കോഴിക്കോട്: ബാല പ്രതിഭകളുടെ നടന വിസ്മയങ്ങളും സര്‍ഗ്ഗാവിഷ്‌കാരവും നിറഞ്ഞു തുളുമ്പിയ മൂന്ന് ദിനരാത്രങ്ങള്‍ കോഴിക്കോടിനെ ആനന്ദലഹരിയില്‍ ആറാടിച്ചു കൊണ്ട് ബാലഗോകുലത്തിന്റെ സംസ്ഥാന കലോത്സവത്തിന് തിരശ്ശീല വീണു. മൂല്യബോധം കലയിലൂടെ എന്ന സന്ദേശം പകര്‍ന്ന് ഏഴു വേദികളിലായി 92 ഇനങ്ങളിലായിരുന്നു മത്സരം. 14 ജില്ലകളില്‍ നിന്നും ഒന്നാം സ്ഥാനം നേടിയ മൂവായിരത്തോളം കുട്ടികള്‍ മത്സരത്തില്‍ മാറ്റുരച്ചു. പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും മെമന്റോ സമ്മാനിച്ചു കൊണ്ട് സൗഹൃദമത്സരം എന്ന ബാലഗോകുലം മുന്നോട്ടു വെയ്ക്കുന്ന ആശയത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കി. ‘അകലട്ടെ ലഹരി ഉണരട്ടെ മൂല്യവും ബാല്യവും’ എന്ന സന്ദേശം ഉയര്‍ത്തി ‘സുവര്‍ണ്ണം- 2024’ എന്ന പേരിലാണ് ഇത്തവണത്തെ കലോത്സവം അരങ്ങേറിയത്.
വിദ്യാര്‍ത്ഥികള്‍ നന്മയുടെ മധുരമാകണം: കൈതപ്രം
കോഴിക്കോട്: വിദ്യാര്‍ത്ഥികള്‍ നന്മയുടേയും സ്‌നേഹത്തിന്റെയും ധര്‍മ്മത്തിന്റെയും മധുരമാകണമെന്ന് ഗാനരചയിതാവ് കൈതപ്രം അഭിപ്രായപ്പെട്ടു. ബാലഗോകുലം സംസ്ഥാന കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇങ്ങനെയായാല്‍ മധുരം തേടി ഉറുമ്പുകള്‍ എത്തുന്നതുപോലെ വിജയം നിങ്ങളെ തേടി എത്തുമെന്നും കൈതപ്രം കുട്ടികളെ ഉദ്‌ബോധിപ്പിച്ചു. നമ്മള്‍ ഒരു കാര്യം തീവ്രമായി ആഗ്രഹിച്ചാല്‍ അത് നടക്കും. തന്റെ ജീവിതം അതിന് സാക്ഷ്യമാണ്. ഇടതുവശം തളര്‍ന്ന താന്‍ വലതു വശം കൊണ്ട് ജീവിച്ചത് ഇങ്ങനെയാണ്. ഗുരുവിന്റെ അനുഗ്രഹമാണ് തന്റെ ജീവിതത്തിന്റെ എല്ലാ നന്മകളും കൊണ്ടുവന്നത് എന്നും കൈതപ്രം കുട്ടിച്ചേര്‍ത്തു.
സ്വാഗത സംഘം അധ്യക്ഷന്‍ ഡോ. ശങ്കര്‍ മഹാദേവ് അധ്യക്ഷത വഹിച്ചു. പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി കൈതപ്രം എഴുതി ചിട്ടപ്പെടുത്തിയ വരികള്‍ ആലപിച്ചു. ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ കലോത്സവ സന്ദേശം നല്‍കി. സംസ്ഥാന ജന. സെക്രട്ടറി കെ.എന്‍ സജികുമാര്‍, വേദവ്യാസ വിദ്യാലയം പ്രിന്‍സിപ്പാള്‍ എം. ജ്യോതീശന്‍, പി.എം സുരേന്ദ്രന്‍, എം. സത്യന്‍ എന്നിവര്‍ സംസാരിച്ചു.
കവി പി.കെ ഗോപി രചിച്ച് തിരൂര്‍ ജില്ല ചിട്ടപ്പെടുത്തിയ ‘അകലട്ടെ ലഹരി…. ഉണരട്ടെ മൂല്യവും ബാല്യവും’ എന്ന സംഗീതശില്പം ഉദ്ഘാടന വേദിയില്‍ അരങ്ങേറി.
കലയിലൂടെ ആര്‍ഷസംസ്‌കൃതിയുമായി ഇഴുകിച്ചേരാം: പി.പി.ശ്രീധരനുണ്ണി
കോഴിക്കോട്: കലയിലൂടെ ലഭിക്കുന്നത് ആത്മീയ വിദ്യാഭ്യാസമാണെന്നും കുട്ടിക്കാലം മുതല്‍ കലോപാസനയിലൂടെ ആര്‍ഷസംസ്‌കൃതിയുമായി ഇഴുകിച്ചേരാന്‍ സാധിക്കുമെന്ന് കവി പി.പി ശ്രീധരനുണ്ണി പറഞ്ഞു. കുട്ടിക്കാലം മുതല്‍ കുട്ടികളെ അത്തരത്തില്‍ വാര്‍ത്തെടുക്കുന്ന ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ കര്‍മ്മമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാലഗോകുലം സംസ്ഥാന കലോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശ്രീധരനുണ്ണി.
കോഴിക്കോടിന് കിരീടം
കോഴിക്കോട്: ബാലഗോകുലം സംസ്ഥാന കലോത്സവത്തില്‍ ആതിഥേയരായ കോഴിക്കോട് മേഖല 543 പോയിന്റോടെ ഒന്നാം സ്ഥാനം നേടി. 514 പോയിന്റോടെ കോട്ടയം മേഖല രണ്ടാം സ്ഥാനവും 510 പോയിന്റോടെ എറണാകുളം മേഖല മൂന്നാം സ്ഥാനവും നേടി. മറ്റ് മേഖലകള്‍ നേടിയ പോയിന്റ് – മലപ്പുറം (382), ആലപ്പുഴ (340) തിരുവനന്തപുരം (336), പത്തനംതിട്ട (323), കൊല്ലം(231), തൃശ്ശൂര്‍ (228), പാലക്കാട് (189), കണ്ണൂര്‍ (140), ഇടുക്കി (44)
കലയിലൂടെ നിര്‍വ്വഹിക്കുന്നത് ഈശ്വരാരാധന: ഡോ.എന്‍.ആര്‍ മധു
കോഴിക്കോട് : കല നിഷിദ്ധമായ മരുഭൂമിയിലെ സംസ്‌കാരം ചാവേറുകളെ സൃഷ്ടിക്കുമ്പോള്‍ ഭാരതത്തില്‍ അത് ഈശ്വരാരാധനയും മോക്ഷദായകവുമാണെന്ന് കേസരി വാരിക മുഖ്യ പത്രാധിപര്‍ ഡോ. എന്‍.ആര്‍ മധു പറഞ്ഞു. സമാപന സമ്മേളനത്തില്‍ ബാലഗോകുല സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. സമാപന സമ്മേളനത്തില്‍ ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന. സെക്രട്ടറി കെ.എന്‍ സജികുമാര്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ ടി.പി രാജന്‍, സ്വാഗത സംഘം അധ്യക്ഷന്‍ ഡോ. ശങ്കര്‍ മഹാദേവന്‍, മേഖല ഉപാധ്യക്ഷന്‍ പി.എം ശ്രീധരന്‍, ജില്ലാ സെക്രട്ടറി പ്രവീണ്‍ ചന്ദ്ര എന്നിവര്‍ സംസാരിച്ചു.
ഗോപികാ നൃത്തം പുതിയ ഇനം
കോഴിക്കോട്: ബാലഗോകുലം സംസ്ഥാന കലോത്സവത്തില്‍ ഇത്തവണ പുതിയ ഇനമായി ഗോപികാ നൃത്തം ഇടം നേടി. കൃഷ്ണന്റെ രാസ ലീലകളാണ് ഗോപികാ നൃത്തത്തിന്റെ ഉള്ളടക്കം. കൃഷ്ണ ഭക്തിഗാനത്തിനനുസരിച്ച് കൃഷ്ണനും ആറ് ഗോപികമാരും ചുവടുവയ്ക്കുന്നതാണ് ഗോപികാ നൃത്തം. ഇതിനുപുറമെ ഭജന, വന്ദേ മാതരം, ജ്ഞാനപ്പാന, നാരായണീയം, രാമായണം, ഹരിനാമകീര്‍ത്തനം, കൃഷ്ണഗാഥ എന്നിവയിലെ മത്സരമാണ് മറ്റ് കലോത്സവത്തില്‍ നിന്നും വ്യത്യസ്തമായി ബാലഗോകുലം കലോത്സവത്തിന്റെ പ്രത്യേകത.