ഈ പംക്തിയില്‍ നേരത്തെ സൂചിപ്പിച്ചിട്ടുള്ളതുപോലെ മലയാളത്തിലെ ഏറ്റവും ദൂര്‍ബ്ബലമായ സാഹിത്യശാഖ നിരൂപണമാണ്. കേസരി ബാലകൃഷ്ണപിള്ള, ജോസഫ് മുണ്ടശ്ശേരി, കുട്ടികൃഷ്ണമാരാര്‍, സി.പി. ശ്രീധരന്‍, സഞ്ജയന്‍, എം. പി.ശങ്കുണ്ണിനായര്‍ കെ.പി. അപ്പന്‍, ഡോക്ടര്‍.എം.ലീലാവതി, പ്രൊഫ. എം.എന്‍.വിജയന്‍, സുകുമാര്‍ അഴീക്കോട് തുടങ്ങി ധാരാളം പേരുകള്‍ ആ ശാഖയില്‍ നിന്ന് എടുത്തുകാണിക്കാനുണ്ടെങ്കിലും കവികള്‍ക്കോ നോവലിസ്റ്റുകള്‍ക്കോ ലഭിച്ചിട്ടുള്ളതുപോലുള്ള താരപരിവേഷം നിരൂപകര്‍ക്കു ലഭിച്ചിട്ടില്ല. എന്നാല്‍ മരണത്തിനുശേഷവും ഒരു നിരൂപകന്‍ മലയാളത്തില്‍ താരമായിത്തന്നെ നിലനില്‍ക്കുന്നു. സ്വയം ഒരിക്കലും ഒരു വിമര്‍ശനകനെന്ന് അഭിപ്രായപ്പെട്ടിട്ടില്ലാത്ത, വെറും ലിറ്ററി ജേര്‍ണലിസ്റ്റ് കോളം എഴുത്തുകാരന്‍ എന്നൊക്കെ അറിയപ്പെടാന്‍ ആഗ്രഹിച്ച അദ്ദേഹം മഹാനിരൂപകന്മാരെയൊക്കെ പിന്‍തള്ളി ഇന്നും താരമായി നിലകൊള്ളുന്നു. അത് മറ്റാരുമല്ല, സാഹിത്യ വാരഫലക്കാരന്‍ എം.കൃഷ്ണന്‍ നായരാണ്.
മാതൃഭൂമി, സാഹിത്യ വാരഫലം മുഴുവനായിത്തന്നെ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കാന്‍ ഒരുങ്ങുന്നു. ആ സംരഭത്തിന് വായനക്കാരില്‍ എത്രമാത്രം പിന്‍തുണകിട്ടുമെന്ന് ഇപ്പോള്‍ പറയാന്‍ വയ്യ. ഈ ലേഖകന്‍ ജന്മഭൂമി ദിനപ്പത്രത്തില്‍ എം.കൃഷ്ണന്‍ നായരെക്കുറിച്ച് ഒരു ലേഖനം പ്രസിദ്ധീകരിച്ചപ്പോള്‍ നാല്‍പ്പതിലധികം ഫോണ്‍കോളുകള്‍ വന്നിരുന്നു. അതില്‍ ചിലത് സാഹിത്യവാരഫലക്കാരനെ നിശിതമായി എതിര്‍ത്തുകൊണ്ടായിരുന്നു; ചിലര്‍ അദ്ദേഹത്തെപ്പോലെ ഒരാള്‍ ഇന്നില്ലാത്തതുകൊണ്ടാണ് കേരളത്തില്‍ സാഹിത്യത്തിനു വായനക്കാര്‍ കുറയുന്നതെന്നു പരിതപിച്ചു. എഴുതുന്നതിനൊന്നും കാര്യമായി വായനക്കാരില്ലാത്ത ഇക്കാലത്ത് ഒരു ലേഖനത്തിനെക്കുറിച്ച് ഇത്രയധികം പേര്‍ ഉല്‍ക്കണ്ഠപ്പെട്ടത് ഇതെഴുതുന്നയാളിനേയും അത്ഭുതപ്പെടുത്തി. എന്നാല്‍ പ്രസ്തുത ഫോണ്‍ കോളുകള്‍ ചെയ്തിരുന്നവരില്‍ ഒരാള്‍ പോലും 60 വയസ്സില്‍ താഴെ പ്രായമുള്ളവരായിരുന്നില്ല എന്നത് ഒരു സവിശേഷതയായിരുന്നു. അതായത് പടിയിറങ്ങികൊണ്ടിരിക്കുന്ന ഒരു തലമറയുടെ ആവേശമായിരുന്നു എം.കൃഷ്ണന്‍നായര്‍. പുതിയ തലമുറക്ക് അദ്ദേഹത്തിന്റെ എഴുത്തില്‍ കാര്യമായ താല്‍പര്യമൊന്നുമില്ല എന്നതാണു സത്യം.
കൃഷ്ണന്‍നായരുടെ പംക്തിപോലൊന്ന് ഇനിയുള്ള കാലത്ത് പ്രസക്തമാണോ? ഒരിക്കലും അല്ല എന്നതാണു വാസ്തവം. പ്രിന്റ് മാധ്യമങ്ങള്‍ അനുദിനം അപ്രസക്തമായിക്കൊണ്ടിരിക്കുന്നു. എഴുത്തുകാരുടെ എണ്ണം കൂടുന്നുണ്ടെങ്കിലും വായിക്കുന്നവരുടെ എണ്ണം ദയനീയമായവിധം കുറഞ്ഞു വരുന്നു. അങ്ങനെയുള്ള കാലത്ത് സാഹിത്യപംക്തികള്‍ കാര്യമായ വിധത്തില്‍ ശ്രദ്ധിക്കപ്പെടുമോ? ഇല്ല. സര്‍ഗാത്മക കൃതികള്‍ക്കു തന്നെ തീരെ വായനക്കാരില്ലാത്ത ഇക്കാലത്ത് നിരൂപണത്തിന് വായനക്കാരെ കിട്ടാന്‍ എന്തെങ്കിലും സാധ്യതയുണ്ടോ? കിട്ടാന്‍ ഒരു സാധ്യതയുമില്ല. സാഹിത്യത്തെ സംബന്ധിച്ച് ധാരണകള്‍ തന്നെ മാറ്റിമറിക്കപ്പെട്ടിരിക്കുന്നു. സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ ഏറ്റവും മോശപ്പെട്ട ഒരു കൃതിയെത്തന്നെ മെച്ചം എന്ന് പ്രചരിപ്പിക്കാനും പുരസ്‌കാരങ്ങള്‍ തന്നെ നേടിക്കൊടുക്കാനും കഴിയും. സ്റ്റോക്കു തീര്‍ന്ന ഒരു കൂട്ടം ‘സാഹിത്യ തല്പരര്‍’ നടത്തുന്ന ഫാസിസ്റ്റ് വിരുദ്ധനാട്യങ്ങള്‍ക്കപ്പുറം മെച്ചപ്പെട്ട രചനകള്‍ തീരേ ഉണ്ടാകുന്നില്ല അഥവാ ഉണ്ടായാല്‍ അവ ആരും അറിയാതെ പോകുന്നു എന്നതാണ് സമകാലിക കേരളത്തിന്റെ സ്ഥിതി.
പ്രൊഫസര്‍ കൃഷ്ണന്‍ നായര്‍ എഴുതിയിരുന്ന കാലത്തെപ്പോലെ വിശ്വസാഹിത്യം എന്നൊന്ന് ഇന്ന് നിലനില്‍ക്കുന്നില്ല. ഒരു ചെറിയഭാഷയില്‍ത്തന്നെ പ്രതിവര്‍ഷം പതിനായിരക്കണക്കിനു പുസ്തകങ്ങള്‍ പുറത്തുവരുന്ന ഇക്കാലത്ത് ലോകസാഹിത്യത്തിലേയ്ക്ക് കണ്ണുനട്ടിരിക്കാന്‍ ആര്‍ക്കും കഴിയുകയില്ല. മാത്രവുമല്ല ലോകത്തൊരിടത്തും മഹത്തായ കൃതികളൊന്നും ജനിക്കുന്നില്ല. മഹത്തെന്നു വാഴ്ത്തപ്പെടുന്നവ പലതും പ്രശ്‌നാധിഷ്ഠതമായ (issue based) സൃഷ്ടികളാണ്. ആ കൃതിയ്ക്ക് കാരണമാകുന്ന പ്രശ്‌നത്തിന്റെ പ്രാധാന്യവും മനുഷ്യത്വരാഹിത്യവും ഭീകരതയുമൊക്കെ കണക്കിലെടുത്താണ് കൃതി പരിഗണിക്കപ്പെടുന്നത്. പാലസ്തീനിലെ എഴുത്തുകള്‍, ഇറാനിലേയും അഫ്ഗാനിസ്ഥാനിലേയും സ്ത്രീകളുടെ രചനകള്‍, പാകിസ്ഥാനില്‍ നിന്നുള്ള രചനകള്‍ ഒക്കെ പ്രസക്തമാകുന്നത് അവിടങ്ങളിലെ സാമൂഹ്യസാഹചര്യത്തിന്റെ പ്രത്യേകതകൊണ്ടുമാത്രമാണ്. ആ സാഹചര്യത്തെ സാഹിത്യഭംഗിയോടെ ആവിഷ്‌ക്കരിക്കണമെന്നില്ല. വെറുതെ പറഞ്ഞു പോയാലും മതി. സോഷ്യല്‍ മീഡിയയുടെ പിന്തുണയുണ്ടായാല്‍ അതൊക്കെ മഹത്തായ കൃതിയെന്നു വാഴ്ത്തപ്പെടും.
കൂടുതല്‍ വിറ്റുപോകുന്നതോ ചര്‍ച്ച ചെയ്യപ്പെടുന്നതോ ഒന്നും മെച്ചപ്പെട്ട കൃതിയാകണമെന്നേയില്ല. 2023-ല്‍ ഇംഗ്ലീഷ് ഭാഷയിലെ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഒന്നാം സംസ്ഥാനത്തു നില്‍ക്കുന്ന ‘Happy Place എന്ന നോവല്‍ വായിച്ചു നോക്കിയപ്പോള്‍ മനസ്സിലായത് അത് വാങ്ങാന്‍ വേണ്ടി ചെലവാക്കിയ പണവും സമയവും വ്യര്‍ത്ഥമായി എന്നതായിരുന്നു. എമിലിഹെന്റി (Emily Henry) എന്ന അമേരിക്കന്‍ എഴുത്തുകാരും നമ്മുടെ ചേതന്‍ ഭഗത്തിനെപോലെ ബെസ്റ്റ് സെല്ലറുകള്‍ എഴുതുന്ന കൂട്ടത്തിലാണ്. എന്നാല്‍ ചേതന്‍ ഭഗത്തിനില്ലാത്ത ഒരു വിശേഷണം എമിലിയ്ക്കുണ്ട്. അവരുടെ കൃതികള്‍ പൊതുവേ ‘Spicy Romance’ വിഭാഗത്തില്‍ പെട്ടവയാണ്. Beach Road, Book Lovers, People we meet on vacation, Happy Place എന്നിവയൊക്കെ ആ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. ലൈംഗികതയുടെ തുറന്നെഴുത്തുള്ള കാല്പനിക നോവലുകളാണിവയൊക്കെ.
‘ഹാപ്പി പ്ലെയ്‌സ്’ നമ്മുടെ മുട്ടത്തുവര്‍ക്കി നോവല്‍പോലെ മാത്രമേയുള്ളൂ. നായകന്റെയും നായികയുടെയും പേരും പുതിയകാല ജീവിതസാഹചര്യവും വ്യത്യാസം എന്നേയുള്ളൂ. വര്‍ക്കിയുടെ നായികാനായകന്മാര്‍ ഇടവഴിയിലും റബ്ബര്‍ തോട്ടത്തിലുമൊക്കെ വച്ചു കണ്ടുമുട്ടിയെങ്കില്‍ എമിലിയും നായകനായ വെയ്ന്‍ കോണറും (Wyn Connor) ഹാരിയറ്റ് കില്‍പാട്രിക്കും (Harriet Kilpatrik) ബീച്ചിലും ഹോളിഡേ ഇന്നിലുമൊക്കെ ആയിരിക്കും. നമ്മുടെ പ്രണയം പോലെ വിവാഹത്തിലൊന്നും അവരുടെ സൗഹൃദം അവസാനിക്കാറില്ല. ‘ലിവിങ് ടുഗദര്‍’ മാത്രമേയുള്ളൂ. ലിവിങ് ടുഗദര്‍ അവസാനിപ്പിക്കുന്നതിനുള്ള ഓമനപ്പേരാണ് ബ്രേക്ക് അപ് (break Up). Happy place-ലെ നായികാനായകന്മാര്‍ ബ്രേക്ക് അപ് ആയെങ്കിലും സുഹൃത്തുക്കളുമായി ഒത്തുകൂടുമ്പോള്‍ ആ വിവരം മറച്ചു വച്ച് പ്രണയം അഭിനയിക്കുന്നു. അങ്ങനെ അഭിനയിക്കുന്ന അവര്‍ ഒടുവില്‍ ഒരു രണ്ടാം കൂടിച്ചേരലിനു തയ്യാറാകുന്നു. ഇതാണ് ഇതിവൃത്തം. ദമ്പതികള്‍ പിരിഞ്ഞശേഷം ഒന്നാകുന്ന എത്രയോ ചലച്ചിത്രങ്ങളും സീരിയലുകളുമൊക്കെ ഇവിടെ പ്രേക്ഷക ശ്രദ്ധ പിടിച്ചെടുത്തിരിക്കുന്നു. അത്രമാത്രമേയുള്ളൂ. ഈ ബെസ്റ്റ് സെല്ലറിലും വിശ്വസാഹിത്യം എന്ന പേരില്‍ ഇക്കാലത്ത് പരിചയപ്പെടുത്തേണ്ടത് ഇത്തരം കൃതികളാണ്. ഇടയ്ക്ക് നല്ല സാഹിത്യം സൃഷ്ടിച്ചിരുന്ന ലാറ്റിനമേരിക്കയും ഇപ്പോള്‍ ഏതാണ്ടു തരിശ്ശാണ്.
സാഹിത്യവാരഫലം പോലൊരു പംക്തി ഇനിയും ഉണ്ടാകണം എന്നു പ്രാര്‍ത്ഥിക്കുന്നവരോട് അതിനുള്ള സാധ്യതയില്ല എന്നേ പറയാനുള്ളൂ. അഥവാ ഉണ്ടായാലും അതിനു പഴയ രീതിയില്‍ വായനക്കാരെ കിട്ടില്ല. മാതൃഭൂമി (മാര്‍ച്ച് 3-9) വാരികയില്‍ സാഹിത്യവാരഫലം പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കാനൊരുങ്ങുന്നതിന്റെ കാഹളം എന്ന നിലയില്‍ പി.കെ.രാജശേഖരന്‍ എഴുതിയിരിക്കുന്ന ലേഖനം ‘ഇപ്പോള്‍ എന്താണ് സാഹിത്യ വാരഫലത്തിന്റെ പ്രസക്തി?’ ആ പംക്തിയുടെ പ്രത്യേകതകള്‍ ചര്‍ച്ച ചെയ്യുന്നു. പുസ്തകമാക്കുന്നതിന്റെ എഡിറ്ററും പി.കെ. രാജശേഖരനായതിനാല്‍ അതിനൊരു പരസ്യവുമാണീ ലേഖനമെന്നു പറയാം. ആ പംക്തിയുടെ ഗുണദോഷങ്ങള്‍ എന്തുതന്നെയായാലും നീണ്ട മൂന്നര ദശാബ്ദക്കാലം സാഹിത്യത്തെ സജീവ ചര്‍ച്ചാവിഷയമാക്കി നിലനിര്‍ത്താന്‍ അതിനു കഴിഞ്ഞു. വളരെയധികം അധ്വാനവും സാമ്പത്തിക വ്യയവും ആവശ്യമായിരുന്ന അത്തരം ഒരു പംക്തി മുന്നോട്ടുകൊണ്ടു പോകാന്‍ ഇന്നത്തെ മലയാള പ്രസിദ്ധീകരണങ്ങള്‍ക്കു കഴിയുമെന്നു തോന്നുന്നില്ല. എസ്.കെ.നായരെ പോലുള്ള ഒരു സമ്പന്നന്‍ തന്റെ കീശയില്‍ നിന്ന് വലിയൊരു തുക ചെലവാക്കിയാണ് കൃഷ്ണന്‍നായരെ വളര്‍ത്തിയെടുത്തത് എന്നുവേണമെങ്കില്‍ പറയാം. വിലപിടിപ്പുള്ള പല പുസ്തകങ്ങളും അദ്ദേഹം വാങ്ങി നല്‍കുക കൂടി ചെയ്തിട്ടുണ്ട്. അതൊന്നും ഇക്കാലത്ത് സാധ്യമാകില്ല. അതുകൊണ്ട് പഴയ പംക്തിയുടെ മഹത്വത്തില്‍ അഭിരമിക്കുകയല്ലാതെ പുതിയതൊന്ന് ആഗ്രഹിക്കുന്നത് അവിവേകമാകുകയേയുള്ളൂ.
മാധ്യമം വാരികയില്‍ കവിതകള്‍ക്കു പഞ്ഞം ഉണ്ടാകാറില്ല (മാര്‍ച്ച് 4-11). എന്നാല്‍ വായനയെ ഉത്സാഹിപ്പിക്കുന്നവ കൂട്ടത്തില്‍ അധികം കാണാറില്ല. ”സ്വപ്‌നങ്ങളേ. ഒരു കിളിച്ചിറകെങ്കിലും തരൂ! സ്വയമൊരാകാശം പണിതോട്ടേ ഞാന്‍. വറ്റിപ്പോകുന്ന ജീവനില്‍ നിന്ന് കോരിക്കളയുമോ ഈ ശൂന്യത” (കവിത-ശൂന്യതയും ഒരടയാളമാണ്) എന്നെഴുതിയിട്ടുള്ള റബീഹ ഷബീര്‍ മോശം കവിയല്ല. മുമ്പ് ഈ കവിയുടെ ഭാഷാപോഷിണിയിലെ കവിതയെ ഈ പംക്തിയില്‍ അഭിനന്ദിച്ചിട്ടുണ്ട്. മാധ്യമത്തില്‍ ”ഉറക്കം തൊടാത്ത ഉടലില്‍ സ്വപ്‌നം തീണ്ടുന്ന ഉയിര്‍” എന്നൊരു കവിത ഇക്കവിയുടേതായുണ്ട്. ഉറക്കം, സ്വപ്‌നം മുതലായ ബിംബങ്ങള്‍ കവിയില്‍ ആവര്‍ത്തിച്ചു കാണുന്നുണ്ട്. വലിയ ‘ശിീൊിശമ’ അനുഭവിക്കുന്ന ആളാണോ കവി എന്നറിയില്ല. ”ഉറക്കത്തിന്റെ മുട്ടയില്‍ അടയിരിക്കുന്നൊരു കറുത്തപക്ഷി ചിറകുകള്‍ക്കുള്ളിലൊരു സൂര്യനെ പൊതിഞ്ഞുവെക്കുന്നു” എന്നു തുടങ്ങുന്ന വരികളിലും കവിയുടെ നിദ്രാരാഹിത്യത്തിന്റെ സൂചനകളുണ്ട്. നല്ല കവികളൊക്കെ ഉറക്കം നഷ്ടപ്പെട്ടവരും ആവശ്യത്തിലധികം സ്വപ്‌നം കാണുന്നവരുമാണല്ലോ. എന്നാല്‍ കവിയുടെ സ്വപ്‌നങ്ങള്‍ വായനക്കാരന്റേതു കൂടി ആയാലേ കവിത സംവദിക്കുകയുള്ളൂ. റബീഹയുടെ സ്വപ്‌നങ്ങള്‍ വായനക്കാരനും കാണാനാകുന്നവതന്നെ.
വ്യവസായ സംരംഭകരെയൊക്കെ കോര്‍പ്പറേറ്റുകള്‍ എന്നു വിളിച്ച് അവര്‍ക്കെതിരെ വിദ്വേഷം ജനിപ്പിക്കുന്നത് കമ്മ്യൂണിസ്റ്റുകാരുടെ പതിവായിരുന്നു. ഇപ്പോള്‍ കോണ്‍ഗ്രസുകാരും മറ്റു പല രാഷ്ട്രീയക്കാരും അതൊരു ശീലമാക്കിയിരിക്കുന്നു. ഇന്ത്യയിലെ ബഹുഭൂരിപക്ഷം പേര്‍ക്കും തൊഴില്‍ നല്‍കുന്നത് ഈ കോര്‍പ്പറേറ്റുകളാണ്. അത്തരം വ്യവസായ സംരംഭകര്‍ ഇല്ല എങ്കില്‍ ഒരു രാജ്യത്തിനും പുരോഗമിക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ അത്തരക്കാര്‍ക്കെതിരെ അടിസ്ഥാനരഹിതമായ വിദ്വേഷം പ്രചരിപ്പിക്കുന്നതുകൊണ്ട് സമൂഹത്തിന് ഒരു പ്രയോജനവുമില്ല. കേരളത്തില്‍ അതൊരു പതിവു കാഴ്ചയാണ്. അരവിന്ദ് ഗോപിനാഥ് മലയാളം (ഫെബ്രുവരി 26) വാരികയില്‍ എഴുതിയിരിക്കുന്ന ‘ഇലക്ടറല്‍ ബോണ്ടി’ന്റെ ലേഖനവും ഇത്തരം വിദ്വേഷ പ്രചാരണം തന്നെ.