ഇരുനൂറില്‍പരം ഗ്രന്ഥങ്ങളുടെ കര്‍ത്താവായ ഒരു ഗവര്‍ണ്ണര്‍ ഭാരത ചരിത്രത്തില്‍ ബഹു. ഗോവ ഗവര്‍ണ്ണര്‍ പി.എസ്.ശ്രീധരന്‍പിള്ളയെപ്പോലെ മറ്റൊരാള്‍ ഉണ്ടെന്ന് തോന്നുന്നില്ല. രാജ്ഭവനെ ജനസേവനത്തിന്റെ കേന്ദ്രമാക്കി മാറ്റിയ, അക്ഷരവഴികളില്‍ അദ്ഭുതം സൃഷ്ടിക്കുന്ന അദ്ദേഹവുമായി നടത്തിയ
അഭിമുഖം
സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ സംസ്‌കാരം അങ്ങേയ്ക്ക് പൈതൃകമായി കിട്ടിയതാണ്. അങ്ങയുടെ പിതാവ് പ്രജാസോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. അങ്ങാകട്ടെ രാംമനോഹര്‍ ലോഹ്യയുടെ ചിന്തയില്‍ ആകൃഷ്ടനായി രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് കടന്നുവന്ന ആളുമാണ്. രാംമനോഹര്‍ ലോഹ്യയില്‍ നിന്നും ദീനദയാല്‍ ഉപാദ്ധ്യയിലേക്കുള്ള അങ്ങയുടെ രാഷ്ട്രീയ കാഴ്ചപ്പാടിന്റെ രൂപാന്തരണം എങ്ങനെ ആയിരുന്നു.
എന്റെ പിതാവ് പ്രജാസോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പ്രാദേശിക സെക്രട്ടറിയായിരുന്നതുകൊണ്ട് ചെറുപ്പത്തില്‍ തന്നെ ഒരു പൊതുപ്രവര്‍ത്തകന്റെ ജീവിതം എനിക്ക് അടുത്ത് പരിചയപ്പെടാന്‍ അവസരമുണ്ടായിട്ടുണ്ട്. പട്ടം താണുപിള്ളയുടെ പി.എസ്.പി. അന്ന് വളരെ സജീവമായ ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ്. എന്റേത് ഒരു സാധാരണ കര്‍ഷക കുടുംബമായിരുന്നെങ്കിലും ഒന്ന് രണ്ട് ദിനപ്പത്രങ്ങളെങ്കിലും വീട്ടില്‍ വരുത്തിയിരുന്നു. രാഷ്ട്രീയമുള്‍പ്പെടെയുള്ള പൊതു കാര്യങ്ങളെക്കുറിച്ചുള്ള അവബോധം ഞാനാര്‍ജ്ജിച്ചത് വിപുലമായ ഈ പത്രപാരായണത്തിലൂടെ ആയിരുന്നു. ഇക്കാലത്താണ് രാംമനോഹര്‍ ലോഹ്യയുടെയും പട്ടം താണുപിള്ളയുടെയും ഒക്കെ ചിന്തകളില്‍ ഞാന്‍ ആകൃഷ്ടനാകുന്നത്. ഏതാണ്ട് 1965 കളില്‍ ജനസംഘത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കേള്‍ക്കാനും പരമേശ്വര്‍ജിയെപ്പോലുള്ള ചിലരെയൊക്കെ പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവരായി കാണാനും കഴിഞ്ഞു. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ എന്നെ രൂപപ്പെടുത്തുന്നതിലും വളര്‍ത്തുന്നതിലും കേസരി വാരികയ്ക്ക് വലിയൊരു പങ്കുണ്ട്. ആശയ ചക്രവാളത്തിലേക്ക് പറന്നുയരുവാനും ദേശീയമായ കാഴ്ചപ്പാട് എന്നില്‍ വളര്‍ത്തുവാനും കേസരിക്കായി. എന്നുമാത്രമല്ല കോളേജ് വിദ്യാഭ്യാസ കാലത്ത് കേസരിയുടെ ഏജന്റായി പ്രവര്‍ത്തിക്കാനും വീടുവീടാന്തരം അത് എത്തിക്കാനും എനിക്കായി എന്നത് ഇന്ന് അഭിമാനത്തോടെ അനുസ്മരിക്കുകയാണ്. എന്റെ ഗ്രാമത്തിലെ ഊടുവഴികളിലൂടെ സൈക്കിളില്‍ കേസരി വിതരണത്തിന് ഞാന്‍ പോകുന്നത് ആദ്യമൊക്കെ വീട്ടുകാര്‍ക്ക് കുറച്ചിലായി തോന്നിയിരുന്നെങ്കിലും പിന്നീടവര്‍ക്ക് അതൊരു ദേശീയ നവോത്ഥാന പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് എന്ന് തിരിച്ചറിയാനായി. വളരെ ചെറുപ്പത്തില്‍ തന്നെ രാഷ്ട്രീയ സ്വയംസേവക സംഘത്തില്‍ ആകൃഷ്ടനായ ഞാന്‍ സംഘത്തിന്റെ മുഖ്യ ശിക്ഷകനായി പ്രവര്‍ത്തിച്ചുകൊണ്ടാണ് പൊതുപ്രവര്‍ത്തന ജീവിതത്തിന് തുടക്കം കുറിച്ചത്. എന്റെ ജീവിതത്തിന് ആദര്‍ശ ശുദ്ധിയും അച്ചടക്കവും പകര്‍ന്നു നല്‍കുവാന്‍ സംഘത്തിന്റെ പ്രവര്‍ത്തനം കൊണ്ട് കഴിഞ്ഞിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. പിന്നീട് ജനസംഘത്തിന്റെ സ്ഥാനീയ സമിതിയിലും അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ പന്തളം കോളേജ് യൂണിറ്റ് സെക്രട്ടറി എന്ന നിലയ്ക്കും പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്ന് അധികം പ്രവര്‍ത്തകരില്ലാത്തതുകൊണ്ട് ഒരേസമയം ഒന്നിലധികം ചുമതലകള്‍ ഏറ്റെടുത്ത് പ്രവര്‍ത്തിക്കേണ്ടി വന്നിട്ടുണ്ട്. രാഷ്ട്രീയ ബോധം ഉറയ്ക്കുന്ന സമയത്തു തന്നെ നെഹ്രൂവിയന്‍ ചിന്തകളും പദ്ധതികളും രാജ്യത്തിന് വലിയ പരിക്കുകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന തിരിച്ചറിവ് എന്നില്‍ രൂഢമൂലമായിരുന്നു. പന്തളം കോളേജില്‍ പഠിക്കുമ്പോള്‍ എല്ലാ വെള്ളിയാഴ്ചകളിലും കോളേജ് ശാഖയില്‍ ഞാന്‍ പോകുമായിരുന്നു. അന്ന് ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദേശസ്‌നേഹവും ദേശീയ ചിന്തയും പകര്‍ന്നു നല്‍കാനെത്തിയവര്‍ പില്‍ക്കാലത്ത് സംഘ പ്രസ്ഥാനങ്ങളുടെ മഹാരഥന്മാരായി മാറിയ പി.പരമേശ്വര്‍ജി, പി.മാധവ്ജി, ചന്ദ്രശേഖര്‍ജി, ഭാസ്‌ക്കര്‍ റാവുജി തുടങ്ങിയവരൊക്കെ ആയിരുന്നു. എന്നെപ്പോലുള്ളവരെ രൂപപ്പെടുത്തി എടുക്കുന്നതില്‍ ഇത്തരം മഹാത്മാക്കള്‍ ചെലുത്തിയ സ്വാധീനം ചെറുതല്ല. പില്‍ക്കാലത്ത് ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെയും കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെയും ഒക്കെ ചുമതലകളില്‍ പ്രവര്‍ത്തിക്കാനുള്ള സൗഭാഗ്യം ഉണ്ടായത് ഇത്തരം മഹാത്മാക്കളുടെ സ്വാധീനം ഒന്നുകൊണ്ട് മാത്രമായിരുന്നു.
ജനാധിപത്യ ഭാരതത്തില്‍ അടിയന്തരാവസ്ഥയിലൂടെ കോണ്‍ഗ്രസ് മനുഷ്യാവകാശങ്ങളെ അട്ടിമറിച്ചപ്പോള്‍ അതിനെതിരെയുള്ള പോരാട്ടങ്ങളില്‍ ആയിരങ്ങള്‍ അണിനിരന്നു. അങ്ങയെപ്പോലുള്ളവരുടെ യൗവനം അടിയന്തരാവസ്ഥയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ സജീവമായിരുന്നല്ലോ. അടിയന്തരാവസ്ഥയ്‌ക്കെതിരെയുള്ള സമരങ്ങളെ എങ്ങിനെയാണ് അനുസ്മരിക്കുന്നത്.
1969 കാലമാകുമ്പോഴേയ്ക്ക് ഞാന്‍ സംഘ പ്രവര്‍ത്തനത്തില്‍ സജീവമായിക്കഴിഞ്ഞിരുന്നു. അന്ന് സംഘ പ്രവര്‍ത്തകര്‍ക്കായുള്ള പ്രശിക്ഷണ ശിബിരം, ഒ.ടി.സി.പന്തളം എന്‍. എസ്.എസ് കോളേജില്‍ നടക്കുകയുണ്ടായി. ഒരു സ്വയംസേവകനെന്ന നിലയില്‍ ഞാന്‍ ശിബിരത്തിന്റെ ഭാഗമായി നിന്ന് പ്രവര്‍ത്തിക്കുക ഉണ്ടായിട്ടുണ്ട്. അതുപോലെ പാലക്കാട് നടന്ന ജനസംഘം സമ്മേളനത്തിലും പങ്കെടുക്കാന്‍ കഴിഞ്ഞു. കോഴിക്കോട് ലോ കോളേജില്‍ നിയമ വിദ്യാര്‍ത്ഥിയായി ഞാന്‍ ചേര്‍ന്ന് അധികം കഴിയും മുന്നെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുക ഉണ്ടായി. ജന്മഭൂമിയുടെ ഓഫീസ് ആക്രമിക്കപ്പെട്ടു. കേസരിയുടെ ഓഫീസ് അടച്ചുപൂട്ടുകയും പ്രവര്‍ത്തകര്‍ക്ക് ഒളിവില്‍ പോകേണ്ട സാഹചര്യം വരികയും ചെയ്തു. പലരേയും പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് ഞാന്‍ അത്ര സുപരിചിതനല്ലാതിരുന്നതുകൊണ്ട് അറസ്റ്റു ചെയ്യപ്പെട്ടവരെ ജയിലില്‍ സന്ദര്‍ശിക്കാനും മറ്റ് സഹായങ്ങള്‍ ചെയ്യാനും എനിക്ക് കഴിഞ്ഞിരുന്നു. ധാരാളം അനുഭവങ്ങളും ഓര്‍മ്മകളും അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട് എനിക്കുണ്ട്. ആന്റണി എന്ന പേരുള്ള ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു മുന്നിലായിരുന്നു പ്രചാരകന്മാരായ പെരച്ചേട്ടനേയും നാരായണ്‍ജിയേയും മറ്റും അറസ്റ്റ് ചെയ്ത് ഹാജരാക്കിയത്. പോസ്റ്റോഫീസ് ചുവരില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം എഴുതി എന്ന അടിസ്ഥാനരഹിതമായ ആരോപണമുന്നയിച്ചുകൊണ്ടായിരുന്നു അവരെ അറസ്റ്റ് ചെയ്തത്. എന്നാല്‍ യാതൊരു സങ്കോചവുമില്ലാതെ ഇവര്‍ ജയിലില്‍ കഴിഞ്ഞു കൂടി. രസകരമായ സംഗതി ആന്റണി എന്ന ജഡ്ജ് റിട്ടയര്‍ ചെയ്തതിനു ശേഷം ബി.ജെ.പിയില്‍ ചേര്‍ന്നു എന്നതാണ്. അടിയന്തരാവസ്ഥക്കെതിരെ കൂസലില്ലാതെ പ്രവര്‍ത്തിച്ച സംഘ പ്രവര്‍ത്തകരാല്‍ സ്വാധീനം ഉണ്ടായിട്ടാണ് താന്‍ ബിജെപിയിലേക്ക് വന്നതെന്ന് ചവറക്കാരനായ ആന്റണി പിന്നീട് അനുസ്മരിക്കുക ഉണ്ടായി. അടിയന്തരാവസ്ഥക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി എസ്.സേതുമാധവനെപ്പോലുള്ള മുതിര്‍ന്ന പ്രചാരകന്‍ കോഴിക്കോട് കേന്ദ്രമാക്കി പ്രവര്‍ത്തിച്ചത് ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നു. അടിയന്തരാവസ്ഥക്കെതിരെയുള്ള പ്രക്ഷോഭത്തില്‍ വിദ്യാര്‍ത്ഥികളുടെ ഒരു ബാച്ചിനെ നയിച്ചിരുന്നത് ഞാനായിരുന്നു. സംഘം നിരോധിക്കപ്പെട്ടിരുന്ന അക്കാലത്ത് അടിയന്തരാവസ്ഥക്കെതിരെയുള്ള സമരം എന്നവസാനിക്കുമെന്നു പോലും ആര്‍ക്കും നിശ്ചയമുണ്ടായിരുന്നില്ല. അരുണ്‍ ജറ്റ്‌ലിയുടെ ഓള്‍ ഇന്ത്യാ നേതൃത്വത്തിനു കീഴില്‍ അടിയന്തരാവസ്ഥക്കെതിരെ പോരാടാനുള്ള വിദ്യാര്‍ത്ഥി സംഘടനയുടെ കേരള സംസ്ഥാന ചുമതല എന്നെയായിരുന്നു ഏല്‍പ്പിച്ചിരുന്നത്. ഞാന്‍ അന്ന് അണ്ടര്‍ ഗ്രൗണ്ടില്‍ താമസിച്ചിരുന്നത് പുതിയ പാലത്ത് ഭാസ്‌ക്കരേട്ടന്‍ എന്ന മുതിര്‍ന്ന പ്രവര്‍ത്തകന്റെ വീട്ടിലായിരുന്നു.
തിരക്കേറിയ അഭിഭാഷകവൃത്തിയും സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും ശേഷം ഇപ്പോള്‍ ഉന്നതമായ ഭരണഘടനാ പദവിയില്‍ ഗവര്‍ണ്ണര്‍ എന്ന നിലയില്‍ സ്തുത്യര്‍ഹമായവിധം പ്രവര്‍ത്തിക്കുന്നു. ഈ തിരക്കുകള്‍ക്കിടയിലും ഇരുനൂറ് പുസ്തകങ്ങള്‍ അങ്ങ് എഴുതി പ്രസിദ്ധീകരിച്ച് കഴിഞ്ഞിരിക്കുന്നു. സാഹിത്യവഴിയിലെ അങ്ങയുടെ നേട്ടങ്ങളെ എങ്ങനെ നോക്കിക്കാണുന്നു.
പൊതുപ്രവര്‍ത്തകന്റെ വഴി നമ്മള്‍ സ്വയം തിരഞ്ഞെടുക്കുന്നതാണ്. ജനങ്ങളെ സേവിക്കലാണ് അതിന്റെ പരമോദ്ദേശ്യം. അവിടെ ജനങ്ങളാണ് പരമാധികാരി. ഏത് പൊതുപ്രവര്‍ത്തകനും ജനങ്ങള്‍ക്ക് താഴെയാണ്. ഏത് ഭരണഘടനാ പദവി വഹിക്കുന്ന ആളും ഭാരതത്തിലെ ജനങ്ങള്‍ക്കു താഴെയാണ്. ആ ചിന്ത എന്നിലേക്ക് കടത്തിവിട്ടത് രാഷ്ട്രീയ സ്വയംസേവക സംഘവും ജനസംഘവുമാണ്. അക്കാദമിക യോഗ്യതകളേക്കാള്‍ അനുഭവയോഗ്യതകള്‍ എനിക്ക് ഇക്കാര്യത്തില്‍ ഉണ്ട്. 1972 ല്‍ പന്തളം എന്‍.എസ്.എസ് കോളേജില്‍ പഠിക്കുമ്പോള്‍ ഞാന്‍ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചു. അക്കാലത്ത് എബിവിപിക്ക് ഒരു ജനറല്‍ സീറ്റ് കിട്ടുക എന്നത് നിസ്സാര സംഗതിയല്ല. മലയാളം ഐച്ഛിക വിഷയമായും സെക്കന്റ് ലാംഗ്വേജ് ആയും എടുത്തവരുടെ പ്രതിനിധിയായിരുന്നു ഞാന്‍. അതുകൊണ്ട് സാഹിത്യരചനകള്‍ ശേഖരിക്കാനും എഴുതാനും എഡിറ്റ് ചെയ്യാനും ഒക്കെയുള്ള ചുമതല എനിക്ക് വന്നുചേര്‍ന്നു. എഴുത്തിന്റെ വഴിയിലേക്ക് ഞാന്‍ എത്തിപ്പെടുന്നത് ഇങ്ങനെയാണെന്ന് പറയാം. ആദ്യകാലത്ത് എഴുതിയ കഥയും കവിതയും നാടകവുമെല്ലാം അടിയന്തരാവസ്ഥയുടെ സമയത്ത് വീട്ടുകാര്‍ തന്നെ നശിപ്പിക്കുകയുണ്ടായി. രേഖകള്‍ ഒന്നും പോലീസ് പിടിയിലാകേണ്ടന്നു കരുതി വീട്ടുകാര്‍ ചെയ്തതാണെങ്കിലും ഫലത്തില്‍ എന്റെ ആദ്യകാല രചനകള്‍ എല്ലാം നഷ്ടപ്പെടാന്‍ ഇത് കാരണമായി. 1975 ലെ ലോ കോളേജ് തിരഞ്ഞെടുപ്പില്‍ ഞാന്‍ മാഗസിന്‍ എഡിറ്ററായി തിരഞ്ഞെടുക്കപ്പെട്ടു. അതിനടുത്ത കൊല്ലം ലോകോളേജ് വൈസ് ചെയര്‍മാനായി ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് മൂന്നു തവണ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇതെല്ലാം എഴുത്തും വായനയിലേക്കും കൂടുതല്‍ സജീവമാക്കാന്‍ എന്നെ സഹായിക്കുകയാണ് ചെയ്തത്. എന്നിലെ എഴുത്തുകാരനെ വളര്‍ത്തുന്നതില്‍ കേസരി വാരികയ്ക്കും വലിയൊരു പങ്കുണ്ട്. കാര്യവിചാരം എന്നൊരു പംക്തി തന്നെ കേസരിയില്‍ കുറച്ചു കാലം ഞാന്‍ കൈകാര്യം ചെയ്തിരുന്നു. അതു പോലെ ജന്മഭൂമി ദിനപ്പത്രത്തിലും പത്തു മുപ്പതു വര്‍ഷക്കാലം എഴുതിയിരുന്നു. വക്കീല്‍ ഡയറി, രാഷ്ട്രീയ ഡയറി, രാജനൈതികം തുടങ്ങിയ എന്റെ കോളങ്ങള്‍ക്ക് ധാരാളം വായനക്കാരുണ്ടായിരുന്നു. വിരുദ്ധ ചേരികളുടെ പ്രസിദ്ധീകരണങ്ങളും ഞാന്‍ വ്യാപകമായി വായിച്ചിരുന്നു. രാജനൈതികം പോലുള്ള കോളങ്ങള്‍ കൈകാര്യം ചെയ്യാന്‍ എന്റെ പരന്ന വായന സഹായകമായിട്ടുണ്ടെന്നു വേണം പറയാന്‍. പത്രം വായിക്കുമ്പോള്‍ സ്‌ട്രൈക്കു ചെയ്യുന്ന പ്രധാന കാര്യങ്ങള്‍ അപ്പോള്‍ തന്നെ നോട്ട് ചെയ്ത് സൂക്ഷിക്കുന്നത് എന്റെ ശീലമായിരുന്നു. ഇത് പലപ്പോഴും പിന്നീട് കവിതയ്ക്കും കഥയ്ക്കും ഒക്കെയുള്ള പ്രചോദന ബിന്ദുക്കളായി മാറിയിട്ടുണ്ട്. എന്നെ സംബന്ധിച്ച് എഴുത്തു പോലെ തന്നെ പ്രധാനമാണ് വായനയും. എന്തുകൊണ്ട് എഴുതുന്നു എന്നു ചോദിച്ചാല്‍ എഴുതാതിരിക്കാന്‍ വയ്യാത്തതു കൊണ്ട് എന്നു പറയേണ്ടി വരും. ഒരു സമൂഹത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുന്നതില്‍ എഴുത്തിനും വായനയ്ക്കും വലിയ പങ്കുണ്ടെന്നു വിശ്വസിക്കുന്ന ആളാണ് ഞാന്‍. പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാനും അവരുടെ കൃതികള്‍ പ്രസിദ്ധീകരിക്കാനും ഞാന്‍ എന്നാലാവും വിധം സഹായങ്ങള്‍ ചെയ്യാറുണ്ട്. കാലത്തെ അതിജീവിക്കുന്നത് എഴുത്ത് മാത്രമാണ്. ഷേക്‌സ്പിയറെയും കാളിദാസനെയും എല്ലാവരും അറിയുന്നു, ഓര്‍ത്തിരിക്കുന്നു. എന്നാല്‍ അവരുടെ കാലത്തെ ഭരണാധികാരിമാരെയും ചക്രവര്‍ത്തിമാരെയും ആരെങ്കിലും ഇപ്പോള്‍ ഓര്‍ത്തിരിക്കാറുണ്ടോ. എഴുത്തിന്റെ വഴിയില്‍ നിരവധി പ്രതിഭകളുടെ പ്രോത്സാഹനവും സഹായവും എനിക്ക് കിട്ടിയിട്ടുണ്ട്. ഉദാഹരണത്തിന് എം.ടി.വാസുദേവന്‍ നായര്‍. വൃത്ത നിബദ്ധമായ കവിതകളെ മാത്രം പ്രോത്സാഹിപ്പിക്കാറുള്ള എം.ടി. അത്ര കര്‍ക്കശമായി വൃത്തംദീക്ഷിക്കാത്ത എന്റെ ‘കാലദാനം’ എന്ന കവിതാസമാഹാരത്തിന് അവതാരിക എഴുതി എന്നെ അനുഗ്രഹിച്ചു. പിന്നീട് വീരേന്ദ്രകുമാര്‍ എന്റെ രണ്ടാമത്തെ കവിതാസമാഹാരത്തിന് അവതാരിക എഴുതി തന്നു. പെരുമ്പടവം ശ്രീധരനും അബ്ദുള്‍ സമദ് സമദാനിയും എന്റെ കൃതികള്‍ക്ക് അവതാരിക എഴുതിത്തന്ന് എന്നെ ധന്യനാക്കി. സുകുമാര്‍ അഴീക്കോടും പരമേശ്വര്‍ജിയുമൊക്കെ എന്റെ ഗ്രന്ഥങ്ങള്‍ക്ക് അവതാരിക എഴുതി എന്നെ അനുഗ്രഹിച്ചവരാണ്. പൊതുവെ അവതാരികകള്‍ ആര്‍ക്കും എഴുതാത്ത ടി.പത്മനാഭന്‍ എന്റെ ഒരു കഥാസമാഹാരത്തിന് അവതാരിക എഴുതി തരികയുണ്ടായി. സി.രാധാകൃഷ്ണന്‍ സാര്‍ എന്റെ ഇംഗ്ലീഷ് കവിതയ്ക്ക് എഴുതിയ അവതാരികയില്‍ കീറ്റ്‌സിന്റെ കവിതകളോട് എന്റെ കവിതകളെ ഉപമിച്ചതിനപ്പുറം എന്താണ് വേറൊരനുഗ്രഹം ലഭിക്കാന്‍. അതിനപ്പുറം എന്ത് പുരസ്‌കാരമാണ് വേണ്ടത്. എന്റെ എഴുത്തു വഴികളിലെ വിജയത്തിന് കാരണം നിരന്തരമായ കഠിനാധ്വാനം തന്നെയെന്ന് കരുതാനാണ് എനിക്കിഷ്ടം.
സാറിന്റെ എഴുത്തിന്റെ ഒരു സവിശേഷതയായി തോന്നിയിട്ടുള്ളത് ഒരേസമയം സര്‍ഗ്ഗാത്മക സാഹിത്യവും വൈജ്ഞാനിക സാഹിത്യവും അങ്ങേയ്ക്ക് വഴങ്ങുന്നു എന്നുള്ളതാണ്. ഈ രണ്ടു ധാരയിലും ഒരേപോലെ തിളങ്ങാന്‍ എങ്ങിനെയാണ് സാധിക്കുന്നത്.
സര്‍ഗ്ഗാത്മക സാഹിത്യവും വൈജ്ഞാനിക സാഹിത്യവും പരസ്പര പൂരകങ്ങളാണെന്ന് കരുതുന്ന ആളാണ് ഞാന്‍. ചെറുപ്പത്തിലേ വായനാശീലമുണ്ടായിരുന്നതുകൊണ്ട് പലപ്പോഴും ദിനപ്പത്രവാര്‍ത്തകളുടെ ഉറവിടം തേടുന്ന ശീലം പോലും എനിക്കുണ്ടായിരുന്നു. ഈ അന്വേഷണത്വര പലപ്പോഴും എന്റെ എഴുത്തിന് മുതല്‍ക്കൂട്ടായിട്ടുണ്ട്. ഉദാഹരണത്തിന് എന്റെ ഇരുനൂറാമത്തെ പുസ്തകമായ വാമന്‍ വൃക്ഷ കല, ഞാന്‍ ഗോവയിലെ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ കിട്ടിയ വാക്കാണ്. ബോണ്‍സായ് എന്ന കുള്ളന്‍മരങ്ങള്‍ക്ക് സംസ്‌കൃത നാമമുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. ഗോവയിലെ ഒരു സാധാരണ മനുഷ്യനാണ് ബോണ്‍സായ് വൃക്ഷങ്ങള്‍ വളര്‍ത്തുന്നതിന് ഭാരതീയ സംജ്ഞ വാമന്‍ വൃക്ഷ കല എന്നാണ് എന്ന് എന്നെ പഠിപ്പിച്ചത്. അതിനെ സമര്‍ത്ഥിക്കാന്‍ അദ്ദേഹം അയ്യായിരം വര്‍ഷങ്ങള്‍ക്കു മുന്നെ ഉള്ള സംസ്‌കൃത ശ്ലോകവും ചൊല്ലിക്കേള്‍പ്പിച്ചു. അത് എന്നെ സംബന്ധിച്ച് ചില പുതിയ അറിവുകള്‍ പകര്‍ന്നു. അതില്‍ നിന്നും ഉണ്ടായതാണ് എന്റെ ഇരുനൂറാമത്തെ പുസ്തകമായ വാമന്‍ വൃക്ഷകല. അപ്പോള്‍ അതൊരു വൈജ്ഞാനിക സാഹിത്യമായി. അതുപോലെ തന്നെ പെട്ടെന്നുണ്ടാകുന്ന യാദൃച്ഛിക പ്രചോദനങ്ങളില്‍ നിന്നാണ് എന്റെ സര്‍ഗ്ഗാത്മക സാഹിത്യ കൃതികള്‍ പലതും ഉണ്ടായിരിക്കുന്നത്. എന്റെ പുതിയ കഥാസമാഹാരമായ ‘തത്ത വരാതിരിക്കില്ല’ എന്ന പുസ്തകത്തിലെ പ്രധാന കഥയുടെ ബീജം എന്റെ മനസ്സില്‍ ഊറിക്കൂടിയത് ഒരു ചെറിയ സംഭവത്തില്‍ നിന്നാണ്. മിക്ക ദിവസങ്ങളിലും ജോലിത്തിരക്കുകള്‍ കഴിഞ്ഞാല്‍ കടലിനഭിമുഖമായ രാജ്ഭവന്റെ മട്ടുപ്പാവില്‍ പോയി കടലിലേക്ക് നോക്കി ഇരിക്കുന്ന ശീലമെനിക്കുണ്ടായിരുന്നു. ഒരു ദിവസം അങ്ങനെയിരിക്കുമ്പോള്‍ ഒരു തത്ത വന്ന് എന്റെ തോളില്‍ ഇരുന്നു. വളരെ ഇണക്കവും പരിചയവുമുളളതുപോലെയായിരുന്നു അത് പെരുമാറിയത്. ഒരു നിമിഷം അതെന്റെ മുത്തശ്ശിയുടെ ആത്മാവാണെന്ന ഒരു ചിന്ത എന്റെ മനസ്സില്‍ കടന്നുകൂടി. ബാല്യത്തില്‍ സന്ധ്യാസമയത്ത് ഇരുന്നുറങ്ങിയാല്‍ തട്ടി വിളിച്ച് സന്ധ്യാനാമം ചൊല്ലാന്‍ പറഞ്ഞിരുന്ന മുത്തശ്ശിയുടെ ഓര്‍മ്മകള്‍ എന്റെ ഉള്ളില്‍ ഉണര്‍ന്നു. അത് ഒരു കഥാരൂപം കൈവരിച്ചതാണ് തത്തവരാതിരിക്കില്ല എന്ന കൃതി. അതുപോലെ വിമോചന സമരകാലത്ത് ക്രിസ്ത്യാനികളും ഉയര്‍ന്ന ജാതി വിഭാഗക്കാരുമെല്ലാം ചേര്‍ന്ന് വോട്ട് ചെയ്യാന്‍ പോയി എന്ന കുറ്റത്തിന് ഒരു സാധു പുലയ സമുദായാംഗത്തെ എന്റെ ഗ്രാമത്തില്‍ കൊലപ്പെടുത്തുക ഉണ്ടായി. ഈ സംഭവം പിന്നീട് ഞാനൊരു കഥയായി എഴുതുക ഉണ്ടായി. അതുപോലെ വീണുപോയ ഒരാല്‍മരത്തെച്ചൊല്ലി രണ്ട് കരയോഗക്കാര്‍ തമ്മിലുണ്ടായ പ്രശ്‌നങ്ങള്‍ എന്നില്‍ ഒരു കഥയായി രൂപാന്തരപ്പെട്ടു. ഇങ്ങനെ നിത്യജീവിതത്തില്‍ എന്റെ പരിചയ സീമയില്‍ വരുന്ന കാര്യങ്ങളാണ് ഞാന്‍ കഥയായും കവിതയായുമൊക്കെ രേഖപ്പെടുത്തി വയ്ക്കുന്നത്.
ജനപ്രതിനിധിയായിരിക്കുന്ന ഒരാള്‍ക്ക് സാമൂഹ്യ സേവനത്തിനുള്ള അവസരങ്ങള്‍ കൂടുതലാണ്. എന്നാല്‍ ഗവര്‍ണ്ണര്‍ പോലൊരു ഭരണഘടനാ പദവിയിലിരുന്നുകൊണ്ട് ജനസേവനം ചെയ്യാന്‍ താഴെത്തട്ടിലേക്ക് ഇറങ്ങിച്ചെല്ലുവാന്‍ അങ്ങേയ്ക്ക് കഴിയുന്നുണ്ട്. ഗവര്‍ണ്ണര്‍ എന്ന പദവിയ്ക്കു തന്നെ പുതിയ മാനങ്ങള്‍ നല്‍കുവാന്‍ അങ്ങയുടെ ഈ പ്രവര്‍ത്തനങ്ങള്‍ക്കാവുന്നു എന്നു പറഞ്ഞാല്‍?
എന്റെ ഇരുനൂറാം പുസ്തകം പ്രകാശനം ചെയ്യാന്‍ വന്ന ബഹുമാനപ്പെട്ട ഉപരാഷ്ട്രപതിയും ഇതേ അഭിപ്രായം പറയുകയുണ്ടായി. പ്രോട്ടോക്കോള്‍ ജനസേവനത്തിന് തടസ്സമാകാന്‍ പാടില്ലെന്ന അഭിപ്രായക്കാരനാണ് ഞാന്‍. 1967 കാലഘട്ടത്തില്‍ ജനസംഘത്തിന് മന്ത്രിമാരുണ്ടായി. അവര്‍ പ്രോട്ടോക്കോള്‍ നോക്കാതെ പരമപൂജനീയ ഗുരുജിയെ പോയിക്കണ്ട് ഉപദേശങ്ങള്‍ തേടിയിരുന്നു. മഹാത്മജിയെ കണ്ട് ഉപദേശം തേടുവാന്‍ പ്രധാനമന്ത്രിയായിരുന്ന നെഹ്രു വാര്‍ദ്ധാ ആശ്രമത്തിലേയ്ക്ക് പോയിരുന്നു. ജയപ്രകാശ് നാരായണനെ കാണേണ്ടി വരുമ്പോള്‍ പ്രധാനമന്ത്രിയായിരുന്ന മൊറാര്‍ജി ദേശായി പ്രോട്ടോക്കോള്‍ പരിഗണിക്കാതെ പാറ്റ്‌നയില്‍ അദ്ദേഹത്തിന്റെ സവിധത്തിലേയ്ക്ക് പോയിരുന്നു. ഈ പദവിയിലിരുന്നുകൊണ്ട് പ്രോട്ടോക്കോളിനെതിരെ ഞാന്‍ സംസാരിക്കാന്‍ പാടില്ലാത്തതാണ്. പക്ഷെ ആത്യന്തികമായി മനുഷ്യര്‍ക്കു വേണ്ടിയാണ് ഈ സംവിധാനമെല്ലാം എന്ന ചിന്ത നമുക്കുണ്ടാവണം. സാധാരണ ഗവര്‍ണ്ണര്‍മാരെ ഫോണ്‍ ചെയ്താല്‍ ഗവര്‍ണ്ണര്‍ നേരിട്ട് ഫോണ്‍ എടുക്കാന്‍ പാടില്ല, എ.ഡി.സിമാരെ ഫോണെടുക്കാവു എന്നൊരു കീഴ്‌വഴക്കമുണ്ട്. എന്നാല്‍ ഏത് അര്‍ദ്ധരാത്രിയിലും ആര് വിളിച്ചാലും ഞാന്‍ഫോണെടുക്കാറുണ്ട്. അതിനു കാരണം ഗവര്‍ണ്ണര്‍ പദവി ജനസേവനത്തിന് എനിക്ക് ലഭിച്ച അംഗീകാരമായിട്ടാണ് ഞാന്‍ കാണുന്നത് എന്നതുകൊണ്ടാണ്. ജനങ്ങളെ മറന്നു കൊണ്ട് എനിക്കൊരിക്കലും ജീവിക്കാനാവില്ല. ചെങ്ങന്നൂരില്‍ ഞാന്‍ ചെറിയ വോട്ടിന്റെ വ്യത്യാസത്തിലാണ് പരാജയപ്പെട്ടത്. അന്ന് ഞാന്‍ തോറ്റിരുന്നില്ലെങ്കില്‍ ഗവര്‍ണ്ണറാകാന്‍ കഴിയുമോ (ചിരിക്കുന്നു). കാലപ്രവാഹത്തിലെത്തിച്ചേരുന്നതാണ് ഈ പദവികള്‍ എല്ലാം. ഒരിക്കലും ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കണമെന്ന് വിചാരിച്ച ആളല്ല ഞാന്‍. ഞാന്‍ ഒരു പദവിയും നാളിതുവരെ സംഘടനാ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടില്ല. കാരണം ഞാനൊരു സ്വയംസേവകനാണ്. നമ്മുടെ സംഘ സംസ്‌കാരം സ്ഥാനനിഷ്ഠമല്ല. പക്ഷെ പ്രസ്ഥാനം എന്നില്‍ വിശ്വാസമര്‍പ്പിച്ച് പല ചുമതലകളും ഏല്‍പ്പിച്ചു. എന്നാല്‍ ആവുംവിധമെല്ലാം ആ ചുമതലകളോട് നീതി പുലര്‍ത്താന്‍ ശ്രമിച്ചിട്ടുമുണ്ട്. അഭിഭാഷകന്‍ എന്ന നിലയിലും, എഴുത്തുകാരന്‍ എന്ന നിലയിലും രാജനൈതിക രംഗത്തും എന്നെ വളര്‍ത്തുന്നത് എന്റെ പ്രസ്ഥാനമാണ് എന്ന് എനിക്ക് തികഞ്ഞ ബോധ്യമുണ്ട്. ഒരു കുഗ്രാമത്തില്‍ ജനിച്ച ഞാന്‍ ഇന്നീ നിലകളില്‍ എത്തിയതിന്റെ പിന്നില്‍ എന്റെ പ്രസ്ഥാനം തന്നെയാണ്. അതുകൊണ്ട് ഒരിക്കലും ഞാന്‍ പ്രസ്ഥാനത്തിന്റെ രീതി മര്യാദകളെയും ചട്ടക്കൂടിനേയും ലംഘിക്കില്ല.
അങ്ങ് ഗവര്‍ണ്ണര്‍ എന്ന പദവിയിലിരുന്നുകൊണ്ട് ഏതാണ്ട് രണ്ടേമുക്കാല്‍ കോടിയോളം രൂപ സാധാരണക്കാരുടെ ഉന്നമനത്തിനായി ചിലവഴിച്ചു എന്നാണ് മനസ്സിലാകുന്നത്. ഇത്തരം ഗുണഭോക്താക്കളെ കണ്ടെത്താന്‍ അങ്ങവലംബിക്കുന്ന മാര്‍ഗ്ഗം എന്താണ്.
ഗോവ ഗവര്‍ണ്ണര്‍ എന്നതിനുമപ്പുറം ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍ എന്ന മനോഭാവത്തോടെ ഈ സംസ്ഥാനത്തിലെ ഗ്രാമാന്തരങ്ങളിലേക്കെത്താന്‍ ഞാന്‍ ബോധപൂര്‍വ്വം പരിശ്രമിച്ചിട്ടുണ്ട്. അത്തരം യാത്രകളില്‍ ഈ പ്രദേശത്തിന്റെ സംസ്‌കാരവും ജനജീവിതവും അടുത്ത് പരിചയപ്പെടാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. ഭരണ പ്രതിപക്ഷ ഭേദമില്ലാതെ ജനപ്രതിനിധികളുടെ സഹായത്തോടെ ദുരിതമനുഭവിക്കുന്നവരെയും രോഗികളെയും കണ്ടെത്താനും അവര്‍ക്ക് എന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ട് ചെയ്യാവുന്ന സഹായങ്ങള്‍ ചെയ്യാനും ഞാന്‍ ശ്രദ്ധിക്കാറുണ്ട്. മതാതീതമായി എല്ലാ ചാരിറ്റബിള്‍ സംഘടനകളുടെയും സഹായത്തോടെ അര്‍ഹിക്കുന്നവര്‍ക്ക് സഹായമെത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഡയാലിസിസ് ചെയ്യുവാന്‍ ഇരുപത്തയ്യായിരം രൂപ വച്ച് നിരവധി രോഗികള്‍ക്ക് നല്‍കാന്‍ കഴിഞ്ഞത് വലിയൊരു സഹായമായി പലരും പറയുകയുണ്ടായി. പോര്‍ച്ചുഗീസുകാരുടെ കാലം മുതല്‍ ഭരണ സിരാകേന്ദ്രമായിരുന്ന ഈ രാജ്ഭവന്‍ മന്ദിരത്തിലേക്ക് സാധാരണക്കാര്‍ക്ക് കടന്നുവരിക എന്നത് ദുഷ്‌ക്കരമായിരുന്നു. ഞാന്‍ അത്തരം നിയന്ത്രണങ്ങളില്‍ വിശ്വസിക്കാത്തതുകൊണ്ട് പൊതുജനങ്ങള്‍ക്ക് ഇവിടെ പ്രവേശന സ്വാതന്ത്യം നല്‍കി. സ്‌നേഹവും വിനയവും കൊണ്ട് മനുഷ്യ ഹൃദയങ്ങള്‍ കീഴടക്കാന്‍ കഴിയുമെന്ന വിശ്വാസക്കാരനാണ് ഞാന്‍. ഗോവയില്‍ എത്തുന്നതിനു മുമ്പ് ഞാന്‍ ഗവര്‍ണ്ണറായി പ്രവര്‍ത്തിച്ച മിസ്സോറാം എണ്‍പത്താറു ശതമാനം ക്രൈസ്തവ വിശ്വാസികള്‍ ഉണ്ടായിരുന്ന സംസ്ഥാനമാണ്. ഞാന്‍ അവിടെ ചാര്‍ജെടുക്കാന്‍ ചെല്ലുന്ന ദിവസം പ്രതിഷേധ ദിനമായിരുന്നു. ഹിന്ദു ഫണ്ടമെന്റലിസ്റ്റായ ഗവര്‍ണ്ണര്‍ വരുന്നു എന്നാരോപിച്ചു കൊണ്ടായിരുന്നു പ്രതിഷേധം. പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് ഉള്‍പ്പെടെ അതിനു പിന്നിലുണ്ടായിരുന്നു. എന്നാല്‍ ആറു മാസത്തിനുള്ളില്‍ അഞ്ച് തവണ മുഖ്യമന്ത്രിപദവിയിലിരുന്ന അവിടുത്തെ കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷന്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്തായി മാറി. അദ്ദേഹത്തിന്റെ വീട്ടില്‍ ഒരു കേക്കുണ്ടാക്കിയാലോ കുളത്തില്‍ നിന്ന് മീന്‍പിടിച്ചാലോ അതിലൊരു പങ്ക് എനിക്ക് കൊടുത്തു വിടുന്നിടം വരെ ഞങ്ങളുടെ സൗഹൃദം വളര്‍ന്നു. അസാധ്യം എന്നൊരു വാക്ക് ഒരു പൊതു പ്രവര്‍ത്തകന്റെ നിഘണ്ടുവില്‍ ഉണ്ടാകാന്‍ പാടില്ലെന്ന പക്ഷക്കാരനാണ് ഞാന്‍. സ്‌നേഹം കൊണ്ട് കീഴടക്കാന്‍ കഴിയാത്ത മനുഷ്യഹൃദയങ്ങളില്ല. എന്നെ അവിടുന്ന് യാത്രയയക്കുമ്പോള്‍ ഞങ്ങള്‍ക്ക് നല്ലൊരു ഗവര്‍ണ്ണറെ നഷ്ടപ്പെട്ടു എന്ന് പറഞ്ഞ് അദ്ദേഹം സങ്കടപ്പെടുക ഉണ്ടായി. ഒരു ജനാധിപത്യക്രമത്തില്‍ ആരെയും ശത്രുക്കളായി കാണേണ്ടതില്ല എന്ന പക്ഷക്കാരനാണ് ഞാന്‍. രാജ്യദ്രോഹം പോലുള്ള കാര്യങ്ങളോട് നാം സന്ധി ചെയ്യാന്‍ പാടില്ല. ബാക്കി എല്ലാ വിയോജിപ്പുകളെയും സ്‌നേഹം കൊണ്ട് ഇല്ലാതാക്കാവുന്നതേ ഉള്ളു.