചിലത് കൂട്ടിച്ചേര്‍ത്തും ചില സംഭവങ്ങള്‍ പര്‍വ്വതീകരിച്ചും ചിലത് ന്യൂനീകരിച്ചും ഒക്കെയാണ് കഥയുണ്ടാകുന്നത്. സര്‍വ്വോപരി മൃദുവായ ഒരു ഭാഷയും കഥാകൃത്ത് രൂപപ്പെടുത്തുന്നു. ഇതൊന്നുമില്ലാതെ നടന്നത് അതുപോലെ എഴുതിയാല്‍ അതിനെ സംഭവകഥയെന്നല്ലാതെ ചെറുകഥ എന്നു വിളിക്കാനാവില്ല. വൈക്കം മുഹമ്മദ് ബഷീറിന്റെ പാത്തുമ്മയുടെ ആട് സംഭവങ്ങളുടെ തനിപ്പകര്‍പ്പാണ്. മെച്ചപ്പെട്ട രചനയെന്ന് പലരും ആ കൃതിയെ വെറുതെ പുകഴ്ത്താറുണ്ടെങ്കിലും പല തവണ വായിച്ചു നോക്കിയിട്ടും ഈ ലേഖകന് അതില്‍ സാഹിത്യഭംഗിയൊന്നും കാണാനായില്ല. അതുപോലെയാണ് രമേഷിന്റെ ഈ കഥയും.
കാന്‍ഹേരി ഗുഹകളെക്കുറിച്ച് വായിച്ചറിവേയുള്ളൂ. മുംബൈ നഗരം സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും അവിടെ നിന്ന് 25 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഗുഹകള്‍ കണ്ടിട്ടില്ല. ഉദയശങ്കര്‍ എന്ന കഥാകൃത്ത് ഈ ഗുഹകള്‍ കാണുകയും അവയുടെ പ്രാക്തന ഭംഗികള്‍ ആസ്വദിക്കുകയും ചെയ്തിട്ടുണ്ട് എന്നതിന്റെ തെളിവാണ് അദ്ദേഹം ഭാഷാപോഷിണിയില്‍ എഴുതിയിരിക്കുന്ന ‘കാന്‍ഹേരി ഗുഹയിലെ ചക്രപൂജ’ എന്ന കഥ. മൊത്തം 109 ഗുഹകള്‍ ഉണ്ടെന്നാണ് കേട്ടിട്ടുള്ളത്. അതിനാല്‍ത്തന്നെ കണ്ടുതീര്‍ക്കാന്‍ ദിവസങ്ങള്‍ വേണ്ടി വരുമായിരിക്കും.
കഥാകൃത്ത് ‘ജൊവാനറോസ്’ എന്ന ജൂത സ്ത്രീയേയും കാമത്തേയും ഗുഹയുടെ പ്രാക്തന ശില്പങ്ങളേയും ഒക്കെ യോജിപ്പിച്ചുകൊണ്ട് ഭ്രമാത്മകമായ ഒരു കഥയെഴുതിയിരിക്കുന്നു. കുട്ടികൃഷ്ണമാരാര്‍ ജയദേവന്റെ ഗീതഗോവിന്ദത്തെ ആക്ഷേപിച്ചു പറഞ്ഞതുപോലെ രതി, കാമം, സര്‍പ്പം ഇതൊക്കെ ആവര്‍ത്തിച്ചാല്‍ മനശ്ശാസ്ത്രപരമായ ഉളളടക്കമുള്ള കഥയാകുമോ? ഭ്രമാത്മകതയാകുമ്പോള്‍ എന്തുമെഴുതാം. യാഥാര്‍ത്ഥ്യത്തിന് അവിടെ സാധ്യതയില്ലല്ലോ. ഉദയശങ്കറിന്റെ ഉദ്യമം പരാജയമാണെന്നു പറയാനാവില്ല.
റഫീഖ് അഹമ്മദിനെക്കുറിച്ചുള്ള അഭിപ്രായങ്ങളൊന്നും മാറ്റാന്‍ കഴിയുന്നില്ല. അദ്ദേഹം ചില നല്ല ചലച്ചിത്രഗാനങ്ങള്‍ എഴുതിയിട്ടുണ്ടെങ്കിലും മെച്ചപ്പെട്ട ഒരു കവിതയും എഴുതിയിട്ടുള്ളതായി എനിക്ക് തോന്നിയിട്ടില്ല. ‘കലാനിലയം’ എന്നൊരു കവിത ഭാഷാപോഷിണിയില്‍ എഴുതിയതിന് നാടകചരിത്രപരമായ ഒരു പ്രാധാന്യം മാത്രമേയുള്ളൂ.
കലാനിലയം സ്ഥിരം നാടകവേദി ഒരുകാലത്ത് ഒരു മഹാ അത്ഭുതമായിരുന്നു. അക്കാലത്തിറങ്ങിയിരുന്ന ചലച്ചിത്രങ്ങളെ വെല്ലുന്ന രംഗസംവിധാനങ്ങളോടെ കൃഷ്ണന്‍ നായര്‍ അവതരിപ്പിച്ച കടമറ്റത്തു കത്തനാരും രക്തരക്ഷസ്സും കായംകുളം കൊച്ചുണ്ണിയും അലാവുദീനും അത്ഭുതവിളക്കും ജീസസ് ക്രൈസ്റ്റുമൊക്കെ വര്‍ഷങ്ങള്‍ തുടര്‍ച്ചയായി തന്നെ രംഗത്ത് അവതരിപ്പിക്കപ്പെട്ടു. 150ലധികം കലാകാരന്മാര്‍ ഒന്നിച്ചണിനിരന്ന ആ അത്ഭുതത്തെ വേണ്ടത്ര ഗൗരവത്തോടെ കേരളത്തിലെ നാടകചരിത്രകാരന്മാര്‍ കണ്ടില്ല എന്നത് കുറ്റകരമാണ്. കേരളം പോലുള്ള ഒരു ചെറിയസംസ്ഥാനത്ത് സ്ഥിരം നാടകവേദി പ്രവര്‍ത്തിക്കുക, അഞ്ചുവര്‍ഷം തുടര്‍ച്ചയായി ഒരു ദിവസം പോലും മുടങ്ങാതെ നിറഞ്ഞ സദസ്സില്‍ നാടകം നടത്തുക എന്നതൊക്കെ അതിശയകരങ്ങളായ സംഗതികളാണ്. ആ മഹാത്ഭുതത്തെക്കുറിച്ച് പുതിയ തലമുറയോടു പറഞ്ഞാല്‍ത്തന്നെ അവര്‍ വിശ്വസിക്കാനിടയില്ല. അങ്ങനെ ഒരു അത്ഭുതം നമ്മുടെ നാട്ടിലുണ്ടായിരുന്നു എന്നവരെ ഓര്‍മ്മിപ്പിക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്.
ആ ബാധ്യത കവിതയിലൂടെ റഫീഖ് അഹമ്മദ് ഏറ്റെടുക്കുന്നു. അദ്ദേഹം ഭാഷാപോഷിണിയില്‍ ‘കലാനിലയം’ എന്നൊരു കവിത എഴുതിയിരിക്കുന്നു. പക്ഷേ അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയെ ബഹുമാനിക്കവേ തന്നെ ഒരു അനുഭവക്കുറിപ്പെന്നല്ലാതെ കവിത എന്നു വിളിക്കാന്‍ അതില്‍ ഒന്നുമില്ല എന്ന് പറയാതെ വയ്യ. എങ്കിലും കച്ചവട നാടകങ്ങളെന്നൊക്കെപ്പറഞ്ഞ് നാടകത്തിലെ ഭീഷ്മാചാര്യന്മാര്‍ തമസ്‌കരിക്കാന്‍ ശ്രമിച്ച കലാനിലയത്തെ വീണ്ടുമോര്‍പ്പിക്കാന്‍ കവിത കാരണമായതിനാല്‍ റഫീഖ് അഹമ്മദ് അഭിനന്ദനം അര്‍ഹിക്കുന്നു.
ഷീജ വക്കം കുറച്ചുനല്ല കവിതകള്‍ മുന്‍കാലങ്ങളില്‍ എഴുതിയിട്ടുണ്ട്. ഈ പംക്തിയില്‍ അവയെ ഞാന്‍ അഭിനന്ദിച്ചിട്ടുമുണ്ട്. എന്നാലിപ്പോള്‍ വിഭവദാരിദ്ര്യം ആ കവിയെ പിടികൂടിയെന്ന് തോന്നുന്നു. ഭാവന അനന്തമാണെങ്കിലും എപ്പോഴും മനുഷ്യ മനസ്സുകള്‍ക്ക് ആ വഴികളിലൂടെ സഞ്ചരിക്കാന്‍ കഴിയാത്തതെന്തുകൊണ്ട് എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. പി.കുഞ്ഞിരാമന്‍ നായര്‍ മുതല്‍ ഒഎന്‍വി വരെയുള്ള കവികള്‍ നിരന്തരം എഴുതിയിട്ടും അവരുടെ സര്‍ഗ്ഗശേഷിക്ക് വലിയ ശോഷണം സംഭവിച്ചതായി തോന്നിയിട്ടില്ല. എന്നാലിക്കാലത്തെ കവികള്‍ പത്തു കവിത എഴുതിക്കഴിയുമ്പോള്‍ ‘സ്റ്റോക്കു’ തീരുന്ന അവസ്ഥയാണ്. വായനയുടെ കുറവും കവികര്‍മ്മത്തോടു കാര്യമായ ആത്മാര്‍ത്ഥതയില്ലായ്മയുമായിരിക്കാം അതിനുകാരണം. ആധുനികതയിലെ കവികളില്‍ സച്ചിദാനന്ദനൊഴികെ ആര്‍ക്കും തുടര്‍ച്ചയായി നല്ല കവിതകള്‍ എഴുതാന്‍ കഴിയുന്നില്ല. ഷീജവക്കത്തിന്റെ കവിത ‘ആടിവേടനും’ ഈ കവിയുടെ മുന്‍കാല കവിതകള്‍ പോലെ കാവ്യഗുണമുള്ളതല്ല. അതുകൊണ്ടാവണം കവിതയുടെ അന്ത്യത്തില്‍ ”ജാതിമുറ്റത്തുനിന്നിറങ്ങൂ” എന്നൊക്കെയുള്ള പൊള്ളയായ ആഹ്വാനങ്ങളൊക്കെ മുഴക്കുന്നത്.
റബീഹ ഷബീര്‍ എന്ന കവിയുടെ പേര് മുന്‍പ് കേട്ടിട്ടില്ല. എങ്കിലും ഭാഷാപോഷിണിയിലെ റബീഹയുടെ കവിത ”ഒറ്റയ്ക്കാവുന്ന രാത്രിയില്‍” ആ പേര് ശ്രദ്ധിക്കാന്‍ നമ്മളെ നിര്‍ബ്ബന്ധിക്കുന്നു.
‘തലയിണയ്ക്കടിയില്‍ നിന്ന് മോഹങ്ങളുടെ വെളിച്ചം ഇറങ്ങിവരും
എങ്ങോവീണുപോയ ചിരിയൊച്ചകളും ചമയങ്ങളും കണ്ടെടുക്കും.’ എന്നു തുടങ്ങുകയും
‘പുതപ്പിനടിയില്‍ ഉറക്കമുണര്‍ന്ന് ഒരു കളളം മലര്‍ന്നു കിടക്കുന്നു’ എന്നവസാനിക്കുകയും ചെയ്യുന്ന കവിത നമ്മളെ മടുപ്പിക്കുന്നില്ല. ഒരു നല്ല രചനയാണ് റബീഹയുടേത്.
ഭാഷാപോഷിണി പേര് അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ത്തന്നെ ഭാഷയെ പോഷിപ്പിക്കുന്ന മൂന്ന് ഗവേഷണ ലേഖനങ്ങളാല്‍ സമൃദ്ധമാണ്. അതില്‍ ആദ്യത്തേത് ഇ.കെ. പ്രേംകുമാറിന്റെ ‘പല്ലനയാറ്റില്‍ മുങ്ങിപ്പോയ മഹാകവിയോര്‍മ്മകളാ’ണ്. മലയാളത്തിലെ എക്കാലത്തേയും മികച്ച കവിയായി നമ്മളെല്ലാം കരുതുന്ന കുമാരനാശാന്റെ മരണദിവസത്തെ സംഭവങ്ങളേയും പത്രവാര്‍ത്തകളേയുമൊക്കെ അവതരിപ്പിക്കുന്ന ഗവേഷണ ലേഖനം നമുക്കു സൂക്ഷിച്ചു വയ്ക്കാവുന്നതാണ്.
രാമായണത്തിന്റെ ‘ബഹുസ്വരത – ഇന്ത്യയുടേയും’ എന്ന എന്‍.ആര്‍. ഗ്രാമപ്രകാശിന്റെ ലേഖനവും പഠനാര്‍ഹമായതു തന്നെ. അതുപോലെ തന്നെയാണ് കെ.എസ്.സുരേഷിന്റെ ടോള്‍സ്റ്റോയിയുടെയും ‘മഹാത്മാഗാന്ധിയുടെയും കത്തിടപാടുകള്‍’. നേരത്തേ പുസ്തകരൂപത്തില്‍ വന്നിട്ടുണ്ടെങ്കിലും ശ്രദ്ധേയമായ രീതിയില്‍ കെ.എസ്. സുരേഷ് ആ വിഷയം അവതരിപ്പിക്കുന്നു. ഇത്തരം ഗൗരവമേറിയ പഠനങ്ങളാണ് നമുക്ക് ഉണ്ടാകേണ്ടത്. അല്ലാതെ നവോത്ഥാന കേരളത്തെക്കുറിച്ചുള്ള വീമ്പു പറച്ചിലുകളല്ല. വ്യത്യസ്തങ്ങളും ഗഹനങ്ങളുമായ പഠനങ്ങള്‍ ഉണ്ടാകട്ടേ!