മരണത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമാണ് ഏറ്റവും കൂടുതല്‍ കവിതകള്‍ ഉണ്ടായിട്ടുള്ളത്. ഒന്നാലോചിച്ചാല്‍ എല്ലാ സാഹിത്യ സൃഷ്ടികളും ഏതെങ്കിലും തരത്തില്‍ ഈ രണ്ടിനോടും ബന്ധപ്പെട്ടിരിക്കുന്നു. മലയാളം വാരിക (ഫെബ്രുവരി 26) യില്‍ ഇത്തവണ ഒരു കവിതയും ഒരു കഥയും മാത്രമേ ഉള്ളൂ. കവിത മരണത്തെക്കുറിച്ചും കഥ പ്രണയത്തെ കുറിച്ചുമാണ്.
മരണത്തെക്കുറിച്ച് രചിക്കപ്പെട്ടിട്ടുള്ള പതിനായിരക്കണക്കിന് കവിതകളില്‍ ഏതാണ് മെച്ചമെന്നും ഏതാണ് മോശമെന്നും പറയാന്‍ ബുദ്ധിമുട്ടാണ്. മരണത്തെ ഇതിവൃത്തമാക്കി ഏറ്റവും കൂടുതല്‍ കവിതകള്‍ രചിച്ച പ്രശസ്ത ഇംഗ്ലീഷ് കവി ഒരുപക്ഷേ പി.ബി.ഷെല്ലിയായിരിക്കും. അദ്ദേഹത്തിന്റെ അഡോണെയ്‌സ് (Adonais) മുതല്‍ ഒസിമാന്‍ഡിയാസ് (Ozymandias) വരെ പല കവിതകളിലും മരണം കരാളനൃത്തം ചവിട്ടുന്നുണ്ട്. On death എന്ന പേരില്‍ നേരിട്ടുതന്നെ ഒരു കവിതയില്‍ അദ്ദേഹം മരണത്തെ കാവ്യവല്‍ക്കരിക്കുന്നുണ്ട്. മരണോപാസനയാണോ മരണഭീതിയാണോ ഷെല്ലിയെ കൊണ്ട് ഇത്രയധികം മരണകവിതകള്‍ എഴുതിച്ചതെന്നറിയില്ല. എന്തായാലും കവിത അറം പറ്റി എന്ന് പറയാവുന്ന തരത്തില്‍ അദ്ദേഹം തീരെ ചെറുപ്രായത്തില്‍ 29-ാം വയസ്സില്‍ തന്നെ ഒരു ബോട്ട് അപകടത്തില്‍ ഈ ഭൂമി വിട്ടുപോയി. നമ്മുടെ പ്രിയ കവി കുമാരനാശാനും ബോട്ടപകടത്തിലാണല്ലോ നമ്മളെ ഉപേക്ഷിച്ചു പോയത്.
“Who telle th the tale of unspeaking death?
who telleth the veil of what is to come?’- ‘ എന്ന് ഷെല്ലി എഴുതിയിരിക്കുന്നത് കാണുമ്പോള്‍ കവിക്ക് മരണത്തെക്കുറിച്ച് വലിയ ഉല്‍ക്കണ്ഠയുണ്ടായിരുന്നു എന്നുവേണം കരുതാന്‍. “The world is the nurse all we know.
This world is the mother of all we feel”എന്നൊക്കെ എഴുതിയിരിക്കുന്നതിനാല്‍ കവിയ്ക്ക് ആത്മഹത്യാ പ്രവണത ഒന്നുമുണ്ടായിരുന്നില്ല എന്നൂഹിക്കാം. ഈ ജീവിതത്തോട് ഇടപ്പള്ളിക്കുള്ളതുപോലുള്ള അവജ്ഞ ഷെല്ലിക്ക് ഉണ്ടായിരുന്നില്ല. കടുത്ത ജീവിത പ്രണയം ഉണ്ടായിരുന്നിട്ടും ഷെല്ലിയെ പെട്ടെന്ന് തന്നെ മരണം കൊണ്ടുപോയി. എങ്കിലും തന്റെ പേര് അനശ്വരമാക്കാന്‍ തക്കതായിട്ടുള്ളതൊക്കെ കരുതിവെച്ചിട്ടാണ് പ്രിയ കവി പോയതെന്ന് നമുക്ക് ആശ്വസിക്കാം.
മലയാളത്തില്‍ കൊന്നമൂട് വിജു എഴുതിയിരിക്കുന്ന കവിത മരണത്തിന്റെ രീതികള്‍ക്ക് കൂടുതല്‍ സാദൃശ്യം പാബ്ലോ നെരൂദയുടെ ‘Nothing But Death’ എന്ന കവിതയോടാണ്.
The beds go sailing toward a Port where deatth is Waiting dressed like an admiral’ എന്ന് നെരൂദ എഴുതുന്നതുപോലുള്ള ചമല്‍ക്കാരമൊന്നും കൊന്നമൂട് വിജുവിന്റെ വരികളിലില്ല. ‘ഒരു ഹോസ്പിറ്റല്‍ അറ്റന്‍ഡറുടെ ഡയറിക്കുറിപ്പുകള്‍’ എന്നാണ് കവിതയെ കുറിച്ച് വിജുവിന്റെ വിശദീകരണം. അദ്ദേഹം ഹോസ്പിറ്റല്‍ അറ്റന്‍ഡറുടെ ജോലി ചെയ്തിരുന്നോ എന്നറിയില്ല. മരണത്തിന്റെ നിറമായി പൊതുവേ അംഗീകരിക്കപ്പെട്ടിരിക്കുന്നത് കറുപ്പാണല്ലോ. എല്ലാം ഇരുട്ടിലേക്ക് പോകുന്നു എന്നാണല്ലോ കരുതപ്പെടുന്നത്. മരിച്ച ആരും മടങ്ങി വന്നിട്ടില്ലാത്തതിനാല്‍ ഷെല്ലി പറയുന്നതുപോലെ മരണശേഷമുള്ള കഥകള്‍ പറയാന്‍ ആരുമില്ലല്ലോ. കറുപ്പിനെ നമുക്കും അംഗീകരിക്കാനേ കഴിയൂ.
നെരൂദ എഴുതുന്നത് നോക്കൂ:
The heart moving through a tunnel
in darkness, darkness, darkness
Like a ship wreck we die going into ourselves.
As though we are drowning inside our hearts As though we lived falling out of the
skin into the soul.’
കവിത മുഴുവന്‍ ഉദ്ധരിക്കേണ്ടതാണ്. അത്രമാത്രം കവിത നിറച്ചു വച്ചിരിക്കുകയാണ് നെരൂദ Nothing but death എന്ന കവിതയില്‍. എല്ലാ കവികളും മനസ്സിരുത്തി വായിച്ചിരിക്കേണ്ട കവിതയാണിത്. കൊന്നമൂട് വിജു ഈ കവിത വായിച്ചിട്ടുണ്ടോ എന്ന് അറിയില്ല. നെരൂദയുടെ തലപ്പൊക്കമൊന്നും ഈ കവിക്ക് ഇല്ലെങ്കിലും തനിക്കുണ്ടായ അനുഭവത്തെ കുറച്ചൊക്കെ തീവ്രമായി തന്നെ വായനക്കാരിലേക്ക് പകരാന്‍ ഈ കവിക്ക് കഴിയുന്നുണ്ട്. മഹത്തായ രചനയല്ലെങ്കിലും ഒരു മോശം രചനയുമല്ല.
അന്ന എന്ന പേര് മലയാളികള്‍ക്ക് ഒരു ‘ഒബ്‌സഷന്‍’ ആയിട്ടുണ്ടോ എന്ന് സംശയം. ബാലചന്ദ്രന്‍ ചുള്ളിക്കാട് തന്റെ ഒരു കവിതയില്‍ അഭിസംബോധന ചെയ്യുന്നത് ‘അന്ന’ എന്ന പെണ്‍കുട്ടിയെയാണ്. ദസ്തയോവ്‌സ്‌കിയുടെ ‘അന്ന’യെയാണ് പിന്നീട് ‘ഒരു സങ്കീര്‍ത്തനം പോലെ’ എന്ന നോവലില്‍ പെരുമ്പടവം ശ്രീധരന്‍ അവതരിപ്പിക്കുന്നത്. അന്ന അക്മത്തോവ (Anna Akhm atova)എന്ന റഷ്യന്‍ കവി നമ്മുടെ പല കവികള്‍ക്കും പ്രിയപ്പെട്ട എഴുത്തുകാരിയാണ്. മലയാളം വാരികയില്‍ പി.മോഹനചന്ദ്രന്‍ എഴുതിയിരിക്കുന്ന കഥയ്ക്കും ‘അന്ന’ എന്നുതന്നെയാണ് പേര്. ഒരു സാധാരണ പ്രണയകഥ. വളരെ സാധാരണമായ രീതിയില്‍ തന്നെ പറഞ്ഞുപോയിരിക്കുന്നു. ആദ്യ പ്രണയത്തിലെ നായികയെ കാണാന്‍ നായകന്‍ വരുന്നതൊക്കെ ആയിരം പേര്‍ എഴുതിക്കഴിഞ്ഞു. ഒരര്‍ത്ഥത്തില്‍ എം.ടിയുടെ വാനപ്രസ്ഥവും ടി.പത്മനാഭന്റെ ഗൗരിയും ഒക്കെ അതുതന്നെയല്ലേ പറയുന്നത്.
അത്തരം വൈകാരിക വിക്ഷോഭമൊന്നുമില്ല മോഹനചന്ദ്രന്റെ കഥയില്‍. എന്റെ വലതുകാലില്‍ മരോട്ടിക്കായ പോലെ ഒരു മുഴ എന്ന് കഥാകൃത്ത് എഴുതിയിരിക്കുന്നത് കണ്ടപ്പോള്‍ അങ്ങനെയൊരു കായയെക്കുറിച്ച് ഇക്കാലത്തെ മലയാളികള്‍ക്ക് വല്ല പരിചയവും ഉണ്ടോ എന്ന് സംശയം തോന്നി. ഒരുകാലത്ത് എണ്ണവിളക്ക് കത്തിക്കുന്നതിനുള്ള എണ്ണക്കായി മലയാളികള്‍ ആശ്രയിച്ചിരുന്ന എണ്ണ കുരുക്കളില്‍ ചിലത് മരോട്ടിക്കായയും പുന്നക്കായും ഒക്കെയായിരുന്നു. പുതുതലമുറയ്ക്ക് രണ്ടും പരിചയം ഉണ്ടാകാന്‍ ഇടയില്ല. കഥാകൃത്ത് അതൊക്കെ ഓര്‍ക്കുന്നു എന്നത് വലിയ ഗൃഹാതുരത്വം മനസ്സില്‍ ജനിപ്പിക്കുന്നു. ഏറ്റവും സാധാരണമായ ഒരു പ്രണയകഥയാണ് മോഹനചന്ദ്രന്റേത് ഇത്തരം കഥകള്‍ക്ക് ഇപ്പോഴും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല എന്ന് ഈ കഥ നമ്മെ ഓര്‍മിപ്പിക്കുന്നു.
എത്രയായാലും
മടുക്കാത്തതായ് പാരില്‍
മര്‍ത്യന്നു പ്രണയ
മതൊന്നുമാത്രം
എന്ന് സുഗതകുമാരി തന്റെ കവിതയില്‍ ഓര്‍മിപ്പിക്കുന്നത് പോലെ പ്രണയം ആരെയും മടുപ്പിക്കുന്നില്ല. ഈ കഥ വായിച്ച എന്നെയും.
‘ഇത്തവണത്തെ ദേശാഭിമാനി മുഴുവനായും ഗുരുദേവനെ കുറിച്ചാണ്. ദേശാഭിമാനി ഗുരുദേവനിലേക്ക് തിരിയുന്നത് നല്ല ലക്ഷണമാണ്. ഇപ്പോള്‍ കുറച്ചുകാലമായി ഗുരുദേവനെയും കേരള നവോത്ഥാനത്തെയും സ്വന്തമാക്കാന്‍ ഇടതുപക്ഷം പെടാപ്പാട് പെടുന്നുണ്ട്. ചരിത്രത്തെ മാറ്റിയെഴുതാന്‍ ആര്‍ക്കും ആവില്ല. എത്രയൊക്കെ കപടമായ കഥകള്‍ പ്രചരിപ്പിച്ചാലും സത്യത്തെ ആരെങ്കിലും ഖനനം ചെയ്തു എടുക്കുക തന്നെ ചെയ്യും. കേരള നവോത്ഥാനവുമായി ഒരു ബന്ധവുമില്ലാത്ത ഇടതുപക്ഷം അതിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ സത്യാന്വേഷികളുടെ എണ്ണം കൂട്ടാന്‍ ഇടയാക്കും എന്ന് മാത്രം. ചില കാര്യങ്ങള്‍ ആവര്‍ത്തിക്കേണ്ടി വരുന്നു. ഒരേ വിഷയം വീണ്ടും വീണ്ടും കേള്‍ക്കുമ്പോള്‍ ഏവര്‍ക്കും മടുക്കും. ബുദ്ധിമാന്മാര്‍ക്ക് പെട്ടെന്ന് തന്നെ മടുത്തേക്കും. എങ്കിലും പരിഹരിക്കപ്പെടാതെ വരുമ്പോള്‍ ആവര്‍ത്തിക്കുകയല്ലാതെ മാര്‍ഗ്ഗമില്ലല്ലോ. വേണ്ടത് നയപരമായ തിരുത്തല്‍ എന്ന പേരില്‍ ഡോക്ടര്‍ കെ.പി.ഗോപിനാഥന്‍ മലയാളികളുടെ മാതൃഭാഷാ ദാരിദ്ര്യത്തെ കുറിച്ച് മാതൃഭൂമിയില്‍ എഴുതിയിരിക്കുന്നു (മാര്‍ച്ച് 3 -9). ‘തല്ലണ്ടമ്മാവാ ഞാന്‍ നന്നാവില്ല’ എന്നു പറഞ്ഞ പഴയ അനന്തരവന്റെ മനസ്സാണ് മലയാളിക്കുള്ളത്. പിന്നെ എത്ര എഴുതിയിട്ടും എന്താണ് പ്രയോജനം? നമ്മള്‍ മറ്റുള്ള സമ്പദ്‌വ്യവസ്ഥകളെ ആശ്രയിച്ചു മാത്രം ജീവിക്കുന്ന ഒരു പരാശ്രയ സമൂഹമാണ്. അതിനാല്‍ അപമാന ബോധം മലയാളിക്ക് തെല്ലമില്ലെന്നു മാത്രമല്ല അഭിമാനിക്കുകയും ചെയ്യുന്നു. ഈ മനോഭാവം നാടിന്റെ സ്വഭാവമായിരിക്കെ നമ്മള്‍ എങ്ങിനെയാണ് മാതൃഭാഷയെ സ്‌നേഹിക്കുന്നത്.
ഇംഗ്ലീഷിനെ മാതൃഭാഷയാക്കാന്‍ ആഗ്രഹിക്കുന്നവരാണ് ബഹുഭൂരിപക്ഷം കേരളീയരും. പിന്നെ അവരോട് ‘മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍’ എന്ന വള്ളത്തോള്‍ വചനങ്ങള്‍ ഒക്കെ പറഞ്ഞിട്ട് എന്താണ് പ്രയോജനം? വിദേശത്ത് തൊഴില്‍ തേടി പോകുന്നവരില്ലാത്ത ഒരു വീടും ഇന്ന് കേരളത്തില്‍ ഇല്ല. അതിനുള്ള പ്രധാന ഉപാധി ഇംഗ്ലീഷ് പഠനം ആണെന്ന് അവര്‍ തെറ്റിദ്ധരിക്കുകയും ചെയ്യുന്നു. അതിനെതിരെ നില്‍ക്കുന്നവരെ തങ്ങളുടെ ഭാവിയില്‍ കരിനിഴല്‍ വീഴ്ത്തുന്ന ഭീകരന്മാരായാണ് ശരാശരി മലയാളി കാണുന്നത്. അത്തരം മനോഭാവങ്ങള്‍ ഒന്നും തൊലിപ്പുറമേയുള്ള ചികിത്സകള്‍ കൊണ്ട് മാറ്റാനാവില്ല. ഭരണാധികാരികള്‍ക്ക് യാഥാര്‍ത്ഥ്യബോധം ഉണ്ടായാലേ നിവര്‍ത്തിയുള്ളൂ അങ്ങനെ ഈ അടുത്തകാലത്തെങ്ങും ഉണ്ടാകുമെന്ന് നമ്മള്‍ പ്രതീക്ഷിക്കേണ്ടതില്ല. ഒരു പുതിയ തൊഴില്‍ പോലും ഉണ്ടാകാത്ത കേരളത്തില്‍ ഇരുന്ന് ഇംഗ്ലീഷ് പഠിച്ചേ കഴിയൂ എന്ന ആളുകളുടെ നിര്‍ബന്ധത്തെ എതിര്‍ക്കാന്‍ കഴിയില്ല. അവര്‍ പഠിച്ചോട്ടെ. എന്നാല്‍ മലയാളം പഠിക്കുകയേ വേണ്ട, ഇംഗ്ലീഷ് മീഡിയത്തില്‍ തന്നെ പഠിക്കണം തുടങ്ങിയ നിര്‍ബന്ധങ്ങള്‍ ഒഴിവാക്കാവുന്നതേയുള്ളൂ. ഒന്നാമതായി മാറ്റേണ്ടത് സര്‍ക്കാറിന്റെ പൊതു വിദ്യാഭ്യാസ ഭ്രാന്താണ്. പൊതുവിദ്യാഭ്യാസം ഒരു പഴഞ്ചന്‍ സങ്കല്പമാണെന്ന് കേരളത്തിലെ ഭരണാധികാരികള്‍ മനസ്സിലാക്കണം. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒരു കാരണവശാലും ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ അനുവദിക്കരുത്. സ്വകാര്യ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളില്‍ പോകുന്നവര്‍ പൊയ്‌ക്കോട്ടെ. എന്നാല്‍ പ്ലസ് ടു തലംവരെ മലയാള പഠനം ഗൗരവമായി തന്നെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണം .മലയാളം ഒരു അനാവശ്യ ജ്ഞാനം ആണെന്നുള്ള ധാരണ മുഴുവനായും തകര്‍ക്കണം. അതിന് പൊതുജനങ്ങള്‍ വിചാരിച്ചാല്‍ പോര. ഭരണാധികാരികള്‍ തന്നെ വിചാരിക്കണം. മലയാളപഠനം ഇന്നത്തേതിലും കാര്യക്ഷമമാക്കിയേ തീരൂ. എന്നു കരുതി ഇംഗ്ലീഷും ഹിന്ദിയും പഠിക്കേണ്ട എന്ന അര്‍ത്ഥമില്ല. അവ കൂടി പഠിച്ചോട്ടെ. എന്നാല്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള്‍ ഒരിക്കലും അനുവദിക്കരുത്. സ്വകാര്യ സ്‌കൂളുകളില്‍ മലയാളം പഠിക്കാത്ത അവസ്ഥയും പാടില്ല. രണ്ടും സര്‍ക്കാര്‍ വിചാരിച്ചാല്‍ സാധ്യമാണ്, എന്നാല്‍ വിചാരിക്കണം. അങ്ങനെ വിചാരിക്കണമെങ്കില്‍ നാടിനോടും സംസ്‌കാരത്തോടും ഒക്കെ അല്പം സ്‌നേഹം വേണം.