ലാറ്റിനമേരിക്കന്‍ എഴുത്തുകാര്‍ മുഖ്യമായും അനുകരിച്ചത് ഫാന്‍സ് കാഫ്കയെയാണ്. മാര്‍കേസ് കാഫ്കയെ കൂടാതെ ജാപ്പനീസ് എഴുത്തുകാരനായ യാസുനാരി കാവാബത്തയേയും അമേരിക്കന്‍ എഴുത്തുകാരനായ വില്യം ബോക്‌നറേയും കുറച്ചൊക്കെ അനുകരിച്ചു. എന്നാല്‍ ഈ മൂന്നെഴുത്തുകാര്‍ക്കും കിട്ടാത്ത പ്രശസ്തി മാര്‍കേസിനുകിട്ടി. ലോകം സാഹിത്യത്തെ സംബന്ധിച്ചിടത്തോളം ശൂന്യമാകാന്‍ തുടങ്ങിയ ഒരു കാലഘട്ടത്തിലാണ് മാര്‍കേസിന്റെ രചനകള്‍ പുറത്തുവരുന്നത്. ലാറ്റിനമേരിക്കയിലെ സ്വേച്ഛാധിപതികളെ വെറുപ്പോടെ ആഗോള സമൂഹം വീക്ഷിച്ചുകൊണ്ടിരുന്ന സമയവുമായിരുന്നു അത്. ഈ ഘടകങ്ങളെല്ലാം ‘ഗാബോ’യുടെ അമിത പ്രശസ്തിക്കു കാരണമായി. കൂടാതെ പത്രപ്രവര്‍ത്തകന്‍ കൂടിയായിരുന്നു എന്നതും അദ്ദേഹത്തിനു ഗുണം ചെയ്തു. എന്തെഴുതുന്നു എന്നതിനേക്കാള്‍ എങ്ങനെയെഴുതുന്നു എന്നതാണ് പ്രധാനം.
ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് എന്തെഴുതുമ്പോഴും അതിന് തത്വചിന്താപരമായ ഒരു ധ്വനി കൂടി ഉണ്ടാക്കാന്‍ അദ്ദേഹത്തിനു കഴിയുന്നു. 90 വയസ്സുള്ള വൃദ്ധന്‍ 14 വയസ്സുകാരിയുമായി കിടക്ക പങ്കിടുന്ന കഥ പറയുന്ന അദ്ദേഹത്തിന്റെ ചെറിയ നോവല്‍ Memories of My Melancholy Whores (വിഷാദികളായ എന്റെ വേശ്യകളെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പുകള്‍) കവാബത്തയുടെThe House of Sleeping Beauties ന്റെ ആവര്‍ത്തനം തന്നെയാണ്. പക്ഷേ അതില്‍ കവാബത്ത മുന്നോട്ടു വയ്ക്കാത്ത ചില കാല്പനികമായ പ്രണയതത്വചിന്തകളും കൂടി മാര്‍കേസ് കടത്തിവയ്ക്കുന്നു. സത്യത്തില്‍ കവാബത്തയുടെ നോവലിന്റെ മുന്‍പില്‍ മാര്‍കേസിന്റെ കൃതി വെറും മോശം കൃതി എന്നു പറയുന്നതാവും ശരി. എന്നാല്‍ എഴുതിയത് മാര്‍കേസ് ആയതുകൊണ്ട് ലോകം അതിലെ അനുകരണങ്ങളോ പിഴവുകളോ ഒന്നും കാണുന്നതേയില്ല. വെറുതേ അങ്ങ് പാടിപ്പുകഴ്ത്തുന്നു.
Sex is the consolation you have when you can’t have love എന്നും Age is n’t how old you are but how old you feel എന്നും മാര്‍കേസ് എഴുതിയാല്‍ അതു വലിയ തത്വചിന്തയാകുന്നു. സത്യത്തില്‍ 514 സ്ത്രീകളുമായി കിടക്ക പങ്കിട്ട തൊണ്ണൂറു വയസ്സുകാരന്‍ തനിക്കു പ്രണയം കിട്ടാത്തതുകൊണ്ടുള്ള ആശ്വാസമായി ലൈംഗികതയെ കണ്ടു എന്നു പറഞ്ഞാല്‍ അതില്‍ തത്വചിന്തയൊന്നുമില്ല. തന്റെ കുത്തഴിഞ്ഞ ജീവിതത്തിന് കണ്ടെത്തുന്ന ഒരു ന്യായീകരണം മാത്രമാണത്. എല്ലാ വിടന്മാര്‍ക്കും മദ്യപാനികള്‍ക്കും മയക്കുമരുന്നു സേവക്കാര്‍ക്കുമൊക്കെ തങ്ങളുടെ ചെയ്തികളെക്കുറിച്ച് ഇങ്ങനെ ചില സ്വയം ന്യായീകരണങ്ങളുണ്ടാവും. അതൊക്കെ വലിയ തത്വചിന്തയെന്നു കൊണ്ടാടുന്നത് അത്തരം മനസ്സിന്റെ ഉടമകളുടെ ഒരുതരം സമരസപ്പെടലാണെന്നേ പറയാനാവൂ. രണ്ടാമത്തെ വാക്യം എല്ലാ വൃദ്ധന്മാരും വാര്‍ദ്ധക്യത്തിന്റെ വേദനകളില്‍ പിടിച്ചു നില്‍ക്കാന്‍ വേണ്ടി പറയുന്നതുതന്നെ. മാര്‍കേസിന്റെ ആദ്യകാല രചനകളെപ്പോലെ മഹത്തായ കൃതിയൊന്നുമല്ല ഈ വേശ്യാപുരാണം.
മരണശേഷം മാര്‍കേസിന്റെ ഒരു അപൂര്‍ണകൃതി (Until August) മക്കള്‍ പണത്തിനായി ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നീരസത്തോടെ ഇ. സന്തോഷ്‌കുമാര്‍ മാതൃഭൂമി ആഴ്ചപതിപ്പില്‍ (മാര്‍ച്ച് 31 – ഏപ്രില്‍ 06) ഒരു ലേഖനം എഴുതിയിരിക്കുന്നു. തന്റെ ഓര്‍മകള്‍ നഷ്ടപ്പെട്ടു തുടങ്ങിയതിനാല്‍ പ്രസിദ്ധീകരിക്കരുതെന്ന് ഗാബോ പറഞ്ഞ കൃതിയാണത്രേ മക്കള്‍ അത്യാഗ്രഹം കൊണ്ടു പുറംലോകത്തെത്തിക്കുന്നത്. കത്തിച്ചുകളയാന്‍ മാക്‌സ് ബ്രോഡിനോടു കാഫ്ക്ക പറഞ്ഞ കൃതികളാണല്ലോ അയാള്‍ പ്രസിദ്ധീകരിച്ച് കാഫ്ക്കയെ ലോകപ്രശസ്തനാക്കിയത്. അതുപോലെ ഇതും ക്ഷമിക്കാവുന്നതേയുള്ളൂ. സന്തോഷ്‌കുമാര്‍ മാര്‍കേസിന്റെ മക്കള്‍ക്കു മാപ്പു കൊടുക്കട്ടേ.
മാതൃഭൂമിയിലെ സാറാ ജോസഫിന്റെ കഥ ‘കാരണം ആവശ്യമില്ല’ എന്ന തലക്കെട്ടുകൊണ്ട് ശ്രദ്ധേയമാണ്. തലക്കെട്ട് കൂട്ടിച്ചേര്‍ത്തു വയ്ക്കുമ്പോഴേ കഥ പൂര്‍ണമാവുകയുള്ളൂ. കേരളത്തില്‍ ഇന്നു നടക്കുന്ന കൊലപാതകങ്ങളെ പ്രത്യേകിച്ചും രാഷ്ട്രീയ കൊലപാതകങ്ങളെയാണ് ഒരു പരീക്ഷണ കഥയിലൂടെ കഥാകാരി തുറന്നുകാണിക്കുന്നത്. കുറെക്കാലമായി നമ്മുടെ കാമ്പസുകളിലും മറ്റും നടക്കുന്ന പല കൊലപാതകങ്ങള്‍ക്കും വലിയ കാരണമൊന്നുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. എറണാകുളം മഹാരാജാസില്‍ അഭിമന്യുവിനെ കൊന്നതു മുതല്‍ ഏറ്റവും അവസാനം പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാര്‍ത്ഥിന്റെ മരണം വരെ പരിശോധിച്ചാല്‍ കൊല്ലാനും തക്ക കാരണങ്ങളൊന്നും കൊന്നവര്‍ക്കു പറയാനില്ല എന്നു മനസ്സിലാകും. മതിയായ കാരണങ്ങളില്ലാതെ നടത്തുന്ന ഈ കൊലകള്‍ എന്തിനായിരുന്നു എന്ന് കാലങ്ങള്‍ക്കുശേഷമെങ്കിലും കുറ്റവാളികള്‍ ചിന്തിക്കാതിരിക്കില്ല.
ഒരു കഥയും വായിച്ച് ആരും മാനസാന്തരപ്പെട്ടതായി നമ്മള്‍ കേട്ടിട്ടില്ല. ഇത്തരം കുറ്റവാളികള്‍ കഥയും കവിതയുമൊന്നും വായിക്കുന്നവരല്ല എന്നതിനാല്‍ ഒരിക്കലും അങ്ങനെയൊരു സാധ്യതയിലേയ്ക്ക് അവര്‍ എത്തപ്പെടില്ലല്ലോ! എങ്കിലും ആരെങ്കിലും ചിലര്‍ ഈ കഥ വായിക്കുകയും ഇത്തരം ചെയ്തികളെക്കുറിച്ച് രണ്ടാമതൊന്ന് ആലോചിക്കുകയും ചെയ്താല്‍ കഥാകാരിയുടെ ശ്രമം സഫലമായി എന്നു പറയാം. ആവിഷ്‌കാരത്തില്‍ മൊത്തത്തില്‍ ചില തന്ത്രങ്ങള്‍ കഥാകൃത്ത് പുലര്‍ത്തുന്നുണ്ട്. അതാണ് പരീക്ഷണ കഥ എന്നു പറഞ്ഞത്. കഥയുടെ ആദ്യഭാഗത്ത് ഏകദേശം രണ്ടുപേ ജോളം ഫുള്‍സ്റ്റോപ് ഉപയോഗിക്കുന്നതേയില്ല. എന്നാല്‍ രണ്ടാം ഭാഗത്ത് സാധാരണ രീതിയിലുള്ള വാക്യങ്ങള്‍ തന്നെയാണുള്ളത്. അതൊരു പ്രത്യേക തന്ത്രമാണെന്നു തോന്നുന്നു. വായനക്കാരന്റെ മനസ്സില്‍ ഒരു പിരിമുറുക്കം സൃഷ്ടിക്കാന്‍ വേണ്ടിയുള്ള കൗശലം. എന്തായാലും നന്നായി. സാധാരണകഥകളില്‍ തലക്കെട്ടിന് വലിയ പങ്കൊന്നും ഉണ്ടാകാറില്ല. എന്നാല്‍ ഈ കഥയില്‍ തലക്കെട്ടെടുത്തു മാറ്റിയാല്‍ പിന്നെ കഥയ്ക്ക് ഒരു തരത്തിലുമുള്ള പ്രാധാന്യമില്ല എന്നതാണു പ്രത്യേകത. തലക്കെട്ടു കൂടി കഥയുടെ ഭാഗമാകുന്ന അപൂര്‍വ്വം കഥകളിലൊന്ന്. മുഷിപ്പന്‍ തുടക്കമായിരുന്നെങ്കിലും കഥാകാരിയെ അഭിനന്ദിക്കാതെ വയ്യ.
കഥയ്ക്ക് കണ്ണു തട്ടാതിരിക്കാന്‍ വേണ്ടിയാണെന്നു തോന്നുന്നു രണ്ടു കവിതകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കെ.ജി.എസിന്റെ പത്തനാപുരവും ഡി. സന്തോഷിന്റെ പുഴ കടക്കുന്ന തോണിയും. കെജിഎസിന്റെ കവിത ഒരു തരം ‘പിച്ചും പേയും പറച്ചില്‍’ എന്നല്ലാതെ അതിനെക്കുറിച്ച് മറ്റൊന്നും പറയാനില്ല. പരസ്പര ബന്ധമില്ലാതെ എന്തൊക്കെയോ പറയുന്നു. അത്രതന്നെ. സ്ഥലനാമങ്ങള്‍ വച്ചൊക്കെ ചില എഴുത്തുകള്‍ കെ.ജി. ശങ്കപ്പിള്ളയ്ക്ക് പണ്ടേയുണ്ട്. കൊച്ചിയിലെ വൃക്ഷങ്ങള്‍ ഒക്കെപ്പോലെ. അതൊക്കെ നമുക്ക് മടുപ്പുണ്ടാക്കുന്നവയായിരുന്നില്ല. പുതിയ ചില നിരീക്ഷണങ്ങളൊക്കെയുള്ളവയായിരുന്നു അവ. ‘പത്തനാപുരത്തെ’ വച്ചു നടത്തുന്ന കസര്‍ത്തിന് ഒരര്‍ത്ഥവുമില്ല. കവിയ്ക്കുപോലും കവിതയെക്കുറിച്ച് എന്തെങ്കിലും വിശദീകരണം ത രാന്‍ കഴിയുമെന്നു തോന്നുന്നില്ല.
ഡി. സന്തോഷിന്റെ കവിതയില്‍ ഇടയ്ക്ക് ചില വെളിപാടുകളൊക്കെയുണ്ടെന്നു പറയാം.
‘കൊടി വേണ്ട, പട വേണ്ട കൊടിപ്പടത്തില്‍ സഹപാഠിയൊരുത്തന്റെ ചോരയും വേണ്ട’ എന്നൊക്കെ എഴുതിയത് ഇന്നത്തെ കാലസ്ഥിതിയ്ക്കു യോജിച്ചതു തന്നെ. പക്ഷേ കവിത മൊത്തത്തില്‍ ഒരു അനുഭൂതിയും അസ്വസ്ഥതയും നമ്മളിലുണ്ടാക്കുന്നില്ല.
തിയിരിക്കുന്ന കഥ ‘നാടകരാത്രി’ ഭ്രാന്തുപിടിപ്പിക്കുന്ന ആഖ്യാന രീതിയിലാണ്. പുതിയ തലമുറക്കാരെ ഈ കഥ അത്രത്തോളം സ്വാധീനിക്കണമെന്നില്ല. കഴിഞ്ഞ തലമുറയിലുള്ളവര്‍ ‘നാടകരാത്രി’ വായിച്ചാല്‍ നഷ്ടബാല്യത്തെക്കുറിച്ചോര്‍ത്ത് തീര്‍ച്ചയായും വ്യാകുലപ്പെടും.
പുതുതലമുറയ്ക്ക് കഥ അത്ര ഇഷ്ടമാവാനിടയില്ല എന്നു പറയാന്‍ കാര്യം സൈക്കിള്‍ യജ്ഞം എന്ന പഴയ കലാരൂപത്തെ പശ്ചാത്തലമാക്കിയാണ് കഥ മുന്നേറുന്നത് എന്നതുകൊണ്ടാണ്. സൈക്കിള്‍ യജ്ഞം ഇന്നുള്ളവര്‍ക്ക് പരിചയമുണ്ടാവാനിടയില്ല. അന്‍പതുകൊല്ലങ്ങള്‍ക്കെങ്കിലും മുന്‍പ് തെക്കന്‍ കേരളത്തില്‍ വ്യാപകമായി സൈക്കിള്‍ യജ്ഞങ്ങള്‍ നടക്കുമായിരുന്നു. ദിവസങ്ങളോളം താഴെയിറങ്ങാതെയൊരാള്‍ സൈക്കിളില്‍ കറങ്ങിക്കൊണ്ടിരിക്കുകയും കൂട്ടത്തിലുള്ളവര്‍, മാജിക്, സര്‍ക്കസ്, നൃത്തം, നാടകം എന്നിവയൊക്കെ കാണിക്കുകയും ചെയ്യുന്ന ഒരു കലാപരിപാടി. സ്ത്രീകളായി വേഷം കെട്ടിവരുന്നവരെല്ലാം മിക്കവാറും പുരുഷന്മാരായിരിക്കും. പ്രകടനത്തിന്റെ അന്ത്യത്തില്‍ നാട്ടുകാരില്‍ നിന്ന് പണം പിരിക്കുന്നതാണ് കലാകാരന്മാരുടെ വരുമാനം. ഒരു സ്ഥലത്തുവന്ന് തമ്പടിച്ചു കളിക്കുന്ന ഇവര്‍ പോകുമ്പോള്‍ അക്കാലത്തെ കുട്ടികളായിരുന്ന ഞങ്ങള്‍ക്കൊക്കെ വലിയ വിഷാദം തോന്നുമായിരുന്നു.
ചില സംഘങ്ങളില്‍ ക്രിമിനല്‍ സ്വഭാവമുള്ളവരും ഉണ്ടാകാറുണ്ട്. അവര്‍ മടങ്ങിപ്പോകുമ്പോള്‍ നാട്ടില്‍ നിന്ന് സ്ത്രീകളെ പ്രണയം നടിച്ച് കൂട്ടിക്കൊണ്ടുപോയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. സൈക്കിളില്‍ കറങ്ങുന്നയാള്‍ക്ക് അന്ന് ഗ്രാമീണരുടെയിടയില്‍ വീരപരിവേഷമായിരുന്നു. അതുകൊണ്ട് പെണ്‍കുട്ടികളെ എളുപ്പം സ്വാധീനിക്കാന്‍ ഇവര്‍ക്കു കഴിയാറുണ്ട്. ഇക്കാര്യങ്ങളെല്ലാം ഒരു കാസര്‍കോടന്‍ ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ കെ.എന്‍.പ്രശാന്ത് അവതരിപ്പിക്കുന്നു; അത്ഭുതകരമായ മികവോടെ. പുതിയ കാലത്തെ കാഴ്ചകളുമായി സംയോജിപ്പിക്കാന്‍ ഉഡുപ്പിയിലെ ഒരു ബാറില്‍ കണ്ടുമുട്ടുന്ന രണ്ടുപേരിലേയ്ക്ക് കഥയെ സംക്രമിപ്പിക്കുകയും ചെയ്യുന്നു. കന്നഡഭാഷയുടെ സഹായവും കഥാകൃത്ത് തേടുന്നുണ്ട്. രണ്ടുഭാഷയിലും പരിചയമുള്ള ഒരു കാസര്‍കോടുകാരനാണ് കഥാകൃത്തെന്നു തോന്നുന്നു. യാഥാര്‍ത്ഥ്യവും ഭ്രമാത്മകതയും തമ്മില്‍ ചേര്‍ത്ത് കഥാകൃത്ത് സൃഷ്ടിക്കുന്നത് ഒരു അത്ഭുത പ്രപഞ്ചം തന്നെയാണ്. എത്ര അഭിനന്ദിച്ചാലും അധികമാവില്ല.
ഭാഷയിലെ ശരിതെറ്റുകളെക്കുറിച്ച് ഇനി ആരെഴുതും എന്ന് വലിയ വ്യാകുലതയുണ്ടായിരുന്നു. പന്മന രാചന്ദ്രന്‍നായര്‍ രംഗം വിട്ടതോടെ അതേറ്റെടുക്കാന്‍ പോന്ന ആരെങ്കിലും മലയാളത്തിലുണ്ടോ എന്നു സംശയമായിരുന്നു. ആ വിടവ് കെ.സി. നാരായണന്‍ അക്ഷരം പ്രതി എന്ന പംക്തിയിലൂടെ കുറച്ചൊക്കെ നികത്തുന്നുണ്ട്. അദ്ദേഹത്തിന്റെ ചില അഭിപ്രായങ്ങളോട് വിയോജിച്ചിട്ടുണ്ടെങ്കിലും ഭാഷയ്ക്ക് ആ പംക്തി പ്രയോജനം തന്നെയാണെന്നു പറയേണ്ടിയിരിക്കുന്നു. പണ്ട് എം.കൃഷ്ണന്‍ നായര്‍ പലവാക്കുകളും തെറ്റായി ഉപയോഗിക്കുന്നതിനെക്കുറിച്ച് എഴുതിയിരുന്നെങ്കിലും അദ്ദേഹം ചൂണ്ടിക്കാണിച്ച പല സംഗതികളും ശരിയായിരുന്നില്ല. എന്നാല്‍ കെ.സി.നാരായണന്‍ ശ്രദ്ധയോടെ പംക്തി കൈകാര്യം ചെയ്യുന്നുണ്ട്.
ചില കഥകള്‍ നമ്മളെ ഭൂതവര്‍ത്തമാനങ്ങളുടെ ഇടയിലിട്ടു ഞെരുക്കിക്കളയും. നടന്നതും നടക്കുന്നതും തമ്മില്‍ തിരിച്ചറിയാനാവാത്ത അവസ്ഥ സൃഷ്ടിക്കും. ‘കുളിക്കുണ്ട്’ എന്നൊരു സ്ഥലമുണ്ടോ എന്നെനിക്കറിയില്ല. കേരളത്തിലെ വടക്കേ അറ്റത്തെ സ്ഥലനാമങ്ങളില്‍ കുണ്ട് ചേര്‍ത്ത പല ഇടങ്ങളും കണ്ടിട്ടുണ്ട്. വെള്ളരിക്കുണ്ട്, ചേടിക്കുണ്ട്, ചെട്ടുകുണ്ട് അങ്ങനെയൊക്കെ. മാതൃഭൂമിയില്‍ കെ.എന്‍.പ്രശാന്ത് എഴു