അനുപ്പുരി: രാഷ്ട്രമൊന്നാകെ ഒരേ ലക്ഷ്യത്തിലേക്ക് മുന്നേറേണ്ട കാലമാണിതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോക്ടര്‍ മോഹന്‍ ഭാഗവത് പറഞ്ഞു. നര്‍മദാ നദിയുടെ ഉത്ഭവ നഗരമായ അമര്‍കണ്ടകിലെ മൃത്യുഞ്ജയ ആശ്രമത്തില്‍ സന്ന്യാസി സമൂഹത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സശക്തഭാരതനിര്‍മ്മിതിക്ക് ആചാര്യന്മാര്‍ സമാജത്തിലിറങ്ങി പ്രവര്‍ത്തിക്കണം. ഭാരതം വൈഭവശാലിയാകേണ്ടത് ലോകത്തിന്റെ ആവശ്യമാണ്. അതിന് സമാജം ശക്തവും സജ്ജവും ആകണം.
സമാജം ശക്തമാവുക വ്യക്തികളില്‍ രാഷ്ട്രബോധമുണരുമ്പോഴാണ്. അതിന് ഛത്രപതി ശിവജിയുടെ മാതൃകകള്‍ പുതിയ തലമുറകളില്‍ നിന്ന് ഉയരണം. അവരെ അതിന് പ്രാപ്തരാക്കാന്‍, അച്ചടക്കവും സ്വഭാവശുദ്ധിയും സംസ്‌കാരസമ്പന്നവുമായ രാഷ്ട്രം സൃഷ്ടിക്കാന്‍ ആചാര്യന്മാര്‍ ആശ്രമങ്ങളില്‍ നിന്ന് സമൂഹത്തിനിടയിലേക്കിറങ്ങണം. സര്‍സംഘചാലക് പറഞ്ഞു.
ആചാര്യന്മാര്‍ക്ക് ധര്‍മ്മപ്രഭാഷണങ്ങളിലൂടെ രാഷ്ട്രത്തിനായി സമര്‍പ്പിക്കുന്ന വ്യക്തികളെ സൃഷ്ടിക്കാനാകണം. സര്‍സംഘചാലക് കൂട്ടിച്ചേര്‍ത്തു. ഏകര്‍സാനന്ദ് ആശ്രമത്തിലെ സ്വാമി ഹരിഹരാനന്ദ, അമര്‍കണ്ടക് സന്ത് സമാജം അധ്യക്ഷന്‍ ജഗദീശാനന്ദ്, ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി എന്നിവരും പങ്കെടുത്തു.