പ്രപഞ്ച പ്രതിഭാസങ്ങളെല്ലാം നിഗൂഢമാണ്. അവയെ ഒരിക്കലും സമ്പൂര്‍ണ്ണമായി തിരിച്ചറിയാനോ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാനോ മനുഷ്യനു കഴിയില്ല. മനുഷ്യന്റെ പരിമിതമായ ഇന്ദ്രിയജ്ഞാനത്തിലൂടെ ലഭിക്കുന്നവയെ മാത്രമേ നമുക്കു തിരിച്ചറിയാന്‍ കഴിയുന്നുള്ളൂ. അതിനുമപ്പുറം എത്രയോ നിഗൂഢതകള്‍ പ്രപഞ്ചത്തിലുണ്ട്. മനുഷ്യവ്യവഹാരങ്ങളില്‍ പോലുമുള്ള നിഗൂഢഭാവങ്ങള്‍ തിരിച്ചറിയാനാവുന്നില്ല. ജീവികളില്‍ പൊതുവെ കാണുന്ന രതി പ്രത്യുല്‍പ്പാദനലക്ഷ്യത്തോടുമാത്രം ചേര്‍ന്നതാണ്. അതുകൊണ്ടുതന്നെ അവയിലെല്ലാം ചില പ്രത്യേക കാലങ്ങളില്‍ മാത്രമേ രതിയുള്ളൂ. എന്നാല്‍ മനുഷ്യനിലാവട്ടേ രതി അവന്റെ എല്ലാ വ്യവഹാരങ്ങളിലേക്കും പടര്‍ന്നുകാണുന്നു. സ്വാഭാവിക രതിയ്ക്കപ്പുറം അനേകം വ്യതിയാനങ്ങളും (Deviations) വൈകൃതങ്ങളും (perversions) അപഭ്രംശങ്ങളും (aberrations) മനുഷ്യനിലുണ്ട്. അതില്‍ Homo sexuality (പുരുഷസ്വവര്‍ഗ്ഗരതി), Lesbianism (സ്ത്രീ സ്വവര്‍ഗ്ഗരതി), Frotteurism (സ്പര്‍ശനരതി),masochism (ആത്മപീഡനരതി),Sadism (പരപീഡനരതി), Pedophilia (ശിശുമൈഥുനം), Transvesfism (എതിര്‍ലിംഗവേഷാഭിനിവേശം), Zoophilia or bestiallty (മൃഗമൈഥുനം), Necrophilia (ശവമൈഥുനം) തുടങ്ങിയവയെ മുന്‍കാലങ്ങളില്‍ രതിവൈകൃതങ്ങള്‍ എന്നാണ് പറഞ്ഞിരുന്നത്. പ്രകൃതിവിരുദ്ധ ലൈംഗിക പ്രവണതകളായി ഇവയെ നമ്മള്‍ ഭാരതീയരും കണക്കാക്കിയിരുന്നു.
മനുഷ്യ വ്യവഹാരങ്ങളെയും അവന്റെ ലൈംഗിക മനോഭാവങ്ങളെയും പറ്റി ആഴത്തില്‍ നടത്തിയ പഠനങ്ങള്‍ക്കുശേഷം മനശ്ശാസ്ത്രജ്ഞന്മാര്‍ രതിവൈകൃതം എന്ന പേര് ഒഴിവാക്കി ലൈംഗിക വ്യതിയാനങ്ങള്‍ അഥവാ Sexual Deviations എന്നു വിളിക്കാന്‍ തുടങ്ങി. കാരണം ഇവയില്‍ പലതും ആരോഗ്യമുള്ള ലൈംഗികശീലമുള്ളവരിലും ചില സന്ദര്‍ഭങ്ങളില്‍ ഉണ്ടാകാറുണ്ട് എന്ന് അവര്‍ മനസ്സിലാക്കി. Felishism or Podophilia (കാല്‍പ്പാദങ്ങളോടുള്ള അഭിനിവേശം), Footleurism, Homosexuality, Lesbianism, stocking Fetishism (അടിവസ്ത്രങ്ങളോടുള്ള അഭിനിവേശം) തുടങ്ങിയവയെ സ്വാഭാവിക വ്യതിയാനങ്ങളായി കാണാന്‍ തുടങ്ങി. ചില രാജ്യങ്ങള്‍ സ്വവര്‍ഗ്ഗ വിവാഹം പോലും നിയമവിധേയമാക്കി.
എന്നാല്‍ ശിശുമൈഥുനം, ശവമൈഥുനം, പരപീഡനരതി എന്നിവയെ വെറും വ്യതിയാനം എന്നു പറഞ്ഞു തള്ളിക്കളയാന്‍ സമൂഹത്തിനാവില്ല. അവ കടുത്ത മനോരോഗങ്ങളായി മാറി കൊലപാതകം പോലുള്ള കുറ്റകൃത്യങ്ങള്‍ക്കു വഴിവച്ചതായി അനേകം ഉദാഹരണങ്ങള്‍ നമ്മുടെ മുന്‍പിലുണ്ട്. കുട്ടികള്‍ക്കു നേരെയുള്ള ഏതുതരം ലൈംഗികാതിക്രമങ്ങളെയും നിയമം വിലക്കുന്നുണ്ട്. ശവമൈഥുനവും കുറ്റകൃത്യമായിത്തന്നെ ലോകം കാണുന്നു. സാഡിസത്തേയും കുറ്റകൃത്യമായിത്തന്നെ കണക്കാക്കി വരുന്നു. ശവമൈഥുന വാഞ്ഛയുള്ള ക്രിമിനലുകള്‍ സീരിയല്‍ കില്ലര്‍മാരായി ചരിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. രാമന്‍ രാഘവനെ പോലുള്ള കൊലയാളികളും കുപ്രസിദ്ധന്മാരായ മറ്റു പല ക്രിമിനലുകളും ഇത്തരം മനോരോഗത്തിന് അടിപ്പെട്ടവരായിരുന്നുവത്രേ! മമ്മികളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട പട്ടാളക്കാര്‍ വഴിയാണ് മനുഷ്യരാശിയ്ക്ക് ലൈംഗികരോഗങ്ങളുണ്ടായത് എന്ന് ഒരു കഥയുണ്ട്.
പച്ചക്കുതിര മാര്‍ച്ച് ലക്കത്തില്‍ ഫ്രാന്‍സിസ് നൊറോണ എഴുതിയിരിക്കുന്ന കഥ ‘കീചകവധ’ ത്തിന്റെ ഉള്ളടക്കം പ്രധാനമായി നെക്രോഫീലിയയാണ്. ‘നിരുപദ്രവിയും പാവവുമായ’ അരയന്‍ വീട്ടിലെ ജോസഫിനെ നിഷ്ഠൂരനായ നെന്മാട്ടില്ലത്തെ ശ്രീദേവിയുടെ ഏകമകന്‍ ദേവന്‍ പള്ള കുത്തിക്കീറി കൊല്ലുന്നു. ദേവന്റെ സഹായി മുസ്തഫ. ‘നിഷ്ഠുരനായ നെന്മാട്ടില്ലത്തെ ദേവന്‍ ക്രൂരനായ കൊലപാതകി മാത്രമല്ല ഒരു ശവമൈഥുനക്കാരനുമാണ്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയശേഷം, കാറപകടത്തില്‍ മരിച്ച ഒരു ചലച്ചിത്ര നടിയുടെ ശവത്തെ ദേവന്‍ തന്റെ ലൈംഗികദാഹം തീര്‍ക്കാന്‍ ഉപയോഗിക്കുന്നു. അതും മോര്‍ച്ചറിയ്ക്കുള്ളില്‍ക്കടന്ന്. ദേവന്റെ സഹായി ആയിരുന്നെങ്കിലും മുസ്തഫയില്‍ ഒരു മനുഷ്യ സ്‌നേഹിയുണ്ട്. നിഷ്ഠൂരനായ ദേവനെ അയാള്‍ കൊല്ലാന്‍ തീരുമാനിക്കുന്നു. രണ്ടുപേരും കൂടി ബൈക്കില്‍ സഞ്ചരിക്കവേ ‘നല്ലവനായ’ മുസ്തഫ ബൈക്ക് ഒരു ഓട്ടോറിക്ഷയില്‍ മനഃപൂര്‍വ്വം ഇടിച്ചു സ്വയം കൊല്ലുകയും ദേവനെ വകവരുത്തുകയും ചെയ്യുന്നു.
കഥാപാത്രങ്ങളുടെ പേര് തെഞ്ഞെടുക്കുന്ന കാര്യത്തിലും കഥയിലെ പദപ്രയോഗങ്ങളിലുമെല്ലാം ഫ്രാന്‍സിസ് നോറോണക്ക് ചില ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് നമുക്ക് പെട്ടെന്ന് മനസ്സിലാകും. കൊല്ലപ്പെട്ട ദേവന്റെ അമ്മ നെന്മാട്ടില്ലത്തെ ശ്രീദേവി കഥയില്‍ വീണ്ടും പ്രത്യക്ഷപ്പെടുന്നുണ്ട്. അതും കഥാകൃത്ത് ഒളിപ്പിച്ചാണ് പറയുന്നത്. അവര്‍ മകന്‍ സഞ്ചരിച്ച ബൈക്കിടിച്ചു തകര്‍ന്ന ഓട്ടോറിക്ഷയില്‍ രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ച് ആശുപത്രിയിലേയ്ക്ക് പോവുകയായിരുന്നു. ആ കുഞ്ഞും ശ്രീദേവിയും അവളുടെ രണ്ടാം ഭര്‍ത്താവും അയാളുടെ അനുജനും കൊല്ലപ്പെടുന്നു. എല്ലാം വിവരിച്ചുതരുന്നതോ അരയന്‍ വീട്ടിലെ ജോസഫിന്റെ പ്രേതവും. അയാളെ കൊന്നതിന്റെ ദൈവശിക്ഷയാണ് എല്ലാവരും അനുഭവിക്കുന്നത്. അത് കഥാകൃത്ത് പറയുന്നില്ലെങ്കിലും വ്യംഗ്യമാണ്.
കഥയില്‍ ചില രഹസ്യ ഉദ്ദേശ്യങ്ങള്‍ ഒളിപ്പിച്ചുവയ്ക്കുന്നുണ്ടെങ്കിലും കഥ പറച്ചിലിന് ഒരു പുതുമയൊക്കെയുണ്ട്. ആദ്യഭാഗത്ത് ചില അവ്യക്തതകളുണ്ട്. അതുകാരണം വായനക്കാരന്‍ മുഴുവന്‍ വായിക്കണമെന്നില്ല. അവസാനഭാഗത്ത് കാളിയുടെ ചിത്രമുള്ള ഓട്ടോറിക്ഷയും കൈയില്‍ ചരടുകെട്ടിയ ഡ്രൈവറുമൊക്കെ കഥാകൃത്തിന്റെ മനസ്സിലെ ചില ഗൂഢതാല്പര്യങ്ങളെ തൃപ്തിപ്പെടുത്താനായി ചേര്‍ത്തതാണെന്നു തോന്നുന്നു. ‘ഉപ്പുതിന്നവന്‍ വെള്ളം കുടിക്കും’ എന്നതു തന്നെയാണ് കഥയുടെ മൊത്തത്തിലുള്ള സന്ദേശം. മെച്ചപ്പെട്ട കഥ എന്നു പറയാന്‍ വയ്യെങ്കിലും കഥാകൃത്തിന്റെ ഗൂഢ താല്പര്യങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ മോശം കഥ അല്ല.
‘പൊന്നുരുക്കുന്നയിടങ്ങളില്‍ പൂച്ചയ്‌ക്കെന്തുകാര്യം’ എന്നു ചോദിക്കേണ്ടി വരുന്നതില്‍ ഖേദമുണ്ട്. സാഹിത്യോത്സവങ്ങളിലും ഫിലിം ഫെസ്റ്റിവലിലുമെല്ലാം ശശിതരൂരിനെ ക്ഷണിക്കുന്നത് തെറ്റല്ല. അദ്ദേഹം ഒരു മോശം രാഷ്ട്രീയക്കാരനാണെങ്കിലും ഒരു നല്ല എഴുത്തുകാരനാണ്. അദ്ദേഹത്തെ രാഷ്ട്രീയം കണക്കിലെടുക്കാതെ ക്ഷണിക്കേണ്ടതുതന്നെ. എന്നാല്‍ എം.എ. ബേബിക്ക് ഇത്തരം വേദികളിലെന്താണ് കാര്യം? സാഹിത്യോത്സവങ്ങളിലും ഫിലിം ഫെസ്റ്റിവലിനുമെല്ലാം എം.എ.ബേബി എന്തടിസ്ഥാനത്തിലാണ് മുന്‍പന്തിയില്‍ കയറിയിരിക്കുന്നത്. ഓഎന്‍വിയെ പോലുള്ള എഴുത്തുകാരുടെയൊക്കെ പിറകെ നടന്നിട്ടുണ്ട് എന്നല്ലാതെ എന്തു സാഹിത്യമാണ് ബേബി ഉല്‍പ്പാദിപ്പിച്ചിട്ടുള്ളത്. പച്ചക്കുതിരയില്‍ രവി ഡിസി ബ്രിട്ടനിലെ ‘ഹേ ഫെസ്റ്റിവലി’ നെകുറിച്ചും അതിന്റെ ചുവടുപിടിച്ചു കേരളത്തില്‍ നടത്തിയ സാഹിത്യോത്സവങ്ങളെക്കുറിച്ചും പച്ചക്കുതിരയില്‍ എഴുതിയ കൂട്ടത്തിലാണ് എം.എ.ബേബിയുടെ ചിത്രം വച്ചിരിക്കുന്നത്. രവി ഡിസി സാഹിത്യത്തോടുള്ള താല്പര്യം കൊണ്ടല്ല സാഹിത്യോത്സവങ്ങള്‍ സംഘടിപ്പിക്കാന്‍ മുന്നിട്ടിറങ്ങുന്നതെന്ന് ഏവര്‍ക്കുമറിയാം. അദ്ദേഹം നല്ലൊരു പുസ്തകവ്യാപാരിയാണ്. ആളുകളില്‍ സാഹിത്യവാസനയില്ലെങ്കില്‍ അദ്ദേഹത്തിന്റെ കച്ചവടം നടക്കില്ല. അതുകൊണ്ട് സാഹിത്യോത്സവങ്ങള്‍ സംഘടിപ്പിക്കാന്‍ രവി ഡിസി മുന്നിട്ടിറങ്ങും. അത് സ്വാഭാവികം.
‘മനുഷ്യന് അപ്പം കൊണ്ടുമാത്രം ജീവിക്കാനാവില്ല’. വിനോദവും സാംസ്‌കാരിക പ്രവര്‍ത്തനവും സാഹിത്യവും സംഗീതവുമൊക്കെ വേണം. എന്നാല്‍ മലയാളികള്‍ സാഹിത്യോത്സവം നടത്തേണ്ടത്, തുഞ്ചത്തെഴുത്തച്ഛനും പുനം നമ്പൂതിരിയും കുഞ്ചന്‍ നമ്പ്യാരും തുടങ്ങി കേരളവര്‍മ്മത്തമ്പുരാനും എ.ആറും കുമാരനാശാനും പൊറ്റെക്കാടും സിവി.രാമന്‍പിള്ളയും തകഴിയും ദേവും ഉറൂബും കാരൂരും ഇങ്ങേയറ്റത്ത് കെ.ആര്‍.മീരയും സച്ചിദാനന്ദനും ചുള്ളിക്കാടും സുഭാഷ്ചന്ദ്രനും ഒക്കെ ഉള്‍പ്പെടുന്ന ഒരു സാഹിത്യസംഘത്തിന്റെ പേരിലാവണം. അല്ലാതെ ഷേക്‌സ്പിയറിന്റെയും സര്‍വാന്റസിന്റെയും ഗോഗോളിന്റെയുമൊന്നും പേരിലാവാന്‍ പാടില്ല. അതില്‍ സൗഹാര്‍ദ്ദ പ്രതിനിധികളായി ചില വിദേശ എഴുത്തുകാരേയും ക്ഷണിക്കാം. എന്നാല്‍ ഭാരതത്തിലെ മറ്റുഭാഷാ എഴുത്തുകാരാവണം കൂടുതല്‍ ക്ഷണിക്കപ്പെടേണ്ടത്. ഇന്ന് പൊതുവെ സാഹിത്യോത്സവങ്ങളില്‍ കാണുന്ന രാഷ്ട്രീയവും രാജ്യവിരുദ്ധതയും പാടേ ഒഴിവാക്കേണ്ടതാണ്. എല്ലാവിഭാഗം എഴുത്തുകാരും ക്ഷണിക്കപ്പെടണം. രാജ്യവിരുദ്ധമായി എഴുതുന്നവരും രാജ്യവിരുദ്ധ രാഷ്ട്രീയക്കാരും ഭാരത വിരുദ്ധ എന്‍.ജി.ഒകളുടെ തലവന്മാരും മാത്രം പങ്കെടുക്കുന്ന സാഹിത്യസമ്മേളനങ്ങളല്ല നമുക്കുവേണ്ടത്. എല്ലാവിധ രാഷ്ട്രീയ നിലപാടുള്ള എഴുത്തുകാരും വേണം. രാഷ്ട്രീയക്കാരെയല്ല സാഹിത്യസമ്മേളനങ്ങളില്‍ ക്ഷണിച്ചിരുത്തേണ്ടത്. സാഹിത്യകാരന്മാരെയാണ്. അതില്‍ കക്ഷി രാഷ്ട്രീയ ചേരിതിരിവ് പാടില്ല. അത്തരം സാഹിത്യസമ്മേളനങ്ങളുണ്ടാവട്ടേ. പഴയകേരളത്തില്‍ അതുണ്ടായിരുന്നു. ഇനിയും ഉണ്ടാവട്ടേ.
കവിത പൊതുവേ ഊര്‍ദ്ധ്വന്‍ വലിക്കുന്ന ഇക്കാലത്ത് വല്ലപ്പോഴും മാത്രമേ ഒരു നല്ല കവിത വായിക്കാന്‍ കഴിയാറുള്ളൂ. ഗദ്യത്തില്‍ കവിതയുണ്ടാക്കാന്‍ പദ്യത്തേക്കാള്‍ പ്രയാസമായാണിരിക്കുന്നത്. മാതൃഭൂമിയില്‍ (ഏപ്രില്‍ 7) കല്പറ്റ നാരായണനെഴുതിയിരിക്കുന്ന ഗദ്യ കവനം ‘ദൈവത്തെ വിഷമിപ്പിക്കരുത്’ അതില്‍ അന്തര്‍ലീനമായിരിക്കുന്ന തത്വചിന്താപരമായ വിവക്ഷകൊണ്ടു ശ്രദ്ധേയമാണ്. നമ്മുടെ സങ്കല്പമനുസരിച്ച് ഈശ്വരന്‍ നിര്‍ഗ്ഗുണമാണ്. നിര്‍ഗ്ഗുണമായ ഈശ്വരനോട് പ്രാര്‍ത്ഥിച്ചിട്ടു കാര്യമില്ല. മനുഷ്യനു പ്രാര്‍ത്ഥിക്കാന്‍ ദേവതകളുണ്ട്. അവിടെയാണ് നമ്മള്‍ നമ്മുടെ നിവേദനങ്ങള്‍ സമര്‍പ്പിക്കേണ്ടത്. ഇതൊക്കെ കണ്ടുകൊണ്ടാണോ കല്പറ്റ എഴുതിയതെന്ന് എനിയ്ക്കറിയില്ല. അല്ലെങ്കിലും കവിതയില്‍ ചില ആന്തരിക ധ്വനികളുണ്ട്. അമ്മയെക്കുറിച്ച് മരണത്തിലും വ്യാകുലപ്പെടുന്ന മകനൊക്കെ ഇപ്പോള്‍ എഴുത്തിലേയുള്ളൂ, ജീവിതത്തിലില്ല. മക്കളെക്കുറിച്ച് വ്യാകുലപ്പെടുന്ന അമ്മമാരും വിരളം തന്നെ. ‘ദൈവത്തെ വിഷമിപ്പിക്കരുത്’ വായനക്കാരെ വിഷമിപ്പിക്കുന്നില്ല.