വിശ്വഹിന്ദുപരിഷത്ത് അന്താരാഷ്ട്ര സെക്രട്ടറി ജനറല്‍ മിലന്ദ് പരാന്ദേ കേരള സന്ദര്‍ശനത്തിനിടയില്‍ കേസരിക്ക് അനുവദിച്ച അഭിമുഖം
ഇന്നത്തെ അവസ്ഥയില്‍ ലോകം മുഴുവന്‍ ഭാരതത്തെ പ്രത്യാശയോടെ വീക്ഷിക്കുകയാണ്. അതുകൊണ്ടുതന്നെ രാജ്യത്തിനും വിശ്വഹിന്ദു പരിഷത് പോലുള്ള ദേശീയ സംഘടനകള്‍ക്കും ഉത്തരവാദിത്തങ്ങള്‍ ഏറുകയാണ്. ഇതിനെപ്പറ്റി എന്താണ് താങ്കളുടെ അഭിപ്രായം?
♠ഭാരതത്തെ സംബന്ധിച്ചിടത്തോളം ഇതൊരു ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കാലമാണ്. ഓരോ പൗരനും ഓരോ സംഘടനയും ഈ ഉയിര്‍ത്തെഴുനേല്‍പ്പിലേക്ക് അവരവരുടെ സംഭാവനകള്‍ നല്‍കേണ്ടതുണ്ട്. നാമോരുരുത്തരും കൂടുതല്‍ ഉത്തരവാദിത്തത്തോടെ സമൂഹത്തെപ്പറ്റിയും രാഷ്ട്രത്തെപ്പറ്റിയും ബോധവാന്മാരാകണം. വിശ്വഹിന്ദുപരിഷത്തിനെ സംബന്ധിച്ചിടത്തോളവും ഇപ്പറഞ്ഞതൊക്കെത്തന്നെയാണ് പറയാനുള്ളത്. ദേശീയ ചാരിത്ര്യം വളരെ പ്രധാനമാണ്. നമ്മുടെ ചരിത്രത്തിലെ ഒരു സുപ്രധാനകാലഘട്ടത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്.
ഹിന്ദു എന്ന പദം ഒരുപാട് ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വിധേയമായിട്ടുണ്ട്. പലവിധ വ്യാഖ്യാനങ്ങളും ഇതേപ്പറ്റി സമൂഹത്തില്‍ പ്രബലവുമാണ്. അതിലൊന്ന് ഹിന്ദു എന്ന പേര് സിന്ധുവിന്റെ തീരങ്ങളിലെ ജനത എന്ന അര്‍ത്ഥത്തില്‍ പേര്‍ഷ്യക്കാര്‍ ഇട്ടതാണ്. അതിനു ഈ രാജ്യവുമായി ബന്ധമൊന്നുമില്ല എന്നതാണ്. എന്തുകൊണ്ടാണ് ഹിന്ദു എന്ന പേര് അങ്ങനെ തന്നെ ഇത്ര പ്രാധാന്യത്തോടെ ഉപയോഗിക്കുന്നത്?
♠ഹിന്ദു എന്ന പദം ഒരു വിദേശിയുടെയും സംഭാവനയല്ല. അതിവിടെ പ്രചാരത്തിലുണ്ടായിരുന്ന നാമം തന്നെയാണ്. സിന്ധു നദിയുമായി ബന്ധപ്പെടുത്തി ചിലര്‍ പറയുന്നുണ്ട്. പക്ഷെ സിന്ധു ഇപ്പോഴും സിന്ധു തന്നെയാണ്. മേല്‍പറഞ്ഞതുപോലെ ആണെങ്കില്‍ സിന്ധു നദിയുടെ പേര് ഹിന്ദു എന്നാകണമായിരുന്നു. പക്ഷെ അങ്ങനെയല്ലല്ലോ. നമ്മള്‍ മനസ്സിലാക്കേണ്ടത് ഹിന്ദു എന്നത് നാമാരാണ് എന്ന് തിരിച്ചറിയുന്ന ഈ രാഷ്ട്രത്തിന്റെ അസ്മിത ആണ്. ഈ രാഷ്ട്രത്തിന്റെ ചരിത്രം തന്നെയാണ് ഹിന്ദുവിന്റെ ചരിത്രവും. ഹിന്ദുവിന്റെ നന്മ രാഷ്ട്രത്തിന്റെ നന്മയാണ്. നമ്മുടെ സംസ്‌കാരത്തിന്റെ തന്നെ ആത്മാവാണത്.
ചില ചരിത്രകാരന്മാര്‍ പുരാണങ്ങളെ ഒക്കെ ഉദ്ധരിച്ച് പറയുന്നത് കേട്ടിട്ടുണ്ട്. ഹിന്ദു എന്ന നാമം പണ്ടൊന്നും അങ്ങനെ പ്രചാരത്തിലുണ്ടായിരുന്നില്ല എന്ന് ?
♠എപ്പോഴാണ് ഒരു പേരിന്റെ ആവശ്യം വരുന്നത്.മറ്റുള്ളതില്‍ നിന്ന് നമ്മെ തിരിച്ചറിയാന്‍ വേണ്ടി മാത്രമാണ് ഒരു നാമം ഉപയോഗിക്കുന്നത്. നാം നാമായി മാത്രം ജീവിക്കുമ്പോള്‍ സ്വന്തം നാമം എന്നത് വലിയ പ്രാധാന്യമില്ലാത്ത കാര്യമാണ്. എന്നാല്‍ ഇവിടേക്ക് വിദേശികള്‍ കടന്നുവരികയും അവര്‍ വെല്ലുവിളികള്‍ ഉയര്‍ത്തുകയും ചെയ്യുമ്പോള്‍ നമ്മുടെ അസ്മിതയെ തിരിച്ചറിയാന്‍ ഒരു നാമം ആവശ്യമായി വന്നു. ഏറ്റവും കുറഞ്ഞത് ഏതാനും നൂറ്റാണ്ടുകളായി ഹിന്ദു എന്ന സംജ്ഞ പ്രചാരത്തിലുണ്ട്. നമ്മുടെ സാംസ്‌കാരിക ഗ്രന്ഥങ്ങള്‍ എഴുതപ്പെടുന്ന കാലത്ത് ഇങ്ങനെയുള്ള വെല്ലുവിളികള്‍ ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ അങ്ങനെയൊരു നാമത്തിനു പ്രസക്തിയുമില്ല. അതുകൊണ്ട് കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകളില്‍ ഹിന്ദു എന്ന നാമം നമ്മുടെ അസ്മിതയുടെ ഭാഗമായി മാറി. ഇത് ഒരു മതത്തെ സൂചിപ്പിക്കുന്ന നാമമല്ല, പകരം ജീവിതമൂല്യങ്ങളെയും സാംസ്‌കാരിക മൂല്യങ്ങളെയും പ്രതിഫലിപ്പിക്കുന്നതാണ്.
അടുത്ത കാലത്ത് സനാതനധര്‍മ്മം നേരിടുന്ന വലിയ വെല്ലുവികളെക്കുറിച്ച് അറിയാമല്ലോ. ഒന്ന് സൂക്ഷ്മമായി വിലയിരുത്തിയാല്‍ ഈ വെല്ലുവിളികള്‍ ഇവിടെ എന്നുമുണ്ടായിരുന്നു, അവ പുറത്തുനിന്നായിരുന്നില്ല, ഉള്ളില്‍ നിന്നായിരുന്നു. എങ്ങനെയാണു ഇതിനെ നേരിടേണ്ടത്? എന്താണ് പദ്ധതികള്‍?
♠നന്മയും തിന്മയും തമ്മിലുള്ള തുടര്‍ച്ചയായ പോരാട്ടം എന്നത് എക്കാലത്തും ഈ ലോകത്തിന്റെ ഒരു സ്വഭാവമാണ്.അതുകൊണ്ട് തന്നെ ഇതില്‍ അദ്ഭുതപ്പെടാനൊന്നുമില്ല.വെല്ലുവിളികളെ നേരിടാന്‍ പാകത്തില്‍ സമാജം ശക്തിയാര്‍ജ്ജിക്കുക എന്നത് മാത്രമേ ഇവിടെ മാര്‍ഗ്ഗമുള്ളു.അതുകൊണ്ടാണ് നമ്മള്‍ ശക്തിയാര്‍ജ്ജിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ശക്തിയാണ് എല്ലാറ്റിന്റെയും അടിസ്ഥാനവും അത് മാത്രമാണ് ഉത്തരവും. എന്ത് നല്ല കാര്യങ്ങള്‍ ചെയ്യണമെങ്കിലും അവിടെ വേണ്ടതും ശക്തി തന്നെയാണ്. ദുര്‍ബ്ബലരായ മനുഷ്യര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല.ആദ്യം പറഞ്ഞത് പോലെ ഈ പ്രശ്‌നം എന്നുമുണ്ടായിരുന്നു ഇനിയുമുണ്ടാവുകയും ചെയ്യും. വെല്ലുവിളികളുടെ രൂപവും ഭാവവും മാറുമെന്ന് ഉള്ളു.
നന്മതിന്മകള്‍ തമ്മില്‍ എന്നും പോരാട്ടമുണ്ടാകും എന്നതുകൊണ്ടുതന്നെ ഇപ്പോഴും ശക്തരായിരിക്കുക എന്നതാണ് പ്രധാനം. നമ്മുടെ ശക്തി ക്ഷയിച്ച കാലഘട്ടങ്ങളില്‍ അതിന്റെതായ ദുരിതങ്ങളും അനുഭവിച്ചു.എന്നാല്‍ ഇന്ന് നാം ശക്തിയാര്ജിക്കുകയാണ്. ഇതൊരു തുടര്‍ച്ചയായ യാത്രയാണ്, അതുകൊണ്ടാണ് നാം പറയുന്നത് തമസോമാ ജ്യോതിര്‍ഗ്ഗമായ എന്ന്. ഇത് ഹിന്ദു ധര്‍മ്മം ശക്തിയാര്‍ജ്ജിക്കുന്ന കാലമാണ്. ഹിന്ദുയിസം എന്ന പ്രയോഗത്തോട് എനിക്ക് യോജിപ്പില്ല. ഇതൊരു ഇസമല്ല, ധര്‍മ്മമാണ്.ഈ ധര്‍മ്മത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് മാനവരാശിക്ക് തന്നെ വലിയൊരു നേട്ടമാണ്.
ഒരു പ്രധാനകാര്യം. നിലനില്പിനു തന്നെ ഭീഷണിയാകുന്ന വെല്ലുവിളികള്‍ ഉള്ളില്‍ നിന്ന് തന്നെ ഉയരുന്ന ഒരു സമൂഹം ഭാരതം മാത്രമേയുള്ളു.യൂറോപ്പിന്റേയോ റഷ്യയുടെയോ ഒക്കെ അടക്കമുള്ള ലോകചരിത്രം പരിശോധിച്ചാല്‍ മറ്റൊരു ജനസമൂഹവും ഉള്ളില്‍ നിന്ന് ഇത്ര വലിയ ശത്രുതകള്‍ നേരിട്ടിട്ടില്ല?
♠നോക്കൂ, ഇതെല്ലാം ഒരു വലിയ തുടര്‍ച്ചയുടെ ഭാഗമാണ്. ശത്രുത എന്നതെല്ലാം തെറ്റായ പ്രയോഗങ്ങളാണ്. നമ്മുടെ സംസ്‌കൃതി എന്നത് വലിയ ഒരു തുടര്‍ച്ചയാണ്, അത് ചലനാത്മകമാണ്.ഒരു ജഡവസ്തുവോ എവിടെയെങ്കിലും നിശ്ചലമായി നില്‍ക്കുന്നതോ അല്ല.അങ്ങനെയുള്ള തുടര്‍ച്ചയായ ജീവസ്സുറ്റ ഒരു പ്രവാഹമാണിത്. ആ കാലപ്രവാഹത്തില്‍ ഇപ്പറഞ്ഞതെല്ലാം സ്വാഭാവികമാണ്.നമ്മുടെ ശരീരം എന്നത് ജീവസ്സുറ്റതും ചലനാത്മകവും ആകുമ്പോഴാണ് ജീവന്‍ ഉണ്ടാകുന്നത്. രാഷ്ട്രശരീരവും അങ്ങനെയാണ്. അതുമല്ല, നമ്മുടെ സംസ്‌കൃതി നമുക്ക് ഒരുപാട് സ്വാതന്ത്ര്യങ്ങള്‍ നല്‍കുന്നുണ്ട്. അതുകൊണ്ടാണ് നമ്മുടെ സമൂഹം വൈവിധ്യങ്ങള്‍ കൊണ്ട് സമ്പന്നമായത്. വൈവിധ്യങ്ങള്‍ ഉണ്ടാകുമ്പോള്‍ പല സമീപനങ്ങളും ഉണ്ടാകും. ഇവിടെ നമുക്ക് എന്ത് ചെയ്യാനും ചെയ്യാതിരിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. ഒരു ഉപാസനയും ചെയ്യുന്നില്ല എന്ന് കരുതുന്നവരും സമാജത്തിന്റെ ഭാഗം തന്നെയാണ്.
ഇങ്ങനെയുള്ള ചലനാത്മകമായ വൈവിധ്യങ്ങള്‍ ഒരു ചാക്രിക തുടര്‍ച്ചയിലൂടെ സംഭവിച്ചു കൊണ്ടേയിരിക്കുകയാണ്. അപ്പോള്‍ ഇപ്പറഞ്ഞതെല്ലാം സ്വാഭാവികമാണ്.ശാസ്ത്രത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ എന്‍ട്രോപ്പി അഥവാ അലങ്കോലത്തിന്റെ അളവ് കൂടിക്കൊണ്ടേ ഇരിക്കുകയാണ്.പക്ഷെ എന്ത് ചെയ്യാനും ഊര്‍ജ്ജം ആവശ്യമാണ്. പുതിയ കാര്യങ്ങള്‍ ചെയ്യാന്‍, കാര്യങ്ങളെ ശരിയായ ദിശയിലേക്ക് നയിക്കാന്‍ എല്ലാം ഊര്‍ജ്ജം ആവശ്യമാണ്. ആ ഊര്‍ജ്ജസമാഹരണമാണ് ഞങ്ങള്‍ ചെയ്യുന്നത്.
ഒരു ശാസ്ത്രവിദ്യാര്‍ത്ഥി എന്ന നിലക്ക് അങ്ങ് പറഞ്ഞ എന്‍ട്രോപ്പിയുടെ ഉദാഹരണം നന്നായി. പ്രപഞ്ചം വികസിക്കുന്നതിന്റെ അളവുകോല്‍ അതിലെ അലങ്കോലങ്ങളുടെ അളവ് എന്നത്?
♠അതെ, വെല്ലുവിളികളും പ്രതിബന്ധങ്ങളും ഉണ്ടാകുന്നത് വളര്‍ച്ചയുടെ ലക്ഷണമാണ് .
നമുക്ക് രാമജന്മഭൂമി വിഷയത്തിലേക്ക് വരാം. ഒരു വലിയ പ്രക്ഷോഭം എന്നതിലുപരി ഈ മുന്നേറ്റം നമ്മുടെ സാമൂഹ്യ, സാംസ്‌കാരിക മേഖലയെ എങ്ങനെയൊക്കെയാണ് സ്വാധീനിച്ചത് ?
♠ഇത് ഭക്തിയെകൊണ്ട് മാത്രം വിശദീകരിക്കാവുന്ന കാര്യമല്ല. എന്നാല്‍ ഭക്തിയും അതിലുണ്ട്. ഭഗവാന്‍ ശ്രീരാമന്‍ എന്നത് ഭാരതത്തിന്റെ വികാരമാണ്. ഒരുപാട് വൈകാരികമായ അംശങ്ങള്‍ ഇവിടെയുണ്ട്. രാമന്റെ ജന്മസ്ഥാനത്തെ മഹാക്ഷേത്രം തകര്‍ക്കപ്പെട്ടപ്പോള്‍ ഉണ്ടായ യുദ്ധത്തില്‍ ഏതാണ്ട് ഒരുലക്ഷത്തി എഴുപത്തിമൂവായിരം ജനങ്ങള്‍ കൊല്ലപ്പെട്ടു. തുടര്‍ന്നുവന്ന കാലഘട്ടത്തില്‍ ഇതുവരെ മൂന്നു ലക്ഷത്തോളം ജനങ്ങള്‍ രാമക്ഷേത്ര പുനര്‍നിര്‍മ്മാണത്തിനു വേണ്ടി ഇവിടെ ബലിദാനികളായി. അതുകൊണ്ടാണ് ഇതൊരു വലിയ വൈകാരിക പ്രശ്‌നം ആണെന്ന് പറയുന്നത്.
രാമജന്മഭൂമി പ്രക്ഷോഭത്തിന്റെ നാളുകളില്‍ വിവിധതുറകളില്‍ പെട്ട ധാരാളം ആള്‍ക്കാര്‍ അതിന്റെ ഭാഗമായി. അവര്‍ക്കെല്ലാവര്‍ക്കും പ്രചോദനമായത് ഭക്തി മാത്രമല്ല. രാമന്‍ എന്ന മര്യാദ പുരുഷോത്തമന്‍ എന്നത് മറ്റൊരു വലിയ ഘടകമാണ്. ഒരു മനുഷ്യന്‍, ആദര്‍ശനിഷ്ഠയോടെ, ധാര്‍മ്മികമൂല്യങ്ങള്‍ പുലര്‍ത്തി എങ്ങനെയാണു ജീവിക്കേണ്ടത് എന്നതിന്റെ ഏറ്റവും വലിയ മാതൃകയാണ് രാമന്‍. ഭാരതത്തിന്റെ മൂല്യബോധങ്ങളും ധര്‍മ്മബോധങ്ങളുമെല്ലാം ഇവിടെ പ്രധാനമാണ്. ഇതെല്ലം ചേര്‍ന്നാണ് മര്യാദ എന്ന് പറയുന്നത്. മര്യാദ എന്ന പദത്തിന് ഇംഗ്‌ളീഷില്‍ ഒരു തര്‍ജ്ജമ സാധ്യമല്ലാത്തവിധം അതിന്റെ അര്‍ത്ഥം അത്രയേറെ ഭാരതത്തിന്റെ സംസ്‌കൃതിയോട് ചേര്‍ന്ന് കിടക്കുന്നു.
ഈ മര്യാദകളെല്ലാം രാമന്റെ ജീവിതത്തില്‍ കാണാന്‍ കഴിയുന്നു, അതുകൊണ്ടുതന്നെയാണ് രാമജന്മഭൂമി, രാമന്‍ എന്നതൊക്കെ നാമാരാണ് എന്ന് തിരിച്ചറിയാന്‍ കഴിയുന്ന, നമ്മുടെ അസ്മിതയുടെ ഭാഗമാകുന്നത്. ഇക്കാരണങ്ങള്‍ കൊണ്ടാണ് ആ മഹാക്ഷേത്രം തകര്‍ക്കപ്പെട്ടപ്പോള്‍ അത് ഹിന്ദുസമാജത്തിന്റെ മനസ്സിലെ ആഴമേറിയ മുറിവായി മാറിയത്. അങ്ങനെയാണ് ഈ ക്ഷേത്രം പുനര്‍നിര്‍മ്മിക്കാനുള്ള ആവശ്യവും കഠിനമായ ശ്രമങ്ങളും സമാജത്തില്‍ നിന്ന് ശക്തമായി ഉയര്‍ന്നുകൊണ്ടേ ഇരുന്നത്.
ഇപ്പോള്‍ ക്ഷേത്രനിര്‍മ്മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണല്ലോ. നോക്കൂ ഈ മഹാപ്രക്ഷോഭം ആരംഭിക്കുന്നതിനു മുമ്പ് ഞാന്‍ ഹിന്ദുവാണ് എന്ന് പറയാന്‍ കുറച്ചില്‍ തോന്നിയിരുന്നവരൊക്കെ ഇപ്പോള്‍ അഭിമാനത്തോടെ ‘ഗര്‍വ് സെ കഹോ ഹം ഹിന്ദു ഹേ’ എന്ന് പറയുന്നു. നമ്മുടെ സാമൂഹ്യ അവസ്ഥയും, വിദ്യാഭ്യാസ രീതിയുമൊക്കെയാണ് ഹിന്ദുക്കളില്‍ ആ അപകര്‍ഷതാ ബോധം വളര്‍ത്തിയിരുന്നത്. രാമജന്മഭൂമി ആ അപകര്‍ഷതാ ബോധത്തെ ഇല്ലാതാക്കി. ഹിന്ദു എന്ന് അഭിമാനത്തോടെ പറയാന്‍ ഒരു സമൂഹത്തെ പ്രാപ്തരാക്കി എന്നതാണ് ഈ മുന്നേറ്റം കാരണമുണ്ടായ ഏറ്റവും വലിയ സാമൂഹ്യ മാറ്റം. 1992 ഡിസംബര്‍ ആറിന് ശേഷം വിശ്വസാഹിത്യകാരനായ വി.എസ് നെയ്പാള്‍ നടത്തിയ ഒരു പ്രതികരണം ശ്രദ്ധേയമാണ്. മുറിവേറ്റ ഒരു സംസ്‌കാരം വീണ്ടും ഉണര്‍ന്നെഴുന്നേറ്റു ഈ ലോകത്ത് അവളുടെ സ്ഥാനം കണ്ടെത്തിയിരിക്കുന്നു എന്നതാണാ പ്രസ്താവന.
കഴിഞ്ഞ ഒന്നര സഹസ്രാബ്ധമായി നാം പോരാട്ടത്തിലായിരുന്നു. അതിനിടയില്‍ തന്നെ നാം ഉള്ളില്‍ നിന്ന് തന്നെ ദുര്‍ബലമാവുകയും ചെയ്തു. മോശമായ പ്രവണതകളും ദുരാചാരങ്ങളും ഹിന്ദുസമാജത്തെയും പ്രതികൂലമായി ബാധിച്ചു. സഹസ്രാബ്ധം നീണ്ട പോരാട്ടം ഏറെ ക്ഷീണിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഈ പ്രക്ഷോഭത്തോടെ ഹിന്ദുസമാജം വീണ്ടും ഉയര്‍ത്തെഴുനേറ്റു.
മറ്റൊരു പ്രധാനമാറ്റം എന്തെന്നാല്‍, രാമജന്മഭൂമി പ്രക്ഷോഭത്തിന് മുമ്പ് ആര്‍ക്ക് വേണമെങ്കിലും ഹിന്ദുവിനെ അപമാനിക്കുകയും അതുപയോഗിച്ച് ദേശീയ രാഷ്ട്രീയത്തില്‍ വിജയിക്കുകയും ചെയ്യാമായിരുന്നു. എന്നാല്‍ രാമജന്മഭൂമി പ്രക്ഷോഭത്തിന് ശേഷം ഹിന്ദുവിനെ അപമാനിച്ചുകൊണ്ട് ഒരാള്‍ക്കും ഇന്ന് ദേശീയ രാഷ്ട്രീയത്തില്‍ വിജയിക്കാനാവില്ല. ഇത് ഒരു വലിയ മാറ്റമാണ്. ഹിന്ദു ഇന്ന് ദേശീയ ചിന്താധാരയുടെ കേന്ദ്രബിന്ദുവാണ്. ഹിന്ദു സംസ്‌കാരമാണ് രാഷ്ട്രത്തിന്റെ സംസ്‌കാരം, ഹിന്ദുവിന്റെ വളര്‍ച്ച രാഷ്ട്രത്തിന്റെ വളര്‍ച്ചയാണ്, ഹിന്ദുതാല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായതൊന്നും രാഷ്ട്രത്തിനു നല്ലതല്ല. ഈ ബോധം സമൂഹത്തില്‍ വ്യാപകമായി. അങ്ങനെയാണ് ഹിന്ദു എന്നത് എല്ലാ അര്‍ത്ഥത്തിലും കേന്ദ്രബിന്ദുവായത്. സത്യത്തില്‍ അതാണ് രാമജന്മഭൂമി മുന്നേറ്റം ഉണ്ടാക്കിയ ഏറ്റവും വലിയ മാറ്റം.
നാമിവിടെ പറഞ്ഞത് പോലെ രാമജന്മഭൂമി പ്രക്ഷോഭത്തിന് നൂറ്റാണ്ടുകളുടെ ചരിത്രവും ലക്ഷക്കണക്കിന് ജനങ്ങളുടെ രക്തസാക്ഷിത്വവുമുണ്ട്. ഒരു ആരാധനാലയം എന്നതിനപ്പുറം ഈ മഹത്തായ ചരിത്രങ്ങളെ പരിചയപ്പെടുത്തുന്ന സംരംഭങ്ങള്‍ അയോധ്യയിലും പരിസരത്തും ഉണ്ടാകുമോ?
♠തീര്‍ച്ചയായും, വലിയൊരു സ്ഥിരം എക്‌സിബിഷന്‍ അയോധ്യയില്‍ വരുന്നുണ്ട്.
ഈ ദൗത്യം എങ്ങനെയാണ് വരും കാലങ്ങളെ സ്വാധീനിക്കാന്‍ പോകുന്നത്?
♠ഭഗവാന്‍ രാമന്റെ പ്രാണപ്രതിഷ്ഠ ആ ഗര്‍ഭഗൃഹത്തില്‍ നടക്കാന്‍ പോവുകയാണ്. അത് കൂടാതെ ഭഗവാന്‍ നമ്മുടെയൊക്കെ ഹൃദയത്തിലും ഉണ്ടാകും. എന്നുവെച്ചാല്‍ രാമന്‍ മാതൃകയായ മൂല്യങ്ങളും മര്യാദകളും നമ്മുടെ ജീവിതത്തിലും അനുവര്‍ത്തിക്കുക എന്നതാണ്. അധര്‍മ്മത്തിനെതിരെ നിവര്‍ന്നുനിന്ന് ധീരമായി പോരാടുക. തന്റെ ധര്‍മ്മം അനുഷ്ഠിക്കാന്‍ രാജാധികാരം പോലും ത്യജിച്ചവനാണ് രാമന്‍. അതായത് ധര്‍മ്മം എന്നത് രാമന്റെ ജീവിതത്തില്‍ വളരെ പ്രധാനമാണ്. ധര്‍മ്മം പരിപാലിക്കാന്‍ അദ്ദേഹം ഏതറ്റം വരെയും പോയിരുന്നു. കൂടാതെ സാമൂഹ്യസമരസതക്ക് വേണ്ടി രാമന്‍ നിലകൊണ്ടു. അദ്ദേഹം ശബരി മാതാവിനെ സന്ദര്‍ശിച്ചിരുന്നു. നിഷാദ രാജാവിനെ സുഹൃത്തായി കണക്കാക്കിയിരുന്നു. അങ്ങനെ സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ള സാധാരണക്കാരുമായി അദ്ദേഹം ഗാഢബന്ധം പുലര്‍ത്തിയിരുന്നു.
രാമനെപ്പറ്റിയുള്ള ഒരു വിശേഷണമുണ്ട്. ‘സ്മീതവസ്‌ത്രോ മിതഭാഷി പൂര്‍വ്വഭാഷി രാഘവ’ – എന്നുവെച്ചാല്‍ എത്ര വലിയ രാജാവായി വാഴുമ്പോഴും ആരുവന്നാലും ആദ്യം സംസാരിക്കുന്നത് അദ്ദേഹമായിരിക്കും. ഇങ്ങനെ ഒരുപാട് കാര്യങ്ങള്‍, എങ്ങനെയാണു സമൂഹത്തില്‍ പെരുമാറേണ്ടത് എന്നതിനെപ്പറ്റി രാമന്റെ ജീവിതത്തില്‍ നിന്നും നമുക്ക് പഠിക്കാനുണ്ട്.
കഴിഞ്ഞ ആയിരത്തഞ്ഞൂറു വര്‍ഷങ്ങളില്‍ ധാരാളം ദുഷ്പ്രവണതകള്‍ നമ്മുടെ സമാജത്തെ ഗ്രസിച്ചിട്ടുണ്ട്. ഉദാഹരണത്തിന് ജാതീയത, അയിത്തം, തൊട്ടുകൂടായ്മ ഒക്കെ. ഇതിനൊന്നും ഹിന്ദുസംസ്‌കാരത്തിലോ, തത്വചിന്തയിലോ ഒരു സ്ഥാനവുമില്ല. എങ്കിലും ധാരാളം ആള്‍ക്കാര്‍ ഇതെല്ലം പിന്തുടരുന്നു. അതിനെല്ലാം ഹിന്ദുധര്‍മ്മം പഴി കേള്‍ക്കേണ്ടി വരുന്നു. അങ്ങനെയിരിക്കെ രാമന്റെ ജീവിതവും സന്ദേശവും സമൂഹത്തില്‍ പ്രചരിപ്പിക്കുക എന്നത് പരമപ്രധാനമാണ്. രാമന്‍ ആത്യന്തികമായി ഒരു വൈരാഗി ആയിരുന്നു എങ്കിലും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും നന്മക്കും അഭിവൃദ്ധിക്ക് വേണ്ടിയും പ്രവര്‍ത്തിച്ചുകൊണ്ടേ ഇരിക്കുകയായിരുന്നു. അദ്ദേഹം ഒരിക്കലും വിശ്രമിച്ചിട്ടേ ഇല്ല. ഓരോ മനുഷ്യനും അവന്റെ കുടുംബത്തിന് വേണ്ടിയും സമാജത്തിനുവേണ്ടിയും രാഷ്ട്രത്തിനു വേണ്ടിയും പ്രവര്‍ത്തിക്കേണ്ട ധര്‍മ്മങ്ങള്‍ എന്താണെന്നു രാമന്റെ ജീവിതത്തില്‍ നിന്ന് പഠിക്കാന്‍ കഴിയും. കൂടാതെ, ലളിതമായി ജീവിക്കുന്നവന്‍ എങ്കിലും ധീരത ശൗര്യം അവ ധര്‍മ്മത്തിനുവേണ്ടി എങ്ങനെ ഉപയോഗിക്കുന്നു എന്നതെല്ലാം രാമന്‍ നമുക്ക് കാട്ടിത്തരുന്നു.
രാമന്‍ നമ്മുടെ ഹൃദയത്തിലുണ്ടാകണം എന്ന് പറയുമ്പോള്‍ ഈ ഗുണങ്ങള്‍ ആര്‍ജ്ജിക്കണം എന്നാണര്‍ത്ഥം.
കേട്ടിട്ടില്ലേ, ശിവം ഭൂത്വ ശിവം യജേത്…രാമനെ പൂജിക്കുമ്പോള്‍ നാം രാമനായി മാറണം.
കൂടാതെ, സമൂഹം മുഴുവന്‍ രാമധര്‍മ്മം പകരണം. ഏറ്റവും നല്ല സമൂഹത്തെ അതുകൊണ്ടാണ് രാമരാജ്യമെന്നു പറയുന്നത്. രാമരാജ്യത്തില്‍ ഒരു ഉച്ചനീചത്വവുമുണ്ടാകില്ല, ഓരോരുത്തരും അവരുടെ വ്യക്തിജീവിതത്തില്‍ നിന്ന് ഉച്ചനീചത്വങ്ങള്‍ ഒഴിവാക്കുമ്പോള്‍ സമാജവും അത് പിന്തുടരും. ആരും അവരുടെ സമയമെത്തുന്നതിനു മുമ്പ് മരിക്കില്ല. അവിടെ മോഷണങ്ങള്‍ ഉണ്ടാകില്ല, കൃഷി, സമയത്ത് തന്നെ നടക്കും, മഴയും ഋതുക്കളും കൃത്യമായി സംഭവിക്കും, അങ്ങനെ പരിസ്ഥിതിയില്‍ പോലും സന്തുലനം ഉണ്ടാകും. പ്രകൃതിയുമായും പരിസ്ഥിതിയുമായുമുള്ള ബന്ധം ഇല്ലാതായത് കൊണ്ടാണ് പരിസ്ഥിതിയുടെ സംതുലനം നഷ്ടമായതും ഇപ്പോള്‍ കാണുന്ന രീതിയിലുള്ള പ്രകൃതിദുരന്തങ്ങള്‍ സംഭവിക്കുന്നതും. നമ്മുടെ ധര്‍മ്മം പരമപ്രധാനമാണ് ഇവയെല്ലാം പഠിപ്പിക്കുന്നുണ്ട്. ഏറ്റവും പരിസ്ഥിതി സൗഹൃദപരമായ ധര്‍മ്മമാണ് ഹിന്ദുധര്‍മ്മം എന്ന് നിസ്സംശയം പറയാം. ഇതിന്റെയെല്ലാം മഹനീയപ്രതീകമാണ് രാമന്‍.
അങ്ങ് കൃത്യമായിപ്പറഞ്ഞതുപോലെ ജാതീയത എന്നത് ഹിന്ദുസമാജത്തിന്റെ വലിയൊരു ശാപമാണ്. അതിന്നും ഗൗരവമായി സമീപിക്കേണ്ട യാഥാര്‍ഥ്യവുമാണ്. വിശ്വഹിന്ദു പരിഷത് ഈ യാഥാര്‍ഥ്യത്തെ എങ്ങനെയാണു നേരിടാന്‍ പോകുന്നത്?
♠ജാതീയത എന്നത് ഹിന്ദുധര്‍മ്മവുമായി ഒരു ബന്ധവുമില്ലാത്ത, പൂര്‍ണ്ണമായും തുടച്ചുനീക്കപ്പെടേണ്ട ഒരു കാര്യമാണ്. നമ്മള്‍ ഒരിക്കലും അതിനെ ന്യായീകരിച്ചിട്ടില്ല,ന്യായീകരിക്കുന്നില്ല, ന്യായീകരിക്കുകയുമരുത്. എല്ലാവര്‍ക്കും പൊതുവായുള്ള മൂന്നു കാര്യങ്ങളുണ്ട്. ഒരു രാഷ്ട്രം, ഒരു ധര്‍മ്മം, ഒരു സംസ്‌കാരം എന്നതാണത്. ഭാഷ പോലും വ്യത്യസ്തമാണ്, ജാതികളും വ്യത്യസ്തമാണ്, സമ്പ്രദായങ്ങള്‍ വ്യത്യസ്തമാണ്. ആദ്യം പറഞ്ഞ മൂന്നെണ്ണം മാത്രമേ പൊതുവായുള്ളു. രാഷ്ട്രം, ധര്‍മ്മം, സംസ്‌കൃതി ഇവ മൂന്നുമാണ് ഒരു സമാജമെന്ന നിലയില്‍ നമ്മെ ബന്ധിപ്പിക്കുന്നത്. ആ ഒരു ബോധം എപ്പോഴുമുണ്ടാകണം. അടുത്തത് ഇവയെ സംരക്ഷിക്കാനും പരിപാലിക്കാനുമുള്ള ഉത്തരവാദിത്തബോധമാണ്.
കുറഞ്ഞത് കഴിഞ്ഞ രണ്ടായിരം വര്‍ഷത്തില്‍ എല്ലാ സന്ന്യാസിമാരെയും ധര്‍മ്മാചാര്യന്മാരെയും ഒരു വേദിയില്‍ അണിനിരത്തി ചര്‍ച്ച ചെയ്ത ഏക സംവിധാനമാണ് വിശ്വഹിന്ദുപരിഷത്ത്. പരിഷത്ത് ഒരുക്കിയ വേദിയില്‍ ആയിരക്കണക്കിന് സന്ന്യാസിവര്യന്മാര്‍ ഒരുമിച്ച് ഒരേ ശബ്ദത്തില്‍ തൊട്ടുകൂടായ്മ നമ്മുടെ ധര്‍മ്മത്തിന്റെ ഭാഗമല്ല എന്ന് പ്രഖ്യാപിച്ചു. 1968 ല്‍ ഉഡുപ്പിയില്‍ നടന്ന മഹാസമ്മേളനത്തില്‍ വെച്ച് വിവിധ സമ്പ്രദായങ്ങളിലുള്ള സന്യാസിമാര്‍ ഒരുമിച്ചു ചേര്‍ന്ന് നടത്തിയ പ്രഖ്യാപനം ഇങ്ങനെയായിരുന്നു.
ഹൈന്ദവ സോദര സര്‍വ്വേ-
ന ഹിന്ദു പതിതോ ഭവേത്
മമദീക്ഷ ഹിന്ദു രക്ഷ
മമ മന്ത്ര സമാനത
എന്നുവെച്ചാല്‍ ഒരു പ്രത്യേക ജാതിയില്‍ ജനിച്ചു എന്നത് കൊണ്ട് ആരും പതിതനാകുന്നില്ല. എന്തുകൊണ്ടെന്നാല്‍ നമ്മള്‍ സഹോദരരാണ്. അതുകൊണ്ടുതന്നെ നാം ഒന്നാണ്. ആത്മീയമായി ചിന്തിച്ചാലും നമ്മുടെ സംസ്‌കൃതി ഇത് തന്നെയാണ് പറയുന്നത്. ഇതൊക്കെയാണ് നമ്മുടെ മൂല്യങ്ങള്‍. നാം മൂല്യങ്ങളില്‍ നിന്ന് അകന്നു പോകുമ്പോള്‍ ജീര്‍ണതകള്‍ ഉണ്ടാകും.മൂല്യങ്ങള്‍ വെറുതെ പറഞ്ഞതുകൊണ്ടായില്ല, അവ നിത്യ ജീവിതത്തില്‍ പകര്‍ത്തുമ്പോഴാണ് അര്‍ത്ഥവത്താകുന്നത്. അതാണ് പറഞ്ഞത്, രാമനെ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുമ്പോള്‍ ആ മൂല്യങ്ങള്‍ നമ്മുടെ ഹൃദയത്തിലും സമാജത്തിലും ഉണ്ടാകണം. അതായത് ഒരു ക്ഷേത്രം നിര്‍മിച്ചത് കൊണ്ട് മാത്രം ഒന്നുമായില്ല, ആ മൂല്യങ്ങള്‍ ജീവിതത്തില്‍ പിന്തുടരണം.
ലോകം മുഴുവനും യാത്ര ചെയ്ത സ്വാമി വിവേകാനന്ദന്‍ കേരളത്തെ വിശേഷിപ്പിച്ചത് ഭ്രാന്താലയം എന്നാണ്. സ്വാമിജി മറ്റൊരു സമൂഹത്തെയും ഇത്ര ശക്തമായ വാക്കുകളാല്‍ വിശേഷിപ്പിച്ചിട്ടില്ല. അത്ര ശക്തമാണ് കേരളത്തിലെ ജാതീയത. ഇന്നും അത് ഏതാണ്ട് അങ്ങനെയൊക്കെത്തന്നെയാണ്. ഈ വിഷയത്തില്‍, കേരളത്തിന് മാത്രമായി എന്തെങ്കിലും പദ്ധതി ഉണ്ടോ?
♠ഇവിടെയും പ്രത്യേകിച്ച് കൂടുതലൊന്നും ചെയ്യാനില്ല. നമ്മള്‍ പറയുന്നത് പ്രവര്‍ത്തിക്കുക എന്നത് മാത്രമാണ് ഒരേയൊരു മാര്‍ഗ്ഗം. നമുക്കറിയാം, രാമജന്മഭൂമിയില്‍ ശിലാന്യാസം നടത്തിയത് കാമേശ്വര്‍ ചൗപാല്‍ ആണ്. പറയുന്നത് പോലെ പ്രവര്‍ത്തിക്കുക എന്നതിന്റെ ഒരു ഉദാഹരണമാണിത്. ഇത് മാത്രമാണ് ഏക മാര്‍ഗ്ഗം. മാറ്റം വരന്‍ സമയമെടുക്കും. പ്രചരിപ്പിക്കുന്നതിനോടൊപ്പം നാമോരുരുത്തരും നമ്മുടെ ജീവിതത്തില്‍ ഈ മൂല്യങ്ങള്‍ പകര്‍ത്തണം, നമ്മുടെ കുടുംബങ്ങളില്‍ ഇത് നടപ്പാക്കണം. അങ്ങനെ നമ്മുടെ സ്വാധീന മേഖലകളിലെല്ലാം ഈ മൂല്യങ്ങള്‍ നടപ്പാക്കണം. അങ്ങനെ പതുക്കെ പതുക്കെ സമാജത്തിന്റെ സ്വഭാവം അങ്ങനെയാക്കണം.ആഴത്തില്‍ വേരോടിയ ദുഷ്പ്രവണതകളെ തകര്‍ക്കാനുള്ള പ്രക്രിയ വളരെ കഠിനമാണ്. എല്ലാവരും നമ്മുടെ സഹോദരന്മാരാണ് എന്ന തിരിച്ചറിവോടെ പ്രവര്‍ത്തിക്കുക എന്നതാണ് ഒരേയൊരു മാര്‍ഗ്ഗം.
കേരളത്തില്‍ നിന്നുള്ള മഹാസന്ന്യാസി നാരായണഗുരു എന്താണ് ചെയ്തത്. അങ്ങനെയുള്ളവര്‍ ഒരിക്കലും വിദ്വേഷം പ്രചരിപ്പിക്കാതെ സമാജത്തിന്റെ അഭിവൃദ്ധിക്ക് വേണ്ടി പ്രവര്‍ത്തിച്ചു. അവരുടെയൊക്കെ പ്രവര്‍ത്തനങ്ങളുടെ ഫലം ഇപ്പോള്‍ കാണുന്നുണ്ട്. വിശ്വഹിന്ദു പരിഷത് അടക്കമുള്ള സംഘപരിവാര്‍ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നതും ഇതേ ദിശയിലാണ്. അങ്ങനെയുള്ള നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളാണ് ഇന്ന് കാണുന്ന പരിവര്‍ത്തനങ്ങളിലേക്ക് സമാജത്തെ നയിച്ചത്. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലും പെട്ട ആള്‍ക്കാര്‍ നിവര്‍ന്നു നിന്ന് മൂല്യങ്ങളെ പകര്‍ത്തുക. അതല്ലാതെ ഒരു അദ്ഭുതവും വരാന്‍ പോകുന്നില്ല.
അതായത് പെട്ടന്നൊരു പരിവര്‍ത്തനം ഉണ്ടാകാന്‍ പോകുന്നില്ല എന്ന് അല്ലെ?
♠നമ്മള്‍ ക്രാന്തി, അഥവാ വിപ്ലവത്തില്‍ വിശ്വസിക്കുന്നില്ല പകരം ഉത്ക്രാന്തിയിലാണ് വിശ്വസിക്കുന്നത്. Revolution അല്ല Revival ആണ് വേണ്ടത്.
രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്നാണ് നിര്‍ബന്ധിത മതപരിവര്‍ത്തനം. നൂറ്റാണ്ടുകളായി നടക്കുന്ന ഈ വിപത്ത് ആന്ധ്രയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കേരളത്തിലുമൊക്കെ ഇപ്പോഴും സജീവവുമാണ്. വിശ്വഹിന്ദു പരിഷത്ത് ഈ വെല്ലുവിളിയെ എങ്ങനെയാണു നേരിടുന്നത്?
♠തുടക്കം മുതല്‍ വിശ്വഹിന്ദു പരിഷത്ത് ഈ പ്രശ്‌നത്തെ ഗൗരവമായിത്തന്നെയാണ് സമീപിക്കുന്നത്. ആയിരത്തഞ്ഞൂറു കൊല്ലത്തെ പോരാട്ടത്തിലൂടെ കടന്നു വന്നപ്പോള്‍ ഹിന്ദുസമാജത്തിനുള്ളിലെ പല ആഭ്യന്തര വ്യവസ്ഥകളും ജീര്‍ണ്ണിച്ചു. അതോടൊപ്പം നമ്മുടെ ജീവിതരീതികള്‍, സംസ്‌കാരം, ക്ഷേത്രങ്ങള്‍ എല്ലാറ്റിലും ജീര്‍ണതകള്‍ കടന്നുകൂടി.അതെല്ലാം ഉയിര്‍ത്തെഴുന്നേല്‍ക്കണം. നമ്മുടെ ക്ഷേത്രങ്ങള്‍ എങ്ങനെയായിരുന്നു സാമൂഹ്യ ക്രമങ്ങളെ സ്വാധീനിച്ചിരുന്നത് എങ്ങനെയായിരുന്നു സാംസ്‌കാരിക മാനബിന്ദുക്കളായി വര്‍ത്തിച്ചിരുന്നത്. ഇതെല്ലം പ്രധാനമാണ്. ഇന്നത്തെ കാലത്തിനനുസരിച്ചുള്ള ക്രമങ്ങളും വ്യവസ്ഥകളും ഉണ്ടാകണം. ഇന്റര്‍നെറ്റ്, സോഷ്യ മീഡിയ തുടങ്ങിയവയെല്ലാം ധര്‍മ്മം പ്രചരിപ്പിക്കാന്‍ ഉപയോഗിക്കണം. മറ്റൊന്ന്, നാമിപ്പോള്‍ പരസ്പരബന്ധമില്ലാത്ത ദ്വീപുകള്‍ പോലെയാണ് കഴിയുന്നത്. ഒരുമയുടെ സന്ദേശം കൊണ്ട് അവയെ പരസ്പരം ബന്ധിപ്പിക്കണം. പല പ്രാവശ്യം ആവര്‍ത്തിച്ചു പറഞ്ഞതുപോലെ, നാമൊന്നാണ് എന്ന വികാരം വ്യാപകമാകണം.
ഇപ്പോള്‍ സ്വധര്‍മ്മത്തിലേക്ക് മടങ്ങാന്‍ താല്പര്യമുള്ളവരെ തിരികെ കൊണ്ടുവരാന്‍ വിശ്വഹിന്ദു പരിഷത്ത് മുന്‍കൈ എടുക്കുന്നുണ്ട്. അങ്ങനെ ആയിരക്കണക്കിനാള്‍ക്കാര്‍ വരുന്നുമുണ്ട്. സമാനമനസ്‌കരായ സംഘടനകളും ഇത് ചെയ്യുന്നുണ്ട്. ഇപ്പോള്‍ മടങ്ങിവരുന്നവരുടെ എണ്ണം ലക്ഷങ്ങളാണ്. അത് വലിയ ആത്മവിശ്വാസം നല്‍കുന്നുണ്ട്. അതുപോലെ യൂറോപ്പ്, ലാറ്റിന്‍ അമേരിക്ക, അമേരിക്ക എന്നിവിടങ്ങളിലൊക്കെ ഓരോ കൊല്ലവും ലക്ഷക്കണക്കിന് ആള്‍ക്കാര്‍ ഹിന്ദു ധര്‍മ്മത്തിലേക്ക് വരുന്നുണ്ട്.
ശാസ്ത്രീയമായും യുക്തിപരമായും സത്യസന്ധതയോടെ ചിന്തിക്കുന്ന ആരും ഹിന്ദു ധര്‍മ്മത്തിലും ജീവിതരീതിയിലും ആകൃഷ്ടരാകും എന്നതില്‍ സംശയമൊന്നുമില്ല. വെറും അമൂര്‍ത്തങ്ങളായ ആശയങ്ങള്‍ കൊണ്ട് മാത്രം കാര്യമില്ല, ആയിരക്കണക്കിന് വര്‍ഷങ്ങളായി ഈ ധര്‍മ്മത്തില്‍ ജീവിക്കുന്നവര്‍ നല്‍കുന്ന സന്ദേശമാണ് പ്രധാനം. ആശയങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുമ്പോള്‍ അവരുടെ ജീവിതത്തില്‍ അഭിവൃദ്ധി ഉണ്ടാവുന്നു. അങ്ങനെ മനുഷ്യജീവിതത്തെ അഭിവൃദ്ധിപ്പെടുത്താന്‍ കഴിയില്ലെങ്കില്‍ കേവലം ആശയം കൊണ്ട് മാത്രം എന്ത് കാര്യം?
നമ്മുടേതുപോലെയുള്ള സംഘടനകളുടെ വെല്ലുവിളിയും ഇക്കാര്യങ്ങള്‍ തെളിയിക്കുക എന്നതാണ്. ഈശ്വരാനുഗ്രഹത്താല്‍ അതില്‍ നമ്മള്‍ വിജയിക്കുന്നുണ്ട്. ഹിന്ദുസമാജം ഇപ്പോള്‍ ശക്തമാണ്, വിജയിച്ച സമൂഹമാണ്, എല്ലാ സാമൂഹ്യതിന്മകളെയും അതിജീവിക്കുന്ന സമൂഹമാണ് എന്ന യാഥാര്‍ഥ്യം ഇപ്പോള്‍ ലോകത്തിനു ബോധ്യപ്പെടുന്നുണ്ട്. മറ്റ് മതങ്ങളെ നോക്കിയാല്‍, ഇസ്ലാമായാലും,ക്രിസ്ത്യന്‍ ആയാലും, കമ്മ്യൂണിസ്റ്റ് ആയാലും, പുതിയ ആഗോളസമൂഹ സങ്കല്പം ആയാലും അവിടെയൊന്നും സമാധാനം എന്നൊന്ന് ഇല്ല. അവര്‍ ഇപ്പോഴും പോരാട്ടത്തിലാണ്. ധാരാളം അന്തച്ഛിദ്രങ്ങളും ആഭ്യന്തരവിഷയങ്ങളും കാരണം സ്വാര്‍ത്ഥതയും സ്വകാര്യതാല്പര്യങ്ങളും വര്‍ദ്ധിക്കുന്നു. അത് മാനവരാശിയെ ആശങ്കപ്പെടുത്തുന്നുണ്ട്.
എന്നാല്‍ ഭാരതത്തെയും, ഹിന്ദുധര്‍മ്മത്തെയും, ഈ ജീവിതരീതിയെയും അതിന്റെ വിജയത്തെയും, അത് സമൂഹത്തിനു നല്‍കിയ അഭിവൃദ്ധിയെയും ഒക്കെ നിരീക്ഷിക്കുന്നവര്‍ക്ക് ഈ ധര്‍മ്മം മാനവരാശിക്ക് നല്‍കിയ സംഭാവനകളെപ്പറ്റി മനസ്സിലാകും.എതര്‍ത്ഥത്തിലും മഹത്തായ കാര്യങ്ങള്‍ നമുക്കിവിടെ കാണാന്‍ കഴിയുന്നു. സാംസ്‌കാരിക നേട്ടങ്ങള്‍ മാത്രമല്ല ഭൗതിക നേട്ടങ്ങളും ഇവിടെ പ്രധാനമാണ്.