1989 – 1990 കാലഘട്ടം. അന്ന് കേരളവും ഭാരതവും ഭക്തിസാന്ദ്രമായിരുന്നു. രാമഭക്തിയാല്‍ ഓരോ ഭാരതീയനും അനുഭൂതിയുടെ മലകയറുന്ന കാലം. എവിടെ നോക്കിയാലും രാമന്‍. എല്ലാവരുടെയും ചുണ്ടുകളില്‍ രാമനാമം. അന്ന് അത് വിഭാഗീയതയുടെയോ തര്‍ക്കത്തിന്റെയോ വിഭവമായിരുന്നില്ല. എല്ലാവരെയും തമ്മില്‍ കൂട്ടിയിണക്കുന്ന കണ്ണിയായിരുന്നു. കുഞ്ഞുന്നാള്‍ മുതല്‍ കേട്ടുവളര്‍ന്ന രാമായണശീലുകളുടെ സ്വാധീനം എന്നിലുമുണ്ടായിരുന്നു. രാമദൗത്യത്തിനായി നിയോഗിക്കപ്പെട്ടപ്പോള്‍ മനസ്സിന്റെ അടിക്കോണുകളില്‍ നിറഞ്ഞുനിന്നതും ഇതേ ഭക്തിയായിരുന്നു. വിശ്വന്‍പാപ്പ എന്ന പേരിലറിയപ്പെടുന്ന
വി.കെ.വിശ്വനാഥന്‍ പറയുന്നു.കേരളത്തില്‍ നിന്നും 1990ല്‍ രാമദൗത്യവുമായി കര്‍സേവയ്ക്ക് നിയോഗിക്കപ്പെട്ടവരില്‍ രാമജന്മഭൂമിയിലെത്തി ദൗത്യത്തില്‍ പങ്കുചേരാനായ മൂന്നുപേരിലൊരാളായിരുന്നു വി.കെ. വിശ്വനാഥന്‍. സരയൂവിലൂടെ പിന്നെയുമൊരുപാട് ജലമൊഴുകിപ്പോയി. വര്‍ഷങ്ങള്‍ കൊഴിഞ്ഞു. അന്ന് നിര്‍വ്വഹിച്ച ദൗത്യത്തിന്റെ പൂര്‍ണ്ണത ഇന്ന് സംജാതമായിരിക്കുന്നു. തര്‍ക്കങ്ങള്‍ മാറി, പൂര്‍ണ്ണസമവായത്തോടെ, രാമന്‍ ജനിച്ച മണ്ണില്‍ എല്ലാ പ്രൗഢിയോടുംകൂടെ ക്ഷേത്രമുയരുമ്പോള്‍ അയോധ്യയിലേക്ക് ഒരുവട്ടം കൂടെ പോകാനായി തയ്യാറെടുക്കുകയാണ് വിശ്വനാഥന്‍. 2024 ഫെബ്രുവരി മാസം ഇരുപത്തിയൊന്നാം തീയ്യതിയാണ് കേരളത്തില്‍ നിന്നുമുള്ള രാമഭക്തര്‍ക്ക് ക്ഷേത്രദര്‍ശനത്തിനുള്ള അവസരം. സ്വപ്‌നപൂര്‍ത്തിയുടെ ധന്യതയോടെ രാമദര്‍ശനത്തിനായി തയ്യാറെടുക്കുന്ന വി.കെ. വിശ്വനാഥനുമായി നടത്തിയ അഭിമുഖസംഭാഷണമാണിവിടെ. യഥാര്‍ത്ഥത്തില്‍ ഔപചാരികമായ ഒരു അഭിമുഖത്തിനുമപ്പുറം സ്വന്തം ജീവിതത്തില്‍ ഏറ്റവും ധന്യമായ മുഹൂര്‍ത്തങ്ങള്‍ വികാരാവേശത്തോടെ, അനുഭൂതിയോടെ, വിവരിക്കുകയാണ് ഇവിടെ വി.കെ. വിശ്വനാഥന്‍ ചെയ്യുന്നത്. വാര്‍ദ്ധക്യത്തിന് എത്തിപ്പിടിക്കാന്‍ സാധിച്ചിട്ടില്ലാത്ത തിളങ്ങുന്ന കണ്ണുകളില്‍ സന്തോഷത്തിന്റെ പൂത്തിരികള്‍ വിരിയുന്നതും കര്‍സേവകരെ കൂട്ടക്കൊലചെയ്ത സര്‍ക്കാര്‍ നടപടിയില്‍ ദുഃഖത്തിന്റെ കയ്പ്പുനീരണിയുന്നതും ഈ അനുഭവകഥനത്തിന്റെ പശ്ചാത്തലദൃശ്യങ്ങളാണ്.
അയോദ്ധ്യയില്‍ ആദ്യ കര്‍സേവ നടന്നത് 1990ല്‍ ആയിരുന്നുവല്ലോ. അന്ന് കര്‍സേവകനായി അയോദ്ധ്യയിലേക്ക് എത്തിച്ചേരാന്‍ സാധിച്ച മലയാളികളിലൊരാള്‍ അങ്ങായിരുന്നുവല്ലോ. അന്നത്തെ സാഹചര്യങ്ങള്‍ എന്തൊക്കെയായിരുന്നുവെന്ന് പറയാമോ?
♠രണ്ട് കര്‍സേവകളായിരുന്നു നടന്നതെന്ന് അറിയാമല്ലോ. അതിനുമുമ്പ് 1989ല്‍ ശിലാന്യാസം നടന്നിരുന്നു. യഥാര്‍ത്ഥത്തില്‍ നൂറ്റാണ്ടുകളായി തുടരുന്ന സമരത്തിന്റെ ഭാഗമായിരുന്നു അത്. അതിന്റെ ചരിത്രപശ്ചാത്തലമൊക്കെ എല്ലാവര്‍ക്കും അറിയുന്നതാണല്ലോ. 1990 ഒക്‌ടോബര്‍ 30ന് ആയിരുന്നു ആദ്യ കര്‍സേവ നടന്നത്. രണ്ടാമത്തേത് 1992 ഡിസംബര്‍ 6നും. രണ്ട് കര്‍സേവകളിലും പങ്കാളിയാവാനുള്ള ഭാഗ്യം സിദ്ധിച്ചയാളാണ് ഞാന്‍ (അഭിമാനത്തോടെ ചിരിക്കുന്നു). എണ്‍പത്തിയൊമ്പതിലെ ശിലാന്യാസത്തിനായി ഭാരതത്തിലുടനീളം രാമശിലകള്‍ പൂജിച്ച് അയോദ്ധ്യയിലേക്ക് അയച്ചിരുന്നു. കേരളത്തിലും അതിന്റെ ഭാഗമായുള്ള ശിലാപൂജയും ഭജനകളും അങ്ങോളമിങ്ങോളം നടന്നിരുന്നു. അതിന്റെ തുടര്‍ച്ചയായായിരുന്നു 90ലെ കര്‍സേവയ്ക്കായുള്ള തയ്യാറെടുപ്പുകള്‍. കേരളത്തില്‍ നിന്നും നിശ്ചയിക്കപ്പെട്ട കര്‍സേവകര്‍ക്കാവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാനായാണ് ഞാനുള്‍പ്പെടെ മൂന്നുപേര്‍ നേരത്തെ അയോദ്ധ്യയിലെത്തിയത്.
കര്‍സേവയിലേക്ക് നയിച്ച സാഹചര്യങ്ങള്‍ എന്തൊക്കെയായിരുന്നുവെന്ന് ഓര്‍ക്കുന്നുണ്ടോ?
♠തീര്‍ച്ചയായും. എല്ലാ കാര്യങ്ങളും തെളിമയോടെ, ഇന്നലെ കഴിഞ്ഞതുപോലെ ഓര്‍ക്കുന്നുണ്ട്. കര്‍സേവ പോലുള്ള കാര്യങ്ങളൊക്കെ നിശ്ചയിക്കുന്നത് സന്യാസിമാരുടെ സമ്മേളനങ്ങളാണ്. അതിന് ധര്‍മ്മസംസദ്, മാര്‍ഗ്ഗദര്‍ശകമണ്ഡല്‍ എന്നിങ്ങനെയൊക്കെ പറയും. ഹരിദ്വാര്‍, പ്രയാഗ് തുടങ്ങിയ കുംഭമേളകളില്‍ വെച്ചാണ് ഇവ നിശ്ചയിക്കുന്നത്. 1528ലാണ് രാമജന്മഭൂമിയിലെ ക്ഷേത്രം തകര്‍ക്കപ്പെട്ടതും ബാബറുടെ സേനാനായകന്‍ മിര്‍ബാക്കി പിന്നീട് അവിടെ തര്‍ക്കത്തിന് കാരണമായ കെട്ടിടം പണിയുന്നതും. പിന്നീട് രാമജന്മഭൂമിയും തകര്‍ക്കപ്പെട്ട ക്ഷേത്രവും വീണ്ടെടുക്കാന്‍ ധാരാളം സമരങ്ങള്‍ നടന്നിട്ടുണ്ട്. ദീര്‍ഘവീക്ഷണത്തോടുകൂടി 1984ല്‍ ആണ് ശ്രീരാമജന്മഭൂമി മുക്തിയജ്ഞ സമിതി എന്നപേരില്‍ ഒരു ന്യാസ്, ട്രസ്റ്റ് രൂപീകരിക്കുന്നത്. അത് വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലായിരുന്നു. അതിനുപിന്നാലെ ധാരാളം ബോധവത്കരണ പരിപാടികള്‍ നടന്നു. രാമരഥയാത്ര, രാമസീതാരഥയാത്ര, ജ്യോതിപ്രയാണം തുടങ്ങി ഒന്നിനുപിറകെ മറ്റൊന്നായി നിരവധി രാജ്യവ്യാപകപരിപാടികള്‍. തുടര്‍ന്ന്, സന്യാസിമാരുടെ സമ്മേളനത്തില്‍ ഒരു തീരുമാനത്തിലെത്തി. കോടതി നടപടിക്രമങ്ങളും മറ്റും നീണ്ടുപോകുകയാണ്. വ്യവഹാരങ്ങളുടെ കാര്യത്തില്‍ ഒരു തീരുമാനമാകുന്നില്ല. ഇതേവരെ ധാരാളം ശ്രമങ്ങള്‍ നടത്തി. ഇനിയും കാത്തിരുന്നിട്ട് കാര്യമില്ല. ഇതു മനസ്സിലാക്കിയാണ് 1990 ഒക്‌ടോബര്‍ 30ന് കര്‍സേവ നിശ്ചയിച്ചത്. അതിനുമുമ്പ് ശിലാപൂജകള്‍ നടന്നിട്ടുണ്ട്. 1989ല്‍ രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും രാമശിലകള്‍ പൂജിച്ച് അയോദ്ധ്യയില്‍ എത്തിച്ചു. കേരളത്തില്‍ ഗ്രാമഗ്രാമാന്തരങ്ങളില്‍ ശിലാപൂജകള്‍ നടന്നിട്ടുണ്ട്. ഇ.എം.എസിന്റെ ഇല്ലത്തും ശിലാപൂജ നടന്നു.
കേരളത്തിലെ സി.പി.എമ്മിന്റെ പരമോന്നത നേതാവായ ഇ.എം.എസ്. നമ്പൂതിപ്പാടിന്റെ കുടുംബാംഗങ്ങള്‍ രാമശിലാപൂജയെ അനുകൂലിച്ചിരുന്നുവെന്നാണോ?
♠ഇ.എം.എസ്സിന്റെ സഹോദരനായ ബ്രഹ്‌മദത്തന്‍ നമ്പൂതിരിപ്പാടിന്റെ അനുമതിയോടുകൂടിയായിരുന്നു പൂജ നടന്നത്. അതില്‍നിന്നും മനസ്സിലാക്കാവുന്നത് അവരതിനെ അനുകൂലിച്ചിരുന്നുവെന്നാണല്ലോ. കേരളമുള്‍പ്പെടെ ഭാരതത്തിന്റെ എല്ലാഭാഗങ്ങളില്‍ നിന്നും പൂജിച്ച ശിലകള്‍ അയോദ്ധ്യയില്‍ എത്തിച്ചേര്‍ന്നതിനുശേഷം 1989 നവംബര്‍ മാസം 9ന് ഭൂമിപൂജയും 10ന് പവിത്രമായ ശ്രീരാമജന്മഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനായുള്ള ശിലാന്യാസവും, തറക്കല്ലിടല്‍ കര്‍മ്മവും നടന്നു.
ആരായിരുന്നു ശിലാന്യാസകര്‍മ്മം നിര്‍വ്വഹിച്ചതെന്ന് ഓര്‍മ്മയുണ്ടോ? തീര്‍ച്ചയായും ചരിത്രത്തിലിടം പിടിക്കുന്ന സുപ്രധാനമായൊരു കാര്യത്തിന് മുഖ്യകാര്‍മ്മികത്വം വഹിച്ച വ്യക്തിക്ക് ഒരു പ്രാധാന്യമുണ്ടല്ലോ. എന്തെങ്കിലും സന്ദേശം ഇതിലൂടെ സമൂഹത്തിന് നല്‍കാന്‍ ഉദ്ദേശിച്ചിരുന്നോ?
♠തീര്‍ച്ചയായും വലിയൊരു സന്ദേശം സമൂഹത്തിന് നല്‍കിക്കൊണ്ടാണ് ആ പുണ്യകര്‍മ്മം നടന്നത്. ശിലാന്യാസവും ഭൂമിപൂജയും നിര്‍വ്വഹിച്ചത് ബീഹാറിലെ പിന്നാക്കസമുദായക്കാരില്‍ പിന്നാക്കത്തില്‍ പെട്ട വ്യക്തിയായ കാമേശ്വര ചൗപാല്‍ ആയിരുന്നു. ഈ സമയത്ത് നമ്മള്‍ ശ്രദ്ധിക്കേണ്ടത്, സന്ത്, മഹന്ത്, മണ്ഡലേശ്വര്‍, മഹാമണ്ഡലേശ്വര്‍ തുടങ്ങിയ സ്ഥാനമാനങ്ങളുള്ള സന്യാസി സമൂഹവും അശോക് സിംഘാള്‍ജിയെപ്പോലുള്ള വിശ്വഹിന്ദുപരിഷത്തിന്റെയും മറ്റ് സംഘടനകളുടെയും നേതാക്കന്മാരും ഒക്കെയുള്ളപ്പോഴാണ് ഇവരുടെയൊക്കെ സാന്നിദ്ധ്യത്തില്‍ ഈ പിന്നാക്കവിഭാഗക്കാരനെന്ന് പറയപ്പെടുന്ന ആള്‍ ശിലാന്യാസം നടത്തിയത് എന്നതാണ്. ഒരുതരത്തിലുമുള്ള സാമൂഹികവിഭാഗീയതകളും ശ്രീരാമദൗത്യത്തില്‍ ഇല്ലായെന്ന സന്ദേശമായിരുന്നു അത് നല്‍കിയത്. അതിനെത്തുടര്‍ന്നാണ് കര്‍സേവ നിശ്ചയിച്ചത്.
കര്‍സേവ നടത്താനുള്ള തയ്യാറെടുപ്പുകള്‍ എന്തൊക്കെയായിരുന്നു?
♠ഭാരതത്തില്‍ എല്ലാ ഭാഗത്തുനിന്നും കര്‍സേവകന്മാര്‍ എത്തണമെന്ന നിര്‍ദ്ദേശമുണ്ടായിരുന്നു. ആദ്യം കേരളത്തില്‍ നിന്നും അയോദ്ധ്യയ്ക്ക് പോകാന്‍ അഞ്ഞൂറുപേര്‍ മാത്രമായിരുന്നു തയ്യാറായതെങ്കിലും സംഘത്തിന്റെ ദക്ഷിണക്ഷേത്രീയ പ്രചാരകായിരുന്ന സൂര്യനാരായണറാവുവിന്റെ ഒരു യോഗത്തില്‍ ആ സംഖ്യ രണ്ടായിരത്തിയഞ്ഞൂറായി മാറി.
താങ്കള്‍ ആ സംഘത്തിലായിരുന്നോ ഉണ്ടായിരുന്നത്?
♠അല്ല, ഈ രണ്ടായിരത്തിയഞ്ഞൂറുപേര്‍ക്കും വേണ്ട അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിനായി മൂന്നുപേര്‍ നേരത്തെ പോകാന്‍ നിശ്ചയിക്കപ്പെട്ടിരുന്നു. ആ മൂന്നുപേരില്‍ ഒരാളായിരുന്നു ഞാന്‍.
ആരൊക്കെയായിരുന്നു മറ്റ് രണ്ടുപേരെന്ന് ഓര്‍മ്മയുണ്ടാകുമല്ലോ?
♠എ. ഗോപാലകൃഷ്ണന്‍, തിരുവനന്തപുരത്തുനിന്നും രാജശേഖരന്‍ എന്നിങ്ങനെ മൂന്നുപേര്‍. ഞങ്ങള്‍ രണ്ടാഴ്ച മുമ്പേ യാത്രതിരിച്ച് ലഖ്‌നൗവില്‍ ട്രെയിനിറങ്ങി. അവിടെ നിന്നും ഫൈസാബാദില്‍ എത്തി. ഫൈസാബാദും അയോദ്ധ്യയും ട്വിന്‍ സിറ്റിയാണ്. അന്ന് ഞങ്ങള്‍ റെയില്‍വേ സ്റ്റേഷനില്‍ തന്നെ താമസിച്ചു. പത്തുരൂപയായിരുന്നു ഒരു കട്ടിലിന് ചാര്‍ജ്ജ് ഈടാക്കിയിരുന്നത്. അടുത്ത ദിവസം രാവിലെ കുതിരവണ്ടിയില്‍ അയോദ്ധ്യയിലേക്ക് തിരിച്ചു.
അന്നത്തെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രാമജന്മഭൂമി പ്രക്ഷോഭത്തോട് എങ്ങിനെയാണ് പ്രതികരിച്ചത്?
♠മുലായം സിംഗ് യാദവായിരുന്നു അന്ന് മുഖ്യമന്ത്രി. അദ്ദേഹം അയോധ്യ പ്രക്ഷോഭത്തോട് പൂര്‍ണ്ണ എതിര്‍പ്പുള്ള ഒരാളായിരുന്നു. ഞങ്ങള്‍ തര്‍ക്കമന്ദിരത്തിനടുത്ത് എത്തിച്ചേര്‍ന്നു. അവിടെ സി.ആര്‍.പി.എഫ്. തുടങ്ങിയ നിരവധി സേനകളുടെ ശക്തമായ സുരക്ഷാസന്നാഹങ്ങളുണ്ടായിരുന്നു. അവിടെ നമുക്ക് കാണാന്‍ സാധിക്കുന്നത് മൂന്ന് മകുടങ്ങളുള്ള കെട്ടിടമാണ്. അതില്‍ നടുക്കത്തെ മകുടത്തിലാണ് ശ്രീരാമന്റെ വിഗ്രഹമുള്ളത്. ചെറിയൊരു വിഗ്രഹമായിരുന്നു. രാമലല്ല എന്നായിരുന്നു വിളിച്ചിരുന്നത്. നമ്മള്‍ ഉണ്ണിക്കണ്ണന്‍ എന്നുപറയുന്നതുപോലെ ശ്രീരാമന്റെ കുട്ടിക്കാലത്തെ രൂപമായ ബാലനായ രാമനാണ് പ്രതിഷ്ഠ. ഞങ്ങള്‍ ദര്‍ശനമൊക്കെ നടത്തി.
ദര്‍ശനത്തിനുള്ള സൗകര്യമൊക്കെ ഉണ്ടായിരുന്നോ?
♠അതെ. ദര്‍ശനത്തിനൊന്നും ഒരു തടസ്സവുമുണ്ടായിരുന്നില്ല. ആരാധനയ്ക്കുള്ള സൗകര്യം വസ്തുതര്‍ക്കത്തിലുള്ള ഒരു കെട്ടിടത്തിലായിരുന്നു എന്ന് മാത്രമേയുള്ളൂ. അതും പൊളിഞ്ഞുവീഴാന്‍ പാകത്തിലുള്ള പഴയൊരു കെട്ടിടം. ഭജനയും മറ്റ് ആരാധനകളുമൊക്കെ അവിടെ നടക്കുന്നുണ്ടായിരുന്നു. നിത്യപൂജയുമുണ്ടായിരുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാരായിരുന്നു അവിടുത്തെ പൂജാരിയെ നിശ്ചയിച്ചിരുന്നതും ശമ്പളം നല്‍കിയിരുന്നതും. അതിനൊരു ചരിത്രമുണ്ട്. 1949ല്‍ ആരെയൊക്കെയോ പ്രീണിപ്പിക്കാന്‍ ഈ രാമവിഗ്രഹം എടുത്തുമാറ്റാന്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു നിര്‍ദ്ദേശം കൊടുത്തിരുന്നു. പക്ഷെ ആ നിര്‍ദ്ദേശം അവിടുത്തെ കലക്ടര്‍ നിരസിക്കുകയാണുണ്ടായത്. മലയാളിയായിരുന്ന, കുട്ടനാട്ടുകാരനായ കെ.കെ. നായര്‍ ആയിരുന്നു കലക്ടര്‍. പിന്നീട് കോടതി അവിടെ ഭക്തര്‍ക്ക് പൂജ ചെയ്യാനുള്ള അനുവാദം നല്‍കുകയായിരുന്നു. ഞങ്ങള്‍ രാം ലല്ലയില്‍ ദര്‍ശനം നടത്തി, സരയൂ നദിയൊക്കെ കണ്ടു. പിന്നെ ഞങ്ങള്‍ക്ക് താമസിക്കാന്‍ നിശ്ചയിച്ചിരുന്ന സ്ഥലത്തെത്തി. അന്ന് ഞങ്ങള്‍ക്ക് ഭക്ഷണമായി കിട്ടിയത് കുറച്ച് സമൂസയായിരുന്നു. പിന്നീട് അവിടെ നിന്നും ലഭിച്ച നിര്‍ദ്ദേശമനുസരിച്ച് മൂന്ന് ഗ്രാമങ്ങളിലേക്ക് ഞങ്ങള്‍ പോയി. ഞാന്‍ പോയത് സനേതു എന്ന ഗ്രാമത്തിലായിരുന്നു. ഗോപാലകൃഷ്ണന്‍ ഫൂരാഫാല്‍മാന്‍ എന്ന ഗ്രാമത്തിലും രാജശേഖരന്‍ നരിയാമ എന്ന ഗ്രാമത്തിലുമായിരുന്നു. ഞാന്‍ ഒരു കര്‍ഷകകുടുംബത്തിലാണ് താമസിച്ചിരുന്നത്.
സംഘടനാപ്രവര്‍ത്തകരുടെ വീടുകളിലായിരുന്നോ താമസിച്ചിരുന്നത്?
♠അല്ല. അന്നവിടെ സംഘടനാപ്രവര്‍ത്തനമൊന്നുമില്ലായിരുന്നു. വിശ്വഹിന്ദു പരിഷത്തിന്റെ ചുമതലയുള്ളൊരാളായിരുന്നു അന്ന് ഞങ്ങളെ അവിടെ കൊണ്ടുചെന്നാക്കിയത് എന്നുമാത്രം. രാത്രിയായപ്പോള്‍ കിടക്കാനായി ചാര്‍പ്പായി എന്നൊരു ചെറിയ കയറുകട്ടില്‍ കാണിച്ചുതന്നു. അതിനടുത്തുതന്നെ ഒരു പോത്തിനെ കെട്ടിയിട്ടുമുണ്ട്. നല്ല കൊതുകൊക്കെയുണ്ടായിരുന്നെങ്കിലും ക്ഷീണമുള്ളതുകൊണ്ട് നന്നായി ഉറങ്ങി. അടുത്ത ദിവസം മറ്റൊരിടത്തേക്ക് താമസം മാറി. ശ്രീകുമാര്‍ ശ്രീവാസ്തവയെന്ന ഒരു എല്‍.പി. സ്‌കൂള്‍ ഹെഡ്മാസ്റ്ററുടെ വീട്ടിലാണ് പോയത്. അദ്ദേഹത്തിന്റെ സഹോദരന്‍ കൃഷ്ണകുമാര്‍ ശ്രീവാസ്തവ. രണ്ട് മക്കളായിരുന്നു. ഉഷാ ശ്രീവാസ്തവയെന്നായിരുന്നു മകളുടെ പേര്. നല്ല പെരുമാറ്റമായിരുന്നു അദ്ദേഹത്തിന്റേത്. കര്‍സേവയ്ക്ക് വന്നവരെന്ന നിലയിലുള്ള ബഹുമാനമായിരുന്നു ഞങ്ങള്‍ക്ക് ലഭിച്ചിരുന്നത്. പകലൊക്കെ അടുത്തുള്ള കരിമ്പിന്‍ തോട്ടത്തില്‍ പോയി ഇരിക്കുമായിരുന്നു. അവിടെ വേറൊരു മലയാളിയെക്കൂടെ കണ്ടു. തൃപ്പൂണിത്തുറക്കാരന്‍ ബാലകൃഷ്ണന്‍. കനറാബാങ്ക് ഉദ്യോഗസ്ഥനായ അദ്ദേഹം തമിഴ്‌നാട്ടില്‍ നിന്നുമായിരുന്നു വന്നത്. അടുത്തൊരു എഞ്ചിനീയറുടെ വീടുണ്ടായിരുന്നെങ്കിലും അവിടെ പത്രമൊന്നും കിട്ടാനുണ്ടായിരുന്നില്ല. വാര്‍ത്തകളറിയാന്‍ മാര്‍ഗ്ഗമുണ്ടായിരുന്നില്ല.
ആ നാട്ടുകാരായ ജനങ്ങളുടെ പെരുമാറ്റമൊക്കെ എങ്ങനെയായിരുന്നു?
♠കര്‍സേവകരെന്ന നിലയില്‍ വളരെ ഭക്തിബഹുമാനങ്ങളോടെയായിരുന്നു അവള്‍ ഞങ്ങളെ കണ്ടിരുന്നത്. കരിമ്പിന്‍ തോട്ടത്തിലിരിക്കുമ്പോള്‍ എഞ്ചിനീയറുടെ കൊച്ചുകുട്ടിയായ മകള്‍ ഗീതു ഞങ്ങള്‍ക്ക് ചായയൊക്കെ കൊണ്ടുവന്നു തരുമായിരുന്നു. ഞങ്ങള്‍ ആ ഗ്രാമം വിട്ട് മറ്റൊരിടത്തേക്ക് താമസം മാറിയപ്പോള്‍ ആ കുടുംബം മുഴുവന്‍ ഒരുമിച്ച് വന്നു. ഗ്രാമാതിര്‍ത്തിയില്‍ വെള്ളമൊഴുകുന്ന ഒരു ചെറിയ തോടുണ്ടായിരുന്നു. അവിടെയെത്തിയപ്പോള്‍ എല്ലാവരും എന്റെ കാലില്‍ തൊട്ട് നമസ്‌കരിച്ചു. ഞാനും തൊഴുതു. അത്രയും ബഹുമാനത്തോടെയായിരുന്നു അവരുടെ പെരുമാറ്റം. പിന്നീട് എത്തിച്ചേര്‍ന്നത് വലിയൊരു കെട്ടിടത്തിലായിരുന്നു. അവിടെയൊരു കെട്ടിടവും മണ്ണെണ്ണ വിളക്കുമൊക്കെയുണ്ട്. കാര്യങ്ങള്‍ നോക്കാനും സംരക്ഷണത്തിനുമായി ഒരാളുമുണ്ടായിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞ് ഒക്‌ടോബര്‍ 29-ാം തീയ്യതി, രാവിലെ എട്ടുമണിക്ക് ഭക്ഷണമൊക്കെ കഴിഞ്ഞപ്പോള്‍ എല്ലാവരും ഒന്നിച്ച് അയോദ്ധ്യയിലേക്ക് യാത്ര ചെയ്യണമെന്ന നിര്‍ദ്ദേശം വന്നു. അങ്ങനെ ഞങ്ങള്‍ രാത്രി എട്ടുമണിക്ക് യാത്ര തുടങ്ങി. അപ്പോഴേക്കും അയോദ്ധ്യയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. റോഡുകള്‍ ബാരിക്കേഡുകളും മുള്ളുവേലികളും കൊണ്ട് ബ്ലോക്ക് ചെയ്തിരുന്നു. പ്രധാനവഴികളിലെല്ലാം പോലീസ് വാഹനങ്ങള്‍ ചീറിപ്പായുന്നുണ്ട്. ചില ഊടുവഴികളിലൂടെയായിരുന്നു ആ സാഹസികയാത്ര. രാവിലെയായപ്പോള്‍ കരിമ്പിന്‍ പാടങ്ങളിലെ ജലസേചനത്തിനായുള്ള മോട്ടോര്‍ ഷെഡുകളില്‍ നിന്നും വെള്ളമെടുത്ത് മുഖം കഴുകി, ഇലകള്‍ പറിച്ച് പല്ലുതേച്ച്, യാത്ര തുടര്‍ന്നു. കുറച്ച് മുന്നോട്ടുപോയപ്പോള്‍ അവിടെ സന്യാസിയെപ്പോലൊരാളെ കണ്ടു. അദ്ദേഹവും ഭാര്യയും തീക്കത്തിച്ച് ചൂടുകായുകയായിരുന്നു. അവരോട് സംസാരിച്ചപ്പോള്‍ ചുട്ട ഉരുളക്കിഴങ്ങ് തീയ്യില്‍ നിന്നും എടുത്തുതന്നു. പച്ചമുളക് പറിച്ചെടുത്ത് ഞെരടി ചമ്മന്തിയുണ്ടാക്കിത്തന്നു. നല്ല രുചിയായിരുന്നു അതിന്. പിന്നെ വീണ്ടും യാത്രതുടര്‍ന്ന് അയോദ്ധ്യ നഗരത്തിലെത്തി, ഗല്ലികളിലെത്തിയപ്പോള്‍ അവിടങ്ങളിലെല്ലാം രാജ്യത്തിന്റെ നാനാഭാഗത്തുനിന്നുമെത്തിയ കര്‍സേവകരെക്കൊണ്ട് നിറഞ്ഞിരുന്നു. പോലീസുകാരും സി.ആര്‍.പി.എഫുകാരുമുണ്ടെങ്കിലും ആരും ആരെയും തടഞ്ഞിരുന്നില്ല. അവരും ഞങ്ങളോടൊപ്പം ജയ് ശ്രീരാം വിളിച്ചു.
അപ്പോള്‍ പോലീസും സേനയും പ്രക്ഷോഭത്തിന് അനുകൂലമായിരുന്നോ?
♠എല്ലാവരുടെയുള്ളിലും രാമഭക്തിയുണ്ടല്ലോ. ഞങ്ങള്‍ സമാധാനത്തോടെ ഭജനപാടിയാണ് പോകുന്നത്. എല്ലാ സംസ്ഥാനത്തുനിന്നുമുള്ളവരുണ്ട്. എല്ലാ വിഭാഗത്തിലുള്ളവരുമുണ്ട്. എന്റെ കൂടെയുണ്ടായിരുന്നത് ഒരു സ്വര്‍ണ്ണപ്പണിക്കാരനാണ്. വിശപ്പടക്കാനായി അവലും ശര്‍ക്കരയും വെള്ളവും എല്ലാവരും നേരത്തെയുള്ള നിര്‍ദ്ദേശപ്രകാരം കരുതിയിരുന്നു.
ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ എന്തെങ്കിലും പദ്ധതിയുണ്ടായിരുന്നോ?
♠അതെ. ആ ദിവസത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. അയോദ്ധ്യയില്‍ ചൗതകോശി പരിക്രമ, പഞ്ചകോശി പരിക്രമ എന്നിങ്ങനെയുള്ള രണ്ട് പരിക്രമകള്‍ നടക്കുന്ന ദിവസമായിരുന്നു അത്. രാമഭജനകള്‍ പാടി രാമവിഗ്രഹത്തിനുചുറ്റും പ്രദക്ഷിണം വെക്കുന്നതായിരുന്നു പരിക്രമകള്‍. ധാരാളം ഭക്തന്മാര്‍ ഇതില്‍ പങ്കെടുക്കാന്‍ എല്ലാ വര്‍ഷവുമെത്താറുണ്ട്. അതിനോടൊപ്പം ഒരുമിച്ച് ചേര്‍ന്ന്, ഉള്ളിലേക്ക് പ്രവേശിക്കുകയായിരുന്നു ചെയ്യേണ്ടത്. പക്ഷെ മുലായം സിംഗ് അന്ന് രണ്ട് പരിക്രമകളും നിരോധിച്ചു. ഏതാണ്ട് ഒമ്പതുമണിയായപ്പോള്‍ ഞങ്ങള്‍ തര്‍ക്കമന്ദിരത്തിന് മുന്നിലെത്തി. ഒക്‌ടോബര്‍ 30ന് രാവിലെ പത്തുമണിക്ക് എന്ത് സംഭവിച്ചാലും കര്‍സേവ നടക്കുമെന്നായിരുന്നു പ്രഖ്യാപനം.
പോലീസ് നിയന്ത്രണം ശക്തമായിരുന്നില്ലേ?
♠മുഖ്യമന്ത്രി മുലായം സിംഗ് യാദവ് വാര്‍ത്താമാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചത് ഒരു ഈച്ചപോലും തര്‍ക്കമന്ദിരത്തില്‍ പ്രവേശിക്കില്ലെന്നായിരുന്നു. അത്രയും വലിയ സുരക്ഷാസന്നാഹങ്ങളായിരുന്നു ഉണ്ടായിരുന്നത്. അവിടെയാണ് ഞങ്ങളെത്തിയിരിക്കുന്നത്. 9.45 ആയപ്പോള്‍ ഞങ്ങള്‍ നില്‍ക്കുന്നതിന് എതിര്‍ വശത്തുകൂടെ അശോക് സിംഘാള്‍ജിയുടെ നേതൃത്വത്തില്‍ കര്‍സേവകന്മാരുടെ ഒരുകൂട്ടം വന്നു.
അപ്പോഴേക്കും നേരത്തെ പറഞ്ഞ കേരളത്തില്‍ നിന്നുള്ള ആയിരത്തിയഞ്ഞൂറുപേരും അവിടെയെത്തിയിരുന്നോ?
♠ഇല്ല. അവിടെ ഞങ്ങള്‍ മൂന്നുപേര്‍ മാത്രമാണ് കേരളത്തില്‍ നിന്നും എത്തിയത്. മറ്റുള്ളവരെയെല്ലാം ഝാന്‍സി പോലുള്ള സ്ഥലങ്ങളില്‍ തടഞ്ഞുനിര്‍ത്തി അറസ്റ്റ് ചെയ്ത് കോളേജുകള്‍ പോലുള്ള താത്കാലിക ജയിലുകളില്‍ അടച്ചിരുന്നു. ഞങ്ങള്‍ നേരത്തെ പോയതുകൊണ്ടുമാത്രമാണവിടെ എത്തിയത്. കര്‍ഫ്യൂ ശക്തമായിരുന്നു. കര്‍സേവകരെ കണ്ടാലുടന്‍ വെടിവെക്കുന്ന തരത്തിലുള്ള ഭീകരാന്തരീക്ഷമായിരുന്നു സൃഷ്ടിച്ചിരുന്നത്. ആ സമയത്ത് ആരോ അശോക് സിംഘാളിനുനേരെ കല്ലെറിഞ്ഞു. അദ്ദേഹത്തിന്റെ നെറ്റി പൊട്ടി ചോരയൊഴുകി.
അപ്പോള്‍ പ്രവര്‍ത്തകര്‍ ക്ഷോഭിച്ചില്ലേ?
♠ഇല്ല. നിര്‍ദ്ദേശപ്രകാരം എല്ലാവരും സമാധാനപരമായി രാമനാമം ജപിച്ച് മുന്നോട്ടുപോകുകയേ ചെയ്തുള്ളു. പത്തുമണിയാകുമ്പോഴേക്കും അവിടമാകമാനം രാമഭക്തരെക്കൊണ്ട് നിറഞ്ഞിരുന്നു. ജയ് ശ്രീരാം വിളികളുയരുന്നുണ്ട്. എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും മനസ്സിലാകുന്നുണ്ടായിരുന്നില്ല. ഇന്ത്യാ-പാക് അതിര്‍ത്തികളിലുള്ളതുപോലെ വലിയ മുള്ളുവേലികള്‍ വൃത്താകൃതിയില്‍ വളച്ച് തര്‍ക്കമന്ദിരത്തിനുചുറ്റും സ്ഥാപിച്ചിരുന്നു. തോക്കുചൂണ്ടിപ്പിടിച്ച് പോലീസും പട്ടാളവുമുണ്ട്. പക്ഷെ കര്‍സേവയ്ക്കായി നിശ്ചയിച്ച പത്തുമണിയായപ്പോള്‍ ഇതിനിടയിലൂടെ എങ്ങനെയോ ഒരാള്‍ നിയന്ത്രണങ്ങള്‍ ഭേദിച്ച് തര്‍ക്കമന്ദിരത്തിലേക്ക് കടന്നു. അതിനുപിന്നാലെ രണ്ടുമൂന്നുപേര്‍ കൂടെ കടന്നു. അവര്‍ തര്‍ക്കമന്ദിരത്തിന്റെ മകുടത്തിനുമുകളില്‍ കയറി രണ്ടുമൂന്ന് ഇഷ്ടികകളൊക്കെ ഇളക്കി. പറഞ്ഞ സമയത്ത് അവിടെ കാവിപതാകയുയര്‍ത്തി. ഇതുകണ്ട് പോലീസും പട്ടാളവുമൊക്കെ സ്തംഭിച്ചുപോയി. എന്തുചെയ്യണമെന്നറിയാതെ അവര്‍ രണ്ടുമൂന്ന് മിനിട്ട് അങ്ങനെ നിന്നുപോയി. പിന്നെയവര്‍ വെടിവെച്ചു. മുകളിലുള്ള മൂന്നുപേരും വെടിയേറ്റ് വീണു. നിശ്ചയിക്കപ്പെട്ട പരിപാടി അവിടെ നടന്നു. എല്ലായിടത്തും ജയാരവം മുഴങ്ങി. നിശ്ചയിച്ച കാര്യം നടന്നതിന്റെ ആവേശത്തിലായിരുന്നു എല്ലാവരും.
ആ വെടിയേറ്റുവീണ മൂന്ന് പേര്‍ ആരൊക്കെയായിരുന്നുവെന്നറിയാമോ?
♠അറിയില്ല. അവരുടെ പേരുകളൊന്നും പിന്നീടും പരസ്യപ്പെടുത്തിയിട്ടില്ല. കര്‍സേവ നിശ്ചയിച്ച സമയത്ത് നടന്നതുകൊണ്ട് തുടര്‍ന്ന് മറ്റ് പരിപാടികളൊന്നുമില്ലാതെ എല്ലാവരും സമാധാനപരമായി അവരവരുടെ സങ്കേതങ്ങളിലേക്ക് തിരിച്ചുപോയി. പിന്നീടൊരു നിര്‍ദ്ദേശം വന്നത് നവംബര്‍ രണ്ടാം തീയ്യതി വീണ്ടും എല്ലാവരും ഭജനപാടി തര്‍ക്കമന്ദിരത്തിലേക്ക് പോകണമെന്നായിരുന്നു. അതുപ്രകാരം എല്ലാവരും രണ്ടാം തീയ്യതി അവിടെയെത്തി ഭജനപാടി. പക്ഷെ അപ്പോഴേക്കും മുഖ്യമന്ത്രി മുലായം സിംഗിന് ഭയങ്കരമായ ഇച്ഛാഭംഗം വന്നിരുന്നു. പ്രഖ്യാപിച്ച സുരക്ഷാവേലികളൊക്കെ ഭേദിച്ച് കര്‍സേവ നടത്തിയതില്‍ അദ്ദേഹം ഞെട്ടിപ്പോയിരുന്നു. ലോകം മുഴുവന്‍ ഈ കാര്യമറിഞ്ഞിരുന്നല്ലോ. അയാളതിനെ വലിയ നാണക്കേടായാണ് എടുത്തത്. അതുകൊണ്ടാവാം ഇത്തവണ പോലീസും തോക്കുകളുമൊക്കെയായി എല്ലാ സന്നാഹങ്ങളുമൊരുക്കിയിരുന്നു. ഭജനപാടിക്കൊണ്ട് റോഡിലൂടെ കര്‍സേവകന്‍മാര്‍ സമാധാനപരമായി നടന്നുവരികയായിരുന്നു. പോലീസ് നിയന്ത്രണം ശക്തമായിരുന്നെങ്കിലും എല്ലാം സമാധാനപരമായിരുന്നു. പക്ഷെ പെട്ടെന്ന് ഒരു മുന്നറിയിപ്പുമില്ലാതെ മുലായം സിംഗിന്റെ പോലീസ് മുന്നില്‍ നടക്കുകയായിരുന്ന കല്‍ക്കത്തയില്‍ നിന്നും വന്ന കോത്താരി സഹോദരന്മാരെന്ന രണ്ട് കര്‍സേവകര്‍ക്കുനേരെ വെടിവെച്ചു. തുടര്‍ന്ന് നടന്ന വെടിവെപ്പില്‍ ഒരുപാടുപേര്‍ പിടഞ്ഞുവീണ് മരിച്ചു. പിരിഞ്ഞുപോകണമെന്ന മുന്നറിയിപ്പുപോലുമില്ലാതെയായിരുന്നു ഇത്. പിന്നീടറിയുന്നത് അതേസമയത്തുതന്നെ അയോദ്ധ്യയും അടുത്ത ബാരാബംഗിയെന്ന ജില്ലയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലത്തിലും വെടിവെപ്പുനടന്നുവെന്നും ധാരാളം പേര്‍ വെടിയേറ്റ് സരയൂനദിയില്‍ വീണുവെന്നുമാണ്. മറ്റ് പലയിടത്തും വെടിവെപ്പ് നടന്നു. എത്രപേര്‍ മരിച്ചുവെന്നതിനെക്കുറിച്ച് വ്യക്തമായ വിവരവുമില്ല. അതൊരു വലിയ ദുഃഖത്തിന്റെ അന്തഃരീക്ഷമുണ്ടാക്കി. റോഡിലൂടെ ചക്രവണ്ടിയിലൊക്കെ രാമഭക്തരുടെ മൃതശരീരങ്ങള്‍ കൊണ്ടുപോകുന്നത് കാണാമായിരുന്നു.
ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങളൊക്കെ നേരില്‍ കാണേണ്ടിവന്നതാണല്ലോ. എങ്ങനെയാണതില്‍ നിന്നും മോചിതനായത്?
♠അത്രപെട്ടെന്നൊന്നും മോചിതമാകാന്‍ പറ്റുന്ന മാനസിക ആഘാതമായിരുന്നില്ല അത്. ഞങ്ങളൊക്കെ തിരിച്ച് കേരളത്തിലേക്ക് പോന്നു. പക്ഷെ നിരാശപ്പെട്ട് മടിച്ചുനില്‍ക്കാതെ ശക്തമായി മുന്നോട്ടുപോകാന്‍ തന്നെയായിരുന്നു സംഘടനാതീരുമാനം. 1991 ഏപ്രില്‍ 4ാം തീയ്യതി ദല്‍ഹിയില്‍ വെച്ച് വലിയൊരു വിരാടഹിന്ദു സമ്മേളനം നടന്നു. 25 ലക്ഷം ആളുകളതില്‍ പങ്കെടുത്തു. ഞാനും പോയിരുന്നു. കെ.ജി. മാരാര്‍, പി.പി. മുകുന്ദന്‍, രാമന്‍പിള്ള സാര്‍ തുടങ്ങിയവരൊക്കെയുണ്ടായിരുന്നു. പക്ഷെ ഞങ്ങള്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാന്‍ പറ്റിയില്ല. ഞങ്ങളെത്തിയ ലക്ഷ്മി നാരായണമന്ദിരം പോലീസ് വളഞ്ഞിരുന്നു. നാലുമണിവരെ ഞങ്ങളെ കസ്റ്റഡിയില്‍ വെച്ചു. ആ സമ്മേളനത്തോടുകൂടി ഉത്തര്‍പ്രദേശ് ഇളകിമറിഞ്ഞു. മുലായം സിംഗ് രാജിവെച്ചതിനുശേഷം നടന്ന തിരഞ്ഞെടുപ്പില്‍ കല്യാണ്‍ സിംഗ് മുഖ്യമന്ത്രിയായി.
രണ്ടാമത്തെ കര്‍സേവ അതിനുശേഷമാണ് ഉണ്ടാകുന്നതല്ലേ?
♠ധര്‍മ്മസംസദ്, സന്ന്യാസിമാരുടെ സമ്മേളനം ചേര്‍ന്ന് വീണ്ടും കര്‍സേവ നടത്തണമെന്ന് തീരുമാനിച്ചു. അങ്ങനെയാണ് 1992 ഡിസംബര്‍ 6-ാം തീയ്യതി കര്‍സേവ നടത്താന്‍ തീരുമാനമായത്.
ഈ സമയത്തൊക്കെ നമ്മുടെ കേരളത്തിലെ അന്തരീക്ഷം എന്തായിരുന്നുവെന്ന് ഓര്‍മ്മയുണ്ടോ?
♠ശിലാപൂജയുടെ കാലം മുതലേ കേരളത്തില്‍ ധാരാളം സമ്മേളനങ്ങള്‍ നടന്നിരുന്നുവല്ലോ. കര്‍സേവ നടന്ന് തിരിച്ചുവന്നപ്പോഴും കേരളത്തില്‍ അനുകൂലമായ അന്തരീക്ഷമായിരുന്നു. കര്‍സേവയെക്കുറിച്ചുള്ള വിശദീകരണയോഗങ്ങളിലൊക്കെ ആളുകള്‍ തടിച്ചുകൂടിയിരുന്നു. പാലക്കാട് ഒന്നുരണ്ട് സ്ഥലങ്ങളില്‍ ഞാനും പോയിട്ടുണ്ട്.
1992 ഡിസംബര്‍ 6-ാം തീയ്യതിയിലെ കര്‍സേവയിലും അങ്ങ് പങ്കെടുത്തിരുന്നുവല്ലോ?
♠അതെ. കേരളത്തില്‍ നിന്നും 500 പേരായിരുന്നു പോയത്. കല്യാണ്‍ സിംഗ് മുഖ്യമന്ത്രിയായതിനുശേഷം അയോദ്ധ്യയില്‍ വലിയ മാറ്റങ്ങള്‍ വന്നിരുന്നു. തര്‍ക്കമന്ദിരത്തിനുമുന്നില്‍ വലിയ മൈതാനം ഉണ്ടാക്കിയിരുന്നു. ആശ്രമങ്ങളിലായിരുന്നു ഇത്തവണ താമസം. സരയൂനദിക്കരയിലെ ആശ്രമത്തിലായിരുന്നു ഞങ്ങള്‍ താമസിച്ചത്. വൈക്കോല്‍ വിരിച്ചായിരുന്നു കിടന്നത്. എല്ലാ സംസ്ഥാനത്തുനിന്നും ഇതേപോലെ ആളുകള്‍ എത്തിയിരുന്നു. കേരളത്തില്‍ നിന്നും പോയവരുടെ നേതൃത്വം എനിക്കായിരുന്നു. സഹായിക്കാന്‍ രണ്ടുപേരുമുണ്ടായിരുന്നു.
ആ സമയത്ത് കേന്ദ്രസര്‍ക്കാരിന്റെ സമീപനമെന്തായിരുന്നു?
♠നരസിംഹറാവുവായിരുന്നു അപ്പോള്‍ പ്രധാനമന്ത്രി. അദ്ദേഹം പറഞ്ഞത്, കര്‍സേവ നടക്കട്ടെ, പക്ഷെ പ്രതീകാത്മക കര്‍സേവ ആയിരിക്കണമെന്നാണ്. എല്ലാവരും സരയുവില്‍ കുളിക്കണം. എന്നിട്ട് നദിയിലെ മണ്ണെടുത്ത് അയോദ്ധ്യയില്‍ സമര്‍പ്പിക്കണം. അതേ ചെയ്യാവൂ എന്നായിരുന്നു നിര്‍ദ്ദേശം. ഇത് യോഗത്തില്‍ അവതരിപ്പിച്ചപ്പോള്‍ വലിയ എതിര്‍പ്പുണ്ടായി. എല്ലാവരും ബാനറൊക്കെ തയ്യാറാക്കി. ഞങ്ങളുടെ കയ്യില്‍ ബാനറൊന്നുമുണ്ടായിരുന്നില്ല. ഒരു തുണി സംഘടിപ്പിച്ച് ആരോ കരികൊണ്ടൊക്കെ എഴുതുകയായിരുന്നു. ഗണഗീതം പാടി അടുത്ത ദിവസം ഞങ്ങള്‍ അയോദ്ധ്യയിലേക്ക് പോയി. അപ്പോഴും സുരക്ഷയൊക്കെ പഴയതുപോലെയായിരുന്നു. ബാരിക്കേഡുകളും കമ്പിവേലികളുമുണ്ടായിരുന്നു.
ഇത്തവണയും പഴയതുപോലെ പോലീസ് അതിക്രമങ്ങളുണ്ടായോ?
♠ഇത്തവണ സാഹചര്യം വ്യത്യസ്തമായിരുന്നല്ലോ. തര്‍ക്കമന്ദിരത്തിന്റെ മുന്നില്‍ വിശാലമായ മൈതാനത്തില്‍ വലിയ വേദി ഒരുക്കിയിരുന്നു. അശോക് സിംഘാള്‍, ശേഷാദ്രിജി, ഉമാഭാരതി, സ്വാധി ഋതംഭര, വിജയരാജ സിന്ധ്യ, ശ്രീഷ് ചന്ദ്ര ദീക്ഷിത്, വിനയ് കത്യാര്‍, ദിഗംബര്‍ അഘാഡയിലെ പരമഹംസ രാമചന്ദ്രദാസ്, നൃത്യഗോപാല്‍ ദാസ് തുടങ്ങിയ നിരവധി പ്രമുഖര്‍ വേദിയിലുണ്ടായിരുന്നു. പത്തുമണിക്ക് പ്രസംഗം ആരംഭിച്ചു. മൈതാനം കര്‍സേവകരെ കൊണ്ട് നിറഞ്ഞിരുന്നു. ഇതിനിടയില്‍ കര്‍ശനമായ സുരക്ഷാവലയം ഭേദിച്ച് എങ്ങനെയോ രണ്ടുമൂന്നുപേര്‍ തര്‍ക്കമന്ദിരത്തിനുള്ളില്‍ കടന്നു. അതിനുപിന്നാലെ കുറച്ചധികം പേര്‍ കയറി. അവര്‍ മകുടത്തിന്റെ മുകളില്‍ കയറി. അവര്‍ ഇഷ്ടികകളൊക്കെ പൊളിക്കാന്‍ തുടങ്ങി. അപ്പോള്‍ വേദിയില്‍ നിന്നും കെട്ടിടം പൊളിക്കരുത്, നമ്മള്‍ അങ്ങനെയൊന്നും ചെയ്യരുത് എന്നൊക്കെ അഭ്യര്‍ത്ഥിക്കുന്നുണ്ടായിരുന്നു. അപ്പോഴും ആളുകളുടെ എണ്ണം കൂടിക്കൂടി വന്ന് ഇഷ്ടികകള്‍ പൊളിച്ചുനീക്കുന്നത് തുടര്‍ന്നു. എല്ലാവരും താഴെയിറങ്ങണമെന്ന തുടര്‍ച്ചയായ നിര്‍ദ്ദേശമുണ്ടായപ്പോള്‍ എല്ലാവരും താഴെയിറങ്ങി. പക്ഷെ പെട്ടെന്നുതന്നെ വീണ്ടും കയറി. പതിനൊന്നര മണിയായപ്പോള്‍ ആദ്യത്തെ മകുടം വലിയ ശബ്ദത്തോടെ താഴെ വീണു. വളരെ ഉയരത്തില്‍ പൊടിപടലങ്ങളുയര്‍ന്നു. വലിയ ആരവങ്ങളുയര്‍ന്നു. ജയ് ശ്രീരാം വിളികളും ഉച്ചത്തിലായി. എല്ലാം കണ്ണടച്ച് തുറക്കുന്ന വേഗത്തിലായിരുന്നു സംഭവിച്ചത്.
അപ്പോള്‍ ഈ തര്‍ക്കമന്ദിരം തകര്‍ക്കപ്പെടുന്നത് മുന്‍കൂര്‍ തീരുമാനപ്രകാരമായിരുന്നില്ല അല്ലേ? പെട്ടെന്നുണ്ടായ ആവേശത്തള്ളിച്ചയില്‍ ചിലര്‍ ചെയ്ത കാര്യമാണ് എന്നാണോ?
♠മുന്‍കൂര്‍ തീരുമാനമെന്നൊന്നും പറയാനാവില്ല. അങ്ങനെയുള്ള തയ്യാറെടുപ്പൊന്നുമുണ്ടായിരുന്നില്ല. കര്‍സേവയെന്ന് ചിന്തിച്ചിരുന്നുവെന്നുമാത്രം. ആദ്യമകുടം വീണപ്പോള്‍ രണ്ടാമത്തെ മകുടത്തിനുമുകളില്‍ കയറി. ഈ സമയവും വേദിയില്‍ നിന്നും പൊളിക്കരുത്, താഴെയിറങ്ങൂവെന്ന നിര്‍ദ്ദേശമുണ്ടായി. രണ്ടാമത്തെ മകുടത്തിനുള്ളില്‍ രാമന്റെ വിഗ്രഹമുണ്ട് അത് തകര്‍ന്നുപോകാതിരിക്കാനായി ആരോ ഉടന്‍ തന്നെ വിഗ്രഹമെടുത്ത് മാറ്റി. പക്ഷെ, അപ്പോഴും ഇടയ്ക്ക് നിര്‍ത്തുകയും വീണ്ടും തുടരുകയുമൊക്കെയായി. ഇഷ്ടികകള്‍ അടര്‍ന്നുവീണുകൊണ്ടിരുന്നു. മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ രണ്ടാമത്തെ മകുടവും വലിയ ശബ്ദത്തോടെ തകര്‍ന്നുവീണിരുന്നു. അപ്പോഴും വേദിയില്‍ പ്രസംഗം തുടരുന്നുണ്ടായിരുന്നു. പ്രസംഗം ഉണ്ടായിരുന്നെങ്കിലും സദസ്സിലെ ആളുകളൊക്കെ വേദിയിലേക്കല്ല നോക്കുന്നത്. പകരം ഈ കെട്ടിടം തകരുന്നതായിരുന്നു. അടുത്ത അര മണിക്കൂറിനുള്ളില്‍ മൂന്നാമത്തെ മകുടവും തകര്‍ന്നുവീണു. അപ്പോഴേക്കും ഇഷ്ടികകളുടെ മൂന്ന് വലിയ കൂനകള്‍ രൂപപ്പെട്ടിരുന്നു.
താത്കാലിക ക്ഷേത്രമൊക്കെ നിര്‍മ്മിക്കുന്നത് പിന്നീടായിരിക്കുമല്ലേ?
♠അല്ല. അതൊക്കെ അപ്പോള്‍ത്തന്നെ നടന്നു. നടുവിലത്തെ ഇഷ്ടികക്കൂനയുടെ മുകളിലായി ആരോ ബാലരാമന്റെ ചെറിയ വിഗ്രഹം കൊണ്ടുവെച്ചു. എല്ലാവരും രാമവിഗ്രഹത്തെ തൊഴുതു. ഞാനും ഇഷ്ടികകളുടെ മുകളില്‍ കൂടി കയറി വിഗ്രഹം തൊട്ടുതൊഴുതു. അപ്പോഴത്തെ ചിന്ത ഇനിയിങ്ങനെയൊരു അവസരം കിട്ടാന്‍ പോകുന്നില്ലെന്നായിരുന്നു. കൂടെയുള്ളവരോടും ഞാനിത് പറഞ്ഞു. അവരും അടുത്തുപോയി വിഗ്രഹം തൊട്ടുതൊഴുതു. അപ്പോള്‍ത്തന്നെ കല്‍പ്പണി, സിമന്റ് പണി തുടങ്ങിയവ അറിയാവുന്നവര്‍ കര്‍സേവ കാര്യാലയത്തില്‍ എത്തിച്ചേരാനായി മൈക്കിലൂടെ അറിയിപ്പുണ്ടായി. സ്ത്രീകളുള്‍പ്പെടെയുള്ള കര്‍സേവകര്‍ പൊട്ടിയ ഇഷ്ടികകള്‍ മാറ്റി, പുതിയ ഇഷ്ടികകള്‍ കൊണ്ടുവന്ന് സ്ഥാപിക്കാനും തുടങ്ങി. ഈ സമയത്ത് ആ പ്രദേശമാകെ പൂജയുടെ അന്തരീക്ഷമായിരുന്നു. എല്ലാവരും മണിമുഴക്കിയും ജയ്ശ്രീരാം ജപിച്ചും ഇതില്‍ പങ്കുചേര്‍ന്നു.
ഈ സമയത്ത് പോലീസിന്റെ ഭാഗത്തുനിന്നും എതിര്‍പ്പൊന്നുമുണ്ടായിരുന്നില്ലേ?
♠ആരും എതിര്‍ത്തില്ല. എല്ലാവരും രാമമന്ത്രം മുഴക്കി ഒരുമിച്ചുചേരുന്ന കാഴ്ചയായിരുന്നു കണ്ടത്. എല്ലാവരും ശ്രീരാമദൗത്യത്തില്‍ പങ്കുചേരുന്നതുപോലെയായിരുന്നു. പിന്നെ നമ്മള്‍ കാണുന്നത് രണ്ടുമണിയാകുമ്പോഴേക്കും താത്കാലിക ക്ഷേത്രം ഉയരുന്നതാണ്. വളരെ വേഗത്തിലായിരുന്നു എല്ലാം. താത്കാലിക ക്ഷേത്രത്തിനുമുകളില്‍ ഒരു ഷാമിയാനയിട്ടു. വിഗ്രഹം അതിനുള്ളില്‍ കൊണ്ടുപോയി പ്രതിഷ്ഠിച്ചു. ഭജനയാരംഭിച്ചു. സി.ആര്‍.പി.എഫുകാരും സേനയുമായിരുന്നു ആദ്യം തൊഴുതത്. അന്തരീക്ഷമാകമാനം ഭക്തിനിര്‍ഭരമായിത്തീര്‍ന്നു. അപ്പോഴേക്കും കര്‍സേവകരെല്ലാം തിരിച്ചുപോകാനും രാവിലെ വീണ്ടുമെത്താനുമുള്ള നിര്‍ദ്ദേശങ്ങള്‍ വന്നു. ഞങ്ങള്‍ ആശ്രമത്തിലേക്ക് തിരിച്ചുപോയി.
അപ്പോഴും ഈ താത്കാലിക ക്ഷേത്രത്തില്‍ ആരാധന തുടരുന്നുണ്ടായിരുന്നോ? അതിന് പിന്നീടും നിയന്ത്രണങ്ങളുണ്ടായിരുന്നില്ലേ?
♠പിന്നീട് നിയന്ത്രണങ്ങളുണ്ടായി. രണ്ടുമൂന്നുമണിയാകുമ്പോഴേക്കും സൈന്യം താത്കാലികക്ഷേത്രത്തിന്റെയും പരിസരത്തിന്റെയും നിയന്ത്രണമേറ്റെടുത്തു. ഞങ്ങള്‍ അടുത്തദിവസം രാവിലെ കുളിയൊക്കെ കഴിഞ്ഞ് ക്ഷേത്രത്തിലേക്ക് വന്നെങ്കിലും സൈന്യം കടത്തിവിട്ടില്ല. റെയില്‍വേ സ്റ്റേഷനിലേക്ക് പോകാനാവശ്യപ്പെട്ടു. റെയില്‍വേസ്റ്റേഷനില്‍ അപ്പോള്‍ പത്തുപൂരത്തിന്റെ അവസ്ഥയാണ്. ട്രെയിനുകളെല്ലാം തെക്കോട്ടും വടക്കോട്ടും പോകാനായി തയ്യാറായി കിടക്കുന്നുണ്ടായിരുന്നു. എല്ലാവരും അവരവരുടെ പ്രദേശത്തേക്കുള്ള ട്രെയിനില്‍ കയറി യാത്രയാകാന്‍ നിര്‍ദ്ദേശം ലഭിച്ചു. ഞങ്ങളെല്ലാവരും കേരളത്തിലേക്കുള്ള വണ്ടിയില്‍ കയറി. യാത്രയുടെ നിയന്ത്രണമെല്ലാം കര്‍സേവകര്‍ക്കായിരുന്നു. എല്ലായിടത്തും റെയില്‍വേസ്റ്റേഷനുകളില്‍ വലിയ സ്വീകരണമായിരുന്നു. എന്റെയൊരനുഭവം പറയാം. ഒരു റെയില്‍വേസ്റ്റേഷനില്‍ എത്തിയപ്പോള്‍ ഒരാള്‍ അടുത്തുവന്ന് കരസേവകനാണല്ലേയെന്ന് ചോദിച്ച് പരിചയപ്പെട്ടു. പിന്നെയെന്റെ കാല് തൊട്ട് നമസ്‌കരിച്ചു. രാമഭക്തനായിരുന്നു അയാള്‍. ഈ അന്തരീക്ഷമായിരുന്നു എല്ലായിടത്തും.
തര്‍ക്കകെട്ടിടം പൊളിച്ചുനീക്കിയതിനെത്തുടര്‍ന്ന് രാഷ്ട്രീയ സ്വയംസേവക സംഘത്തെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നില്ലേ? അതൊന്നും യാത്രയെ ബാധിച്ചിരുന്നില്ലേ?
♠നിരോധനം അപ്പോഴേക്കും നിലവില്‍വന്നിരുന്നുവെന്നാണ് ഓര്‍മ്മ. പക്ഷെ കേരളത്തിലെത്തുന്നതുവരെ ഞങ്ങള്‍ക്ക് പ്രശ്‌നങ്ങളൊന്നും നേരിട്ടിരുന്നില്ല. ഞാന്‍ എറണാകുളത്താണ് ഇറങ്ങിയത്. എനിക്ക് താമസിക്കാന്‍ ഒരു വീടൊക്കെ ഇവിടുത്തെ പ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നു.
ആ സമയത്ത് കേരളത്തിലെ സാഹചര്യമെന്തായിരുന്നു?
♠മാധ്യമങ്ങളിലൊക്കെ വന്നുകൊണ്ടിരുന്ന വാര്‍ത്ത ബാബറി പള്ളിപൊളിച്ചു എന്നായിരുന്നു. അവിടെ പള്ളിയൊന്നുമുണ്ടായിരുന്നില്ലെന്നത് ആരും പരിഗണിച്ചില്ല. അവിടെ പോയി നേരിട്ട് കണ്ടവര്‍ക്കറിയാം, അത് പള്ളിയായി കാണാന്‍ കഴിയില്ലെന്ന്. അവിടെ നിസ്‌കാരമോ, ആരാധനയോ ഒന്നുമുണ്ടായിരുന്നില്ല. വെള്ളത്തിന്റെ സൗകര്യങ്ങളൊന്നുമുണ്ടായിരുന്നില്ല. മാത്രമല്ല, ആ കെട്ടിടത്തിന്റെ ചുവരുകളിലൊക്കെ ക്ഷേത്രങ്ങളിലേതുപോലുള്ള ചിത്രപ്പണികളും മറ്റുമായിരുന്നു. അത് പള്ളിയേ ആയിരുന്നില്ല. തര്‍ക്കത്തിലുള്ളൊരു കെട്ടിടം മാത്രമായിരുന്നു. ഇതൊന്നും മനസ്സിലാക്കാതെയായിരുന്നു ഇവിടെ ആരാധനാലയം പൊളിച്ചുവെന്ന പ്രചാരണം നടന്നത്.
ഈ സംഭവങ്ങളെല്ലാം നേരിട്ട് കണ്ടയാളെന്ന നിലക്ക് താങ്കളുടെ നിഷ്പക്ഷമായ വിലയിരുത്തലെന്താണ്?
♠രണ്ട് കാര്യങ്ങളാണ് പ്രധാനമായിട്ടുള്ളത്. ഒന്ന് ആ പ്രദേശത്തുള്ളവരുടെയും രാജ്യമാകെയുള്ള ജനങ്ങളുടെയും അനുകൂലമായ മനോഭാവം. രണ്ടാമത്തെ കാര്യം കര്‍സേവയ്ക്ക് പോയവരെയെല്ലാം കൂട്ടിയിണക്കിയ ശ്രീരാമദൗത്യമെന്ന ഒരേ ചിന്ത. ഇതാണ് എല്ലാം യാഥാര്‍ത്ഥ്യമാക്കിയത്. ഇത് തീര്‍ച്ചയായും ജനങ്ങളുടെ അഭിലാഷമായിരുന്നു. ഒരിക്കലും സാമുദായിക സംഘര്‍ഷമോ വേര്‍തിരിവോ സൃഷ്ടിക്കാനായിരുന്നില്ല. ഇപ്പോള്‍ കോടതിവിധിക്ക് ശേഷം ക്ഷേത്രനിര്‍മ്മാണത്തിലൂടെ എല്ലാം സമാധാനപരമായി പര്യവസാനിച്ചല്ലോ. ഇനിയത് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്ന തീര്‍ത്ഥാടനകേന്ദ്രമായി മാറാന്‍ പോകുകയാണ്. ഭാരതത്തിന്റെ അഭിമാനമായി അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രം മാറും. എല്ലാവരെയും സ്‌നേഹത്തിന്റെ നൂലുകൊണ്ട് കൂട്ടിയിണക്കും. വിദ്വേഷപ്രചാരണങ്ങള്‍ കൊണ്ട് കാര്യലാഭമുണ്ടാക്കാന്‍ ശ്രമിക്കുന്നവരെല്ലാം പരാജയപ്പെടും. അന്തിമവിജയം രാമധര്‍മ്മത്തിനായിരിക്കും.