ഗുരുവായൂര്‍ സംഘജില്ലയിലെ പാവറട്ടി ഖണ്ഡ് സംഘചാലകനായിരുന്ന പി.എം.രാഘവേട്ടന്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഒരു വര്‍ഷം തികയുകയാണ്. പെരിങ്ങാട് ശാഖയിലെ ബാലസ്വയംസേവകനായി സംഘ ജീവിതം ആരംഭിച്ച അദ്ദേഹം വിദ്യാര്‍ത്ഥി കാലത്തുതന്നെ തന്റെ കൂട്ടുകാരെയെല്ലാം സ്വയംസേവകരും കാര്യകര്‍ത്താക്കളുമാക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
അദ്ദേഹത്തിന്റെ ശ്രമഫലമായി സമീപ ഗ്രാമങ്ങളായ പൂവത്തൂര്‍, കണ്ണന്‍കാട്, മുല്ലശ്ശേരി തുടങ്ങിയ ഒട്ടനവധി സ്ഥലങ്ങളില്‍ ശാഖാപ്രവര്‍ത്തനം ആരംഭിക്കാനും അവിടെയെല്ലാം പ്രതിബദ്ധതയുള്ള പ്രവര്‍ത്തകരെയും കാര്യകര്‍ത്താക്കളെയും സൃഷ്ടിക്കാനും കഴിഞ്ഞിരുന്നു. ഈ സ്ഥലങ്ങളെല്ലാം ഇന്ന് സംഘത്തിന്റെ ശക്തികേന്ദ്രങ്ങളാണ്.
സംഘശാഖയില്‍ അദ്ദേഹം പറയാറുള്ള ചില കാര്യങ്ങള്‍ ഓര്‍ക്കുകയാണ് ‘സംഘകാര്യം ഈശ്വരീയ കാര്യമാണ്, നാം നിത്യവും പ്രാര്‍ത്ഥന ചൊല്ലിയിരിക്കണം. സംഘസ്ഥാനില്‍ ആരെയും വിമര്‍ശിക്കരുത്’.
അനേകവര്‍ഷം ഗടനായകന്‍ മുതല്‍ നിരവധി ചുമതലകള്‍ വഹിച്ച അദ്ദേഹം ഒരുനിര പ്രവര്‍ത്തകരെ സൃഷ്ടിച്ചതിനു ശേഷമാണ് നാട്ടില്‍നിന്നും പോയത്. ചെന്നിടത്തെല്ലാം സംഘജീവിതം നയിക്കുകയും തന്റെ പഴയ കാര്യക്ഷേത്രത്തിലെ പ്രവര്‍ത്തകരെ നിരന്തരം ബന്ധപ്പെട്ട് പ്രേരണ ചെലുത്തുകയും ചെയ്തുകൊണ്ടിരുന്നു. വിദേശത്തായിരുന്നപ്പോഴും അവിടത്തെ വിവിധ ചുമതലകള്‍ ഏറ്റെടുക്കുകയും ഭംഗിയായി അതു നിര്‍വ്വഹിക്കുകയും ചെയ്തിരുന്നു.
തിരിച്ച് നാട്ടിലെത്തിയപ്പോഴും യാതൊരു ഇടവേളയുമില്ലാതെ സംഘ ചുമതലകള്‍ ഏറ്റെടുക്കുകയും സംഘചാലകനായി പ്രവര്‍ത്തിക്കുകയും ചെയ്യു മ്പോഴാണ് അദ്ദേഹം വിടപറഞ്ഞത്.
സംഘത്തിന്റെ ആദ്യകാല പ്രചാരകരായിരുന്ന സ്വര്‍ഗ്ഗീയ ഭാസ്‌കര്‍റാവുജി, ഭാസ്‌കര്‍ജി, സി.പി.ജനേട്ടന്‍, രാമന്‍കുട്ടിയേട്ടന്‍ (കുടുസാര്‍), പി.പി.മുകുന്ദേട്ടന്‍ തുടങ്ങി ഒട്ടനേകം പേരുടെ സ്‌നേഹവാത്സല്യങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ വീട് പ്രചാരകന്മാരുടെ വാസസ്ഥലവുമായിരുന്നു.
അദ്ദേഹത്തിന്റെ വീടിന്റെ ചുമരില്‍ പൂജനീയ ഡോക്ടര്‍ജി, ശ്രീഗുരുജി, ഛത്രപതി ശിവാജി, റാണാപ്രതാപന്‍, ഗുരു ഗോവിന്ദസിംഹന്‍, റാണി ലക്ഷ്മിഭായ് എന്നിവരുടെ ചിത്രങ്ങള്‍ അലങ്കരിച്ചു വച്ചിരുന്നു. അദ്ദേഹം നാട്ടിലില്ലാതിരിന്നിട്ടും അടിയന്തരാവസ്ഥയ്ക്കെതിരെ സമരം ചെയ്ത സ്വയംസേവകരെ ചാവക്കാട് ടൗണിലിട്ട് അതിക്രൂരമായി മര്‍ദിച്ച് അവശരാക്കി ഇനിയൊരു സമരം ഇവിടെ നടക്കില്ലെന്ന് പോലീസ് പ്രഖ്യാപിച്ചപ്പോള്‍ ആ വെല്ലുവിളി ഏറ്റെടുത്ത് നോട്ടീസടിച്ചിറക്കി സത്യഗ്രഹം പ്രഖ്യാപിച്ച് സമരത്തിനെത്തിയ അമ്മമാരടക്കമുള്ള സമര ബാച്ചില്‍ രാഘവേട്ടന്റെ അമ്മയുമുണ്ടായിരുന്നു.
ഒട്ടനവധിക്കാലം കേസരി പ്രചാരണത്തിനുവേണ്ടി കിലോമീറ്ററുകള്‍ നടന്ന് കേസരി വിതരണം നടത്തിയിരുന്ന അദ്ദേഹത്തെ പലരും കേസരി രാഘവന്‍ എന്നും പരിചയപ്പെടുത്തുമായിരുന്നു. പൂവ്വത്തൂരില്‍ പ്രവര്‍ത്തിക്കുന്ന ഗുരുദേവ വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂളിന്റെ പ്രവര്‍ത്തനത്തിലും രാഘവേട്ടന്‍ സജീവമായിരുന്നു. അകാലത്തില്‍ വേര്‍പിരിഞ്ഞു പോയ ഭാര്യ സതി ചേച്ചി അദ്ദേഹത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ നല്‍കിയിരുന്നു.
മക്കളായ ശ്രീജിത്തും, അരുണ്‍ജിത്തും സ്വയംസേവകരാണ്.
സമാജത്തിനുവേണ്ടി പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ സ്മരണ എന്നും നിലനില്‍ക്കും.