സ്വാതന്ത്ര്യമാണ് സനാതനധര്‍മ്മത്തിന്റെ ശക്തി -പ്രൊഫ. കെ.പി.ശശിധരന്‍
കോഴിക്കോട്: സ്വാതന്ത്ര്യമാണ് സനാതനധര്‍മ്മത്തിന്റെ ശക്തിയെന്നും മറ്റു മതങ്ങള്‍ അത്തരം സ്വാതന്ത്ര്യം നല്‍കുന്നില്ലെന്നും എഴുത്തുകാരനും ചിന്തകനും വാര്‍ത്തികം മുന്‍ പത്രാധിപരുമായ പ്രൊഫ. കെ.പി. ശശിധരന്‍ പറഞ്ഞു. കേസരിയില്‍ നടന്ന നവരാത്രി സര്‍ഗ്ഗോത്സവത്തിന്റെ ഏഴാം ദിനത്തില്‍ ‘സനാതന ധര്‍മ്മത്തിന്റെ നവീകരണക്ഷമത’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രമാണഗ്രന്ഥങ്ങള്‍ നിര്‍ദ്ദേശിക്കുന്നത് പാലിക്കാന്‍ മാത്രമേ അബ്രഹാമിക് മതങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്ക് സാധിക്കുകയുള്ളൂ. ദൈവത്തിനുവേണ്ടി യുദ്ധം ചെയ്യണമെന്നും അല്ലെങ്കില്‍ ദൈവനിന്ദയാകുമെന്നുമാണ് പ്രമാണഗ്രന്ഥങ്ങള്‍ പഠിപ്പിക്കുന്നത്. എന്നാല്‍ പരമാവധി സ്വാതന്ത്ര്യം നല്‍കുന്നതാണ് സനാതനധര്‍മ്മം. ഈ സ്വാതന്ത്ര്യം ഇല്ലെങ്കില്‍ ഇവിടെ രക്തപ്പുഴ ഒഴുകുമായിരുന്നു. പാശ്ചാത്യരാജ്യങ്ങളില്‍ ഇസ്‌കോണ്‍ പോലുള്ള പ്രസ്ഥാനങ്ങള്‍ ശക്തി പ്രാപിക്കാന്‍ കാരണം സനാതനധര്‍മ്മം അനുവദിക്കുന്ന അളവറ്റ സ്വാതന്ത്ര്യമാണ്. സനാതനധര്‍മ്മം വിട്ടുപോയവരൊക്കെ തിരിച്ചുവന്ന ചരിത്രമേയുള്ളൂ. അദ്ദേഹം തുടര്‍ന്നു.
ഡോ.രജനി ശിവന്‍ അധ്യക്ഷയായി. ശ്രീജ സി.നായര്‍ സ്വാഗതവും ഗീത പ്രകാശ് നന്ദിയും പറഞ്ഞു. നൃത്താര്‍ച്ചന, ലളിതഗാന മത്സരം എന്നിവയും നടന്നു. ചെറുവറ്റ സേവാഭാരതി ബാലികാസദനം അവതരിപ്പിച്ച ഭജന, അനന്യ കൃഷ്ണകുമാറിന്റെ ഭരതനാട്യം, ആറ്റുവാശ്ശേരി മോഹനന്‍ പിള്ളയുടെ സംഗീതക്കച്ചേരി എന്നിവയും അരങ്ങേറി. തുടര്‍ന്ന് വര്‍ത്തമാനകാല കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങളെ മുന്‍നിര്‍ത്തി ഡോ.മധു മീനച്ചില്‍ രചിച്ച് ശ്രീജിത്ത് തപസ്യ സംവിധാനം ചെയ്ത പള്ളിവാള്‍ എന്ന നാടകവും അരങ്ങേറി.
ശങ്കരാചാര്യര്‍ ആര്‍ഷജ്ഞാനത്തിന്റെ പ്രകാശദീപ്തി -ഡോ.ലക്ഷ്മിശങ്കര്‍
വൈദികചിന്ത അധഃപതിച്ചപ്പോള്‍ നവോത്ഥാനത്തിനുവേണ്ടി ഉദിച്ച ആര്‍ഷജ്ഞാനത്തിന്റെ പ്രകാശദീപ്തിയാണ് ശ്രീശങ്കരാചാര്യരെന്ന് ഗുരുവായൂര്‍ ശ്രീകൃഷ്ണകോളേജിലെ സംസ്‌കൃത വിഭാഗം മേധാവി ഡോ.ലക്ഷ്മി ശങ്കര്‍ പറഞ്ഞു. കേസരി നവരാത്രി സര്‍ഗ്ഗോത്സവത്തിന്റെ എട്ടാം ദിനത്തില്‍ നടന്ന സര്‍ഗ്ഗസംവാദത്തില്‍ ‘ശങ്കരദര്‍ശനത്തിന്റെ കാലിക പ്രസക്തി’ എന്ന വിഷയത്തില്‍ സം സാരിക്കുകയായിരുന്നു അവര്‍.
ശങ്കരാചാര്യര്‍, സ്വാമി വിവേകാനന്ദന്‍, ചട്ടമ്പിസ്വാമികള്‍, ശ്രീനാരായണഗുരു, എഴുത്തച്ഛന്‍ തുടങ്ങിയ ആദ്ധ്യാത്മികാചാര്യന്മാര്‍ സനാതനധര്‍മ്മ പരമ്പരയിലുണ്ട്. കാലപ്പഴക്കമായപ്പോള്‍ അനുഷ്ഠിക്കുന്നവരുടെ സ്വാര്‍ത്ഥത മൂലമാണ് വൈദികചിന്ത ക്ഷയിച്ചത്. അവിടെയാണ് ഏകത്വദര്‍ശനത്തിന്റെ ആര്‍ഷചിന്തയുമായി ശങ്കരന്‍ ഭാരത ദാര്‍ശനികതയെ ദൃഢപ്പെടുത്തിയത്. ശങ്കരദര്‍ശനം കാലികമല്ല; സാര്‍വ്വകാലികമാണ്. രാഷ്ട്രത്തിന്റെ നാലുകോണുകളില്‍ ശങ്കരന്‍ സ്ഥാപിച്ച മഠങ്ങളുടെ ദര്‍ശനവും തത്ത്വവും ഉള്‍ക്കൊണ്ട് അവയുടെ പുനരുത്ഥാനവും ഉജ്ജീവനവും നടക്കുന്ന ഈ അമൃതകാലം ശങ്കരദര്‍ശനത്തിന്റെ സര്‍വ്വകാല പ്രസക്തി തന്നെയാണ് തെളിയിക്കുന്നത്. ഡോ. ലക്ഷ്മിശങ്കര്‍ തുടര്‍ന്നു.
പട്ടാമ്പി ഗവ. സംസ്‌കൃത കോളേജിലെ റിട്ട. പ്രിന്‍സിപ്പാള്‍ പ്രൊഫ. സി.പി. വത്സല ചടങ്ങില്‍ അദ്ധ്യക്ഷയായി. സബിത പ്രഹ്ലാദന്‍ സ്വാഗതവും വനജ എസ്. നായര്‍ നന്ദിയും പറഞ്ഞു. അയ്യപ്പഭക്ത മാതൃസമിതിയുടെ ഭജന, ശാസ്ത്രീയ സംഗീത മത്സരം, ചിത്രരചനാ മത്സരം, മീരാ & ഡോ.ഗായത്രിയുടെ നൃത്തം, ബാംഗ്ലൂര്‍ ബ്രദേഴ്‌സിന്റെ സംഗീതക്കച്ചേരി, ഡോ.ഗൗരിപ്രിയ സോമനാഥിന്റെ ഭരതനാട്യം എന്നിവയും അരങ്ങേറി.
കേരളത്തിന്റെ ഭാവിക്കായി ദുര്‍ഗയെ പുനരാവാഹിക്കണം-ജെ.നന്ദകുമാര്‍
കേരളത്തില്‍ സാംസ്‌കാരിക ഭീകരവാദികള്‍ ആക്രമണം ശക്തിപ്പെടുത്തുകയാണെന്നും കേരളത്തിന്റെ ഭാവിക്കായി ദുര്‍ഗയെ പുനരാവാഹിക്കണമെന്നും പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ.നന്ദകുമാര്‍ പറഞ്ഞു. കേസരി ഭവനില്‍ നടന്ന നവരാത്രി സര്‍ഗ്ഗോത്സവത്തിന്റെ സമാപനസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ടൂറിസം വകുപ്പ് ഒരു കോടിയോളം ചെലവിട്ട് തയ്യാറാക്കുന്ന വെബ്‌സൈറ്റില്‍ കേരളത്തിലെ ഇസ്ലാമിക പാരമ്പര്യമാണ് പ്രാധാന്യത്തോടെ അവതരിപ്പിക്കുന്നത്. ചേരമാന്‍ പെരുമാളുമായി ബന്ധപ്പെടുത്തി വ്യാജചരിത്രം കെട്ടിപ്പൊക്കാന്‍ ശ്രമിക്കുന്നു. കലകളെ മതേതരമാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നു. കൊട്ടിയൂരിലും കടലായിയിലും സൗപര്‍ണ്ണികയിലുമൊക്കെയായി ക്ഷേത്രങ്ങളിലും കാവുകളിലുമൊക്കെയായാണ് കേരളീയ കലകള്‍ വികസിച്ചത് എന്ന വസ്തുത മറച്ചുപിടിക്കുന്നു. ആസ്വാദകന്റെ പങ്ക് കൂടി നല്‍കുമ്പോഴാണ് ഭാരതീയ കലകള്‍ അര്‍ത്ഥവത്താകുന്നത്. സനാതന സംസ്‌കൃതിയെ ചോദ്യം ചെയ്യുന്നത് തിരിച്ചറിയണം. നമ്മുടെ സാംസ്‌കാരികത്തനിമ എന്താണെന്ന് ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. അദ്ദേഹം തുടര്‍ന്നു.
ചലച്ചിത്രതാരം വിധുബാല അദ്ധ്യക്ഷത വഹിച്ചു. ഗോവ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഹരിലാല്‍ ബി.മേനോന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. കേസരി വാരിക മുഖ്യപത്രാധിപര്‍ ഡോ.എന്‍.ആര്‍.മധു സ്വാഗതവും സര്‍ഗ്ഗസംവാദം കണ്‍വീനര്‍ പി.ബാലഗോപാലന്‍ നന്ദിയും പറഞ്ഞു. ജ്ഞാനക്ഷേത്രയുടെ ഭജന, മാതൃസമ്മേളനം, ഗായത്രി മധുസൂദനന്‍ ആന്റ് ടീമിന്റെ മോഹിനിയാട്ടം എന്നിവ സമാപന ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി.
ദേശീയ വിദ്യാഭ്യാസനയം വിദ്യാര്‍ത്ഥികള്‍ക്ക് പഠന സ്വാതന്ത്ര്യം നല്‍കുന്നത് -പ്രൊഫ. ഹരിലാല്‍ ബി. മേനോന്‍
പുതിയ ദേശീയ വിദ്യാഭ്യാസ നയം വിദ്യാര്‍ത്ഥികള്‍ക്ക് പഠനസ്വാതന്ത്ര്യം നല്‍കുന്നതാണെന്ന് ഗോവ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. ഹരിലാല്‍ ബി.മേനോന്‍ പറഞ്ഞു. കേസരിഭവനില്‍ നടന്ന നവരാത്രി സര്‍ഗ്ഗോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗോവയില്‍ ദേശീയ വിദ്യാഭ്യാസ നയം വിജയകരമായി നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ഇക്കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് മുറികളില്‍ നിന്ന് കിട്ടുന്ന അറിവല്ലാതെ ജീവിതത്തിനാവശ്യമായ വിവരങ്ങള്‍ ലഭിക്കുന്നില്ല. ബഹുഭാഷാ പഠനപദ്ധതിയും തുടര്‍ വിദ്യാഭ്യാസ പദ്ധതിയും ഇന്നത്തെ ലോകത്തില്‍ അനിവാര്യമാണ്. അതിനുള്ള അനന്തസാധ്യതകള്‍ പുതിയ വിദ്യാഭ്യാസനയം തുറന്നിടുന്നു. ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് മാറിയാലും പഠിത്തം മുടങ്ങാതെ തുടരാന്‍ അവസരം ലഭിക്കുന്നു. ഒരേസമയം പല വിഷയങ്ങള്‍ പഠിക്കാനും പരിശീലനം നേടാനും അവസരം ലഭിക്കുന്നു. പുതിയ തൊഴിലുകളില്‍ പരിശീലനം ലഭിക്കുന്നു. അദ്ദേഹം വിശദീകരിച്ചു.
ഭാരതത്തിന് ധര്‍മ്മവും മോക്ഷവും നല്‍കാന്‍ കഴിയും – എ.ഗോപാലകൃഷ്ണന്‍
ഇന്ത്യക്ക് അര്‍ത്ഥവും കാമവുമേ നല്‍കാന്‍ കഴിയൂ എന്നും ഭാരതത്തിന് അതിനപ്പുറം ധര്‍മ്മവും ആത്യന്തിക ജീവിതലക്ഷ്യമായ മോക്ഷവും നല്‍കാന്‍ കഴിയുമെന്നും സീമാ ജാഗരണ്‍ മഞ്ച് ദേശീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. കേസരി നവരാത്രി സര്‍ഗ്ഗോത്സവത്തോടനുബന്ധിച്ചുള്ള മാതൃസംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആചാരത്തിലും അനുഷ്ഠാനത്തിലും കലയിലും ഭാഷയിലും ജീവിതത്തിലാകെയും ഭാരതീയതയെ പ്രോജ്വലിപ്പിക്കാന്‍ കഴിയണം. പുരുഷനൊപ്പം സ്ത്രീക്കും സ്ഥാനം നല്‍കുന്ന ദര്‍ശനമാണ് ഭാരതത്തിന്റേത്. പുരോഗതിയുടെ പേര് പറഞ്ഞ് നാം സംസ്‌കാരത്തില്‍ നിന്ന് അകന്നു പോകുന്നു. നമ്മുടെ കുട്ടികള്‍ക്ക് വീടുകളില്‍ മാതൃഭാഷ സംസാരിക്കാന്‍ അവസരം ഉണ്ടാക്കണം. നമുക്ക് ജന്മം നല്‍കിയവരെ അവസാന ശ്വാസം വരെ സംരക്ഷിച്ച് അവര്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണെന്ന സംസ്‌കാരം പകര്‍ന്നുകൊടുക്കണം. ഇത് നമ്മുടെ കുടുംബങ്ങളില്‍ നിന്നുതന്നെ തുടങ്ങണം. അതാണ് ഈ മാതൃസംഗമം കൊണ്ട് കേസരി നല്‍കുന്ന സന്ദേശം. കേസരിയുടെ സാംസ്‌കാരിക ദൗത്യവും ഇതാണ്. അദ്ദേഹം തുടര്‍ന്നു.
മലബാര്‍ ഹോസ്പിറ്റല്‍ എം.ഡി. ഡോ.മിലിമോനി മാതൃസമ്മേളനം ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നരസിംഹാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. റിട്ട. ജില്ലാ ജഡ്ജ് പി.എന്‍. ശാന്തകുമാരി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.