ഒരു നാടിന്റെ സാംസ്‌കാരിക സവിശേഷതകളെ തകര്‍ക്കുകയാണ് ആ നാടിനെ ദുര്‍ബലമാക്കാനുള്ള ഏറ്റവും നല്ല ആയുധം എന്ന് സാമൂഹ്യ ശാസ്ത്രജ്ഞന്മാരായ പലരും ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന തൃശ്ശൂരില്‍ നൂറ്റാണ്ടുകളായി നടന്നുവരുന്ന തൃശ്ശൂര്‍ പൂരത്തിനെതിരെ അടുത്ത കാലത്ത് ആരംഭിച്ചിട്ടുള്ള നീക്കങ്ങള്‍ ഇതിനുദാഹരണമാണ്. ശബരിമല പോലെ, ശ്രീകൃഷ്ണ ജയന്തി പോലെ തൃശ്ശൂര്‍ പൂരവും പലര്‍ക്കും പ്രശ്‌നമായിത്തുടങ്ങുന്നു എന്നുവേണം കരുതാന്‍.
ഇക്കുറി തൃശ്ശൂര്‍ പൂരത്തിനിടയില്‍ നടന്ന പോലീസ് അതിക്രമം വലിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരിക്കുന്നു. അതൊരു ഒറ്റപ്പെട്ട സംഭവല്ല. രണ്ടു നൂറ്റാണ്ടിലേറെ ചരിത്രവും പാരമ്പര്യവും ഉള്ള തൃശ്ശൂര്‍ പൂരത്തിന് നേരെ അടുത്തകാലത്തായി വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നുവരുന്ന ആക്ഷേപങ്ങളും എതിരഭിപ്രായങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരാള്‍ക്ക് അതിനു പിന്നില്‍ വലിയ ആസൂത്രണവും ഗൂഢാലോചനയും ഉണ്ടെന്ന് മനസ്സിലാക്കാന്‍ കഴിയും.
പൂരത്തിന്റെ പ്രധാന ചടങ്ങുകളില്‍ ഒന്നായ തിരുവമ്പാടി ഭഗവതിയുടെ മഠത്തില്‍ നിന്നുള്ള എഴുന്നള്ളിപ്പാണ് പോലീസ് അതിക്രമം മൂലം ഈ വര്‍ഷം തടസ്സപ്പെട്ടത്.
തൃശ്ശൂര്‍ പൂരവുമായി ശങ്കരാചാര്യ പരമ്പരയുടെ ബ്രഹ്‌മസ്വം മഠത്തിന് അഭേദ്യമായ ബന്ധമാണുള്ളത്. പൂരത്തിന്റെ പ്രധാന പങ്കാളികളില്‍ ഒരാളായ തിരുവമ്പാടി ഭഗവതി വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളുന്നത് ഈ മഠത്തില്‍ നിന്നാണ്. വകതിരിവില്ലാത്ത പോലീസുകാര്‍ ഇക്കുറി ബാരിക്കേഡ് വച്ച് ആ എഴുന്നള്ളത്ത് തടയുകയായിരുന്നു. ബാരിക്കേഡ് നീക്കണമെന്ന് ആവശ്യപ്പെട്ടവര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് ഉള്‍പ്പെടെ ബലപ്രയോഗത്തിനും തയ്യാറായി. പോലീസ് അതിക്രമം അതിരുവിട്ടതോടെ പൂരം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്ന് തിരുവമ്പാടി ദേവസ്വം അധികൃതര്‍ നിലപാടെടുത്തു. ഇതോടെയാണ് ജില്ലാ കളക്ടറും സുരേഷ് ഗോപി ഉള്‍പ്പെടെയുള്ള ഒട്ടേറെ നേതാക്കളും പ്രശ്‌നത്തില്‍ ഇടപെട്ടത്.
ചര്‍ച്ചകള്‍ക്കൊടുവില്‍ രാവിലെ പൂരച്ചടങ്ങുകള്‍ പുനരാരംഭിക്കാന്‍ ധാരണയായി. ലോകമെമ്പാടുമുള്ള പൂരപ്രേമികളെ നിരാശരാക്കുന്നതാണ് ഇത്തരം സംഭവങ്ങള്‍. ലോക ടൂറിസം ഭൂപടത്തില്‍ കേരളത്തെ അടയാളപ്പെടുത്തുന്ന പ്രധാന കാര്യങ്ങളില്‍ ഒന്നാണ് തൃശ്ശൂര്‍ പൂരം.
ഇത്തവണ മാസങ്ങള്‍ക്കു മുന്‍പ് തന്നെ തൃശ്ശൂര്‍ പൂരം അലങ്കോലമാക്കാനുള്ള ഗൂഢാലോചനകള്‍ ആരംഭിച്ചിരുന്നു എന്നുവ്യക്തം. ആദ്യം വിവാദം തുടങ്ങിയത് പൂരത്തിന് ഒന്നരമാസം മുന്‍പ് ആരംഭിക്കുന്ന പൂരം പ്രദര്‍ശനത്തിന്റെ തറവാടകയെച്ചൊല്ലിയായിരുന്നു. ഏതാണ്ട് 40 ലക്ഷം രൂപയാണ് പൂരം പ്രദര്‍ശന നഗരിയായ വടക്കുനാഥ ക്ഷേത്ര മൈതാനത്തിന്റെ വാടകയായി കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് പൂരം സംഘാടകര്‍ നല്‍കിവന്നിരുന്നത്. ഈ തുക കുറവാണെന്നും വാടക രണ്ടുകോടി രൂപയായി വര്‍ദ്ധിപ്പിക്കണമെന്നും കഴിഞ്ഞ വര്‍ഷത്തെ കുടിശ്ശിക ഇനത്തില്‍ ഒരുകോടി 60 ലക്ഷം ഉടന്‍ നല്‍കണമെന്നും കൊച്ചിന്‍ ദേവസ്വംബോര്‍ഡ് ആവശ്യപ്പെട്ടു. നല്കാത്ത പക്ഷം ഇക്കുറി പ്രദര്‍ശനത്തിന് സ്ഥലം വിട്ടുനല്‍കില്ലെന്നായിരുന്നു സിപിഎം നിയന്ത്രണത്തിലുള്ള കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാട്.
പൂരം നടത്തിപ്പിനാവശ്യമായ പണം കണ്ടെത്തുന്നത് പ്രധാനമായും ഈ എക്‌സിബിഷനില്‍ നിന്നാണ്. രണ്ട് കോടി രൂപ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് തറവാടക നല്‍കി പൂരം പ്രദര്‍ശനം സംഘടിപ്പിക്കാന്‍ ആകില്ലെന്നും പിടിവാശി ഉപേക്ഷിച്ചില്ലെങ്കില്‍ തൃശൂര്‍ പൂരം മുടങ്ങും എന്നും സംഘാടകര്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനേയും കേരള സര്‍ക്കാരിനെയും രേഖാമൂലം അറിയിച്ചു.
സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ അനങ്ങിയില്ല. പൂരം പ്രദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ മാസങ്ങള്‍ക്ക് മുന്‍പേ തുടങ്ങേണ്ടതാണ്. വ്യവസായ സ്ഥാപനങ്ങളുടെയും കച്ചവടക്കാരുടെയും ടെണ്ടറുകള്‍ സ്വീകരിക്കുകയും അവര്‍ക്ക് സ്ഥലം അലോട്ട് ചെയ്യുകയും വേണം. ആവശ്യമായ പന്തലുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കണം. ഇതിനൊക്കെ ധാരാളം സമയം ആവശ്യമുണ്ട്. മാസങ്ങള്‍ക്ക് മുന്‍പേ ഒരുക്കങ്ങള്‍ തുടങ്ങേണ്ട ഈ കാര്യങ്ങള്‍ സര്‍ക്കാരിന്റെയും കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെയും പിടിവാശി മൂലം നീണ്ടുപോയി. ഒടുവില്‍ പൂരം പ്രദര്‍ശനം മുടങ്ങുമെന്നും അങ്ങനെ വന്നാല്‍ തൃശ്ശൂര്‍ പൂരത്തിന്റെ നടത്തിപ്പുതന്നെ പ്രതിസന്ധിയിലാകുമെന്നുമുള്ള ഘട്ടം എത്തി. പ്രതിഷേധം കനക്കുമെന്നും തങ്ങള്‍ക്ക് വലിയ തിരിച്ചടി ഉണ്ടാകുമെന്നും മനസ്സിലായതിനെ തുടര്‍ന്നാണ് ഒടുവില്‍ മുഖ്യമന്ത്രി തന്നെ ഇടപെട്ടത്. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് എട്ട് ശതമാനം വാടക ഇനത്തില്‍ കൂടുതല്‍ നല്‍കിയാല്‍ സ്ഥലം വിട്ടു നല്‍കണമെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനോട് നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ആ പ്രശ്‌നത്തിന് പരിഹാരമായത്. പക്ഷേ അപ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു. അതുകൊണ്ട് പൂരം പ്രദര്‍ശന നഗരിയില്‍ നിന്ന് ലഭിക്കേണ്ട വരുമാനത്തില്‍ നല്ലൊരു പങ്ക് നഷ്ടമായെന്ന് സംഘാടകര്‍ ചൂണ്ടിക്കാട്ടുന്നു.
അടുത്ത വിവാദം ആന എഴുന്നള്ളിപ്പിനെച്ചൊല്ലിയായിരുന്നു. എല്ലാ കൊല്ലവും തൃശ്ശൂര്‍ പൂരത്തിനു മുന്‍പ് ആന എഴുന്നള്ളിപ്പിനെ ചൊല്ലി വിവാദങ്ങള്‍ ഉണ്ടാകുന്നത് ഇപ്പോള്‍ പതിവായിരിക്കുന്നു. കേരളത്തിലെ മറ്റൊരു ക്ഷേത്ര ഉത്സവങ്ങള്‍ക്കും ചടങ്ങുകള്‍ക്കും ഇല്ലാത്തവിധം ആനകളെ എഴുന്നള്ളിക്കുന്നതിന് വലിയ നിബന്ധനകളാണ് തൃശ്ശൂര്‍ പൂരത്തിന് അടിച്ചേല്‍പ്പിക്കുന്നത്.
ഇക്കുറി ആനകളില്‍ നിന്ന് 50 മീറ്റര്‍ അകലെ മാത്രമേ ആളുകളും വാദ്യക്കാരും നില്‍ക്കാവൂ എന്നതടക്കമുള്ള അതിവിചിത്രമായ സര്‍ക്കുലര്‍ ആണ് വനം വകുപ്പ് പുറത്തിറക്കിയത്. ഒരിക്കലും പ്രായോഗികമല്ലാത്ത ഇത്തരം നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ആന എഴുന്നള്ളിപ്പും പൂരവും നടത്താനാകില്ല എന്ന് പൂരം സംഘാടകര്‍ വ്യക്തമാക്കി.
ദിവസങ്ങള്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ പ്രതിഷേധം കനത്തതോടെ വിവാദ സര്‍ക്കുലര്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. എന്നാല്‍ പിന്നീട് പൂരത്തിന്റെ തലേന്നും വനംവകുപ്പും സര്‍ക്കാരും പുതിയ ഉത്തരവുകളുമായി പ്രതിസന്ധി സൃഷ്ടിക്കാന്‍ നീക്കം നടത്തി. ആനകളെ പരിശോധിക്കുവാന്‍ വനംവകുപ്പിന്റെ പ്രത്യേക സ്‌ക്വാഡ് എത്തുമെന്നും അവര്‍ പരിശോധിച്ചു സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ആനകള്‍ക്ക് മാത്രമേ എഴുന്നള്ളിപ്പിന് അനുവാദം നല്‍കൂ എന്നുമായിരുന്നു നിലപാട്.
സാധാരണഗതിയില്‍ ആനകളെ പരിശോധിക്കാനുള്ള വെറ്റിനറി ഡോക്ടര്‍മാരുടെ സംഘം എല്ലാ കൊല്ലവും പൂരത്തിന് സംഘാടകര്‍ ഒരുക്കാറുണ്ട്. മദപ്പാടുള്ള ആനകളോ അസുഖമുള്ള ആനകളോ പൂരം എഴുന്നള്ളിപ്പില്‍ പങ്കെടുക്കാറില്ല. സംഘാടകരെ മറികടന്നുകൊണ്ട് ആനകളുടെ പരിശോധന നടത്താന്‍ വനംവകുപ്പ് നീക്കം നടത്തിയതിന് പിന്നിലും ചില ഗൂഢലക്ഷ്യങ്ങള്‍ ഉണ്ട് എന്നാണ് പൂര പ്രേമികള്‍ പറയുന്നത.് ഇതിന് പിന്നാലെയാണ് പോലീസിനെ ഉപയോഗിച്ചുകൊണ്ടുള്ള അട്ടിമറി ശ്രമം ഉണ്ടായത്. തലേദിവസം തന്നെ ഇതിനു വേണ്ടിയുള്ള ഗൂഢാലോചനകള്‍ നടന്നിരുന്നതായാണ് സംശയം ഉയരുന്നത്. 3500 പോലീസുകാരാണ് പൂരത്തിന് ഡ്യൂട്ടിക്ക് ഉണ്ടായിരുന്നത്. സാധാരണ നിലക്ക് പൂരത്തലേന്ന് പോലീസുകാര്‍ക്ക് പൂരത്തിന്റെ ചടങ്ങുകള്‍ വിവരിച്ചു കൊടുക്കുന്ന പതിവുണ്ട്. ഇക്കുറി അത്തരമൊരു യോഗം പോലീസ് നടത്തിയില്ല. പോലീസ് ക്യാമ്പില്‍ നിന്നും മറ്റു ജില്ലകളില്‍ നിന്നും എത്തിയ പുതിയ പോലീസുകാര്‍ക്ക് തൃശ്ശൂര്‍ പൂരത്തിന്റെ ചടങ്ങുകള്‍ എന്താണ് എന്ന് വ്യക്തമാകാതിരുന്നതിനാല്‍ പലയിടത്തും പ്രശ്‌നങ്ങള്‍ ഉണ്ടായി. ഘടക പൂരങ്ങള്‍ പോലും പലയിടത്തും തടയപ്പെട്ടു. ആളുകള്‍ക്ക് കടന്നുവരാനുള്ള വഴികളത്രയും പോലീസ് ബാരിക്കേഡും വടവും ഉപയോഗിച്ച് തടഞ്ഞു. ഇത് ജനങ്ങള്‍ക്കിടയില്‍ പോലീസിനെതിരെ വലിയ പ്രതിഷേധത്തിനാണ് ഇടയാക്കിയത്. തൃശ്ശൂര്‍ പൂരം പോലെ ജനലക്ഷങ്ങള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ക്രമസമാധാനം പാലിക്കുമ്പോള്‍ പോലീസ് പാലിക്കേണ്ട ചില മര്യാദകള്‍ ലംഘിക്കപ്പെട്ടു. ക്രൗഡ് മാനേജ്‌മെന്റ് അറിയാത്ത പോലീസുകാര്‍ ബലംപ്രയോഗിച്ച് ആളുകളെ നിയന്ത്രിക്കാന്‍ ശ്രമിച്ചു. വര്‍ഷങ്ങളായി പൂരം നടത്തിപ്പിന്റെ ഭാഗമായിരുന്ന സീനിയര്‍ പോലീസ് ഉദ്യോഗസ്ഥരെ ഒഴിവാക്കി പുതിയ ആളുകള്‍ക്കായിരുന്നു ചുമതല നല്കിയിരുന്നത്.
ആരോപണ വിധേയനായ പോലീസ് കമ്മീഷണര്‍ അങ്കിത് അശോകന്‍ ഗുരുതരമായ കൃത്യവിലോപമാണ് ഇക്കാര്യത്തില്‍ കാണിച്ചത്. പ്രശ്‌നമുണ്ടാകുന്ന സ്ഥലത്തെല്ലാം പോലീസുകാരോട് ജനങ്ങളെ അടിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശം നല്‍കുകയായിരുന്നു. പൂരത്തിന്റെ പ്രധാന ചടങ്ങുകള്‍ക്കെല്ലാം പോലീസ് തടസ്സം നിന്നു. ഇലഞ്ഞിത്തറമേളം സമാപിച്ച് തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങള്‍ തെക്കോട്ടിറങ്ങുന്ന സമയത്തും പോലീസ് തടസ്സം സൃഷ്ടിച്ചു. കുടമാറ്റത്തിനായി കൊണ്ടുവന്ന ശ്രീരാമചന്ദ്രന്റെ ചിത്രമുള്ള കുടയും ആനകള്‍ക്ക് വേണ്ടി കൊണ്ടുവന്ന പനമ്പട്ടയും പോലീസ് തടഞ്ഞുവച്ചു. ഇതെല്ലാം ജനങ്ങള്‍ക്കിടയില്‍ വലിയതോതിലുള്ള രോഷം ഉയര്‍ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് രാത്രി 11 മണിയോടെ തിരുവമ്പാടിയുടെ മഠത്തില്‍ വരവും പോലീസ് തടഞ്ഞത്. ക്ഷമിക്കാവുന്നതിന്റെ പരിധി പിന്നിട്ടപ്പോഴാണ് സംഘാടകര്‍ പൂരം നിര്‍ത്തിവച്ചുകൊണ്ട് പ്രതിഷേധിക്കാന്‍ ആരംഭിച്ചത്. പൂരപ്പന്തലില്‍ ഉള്‍പ്പെടെയുള്ള ലൈറ്റുകള്‍ ഓഫ് ചെയ്ത് വാദ്യക്കാരെ തിരിച്ചയച്ചു. പുലര്‍ച്ചെ മൂന്നിന് നടക്കേണ്ട വെടിക്കെട്ടും ഉപേക്ഷിച്ചു. ഇത്രയും സംഭവങ്ങള്‍ അരങ്ങേറിയിട്ടും സര്‍ക്കാരിന്റെ ഒരു പ്രതിനിധി പോലും അവിടെയെത്തുകയോ പൂരം സംഘാടകരുമായി സംസാരിക്കുകയോ ചെയ്തില്ല എന്നതാണ് ഏറെ ദുരൂഹം. പൂരം ഏകോപനച്ചുമതലയുണ്ടായിരുന്ന മന്ത്രി കെ.രാജന്‍ പിറ്റേന്ന് രാവിലെയാണ് ദേവസ്വം ഓഫീസിലെത്തിയത്. ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍ ഇടപെട്ടതേയില്ല.
കേരളത്തിന്റെ സാംസ്‌കാരിക ഐക്കണുകളില്‍ ഒന്നായി അറിയപ്പെടുന്ന തൃശ്ശൂര്‍ പൂരത്തെ പ്രതിസന്ധിയില്‍ ആക്കുക എന്നത് തന്നെയാണ് ഇത്തരം നീക്കങ്ങളുടെ ലക്ഷ്യം. അതിനു പിന്നില്‍ വ്യക്തമായ അജണ്ടകളോടെ പ്രവര്‍ത്തിക്കുന്ന ചില വിദേശ എന്‍ജിഒകള്‍ വരെ ഉണ്ട് എന്നാണ് പൂരപ്രേമികളും പൂരം സംഘാടകരും പറയുന്നത്. എല്ലാ കൊല്ലവും തൃശ്ശൂര്‍ പൂരത്തിന് തൊട്ടുമുന്‍പായി ഇത്തരം സംഘടനകള്‍ നിയമ നടപടികളുമായി ഹൈക്കോടതിയെയും സര്‍ക്കാരിനെയും സമീപിക്കാറുണ്ട്. പൂരത്തിന്റെ എഴുന്നള്ളിപ്പുകള്‍, വെടിക്കെട്ട് തുടങ്ങിയവയ്‌ക്കെല്ലാം പ്രതിസന്ധി സൃഷ്ടിക്കാറുണ്ട.് സര്‍ക്കാരിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ചില ഉദ്യോഗസ്ഥരും ഇവര്‍ക്ക് കൂട്ടുനില്‍ക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.