പ്രമുഖ പുരാവസ്തു ഗവേഷകനും പത്മശ്രീ ജേതാവുമായ കെ.കെ. മുഹമ്മദുമായി ഷാബുപ്രസാദ് നടത്തിയ അഭിമുഖം
അയോദ്ധ്യ രാമജന്മഭൂമി സംഭവവികാസങ്ങളില്‍ താങ്കള്‍ക്ക് വലിയ ഒരു സ്ഥാനമുണ്ട്. ആ അനുഭവം ഒന്ന് വിവരിക്കാമോ.
♠സത്യത്തില്‍ എനിക്കതില്‍ അത്ര വലിയ പങ്കൊന്നുമില്ല. 1976-77 കാലത്ത് വിഖ്യാത ആര്‍ക്കിയോളജിസ്റ്റ് ആയിരുന്ന പ്രൊഫ ബി.ബി. ലാലിന്റെ നേതൃത്വത്തില്‍ അയോദ്ധ്യയില്‍ നടന്ന പര്യവേക്ഷണ ടീമിലെ ഒരു ജൂനിയര്‍ അംഗമായിരുന്നു ഞാന്‍ എന്നുള്ളതില്‍ കവിഞ്ഞ പ്രത്യേകമായ ഒരു പ്രാധാന്യവും എനിക്കുണ്ടെന്നു ഞാന്‍ കരുതുന്നില്ല. എന്റെ പ്രധാന പങ്ക് എന്ന് പറയാവുന്നത് ആ വിവാദമന്ദിരത്തിനു താഴെ ഒരു മഹാക്ഷേത്രമുണ്ടായിരുന്നു എന്ന് ഞാന്‍ തുറന്ന് പറഞ്ഞതാണ്. അതുപോലെ ആ ടീമിലെ ഏക മുസ്ലിം അംഗം ഞാനായിരുന്നു എന്നതും മറ്റൊരു കാരണമാണ്. അന്നത്തെ കണ്ടെത്തലുകള്‍ സത്യസന്ധമായി പറയാനും അത് ഇന്ത്യന്‍ എക്‌സ്പ്രസ്സ് അവരുടെ എല്ലാ എഡിഷനുകളിലും പ്രസിദ്ധീകരിക്കാനും തയ്യാറായി. അതാണ് എന്റെ സംഭാവന എന്ന് വേണമെങ്കില്‍ പറയാവുന്ന കാര്യം.
അയോദ്ധ്യയുമായി ബന്ധപ്പെട്ട അങ്ങയുടെ അനുഭവങ്ങള്‍ വളരെ വലുതും സമഗ്രവുമാണ്. അങ്ങയുടെ കാഴ്ചപ്പാടില്‍ അതൊന്ന് വിശദമായി പറയാമോ ?
♠ ഒരു പര്യവേക്ഷണം ആരംഭിക്കുമ്പോള്‍ ഞങ്ങള്‍ അനുവര്‍ത്തിക്കുന്ന ചില കാര്യങ്ങളുണ്ട്. ഖനനത്തിന് മുമ്പ് ഞങ്ങള്‍ ആ പ്രദേശം വിശദമായ പഠനത്തിന് വിധേയമാക്കും. ഞാനപ്പോള്‍ താമസിച്ചിരുന്നത് ആ കെട്ടിടത്തിന് നേരെ മുന്നില്‍ ആയിരുന്നു. അങ്ങനെ ഒരു പഠനത്തിനായി ഞാന്‍ ആ മന്ദിരത്തിനുള്ളിലേക്ക് പോയി. അപ്പോള്‍ അവിടെയുണ്ടായിരുന്ന പോലീസുകാര്‍ ഞങ്ങളെ തടഞ്ഞു. അവിടേക്കുള്ള പ്രവേശനം കോടതി വിലക്കിയിട്ടുണ്ടായിരുന്നു. ഞങ്ങള്‍ വിവാദത്തിന്റെ ഭാഗമായി വന്നവരല്ല, ശാസ്ത്രീയ ഗവേഷണങ്ങള്‍ക്ക് വേണ്ടി വന്നവരാണ് എന്ന് പറഞ്ഞപ്പോള്‍ ഞങ്ങളെ കടത്തിവിട്ടു. കെട്ടിടത്തിന്റെ ഉള്ളില്‍ കടന്നപ്പോള്‍ തന്നെ അത് നില്‍ക്കുന്നത് ക്ഷേത്രത്തൂണുകളിലാണ് എന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. അപ്പോള്‍ അവിടെ ഉയരുന്ന ചോദ്യം ഇവ ക്ഷേത്രത്തൂണുകള്‍ ആണെന്ന് എങ്ങനെ പറയാന്‍ കഴിയും, ഒരു മോസ്‌കില്‍ അങ്ങനെയുള്ള തൂണുകള്‍ കാണില്ലേ എന്നാകും.
ഞങ്ങള്‍ വളരെ ശാസ്ത്രീയമായും വിശദമായും പരിശീലിപ്പിക്കപ്പെട്ടവരാണ്. ഒരു തൂണോ അതുപോലുള്ള നിര്‍മ്മിതിയോ കണ്ടാല്‍ അത് ഏത് കാലഘട്ടത്തിലെ, ഏത് രാജവംശത്തിന്റെ കാലത്ത് നിര്‍മ്മിക്കപ്പെട്ടതാണ് എന്ന് കൃത്യമായിത്തന്നെ ഞങ്ങള്‍ക്ക് പറയാന്‍ കഴിയും. ഒരു തൂണ് കണ്ടാല്‍ അപ്പോള്‍ തന്നെ ഇത് ഏത് നൂറ്റാണ്ടിലെയാണ് എന്ന് എനിക്ക് പറയാന്‍ സാധിക്കും. മൗര്യ കാലഘട്ടത്തിലെയോ ഗുപ്ത കാലഘട്ടത്തിലെയോ തൂണുകള്‍ ആണോ, എന്തിന് ഒരേ രാജവംശത്തിലെ തന്നെ അക്ബര്‍ കാലത്തെയാണോ ജഹാംഗീറിന്റെ കാലത്തേതാണോ എന്നുവരെ കൃത്യമായി തന്നെ പറയാന്‍ സാധിക്കും. അത്രയേറെ വിശദവും ശാസ്ത്രീയവുമായി പരിശീലനം നേടിയവരാണ് ഞങ്ങള്‍.
അങ്ങനെ ഞങ്ങള്‍ ഉള്ളില്‍ കടന്നപ്പോള്‍ തന്നെ ഇത് ക്ഷേത്രത്തിന്റെ തൂണുകളാണ് എന്ന് മനസ്സിലായി. അതില്‍ പൂര്‍ണ്ണകലശം കൊത്തിവെച്ചിരുന്നു. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമാണ് പൂര്‍ണ്ണകലശം. ഹിന്ദു വിശ്വാസപ്രകാരം ഇത് അഷ്ടമംഗല ചിഹ്നങ്ങളില്‍ പെടുന്നതാണ്. ഇത് എല്ലാ ക്ഷേത്രത്തൂണുകളിലും പൊതുവായി കാണുന്നവയാണ്. അവ ഒരിക്കലും ഒരു മോസ്‌കില്‍ കാണുകയില്ല. കൂടാതെ ആ തൂണുകളില്‍ ധാരാളം ദേവ പ്രതിമകളും ഉണ്ടായിരുന്നു. അവയൊക്കെ പ്ലാസ്റ്റര്‍ ചെയ്തു മറക്കപ്പെട്ടിരുന്നു എങ്കിലും പ്ലാസ്റ്ററിങ് അടര്‍ന്നു പോയി കാണാമായിരുന്നു. ഒരു മുസ്ലിം ദേവാലയത്തില്‍ ഒരിക്കലും വിഗ്രഹങ്ങള്‍ ഉണ്ടാവുകയില്ലല്ലോ.
അതിനു ശേഷം ഞാന്‍ ഉള്‍പ്പെടുന്ന പ്രൊഫ ബി.ബി. ലാലിന്റെ ടീം കെട്ടിടത്തിന്റെ തെക്കുഭാഗത്തും പടിഞ്ഞാറുഭാഗത്തും വിശദമായ പര്യവേക്ഷണങ്ങള്‍ നടത്തി. അവിടെനിന്ന് ഈ തൂണുകള്‍ ഉറപ്പിച്ചിരുന്ന ഇഷ്ടികകള്‍ കൊണ്ടുള്ള അടിത്തറകള്‍ ലഭിച്ചു. അതായിരുന്നു ഞങ്ങള്‍ക്ക് ലഭിച്ച നിര്‍ണ്ണായകമായ അടുത്ത തെളിവ്. കൂടാതെ ക്ഷേത്രവുമായി ബന്ധപ്പെട്ട ധാരാളം കളിമണ്‍ വിഗ്രഹങ്ങളും ലഭിച്ചു. ഒരിക്കലും ഒരു മോസ്‌കില്‍ നിന്ന് ലഭിക്കാന്‍ സാധ്യതയില്ലാത്ത കാര്യങ്ങളാണ് ഇവയൊക്കെ.
ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രൊഫ ലാല്‍ ഈ കെട്ടിടം നില്‍ക്കുന്നത് ഒരു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ക്ക് മുകളിലാണ് എന്ന് കണ്ടെത്തിയത്. ഇത് എഴുപതുകളുടെ മധ്യത്തില്‍ നടന്ന സര്‍വ്വേ ആണ്. അന്ന് ഇതൊരു വലിയ വിഷയമേ ആയിരുന്നില്ല. അതുകൊണ്ട് പ്രൊഫ. ലാല്‍ കാര്യങ്ങള്‍ പറഞ്ഞുപോവുകയല്ലാതെ അടിവരയിട്ടു പറഞ്ഞിട്ടില്ല.
പക്ഷെ പിന്നീട് ചില കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാര്‍ അവരുടെ സ്വാധീനം ഉപയോഗിച്ച് പത്രമാധ്യമങ്ങളെ സമീപിക്കുകയും, പ്രൊഫ.ലാലിന്റെ നേതൃത്വത്തിലുള്ള ടീം അവിടെ നിന്ന് ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രത്യേകിച്ചൊന്നും കണ്ടെത്തിയിട്ടില്ല എന്ന പച്ചക്കള്ളം പറയുകയും ചെയ്തു. ഒന്നാമത് അവര്‍ പറഞ്ഞത് പച്ചക്കള്ളമാണ്, ഞങ്ങള്‍ക്ക് ധാരാളം തെളിവുകള്‍ ലഭിച്ചിരുന്നു. രണ്ടാമത്, അവര്‍ ഒരാളൊഴിച്ച് ആരും തന്നെ ആര്‍ക്കിയോളജിസ്റ്റുകള്‍ അല്ലായിരുന്നു, ചരിത്രകാരന്മാര്‍ ആയിരുന്നു. ആര്‍ക്കിയോളജി എന്നത് തികച്ചും ശാസ്ത്രീയമായ ഗവേഷണശാഖയാണ്. ആര്‍ക്കിയോളജി പഠിച്ചിട്ടില്ലാത്തവര്‍ക്ക് ഒരിക്കലും ഇക്കാര്യങ്ങളൊന്നും ആധികാരികമായി പറയാന്‍ കഴിയില്ല.
മൂന്നാമത്തെ കാര്യം അവരിലൊരാളും തന്നെ ഈ പര്യവേക്ഷണം നടന്ന സ്ഥലം സന്ദര്‍ശിക്കുകയോ കാണുകയോ പോലും ചെയ്തിരുന്നില്ല. അങ്ങനെ ആര്‍ക്കിയോളജിയുമായി ഒരു ബന്ധവുമില്ലാത്ത കുറെ ചരിത്രകാരന്മാര്‍ സ്ഥലം പോലും സന്ദര്‍ശിക്കാതെ ഉയര്‍ത്തിയ വ്യാജ അവകാശവാദമായിരുന്നു അത്.
സ്വാഭാവികമായി പ്രൊഫ. ലാല്‍ വിശദീകരണവുമായി രംഗത്ത് വന്നു. അവിടെ ഞങ്ങള്‍ വിശദമായ ഗവേഷണങ്ങള്‍ നടത്തിയതാണ്, ഞങ്ങള്‍ക്ക് ക്ഷേത്രവുമായി ബന്ധപ്പെട്ട ധാരാളം തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ആ പള്ളിക്കെട്ടിടത്തിനു താഴെ ഒരു ക്ഷേത്രമുണ്ട് എന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് യാതൊരു സംശയവുമില്ല എന്ന് പ്രൊഫ.ലാല്‍ തറപ്പിച്ചുതന്നെ പറഞ്ഞു.
ആ സമയത്ത് ആര്‍ക്കിയോളജി വിഭാഗം ഡെപ്യൂട്ടി സൂപ്രണ്ടായി ഞാന്‍ ചെന്നൈയില്‍ ആയിരുന്നു. പ്രൊഫ. ലാല്‍ പറഞ്ഞത് നൂറു ശതമാനം ശരിയാണെന്നും, കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാരുടെ വാദം പച്ച നുണയാണ് എന്നും വ്യക്തമാക്കിക്കൊണ്ട് ഞാനൊരു പ്രസ്താവന ഇറക്കി. അവരാരും ആര്‍ക്കിയോളജിസ്റ്റുകള്‍ അല്ല എന്നു മാത്രമല്ല അവര്‍ ആ സ്ഥലം കണ്ടിട്ടുപോലുമില്ല എന്നും ഞാന്‍ എടുത്തുപറഞ്ഞു. മാത്രവുമല്ല ആ പര്യവേക്ഷണ സംഘത്തിലെ ഏക മുസ്ലീമും ഞാനായിരുന്നു. മക്കയും മദീനയും മുസ്ലീങ്ങള്‍ക്ക് എത്ര പുണ്യമാണോ അതുപോലെ അയോദ്ധ്യ ഹിന്ദുക്കള്‍ക്ക് പുണ്യസ്ഥലമാണ്. അതുകൊണ്ട് മുസ്ലീങ്ങള്‍ ആ സ്ഥലം സ്വമേധയാ വിട്ടുകൊടുത്ത് അവിടെയൊരു മഹാക്ഷേത്രം പണിയാന്‍ സഹായിക്കുകയാണ് വേണ്ടത് എന്നും ഞാന്‍ ആ പ്രസ്താവനയില്‍ എടുത്തു പറഞ്ഞു.
1990 ഡിസംബര്‍ 15 ലെ ഇന്ത്യന്‍ എക്‌സ്പ്രസ്സ് അവരുടെ എല്ലാ എഡിഷനുകളിലും എന്റെ ഈ നിലപാട് വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. മാധ്യമങ്ങളുമായി വലിയ ബന്ധമുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാരുടെ മുഖത്തേറ്റ അടിയായിരുന്നു അത്. ഞാന്‍ പറഞ്ഞതിന് മറുപടി പറയാന്‍ അവര്‍ക്കാര്‍ക്കും കഴിഞ്ഞില്ല. അതിന്റെ അര്‍ത്ഥം ഞാന്‍ പറഞ്ഞത് നിഷേധിക്കാന്‍ അവര്‍ക്കാവില്ല എന്നത് തന്നെയാണ്. അത് കോടതിയും സ്വീകരിച്ചു.
ആദ്യത്തെ സര്‍വ്വേ നടക്കുന്നത് എഴുപതുകളുടെ മധ്യത്തിലാണ്. അങ്ങയുടെ നിലപാടുകള്‍ക്കും ആദ്യത്തെ സര്‍വ്വേ റിപ്പോര്‍ട്ടിനുമെല്ലാം വലിയ പ്രസക്തിയുണ്ടാകുന്നത് എണ്‍പതുകളിലാണ്. ഈ കാലത്തിനിടയില്‍ വന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ്?
♠എണ്‍പതുകളില്‍ വിശ്വഹിന്ദുപരിഷത്ത് ഈ ദൗത്യം ഏറ്റെടുക്കുന്നതുവരെ ഇത് വലിയ ഒരു പ്രശ്‌നമായിരുന്നില്ല. ഈ വിഷയത്തെ ജനകീയവല്‍ക്കരിച്ചതിന്റെ ക്രെഡിറ്റ് തീര്‍ച്ചയായും അവര്‍ക്ക് തന്നെയാണ്. പിന്നീട് നടന്ന അദ്വാനിജിയുടെ രഥയാത്ര അതിന് കൂടുതല്‍ ജനകീയ മാനം നല്‍കി. അങ്ങനെയങ്ങനെ ഇതൊരു വലിയ ചര്‍ച്ചയായി മാറി. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് അവിടെ വീണ്ടും സര്‍വ്വേ നടത്തണമെന്ന ആവശ്യം ഉയരുന്നത്. അതിന് കുറെ സമയമെടുത്തു. അങ്ങനെ 2003 ലാണ് രണ്ടാമത്തെ സര്‍വ്വേ നടത്താനുള്ള ഉത്തരവ് ബഹുമാനപ്പെട്ട അലഹബാദ് ഹൈക്കോടതി നല്‍കുന്നത്.
അപ്പോഴും ഇര്‍ഫാന്‍ ഹബീബിനെപ്പോലുള്ള കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാര്‍ പറഞ്ഞിരുന്നത് ഈ കെട്ടിടം ഇരിക്കുന്നത് ഒരു ്ശൃvirgin land ലാണ് എന്നാണ്. എന്നുവെച്ചാല്‍ ആ കെട്ടിടത്തിന്റെ അടിയില്‍ ക്ഷേത്രത്തിന്റെയോ മോസ്‌കിന്റെയോ അടക്കം ഒരു നിര്‍മ്മിതികളും ഇല്ലാത്ത ഭൂമി ആണ് എന്ന്. ബാബറി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ആയിരുന്ന സയ്യിദ് ഷഹാബുദീനുമായി ഞാന്‍ വിശദമായ ചര്‍ച്ച നടത്തിയിരുന്നു. ആ കെട്ടിടം ഇരിക്കുന്നത് ക്ഷേത്രാവശിഷ്ടങ്ങള്‍ക്ക് മുകളിലാണെങ്കില്‍ ആ ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ ആദ്യം മുന്‍കൈ എടുക്കുന്നത് താനായിരിക്കും എന്നാണു അദ്ദേഹം എന്നോട് നേരിട്ട് പറഞ്ഞത്.
അലഹബാദ് ഹൈക്കോടതി ഉത്തരവ് പ്രകാരം നടന്ന സര്‍വ്വേയില്‍ ആധുനിക GPR (Ground penetrating radar)ഉപയോഗിച്ചിരുന്നു. ഡോ. ബി. ആര്‍. മാണിയുടെ നേതൃത്വത്തില്‍ എല്ലാ ആധുനിക സന്നാഹങ്ങളും ഉപയോഗിച്ച് നടന്ന സര്‍വ്വേയില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ആദ്യത്തേതിലും വളരെ കൂടുതല്‍ ആയിരുന്നു. അങ്ങനെ ആ കെട്ടിടത്തിന് കീഴിലുള്ള ക്ഷേത്രാവശിഷ്ടങ്ങളെക്കുറിച്ച് വ്യക്തമായതോടെ അതൊരു virginland അല്ല എന്ന് വീണ്ടും തെളിയിക്കപ്പെട്ടു.
അതോടെ കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാര്‍ അസ്വസ്ഥരായി. സര്‍വ്വേ നിര്‍ത്തിവയ്ക്കാനുള്ള സര്‍വ്വ അടവുകളും അവര്‍ പയറ്റി. ആ സമയത്ത് ആഗ്രയില്‍ പോസ്റ്റ് ചെയ്തിരുന്ന എന്നെ തേടിയും അവര്‍ വന്നു. ദല്‍ഹി സര്‍വ്വകലാശാലയിലെ പ്രൊഫ. ജാഫ്രിയാണ് എന്നോട് സംസാരിച്ചത്. എങ്ങനെയും ഈ സര്‍വ്വേ നിര്‍ത്തിവെയ്ക്കണം എന്ന് എന്നോട് ആവശ്യപ്പെട്ടു. ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം നടക്കുന്ന സര്‍വ്വേ നിര്‍ത്താന്‍ കഴിയില്ല എന്ന് ഞാന്‍ ഉറപ്പിച്ചു പറഞ്ഞു. ഈ പ്രശ്‌നത്തിനുള്ള ഒരേയൊരു പരിഹാരം ആ ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കുക എന്നത് മാത്രമാണ് എന്നും ഞാന്‍ പറഞ്ഞു.
സ്വാഭാവികമായിത്തന്നെ അവര്‍ക്കത് സ്വീകാര്യമായിരുന്നില്ല. ഞങ്ങള്‍ ആദ്യം പര്യവേക്ഷണം നടത്തിയപ്പോള്‍ കിട്ടിയത് പന്ത്രണ്ട് തൂണുകള്‍ ആയിരുന്നെങ്കില്‍, വളരെ മുതിര്‍ന്ന ആര്‍ക്കിയോളജിസ്റ്റും വളരെ സൗമ്യനുമായ ബി.ആര്‍. മാണിയുടെ മേല്‍നോട്ടത്തില്‍ നടന്ന സര്‍വ്വേയില്‍ കണ്ടെത്തിയത് പതിനേഴ് വരികളിലായി, അന്‍പതിലധികം വലിയ തൂണുകളുടെ അടിത്തറകളാണ്. ഇത്രയധികം തൂണുകളില്‍ ഉയര്‍ത്തപ്പെട്ട ആ നിര്‍മ്മിതി ഒരു മഹാക്ഷേത്രം തന്നെ ആയിരുന്നു എന്ന് വീണ്ടും സംശയാതീതമായി തെളിയിക്കപ്പെട്ടു.
ഇത് കൂടാതെ ധാരാളം ശില്‍പ്പങ്ങള്‍, ഉത്തരഭാരതത്തിലെ ക്ഷേത്രങ്ങളുടെ പ്രത്യേകതയായ ശിഖരങ്ങള്‍ എന്നിവയൊക്കെ ആ സര്‍വ്വേയില്‍ ലഭിച്ചു. അന്ന് ലഭിച്ച മറ്റൊരു പ്രധാന കാര്യം മകര പ്രണാളി ആണ്. ഗംഗയുടെ പ്രതീകമായ, വിഗ്രഹത്തിലെ അഭിഷേകതീര്‍ത്ഥം ഒഴുകിപ്പോകാനുള്ള ഒരു നിര്‍മ്മിതിയാണിത്. മുതലയുടെ ആകൃതിയായത് കൊണ്ടാണ് ഇതിന് മകരപ്രണാളി എന്ന് പറയുന്നത്.
ഇപ്പറഞ്ഞതൊന്നും സാധാരണ ജനവാസകേന്ദ്രങ്ങളില്‍ നിന്നോ മാര്‍ക്കറ്റ് പ്രദേശങ്ങളില്‍ നിന്നോ പ്രത്യേകിച്ച് ഒരു മോസ്‌കില്‍ നിന്നോ ലഭിക്കുന്നവയല്ല. ഇതെല്ലാം ക്ഷേത്രാരാധനയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. ഇതിനോടൊപ്പം ഇരുനൂറ്റിയറുപത്തിലധികം കളിമണ്‍ വിഗ്രഹങ്ങളും അവിടെ നിന്ന് ലഭിച്ചു.
ഏറ്റവും പ്രധാനം അവിടെനിന്ന് ലഭിച്ച വിഷ്ണുഹരി ശിലാഫലകമാണ്. ഇരുപത് ശ്ലോകങ്ങളിലായി അവിടെയുണ്ടായിരുന്ന ക്ഷേത്രത്തെ പറ്റിയാണ് ഈ ശിലാഫലകത്തിലെ ലിഖിതങ്ങള്‍ ഉള്ളത്. ബാലിയെയും തലയുള്ള ശത്രുവിനെയും വധിച്ച മഹാവിഷ്ണുവിന്റെ അവതാരമൂര്‍ത്തിയുടെ ക്ഷേത്രമാണിത് എന്ന് ആ ഫലകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ബാലിയെയും പത്ത് തലയുള്ള രാവണനെയും വധിച്ച അവതാര പുരുഷന്‍ രാമന്‍ ആണെന്നതില്‍ ആര്‍ക്കും സംശയമില്ലല്ലോ. ആ രാമന്റെ ക്ഷേത്രമാണത് എന്നതിന് ഇതില്‍ കൂടുതല്‍ എന്ത് തെളിവാണ് വേണ്ടത്.
സംശയാതീതമായ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ബഹുമാനപ്പെട്ട സുപ്രീംകോടതി അവിടെയുണ്ടായിരുന്ന മോസ്‌കിന് മുമ്പ് ഒരു വലിയ ഹിന്ദു ക്ഷേത്രമുണ്ടായിരുന്നു എന്ന നിഗമനത്തിലെത്തിയതും അത് ഹിന്ദുക്കള്‍ക്ക് കൈമാറാനും ഉത്തരവിട്ടത്. സത്യത്തില്‍ അത് ഏറ്റവും സന്തുലിതവും നീതിപൂര്‍വ്വവുമായ വിധിയായിരുന്നു. ഞാനൊരിക്കലും ഈ വിധി ഇത്രക്ക് ബാലന്‍സ്ഡ് ആകുമെന്ന് പ്രതീക്ഷിച്ചില്ല. ഈ ഭൂമിയുടെ ഭാഗമല്ലാത്ത ഒരിടത്ത് അഞ്ചേക്കര്‍ ഭൂമി മുസ്ലീങ്ങള്‍ക്ക് കൂടി നല്‍കിയപ്പോഴാണ് വിധി ഏറ്റവും നീതിപൂര്‍വ്വമായത്. ഈ ഭൂമിയുടെ ഏതെങ്കിലും ഭാഗമായിരുന്നു മുസ്ലീങ്ങള്‍ക്ക് നല്കിയിരുന്നതെങ്കില്‍ ഒരിക്കലും തീരാത്ത മറ്റൊരു പ്രശ്‌നമായി അത് വളരുമായിരുന്നു. അതുകൊണ്ടാണ് ഞാന്‍ പറയുന്നത് നമ്മുടെ നീതിന്യായ ചരിത്രത്തിലെ ഏറ്റവും നീതിപൂര്‍വ്വമായ വിധികളിലൊന്നാണിത് എന്ന്.
അയോദ്ധ്യയിലെ മുസ്ലീങ്ങളോട് ഒരു കാരണവശാലും ഈ ഭൂമി വിട്ടുകൊടുക്കരുത് എന്ന് പറഞ്ഞു കമ്മ്യൂണിസ്റ്റുകാര്‍ ഏറെ പ്രചാരണം നടത്തിയിരുന്നു എന്ന് കേട്ടിട്ടുണ്ട്.
♠സത്യത്തില്‍ അയോദ്ധ്യയിലെ മുസ്ലീങ്ങള്‍ക്ക് ഇതൊരു വിഷയമായിരുന്നില്ല. എന്നാല്‍ രാജ്യത്തിന്റെ ഇതരഭാഗങ്ങളിലെ മുസ്ലീങ്ങളെ വര്‍ഗ്ഗീയമായി പ്രകോപിപ്പിക്കാന്‍ കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാര്‍ പ്രത്യേകിച്ച് ഇര്‍ഫാന്‍ ഹബീബും അദ്ദേഹത്തിന്റെ ഗ്രൂപ്പും ശ്രമിച്ചിരുന്നു. 1988 വരെ ഞാന്‍ അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയില്‍ ഉണ്ടായിരുന്നു. മുസ്ലീങ്ങളുടെ മനോഭാവം എനിക്ക് നന്നായി അറിയാം. അന്ന് ഈ വിവാദമന്ദിരം ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കണം എന്നൊരു വികാരം പൊതുവെ മുസ്ലീങ്ങളില്‍ ഉണ്ടായിരുന്നു. എങ്കില്‍ അന്നുതന്നെ ഈ പ്രശ്‌നം എന്നന്നേക്കുമായി അവസാനിക്കുമായിരുന്നു. പക്ഷെ ഇര്‍ഫാന്‍ ഹബീബും കൂട്ടരുമാണ് ഇത് ഒരു കാരണവശാലും വിട്ടുകൊടുക്കാന്‍ പാടില്ല എന്ന് പറഞ്ഞു മുസ്ലിം സമൂഹത്തെ ഇളക്കിവിട്ടത്. ഇത് വിട്ടുകൊടുത്താല്‍ അവരുടെ കൈയ്യില്‍ മറ്റൊരു മൂവായിരം പള്ളികളുടെ ലിസ്റ്റ് ഉണ്ട്. അതും കൊടുക്കേണ്ടി വരും എന്നൊക്കെപ്പറഞ്ഞാണ് അയാള്‍ മുസ്ലിം സമൂഹത്തെ പരിഭ്രാന്തരാക്കിയത്. അയാളാണ് മുസ്ലീങ്ങളെ തെറ്റിദ്ധരിപ്പിച്ച് മുതലെടുക്കാന്‍ വഴിയൊരുക്കിയത്. കമ്മ്യൂണിസ്റ്റുകള്‍ ഈ കുത്തിത്തിരുപ്പുകള്‍ ഉണ്ടാക്കിയില്ലായിരുന്നങ്കില്‍ ഒരു പ്രശ്‌നവുമില്ലാതെ ഈ വിവാദം എന്നേ അവസാനിക്കുമായിരുന്നു.
ഈ പ്രശ്‌നം ഹരിഹരിക്കപ്പെടാതെ നീണ്ടുപോയതിന്റെ കാരണം എന്താണ്.
♠ഈ പ്രശ്‌നം വളരാന്‍ തുടങ്ങിയ 1988 -89 കാലത്ത് തന്നെ അത് രമ്യമായി പരിഹരിക്കപ്പെടാനുള്ള സാഹചര്യം ഉണ്ടായിരുന്നു. എന്തിന്, കേരളത്തില്‍ പോലും വളരെ ഉത്പതിഷ്ണുക്കളായ മുതിര്‍ന്ന ചില മുസ്ലിം നേതാക്കളുമായി ഞാന്‍ സംസാരിച്ചിട്ടുണ്ട്. അവരുടെ പോലും മനോഭാവം ഇത് ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കണം എന്നത് തന്നെ ആയിരുന്നു. പക്ഷെ നിര്‍ഭാഗ്യവശാല്‍ കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാരുടെ കുടിലത കാരണം മുസ്ലിം സമൂഹം വഴിതെറ്റുകയും അത് വളരെ വലിയ ഒരു പ്രശ്‌നമായി മാറുകയുമായിരുന്നു.
ചന്ദ്രശേഖര്‍ പ്രധാനമന്ത്രിയായിരുന്ന സമയത്ത് പ്രശ്‌നപരിഹാരത്തിനായി ആത്മാര്‍ത്ഥമായ ചില ശ്രമങ്ങള്‍ നടന്നിരുന്നില്ലേ.
♠തീര്‍ച്ചയായും. അദ്ദേഹം വളരെ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ചു. വളരെ കഴിവുറ്റ ഒരു ഓഫീസര്‍, ഡോ. കുനാലിനെ ഈ കാര്യത്തിന് വേണ്ടി അപ്പോയിന്റ് ചെയ്തിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ ബീഹാറില്‍ ഒരു വലിയ ക്ഷേത്രത്തിന്റെ പണി പുരോഗമിക്കുന്നത്. പക്ഷേ എന്ത് ചെയ്യാന്‍, ഈ കമ്മ്യൂണിസ്റ്റുകള്‍ എല്ലാ രമ്യ സാധ്യതകളെയും നശിപ്പിച്ചു.
മഥുര, കാശി തുടങ്ങിയ ക്ഷേത്രസ്ഥാനങ്ങളെപ്പറ്റിയുള്ള അങ്ങയുടെ നിലപാടുകളും വിവാദമായിട്ടുണ്ടല്ലോ.
♠അയോദ്ധ്യ, മഥുര, കാശി ഇവ മൂന്നും ഹിന്ദുക്കളുടെ അതീവ പവിത്രസ്ഥാനങ്ങളാണ്. അവ വിട്ടുകൊടുക്കുക തന്നെ വേണം എന്നത് എന്റെ എത്രയോ കാലമായുള്ള സുചിന്തിത നിലപാടാണ്. ഇപ്പോഴത്തെ കാശി വിശ്വനാഥ ക്ഷേത്രത്തിലെ നന്ദിവിഗ്രഹത്തിന്റെ സ്ഥാനവും ദൃഷ്ടിയും മാത്രം മതി ജ്ഞാനവാപി മോസ്‌ക് ഇരിക്കുന്നത് ക്ഷേത്രത്തിന്റെ മൂലസ്ഥാനത്താണ് എന്ന് മനസ്സിലാക്കാന്‍. അതുപോലെ തന്നെയാണ് മഥുരയും.
അവസാനമായി ചോദിക്കട്ടെ. ഒരു പരമ്പരാഗത മുസ്ലിം കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന അങ്ങയെ ഈ വിവാദങ്ങള്‍ എങ്ങനെയൊക്കെയാണ് വ്യക്തിപരമായി ബാധിച്ചത്.
♠പാരമ്പരാഗതമായിത്തന്നെ മതമൗലികവാദത്തിനു വേരോട്ടമുള്ള, പിന്നീട് പോപ്പുലര്‍ ഫ്രണ്ടിന് വളരെയധികം വേരോട്ടമുണ്ടായ കൊടുവള്ളിയില്‍ ആണ് ഞാന്‍ ജനിച്ചു വളര്‍ന്നത്. അവരില്‍ പലരെയും എനിക്ക് നന്നായി അറിയാം, അവരെല്ലാം ഇപ്പോള്‍ ജയിലിലാണ്. ഞാന്‍ ഈ പ്രതിസന്ധി എങ്ങനെയൊക്കെയോ മറികടന്നു എങ്കിലും എന്റെ കുടുംബത്തിന് താങ്ങാന്‍ കഴിയുന്ന സമ്മര്‍ദ്ദമായിരുന്നില്ല അത്. എന്റെ പല കുടുംബാംഗങ്ങളേയും ഇത് ഗുരുതരമായി ബാധിച്ചു. മൂന്നു വര്‍ഷത്തിലധികം ഞാന്‍ ഇവിടെ താമസിച്ചത് കനത്ത പോലീസ് സുരക്ഷയില്‍ ആയിരുന്നു. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിന് ശേഷമാണു പോലീസ് സുരക്ഷ ഒഴിവാക്കിയത്.
ഈ ഭീഷണിയും സമ്മര്‍ദ്ദവും കാരണം എനിക്ക് പല പ്രാവശ്യം ബീഹാറിലും, മധ്യപ്രദേശിലും, അഹമ്മദാബാദിലുമൊക്കെ മാറിമാറി താമസിക്കേണ്ടി വന്നു. കുറേക്കാലം ഇങ്ങനെ സ്ഥലങ്ങള്‍ മാറി മാറി സഞ്ചരിച്ചുകൊണ്ടേ ഇരുന്നു. പ്രതീക്ഷിച്ചിരുന്ന ഇടങ്ങളില്‍ നിന്നുപോലും എനിക്ക് വേണ്ട പിന്തുണ ലഭിച്ചില്ല. പിന്തുണ ലഭിച്ചപ്പോഴേക്കും ഇതെല്ലം അതിജീവിക്കാനുള്ള കരുത്ത് ഞാന്‍ ആര്‍ജ്ജിച്ചുകഴിഞ്ഞിരുന്നു. സത്യത്തില്‍ കോവിഡ് സമയം ആണ് എന്നെ വലിയ പ്രശ്‌നങ്ങളില്‍ നിന്നും രക്ഷിച്ചത്. ആ സമയം ലോകം മുഴുവന്‍ ഭീതിയോടെ അടച്ചിരുന്നത് കൊണ്ട് എനിക്കതൊരു രക്ഷയായി എന്ന് വേണമെങ്കില്‍ പറയാം.
1990 ല്‍ ആ സത്യം വെളിപ്പെടുത്തുമ്പോള്‍ ബിജെപി അധികാരത്തിന്റെ പരിസരത്ത് പോലും ഉണ്ടായിരുന്നില്ല. അടുത്ത കാലത്തൊന്നും അധികാരത്തില്‍ വരുമെന്ന പ്രതീക്ഷയും ഇല്ലായിരുന്നു. ഞാന്‍ ഒന്നും പ്രതീക്ഷിച്ചോ ആഗ്രഹിച്ചോ അല്ല ജോലി ചെയ്തത്. അതെന്റെ ദൗത്യമാണ് എന്ന് മാത്രമേ എന്നും കരുതിയിട്ടുള്ളു.