ലോകസഭാ തിരഞ്ഞെടുപ്പു നടന്ന ഏപ്രില്‍ 26 ന് ഇടതു മുന്നണി മാതൃഭൂമിയിലും മനോരമയിലും നല്‍കിയ പരസ്യം സാദാ സര്‍വ്വാണി സദ്യ. അത് ഹിന്ദുക്കള്‍ക്കുള്ളത്. അതില്‍ സംവരണ പ്രഖ്യാപനമില്ല. സംരക്ഷിക്കുന്നു എന്ന അവകാശവാദമില്ല. പകരം അല്പം ധാര്‍ഷ്ട്യത്തോടെയുള്ള ഭീഷണി ഉണ്ട്താനും. ‘ഇടത് ഉണ്ടെങ്കിലേ ഇന്ത്യയുള്ളു’ എന്ന പേടിപ്പെടുത്തലില്‍ ഞങ്ങള്‍ക്ക് വോട്ടു ചെയ്‌തോളണം എന്ന ഭീഷണിയുണ്ട്. ഒപ്പം നൂലില്‍ കിടന്നാടുന്ന ഇന്ത്യയുടെ ചിത്രവും മുഖ്യമന്ത്രി വിജയന്‍ സഖാവിന്റെ ഗൗരവച്ചിരിയുള്ള മുഖവും കൂടി കാണിച്ച് അത് ഒന്നു ഉറപ്പിക്കുകയും ചെയ്യുന്നു. സാധാരണ ഹിന്ദുക്കളാണ് ഈ രണ്ടു പത്രങ്ങളുടെയും വായനക്കാരില്‍ ഏറെയും എന്നതിനാല്‍ ഈ ഭീഷണി അവര്‍ക്കുള്ളതാണ്. അതായത് ഇടതു മുന്നണി പത്രപരസ്യം എന്ന സര്‍വ്വാണിസദ്യ ഹിന്ദുക്കളെ ഉദ്ദേശിച്ചാണ് നല്‍കിയത് എന്നു സാരം. അങ്ങനെയല്ലായിരുന്നെങ്കില്‍ സമസ്തയുടെ സുപ്രഭാതത്തിലും നസ്രാണികള്‍ നടത്തുന്ന ദീപികയിലും വേറെ പരസ്യം കൊടുക്കില്ലായിരുന്നല്ലോ. സമസ്ത പത്രത്തിലെ പരസ്യത്തില്‍ ന്യൂനപക്ഷ സംരക്ഷണത്തിന്റെ ഉറപ്പാണ് നല്‍കുന്നത്. ഒപ്പം തട്ടമിട്ട മുസ്ലിം പെണ്‍കുട്ടിയുടെ ചിത്രവുമുണ്ട്. നസ്രാണി പത്രത്തിലെ ന്യൂനപക്ഷ സംരക്ഷണ വാഗ്ദാനത്തോടൊപ്പം മണിപ്പൂര്‍ ഇവിടെ ആവര്‍ത്തിക്കില്ല എന്ന ഉറപ്പുമുണ്ട്. അതായത് മുസ്ലിം കൃസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക് സര്‍വ്വാണി സദ്യയല്ല, നല്ല പോത്തു ബിരിയാണിയാണ് ഇടതു മുന്നണി വിളമ്പിയത് എന്നു വ്യക്തം.
ഏപ്രില്‍ 26 ന് മാതൃഭൂമിയും മനോരമയും വഴി ഇടതുമുന്നണി വിളമ്പിയ സര്‍വ്വാണി സദ്യ കഴിച്ച് നൂലില്‍ ആടിക്കളിക്കാതെ ചുകപ്പു പതാകയില്‍ ഉറച്ചുനില്‍ക്കുന്ന ഇന്ത്യയെ സ്വപ്‌നം കണ്ട് ബൂത്തില്‍ നിന്ന് ഇറങ്ങി വന്ന പാലോറ മാതയും ചോമനും കുങ്കനുമൊക്കെ തൊട്ടപ്പുറത്തുനിന്നും ബിരിയാണിമണം പിടിച്ച് ചുറ്റും നോക്കിയപ്പോഴാണ് സമസ്ത പത്രത്തിലൂടെയും നസ്രാണി പത്രത്തിലൂടെയും വിജയന്‍ സഖാവും പാര്‍ട്ടിയും സല്‍ക്കരിച്ച ബിരിയാണി തിന്ന് അസൈനാറും മത്തായിയും ഏമ്പക്കം വിടുമ്പോട്ടുള്ള ഗന്ധമാണതെന്ന് അവര്‍ തിരിച്ചറിയുന്നത്. അപ്പോഴാണ് പത്രപരസ്യത്തിലെ മുഖ്യമന്ത്രിയുടെ ചിരിയുടെ യാഥാര്‍ത്ഥ്യം അവര്‍ തിരിച്ചറിയുന്നത്.