ലോകരാഷ്ട്രീയത്തില്‍ വലിയ ചലനങ്ങളുണ്ടാക്കുകയാണ് ആനുകാലിക ഇന്ത്യന്‍രാഷ്ട്രീയം. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഒരു ഭരണാധികാരിക്കും ലഭിക്കാത്ത സ്വീകാര്യതയാണ് ഇന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്കും രാജ്യം ഭരിക്കുന്ന ബിജെപി നേതൃത്വം നല്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിനും ലഭിച്ചുകൊണ്ടിരിക്കുന്നത്. സമകാലീന ലോകക്രമത്തില്‍ അതിന്റെ പ്രതിഫലനങ്ങള്‍ ദൃശ്യമാകുന്നുമുണ്ട്. ലോകത്തിലേറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥ ഇന്ത്യയ്ക്കല്ലാതെ മറ്റൊരു രാജ്യത്തിനും അവകാശപ്പെടാനുമില്ല. പല മുതലാളിത്ത രാജ്യങ്ങളും സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന സാഹചര്യത്തിലാണിതെന്ന് പ്രത്യേകം ഓര്‍ക്കണം. കമ്മ്യൂണിസ്റ്റു രാജ്യങ്ങളുടെ അവസ്ഥ പറയാനുമില്ല. ഈ സാഹചര്യത്തില്‍ ദേശീയതയില്‍ അടിയുറച്ച് മുന്നേറുന്ന കേന്ദ്രസര്‍ക്കാരിനെ നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും തിരിച്ചറിഞ്ഞ് ആ മുന്നേറ്റത്തില്‍ അണിചേരാന്‍ തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ മറ്റെല്ലാം മാറ്റിവച്ച് ധൈര്യസമേതം മുന്നോട്ടുവന്നിരിക്കുകയാണ് അനില്‍ ആന്റണി എന്ന യുവാവ്. മുന്‍ കേരള മുഖ്യമന്ത്രി എ.കെ.ആന്റണിയുടെ മൂത്തമകന്‍ എന്ന വിശേഷണത്തിനുപരിയായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്റേതായ ഇടം കണ്ടെത്താന്‍ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്ന ഭാവിയുടെ പ്രതീക്ഷയായ അനില്‍ ആന്റണി കേസരിവാരികയോട് മനസ്സു തുറക്കുന്നു. രാജ്യത്തെയും നിലനില്ക്കുന്ന ഭരണസംവിധാനത്തെയും പ്രതിപക്ഷത്തെയും ഒക്കെ തന്റേ തായ ശൈലിയില്‍ അദ്ദേഹം വിശകലനം ചെയ്യുന്നു.
താങ്കള്‍ കോണ്‍ഗ്രസിന്റെ നവമാധ്യമ സെല്ലിന്റെയും ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍സിന്റെയും ദേശീയസംയോജകനായി പ്രവര്‍ത്തിച്ചു. കെപിസിസിയുടെ ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ കണ്‍വീനറുമായിരുന്നു. അവിടെനിന്ന് ബിജെപിയിലേക്ക് വരാനിടയായ സാഹചര്യം എല്ലാവര്‍ക്കും അറിവുള്ളതാണ്. ബിജെപിയില്‍ അങ്ങേക്ക് ലഭിച്ചിരിക്കുന്ന ചുമതലകള്‍ എന്തൊക്കെയാണ് ? ബിജെപിയില്‍ വന്നിട്ട് ഏറെ നാളായില്ല. എങ്കിലും ബിജെപിയെക്കുറിച്ചുള്ള അങ്ങയുടെ വിലയിരുത്തല്‍, പ്രത്യേകിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള ദേശീയനേതാക്കളെക്കുറിച്ചുള്ള കാഴ്ചപ്പാട് വിശദീകരിക്കാമോ?
♠ഞാന്‍ ബിജെപിയില്‍ പ്രവേശിച്ചിട്ട് ഇപ്പോള്‍ ഏതാണ്ട് മൂന്നുമാസം കഴിഞ്ഞിട്ടേ ഉള്ളൂ. ഇന്ത്യയിലെ മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും വലിയ രാഷ്ട്രീയപാര്‍ട്ടിയാണ് ബിജെപി. പാര്‍ട്ടിയുടെ 44-ാം സ്ഥാപനദിനത്തില്‍ തന്നെ എനിക്ക് അംഗത്വം ലഭിക്കാനും പ്രവര്‍ത്തിച്ചു തുടങ്ങാനും അവസരം ലഭിച്ചതില്‍ സന്തോഷമുണ്ട്. പാര്‍ട്ടി നേതൃത്വത്തോട് വളരെധികം നന്ദിയുമുണ്ട്. എന്റെ ചുമതലകള്‍ എന്തൊക്കെയാണെന്ന് പാര്‍ട്ടി നേതൃത്വമാണ് തീരുമാനിക്കേണ്ടത്. കര്‍ണാടക തിരഞ്ഞെടുപ്പില്‍ തീരദേശത്തും ഉഡുപ്പി, മംഗലാപുരം പ്രദേശങ്ങളിലും പ്രചാരണപരിപാടികളില്‍ ഭാഗഭാക്കാകാന്‍ നേതൃത്വം എന്നോട് നിര്‍ദ്ദേശിച്ചു. അതനുസരിച്ച് ഞാന്‍ ആ പ്രദേശങ്ങളില്‍ എന്നാലാകുംവിധം പ്രവര്‍ത്തിച്ചു.
പാര്‍ട്ടിയില്‍ പ്രവേശിച്ചശേഷം ഞാന്‍ നിരവധി കേന്ദ്രസംസ്ഥാന നേതാക്കളെ നേരില്‍ കണ്ട് സംസാരിച്ചിരുന്നു. എല്ലാവരും ഒറ്റക്കെട്ടായാണ് പാര്‍ട്ടിക്കുവേണ്ടി, നമ്മുടെ രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നത്. നേതൃത്വത്തിന്റെ നിര്‍ദ്ദേശങ്ങള്‍, ഏല്പിക്കുന്ന ചുമതലകള്‍ എല്ലാം തന്നെ അവര്‍ ഭംഗിയായി നിര്‍വഹിക്കുന്നു. ഇത് എന്നെ ഏറെ സന്തോഷിപ്പിച്ചു. നേതാക്കളും പ്രവര്‍ത്തകരും ഒരുപോലെ ആദരണീയനായ പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനനുസൃതമായി ഒറ്റമനസ്സോടെ തികഞ്ഞ ഐക്യത്തോടെ പ്രവര്‍ത്തിക്കുന്നു. 2014ലും 2019ലും നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ പാര്‍ട്ടിക്ക് തുടര്‍ഭരണം ലഭിച്ചു. 1984നു ശേഷം ഒരു പാര്‍ട്ടിക്ക് ഒറ്റയ്ക്ക് മികച്ച ഭൂരിപക്ഷം ലഭിച്ചു. ഇത് നരേന്ദ്രമോദിയുടെയും പാര്‍ട്ടിയിലെ മറ്റ് നേതാക്കളുടെയും സര്‍വോപരി പ്രവര്‍ത്തകരുടെയും കഠിനാധ്വാനത്തിന്റെ ഫലമാണ്. രാജ്യത്തു മാത്രമല്ല രാജ്യത്തിന് പുറത്തും നരേന്ദ്രമോദിയെ പോലെ ജനപിന്തുണയുള്ള മറ്റൊരു നേതാവിനെ നമുക്ക് കാണാനാകില്ല.
ഇന്ത്യ വളരെ ചെറുപ്പമായ രാജ്യമാണ്. ജനസംഖ്യയുടെ 60 ശതമാനവും യുവാക്കളാണ്. അവരുടെ ആഗ്രഹങ്ങള്‍ക്കും ലക്ഷ്യത്തിനും പ്രാധാന്യം നല്കിയാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ രാജ്യഭരണം മുന്നോട്ടുപോകുന്നത്. സാമൂഹികവും സാമ്പത്തികവുമായ സ്ഥിരത കൈവരിക്കാന്‍ കഴിയുന്ന തരത്തില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. വരുന്ന 25വര്‍ഷംകൊണ്ട് ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയും വികസിതരാജ്യവും ആക്കാനാണ് പ്രധാനമന്ത്രിയും പാര്‍ട്ടിയും ലക്ഷ്യമിടുന്നത്.
സ്വാതന്ത്ര്യത്തിന്റെ നൂറാംവാര്‍ഷികം നമ്മള്‍ ആഘോഷിക്കുമ്പോള്‍ ലോകത്തിലെ ഒന്നാമത്തെയോ രണ്ടാമത്തെയോ സാമ്പത്തിക ശക്തിയായിരിക്കും ഇന്ത്യയെന്ന് തീര്‍ച്ച. അതിനുവേണ്ടി ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. ആ വീക്ഷണത്തെ അക്ഷരാര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ടാണ് പാര്‍ട്ടിയിലെ മറ്റു നേതാക്കള്‍ മുതല്‍ ഓരോ സാധാരണപ്രവര്‍ത്തകന്‍ വരെ പ്രവര്‍ത്തിക്കുന്നത്. അതിന്റെ ഭാഗമാകാന്‍ അവസരം ലഭിച്ചതില്‍ എനിക്കും വലിയ സന്തോഷമുണ്ട്. അത് വലിയ അംഗീകാരവും എന്റെ ഉത്തരവാദിത്തവുമായാണ് ഞാന്‍ കരുതുന്നതും. ആധുനിക ഇന്ത്യയുടെ ചരിത്രം പരിശോധിച്ചാല്‍ നരേന്ദ്രമോദിയെ പോലെ ജനങ്ങളുമായി ഇത്രയും ആഴത്തില്‍ ബന്ധമുണ്ടാക്കിയ മറ്റൊരു രാഷ്ട്രീയനേതാവിനെ കണ്ടെത്താനാകുമോ എന്ന കാര്യം സംശയമാണ്.

കോണ്‍ഗ്രസും ബിജെപിയും ദേശീയപാര്‍ട്ടികളാണ്. കോണ്‍ഗ്രസിന് നൂറ്റാണ്ടിന്റെ പാരമ്പര്യവും പ്രവര്‍ത്തനപരിചയവുമുണ്ട്. ബിജെപിയുടെ പൂര്‍വരൂപമായ ജനസംഘം സ്വാതന്ത്ര്യത്തിനുശേഷം ജന്മമെടുത്ത പാര്‍ട്ടിയാണ്. പക്ഷേ അന്നുതൊട്ട് ഇന്നോളം ദേശീയരാഷ്ട്രീയത്തില്‍ ജനസംഘമാകട്ടെ അതിന്റെ തുടര്‍ച്ചയായ ബിജെപിയാകട്ടെ ശക്തമായ ഇടപെടലാണ് നടത്തിവരുന്നത്. ആ അര്‍ത്ഥത്തില്‍ വര്‍ത്തമാനകാലത്ത് വിലയിരുത്തുമ്പോള്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തൊക്കെയാണ് ? യുവതലമുറയില്‍പ്പെട്ട ആളെന്ന നിലയിലും ബാല്യം മുതല്‍ക്കെ രാഷ്ട്രീയം കണ്ടുവളര്‍ന്ന ഒരാളെന്ന നിലയിലും അങ്ങേക്ക് എന്തൊക്കെ വ്യത്യാസങ്ങളാണ് ചൂണ്ടിക്കാട്ടാനുള്ളത്?
♠വിരലിലെണ്ണാവുന്ന സംസ്ഥാനങ്ങളില്‍ മാത്രം പ്രവര്‍ത്തനമുള്ള ചില പാര്‍ട്ടികള്‍ നമ്മുടെ രാജ്യത്തുണ്ടെങ്കിലും സത്യത്തില്‍ ബിജെപിയും കോണ്‍ഗ്രസും മാത്രമാണ് ഇന്ത്യയിലെ ദേശീയപാര്‍ട്ടികള്‍. അതില്‍ കോണ്‍ഗ്രസ് പാര്‍ട്ടി പഴയ കോണ്‍ഗ്രസല്ല. 20ഉം 30ഉം വര്‍ഷം മുമ്പ് ഞാന്‍ കണ്ട കോണ്‍ഗ്രസല്ല ഇന്ന് രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്. എന്തിന് അഞ്ചുകൊല്ലം മുമ്പുണ്ടായിരുന്ന കോണ്‍ഗ്രസ് പോലുമല്ല ഇന്നത്തെ കോണ്‍ഗ്രസ്. ഇന്നത്തെ കോണ്‍ഗ്രസ് രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ വളരെ നിഷേധാത്മക നിലപാടുമായി മുന്നോട്ടുപോകുകയാണ്. നേരത്തെ ഞാന്‍ പറഞ്ഞുവല്ലോ ഇന്ത്യ ചെറുപ്പക്കാരുടെ രാജ്യമാണെന്ന്. നമ്മുടെ ജനസംഖ്യയില്‍ ബഹുഭൂരിപക്ഷവും 40 വയസ്സിന് താഴെയുള്ളവരാണ്. അവരുടെ രാഷ്ട്രീയവും സാമൂഹികവും സാംസ്‌കാരികവുമായ ആഗ്രഹങ്ങളും ലക്ഷ്യവും ഒന്നും വേണ്ടവിധത്തില്‍ മനസ്സിലാക്കാതെ നിഷേധാത്മകമായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപാര്‍ട്ടിക്ക് എങ്ങനെ നിലനില്ക്കാനാകും? രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ യാതൊരു ദിശാബോധവും ഇല്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറി.
ഇന്നത്തെ യംഗ് ഇന്ത്യയുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും പ്രതീക്ഷകളും ആവേശവും ഒന്നും ദിശാബോധമില്ലാത്ത കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തിരിച്ചറിയാനോ മനസ്സിലാക്കാനോ സാധിക്കുന്നില്ല. രാഹുല്‍ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഇടയ്ക്കിടെ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിക്കും. ആര്‍എസ്എസ്സിനെ വിമര്‍ശിക്കും… അല്ലാതെ ക്രിയാത്മകമായ ഒരു നിലപാടും കോണ്‍ഗ്രസിനില്ല. ഇന്ത്യന്‍ ജനതയെ മുന്നോട്ടുനയിക്കാന്‍ പ്രത്യേകിച്ചും യുവാക്കളെ നയിക്കാന്‍ ഒരു നയപരിപാടിയും കോണ്‍ഗ്രസിന്റെ പക്കലില്ല. മറിച്ച് ബിജെപിയാകട്ടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ വ്യക്തമായ ദിശാബോധത്തോടെ നിലവിലെ സാഹചര്യങ്ങളും യാഥാര്‍ത്ഥ്യവും ഉള്‍ക്കൊണ്ടുകൊണ്ട് മുന്നോട്ടുപോകുന്നു. ഭാവിയില്‍ ഇന്ത്യ എന്താകണമെന്ന കൃത്യമായ ലക്ഷ്യത്തോടെ ബിജെപിയും കേന്ദ്രസര്‍ക്കാരും പ്രവര്‍ത്തിക്കുന്നു. ചെറുപ്പക്കാര്‍ക്ക് വളരാനുള്ള ശക്തമായ സാഹചര്യം സൃഷ്ടിക്കുന്നു. അതിന്റെ ഫലമായി സമീപഭാവിയില്‍ തന്നെ ഇന്ത്യ ശക്തവും സുസ്ഥിരവുമായ സാമ്പത്തികവളര്‍ച്ച കൈവരിച്ച് വികസിതരാഷ്ട്രമായി മാറുമെന്ന് തീര്‍ച്ചയാണ്.
ഇതാണ് ദേശീയപാര്‍ട്ടികളായ ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള പ്രധാനവ്യത്യാസം. കോണ്‍ഗ്രസ് കാമ്പില്ലാത്ത രാഷ്ട്രീയവിമര്‍ശനങ്ങളുന്നയിച്ച് വ്യക്തിപരമായി പ്രധാനമന്ത്രിയെയും മറ്റ് ബിജെപി നേതാക്കളെയും ആര്‍എസ്എസിനെയും വിമര്‍ശിച്ചും കുറ്റപ്പെടുത്തിയും സമയം പാഴാക്കുന്നു. ബിജെപിയാകട്ടെ ഇന്ത്യയെക്കുറിച്ചുള്ള സമഗ്രമായ കാഴ്ചപ്പാടോടെ പ്രവര്‍ത്തിച്ച് മുന്നേറുന്നു. ചുരുക്കിപ്പറഞ്ഞാല്‍ കോണ്‍ഗ്രസ് രാജ്യത്തെ പുറകോട്ടടിക്കുമ്പോള്‍ ബിജെപി രാജ്യത്തെ മുന്നോട്ട് നയിക്കുന്നു എന്നു പറയാം.

കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചുവടുമാറിയതിലൂടെ അങ്ങേക്ക് വ്യക്തിപരമായി നേരിടേണ്ടി വന്ന പ്രശ്‌നങ്ങള്‍, കുടുംബബന്ധങ്ങളില്‍ അടക്കം വിശദീകരിക്കാമോ?
♠ഇന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ഒരു കുടുംബത്തിനും അതിലെ ഏതാനും വ്യക്തികള്‍ക്കും വേണ്ടി മാത്രം നിലകൊള്ളുകയാണ്. ആ കുടുംബത്തിനും അതിലെ അംഗങ്ങള്‍ക്കും ചുറ്റും വട്ടം കറങ്ങുകയാണ് കോണ്‍ഗ്രസിലെ മറ്റ് നേതാക്കളും പ്രവര്‍ത്തകരും. അതിന്റെ ഫലമായി വിദേശരാജ്യങ്ങളില്‍ പോയി നമ്മുടെ രാജ്യത്തെ ഇകഴ്ത്താന്‍ പോലും കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും മടിക്കുന്നില്ല. ഇതാണ് കോണ്‍ഗ്രസിന്റെ പ്രധാന ദൗര്‍ബല്യം. ദേശീയ കാഴ്ചപ്പാടോ വികസന അജണ്ടയോ മുന്നോട്ടുവയ്ക്കാതെ കോണ്‍ഗ്രസിന് എത്രകാലം പിടിച്ചുനില്ക്കാനാകും? പ്രത്യേകിച്ചു യുവാക്കളെ ഒപ്പം കൂട്ടാതെ കോണ്‍ഗ്രസിന് എങ്ങനെ മുന്നോട്ടു പോകാനാകും?
മറിച്ച് ബിജെപിയിലാകട്ടെ വ്യക്തിതാല്പര്യങ്ങള്‍ക്ക് യാതൊരു സ്ഥാനവുമില്ല. അവര്‍ രാജ്യത്തിന്റെ താല്പര്യത്തിന് മാത്രമാണ് മുന്‍തൂക്കം നല്കുന്നത്. ജനക്ഷേമം മാത്രമാണ് ബിജെപി ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി മുതല്‍ ഭാരതീയ ജനതാപാര്‍ട്ടിയുടെ ഏറ്റവും താഴേത്തട്ടിലെ ഒരു സാധാരണപ്രവര്‍ത്തകന്‍ വരെ രാജ്യതാല്പര്യം അഥവാ നാഷന്‍ ഫസ്റ്റ് എന്ന ഒറ്റലക്ഷ്യത്തോടെ ഒരേമനസ്സോടെ പ്രവര്‍ത്തിക്കുന്നു. രാഷ്ട്രത്തിന്റെ സമഗ്രമായ വികസനത്തിന് വ്യക്തമായ രൂപരേഖയുണ്ട് ബിജെപിക്ക്. അത് വ്യക്തിതാല്പര്യത്തില്‍ അധിഷ്ഠിതമല്ല. ആ ദേശീയ കാഴ്ചപ്പാട് ഉള്ള ഒരേയൊരു പാര്‍ട്ടി ബിജെപി മാത്രമാണെന്ന് പറയേണ്ടിവരും.
കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് വന്നതുകൊണ്ട് എനിക്ക് വ്യക്തിപരമായി പ്രശ്‌നങ്ങളൊന്നുമില്ല. വളരെ ചെറുപ്പം മുതല്‌ക്കെ രാഷ്ട്രീയവും രാഷ്ട്രീയപ്രവര്‍ത്തനങ്ങളും കണ്ടുവളര്‍ന്ന ഒരാളെന്ന നിലയ്ക്ക് എനിക്ക് ഇക്കാര്യത്തില്‍ വ്യക്തമായ കാഴ്ചപ്പാടുണ്ട്. അത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപിയുടെയും നാഷന്‍ഫസ്റ്റ് കാഴ്ചപ്പാടിനോട് യോജിക്കുന്നതാണ്. വ്യക്തിക്കല്ല മറിച്ച് രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് ഓരോ രാഷ്ട്രീയപ്രവര്‍ത്തകന്റെയും കടമ. വ്യക്തിബന്ധങ്ങളും കുടുംബബന്ധങ്ങളും അതിന് തടസ്സമാകാന്‍ പാടില്ല. എന്റെ കാഴ്ചപ്പാട് അതാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി രാജ്യത്തിന്റെ വികസനവും ജനക്ഷേമവും മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുകയാണെന്ന് എനിക്ക് ഉത്തമബോധ്യമുണ്ട്. യുവാക്കളെ പ്രോത്സാഹിപ്പിച്ച് സുസ്ഥിരവികസനം സാധ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിരവധിപദ്ധതികളാണ് നടപ്പാക്കിവരുന്നത്. ചെറുപ്പക്കാര്‍ക്ക് ആത്മവിശ്വാസം നല്കി അവരെ സ്വന്തം കാലില്‍ നില്ക്കാന്‍ പ്രാപ്തരാക്കുകയാണ് മോദിസര്‍ക്കാരിന്റെ സുപ്രധാന ചുവടുവയ്പ്. അപ്പുറത്ത് കോണ്‍ഗ്രസിനാകട്ടെ അത്തരം യാതൊരു അജണ്ടകളുമില്ല, കാഴ്ചപ്പാടുമില്ല. എങ്ങനെയും അധികാരത്തിലെത്തുക മാത്രമാണ് ലക്ഷ്യം. ഇത് കൃത്യമായി തിരിച്ചറിഞ്ഞാണ് ഞാന്‍ ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.
എന്നാല്‍ എന്റെ ചുറ്റുപാടുമുള്ളവര്‍ എന്റെ കുടുംബാംഗങ്ങള്‍ എന്റെ ഈ കാഴ്ചപ്പാടിനോട് യോജിക്കണമെന്നില്ല. അവര്‍ക്ക് അവരുടെതായ കാഴ്ചപ്പാടുണ്ടാകും. അതൊന്നും ഞാനുമായുള്ള വ്യക്തിബന്ധങ്ങളെ ബാധിക്കില്ല. പക്ഷേ ഒരുകാര്യത്തില്‍ എനിക്ക് ഉറപ്പുണ്ട്. ഇന്നല്ലെങ്കില്‍ നാളെ അവര്‍ക്കെല്ലാം ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്രസര്‍ക്കാരിനെയും അംഗീകരിക്കേണ്ടവരും. പ്രത്യേകിച്ചും ഇന്ത്യയിലെ മുഴുവന്‍ യുവാക്കളും ആ മാര്‍ഗത്തിലൂടെ മുന്നേറുമ്പോള്‍.

കോണ്‍ഗ്രസിനെ ഇന്ന് നയിക്കുന്നത് നെഹ്‌റു കുടുംബമാണ്. പ്രത്യേകിച്ചും ഇളമുറക്കാരായ രാഹുലും പ്രിയങ്കയും. ഇവരോടൊപ്പം അടുത്തിടപഴകാനുള്ള അവസരം അങ്ങേക്ക് ലഭിച്ചു. മറ്റു പല ദേശീയനേതാക്കളെയും കുറിച്ച് അങ്ങേക്ക് അറിയാം. ആ അര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന്റെ പരാജയകാരണം വിശദമാക്കാമോ ? കോണ്‍ഗ്രസിന്റെ ഭാവി അങ്ങയുടെ നോട്ടത്തില്‍.
♠ദേശീയതലത്തില്‍ മികച്ചതു പോയിട്ട് ശരാശരി പ്രകടനം പോലും കോണ്‍ഗ്രസിന് കാഴ്ചവയ്ക്കാനാകുന്നില്ല. അതിന് കാരണം ദേശീയനേതൃത്വത്തിന്റെ ദൗര്‍ബല്യം തന്നെയാണ്. രാജ്യത്തെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അതിനൊത്ത നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസ് ദേശീയനേതൃത്വത്തിന് കഴിയുന്നില്ല. സമീപകാലത്ത് തിരിച്ചുവരാന്‍ കഴിയുമെന്നതിന്റെ യാതൊരു സൂചനയും കോണ്‍ഗ്രസ് ദേശീയനേതൃത്വത്തില്‍ നിന്ന് ഉണ്ടാകുന്നില്ല. എന്നാല്‍ ഇപ്പുറത്ത് ബിജെപിയിലാകട്ടെ സ്ഥിതി മറിച്ചും. വളരെ ജനകീയനായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴില്‍ ബിജെപി ശക്തമായി ജനകീയപ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് പരിഹരിച്ച് മുന്നോട്ടുപോകുന്നു. മോദി ചെറുപ്പക്കാരുടെ നേതാവാണ്. അതിനാല്‍ തന്നെ അദ്ദേഹം തന്റെ രാഷ്ട്രീയ യൗവ്വനം സദാകാത്തുസൂക്ഷിക്കുന്നു. നരേന്ദ്രമോദിയും ബിജെപിയും ജനഹൃദയങ്ങളില്‍ ജീവിക്കുന്നു.
രണ്ടുമൂന്ന് മാസം മുമ്പ് 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബിബിസി പുറത്തിറക്കിയ ഡോക്യുമെന്ററി വലിയ വിവാദമായി. അത് കേവലം പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്രസര്‍ക്കാരിനെയും ഇകഴ്ത്തി കാട്ടാനായിരുന്നില്ല. മറിച്ച് ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് നമ്മുടെ പരമോന്നത കോടതിയായ സുപ്രീംകോടതിയുടെ വിധിയെയും കണ്ടെത്തലുകളെയും കൂടി അപമാനിക്കുന്നതായിരുന്നു. അന്ന് കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പേരുപറഞ്ഞ് സുപ്രീംകോടതി വിധിയെ പോലും തള്ളിക്കളഞ്ഞ് ബിബിസിക്കു വേണ്ടി നിലയുറപ്പിച്ചു. ഇത് നമ്മുടെ പരമാധികാരത്തിനും സ്വാതന്ത്ര്യത്തിനും നേരെയുള്ള വെല്ലുവിളിയായാണ് എനിക്ക് തോന്നിയത്. അതുകൊണ്ടാണ് ഞാന്‍ എതിര്‍ത്ത് നിലപാടെടുത്തതും. ഈ സംഭവം ഉണ്ടായി മൂന്നുമാസത്തിനുശേഷം ‘ദി കേരള സ്‌റ്റോറി’ എന്ന സിനിമ വന്നു. പ്രത്യേകസാഹചര്യത്തില്‍ കേരളത്തിലെ മൂന്നുനാലു പെണ്‍കുട്ടികള്‍ക്ക് സാമുദായികവും മതപരവും ആയി നേരിടേണ്ടി വന്ന ദുരനുഭവങ്ങളായിരുന്നു ആ സിനിമയുടെ ഇതിവൃത്തം. ബിബിസിക്കുവേണ്ടി, ആവിഷ്‌കാരസ്വാതന്ത്ര്യത്തിനു വേണ്ടി വായ്ത്താരിയിട്ട കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഒരുമിച്ചുനിന്ന് ഈ സിനിമയെ നഖശിഖാന്തം എതിര്‍ക്കുന്നതാണ് രാജ്യം കണ്ടത്. സിനിമ നമ്മുടെ മതേതരത്വത്തെ തകര്‍ക്കുമെന്നും സൗഹൃദാന്തരീക്ഷം നശിപ്പിക്കുമെന്നും പ്രത്യേക മതവിഭാഗത്തെ ലക്ഷ്യം വച്ചുള്ളതാണെന്നും മതസ്പര്‍ധ ഇളക്കിവിട്ട് കലാപം ഉണ്ടാക്കുമെന്നും പറഞ്ഞാണ് ഇരുകൂട്ടരും കേരള സ്‌റ്റോറിക്കെതിരെ രംഗത്തുവന്നത്. സിനിമ പുറത്തിറങ്ങി. ഒന്നും സംഭവിച്ചില്ല. ഈ ഇരട്ടത്താപ്പ് ജനം തിരിച്ചറിയുന്നുണ്ട്. ഇത് വോട്ടുബാങ്ക് മുന്‍നിര്‍ത്തി പ്രത്യേക മതവിഭാഗത്തെ പ്രീണിപ്പിക്കാന്‍ ചെയ്തതാണെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്കൊക്കെ മനസ്സിലാകും. മതേതരത്വത്തിന്റെ അര്‍ത്ഥം അതിന്റെ വക്താക്കളെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും പൊളിച്ചെഴുതിയിരിക്കുകയാണ്. മതേതരത്വത്തെ ന്യൂനപക്ഷത്തിനുവേണ്ടി ഭൂരിപക്ഷത്തെ ദ്രോഹിക്കാനുള്ള ഉപാധിയാക്കി ഇവരിരുവരും മാറ്റിയെന്നതാണ് സത്യം. ഇതിന് രണ്ടു കൂട്ടരും വലിയ വിലകൊടുക്കേണ്ടിവരും.
ദേശീയ രാഷ്ട്രീയത്തില്‍ നിന്ന് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വന്നാല്‍ കേരളത്തില്‍ കോണ്‍ഗ്രസ് മുഖ്യപ്രതിപക്ഷ കക്ഷിയാണ്. മുന്നണി രാഷ്ട്രീയം കേരളത്തിന്റെ സവിശേഷമായ പ്രത്യേകതയാണ്. അവിടെ പ്രതിപക്ഷ മുന്നണിയെ നയിക്കുന്നത് കോണ്‍ഗ്രസാണ്. കേരളത്തിലെ കോണ്‍ഗ്രസിന്റെയും നേതാക്കളുടെയും പ്രവര്‍ത്തനം അങ്ങ് എങ്ങനെ നോക്കി കാണുന്നു? കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രധാന ദൗര്‍ബല്യം എന്താണ്? അത് ബിജെപിക്ക് എത്ര സഹായകരമാകും?
♠കേരളത്തിലും കോണ്‍ഗ്രസ് നേതൃത്വം വളരെ ദുര്‍ബലമാണ്. അതേസമയം കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ സംസ്ഥാനനേതൃത്വം കേരളത്തിലേതിനെക്കാള്‍ ഭേദമാണ്. അതാണ് കര്‍ണാടകയിലെ തെരഞ്ഞെടുപ്പുഫലം നല്കുന്ന സൂചന. കര്‍ണാടകയില്‍ മാത്രമല്ല ഹിമാചല്‍ പ്രദേശ് പോലുള്ള മറ്റുപല സംസ്ഥാനങ്ങളിലെയും കോണ്‍ഗ്രസ് നേതൃത്വം ഇത്രയും ദുര്‍ബലമല്ല. അവിടെയുള്ള നേതാക്കള്‍ താഴേത്തട്ടില്‍ നിന്ന് പ്രവര്‍ത്തിച്ചുവന്നവരാണ്. അതിന്റെ ഗുണവും അതത് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിനുണ്ട്. പക്ഷേ കേരളത്തിലെ സ്ഥിതി വളരെ ദയനീയമാണ് നിലവില്‍.
കേരളത്തിലും താഴേത്തട്ടില്‍ നിന്ന് പ്രവര്‍ത്തിച്ചുവന്ന നിരവധി നല്ല നേതാക്കളുണ്ട്. കേരളത്തിലെ അത്തരം നേതാക്കള്‍ക്കു വേണ്ട പിന്തുണയും കരുത്തും നല്കാന്‍ ദേശീയനേതൃത്വത്തിന് കഴിയുന്നില്ല. സംസ്ഥാനം എന്ന നിലയില്‍ കേരളം നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. അവ പരിഹരിക്കേണ്ടതുണ്ട്. രാജ്യത്തെ പോലെ കേരളവും ചെറുപ്പക്കാരുടെ നാടാണ്. ഇന്ത്യയിലെ മീഡിയന്‍ ഏജ് 27 ആണെങ്കില്‍ കേരളത്തിലേത് 35 ആണ്. പക്ഷേ കേരളത്തിലെ ചെറുപ്പക്കാര്‍ ജീവിക്കാന്‍ വേണ്ടി തൊഴിലന്വേഷിച്ച് വിദേശങ്ങളിലേക്ക് ചേക്കേറുന്നു. നിരവധി സാമൂഹ്യസാമ്പത്തിക മേന്മകളുള്ള നാടാണ് കേരളം. പക്ഷേ അതൊന്നും വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താന്‍ ഇന്ന് കേരളത്തിന് കഴിയുന്നില്ല. രാജ്യം ആഗോള സാമ്പത്തികരംഗത്ത് കുതിക്കുമ്പോള്‍ കേരളം കടം കയറി മുടിഞ്ഞ് കിതയ്ക്കുകയാണ്. കേരളത്തിന്റെ യുവശക്തി നമ്മുടെ നാട്ടില്‍ തന്നെ പ്രയോജനപ്പെടുത്താന്‍ സാഹചര്യമില്ലാതെ വന്നിരിക്കുന്നു.
സംസ്ഥാനങ്ങളുടെ വളര്‍ച്ചാനിരക്ക് പരിശോധിക്കുമ്പോള്‍ കേരളം വളരെ പുറകിലാണെന്ന് വ്യക്തമാണ്. സംസ്ഥാനം നേരിടുന്ന സാമൂഹ്യ-സാമ്പത്തിക വെല്ലുവിളികളെ അതിജീവിക്കാന്‍ കഴിയുന്ന രാഷ്ട്രീയ ഇച്ഛാശക്തിയുള്ള ഭരണനേതൃത്വം കേരളത്തിന് ആവശ്യമാണ്. നിര്‍ഭാഗ്യവശാല്‍ അവിടെയാണ് നാം പരാജയപ്പെട്ടിരിക്കുന്നത്. കേരളത്തിലെ ചെറുപ്പക്കാര്‍ അവിശ്രമം പണിയെടുക്കുന്നവരാണ്. പക്ഷേ ആ കരുത്ത് ഫലവത്താക്കാന്‍ കഴിയുന്ന രാഷ്ട്രീയസാഹചര്യം കേരളത്തില്‍ ഇല്ലാതെ പോയി. ഇന്നത്തെ കേരളത്തിലെ ഇടതുപക്ഷവും വലതുപക്ഷവും ചെറുപ്പക്കാരുടെ തൊഴിലില്ലായ്മ അടക്കമുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ പര്യാപ്തരല്ല. സംസ്ഥാനത്തെ മുന്നോട്ടുനയിക്കാന്‍ കഴിയുന്ന ഭരണമാതൃക ഇരുവരുടെയും പക്കലില്ല. മറിച്ച് നരേന്ദ്രമോദി നേതൃത്വം നല്കുന്ന ബിജെപിക്ക് അതുണ്ട്. തികച്ചും ക്രിയാത്മകവും ഭാവാത്മകവുമായ, ജനഹിതം നടപ്പാക്കാന്‍ കഴിയുന്ന ഭരണകൂടത്തെ കേരളത്തിലും സൃഷ്ടിക്കാന്‍ ബിജെപിക്ക് കഴിയും. അതിന് അല്പകാലം കൂടി കാത്തിരിക്കേണ്ടിവരുമെന്നു മാത്രം. അതിനുവേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ബിജെപി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉണ്ടായതുപോലുള്ള മാറ്റം കേരളത്തിലും സംഭവിക്കും.
കേരളത്തില്‍ നിരവധി തവണ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നതാണ്. സ്വാതന്ത്ര്യാനന്തരചരിത്രം പരിശോധിച്ചാല്‍ ദീര്‍ഘവീക്ഷണവും കാഴ്ചപ്പാടുമുള്ള നിരവധിനേതാക്കള്‍ കോണ്‍ഗ്രസിലൂടെ വളര്‍ന്ന് കേരളത്തിന്റെ ഭരണസാരഥ്യം വഹിച്ചതായി കാണാം. പക്ഷേ ഇന്ന് കോണ്‍ഗ്രസിന്റെ സംസ്ഥാനനേതൃത്വം ദിശാബോധം നഷ്ടപ്പെട്ട് കാറ്റത്തുലയുന്ന വഞ്ചി പോലെയായി. കേരളത്തിലെ നിലവിലെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക സ്ഥിതി മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കഴിയുന്നില്ല. 2021ലെ പരാജയകാരണവും മറ്റൊന്നാണെന്ന് പറയാനാകില്ല. രണ്ടാം പിണറായിസര്‍ക്കാര്‍ ഒന്നാമത്തേതില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല. ഒന്നാം പിണറായി സര്‍ക്കാരിനെതിരെ അന്നത്തെ പ്രതിപക്ഷനേതാവ് നിരവധി അഴിമതി ആരോപണങ്ങളും ജനദ്രാഹകരമായ നിലപാടുകളും തുറന്നുകാട്ടി പോരാടി. എന്നിട്ടും 2021ല്‍ വിജയിക്കാനായില്ല. കാരണം ജനം കമ്മ്യൂണിസ്റ്റു സര്‍ക്കാരിന് പകരമായി കോണ്‍ഗ്രസിനെ കാണുന്നില്ല എന്നതാണ്. പരാജയത്തിന് മറ്റു പലകാരണങ്ങളും ഉണ്ടെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടി കേരളത്തിലും കൂടുതല്‍ ദുര്‍ബലപ്പെട്ടു എന്ന വസ്തുത നിഷേധിക്കാനാകില്ല. ഭാവിയില്‍ ആ ദൗര്‍ബല്യത്തിന് ആക്കം കൂടുകയേ ഉള്ളൂ. ആ അവസരം മുതലെടുത്ത് കേരളത്തിലെ ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെട്ട് ജനങ്ങളോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച് ബിജെപി നിര്‍ണായകശക്തിയായി മാറുമെന്ന് തീര്‍ച്ച.


ലോകരാഷ്ട്രീയത്തില്‍ പ്രകടമായ നിരവധി മാറ്റങ്ങള്‍ക്ക് കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനവും ഈ നൂറ്റാണ്ടിന്റെ ആദ്യവും സാക്ഷ്യം വഹിച്ചു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയിലൂടെ വര്‍ഗരാഷ്ട്രീയത്തിന് അവസാനമായി. ലോകം സ്വത്വ രാഷ്ട്രീയത്തിലേക്ക് (മതം, ദേശീയത എന്നിവയിലൂന്നി) തിരിഞ്ഞിരിക്കുന്നു. യൂറോപ്പിലെമ്പാടും കമ്മ്യൂണിസത്തിന് വലിയ തിരിച്ചടി നേരിട്ടു. ചൈന, ക്യൂബ, ഉത്തരകൊറിയ, ചില ലാറ്റിനമേരിക്കന്‍ നാടുകള്‍ എന്നിവിടങ്ങളില്‍ മാത്രമായി കമ്മ്യൂണിസം ചുരുങ്ങി. അതുപോലും മുതലാളിത്തത്തിന്റെ മറ്റൊരു പതിപ്പായിരിക്കുകയാണ്. ഈ സാഹചര്യത്തെ ദേശീയരാഷ്ട്രീയവുമായി ചേര്‍ത്തുവായിച്ചാല്‍ അങ്ങേക്ക് എന്താണ് പറയാനുള്ളത്?
♠കമ്മ്യൂണിസവും മാര്‍ക്‌സിസവും പരാജയപ്പെട്ട സിദ്ധാന്തങ്ങളാണെന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞു. ലോകത്ത് ഒരിടത്തും അത് വിജയിച്ചിട്ടില്ല. എന്തിന് ചൈനയില്‍ പോലും. ചൈനീസ് കമ്മ്യൂണിസ്റ്റുപാര്‍ട്ടി നേരിട്ട് അവിടെ കാര്യങ്ങള്‍ നിയന്ത്രിക്കുമ്പോള്‍ പോലും അവിടെ വളരെ ശക്തമായ സ്വകാര്യമേഖലയുണ്ട്. ചൈനീസ് സര്‍ക്കാര്‍ നേരിട്ട് രാജ്യാന്തരതലത്തില്‍ ഇടപെട്ട് അവര്‍ക്കുവേണ്ട സൗകര്യങ്ങള്‍ ചെയ്തു നല്കുന്നു. പിന്തുണ നല്കുന്നു. അവിടെ സ്‌റ്റേറ്റ് സ്‌പോണ്‍സര്‍ ചെയ്യുന്ന മുതലാളിത്തമാണ് നിലവിലുള്ളത്. സ്വതന്ത്ര ഇന്ത്യയുടെ തുടക്കത്തില്‍ നെഹ്‌റുവിയന്‍ സോഷ്യലിസമെന്ന സങ്കല്പം ഉണ്ടായിരുന്നു. അതിന് മാറ്റം വന്നത് 1991ലാണ്. അന്ന് അധികാരത്തിലേറിയ നരസിംഹറാവു സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍ സിംഗ് ആണ് ഇന്ത്യന്‍ വിപണിയെ സ്വതന്ത്രവും വിപുലവുമാക്കിയത്. ഉത്പാദനത്തിനും ഇറക്കുമതിക്കും കയറ്റുമതിക്കും ഒപ്പം അദ്ദേഹം പുനര്‍വിതരണശൃംഖലയും ശക്തിപ്പെടുത്തി. 90 കളുടെ തുടക്കത്തില്‍ നമ്മുടെ രാജ്യത്ത് ഏതാണ്ട് 40 ശതമാനത്തിനടുത്ത് പേര്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയായിരുന്നു. അന്ന് വിപണിയില്‍ വലിയ പൊളിച്ചെഴുത്ത് നടത്തിയെങ്കിലും ഈ അരികുവല്ക്കരിക്കപ്പെട്ട പിന്നാക്കവിഭാഗങ്ങളുടെ സാമൂഹ്യവും സാമ്പത്തികവുമായ സുരക്ഷിതത്വത്തിന് സര്‍ക്കാര്‍ മുന്‍ഗണന നല്കിയിരുന്നു. 1998ലും 99ലും അധികാരത്തിലേറിയ എ.ബി. വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരും ഇത് തുടര്‍ന്നു. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ ഉന്നമനത്തിന് നിരവധി പദ്ധതികളാണ് ആ സര്‍ക്കാരും ആവിഷ്‌കരിച്ച് നടപ്പാക്കിയത്.
2014ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ദുര്‍ബലജനവിഭാഗങ്ങളെ സംരക്ഷിക്കാനുള്ള സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രാജ്യത്തെ സമ്പദ്‌വ്യവസ്ഥ കുതിച്ചുയര്‍ന്നു. ഇന്ത്യ നാല് ട്രില്യണ്‍കോടി രൂപയുടെ സമ്പദ് വ്യവസ്ഥയിലേക്കാണ് വളര്‍ന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അടിസ്ഥാനസൗകര്യ വികസനത്തിന്റെ ഗതിവേഗം പതിന്മടങ്ങ് വര്‍ധിച്ചു. സാങ്കേതികവിദ്യയുടെ വളര്‍ച്ച വേഗപ്പെടുത്തുന്നതിനും അവ ഏകോപിപ്പിക്കുന്നതിനും വലിയ ഊന്നല്‍ നല്കി. ഉത്പാദനമേഖലയിലെ വളര്‍ച്ച ചരിത്രത്തില്‍ മുമ്പില്ലാത്തവണ്ണം കുതിച്ചുയര്‍ന്നു. മുമ്പ് നമുക്ക് രാജ്യത്തെമ്പാടുമായി 74 രാജ്യാന്തര വിമാനത്താവളങ്ങളാണ് ഉണ്ടായിരുന്നത്. എന്നാലിന്ന് അതിന്റെ ഇരട്ടി വിമാനത്താവളങ്ങളുണ്ട്. റെയില്‍വേ ലൈന്‍ ഇരിട്ടിപ്പിക്കുന്നതിലും വൈദ്യുതീകരിക്കുന്നതിലും നാം വളരെ മുന്നോട്ടുപോയി. മുമ്പുണ്ടായിരുന്നതിന്റെ ഇരട്ടിവളര്‍ച്ചയാണ് അവിടെയും രേഖപ്പെടുത്തിയിരിക്കുന്നത്. സ്വകാര്യമേഖലയിലെ വ്യാവസായിക വളര്‍ച്ചയ്ക്ക് മോദിസര്‍ക്കാര്‍ നല്കുന്ന സംഭാവന തുലനം ചെയ്യാനാകില്ല. അതോടൊപ്പം സമ്പത്തിന്റെയും ഉത്പന്നങ്ങളുടെയും പുനര്‍വിതരണത്തിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവന്ന് അത് ശക്തിപ്പെടുത്തി. സാമൂഹ്യ സുരക്ഷാപദ്ധതികള്‍ മുമ്പെങ്ങുമില്ലാത്തവിധം വര്‍ധിച്ചു. പ്രധാനമന്ത്രി ആവാസ് യോജനയുടെയും ശൗചാലയ നിര്‍മാണത്തിന്റെയും മാത്രം കണക്ക് എടുത്താല്‍ അദ്ഭുതാവഹമായ ഫലമാണ് ആ മേഖലയില്‍ ദര്‍ശിക്കാനാകുക. മൂന്നരക്കോടി ഭവനങ്ങളാണ് പ്രധാനമന്ത്രി ആവാസ് യോജന വഴി നിര്‍മ്മിച്ചത്. അത് അവിടെ നിര്‍ത്താതെ മുന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കുന്നു. സ്വച്ഛഭാരത് പദ്ധതി വഴി 11 കോടി ശൗചാലയങ്ങളാണ് രാജ്യത്ത് ഏറ്റവും ഒടുവില്‍ പുറത്തുവന്ന കണക്കുപ്രകാരം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്.
ജല്‍ജീവന്‍ മിഷന്‍ വഴി നാലുലക്ഷം കുടിവെള്ള പൈപ്പ് കണക്ഷനുകള്‍ നല്കി. ഡിജിറ്റലൈസേഷന്‍ രംഗത്ത് തലമുറമാറ്റം തന്നെ സംഭവിച്ചു. 50 കോടി പേര്‍ക്ക് സീറോ ബാലന്‍സ് ബാങ്ക് അക്കൗണ്ട് തുടങ്ങി. മാത്രമല്ല മുഴുവന്‍ ബാങ്ക് അക്കൗണ്ടുകളും അവരവരുടെ ആധാറുമായി ബന്ധിപ്പിച്ചു. ഇതിലൂടെ വിവിധ സബ്‌സിഡികള്‍ നേരിട്ട് അവകാശികളുടെ അക്കൗണ്ടിലെത്തിക്കാനും സാധിച്ചു. ഇടയ്ക്ക് സംഭവിക്കുന്ന ചോര്‍ച്ച ഇതിലൂടെ പരിപൂര്‍ണമായും ഒഴിവാക്കാനായി. കയറ്റുമതിയില്‍ മുമ്പെങ്ങുമില്ലാത്ത വളര്‍ച്ചയുണ്ടായി. സാങ്കേതികവിദ്യ വ്യാവസായിക ഉത്പാദന മേഖലകളില്‍ വലിയതോതില്‍ പ്രയോജനപ്പെടുത്തിയാണ് ഈ നേട്ടം കൈവരിച്ചത്. ഒപ്പം പുനര്‍ വിതരണമേഖലയിലെ ഫലപ്രദമായ ഇടപെടല്‍ കൂടിയായപ്പോള്‍ ഇത്രയും വലിയ ജനസംഖ്യയുള്ള രാജ്യം, നമ്മുടെ ഇന്ത്യ ലോകത്തിന് മാതൃകയായി. ഈ നേട്ടങ്ങളെല്ലാം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ശ്രമഫലമായാണ് ലഭിച്ചത്.
കോര്‍പ്പറേറ്റുകളെയും മുതലാളിത്തത്തെയും അമ്പേ തള്ളിക്കളഞ്ഞ് വിഭവസമാഹരണവും വിതരണവും കേന്ദ്രീകൃത സംവിധാനത്തിന് കീഴില്‍ കൊണ്ടുവരുന്ന കമ്മ്യൂണിസ്റ്റ്-മാര്‍ക്‌സിസ്റ്റ് പദ്ധതി എത്രകണ്ട് വിജയിക്കുമെന്ന് ഈ സാഹചര്യത്തില്‍ വിലയിരുത്താവുന്നതാണ്. ആധുനിക ലോകത്ത് ആ ആശയങ്ങള്‍ക്ക് ഇനി നിലനില്പുണ്ടോ എന്നുതന്നെ സംശയമാണ്. ചൈന ഇന്ന് അത് പിന്തുടരുന്നില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന ഇന്ത്യയിലെ ഏകസംസ്ഥാനമായ കേരളത്തില്‍ പോലും പാര്‍ട്ടി അവരുടെ പരമ്പരാഗതമായ നയങ്ങള്‍ പൂര്‍ണമായും തള്ളിക്കളഞ്ഞിരിക്കുന്നു. അവര്‍ സ്വകാര്യ മൂലധനത്തെയും വിദേശനിക്ഷേപത്തെയും പരമാവധി പ്രോത്സാഹിപ്പിക്കുന്നു. സ്വകാര്യമേഖലയോട് അവര്‍ പുറമെ അയിത്തം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ചില അടിസ്ഥാനപരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പരിശ്രമിക്കുന്നുണ്ട്. പക്ഷേ അടിസ്ഥാന ആശയങ്ങളില്‍ മാറ്റം വരുത്താതെ അവ പ്രായോഗികമാക്കാനാകില്ല.

ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനോടൊപ്പം
കേരളത്തിലും ഇടതുപക്ഷത്തിന് നേതൃത്വം നല്കുന്ന സിപിഎം ഇടത് അനുകൂലം മുസ്ലിം വോട്ടുബാങ്ക് സൃഷ്ടിച്ചിരിക്കുന്നു. അതിന്റെ ഭാഗമാണ് മുസ്ലിം ലീഗിനും തദ്വാരാ യുഡിഎഫിനും 2016ലും 2021ലും ഉണ്ടായ തിരിച്ചടി. അതേസമയം ദേശീയരാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും കേരളത്തിലെ മുസ്ലിങ്ങള്‍ പിന്തുണയ്ക്കുന്നുമുണ്ട്. പക്ഷേ അസംബ്ലി തിരഞ്ഞെടുപ്പില്‍ അതുണ്ടാകുന്നുമില്ല. മാത്രമല്ല കാലങ്ങളായുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ സര്‍ക്കാര്‍ ജീവനക്കാരടക്കമുള്ള വലിയൊരു വിഭാഗത്തിന്റെ പിന്തുണയും ഇടതുപക്ഷത്തിനുണ്ട്. ഇതെല്ലാം ഉപയോഗപ്പെടുത്തിയാണ് ഇടതുപക്ഷം ഭരണത്തുടര്‍ച്ച നേടിയത്. ഇത് കൂടുതല്‍ ശക്തമായി മുന്നോട്ടുപോകാനാണ് സാധ്യതയും. ഈ സങ്കീര്‍ണതയെ അങ്ങ് എങ്ങനെ കാണുന്നു ? നരേന്ദ്രമോദി മുന്നോട്ടുവയ്ക്കുന്ന വികസനരാഷ്ട്രീയം കൊണ്ട് സിപിഎം സൃഷ്ടിച്ചെടുത്ത ഈ ജനാധിപത്യവിരുദ്ധതയെ നേരിടാനാകുമോ?
♠കേരളത്തില്‍ 2016നും 21നും ഇടയ്ക്ക് സിപിഎം മികച്ചഭരണം കാഴ്ചവച്ചു എന്ന് ആരും പറയില്ല. 21ല്‍ സിപിഎമ്മിന് വോട്ടുചെയ്തവര്‍ക്കു പോലും ആ അഭിപ്രായം ഉണ്ടാ കുമെന്ന് തോന്നുന്നില്ല. പക്ഷേ കോണ്‍ഗ്രസിനെക്കാള്‍ മികച്ച ബദല്‍ സിപിഎമ്മാണെന്ന് വോട്ടര്‍മാര്‍ക്ക് തോന്നിയിട്ടുണ്ട്. ആ തോന്നല്‍ സൃഷ്ടിക്കാന്‍ ഇടതുപക്ഷത്തിന് പ്രത്യേകിച്ചും സിപിഎമ്മിന് കഴിഞ്ഞു. അതിന് നിരവധി കാരണങ്ങളുണ്ട്, കോണ്‍ഗ്രസിന്റെ ബലഹീനതകള്‍ അടക്കം. കോവിഡും ഒരു പ്രധാനകാരണമാണ്. ഒരുപക്ഷേ കോവിഡ് വന്നില്ലായിരുന്നെങ്കില്‍ കോണ്‍ഗ്രസിന് കുറേക്കൂടി മികച്ച പ്രകടനം കാഴ്ചവയ്ക്കാനായേനെ. ഏതാനും വര്‍ഷങ്ങളായി കേരളത്തിലെ രാഷ്ട്രീയരംഗത്ത് ചില പൊതുവായ പ്രവണതകള്‍ ഉരുത്തിരിഞ്ഞിട്ടുണ്ട്. അതിന്റെ ഫലമായി കോണ്‍ഗ്രസും സിപിഎമ്മും ചില വിഷയങ്ങളില്‍ പൊതുവായ നിലപാട് സ്വീകരിക്കുന്നു. ഞാന്‍ നേരത്തെ പറഞ്ഞ ബിബിസി – ദികേരള സ്‌റ്റോറി വിഷയത്തില്‍ ഈ രണ്ടുപാര്‍ട്ടികളും സ്വീകരിച്ച നിലപാട് ഒന്നാണ്. ബിബിസിക്ക് ആവിഷ്‌കാരസ്വാതന്ത്ര്യമുണ്ട്. അതിനാല്‍ അവരുടെ ഡോക്യുമെന്ററിക്ക് പ്രദര്‍ശനാനുമതി നല്കണം. പക്ഷേ കേരള സ്‌റ്റോറി പ്രദര്‍ശിപ്പിക്കാന്‍ പാടില്ല. അവിടെ മതേതരത്വം തകര്‍ക്കപ്പെടും മതസ്പര്‍ധ ഉണ്ടാകുമെന്നായിരുന്നു രണ്ടു കൂട്ടരുടെയും നിലപാട്. തങ്ങള്‍ മതേതരരാണെന്ന് നാഴികയ്ക്ക് നാല്പതുവട്ടം അവകാശപ്പെടുമെങ്കിലും ആ മതേതരത്വം പ്രത്യേക മതവിഭാഗത്തിന്റെ മുന്നില്‍ അടിയറവയ്ക്കുന്ന കാഴ്ചയാണ് കാണുന്നത്. ഒരുപക്ഷേ കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന വോട്ടര്‍മാര്‍ ഈ നിലപാടിനെ അംഗീകരിക്കുന്നുണ്ടാകില്ല.
കേരളം മാറിമാറി ഭരിച്ച ഇടത്-വലത് മുന്നണികള്‍ ചില പ്രത്യേക സാമ്പത്തികനയങ്ങള്‍ പിന്തുടരുന്നതായി കാണാം. ഇരുവര്‍ക്കും സാമ്പത്തികകാര്യത്തില്‍ പലപ്പോഴും സമാനചിന്തയാണുള്ളത്. സംസ്ഥാനം പലേ സാമൂഹ്യ സാമ്പത്തിക പ്രതിസന്ധികള്‍ നേരിടുന്നുണ്ട്. രാജ്യത്ത് സാമ്പത്തികരംഗത്ത് ഏറ്റവും പിന്നില്‍ നില്ക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ മൂന്നാംസ്ഥാനത്താണ് കേരളം. ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മ നേരിടുന്ന സംസ്ഥാനവും കൂടിയാണ്. ചെറുപ്പക്കാര്‍ കൂടുതലായി കേരളം വിടുന്നു. ഈ രണ്ടു കൂട്ടര്‍ക്കും ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക പദ്ധതികള്‍ ഒന്നും തന്നെയില്ല. പക്ഷേ ബിജെപി ഭരിക്കുന്ന മറ്റു പല സംസ്ഥാനങ്ങളുടെയും അവസ്ഥ ഇതല്ല. അവര്‍ കേന്ദ്രസര്‍ക്കാരുമായി ചേര്‍ന്ന് മികച്ച ഭരണമാണ് നടത്തുന്നത്. അവിടങ്ങളില്‍ ഡബിള്‍ എഞ്ചിന്‍ ഭരണം എന്നു പറഞ്ഞാല്‍ പൂര്‍ണമായും ശരിയാകും. സമ്പൂര്‍ണ സാക്ഷരതയും മികച്ച പ്രാഥമിക വിദ്യാഭ്യാസവും മികച്ച മാനവവിഭവശേഷിയും ഉള്ള കേരളത്തില്‍ പക്ഷേ ചെറുപ്പക്കാര്‍ക്ക് വളരാന്‍ അവസരങ്ങളില്ല. അതിനാല്‍ തൊഴിലില്ലായ്മ രൂക്ഷമായിരിക്കുന്നു. അവര്‍ മറ്റുവഴികള്‍ തേടുമെന്നത് സ്വാഭാവികം. അതാണ് കേരളം ഉപേക്ഷിച്ച് ചെറുപ്പക്കാര്‍ പ്രവാസം തേടുന്നതിന്റെ പ്രധാനകാരണം. ഇവിടെ ഇടതും വലതും പിന്തുടരുന്ന സാമൂഹ്യ സാമ്പത്തിക നയത്തോട് കേരളത്തിലെ ജനങ്ങള്‍ യോജിക്കുന്നില്ല. അതിനാല്‍ തന്നെ സാവധാനം ഇരുവരും കേരളത്തില്‍ നിന്ന് നിഷ്‌കാസനം ചെയ്യപ്പെടുമെന്ന് തീര്‍ച്ചയാണ്. ആ ഒഴിവിലേക്ക് തീര്‍ച്ചയായും ഭാരതീയ ജനതാപാര്‍ട്ടിക്ക് മികച്ച ബദലുമായി കടന്നുകയറാനാകും. കേന്ദ്രസര്‍ക്കാരിന്റെ കരുത്തുറ്റ പിന്തുണ അതിനു ലഭിക്കുമെന്ന് തീര്‍ച്ചയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ അത് രണ്ടുതവണ വ്യക്തമാക്കിയതാണ്. ത്രിപുരയിലെ തിരഞ്ഞെടുപ്പും ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗവും കഴിഞ്ഞപ്പോള്‍. ബിജെപി കേന്ദ്രനേതൃത്വം കേരളത്തെ കൃത്യമായി ലക്ഷ്യം വച്ചിട്ടുണ്ട്. അവര്‍ അതിനാല്‍ തന്നെ കൂടുതല്‍ ശ്രദ്ധ കേരളത്തിലേക്ക് നല്കും. കേരളത്തില്‍ പാര്‍ട്ടിക്ക് വലിയ സ്വാധീനമുണ്ട്. മികച്ച നേതൃത്വവും അണികളുമുണ്ട്. രണ്ടക്കസംഖ്യയിലേക്ക് പാര്‍ട്ടിയുടെ വോട്ട് ശതമാനം വളര്‍ന്നിരിക്കുന്നു. ഇനി ആകെയുള്ളത് സമയത്തിന്റെ ദൈര്‍ഘ്യം മാത്രമാണ്. സമീപഭാവിയില്‍ തന്നെ ബിജെപി കേരളത്തിലും അധികാരത്തിലെത്തും തീര്‍ച്ച. ത്രിപുരയിലും പശ്ചിമബംഗാളിലും തെലങ്കാനയിലും ഒക്കെ വളര്‍ന്നു പന്തലിച്ചതുപോലെ കേരളത്തിലും ബിജെപി നിര്‍ണായകശക്തിയായി ഭരണം പിടിക്കും.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കേരളത്തില്‍ നല്ല പ്രകടനം കാഴ്ചവയ്ക്കാനായിട്ടുണ്ട്. ശബരിമല യുവതീപ്രവേശനവിഷയത്തില്‍ ഇടതുസര്‍ക്കാരും വിശിഷ്യ സിപിഎമ്മും സ്വീകരിച്ച നിലപാട് കോണ്‍ഗ്രസിന് ഗുണം ചെയ്തു. രാഹുല്‍ഗാന്ധി വയനാട്ടില്‍ വന്ന് മത്സരിച്ചതും അനുകൂലമായി. പക്ഷേ ആ സാഹചര്യം ആ അനുകൂലാവസ്ഥ 2024ല്‍ കേരളത്തില്‍ ഇല്ല. ഇടതുപക്ഷത്തിന്റെ സ്ഥിതിയും മറിച്ചല്ല. 2016ലും 2021ലും വിജയിച്ചെങ്കിലും ഈ രണ്ടു സര്‍ക്കാരുകളും നിരവധി അഴിമതികളിലും വിവാദങ്ങളിലും പെട്ടു. സംസ്ഥാനസര്‍ക്കാര്‍ കൂടുതല്‍ കൂടുതല്‍ ജനദ്രോഹ നടപടികളിലേക്ക് നീങ്ങുകയാണ്. സര്‍ക്കാരിനെതിരായ ജനവിരുദ്ധവികാരം ശക്തവുമാണ്. ഭരണവിരുദ്ധതരംഗം കേരളത്തില്‍ ഇടതുസര്‍ക്കാരിനെതിരെ ശക്തമായി അലയടിക്കുന്നുണ്ട്. അത് വേണ്ടവിധം മുതലെടുക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നുമില്ല. അങ്ങനെയുള്ള സാഹചര്യം ബിജെപിക്ക് അനുകൂലമായിത്തീരും. പുതിയ കേരളത്തെ വരവേല്ക്കാന്‍ കേരളത്തിലെ യുവസമൂഹം പ്രതീക്ഷയോടെ കാത്തിരിക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ അത് നല്കാന്‍ ബിജെപിക്ക് അല്ലാതെ മറ്റാര്‍ക്ക് കഴിയും? ഇന്ന് കേരളം നേരിടുന്ന സാമൂഹ്യ സാമ്പത്തിക വെല്ലുവിളികള്‍ക്ക് അറുതിവരുത്തണം. കോണ്‍ഗ്രസിനും സിപിഎമ്മിനും അതിന് പദ്ധതികളൊന്നും തന്നെയില്ല. എന്നാല്‍ ബിജെപിക്ക് അതിന് കഴിയും. പ്രധാനമന്ത്രി നരേന്ദ്രമോദി അത് തെളിയിച്ചതാണ്. ബിജെപി ഭരിക്കുന്ന മറ്റു പല സംസ്ഥാനങ്ങളെ മാതൃകയാക്കി നമുക്കും വിജയിക്കാനാകും. സമഗ്രമായ ദേശീയ കാഴ്ചപ്പാടോടെ പ്രവര്‍ത്തിച്ചാല്‍ കേരളത്തിന്റെ അന്തരീക്ഷം മാറും. ഇനി അതിന് അധികകാലം കാത്തിരിക്കേണ്ടി വരില്ലെന്ന് തീര്‍ച്ച.