ഒരു ദിവസം വര്‍ത്തമാനത്തിനിടക്ക് മുത്തശ്ശി പറയുകയായിരുന്നു.
‘പഞ്ചക്ക് വേലികെട്ടരുത.് അമ്മക്ക് ചെലവിന് കൊടുക്കരുത്.’ ഞാന്‍ അതിശയിച്ചുപോയി. എന്തൊക്കെയാണ് ഈ മുത്തശ്ശി പറയുന്നത്! എന്റെ മുഖഭാവം കണ്ട് മുത്തശ്ശി ചിരിച്ചു. എന്നിട്ട് വിസ്തരിച്ചു പറഞ്ഞു തന്നു:
കണ്ടം നട്ടു കേറിക്കഴിഞ്ഞാല്‍ ദിവസേന രണ്ടുനേരം പോയി നോക്കും കൃഷിക്കാരന്‍. കണ്ടത്തില്‍ വെള്ളം വറ്റുന്നുണ്ടോ, വരമ്പത്ത് ഞണ്ട് പോടുകുത്തുന്നുണ്ടോ, കള പൊന്തുന്നുണ്ടോ എന്നൊക്കെ.
കന്നുകാലികളിറങ്ങും പാടത്ത്. അതും ശ്രദ്ധിക്കണം. നാലുപുറവും വേലികെട്ടി ഭദ്രമാക്കിയാലോ, എന്നും വരമ്പത്തു പോയി നോക്കേണ്ട ആവശ്യം വരില്ല. അപ്പോഴെന്തുണ്ടാവും?
കണ്ടത്തില്‍ വെള്ളം വറ്റുന്നതും ഞണ്ട് പോടു കുത്തുന്നതും അറിയില്ല. കൃഷിക്കാരനെ എന്നും കണ്ടില്ലെങ്കില്‍ നെല്‍ച്ചെടികള്‍ക്കും ഉത്സാഹം കുറയും.
”അതുകൊണ്ടാ പണ്ടു ള്ളോര് പറഞ്ഞുവെച്ചത്, പഞ്ചക്കു വേലി കെട്ടരുത്. അപ്പൂന് ജോലി കിട്ടി, ശമ്പളായി എന്നു വിചാരിക്ക്യാ. ഇതാ അമ്മേ അമ്മേടെ ചെലവിന് എന്നു പറഞ്ഞ് അപ്പു അമ്മക്ക് പൈസ കൊടുക്കാന്‍ പാടില്ല. അപ്പൂന്റെ കീശേന്നോ പെട്ടീന്നോ ആവശ്യ ത്തിനു വേണ്ട പണം അമ്മ എടുക്കണം. അപ്പോ അമ്മക്ക് ചെലവിന് കൊടുക്കാന്‍ പാടുണ്ടോ അപ്പൂ?”
”പാടില്ല മുത്തശ്ശീ”
”അമ്മയാവും കാലം ഉറീല്. പെങ്ങളാവും കാലം അടുപ്പത്ത് ഭാര്യയാവും കാലം ഉരലില്”.
”അതെന്താ മുത്തശ്ശീ അങ്ങനെ?”
”അമ്മക്ക് ആവതുള്ള കാലത്ത് മകന്‍ വരുമ്പൊഴക്കും ചോറും കറീം ഉണ്ടാക്കി അമ്മ അടച്ചുവെയ്ക്കും. പണ്ടുകാലത്ത് അടുക്കളേല് ഉറി തൂക്കീട്ടുണ്ടാവും. അതിലാണ് ആഹാരം ഉണ്ടാക്കി അടച്ചുവെക്ക്യാ. പൂച്ച തൊടാതിരിക്കാനാ ഉറീല് വെക്കുന്നത്.
കേട്ടിട്ടില്ലേ അപ്പൂ, ഉണ്ണികൃഷ്ണന്‍ ഗോപികമാരുടെ വീടുകളില്‍ ചെന്ന് ഉറീലടച്ചു വെക്കുന്ന പാലും തൈരും കട്ടുകുടിച്ചൂന്ന്.
അമ്മക്കു വയ്യാതായി, പെങ്ങളായി കൈകാര്യം. ആങ്ങള വരുമ്പഴേക്കും അരി അടുപ്പത്തേ ആയിട്ടുണ്ടാവൂ. അമ്മേടെ ശ്രദ്ധ പെങ്ങള്‍ക്കുണ്ടാവില്ലലൊ.
കല്ല്യാണം കഴിച്ചു കഴിഞ്ഞാലോ. ഭര്‍ത്താവ് വരുമ്പോ നെല്ല് ഉരലിലിട്ടു കുത്തുന്നുണ്ടാവും ഭാര്യ. നെല്ലുകുത്തി, അരിചേറി, ആ അരി കൊണ്ടുവേണം ചോറുവെക്കാന്‍”.