“”Taj Mahal The True Story”’എന്നത് പി.എന്‍.ഓക്ക് എന്ന മറാത്തി ചരിത്രകാരന്‍ എഴുതിയ ചരിത്രഗ്രന്ഥമാണ്. ആ കൃതിയുടെ പിഡിഎഫ് ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. അതില്‍ അദ്ദേഹം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന പ്രധാന വസ്തുത താജ്മഹല്‍ മുഗള്‍ കാലഘട്ടത്തിനു മുന്‍പുതന്നെ നിര്‍മ്മിക്കപ്പെട്ടിരുന്ന ഒരു ശിവക്ഷേത്രമായിരുന്നു എന്നാണ്. തേജോമഹാലയ എന്നായിരുന്നു അതിന്റെ ആദ്യത്തെ പേര്. ജയ്പൂരിലെ രാജാപരമാര്‍ദ്ദിദേവിന്റെ കാലത്തായിരുന്നു ഈ മഹാസൗധം നിര്‍മ്മിക്കപ്പെട്ടത്. പരമാര്‍ദ്ദിദേവിന്റെ ചെറുമകന്‍ രാജാജയ്‌സിംഗില്‍ നിന്നും ഷാജഹാന്‍ തട്ടിയെടുത്തതായിരുന്നു ഈ ശിവക്ഷേത്രം. ഷാജഹാന്‍ അതിനെ മുസോളിയം ആക്കി മാറ്റുകയായിരുന്നു പോലും. അതിനു തെളിവായി ധാരാളം വസ്തുതകള്‍ ഓക് ചൂണ്ടിക്കാണിക്കുന്നുണ്ട്. അതിലൊന്ന് ഔറംഗസീബിന്റെ കാലം വരെയുള്ള മുഗള്‍ രേഖകളിലൊന്നും ഇങ്ങനെയൊരു മന്ദിരത്തെക്കുറിച്ചു പരാമര്‍ശമില്ലെന്നാണ്.
ചരിത്രത്തില്‍ പൃഥ്വിരാജ് ചൗഹാനോട് പരാജയപ്പട്ട ഒരു പരമാര്‍ദ്ദി രാജാവിനെക്കുറിച്ചു പരാമര്‍ശമുണ്ട്. യശോവര്‍മ്മന്‍ രണ്ടാമന്റെ മകനായ അദ്ദേഹത്തിന്റെ ഭരണകാലം സി.ഇ 1165-1203 ആണെന്നു കാണുന്നു. ചന്ദേല രാജവംശത്തില്‍ പെട്ട അദ്ദേഹം പര്‍മാദിദേവ എന്ന പേരിലാണ് പരാമര്‍ശിക്കപ്പെടുന്നത്. ഓക്ക് ചരിത്രത്തില്‍ നമ്മള്‍ അറിയുന്ന പല വസ്തുതകളേയും എതിര്‍ത്ത് തന്റേതായ നിഗമനങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. അതില്‍ പലതും വിവാദപരമാണ്. പൂനെയിലെ ഫര്‍ഗൂസന്‍ കോളേജില്‍ ഇംഗ്ലീഷ് അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുള്ള പുരുഷോത്തം നാഗേഷ് ഓക് ഐ.എന്‍.എ ഭടനയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്നത്തെ പ്രധാനമതങ്ങളെല്ലാം ഹിന്ദുമതത്തിന്റെ തുടര്‍ച്ചയാണെന്നും ക്രിസ്റ്റ്യാനിറ്റിയും ഇസ്ലാമുമെല്ലാം ഹിന്ദുമതത്തിന്റെ ഭാഗം തന്നെയാണെന്നും സ്ഥാപിക്കാന്‍ ഓക്ക് ചില ചരിത്രവസ്തുതകള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
വത്തിക്കാനും കാ അബയുമെല്ലാം ഒരുകാലത്ത് ഹിന്ദുദേവാലയങ്ങളായിരുന്നുവെന്നുമൊക്കെ ഓക്ക് സ്ഥാപിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അക്കാദമിക് ചരിത്രകാരന്മാരൊന്നും ഓക്കിന്റെ നിഗമനങ്ങളെ അംഗീകരിക്കുന്നില്ല. അവര്‍ അദ്ദേഹത്തിന്റെ ചരിത്രനിലപാടിനെ “Historical Negationism’ ആയാണ് കാണുന്നത്. ഓക്ക് ‘ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റീ-റൈററ്റിങ്ങ് ഇന്ത്യന്‍ ഹിസ്റ്ററി’ എന്ന ഒരു സ്ഥാപനം നടത്തിയിട്ടുണ്ട്. ‘ഇതിഹാസ് പത്രിക’ എന്നൊരു പ്രസിദ്ധീകരണവും അദ്ദേഹം നടത്തിയിരുന്നു. 2007-ല്‍ അന്തരിച്ച ഓക്കിനെ “mythistorian’ എന്നു വിളിച്ച് ചിലര്‍ ആക്ഷേപിച്ചു. ആര്‍ട്ട്ഹിസ്റ്റോറിയന്‍ റബേക്ക ബ്രൗണ്‍ (Rebecca Brown) അദ്ദേഹത്തിന്റെ ചരിത്രരചനാ രീതിയെ ‘റിവിഷനിസ്റ്റ് ഹിസ്റ്ററി’ എന്നാണ് അഭിസംബോധന ചെയ്തത്. Gales Tillotson കപട പാണ്ഡിത്യം എന്നുവിളിച്ച് ആക്ഷേപിച്ചു. എന്നാല്‍ ഓക് പറഞ്ഞ കാര്യങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കണം എന്നു പറയുന്ന ധാരാളം പണ്ഡിതന്മാര്‍ ഇന്ത്യയിലുണ്ട്.
ലോകത്തെല്ലായിടത്തും ഇന്നത്തെ ഹിന്ദുസംസ്‌കൃതിയോടു താരതമ്യപ്പെടുത്താവുന്ന ചിലത് പണ്ടു കാലത്ത് നിലനിന്നു എന്നത് ശരിയാണ്. അതിന് ചരിത്രത്തില്‍ വസ്തുനിഷ്ഠമായ തെളിവുകളുമുണ്ട്. ഓക് പറയുന്നത് മുഴുവന്‍ ശരിയാണെന്നു കരുതാനാവില്ല. എന്നാല്‍ ഒരു ‘മദര്‍കള്‍ച്ചര്‍’ നിലനിന്നിരുന്നുവെന്നും അതിന് സനാതന ധര്‍മ്മസംസ്‌കൃതിയോട് സാദൃശ്യമുണ്ട് എന്നതും യാഥാര്‍ത്ഥ്യം തന്നെ. പക്ഷേ താജ്മഹലിനെക്കുറിച്ചും വത്തിക്കാനെക്കുറിച്ചും കാ.അബയെക്കുറിച്ചുമൊക്കെ പറയുന്നവ ഇനിയും തെളിയിക്കപ്പെടേണ്ടതായിട്ടാണ് ഇരിക്കുന്നത്. താജ്മഹലിന്റെ പഴക്കമൊക്കെ നമുക്ക് പരിശോധിച്ചറിയാവുന്നതേയുളളൂ. ഓക്ക് പറയുന്ന വസ്തുതകളെല്ലാം ഇവിടെ ചര്‍ച്ചചെയ്യാനിടമില്ല. എങ്കിലും ചില പൊരുത്തക്കേടുകള്‍ ഉണ്ട്. മുഗള്‍ രാജാക്കന്മാരുടെ ആദ്യ തലസ്ഥാനമായിരുന്ന ആഗ്രയിലെ മന്ദിരം മറ്റൊരു രാജാവിന്റെ വകയായിരുന്നു എന്നും അത് ഷാജഹാന്‍ തട്ടിയെടുത്തു എന്നും പറയുന്നതില്‍ ഒരു പൊരുത്തക്കേട് പ്രത്യക്ഷത്തില്‍ത്തന്നെ നമുക്ക് അനുഭവപ്പെടും. എന്തായാലും ഒരുപക്ഷേ പരമാര്‍ദ്ദിദേവ് നിര്‍മ്മിച്ചതായിരുന്നു താജ്മഹലെങ്കിലും അത് ഷാജഹാനും വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ മുഗളന്മാരുടെ അധീനതയില്‍ ആയിരുന്നിട്ടുണ്ടാവണം. കാരണം അവരുടെ തലസ്ഥാനത്ത് മറ്റൊരു രാജവംശത്തിന്റെ ആധിപത്യം ഉണ്ടാകാനിടയില്ലല്ലോ! ഓക് പറഞ്ഞ വസ്തുതകളുടെ ശരിതെറ്റുകള്‍ ചര്‍ച്ച ചെയ്യുകയല്ല ഉദ്ദേശ്യം.
മാതൃഭൂമിയില്‍ (മാര്‍ച്ച് 17-23) അയ്മനം ജോണ്‍ ‘കറുത്ത താജ്മഹല്‍’ എന്നൊരു കഥയെഴുതിയിരിക്കുന്നു. കറുത്ത മാര്‍ബിള്‍ കൊണ്ട് ഇന്നത്തെ താജ്മഹല്‍ പോലെ യമുനയുടെ മറുകരയില്‍ ഒരു സൗധം നിര്‍മ്മിക്കാന്‍ ഷാജഹാന്‍ ആഗ്രഹിച്ചിരുന്നത്രേ! അതില്‍ തന്റെ ശവകുടീരം സ്ഥാപിക്കാനായിരുന്നത്രേ അദ്ദേഹത്തിന്റെ ആഗ്രഹം. എന്നാല്‍ ചരിത്രകാരന്മാര്‍ അതൊരു കെട്ടുകഥയാണെന്നു പറയുന്നു. ആ കെട്ടുകഥയെ ആസ്പദമാക്കിയാണ് ജോണ്‍ കഥയെഴുതിയിരിക്കുന്നത്. എന്നാല്‍ കഥയുടെ ഉന്നം വേറൊന്നാണ്. ദല്‍ഹിയില്‍ ഇപ്പോഴുള്ളത് ഒരു ഫാസിസ്റ്റ് ഭരണകൂടമാണെന്നു സ്ഥാപിക്കലാണ് ജോണിന്റെ ശ്രമം. അത് ഒരിക്കലും തെളിച്ചുപറയാതെ കഥയിലുടനീളം ഒളിപ്പിച്ചു വയ്ക്കുന്നു. ഏതെങ്കിലും അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കളെ ജയിലിലടച്ചാല്‍ അതൊരു നല്ലകാര്യമാണ് എന്നു കാണാതെ ഫാസിസം എന്നു പ്രചരിപ്പിക്കുന്നത് ജനങ്ങളുടെ താല്പര്യത്തിന് എതിരല്ലേ? എത്ര ഉന്നതനായ രാഷ്ട്രീയനേതാവും ബോധപൂര്‍വ്വം പൊതുമുതല്‍ കട്ടാല്‍ നിയമത്തിന്റെ കീഴില്‍ കൊണ്ടുവരേണ്ടതല്ലേ? ഇതിനുമുന്‍പ് അഴിമതി നടത്തിയവരെയെല്ലാം ശിക്ഷിക്കുന്ന പതിവ് ഇന്ത്യയില്‍ ഉണ്ടായിരുന്നില്ല.
തിരുവനന്തപുരം നഗരത്തില്‍ പതിനൊന്ന് ഏക്കര്‍ ഭൂമി സ്വന്തമായി വാങ്ങിക്കൂട്ടിയ ഒരു രാഷ്ട്രീയ നേതാവിനെകുറിച്ച് കേട്ടിട്ടുണ്ട്. അദ്ദേഹം മരിച്ചുപോയി. അഴിമതിവിരുദ്ധ നാട്യങ്ങള്‍ കാണിച്ചവരാരും ഈ നേതാവിനെതിരെ ചെറുവിരല്‍ പോലും അനക്കിയിട്ടില്ല. ഒട്ടുമിക്കവാറും എല്ലാ അഴിതിക്കാരും പരസ്പരം സഹായിച്ചു രക്ഷപ്പെടുകയായിരുന്നു പതിവ്. ഇപ്പോള്‍ അതിനു വിരുദ്ധമായി ഉന്നതനേതാക്കള്‍ പലരും കുടുങ്ങുന്നു. അതൊരു നല്ലകാര്യം എന്നല്ലേ കാണേണ്ടത്. നിരപരാധികളെ കുരുക്കിയാല്‍ എതിര്‍ക്കണം. കുറ്റവാളികളെ പിടിക്കുമ്പോള്‍ ഫാസിസം എന്ന് നിലവിളിക്കുന്നത് നല്ലതാണോ?
മാതൃഭൂമിയിലെ ഉണ്ണി ആറിന്റെ കഥ ‘ഗംഭീരവിക്രമ’ കഥയുടെ ദൗത്യമൊന്നും നിര്‍വ്വഹിക്കുന്നില്ലെങ്കിലും ഒരു വലിയ സംസ്‌കാരദൗത്യം പകര്‍ന്നു തരുന്നുണ്ട്. ‘കഥകളി’ എന്ന ലോകോത്തര കലാരൂപത്തെ മലയാളി വേണ്ടത്ര ശ്രദ്ധിക്കുന്നില്ല എന്നത് വലിയ പാപകര്‍മ്മം തന്നെയാണ്. സാംസ്‌കാരികരംഗത്ത് മലയാളി ലോകത്തിനു മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കുന്നത് കഥകളി എന്ന ഒറ്റ കലാരൂപത്തിന്റെ പേരില്‍ മാത്രമാണ്. എന്നിട്ടും പുതിയ കാലത്ത് അതിനെ പ്രോത്സാഹിപ്പിക്കാനും നിലനിര്‍ത്താനുമൊന്നും കാര്യമായ പരിശ്രമങ്ങള്‍ നടക്കുന്നില്ല. കലാമണ്ഡലത്തിലെ അധ്യാപകര്‍ക്ക് ശമ്പളമോ കുട്ടികള്‍ക്ക് സ്റ്റൈപ്പന്റോ സമയത്തു കൊടുക്കുന്നില്ല. കല പഠിക്കാന്‍ പോകുന്ന കുട്ടികള്‍ക്ക് ജീവിതമാര്‍ഗ്ഗം കിട്ടാന്‍ മറ്റു വിഷയം കൂട്ടിച്ചേര്‍ത്ത് അവിടത്തെ കോഴ്‌സിനെ സാധാരണ ഡിഗ്രിയ്ക്കു തുല്യമാക്കാനോ ഒന്നും ഒരു ശ്രമവും കാണാനില്ല. ഉണ്ണിയുടെ കഥ കഥകളിയിലെ നടന്മാരെയും ചിട്ടവട്ടങ്ങളെയും കളിഭ്രാന്തന്മാരായ പഴയ തലമുറയിലെ ചില മനുഷ്യരെയും ഒക്കെ ഓര്‍മ്മിപ്പിക്കുന്നുണ്ട്; കലാമണ്ഡലം രാമന്‍കുട്ടി നായരേയും പട്ടിക്കാം തൊടിയേയും നളനുണ്ണിയേയും ഗുരു ചെങ്ങന്നൂരിനേയും ഒക്കെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. പാട്ടുകാരന്‍ നമ്പീശനും ചെണ്ടക്കാര്‍ വാരണാസി നമ്പൂതിരിമാരും എല്ലാം രംഗത്തു വരുന്നു. നല്ലതുതന്നെ. പക്ഷേ അതൊക്കെ മാത്രം പോരല്ലോ ഒരു കഥയ്ക്ക്. അതിനൊരു കഥയും കൂടിവേണ്ടേ. അതുമാത്രമില്ല. ‘പ്രാണപ്രതിഷ്ഠ’ എന്നൊരു വാക്കില്‍ പിടിച്ച് അവസാനം നടത്തുന്ന ഞാണിന്മേല്‍ കളി ആര്‍ക്കും മനസ്സിലാവും.
മലയാളം വാരികയില്‍ (മാര്‍ച്ച് 8-11) പെണ്‍മൊഴി എന്ന പേരില്‍ ധാരാളം വനിതകള്‍ സ്ത്രീകളുടെ പരാധീനതയെക്കുറിച്ച് എഴുതുന്നു. ഒത്തുചേര്‍ന്ന് പൊരുതുന്നതിനെക്കുറിച്ചൊക്കെ പറയുന്നു. നല്ലതുതന്നെ. ”എഴുത്തുകാരുടെ നിലപാടാണ് ഏറ്റവും ദയനീയം. യഥാര്‍ത്ഥത്തില്‍ ഒരു തിരുത്തല്‍ ശക്തിയായിത്തീരേണ്ട അവര്‍ എല്ലാറ്റിനും മാപ്പു സാക്ഷിയാകുന്നു. ഇരിക്കുന്ന കസേര ആസനം വിട്ടുപോകാതിരിക്കുന്നതിലാണ് അവരുടെ മുഴുവന്‍ ശ്രദ്ധയും. അതുകൊണ്ട് മാതൃഭൂമിയില്‍ ആരെങ്കിലും വിളിച്ചു പറയേണ്ടതുണ്ട്” എന്നിങ്ങനെ ഗ്രേസി നടത്തുന്ന ധാര്‍മിക രോഷം നല്ലതുതന്നെ. സത്യത്തോടൊപ്പം നില്‍ക്കാന്‍ കേരളത്തിലെ എഴുത്തുകാര്‍ തയ്യാറാകാത്തതാണ് പൊതുവെ ബുദ്ധിജീവികളോടുള്ള ബഹുമാനം ഇല്ലാതാകുന്നതിന് പ്രധാന കാരണം. ഒരു കാലത്ത് ബുദ്ധിജീവികള്‍ എന്തു പറയുന്നുവെന്ന് സമൂഹം ചെവിയോര്‍ക്കുമായിരുന്നു, കാരണം അവര്‍ അധികാരത്തെ ഭയപ്പെടാതെ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നു പറഞ്ഞിരുന്നു. എല്ലാവരും അങ്ങനെ ആയിരുന്നുവെന്നു പറയാന്‍ പറ്റില്ല. പണ്ടും പലരും അധികാരസ്ഥാനത്തോടു പറ്റി നില്‍ക്കാന്‍ വേണ്ടി ഷണ്ഡത്വം പ്രദര്‍ശിപ്പിച്ചവരായുണ്ട്. എങ്കിലും ചിലരെങ്കിലും നിര്‍ഭയത്വം പ്രദര്‍ശിപ്പിച്ചിരുന്നു. ഇന്ന് ഒന്നോ രണ്ടോ പേര്‍ അങ്ങനെ തുനിയുന്നുണ്ട്. അവരെ മാധ്യമങ്ങള്‍ തമസ്‌കരിച്ചും കളയുന്നു.
സംസ്‌കൃതവും ഗ്രീക്കും സമന്വയിച്ചാണ് ഹിന്ദിയുണ്ടായത് എന്നുള്ള ഗ്രേസിയുടെ അഭിപ്രായം ശരിയാണോ? ചന്ദ്രഗുപ്തമൗര്യന്റെ കാലം മുതല്‍ തന്നെ ഗ്രീസുമായി നമുക്കു നല്ല ബന്ധം ഉണ്ടായിരുന്നു. ദല്‍ഹി സുല്‍ത്തന്മാരുടെ കാലത്ത് പേര്‍ഷ്യനുമായും ബന്ധം ഉണ്ടായിരുന്നു. പിന്നെ ഇംഗ്ലീഷും ഹിന്ദിയില്‍ കലര്‍ന്നിട്ടുണ്ട് എന്നു കരുതി ഹിന്ദി രൂപപ്പെട്ടത് ഗ്രീക്കു സംയോഗം കൊണ്ടാണ് എന്നൊക്കെ പറയുന്നത് കടുംകൈയാണ്. അതിനു ഭാഷാശാസ്ത്രത്തിന്റെ പിന്തുണയില്ല. ഗ്രേസിയുടെ സ്വന്തം അഭിപ്രായം അത്രതന്നെ.