ഇതെഴുതുന്നയാളിന്റെ കുട്ടിക്കാലത്ത് വിശപ്പ് ഇന്നത്തേതിലും വലിയ പ്രശ്‌നമായിരുന്നു. വിവാഹസദ്യ കഴിഞ്ഞ് എച്ചിലില എറിയുന്നയിടത്ത് അതിന്റെ അവകാശത്തിനായി ആളുകള്‍ കടിപിടികൂടുന്നത് അക്കാലത്ത് പതിവായിരുന്നു. ഇന്നത്തെ തലമുറ അതുപറഞ്ഞാല്‍ വിശ്വസിക്കാനിടയില്ല. ഹോട്ടലുകളുടെ പിന്നാമ്പുറത്തും എച്ചിലില പിടിക്കാനായി നായ്ക്കളോടു മത്സരിച്ച് ധാരാളം പേരെ കാണാമായിരുന്നു. അവരില്‍ ഒരാള്‍ കാലം കഴിഞ്ഞപ്പോള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേര്‍ന്ന് സ്ഥലത്തെ മിടുക്കനായി മാറിയ സംഭവവും ഓര്‍മ്മയില്‍ വരുന്നു. ആള്‍ ഇന്നില്ല. അക്കാലത്ത് വിവാഹസദ്യയില്‍ ക്ഷണിക്കാതെ പലരും കടന്നിരിക്കുമായിരുന്നു. വിശപ്പ് സഹിക്കാനാവാതെ ചെയ്തു പോകുന്നതാണ്. പക്ഷേ അവരെ നിഷ്‌ക്കരുണം കല്യാണപ്പാര്‍ട്ടിക്കാര്‍ ഇറക്കിവിടുന്നത് കുട്ടിയായിരുന്ന ഞാന്‍ ഉള്ളില്‍ ചെറിയ വേദനയോടെ നോക്കി നിന്നിട്ടുണ്ട്. വിശപ്പ് താങ്ങാനാവാതെ പട്ടിയുടെ പാല്‍ കുടിക്കുമായിരുന്ന ‘തണ്ണിപ്പാറ’ എന്ന പേരില്‍ ആളുകള്‍ വിളിച്ചിരുന്ന ഒരു വിചിത്ര മനുഷ്യന്‍ ഞങ്ങളുടെ നാട്ടില്‍ ഉണ്ടായിരുന്നു. ഇറച്ചിക്കടയിലെ ‘വേസ്റ്റ്’ വാങ്ങി പച്ചയ്ക്കുതന്നെ തിന്നുന്ന മറ്റൊരാളെയും ഞങ്ങള്‍ കുട്ടികള്‍ കൗതുകത്തോടെ നോക്കിനില്‍ക്കുമായിരുന്നു. ഇക്കാര്യങ്ങളൊന്നും ഇന്നത്തെ തലമുറയ്ക്ക് ചിന്തിക്കാന്‍ പോലുമാകില്ല. കാരണം ഇന്ന് ഭക്ഷ്യവിഷയത്തില്‍ നമ്മളെത്രയോ മുന്നോട്ടു പോയിരിക്കുന്നു.
പഴയകാലത്ത് ആഹാരം പാഴാക്കാന്‍ പാടില്ല എന്ന രീതിയില്‍ ധാരാളം പഴഞ്ചൊല്ലുകളുണ്ടായിരുന്നു. ദാരിദ്ര്യം മൂലം അധ്യാപകന്‍ കുട്ടിയുടെ പൊതിച്ചോറ് കട്ടു തിന്നുന്നതായി കാരൂര്‍ കഥയെഴുതി. അധ്യാപകന്റെ ദാരിദ്ര്യത്തെക്കുറിച്ച്, അതിന്റെ അങ്ങേയറ്റത്തെ സൂചിപ്പിക്കുന്ന കഥയാണ് അദ്ദേഹത്തിന്റെ ‘സാറിനും പട്ടിക്കും.’ ”സാറിനും പട്ടിക്കും ചോറുകൊടുത്തെങ്കില്‍ അടുക്കള അടയ്ക്കരുതോ?” എന്ന് ചോദിക്കുന്ന ഗൃഹനാഥന്റെ ചോദ്യം അക്കാലത്തെ പല അധ്യാപകരുടേയും ഹൃദയത്തില്‍ ചെന്നു മുട്ടിയിട്ടുണ്ടാവും. കാരൂരിന്റെ ആ വാദ്ധ്യാര്‍ കഥകള്‍ക്ക് ഇന്ന് പ്രസക്തിയില്ല. കാരണം അത്രമാത്രം ഹീനമായ ദാരിദ്ര്യവും പട്ടിണിയും ഇന്നില്ല. ഇല്ല എന്നു മാത്രമല്ല പുതിയ തലമുറയ്ക്ക് അതുപറഞ്ഞാല്‍ മനസ്സിലാവുക പോലുമില്ല.
അക്കാലത്ത് പ്ലാവില്‍ അവസാനത്തെ ചക്കയിട്ടുകഴിഞ്ഞാല്‍ ഞങ്ങളുടെ നാട്ടില്‍ കുട്ടികളെല്ലാം ഒത്തുകൂടി ഒരു ചടങ്ങുണ്ടായിരുന്നു. ഒരാള്‍ പ്ലാവിന്റെ ഏറ്റവും ഉയരത്തില്‍ കയറി ഒരു കൊമ്പില്‍ നിന്നും കുറച്ച് ഇല പറിച്ച് താഴേയ്ക്കിടും. അപ്പോള്‍ മറ്റു കുട്ടികള്‍ ഒരു പാട്ടുപാടും ”കള്ളരക്കായിരം പിള്ളരക്കായിരം ഉടയന് പന്തീരായിരം.” അടുത്ത വര്‍ഷവും ആ പ്ലാവ് കായ്‌ക്കേണമേ എന്ന പ്രാര്‍ത്ഥനയാണത്. കാരണം ഏറ്റവും പ്രധാനമായ ഭക്ഷ്യവിഭവങ്ങളിലൊന്നായിരുന്നു ചക്ക. പലപ്പോഴും പല വീടുകളിലും അതുമാത്രമേ ഉണ്ടാകുമായിരുന്നുള്ളൂ. അതുകൊണ്ടാണല്ലോ ”മോരുകറിയും ചക്ക തന്നെയാണോ?” എന്നൊരു ചൊല്ല് അക്കാലത്തുണ്ടായിരുന്നത്. ചക്ക ഇടുന്നതു മുതല്‍ അതിനെ പാകപ്പെടുത്തുന്നതുവരെ മിക്കവാറും കുടുംബങ്ങളിലും ആഘോഷം തന്നെയായിരുന്നു. ജോലികളൊക്കെ വീതം വക്കുമ്പോഴും വലിയ ഉത്സാഹമായിരിക്കും. ‘പച്ചചക്കച്ചുള’ തിന്നാനുള്ള അത്യാഗ്രഹം ആയിരുന്നു ആ ഉത്സാഹത്തിനു കാരണം. അത് പിടിക്കപ്പെട്ടാല്‍ ശിക്ഷയും ഉണ്ടായിരുന്നു. എന്നാലിന്നോ? ചക്ക ഒരു വലിയ പരിസ്ഥിതി പ്രശ്‌നമാണ്. അനാഥമായി വീണഴുകുന്ന ചക്ക കാണുമ്പോള്‍ ദരിദ്രമായ ആ പഴയ കുട്ടിക്കാലം ഓര്‍ത്തുപോകും.
ദേശാഭിമാനി വാരികയില്‍ ഷനോജ് ആര്‍.ചന്ദ്രന്‍ (മാര്‍ച്ച് 9-17) ‘സദ്യ’ എന്ന പേരില്‍ ഒരു കഥയെഴുതിയിരിക്കുന്നു; എച്ചില്‍ രാമന്‍ എന്ന അച്ഛന്റേയും വിവാഹസദ്യയ്ക്ക് വിളിക്കാതെ ചെന്നുണ്ണന്ന മകന്‍ സദ്യ രാജീവന്റേയും കഥ. കഥ മുകളില്‍ സൂചിപ്പിച്ച പഴയ കാലത്തേയ്ക്ക് വെളിച്ചം വീശുന്നതാണ്. ഇപ്പോള്‍ വിവാഹസദ്യയില്‍ വിളിക്കാതെയെത്തുന്നവരെ ആരും ഇറക്കിവിടാറില്ല. കാരണം ഭക്ഷണം ഇന്ന് അത്ര വിലപിടിപ്പുള്ള ഒന്നല്ല. എന്നാല്‍ ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിലും മറ്റും അതായിരുന്നില്ല സ്ഥിതി. ആ പഴയ കാലത്തെ അവിശ്വസിക്കുന്ന പുതിയ തലമുറയോട് ഒന്നേ പറയാനുള്ളൂ. അതൊന്നും മടങ്ങിവരല്ലേ എന്നു പ്രാര്‍ത്ഥിക്കൂ! എന്നു മാത്രം. ദാരിദ്ര്യത്തിന്റെ ഭീകരമുഖം പുതിയ തലമുറയ്ക്ക് അറിയില്ല. ആറന്മുള വള്ളസദ്യപ്പാട്ടിലെ വരികളുടെ അകമ്പടിയോടെ ഷനോജ് എഴുതിയിരിക്കുന്ന കഥ വളരെ വ്യത്യസ്തയുള്ളതാണ്. ദേശാഭിമാനിയില്‍ സാധാരണ കാണുന്നവയില്‍ നിന്നൊക്കെ വ്യതിരിക്തമായ ഒന്ന്. കഥാകൃത്ത് അഭിനന്ദനം അര്‍ഹിക്കുന്നു.
”കരുതിയെത്തി നാം കവിതകള്‍, എന്നാല്‍
നമുക്കു നാം മാത്രമേ ചെവിയുമൊച്ചയും” വി.എം. ഗിരിജയുടെ കവിത’കൂക്ക്’ (ദേശാഭിമാനി) കവിതയുടെ ദുഃസ്ഥിതിയും എന്നാല്‍ അതിന്റെ മഹത്വവും വരച്ചു കാണിക്കുന്നു. കവിയരങ്ങ് കേള്‍ക്കാന്‍ ഇക്കാലത്ത് എന്നല്ല ഒരു കാലത്തും വലിയ ജനക്കൂട്ടം ഒന്നും ഉണ്ടാകാറില്ല. കേരളത്തിലെ കവികളില്‍ ആള്‍ക്കൂട്ടത്തെ ആകര്‍ഷിച്ച ഒരു കവിയേ ഉണ്ടായിരുന്നിട്ടുള്ളൂ. അത് കടമ്മനിട്ടയായിരുന്നു. എഴുപതുകളുടെ അവസാനത്തിലും എണ്‍പതുകളിലും കടമ്മനിട്ട കവിത ചൊല്ലുന്നതു കേള്‍ക്കാന്‍ ആളുകള്‍ ഒത്തുകൂടുമായിരുന്നു; ചിലപ്പോഴൊക്കെ ഗാനമേളയ്ക്ക് ആളുകൂടുന്നതുപോലെ. അതിനു മുന്‍പോ പിന്‍പോ മറ്റൊരു കവിക്കും അങ്ങനെ ജനക്കൂട്ടത്തോട് കവിത ചൊല്ലാന്‍ കഴിഞ്ഞിട്ടില്ല. കടമ്മനിട്ടയുടെ ചൊല്ലല്‍ ഒരു കലാപരിപാടി തന്നെയായിരുന്നു. അതുകൊണ്ടാണ് അങ്ങനെയൊരു ജനപ്രവാഹമുണ്ടായത്. എന്നാലിന്ന് ആ കവിയ്ക്കും കവിതയ്ക്കും അന്നത്തെ പ്രസക്തിയില്ല.
കുമാരനാശാനോ വള്ളത്തോളോ കവിത ചൊല്ലിയകാലത്തും ചങ്ങമ്പുഴ ആരാധക സഹസ്രങ്ങളെ ആകര്‍ഷിച്ച കാലത്തും കവിയരങ്ങുകള്‍ക്ക് ആള്‍ക്കൂട്ടമൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും കവിതയുടെ പ്രസക്തി കുറയുന്നില്ല. ഗിരിജ തുടര്‍ന്നു പാടുംപോലെ
”ഒരു തൂവല്‍ നമ്മള്‍ കുതിരയാക്കുന്നു
ഒരു മണ്ണാങ്കട്ട നഗരമാക്കുന്നു.” ഇതൊക്കെ മനുഷ്യഭാവനയ്ക്ക് സാധ്യമാണ്.
കവിതയ്ക്ക് ഒരിക്കലും ആസ്വാദകരുടെ തിക്കുംതിരക്കും ഉണ്ടാകാറില്ല. എങ്കിലും ഏതൊരു ജനതയുടെയും സംസ്‌കാരത്തെ നിര്‍ണയിക്കുന്നതു കവിയാണുതാനും. മറ്റു സാഹിത്യരൂപങ്ങളും കലാരൂപങ്ങളുമൊന്നും നീണ്ടകാലം നിലനില്‍ക്കാറില്ല. തുഞ്ചന്റെ കാലത്തെ മറ്റു മേഖലകളിലെ സമര്‍ത്ഥന്മാരെയൊന്നും നമ്മളിന്ന് അറിയുന്നില്ല. പക്ഷേ തുഞ്ചന്റെ പ്രസക്തി കൂടി കൂടി വരുന്നു. വാത്മീകിയും വ്യാസനും ജീവിച്ചിരുന്നകാലത്ത് മറ്റു കലാകാരന്മാരുമുണ്ടായിരുന്നു. എങ്കിലും അവരാരും കാലത്തിന്റെ മഹാനദി കടന്ന് ഇക്കരെ എത്തുന്നില്ല. കാലത്തെപ്പോലും അത്ഭുതപ്പെടുത്തി കവികള്‍ നിലനില്‍ക്കുന്നു. എന്നാല്‍ ജീവിച്ചിരുന്നപ്പോള്‍ ഈ കവികളൊന്നും തന്നെ കാര്യമായി അംഗീകരിക്കപ്പെടുകയോ ആദരിക്കപ്പെടുകയോ ചെയ്തിട്ടില്ല. എന്നാല്‍ കാലം കഴിയുമ്പോള്‍ അവര്‍ നമ്മുടെ സംസ്‌കൃതിയെയൊന്നാകെ നിയന്ത്രിക്കുന്നു. അതു കവിതയ്ക്ക് മാത്രമുള്ള ഒരു മാന്ത്രികസിദ്ധിയാണ്.
”എവിടെയാനന്ദം അലരിപ്പൂമണം
കിനിഞ്ഞ കാവ്യത്തിന്‍
മദിരക്കോപ്പകള്‍?”
എന്നൊക്കെയുള്ള കവിയുടെ ചോദ്യം സര്‍ഗ്ഗാത്മകം തന്നെ. എന്നാല്‍ ഈ ‘കൂക്ക്’ എന്ന പേരുമാത്രം എന്തോ ദഹിക്കാതെ കിടക്കുന്നു. കുയില്‍ കൂകുന്നതിന് കവികള്‍ പൊതുവേ പാട്ട് എന്നാണ് പറയാറ്. ‘കൂവല്‍’ എന്നു പറഞ്ഞാലും തരക്കേടില്ല. എന്നാല്‍ ‘കൂക്ക്’ എന്ന് പറയുമ്പോള്‍ മനുഷ്യരുടെ കൂക്കി വിളി മാത്രമേ മനസ്സില്‍ വരുന്നുള്ളൂ.
”ഹസ്ത താഡന ഘോഷ മദ്ധ്യ
ത്തില്‍ പതിവാണൊ-
രിത്തിരി കൂക്കം വിളിയെങ്കിലേ രസമുള്ളൂ” (എന്റെ കവിത) എന്നൊക്കെയാണല്ലോ ചങ്ങമ്പുഴയും പാടിയത്. ചില വാക്കുകള്‍ക്ക് വ്യത്യസ്ത ധ്വനികള്‍ ഉണ്ടാവും. ഇവിടെ കവി താനുള്‍പ്പെടെയുള്ള കവികളുടെ എഴുത്ത് വെറും ‘കൂക്ക്’ ആണെന്നോ മറ്റോ കരുതിയിട്ടുണ്ടോ? അറിയില്ല. അങ്ങനെ നേരിട്ടുള്ള സൂചനകളൊന്നും കവിതയിലില്ല.
സാഹിത്യം കൊണ്ടു മാത്രം സമൂഹം രക്ഷപിടിക്കില്ല എന്നതിന്റെ തെളിവാണ് ബംഗാളും റഷ്യയും. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും നല്ല സാഹിത്യമുള്ളത് റഷ്യയിലും ഫ്രാന്‍സിലുമാണെന്നു പറയാം. സാഹിത്യം കൊണ്ട് ഫ്രാന്‍സിന് പ്രത്യേക ദോഷമൊന്നും സംഭവിച്ചില്ലെങ്കിലും റഷ്യയുടെ സ്ഥിതി ഒരിക്കലും ശോഭനമായിരുന്നില്ലല്ലോ! പുഷ്‌കിന്‍, ഇവാന്‍ടര്‍ജനീവ്, ലിയോ ടോള്‍സ്റ്റോയി, ദസ്തയോവ്‌സ്‌കി, നിക്കൊളായ് ഗോഗോള്‍, ആന്റന്‍ചെക്കോവ്, മാര്‍ക്‌സിം ഗോര്‍ക്കി, ബോറി സ്പാസ്റ്റര്‍നാക്ക്, അന്ന അഖ്മത്തോവ, മിഖായേല്‍ ഷോളഖോവ് അങ്ങനെ വിശ്വപ്രസിദ്ധരായ ഒരു നൂറു മഹാപ്രതിഭകളെങ്കിലും റഷ്യയില്‍ ജീവിച്ചിരുന്നിട്ടുണ്ട്. എന്നിട്ടും, സംഘര്‍ഷങ്ങളൊഴിഞ്ഞ് സമാധാന പൂര്‍ണ്ണമായ ഒരു ജീവിതം റഷ്യയ്ക്കു ലഭിച്ചതേയില്ല. സര്‍ ചക്രവര്‍ത്തിമാരുടെ കാലത്ത് കടുത്ത ദാരിദ്ര്യമായിരുന്നു. ലെനിന്റെ കാലത്ത് സ്ഥിതിഗതികള്‍ മെച്ചപ്പെട്ടു തുടങ്ങി. സ്റ്റാലിന്‍ വന്നപ്പോള്‍ രാജ്യം സമ്പന്നമായി. പക്ഷേ ജനങ്ങള്‍ക്കു സ്വാതന്ത്ര്യം നഷ്ടപ്പെട്ടു. ഗോര്‍ബച്ചേവിന്റെ കാലം മുതല്‍ വീണ്ടും അസ്ഥിരത ആരംഭിച്ചു. അതിന്നും തുടരുന്നു. പുടിന്‍ റഷ്യയെ ഏതുവഴിക്കു നയിക്കും എന്നതിന് ഒരുറപ്പും ആര്‍ക്കുമില്ല.
ബംഗാള്‍ ഇന്ത്യയില്‍ സാഹിത്യത്തില്‍ എന്നും ഒന്നാമത് സഞ്ചരിച്ച സംസ്ഥാനമാണ്. 1865-ല്‍ത്തന്നെ അവിടെ ആദ്യ നോവല്‍ പുറത്തു വന്നിരുന്നു; ബങ്കിംചന്ദ്ര ചാറ്റര്‍ജിയുടെ ദുര്‍ഗ്ഗേശ നന്ദിനി. വീണ്ടും രണ്ടു ദശാബ്ദം കഴിഞ്ഞാണ് മലയാളത്തില്‍ നോവല്‍ സംഭവിക്കുന്നത്. കുന്ദലത 1887ലും ഇന്ദുലേഖ 89ലും ആണല്ലോ പുറത്തുവരുന്നത്. നമ്മുടെ ഒരേയൊരു നൊബേല്‍ സാഹിത്യകാരനും ബംഗാളിയാണല്ലോ! താരാശങ്കര്‍ ബാനര്‍ജിയേയും ബിമല്‍ മിത്രയേയും ഒക്കെപ്പോലുള്ള ഗദ്യരചയിതാക്കള്‍ നമുക്കില്ല. സാഹിത്യത്തില്‍ ഒന്നാം സ്ഥാനക്കാരായിരുന്നെങ്കിലും ബംഗാള്‍ വിദ്യാഭ്യാസത്തിലും രാഷ്ട്രീയ സാക്ഷരതയിലും ഒന്നും മുന്നേറിയില്ല. ഇന്നും ബംഗാളിലെ സാക്ഷരതാ നിരക്ക് 76 ശതമാനമേയുള്ളൂ. സ്ത്രീകളുടെ സാക്ഷരത 70.5 ശതമാനവും. ഇന്നും രാഷ്ട്രീയവിഷയത്തില്‍ നിരക്ഷരരെപ്പോലെയാണ് അവരുടെ പെരുമാറ്റം. ഇന്ത്യയില്‍ ഏറ്റവും അധികം രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നയിടം ബംഗാളാണ്. തൊഴിലില്ലായ്മയിലും ദാരിദ്ര്യത്തിലും ബീഹാറിനോടു മത്സരിക്കാന്‍ ബംഗാള്‍ മാത്രമേയൂള്ളൂ. കേരളം പോലുള്ള ഒരു ദരിദ്രസംസ്ഥാനത്തേയ്ക്കു തൊഴില്‍ തെണ്ടിയെത്തുന്നവരുള്ള ആ സംസ്ഥാനത്തിന്റെ സ്ഥിതി എത്രമാത്രം ദയനീയമാണെന്നു പറയാതെ തന്നെ അറിയാമല്ലോ! ഇന്നും ബംഗാളി സാഹിത്യം മോശമല്ല. നല്ല കഥകളും കവിതകളും നോവലുകളുമൊക്കെയുണ്ടാകുന്നുണ്ട്. പക്ഷേ നല്ല ജീവിതം മാത്രമില്ല. സാഹിത്യം കൊണ്ട് ഔന്നത്യം ആര്‍ജ്ജിച്ചതുകൊണ്ടു മാത്രം ഒരു ജനത ഭൗതികസമൃദ്ധി നേടില്ല എന്നു മനസ്സിലാക്കാന്‍ ബംഗാള്‍ മാത്രം മതി. ദേശാഭിമാനിയില്‍ ഏതാനും ബംഗാളി കഥകള്‍ തര്‍ജ്ജമ ചെയ്തുകൊടുത്തിട്ടുണ്ട്. അവയൊക്കെ ആ പ്രദേശത്തിന്റെ സാഹിത്യ സമൃദ്ധി വിളിച്ചോതുന്നവയാണ്. എന്നാല്‍ ഈ സാഹിത്യ സമൃദ്ധി ബംഗാളിയെ ഭൗതിക സമൃദ്ധിയിലേയ്ക്കു നയിക്കുന്നില്ല എന്നത് പുതിയ ചോദ്യങ്ങളുയര്‍ത്തുന്ന വിഷയമാണ്.
സര്‍വ്വം പെണ്‍മയമായ മലയാളം വാരിക (മാര്‍ച്ച് 11) യെക്കുറിച്ച് എഴുതാന്‍ ഇടം പോര. എങ്കിലും ”പൊരിവെയിലിനെ കൈക്കുമ്പിളിലാക്കി നിലാവെന്നു നിശ്വസിച്ച് പാട്ടിലാക്കുന്നവളെ”, പെണ്ണിനെക്കുറിച്ച് എഴുതിയിരിക്കുന്ന ‘പുറം തിരിഞ്ഞു കൊരുക്കുന്ന വാക്കുകള്‍’ എന്ന വിജിലയുടെ കവിത പെട്ടെന്നു കണ്ണില്‍ പെടുന്നതാണ്. ”ഇത്രയേറെ സ്‌നേഹവുമായി നീ എങ്ങോട്ടു പോകുന്നു മറിയാ” എന്ന വിജിലയുടെ ചോദ്യം ഹൃദയത്തിലും പെട്ടുപോകുന്നു.