തിരുവനന്തപുരം ജില്ലയിലെ വക്കത്ത് ശിശുപാലന്‍-ശാരദ ദമ്പതികളുടെ ആറാമത്തെ പുത്രനായ ശിവന്‍ ഇന്ന് അറിയപ്പെടുന്ന ആയുര്‍വേദ യോഗാ ആത്മീയ ആചാര്യനാണ്. പത്താം വയസ്സില്‍ കളരിപ്പയറ്റും യോഗയും പഠിച്ചുതുടങ്ങിയ ശിവന്‍ പിന്നീട് കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റും നേടി. ഒരു ഗുരുവിനെ തേടി ഏറെനാള്‍ അലഞ്ഞയാത്ര അവസാനിച്ചത് അഗസ്ത്യ പരമ്പരയിലെ സ്വാമി ധര്‍മ്മാനന്ദയുടെ സവിധത്തില്‍. നാലു വര്‍ഷത്തെ കഠിന സാധനയില്‍ സമാധി അനുഭവിച്ചു. ശ്രീ ശിവന്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഭാരതത്തിലും വിദേശത്തുമായി നിരവധി പേരെ ആത്മീയതയിലേക്കും യോഗയിലേക്കും നയിച്ചുവരുന്നു. അദ്ദേഹത്തിന്റെ ‘അഹം ബ്രഹ്‌മാസ്മി’ എന്ന പുസ്തകത്തില്‍ പ്രശസ്ത സാഹിത്യകാരന്‍ ജോര്‍ജ് ഓണക്കൂര്‍ എഴുതിയത്, ‘അസാധാരണമാണ് ശ്രീ യോഗി ശിവന്റെ വ്യക്തിത്വം. കുട്ടിക്കാലത്തുതന്നെ കായികാഭ്യാസമുറകള്‍ ശീലിച്ചും നടനത്തിന്റെ താളലയങ്ങള്‍ ഉള്‍ക്കൊണ്ടും നീണ്ട വര്‍ഷങ്ങളിലെ കഠിന സാധനയിലുടെ ‘സമാധി’ അനുഭവിച്ചു. ഈ ജീവിത പൂര്‍ണിമയില്‍ നിന്ന് കുടുംബ ബന്ധങ്ങളിലേക്കുള്ള വഴിതിരിയല്‍ ഇപ്പോള്‍ യോഗാചാര്യന്‍, ആയുര്‍വേദ ചികിത്സകന്‍, ആത്മാന്വേഷികള്‍ക്ക് മാര്‍ഗമരുളുന്ന ജ്ഞാനദീപം.’
അങ്ങയുടെ ആത്മീയ യാത്രയെക്കുറിച്ച് വിവരിക്കാമോ.
♠കേരളത്തിലെ ഒരു ഹിന്ദു കുടുംബത്തില്‍ ജനിച്ച എനിക്ക് മതാചാരപ്രകാരമുളള കഠിന നിയന്ത്രണങ്ങളോ ആചാരാനുഷ്ഠാനങ്ങളോ ഒന്നും ഇല്ലായിരുന്നു. പാരമ്പര്യ ആയുര്‍വേദ വൈദ്യനായിരുന്ന അച്ഛനില്‍ നിന്നും കേട്ടുവന്ന പുരാണ കഥകളിലൂടെ ഒരു ബാലന് ന്യായമായുണ്ടാകുന്ന അത്ഭുത ലോകവും അതിലെ വീരയോദ്ധാക്കളോടുളള ആരാധനയും എന്നില്‍ സജീവമായിരുന്നു. അമ്മയുടെ അതിരാവിലേയും സന്ധ്യക്കുമുളള ദീപം തെളിക്കലും അതിനോടനുബന്ധിച്ചുളള നിര്‍ബന്ധിത നാമജപവും വളരെക്കാലം ഒരു ബാധ്യതയായാണ് എനിക്ക് തോന്നിയത്. യുവത്വത്തിലേക്ക് പ്രവേശിച്ചപ്പോള്‍ നാമം ജപിക്കുന്നതും ക്ഷേത്രത്തില്‍ പോകുന്നതുമൊക്കെ സമയം കൊല്ലികളായ പഴഞ്ചന്‍ ഏര്‍പ്പാടുകളാണെന്നും വിശേഷ ബുദ്ധിയുള്ളവര്‍ക്കൊന്നും പറഞ്ഞിട്ടുളളതല്ല ഇതൊക്കെഎന്ന ഒരു പൊതുധാരണ എന്നിലും വളര്‍ന്നു. കൂടാതെ പാരമ്പര്യാചാരങ്ങളെ പരസ്യമായെതിര്‍ക്കുക എന്നത് അന്നൊരു ഫാഷനായിരുന്നു. ഞാനും അതിന്റെ വക്താവായി മാറി.
തുടര്‍ന്ന് ഏറെ വര്‍ഷങ്ങള്‍ക്കുശേഷം ഭാരതീയ സംസ്‌കാര പാരമ്പര്യത്തിലൂടെ കടന്നുപോയപ്പോള്‍ രാഷ്ട്രത്തിന്റെ തനതായ ഏത് വിദ്യയും അത് കലയോ, സാഹിത്യമോ, ശാസ്ത്രമോ ഏതായാലും പൂര്‍ണ്ണമായും സ്വായത്തമാക്കണമെങ്കില്‍ പൈതൃകാനുശാസനങ്ങള്‍ അനുസരിച്ചേ മതിയാകൂ എന്ന് എനിക്കു ബോധ്യമായി. അങ്ങനെ ഭാരതീയ പൈതൃകത്തിന്റെ പ്രൗഢഗാംഭീര്യം എനിക്കേറ്റവും പ്രിയപ്പെട്ടതായി. ഋഷിപ്രോക്തങ്ങളായ നമ്മുടെ പൗരാണിക ഗ്രന്ഥങ്ങളെ അടിസ്ഥാനപ്പെടുത്തി വളര്‍ന്നുവന്ന നമ്മുടെ സംസ്‌കാരത്തിന്റെ അന്ത:സത്ത ധ്യാനവും ആത്മജ്ഞാനവുമാണ്.
ഇതു മനസ്സിലാക്കിയപ്പോള്‍ ഞാന്‍ ഋഷി പരമ്പരയെ തന്നെ ശരണം പ്രാപിക്കാന്‍ തീരുമാനിച്ചു. അങ്ങനെ മഹായോഗവിദ്യയുടെ പരിശീലനം നേടാനായി അനുഭവസമ്പന്നനായ ഒരു ഗുരുവിനെ അന്വേഷിച്ച് ഏറെ യാത്ര ചെയ്തു. ആ യാത്ര പാരിപ്പളളി ശ്രീ കാന്തി മഠത്തിലെ ശിവജ്യോതി ധര്‍മ്മാനന്ദ സ്വാമികളുടെ സന്നിധിയിലാണ് അവസാനിച്ചത്.
സ്വാമിജിയില്‍ നിന്നും അങ്ങെന്താണ് പഠിച്ചത്.
♠ഗുരുവില്‍ നിന്നും മന്ത്രദീക്ഷ നേടിയശേഷം ഞാന്‍ കഠിന സാധനയാരംഭിച്ചു. സ്വാമിജിയുടെ നിര്‍ദ്ദേശപ്രകാരം തുടര്‍ന്ന തപസ്യയില്‍ എനിക്ക് ആചാരാനുഷ്ഠാനങ്ങളുടെ പൊരുളുകള്‍ ഒന്നൊന്നായി വെളിപ്പെട്ടു തുടങ്ങി. അനന്തമായ അറിവിന്റെ ഓരോരോ വാതായനങ്ങള്‍ തുറന്നു കിട്ടിയപ്പോഴൊക്കെ ഗുരുപരമ്പരയുടെ കാരുണ്യമോര്‍ത്തു ഞാന്‍ സന്തോഷാശ്രുക്കള്‍ പൊഴിച്ചു. കേവലം നാലു വര്‍ഷം കൊണ്ട് അതീന്ദ്രിയ ബോധാനുഭവം ഉണ്ടാവുകയും എന്റെ എല്ലാ സംശയങ്ങളും അസ്തമിക്കുകയും ചെയ്തു. അതോടെ ജീവിതത്തിന് പ്രത്യേക സൗഖ്യവും ദിശാബോധവും കൈവന്നു. ആത്മസംതൃപ്തി സ്വയം ആര്‍ജ്ജിക്കേണ്ടതാണെന്നും ആചാരാനുഷ്ഠാനങ്ങള്‍ ലക്ഷ്യത്തിലേക്കുളള മാര്‍ഗ്ഗരേഖകളാണെന്നുമുളള തിരിച്ചറിവ് ആത്മീയതയേയും ഭൗതികതയേയും ഫലപ്രദമായി സമന്വയിപ്പിക്കുവാന്‍ എന്നെ സഹായിക്കുകയും സംതൃപ്തമായ കുടുംബ ജീവിതം നയിക്കുവാന്‍ പ്രാപ്തനാക്കുകയും ചെയ്തു.
ഭാരതീയ ഋഷി പരമ്പരയെ അങ്ങ് എങ്ങനെ കാണുന്നു.
♠ഭാരതീയ സംസ്‌കൃതിയുടെ ഉപജ്ഞാതാക്കള്‍ അതുല്യരും ആത്മനിഷ്ഠരുമായ സന്യാസിവര്യന്മാരായിരുന്നു. നമ്മെപ്പോലെ സാധാരണക്കാരായിരുന്ന വ്യാസദേവന്‍, വാല്മീകി മഹര്‍ഷി, മാര്‍ക്കണ്ഡേയമുനി തുടങ്ങിയ ആ പരമ്പര അതീന്ദ്രീയ ധ്യാന സാധനയിലൂടെയാണ് (തപസ്സ്) സര്‍വ്വാദരണീയമായ ആചാര്യതലത്തിലേക്കുയര്‍ന്നത്. അവരാണ് ഇന്ന് അറിയപ്പെടുന്ന എല്ലാ തരം ശാസ്ത്രകലാശാഖകളും വികസിപ്പിച്ചത്. കണ്ണിനും, കാതിനും ആനന്ദമേകുന്ന കലാ-കായിക രൂപങ്ങളിലൂടെ ആത്മജ്ഞാനത്തെ സാമാന്യ ജനമദ്ധ്യത്തില്‍ സജീവമായി നിലനിര്‍ത്തി ക്രമേണ ഓരോരുത്തരെയും മോക്ഷപ്രാപ്തിയിലേക്ക് നയിക്കുക എന്ന ലക്ഷ്യമാണ് അവര്‍ക്കുണ്ടായിരുന്നത്.
കാലാതിവര്‍ത്തിയായ ഭാരത സംസ്‌കാരവും അതിന്റെ ചൈതന്യാധാരമായ സനാതനധര്‍മ്മവും ഒട്ടേറെ അര്‍ദ്ധ സത്യങ്ങളാലും തെറ്റിദ്ധാരണകളാലും മറഞ്ഞു കിടക്കുകയാണ്.
ലക്ഷ്യബോധമില്ലാതെ അലയുന്ന ആധുനിക മനുഷ്യന് രക്ഷനേടുവാന്‍ ആര്‍ഷ സംസ്‌കാരം സംഭാവന ചെയ്ത ആത്മജ്ഞാനം മാത്രമാണ് ഏകമുക്തി മാര്‍ഗ്ഗം.
‘ആധുനിക ശാസ്ത്രത്തിന്റെ നേട്ടങ്ങളായ കണ്ടുപിടിത്തങ്ങളെ ഹൃദയത്തിന്റെ ഭാഷയില്‍ നിര്‍വ്വചിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആ ശാസ്ത്രനേട്ടം ഗുണത്തേക്കാളേറെ ദോഷമായിരിക്കും പ്രദാനം ചെയ്യുക’ എന്ന് പ്രശസ്ത ശാസ്്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെ ഉദ്ധരിച്ചു കൊണ്ട് അങ്ങ് പറയുന്നു. ഹൃദയത്തിന്റെ ഭാഷ കണ്ടെത്താനും അതിലൂടെ സ്വയം ശുദ്ധീകരിക്കാനും ഒരാളെ പ്രാപ്തനാക്കുന്ന പ്രായോഗിക ശാസ്ത്രമാണ് പൗരാണിക ഭാരതീയ സംസ്‌കൃതി എന്ന് കരുതാനുള്ള കാരണമെന്താണ്.
$അതിപ്രാചീനകാലം മുതല്‍ ഭാരതത്തെ കിഴക്കിന്റെ അക്ഷയ ഖനിയായും കേന്ദ്ര ബിന്ദുവുമായാണ് ലോകം മുഴുവന്‍ കണ്ടിരുന്നത്. ഇന്ന് ലോകം പൗരാണിക ഭാരത സംസ്‌കൃതിയിലേക്ക് വീണ്ടും ശ്രദ്ധപതിപ്പിച്ചു തുടങ്ങിയിരിക്കുന്നു. സന്തുഷ്ടിയും ആനന്ദവും നിറഞ്ഞ ജീവിതം നയിക്കാന്‍ വ്യക്തിയെ പ്രാപ്തനാക്കുന്ന ആത്മജ്ഞാന വിദ്യ ഭാരതത്തിന്റെ സംഭാവനയാണ്.
ഒരു വ്യക്തിയെ താന്‍ വ്യാപരിക്കുന്ന സര്‍വ്വമേഖലകളിലും സ്വസ്ഥനും പൂര്‍ണ്ണതൃപ്തനുമാക്കുന്ന ചിന്താപദ്ധതിയാണിത്. മനുഷ്യജീവിതം ആശ്രയിക്കാനുളളതല്ല; പരിശ്രമിക്കാനുളളതാണ്. ആക്രമിക്കുവാനുളളതല്ല; അനുനയിപ്പിക്കാനുളളതാണ്. പിടിച്ചെടുക്കാനുളളതല്ല; പങ്കുവയ്ക്കാനുളളതാണ്. സമരത്തിനുളളതല്ല, സമന്വയത്തിനുളളതാണ്, തളര്‍ത്തുവാനുളളതല്ല; വളര്‍ത്തുവാനുളളതാണ്.
ഭൗതിക ശരീരവും അത് വ്യാപരിക്കുന്ന ലോകവും നാശത്തിനു വിധേയമാണെന്നും ശാശ്വതവും അനശ്വരവുമായത് ആത്മാവാണെന്നും ശാസ്ത്രീയമായി വിശദീകരിച്ചു കൊണ്ട് ആര്‍ക്കും അത് അനുഭവവേദ്യമാക്കുവാനുളള മാര്‍ഗ്ഗങ്ങള്‍ ആ ദര്‍ശനസംഹിത നിര്‍ദ്ദേശിച്ചിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍, ഒരു മനുഷ്യനെ സര്‍വ്വസ്വതന്ത്രനും സര്‍വ്വശക്തനും നിര്‍ഭയനുമാക്കുന്ന ആത്മജ്ഞാനവിദ്യയാണ് ഭാരത സംസ്‌കൃതിയുടെ സത്ത. ഈ വിദ്യയുടെ പ്രയോഗമാണ് ഇന്ന് നാം നേരിടുന്ന എല്ലാ പരാധീനതകളില്‍ നിന്നുമുളള മുക്തി മാര്‍ഗ്ഗം. മനുഷ്യര്‍ക്ക് പ്രപഞ്ചം പ്രദാനം ചെയ്യുന്ന സര്‍വ്വവിധ സിദ്ധിവിശേഷങ്ങളും സ്വായത്തമാക്കി സമ്പൂര്‍ണ്ണ മനുഷ്യന്‍ ആകുന്നതിനുളള ലളിതവിദ്യ.
‘ആത്മജ്ഞാനം’ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് വിശദീകരിക്കാമോ.
♠ഭൗതിക ജീവിതത്തില്‍ എന്തൊക്കെ നേടിയാലും ചില ചോദ്യങ്ങള്‍ മനുഷ്യനില്‍ ബാക്കി നില്‍ക്കുന്നു. ഞാന്‍ ആരാണ്? ഞാന്‍ എന്തിന് ജനിച്ചു? ജനനത്തിനുമുമ്പ് എന്തായിരുന്നു? എവിടെയായിരുന്നു? ഈ ശരീരം ഞാന്‍ ആണോ, അതോ എന്റെതാണോ? ഇഷ്ടമില്ലെങ്കിലും എന്തുകൊണ്ട് ശരീരം ഉപേക്ഷിക്കേണ്ടി വരുന്നു? എന്താണ് മരണം? മരണശേഷം എനിക്കെന്തു സംഭവിക്കുന്നു? എവിടെ നിന്നാണ് ഈ ലോകം ഉണ്ടായത്? ആരാണ് ഇതിനെ സൃഷ്ടിച്ചത്? ഈ സമസ്യകള്‍ക്ക് നമ്മുടെ ബുദ്ധിയില്‍ വ്യക്തമായ മറുപടിയില്ല.
ബുദ്ധിയുടെ ഉത്പന്നമായ ശാസ്ത്രത്തിനും ഇതിന് ഉത്തരം കണ്ടെത്താന്‍ കഴിയുന്നില്ല. അതായത് ഇവ ഇന്ദ്രിയങ്ങള്‍ കൊണ്ട് ഗ്രഹിക്കാവുന്നതിലുമപ്പുറമാണ്. ഒരു വ്യക്തിയുടെ ഉളളിലുളള ഞാന്‍ എന്ന ബോധം അഥവാ അറിവാണ് ആത്മാവ് എന്ന് വിളിക്കപ്പെടുന്നത്. ആത്മാവിനെ കുറിച്ചുളള അറിവാണ് ആത്മജ്ഞാനം. അതു നേടുവാനുളള മാര്‍ഗ്ഗം ആകട്ടെ ആത്മജ്ഞാനവിദ്യയും. ആത്മജ്ഞാന വിദ്യയിലധിഷ്ഠിതമായ പൗരാണിക ഭാരത സംസ്‌കൃതി നിസ്സംശയം മനുഷ്യരാശിയോട് പ്രഖ്യാപിച്ചു. ‘തത്ത്വമസി, അല്ലയോ മനുഷ്യാ നിന്റെ ആധിയും വ്യാധിയും അകറ്റാന്‍ നീ ഏതു ദൈവത്തോടാണോ അപേക്ഷിക്കുന്നത് ആ ദൈവം നിന്റെ തന്നെ ആന്തരികചോദനയാകുന്നു.
അങ്ങ് ഒരിക്കല്‍ പറഞ്ഞത് ‘ഹിന്ദുത്വം അറിഞ്ഞവനാണ് ഹിന്ദു’ എന്നാണ്- എന്താണ് ഹിന്ദുത്വം.
vമനുഷ്യത്വം, ദേവത്വം, മൃദുത്വം എന്നിവപോലെ ഒരു ഗുണവിശേഷമാണ് ഹിന്ദുത്വം. പ്രാണായാമധ്യാന സാധനയിലൂടെ സംജാതമാകുന്ന അതീന്ദ്രീയ ബോധാവസ്ഥയാണത്. മനുഷ്യജന്മത്തിന്റെ പരമ ലക്ഷ്യമായ ബ്രഹ്‌മജ്ഞാനത്തിലൂടെ മോക്ഷം നേടുന്ന സാധകന്റെ പ്രാണനിലയെ സൂചിപ്പിക്കുന്ന പദമാണ് ഹിന്ദുത്വം. ഈ അവസ്ഥ അനുഭവിച്ചാനന്ദിച്ചിരുന്നവരെ ഹിന്ദുക്കളെന്നും അവരുടെ വാസസ്ഥാനം ഹിന്ദുസ്ഥാനമെന്നും അറിയപ്പെട്ടു.
അപ്പോള്‍ ഭാരതത്തെ ഇന്ത്യ എന്ന് വിളിക്കുന്നതോ.
♠അറബികളിലൂടെയാണ് പാശ്ചാത്യര്‍ ഈ വിസ്മയ ലോകത്തെക്കുറിച്ചു മനസ്സിലാക്കുന്നത്. ഹിന്ദീയ എന്ന വാക്ക് ഇന്‍ഡിയ എന്ന് ഉച്ചരിച്ചു തുടങ്ങിയത് പാശ്ചാത്യരാണ്. പിന്നീട് ഭാരതത്തിലെത്തി വ്യാപാരം തുടങ്ങുകയും ക്രമേണ അധികാരം പിടിച്ചെടുക്കുകയും ചെയ്ത പാശ്ചാത്യര്‍ സാംസ്‌കാരികാധിനിവേശത്തിന്റെ ഭാഗമായ ഇന്ത്യ എന്ന വിളിപ്പേരിന് പ്രാധാന്യം കൊടുത്തു. സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം ഇംഗ്ലീഷുകാരെ പിന്‍പറ്റി വന്ന ഭരണ സംവിധാനം അത് ആവര്‍ത്തിക്കുകയും ചെയ്യുന്നു. നാമങ്ങള്‍ക്കോ നാലതിരുകള്‍ക്കോ വലിയ പ്രാധാന്യം കല്‍പ്പിക്കാത്ത ഹിന്ദുസമൂഹം ആനുകാലികമായതെന്ന നിലയില്‍ അത് അംഗീകരിക്കുകയും ചെയ്തു.
ഹിന്ദുസ്ഥാനമെന്ന നാമത്തെ താല്‍ക്കാലികമായി മറയ്ക്കുവാന്‍ ഇംഗ്ലീഷുകാര്‍ക്കു കഴിഞ്ഞു. പക്ഷേ, എണ്ണമറ്റ ക്രൂരതകളും പ്രലോഭനങ്ങളും അപവാദപ്രചാരങ്ങളും കൊണ്ട് ഹൈന്ദവ സംസ്‌കാരത്തെ തകര്‍ക്കാന്‍ അവര്‍ നടത്തിയ ശ്രമങ്ങള്‍ വിജയിച്ചില്ല. അവര്‍ക്കുമുമ്പ് പടയോട്ടം നടത്തിയ മുസ്ലീം അധിനിവേശ ശക്തികള്‍ ഭാരതത്തിന്റെ പകുതിയോളം ഭാഗം പിടിച്ചടക്കുകയും സാംസ്‌കാരികോന്മൂലനത്തിന് പ്രാകൃതമായ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുകയും ചെയ്തു. പക്ഷെ, അതും ഫലവത്തായില്ല. ഇന്നും ഹൈന്ദവസംസ്‌കാരം അഗ്നിശുദ്ധിയോടെ ഭാരതത്തില്‍ നിലനില്‍ക്കുന്നു.
എന്താണ് ഹൈന്ദവ സംസ്‌കാരത്തിന്റെ അനന്യത.
♠ഹൈന്ദവസംസ്‌കാരം ചരിത്രത്തില്‍ എവിടെത്തുടങ്ങുന്നുവെന്ന് ആരും കണ്ടെത്തിയിട്ടില്ല. ചരിത്രാതീതകാലം മുതല്‍ നിലനില്‍ക്കുകയും നാള്‍തോറും വളരുകയും നവീനത്വം പുലര്‍ത്തുകയും ചെയ്യുന്നു എന്നതാണ് ഈ സംസ്‌കാരത്തിന്റെ പ്രത്യേകത. ഹൈന്ദവസംസ്‌കാരത്തോളം പഴക്കമുളള മറ്റെല്ലാ സംസ്‌കാരങ്ങളും ഒന്നുകില്‍ മണ്‍മറഞ്ഞു, അല്ലെങ്കില്‍ പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമായി.
ഹിന്ദുധര്‍മ്മമാണ് ഹൈന്ദവസംസ്‌കാരത്തിനാധാരം. അതിന് ഒരു പരമാചാര്യനില്ല. അന്വേഷിച്ചു കണ്ടെത്തുന്നവന്‍ ആചാര്യന്‍. എല്ലാത്തരം വിമര്‍ശനങ്ങളും ഇവിടെ അനുവദിക്കപ്പെട്ടിരിക്കുന്നു. അധികാരകേന്ദ്രമോ ഏകശിലാരൂപമോ അനുശാസനങ്ങളോ ഹിന്ദുധര്‍മ്മത്തിനില്ല. എന്നിട്ടും ഹൈന്ദവസംസ്‌കാരം അതിജീവിച്ച വെല്ലുവിളികള്‍ നോക്കൂ. ഭൂകമ്പങ്ങളും മഹാമാരികളും പോലുളള പ്രകൃതി ദുരന്തങ്ങള്‍, വറ്റിവരണ്ടു പോയ മഹാനദികള്‍, പടവാളും തോക്കിന്‍കുഴലുമായി കടന്നുവന്ന ലോക മതങ്ങള്‍, അധികാരം പിടിച്ചെടുത്ത വൈദേശിക ശക്തികളുടെ പ്രലോഭനങ്ങള്‍, ക്രൂരമായ പീഡാനുഭവങ്ങള്‍, പിന്നെ വന്ന വ്യവസായ പുരോഗതി, ശാസ്ത്ര സാങ്കേതിക രംഗത്തെ അതിശക്തമായ മുന്നേറ്റങ്ങള്‍, കൊടുങ്കാറ്റുപോലെ വീശിയടിച്ച പാശ്ചാത്യനാഗരികതയുടെ ഭ്രമങ്ങള്‍, മതവിശ്വാസങ്ങളുടെ അസ്തിവാരം തകര്‍ത്ത ശാസ്ത്രീയ കണ്ടെത്തലുകള്‍, ഹിന്ദുധര്‍മ്മ സിദ്ധാന്തങ്ങളുടെ ബോധപൂര്‍വ്വമായ ദുര്‍വ്യാഖ്യാനങ്ങള്‍. സമാനമായ സന്ദര്‍ഭങ്ങളില്‍ ലോകസംസ്‌കാരങ്ങള്‍ തകര്‍ന്നടിയുകയോ അധികാരത്തിന്റെയോ ആയുധത്തിന്റെയോ പിന്‍ബലത്തില്‍ അധീശത്വം തുടരുകയോ ചെയ്യുമ്പോള്‍ ഇതൊന്നുമില്ലാതെ കാലത്തിന്റെ ബലപരീക്ഷകളെയും ഭൗതികമോഹങ്ങളുടെ പ്രലോഭനങ്ങളെയും അധിനിവേശ ശക്തികളുടെ ക്രൂരതകളെയും അതിജീവിച്ച് കോടാനുകോടി വരുന്ന ഒരു ജനസമൂഹത്തിന്റെ ഹൃദയത്തില്‍ നവയൗവ്വനത്തോടെ ഒരു ധര്‍മചിന്തയും പുലരുന്നുവെങ്കില്‍ അതിനു നിദാനം അതിന്റെ വ്യതിരിക്തത ഒന്നുമാത്രമാണെന്ന് നമുക്ക് ഗ്രഹിക്കാനാവും.
ലോകമതങ്ങളുടെ സാമാന്യമായ പ്രത്യേകതകള്‍ നമുക്ക് നോക്കാം. മതം എന്ന വാക്കിനര്‍ത്ഥം അഭിപ്രായം എന്നാണ്. നിലവിലുളള മതങ്ങള്‍ എല്ലാം ഒരു വ്യക്തിയുടെ അതീന്ദ്രിയാനുഭവങ്ങളെ കുറിച്ചുളള അഭിപ്രായങ്ങളേയും, നിഗമനങ്ങളേയും ക്രോഡീകരിച്ചതാണ്. അത്തരത്തില്‍ ഉരുത്തിരിഞ്ഞ വേദവാക്യങ്ങളേയും അനുശാസനങ്ങളേയും മുന്‍നിര്‍ത്തിയുളള ദൃഢമായ ഒരു ഘടന അവയ്ക്കുണ്ട്. ആ സംഘടനാശില്‍പ്പത്തില്‍ നിന്നും വ്യതിചലിക്കുന്നയാള്‍ മതത്തില്‍ നിന്ന് തന്നെ നിഷ്‌ക്കാസിതനാകുന്നു. എന്നാല്‍ ഇത്തരം ചട്ടക്കൂടുകള്‍ ഹിന്ദുധര്‍മ്മത്തിന്റെ ഭാഗമല്ല.
ഹിന്ദുധര്‍മ്മം ഒരു വ്യക്തിയില്‍ നിന്നുണ്ടായതല്ല. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ അനവധി ആചാര്യന്മാര്‍ അതീന്ദ്രിയ ബോധാവസ്ഥയില്‍ അനുഭവിച്ചറിഞ്ഞ ആത്മസത്യത്തെക്കുറിച്ച് അഭിപ്രായങ്ങള്‍ അവതരിപ്പിക്കുകയും ആ അഭിപ്രായങ്ങളെ പലവിധ നിരീക്ഷണ പരീക്ഷണങ്ങള്‍ക്കും വിമര്‍ശനാത്മക ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ശേഷം അംഗീകരിച്ചു രേഖപ്പെടുത്തുകയും ചെയ്തു. ഇത്തരത്തില്‍ പല കാലഘട്ടങ്ങളിലായി രചിക്കപ്പെട്ടവയാണ് ഹിന്ദു ധര്‍മ്മത്തിലെ അടിസ്ഥാനഗ്രന്ഥങ്ങള്‍.
ഇന്ദ്രിയാധിഷ്ഠിതമായ അറിവുകളുടെ പരിമിതിയെ അവ അനാവരണം ചെയ്യുന്നു. അതേസമയം പരമമായ സത്യം അനിര്‍വചനീയമെങ്കിലും അനുഭവവേദ്യമാണെന്നു സ്ഥാപിക്കുന്നു. ആ സത്യാനുഭവത്തെ സംബന്ധിച്ച് അലംഘനീയശാസനകള്‍ക്കു മുതിരാതെ, സത്യാന്വേഷിക്ക് അയാളുടെ അന്വേഷണമാര്‍ഗ്ഗത്തില്‍ പരിപൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിരിക്കുന്നു. സുവ്യക്തവും നിര്‍ഭയവുമായ യാത്രയാണ് ഇവിടെ അന്വേഷകര്‍ നടത്തുക. മുന്‍വിധികളോ പരപ്രേരണയോ ബാധിക്കാത്ത സത്യാന്വേഷണ യാത്ര. അതിനവീനമായ ശാസ്ത്രചിന്തയുടെ മാര്‍ഗ്ഗത്തിലൂടെ അന്വേഷിച്ചാലും അനിഷേധ്യമാണ് ഈ ധര്‍മ്മം.
എന്നാല്‍ ഭാരതം അന്ധമായ ആചാരാനുഷ്ഠാനങ്ങളുടെയും മന്ത്രവിദ്യകളുടെയും നാടായിട്ടാണല്ലോ പാശ്ചാത്യ ലോകത്ത് അറിയപ്പെടുന്നത്.
♠ഭാരത സംസ്‌കാരത്തെക്കുറിച്ച് പുറം ലോകം അറിയുന്നത് വിദേശികളായ സഞ്ചാരികളുടെ വിവരണങ്ങളിലൂടെയാണ്. ചിലര്‍ പാമ്പുകളെ നൃത്തം ചെയ്യിക്കുന്ന മനുഷ്യരെ കണ്ടു. മറ്റു ചിലര്‍ ആകാശത്തേക്ക് എറിഞ്ഞു പിടിച്ച കയറില്‍ തൂങ്ങി കയറി അപ്രത്യക്ഷരാകുന്ന ഇന്ദ്രജാലക്കാരെ കണ്ടു. അല്ലെങ്കില്‍ വസ്ത്രമുടുക്കാത്ത സന്യാസിമാരെ… ഓരോരുത്തരും അവരവരുടെ വാസനയ്ക്കു അനുഗുണമായ കാഴ്ചകള്‍ കണ്ടു, കുരുടന്മാര്‍ ആനയെ കണ്ടതുപോലെ. ബാഹ്യരൂപത്തില്‍ കാണുന്ന ദിവ്യപരിവേഷങ്ങള്‍ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കുമപ്പുറം ഹിന്ദുധര്‍മ്മത്തിന്റെ ഉണ്മയെ അതെ അര്‍ത്ഥത്തില്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. ആധുനിക ശാസ്ത്ര സിദ്ധാന്തങ്ങള്‍ പരിചയമുളള ഒരാള്‍ക്ക് അതുപയോഗിച്ചു സ്പഷ്ടമായി വിശകലനം ചെയ്യാന്‍ കഴിയുന്ന സമ്പൂര്‍ണ്ണ ശാസ്ത്രമാണ് ഹിന്ദുധര്‍മ്മം. ഇതിനെ നിത്യജിവിതത്തില്‍ അയത്‌ന ലളിതമായി പ്രയോഗവത്ക്കരിക്കാന്‍ കഴിയും. മനുഷ്യരാശിക്ക് സുസ്ഥിരമായ ആനന്ദവും സ്വാസ്ഥ്യവും കൈവരിക്കാനുളള പ്രകൃതിയുടെ തന്നെ ധര്‍മ്മമാണ് ഹിന്ദുധര്‍മ്മം.
ഭൗതിക ശാസ്ത്രശിക്ഷണത്തില്‍ മാത്രം വളര്‍ന്നുവന്ന ഒരാള്‍ക്ക് ഹിന്ദുധര്‍മ്മം മനസ്സിലാക്കാന്‍ അല്പം പ്രയത്‌നിക്കേണ്ടിവരും. അതായത് തന്റെ ബോധമണ്ഡലത്തില്‍ അദ്ദേഹം ചില അഴിച്ചുപണികള്‍ നടത്തേണ്ടിവരും. ഹിന്ദുധര്‍മ്മം എന്തല്ല എന്നതാണ് ആദ്യം തിരിച്ചറിയേണ്ടത്. അതൊരു മതവിശ്വാസമല്ല, അനുഭവമാണ്. സെമിറ്റിക് മതങ്ങളുടെ പശ്ചാത്തലത്തില്‍ നിന്നുവന്ന പണ്ഡിതന്മാര്‍ ഹിന്ദുധര്‍മ്മത്തെ ഒരു മതമായി തെറ്റിദ്ധരിച്ചു വ്യാഖ്യാനിച്ചു മറ്റു മതങ്ങളിലൊന്നായി പ്രതിഷ്ഠിച്ചു. നൂറ്റാണ്ടുകള്‍കൊണ്ട് ഈ തെറ്റ് ഒരു പൊതുബോധമായി ഉറച്ചിരിക്കുന്നു.
ഭാരതത്തിന്റെ ഭാവിയെ കുറിച്ചുളള അങ്ങയുടെ കാഴ്ചപ്പാട് എന്താണ്.
♠നമ്മുടെ നാടിന്റെ പാരമ്പര്യം എത്ര ആഴത്തിലുളളതാണെന്ന് ഇനിയും കണക്കാക്കപ്പെട്ടിട്ടില്ല. ഭാരതത്തെക്കുറിച്ച് ആര്‍ക്കും ഒരു സംശയവും വേണ്ട. അതിന്റെ ഭാവി സുരക്ഷിതമാണ്. എന്നാല്‍ ഇനിയും ബഹുദൂരം പിന്നിടേണ്ടതുണ്ട്. ഇനി ഇവിടെ സദ്പിറവികളാണു വേണ്ടത്. നല്ല പിറവികളില്‍ നിന്നും ആത്മബോധം ഉണര്‍ത്തുന്ന വ്യക്തിത്വങ്ങള്‍ ഉയര്‍ന്നു വരണം. അവര്‍ ഭരണതലങ്ങളിലും നേതൃത്വത്തിലും കടന്നുവരണം. എവിടെ തിരിഞ്ഞു നോക്കിയാലും അവരില്‍ നിന്നുളള ധ്യാനാത്മകമായ ഊര്‍ജ്ജമാണ് പ്രസരിക്കേണ്ടത്.
പരംപൊരുള്‍ ഏകചൈതന്യമെങ്കില്‍ വിഗ്രഹാരാധന/ക്ഷേത്രങ്ങള്‍ ഇവയ്‌ക്കൊക്കെ എന്താണ് പ്രസക്തി.
♠അവനവനില്‍ തന്നെ കുടികൊളളുന്ന ആത്മചൈതന്യമാണ് അനാദിയായ സനാതനധര്‍മ്മത്തിന്റെ സാരം. അഭ്യാസ ബലത്താല്‍ മാത്രം ആര്‍ജ്ജിക്കാവുന്ന ആത്മാനുഭവമാണത്. ശാസ്ത്രീയമായ നിത്യയോഗസാധനയിലൂടെ ആര്‍ക്കും ഇതനുഭവിക്കാം. അതേസമയം ഈ അനുഭവം ബുദ്ധിയുടെ പരിധിക്ക് പുറത്തുമാണ്. സാധനാബലമാര്‍ജ്ജിക്കാന്‍ (കിരീാുൃലവലിശെയഹല) കഴിയാത്ത സാധാരണ ജനകോടികള്‍ക്ക് അതുകൊണ്ട് തന്നെ ഇത് അപ്രാപ്യമായേക്കാം. എന്നാല്‍, അവരെ ആത്മാനന്ദം ഉദിക്കാത്ത ഒരു ലോകത്ത് ഉപേക്ഷിച്ചു പോകുവാന്‍ കാരുണ്യമൂര്‍ത്തികളായ ഋഷീശ്വരന്മാര്‍ തയ്യാറായില്ല. ഭൗതിക പ്രാരാബ്ധങ്ങളില്‍ ഉഴറുന്ന വ്യക്തികള്‍ക്കുപോലും പ്രായോഗികമായ ലളിതാചാരങ്ങളും പ്രതീകങ്ങളും അവലംബിച്ച് ആത്മാനന്ദത്തിന്റെ പ്രയോജനം സാധ്യമാക്കുവാന്‍ ഉതകുന്ന സവിശേഷ സാങ്കേതിക വിദ്യയാണ് വിഗ്രഹങ്ങളിലൂടെ അവര്‍ ആസൂത്രണം ചെയ്തത്.
ക്ഷേത്രങ്ങള്‍, വിഗ്രഹാരാധന, ആചാരാനുഷ്ഠാനങ്ങള്‍ എന്നിവയെല്ലാം വ്യക്തിയുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെടുത്തി രൂപകല്പന ചെയ്ത ചര്യകളാണ്. മുന്‍വിധികളില്ലാതെ നിരീക്ഷിക്കുന്ന ആരിലും ഇത് കൗതുകവും ജിജ്ഞാസയുമുണര്‍ത്തുമെന്നതില്‍ സംശയമില്ല. ഈ സവിശേഷമാര്‍ഗ്ഗം പൂര്‍ണ്ണമായും യുക്തിക്കു നിരക്കുന്നതും ധാര്‍മ്മികവുമാണ്.
ചര്യകള്‍ ആത്മാനന്ദത്തിലേക്കുളള വഴിയാണ്. ആ യാത്രയില്‍ എവിടെയെങ്കിലും വച്ച് ഒരു ഭൗതികന് ആത്മാനുഭവത്തിനുവേണ്ട ശാസ്ത്രീയ മാര്‍ഗ്ഗങ്ങളിലേക്ക് കടക്കണം എന്ന് തോന്നിയാല്‍ അതുവരെ ആചരിച്ചു വന്ന കര്‍മ്മങ്ങള്‍ അയാളുടെ തുടര്‍സാധനയ്ക്കു സഹായകമാകും.
ഇനി ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ചുകൊണ്ടിരിക്കുകയോ സാധനാമാര്‍ഗ്ഗം അവലംബിക്കുകയോ ചെയ്ത ഒരു വ്യക്തിക്ക്, യാത്രയുടെ ഏതൊരു ഘട്ടത്തിലും ഒരു മാര്‍ഗ്ഗത്തില്‍ നിന്ന് മറ്റൊരു മാര്‍ഗ്ഗത്തിലേക്ക് മാറാനോ യാത്ര തന്നെ വേണ്ടെന്നു വയ്ക്കാനോ ഉളള പരിപൂര്‍ണ്ണ സ്വാതന്ത്യവും നല്‍കപ്പെട്ടിരിക്കുന്നു. നിര്‍ഭയമായ ഈ സര്‍വ്വതന്ത്ര സ്വാതന്ത്ര്യമാണ് ഭാരതസംസ്‌കൃതിയുടെ മുഖമുദ്ര.
അങ്ങയുടെ കാഴ്ചപ്പാടില്‍ ‘ദൈവത്തെ’ വിശദീകരിക്കാമോ.
♠സര്‍വ്വ നിര്‍വ്വചനങ്ങള്‍ക്കുമതീതമായി, മനസ്സിന് ഒരു തരത്തിലും വഴങ്ങികൊടുക്കാത്ത പ്രപഞ്ച പ്രതിഭാസത്തെയാണ് ദൈവം, ഈശ്വരന്‍ തുടങ്ങിയ സംജ്ഞകളിലൂടെ ആചാര്യന്‍മാര്‍ സാമാന്യ ജനത്തിനു പരിചയപ്പെടുത്തിയത്. ജനനവും, ജീവിതവും, മരണവും മേല്‍പ്പറഞ്ഞ പ്രപഞ്ചപ്രതിഭാസത്തിലാണ് സംഭവിക്കുന്നത്. അഥവാ ആ പ്രതിഭാസമാണ് സര്‍വ്വതിനും ആധാരമായ ‘ഏകം സത്.’
ഈ അഖണ്ഡചൈതന്യത്തില്‍ (ഈശ്വരന്‍) നിന്നാണ് സങ്കല്‍പ്പവും വിശ്വാസവും ഉരുത്തിരിഞ്ഞത്. എല്ലാവരും അറിഞ്ഞോ അറിയാതെയോ ഈ വാക്കുകള്‍ ഉപയോഗിക്കുന്നു. ഏതെങ്കിലും ഒരു വിധത്തില്‍ ആശ്രയിക്കുകയോ അവലംബിക്കുകയോ ചെയ്യുന്നു. ദൈവം എന്നതിനെ ചിലര്‍ ഒരു രൂപത്തില്‍, മറ്റു ചിലര്‍ രൂപരഹിത ശക്തിയില്‍, വേറെ ചിലര്‍ ഈ പറയുന്നതൊന്നും ബുദ്ധിക്കു വഴങ്ങാത്തതിനാല്‍ അങ്ങനെയൊന്നില്ലാ എന്ന നിഗമനത്തില്‍, അങ്ങനെ എല്ലാവരും ഒന്നിനെ തന്നെ പല രീതിയില്‍ പ്രയോഗവല്‍ക്കരിക്കുന്നു. സത്യാവസ്തുവായ ഈശ്വര ചൈതന്യത്തില്‍ നിന്നന്യമായി ഈ പ്രപഞ്ചത്തില്‍ ഒന്നും നിലനില്‍ക്കുന്നില്ല എന്ന വസ്തുത ഓരോരുത്തരും ഓരോ രീതിയിലാണ് മനസ്സിലാക്കുന്നത്.
എന്തിനാണ് ക്ഷേത്രദര്‍ശനം.
♠പ്രകൃത്യായുളള മനസ്സിന്റെ ശേഷി (ഇമുമരശ്യേ) അപാരമാണ്. വിശ്വത്തെയാകെ ഉള്‍ക്കൊളളാന്‍ കഴിയുന്ന ശേഷിയെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തി തെല്ലുമില്ല. എന്നാല്‍ ഈ അനുപമശക്തി വിശേഷത്തെ ശരീരത്തിലെ നിശ്ചിത നാഡീചാലുകളിലൂടെ (ചലൃ്‌ല ഇവമിിലഹ)െ പ്രവഹിപ്പിച്ചാല്‍ മാത്രമേ ആവശ്യാനുസരണം അതിനെ പ്രയോജനപ്പെടുത്താനാവൂ. ധ്യാനത്തിലൂടെയാണ് ആ പ്രക്രിയ സാധ്യമാവുക.
ധ്യാനത്തിന്റെ പ്രാഥമിക പാഠം പരിത്യാഗമാണ്. ‘ഞാന്‍’ എന്നും ‘എന്റേത്’ എന്നുളള പരിമിത ബോധത്തെ ത്യജിച്ച് ‘വിശ്വം’ എന്നും വിശ്വത്തിന്റേതുമെന്നുമുളള വിശാല ബോധത്തിലേക്കുളള പ്രയാണമാണത്. ‘ഞാന്‍’ എന്ന ബോധത്തെ ‘വിശ്വ’ത്തിന് സമര്‍പ്പിക്കുമ്പോള്‍ മനസ്സ് ശുദ്ധവും ശക്തവുമാകുന്നു. ആഗ്രഹങ്ങളാലും ലാഭനഷ്ട ചിന്തകളാലും കലുഷിതമായ മനസ്സ് വികലവും അഹംബോധം ത്യജിച്ച മനസ്സ് നിര്‍മ്മലവുമാകുന്നു. ത്യജിക്കുന്ന വ്യക്തി ത്യാഗിയും ക്രമേണ യോഗിയുമായി പരിണമിച്ച് സാധന പുരോഗമിക്കുമ്പോള്‍ നിര്‍മ്മലമായ മനസ്സും (വൃഷ്ടി) വിശ്വ മനസ്സും (സമഷ്ടി) ഒന്നാണെന്ന യോഗാനുഭവം സ്വായത്തമാകുന്നു.
ക്ഷേത്രദര്‍ശനം നടത്തുന്ന ഭൗതികന്‍ താന്‍ ബദ്ധനും പരിമിതനുമായ മനുഷ്യനാണെന്ന സങ്കല്‍പ്പത്തോടെയും ദൈവം അഥവാ ഈശ്വരന്‍ സര്‍വ്വശക്തനും അപരിമിതനുമാണെന്ന വിശ്വാസത്തോടെയും സ്വന്തമായി തനിക്കൊന്നുമില്ലെന്നും സര്‍വ്വത്തിന്റെയും ഉടമയും നിയന്താവും അങ്ങ് (ഈശ്വരന്‍) മാത്രമാണെന്ന ബോധത്തെയും പ്രാര്‍ത്ഥിക്കുമ്പോള്‍ അയാള്‍ സ്വയമറിയാതെ പരിത്യാഗമെന്ന ഫലമനുഭവിക്കുകയാണ്.
സര്‍വ്വവും വിശ്വത്തിലര്‍പ്പിച്ച് സ്വതന്ത്രനായ യോഗിയുടെ അതേ മനോനില തന്നെയാണ് പ്രാര്‍ത്ഥനാവേളയില്‍ ഭൗതികനിലും സംജാതമാകുന്നത്. ഇവിടെ, ഭക്തന് വിഷരഹിതമായ മനസ്സിന്റെ അപാര ശക്തിചൈതന്യം ലഭ്യമാകുന്നു. യഥാര്‍ത്ഥത്തില്‍ ഈശ്വരനെന്ന പ്രതീകത്താല്‍ തന്റെ തന്നെ മനസ്സിന്റെ ശക്തിശേഖരം പ്രയോജനപ്പെടുത്തുകയാണ് ഭക്തന്‍ ചെയ്യുന്നത്.
ശബരിമല അനുഷ്ഠാനത്തെ കുറിച്ചുള്ളഅങ്ങയുടെ അഭിപ്രായം എന്താണ്.
♠ശബരിമലയിലെ അയ്യപ്പന്‍ കുണ്ഡലീനിയോഗത്തിന്റെ പ്രതീകമാണ്. കുണ്ഡലീനിയോഗ വ്രതാനുഷ്ഠാനങ്ങളില്‍ മുഖ്യം ബ്രഹ്‌മചര്യമാണ്. ഈ ബ്രഹ്‌മചര്യം ഒരു മണ്ഡലകാലം തുടരുകയും വേണം. യോഗവിദ്യയുടെ ആദ്യപടി മൂലാധാരത്തില്‍ സൂക്ഷ്മാവസ്ഥയിലുളള കുണ്ഡലീനിശക്തിയെ ഉണര്‍ത്തുക എന്നതാണ്. അതായത് ഇന്ദ്രിയങ്ങളെ അടക്കി മുദ്രകളിലൂടെ പ്രാണനെ സ്തംഭിപ്പിക്കുക. ഈ അവസരത്തില്‍ ശരീരത്തിനോ മനസ്സിനോ മറ്റു പ്രവര്‍ത്തനങ്ങള്‍ പാടില്ല. അടുത്ത തലം ശക്തിയെ മൂലാധാരത്തില്‍ നിന്ന് സഹസ്രാരത്തിലേക്ക് ആവാഹിക്കുകയാണ്. മൂലാധാരത്തിന് തൊട്ടുമുകളിലുളള ആധാരമായ സ്വാധിഷ്ഠാനം ലൈംഗികതയുടെ കേന്ദ്രമാണ്. സാധനാസമയത്ത് ഈ ആധാരത്തില്‍ ഒരു തരത്തിലുളള പ്രകൃതി പ്രവര്‍ത്തനങ്ങളും അനുവദനീയമല്ല. സാധനാവേളയില്‍ എന്തെങ്കിലും വ്യതിയാനം സംഭവിച്ചാല്‍ സാധകന് ചിത്തഭ്രമമോ മരണമോ സംഭവിക്കാം. പുരുഷന് ലൈംഗികത ഏകാന്തവാസവും വൈരാഗ്യവും കൊണ്ട് നിയന്ത്രിക്കാം. സ്ത്രീകള്‍ക്ക് മാസമുറ നാല്‍പ്പത്തിയൊന്ന് ദിവസത്തേയ്ക്ക് നിയന്ത്രിക്കാന്‍ കഴിയില്ല. ജീവശാസ്ത്രപരമായ ഈ പ്രത്യേകത മേല്‍പ്പറഞ്ഞ സവിശേഷ യോഗസാധനയ്ക്ക് ഒരു പരിമിതി തന്നെയാണ്. ഇതുകൊണ്ടാണ് തീവ്രസാധനാപ്രതീകമായ ശബരിമല അയ്യപ്പദര്‍ശനം അമ്പത് വയസ്സിനു താഴെ പ്രായമുളള സ്ത്രീകള്‍ക്ക് നിഷേധിച്ചിരിക്കുന്നത്. സാധാരണ അയ്യപ്പക്ഷേത്രങ്ങളില്‍ ഈ വിലക്കില്ല എന്നത് ഓര്‍ക്കേണ്ടതാണ്.
വര്‍ഷം മുഴുവന്‍ എല്ലാ കൊളളരുതായ്മകളും ചെയ്തിട്ട്, മണ്ഡലകാലത്തു വ്രതത്തോടെ മല ചവുട്ടിയാല്‍ അതുവരെ ചെയ്ത എല്ലാ പാപങ്ങളും തീരുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് അജ്ഞതയല്ലാതെ മറ്റൊന്നുമില്ല. അയ്യപ്പന്‍ നമ്മില്‍ തന്നെയാണ്. ശബരിമല നമ്മുടെ ജീവിതവും. അതെങ്ങനെ അനുഭവിക്കണമെന്ന് നാം തന്നെയാണ് തീരുമാനിക്കേണ്ടതും അതിനായി പ്രവര്‍ത്തിക്കേണ്ടതും. ജീവിതത്തെ ശരിയായ ദിശയില്‍ നയിക്കുവാന്‍ വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്ന ഒരു പ്രതീകമാണ് സഹ്യപര്‍വ്വതനിരകളിലൊന്നായ ശബരിമലയും അവിടുത്തെ അയ്യപ്പനും.