ഇരുപത്തിയൊന്നാമത്തെ വയസ്സിലാണ് പത്തനംതിട്ട സ്വദേശിനിയായ ബി.രാധാദേവി ജീവന്‍വ്രതിയായി കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിലെത്തുന്നത്. കാഷായം ധരിക്കാതെ സന്ന്യാസ തുല്ല്യമായ ജീവിതം നയിച്ചു ആയുഷ്‌കാലം മുഴുവന്‍ വിവേകാനന്ദ കേന്ദ്രത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നതിനായി ജീവിതം ഉഴിഞ്ഞുവെച്ചവരെയാണ് ‘ജീവന്‍ വ്രതികള്‍’ എന്ന് പറയുന്നത്. നീണ്ട ഇരുപത്തിനാല് വര്‍ഷം അരുണാചല്‍ പ്രദേശില്‍ വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതയായിരുന്ന അവര്‍, കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന ദക്ഷിണക്ഷേത്രത്തിന്റെ ചുമതല വഹിക്കുകയാണിപ്പോള്‍. വിവേകാനന്ദ കേന്ദ്രം പ്രവര്‍ത്തകര്‍ക്കിടയില്‍ രാധാദീദി എന്നറിയപ്പെടുന്ന കുമാരി ബി.രാധാദേവിയുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന്.
വിവേകാനന്ദ ശിലാസ്മാരകത്തെക്കുറിച്ചറിയുന്നവര്‍ ഏറെയുണ്ട്. എന്നാല്‍ വിവേകാനന്ദ കേന്ദ്രത്തെക്കുറിച്ചറിയുന്നവര്‍ വിരളമാണ്. വിവേകാനന്ദ ശിലാസ്മാരകത്തേയും വിവേകാനന്ദ കേന്ദ്രത്തെയും കുറിച്ച് പറയാമോ?
♠ഭാരതം മുഴുവന്‍ പരിവ്രാജകനായി സഞ്ചരിച്ച സ്വാമി വിവേകാനന്ദന്‍ കന്യാകുമാരിയിലെത്തി. ദേവി കന്യാകുമാരി തപസ്സ് ചെയ്ത ശ്രീപാദപ്പാറയില്‍ 1892 ഡിസംബര്‍ 25 മുതല്‍ മൂന്ന് ദിവസം സ്വാമി ധ്യാനനിരതനായി ഇരുന്നു. സ്വന്തം രാജ്യത്തേയും ജനങ്ങളേയും കഷ്ടതകളില്‍ നിന്ന് രക്ഷിക്കാനുളള വഴി ആലോചിച്ചായിരുന്നു ആ തപസ്സ്. മഹത്തായ ആ ധ്യാനത്തില്‍ ”ഭാരതഭൂമിയുടെ പുനരുജ്ജീവനം” എന്ന തന്റെ കടമ നിറവേറ്റുന്നതിനുളള മാര്‍ഗ്ഗം സ്വാമിജിക്ക് ലഭിക്കുകയുണ്ടായി. 1963ല്‍ വിവേകാനന്ദ സ്വാമികളുടെ നൂറാം ജന്മദിനം രാജ്യമെങ്ങും ആഘോഷിക്കാന്‍ തയ്യാറെടുത്തപ്പോള്‍, സ്വാമിജിയുടെ പാദസ്പര്‍ശം കൊണ്ട് പവിത്രമായതും അദ്ദേഹം തന്റെ ജീവിതലക്ഷ്യം എന്താണെന്ന് കണ്ടറിയുകയും ചെയ്ത കന്യാകുമാരിയിലെ ശ്രീപാദപ്പാറയില്‍ സ്വാമിജിക്ക് ഒരു സ്മാരകം ഉയരണമെന്ന് കന്യാകുമാരിയിലെ ജനങ്ങള്‍ ആഗ്രഹിച്ചു. ആഗ്രഹത്തിന്റെ സഫലീകരണത്തിന് ഏറെ പ്രതിബന്ധങ്ങള്‍ വന്നുചേര്‍ന്നതിനാല്‍ വിവേകാനന്ദ ശിലാ സ്മാരകകമ്മിറ്റി രാഷ്ട്രീയ സ്വയംസേവക സംഘത്തെ സമീപിച്ചു. സംഘത്തിന്റെ അന്നത്തെ സര്‍സംഘചാലക് ആയിരുന്ന പൂജനീയ ഗുരുജിയുടെ നിര്‍ദ്ദേശപ്രകാരം സംഘത്തിന്റെ സര്‍കാര്യവാഹ് ആയിരുന്ന ഏകനാഥ് റാനഡെജി വിവേകാനന്ദ സ്മാരക നിര്‍മ്മാണത്തിന്റെ ചുമതല ഏറ്റെടുത്തു. ഏകനാഥ്ജിയുടെ കഠിനപ്രയത്‌നത്തിന്റെ ഫലമാണ് ദേശീയ സ്മാരകമായി ഇന്ന് തലയുയര്‍ത്തി നില്‍ക്കുന്ന വിവേകാനന്ദശിലാ സ്മാരകം.
ഏകനാഥ് റാനഡെജിയുടെ നിശ്ചയദാര്‍ഢ്യത്തിന്റെയും, ദീര്‍ഘവീക്ഷണത്തിന്റെയും ഫലമാണ് വിവേകാനന്ദ കേന്ദ്രമെന്ന മഹത്തായ സംഘടന. ഏതെങ്കിലും ശിലയിലോ, മന്ദിരത്തിലോ മാത്രം ഒതുക്കേണ്ടതല്ല സ്വാമി വിവേകാനന്ദനുളള സ്മാരകമെന്നും സ്വാമിജിയുടെ സന്ദേശമെന്താണോ അത് പ്രാവര്‍ത്തികമാക്കുകയാണ് വിവേകാനന്ദസ്വാമികള്‍ക്കുളള യഥാര്‍ത്ഥസ്മാരകമെന്നും ഏകനാഥ്ജി വിശ്വസിച്ചു. എപ്പോഴാണോ ഹൃദയവിശാലരായ സ്ത്രീപുരുഷന്മാര്‍ ജീവിതത്തിന്റെ എല്ലാ സുഖസൗകര്യങ്ങളും ത്യജിച്ച് ലക്ഷക്കണക്കിന് വരുന്ന ഭാരതീയരുടെ ഉന്നമനത്തിനായി അക്ഷീണം, അഹോരാത്രം പ്രവര്‍ത്തിക്കാനും സേവനം ചെയ്യുവാനും സന്നദ്ധരായി മുന്നോട്ട് വരുന്നത് അപ്പോള്‍ ഭാരതം ഉയര്‍ത്തെഴുന്നേല്‍ക്കും എന്ന സ്വാമിജിയുടെ സന്ദേശം സ്വീകരിച്ചുകൊണ്ട് രാഷ്ട്രത്തിനുവേണ്ടി, സമൂഹത്തിനുവേണ്ടി സ്വന്തം ജീവിതം സ്വയം സമര്‍പ്പിക്കാന്‍ താല്‍പ്പര്യമുളള യുവതീയുവാക്കളെ കണ്ടെത്തി പരിശീലനം നല്‍കി രാഷ്ട്രത്തിന്റെ വിവിധമേഖലകളില്‍ സേവനത്തിനായി നിയോഗിക്കുന്ന ആദ്ധ്യാത്മികതയിലധിഷ്ഠിതമായ സേവാസംഘടനയാണ് വിവേകാനന്ദ കേന്ദ്രം. 1970 സപ്തംബര്‍ 2നാണ് വിവേകാനന്ദശിലാസ്മാരകം രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. 1972 ജനുവരി 7ന് കന്യാകുമാരിയില്‍ വിവേകാനന്ദ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു.
ഏതൊക്കെ മേഖലകളിലാണ് വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്നത്.
♠ഒന്നാമതായി വിദ്യാഭ്യാസമേഖല. ഭാരതത്തിലുടനീളം 85ഓളം വിദ്യാലയങ്ങള്‍ കേന്ദ്രം നടത്തിവരുന്നു. കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്താനും, പഠനനിലവാരം ഉയര്‍ത്തുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ആനന്ദാലയങ്ങള്‍ 200 എണ്ണമുണ്ട്. അരുണാചല്‍ പ്രദേശ്, ആസ്സാം, ഒറീസ്സ, മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ് ഇത്തരം ആനന്ദാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കൂടാതെ ബാലവാടികള്‍, വ്യക്തിത്വവികസനം, യുവാക്കളുടെ പ്രചോദനം എന്നിവയ്ക്കായുളള ശിബിരങ്ങള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായുളള സഹവര്‍ത്തിത്വക്ലാസ്സുകള്‍, കുട്ടികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും, അദ്ധ്യാപകര്‍ക്കും വേണ്ടിയുളള വിവിധ പരിശീലന പരിപാടികള്‍, യോഗയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍, യോഗപ്രശിക്ഷണ ശിബിരങ്ങള്‍ എന്നിവയും വിവേകാനന്ദ കേന്ദ്രം നടത്തിവരുന്നു.
ആരോഗ്യമേഖലയില്‍ ആശുപത്രികള്‍, ഡിസ്‌പെന്‍സറികള്‍, ചികിത്സാശിബിരങ്ങള്‍, ഗവേഷണം, സിദ്ധ ഔഷധ നിര്‍മ്മാണം, മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് എന്നിവയാണ് നടത്തിവരുന്നത്. കൂടാതെ ഗ്രാമീണ ഗോത്രവര്‍ഗ്ഗ ക്ഷേമം ലക്ഷ്യമാക്കി, നെയ്ത്ത്, തയ്യല്‍പരിശീലന കേന്ദ്രങ്ങള്‍ എന്നിവ നടത്തുന്ന തോടൊപ്പം കമ്പ്യൂട്ടര്‍ സാക്ഷരതയില്‍ പരിശീലനവും നല്‍കുന്നു.
അദ്ധ്യാത്മിക മേഖലയില്‍ സനാതനധര്‍മ്മ സംസ്‌കാരത്തിന്റെ പഠന-പരിശീലന -പ്രചാരണ പരിപാടികള്‍, ധര്‍മ്മസംവാദം, ശിബിരങ്ങള്‍ എന്നിവ നടത്തുന്നു.
പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി പരമ്പരാഗത നാട്ടറിവുകളുടെ ശേഖരണം, സംരക്ഷണം, പ്രചാരണം, ജൈവകൃഷി ഗവേഷണം, പ്രകൃതി സംരക്ഷണം, ജലസ്രോതസ്സുകളുടെ നവീകരണം എന്നിവയാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
എങ്ങനെയാണ് വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തന ഘടന.
♠പ്രാദേശികമായി രൂപീകരിക്കുന്ന സമിതികളുടെ ചുമതലയുളള സ്ഥാനീയ കാര്യകര്‍ത്താക്കള്‍, അത് കഴിഞ്ഞാല്‍ സേവാവ്രതി കാര്യകര്‍ത്താക്കള്‍ എന്നിവര്‍ ഉണ്ട്. ജീവിതത്തിന്റെ രണ്ട് വര്‍ഷമെങ്കിലും ദേശകാര്യത്തിനുവേണ്ടി സമര്‍പ്പണം ചെയ്യുന്നവരെയാണ് സേവാവ്രതി കാര്യകര്‍ത്താക്കള്‍ എന്ന് പറയുന്നത്. പിന്നീടുളളത് ജീവന്‍വ്രതി കാര്യകര്‍ത്താക്കളാണ്. ജീവിതം സമ്പൂര്‍ണ്ണമായും വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വയം സമര്‍പ്പിച്ചിട്ടുളളവരാണ് ജീവന്‍ വ്രതികള്‍. വിവേകാനന്ദ കേന്ദ്രത്തിന്റെ നട്ടെല്ലായി ജീവന്‍വ്രതികളെ വിശേഷിപ്പിക്കാം. പിന്നെയുളളത് വാനപ്രസ്ഥി കാര്യകര്‍ത്താക്കളാണ്. ജോലിയില്‍ നിന്നും വിരമിച്ച ശേഷം ഇനിയുളള കാലം വിവേകാനന്ദ കേന്ദ്രത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുകയും അങ്ങനെ വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നടത്തുകയും ചെയ്യുന്നവരാണ് വാനപ്രസ്ഥികള്‍. വിവേകാനന്ദ കേന്ദ്രത്തിന് ഒരു പ്രസിഡന്റ് ഉണ്ട്. മാനനീയ എ.ബാലകൃഷ്ണന്‍ജിയാണ് ഇപ്പോഴത്തെ പ്രസിഡന്റ്. രണ്ട് വൈസ് പ്രസിഡന്റുമാര്‍, ജനറല്‍ സെക്രട്ടറി, മൂന്ന് ജോയിന്റ് ജനറല്‍ സെക്രട്ടറിമാര്‍, ട്രഷറര്‍ ഇങ്ങനെയാണ് വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തന ഘടന. ഇവരെല്ലാം തന്നെ ജീവന്‍ വ്രതികളായിരിക്കും.
കേരളത്തില്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
♠കേരളത്തില്‍ ഇപ്പോള്‍ രണ്ട് സെന്ററുകളാണ് നമുക്കുളളത്. ഒന്ന് കൊടുങ്ങല്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിവേകാനന്ദകേന്ദ്ര വേദിക് വിഷന്‍ ഫൗണ്ടേഷന്‍ (VKVVF) ആണ്. വേദ പ്രചരണത്തിലും, യോഗയിലുമാണ് വേദിക് വിഷന്‍ ഫൗണ്ടേഷന്‍ കൂടുതല്‍ ശ്രദ്ധചെലുത്തിയിട്ടുളളത്. വേദാദ്ധ്യയനം, വേദ സംബന്ധിയായ സെമിനാറുകള്‍, സിംപോസിയങ്ങള്‍, യോഗപരിശീലനം, അമൃതപരിവാര്‍ പദ്ധതികള്‍, സാന്ദീപനി ശിശുവാടിക എന്നിവയിലൂടെ സമൂഹത്തിലെ വിവിധ തലത്തിലുളളവരെ യോഗയുടേയും, ആദ്ധ്യാത്മികതയുടേയും പ്രായോഗികപാതയിലൂടെ നയിച്ച് ജീവിത വിജയത്തിനുളള വഴി തുറന്ന് നല്‍കുന്ന പ്രവര്‍ത്തനങ്ങളാണ് ഡോ.ലക്ഷ്മീകുമാരി ദീദിയുടെ നേതൃത്വത്തില്‍ വിവേകാനന്ദ കേന്ദ്ര വേദിക് വിഷന്‍ ഫൗണ്ടേഷന്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
ഇനിയുളള ഒരു സെന്റര്‍ തിരുവനന്തപുരത്താണ്. അത് ഇപ്പോള്‍ തുടങ്ങിയിട്ടേയുളളൂ. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനം സമ്പര്‍ക്കമാണ്. കാരണം നല്ല രീതിയിലുളള സമ്പര്‍ക്കം കേരളത്തിലുടനീളം നടന്നെങ്കില്‍ മാത്രമേ കേരളത്തിന്റെ ആവശ്യമെന്തെന്നും, ഏത് പ്രവര്‍ത്തനമാണ് ആദ്യം തുടങ്ങേണ്ടതെന്നും നമുക്ക് മനസ്സിലാക്കാന്‍ പറ്റുകയുളളൂ. വിവേകാനന്ദ കേന്ദ്രത്തിന് ഒരുപാട് പദ്ധതികളുണ്ടല്ലോ. യുവാക്കള്‍ക്കുളളത്, മഹിളകള്‍ക്കുളളത്, അങ്ങനെ പലതും. അതില്‍ ഏതാണ് വേണ്ടതെന്നറിയണമെങ്കില്‍ ജനങ്ങളുടെ മനസ്സറിയണം. അതിനായി നല്ല രീതിയിലുളള സമ്പര്‍ക്കമാണ് ഇപ്പോള്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. അതോടൊപ്പം കിശോരി വികാസ് ശിബിരങ്ങള്‍, മാതൃപൂജ, അദ്ധ്യാപക പരിശീലനകളരികള്‍ തുടങ്ങിയവയും ഇപ്പോള്‍ നടത്തിവരുന്നു.
ആദ്ധ്യാത്മികതയിലധിഷ്ഠിതമായ സേവനം എന്നതുകൊണ്ട് എന്താണുദ്ദേശിക്കുന്നത്.
♠വിവേകാനന്ദ കേന്ദ്രം ഒരു ആദ്ധ്യാത്മിക പ്രേരിത സംഘടനയാണ്. നിങ്ങള്‍ ഈ സേവനത്തിനു വന്നിരിക്കുന്നതിന്റെ അര്‍ത്ഥം നിങ്ങള്‍ ഈ സമൂഹത്തിന്റെ ഭാഗമാണ് എന്നതാണ്. നിങ്ങള്‍ക്ക് സമൂഹത്തോട് ഉത്തരവാദിത്തമുണ്ട്. ഞാനും സമൂഹവും ഭിന്നമല്ല. ഇതുതന്നെയാണ് ആദ്ധ്യാത്മിക കാഴ്ചപ്പാട്. ഈയൊരു കാഴ്ചപ്പാടിലൂടെയാണ് വിവേകാനന്ദ കേന്ദ്രത്തിന്റെ കാര്യകര്‍ത്താക്കള്‍ കാര്യങ്ങള്‍ ചെയ്യുന്നത്. രാവിലെ പ്രാതസ്മരണയില്‍ തുടങ്ങി വൈകുന്നേരം ചിദാനന്ദരൂപ: ശിവോഹം ശിവോഹം എന്ന നിര്‍വ്വാണഷട്കത്തിലാണ് വിവേകാനന്ദ കേന്ദ്രത്തിന്റെ ഒരു ദിവസത്തെ കാര്യങ്ങള്‍ അവസാനിക്കുന്നത്. പകല്‍ മുഴുവന്‍ നിങ്ങള്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങള്‍ നടത്തിയോ അതൊക്കെത്തന്നെ ശിവാര്‍പ്പണമാണ്. വിവേകാനന്ദ കേന്ദ്രത്തിന്റെ കര്‍മ്മ മണ്ഡലത്തില്‍ നമ്മളെ ഇടക്കിടയ്ക്ക് ഓര്‍മ്മിപ്പിക്കുന്ന കാര്യം ”നീ സമൂഹത്തിന്റെ ഭാഗമാണ്, ഈ പ്രകൃതിയുടെ ഭാഗമാണ്” എന്നാണ്. നമ്മള്‍ ഈ സേവനങ്ങളൊക്കെ ചെയ്യുമ്പോള്‍ ഞാന്‍ മറ്റൊരാള്‍ക്ക് എന്തോ ഒരു ഉപകാരം ചെയ്തു എന്നല്ല, ഞാന്‍ ഈ കാണുന്ന ശരീരമല്ല, പരമാത്മാവിന്റെ ഭാഗമാണ് എന്ന ഭാവനയാണ് നമ്മെ നയിക്കുന്നത്.
”ജയ ജയ പരമാത്മന്‍സംസ്മരാമോ വയം ത്വാം” എന്ന് തുടങ്ങുന്ന വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രാര്‍ത്ഥനയിലൊരിടത്തും അഹം (ഞാന്‍) ഇല്ല വയം (നമ്മള്‍) മാത്രമേയുളളൂ. വ്യഷ്ടിയില്ല സമഷ്ടിയേ ഉളളൂ. വയം വരുമ്പോള്‍ അഹമില്ല. അതുകൊണ്ട് തന്നെ അത് ആദ്ധ്യാത്മികമാണ്. ആ തത്ത്വമാണ് പ്രാര്‍ത്ഥനയിലൂടെ ദിവസവും ഞങ്ങളെ നയിക്കുന്നത്. ഓരോ കാര്യകര്‍ത്താവും അതിന്റെ അര്‍ത്ഥം മനസ്സിലാക്കി അതിലൂടെ പോകുന്നെങ്കില്‍ അത് ആദ്ധ്യാത്മികം തന്നെ. ഒരു ദിവസത്തെ പ്രവര്‍ത്തനം കഴിഞ്ഞ് ഉറങ്ങാന്‍ പോകുമ്പോള്‍ ആര്‍ക്കും ഒരു വിഷമവുമില്ല. നിങ്ങള്‍ ചെയ്തതെല്ലാം നിങ്ങള്‍ സമര്‍പ്പിച്ചു. ഈശ്വരാനുഗ്രഹം കൊണ്ട് നിങ്ങള്‍ക്ക് അത് ചെയ്യാന്‍ പറ്റി. ഇങ്ങനെയാണ് നമ്മള്‍ ചിന്തിക്കുന്നത്. അതുകൊണ്ടാണ് വിവേകാനന്ദകേന്ദ്രം ഒരു ആദ്ധ്യാത്മിക പ്രേരിത സംഘടനയാണ് എന്ന് പറയുന്നത്.
വ്യക്തി നിര്‍മ്മാണത്തിലൂടെ രാഷ്ട്ര പുനരുദ്ധാരണം എന്ന വിവേകാനന്ദ സന്ദേശത്തിലൂന്നിയാണല്ലോ വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. എങ്ങനെയാണത് സാധ്യമാക്കുന്നത്.
♠ വിദ്യാലയമായാലും അല്ലെങ്കില്‍ വിവേകാനന്ദ കേന്ദ്രത്തിന്റെ ഏതൊരു പ്രവര്‍ത്തനമായാലും നമ്മള്‍ കൂടുതല്‍ ശ്രദ്ധയൂന്നുന്നത് വ്യക്തിയിലാണ്. ഒരുപാട് സമയം നമ്മള്‍ അതിനുവേണ്ടി നീക്കിവെയ്ക്കുന്നു. കളികളായാലും, കഥപറയലായാലും വ്യക്തിയുടെ സ്വഭാവരൂപീകരണമാണ് നാം ലക്ഷ്യമാക്കുന്നത്. വ്യക്തി നന്നായാല്‍ കുടുംബം നന്നാവും. കുടുംബം നന്നായാല്‍ സമൂഹം നന്നാവും. സമൂഹം നന്നാവുമ്പോള്‍ രാഷ്ട്രത്തിന് ഉയര്‍ച്ചയുണ്ടാവും. വ്യക്തിനിര്‍മ്മാണമെന്ന് പറയുമ്പോള്‍ നമ്മുടെ ജീവിതത്തില്‍ അനുഗുണമായ മാറ്റങ്ങള്‍ നാം സ്വയം കൊണ്ടുവരണം. ഞാന്‍ ഒരു നല്ല കാര്യമാണ് ചെയ്യുന്നതെങ്കില്‍ എന്തുതന്നെ നിങ്ങള്‍ പറഞ്ഞാലും എന്റെ പ്രവൃത്തിയില്‍ ഞാന്‍ ഉറച്ചുവിശ്വസിച്ചിരുന്നാല്‍ എനിക്ക് നിങ്ങളില്‍ മാറ്റം കൊണ്ടുവരാന്‍ സാധിക്കും. വ്യക്തിനിര്‍മ്മാണത്തിലൂടെ മാത്രമേ രാഷ്ട്രപുനര്‍നിര്‍മ്മാണം സാദ്ധ്യമാകുകയുളളൂ. അപ്പോള്‍ നമ്മള്‍ വ്യക്തിഗതമായ ഭാവാത്മക വിചാരം വ്യക്തികളില്‍ വിതയ്ക്കണം. അത് വളരെ അത്യാവശ്യമാണ്. പലതരം പ്രവര്‍ത്തന പദ്ധതിയിലൂടെ വിവേകാനന്ദകേന്ദ്രം അതാണ് ചെയ്യുന്നത്.
വിവേകാനന്ദ കേന്ദ്രത്തിന്റെ ദൗത്യം നിറവേറ്റുന്നതിനായുളള കാര്യപദ്ധതികള്‍ എന്തൊക്കെയാണ്.
♠ വിവേകാനന്ദ കേന്ദ്രം രൂപം നല്‍കിയിട്ടുളള കാര്യപദ്ധതിയില്‍ നാല് ഭാഗങ്ങളാണുളളത്.
ഒന്ന് സംസ്‌കാരവര്‍ഗ്ഗം:-
ഇത് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുളളതാണ്. അവരുടെ മന:ശക്തി, ഏകാഗ്രത ഇതൊക്കെ വികസിപ്പിക്കാനുളള പരിപാടികളാണ് സംസ്‌കാര വര്‍ഗ്ഗത്തിലുളളത്. ശാരീരികം, മാനസികം, ബൗദ്ധികം, ഭാവനാത്മകം, ആദ്ധ്യാത്മികം എന്നിങ്ങനെ അഞ്ച് തലത്തിലുളള വികസനമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
രണ്ടാമതായി സ്വാദ്ധ്യായ വര്‍ഗ്ഗം :-
കുറച്ചു മുതിര്‍ന്നവര്‍ക്കുളളതാണിത്. പഠിക്കാനുളള പ്രേരണ നല്‍കുക, വായിക്കുക, അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുക, ചര്‍ച്ചയിലൂടെ പൊരുള്‍ കണ്ടെത്തി ജീവിതത്തില്‍ പകര്‍ത്തുക. ഇങ്ങനെയുളള കാര്യങ്ങളൊക്കെ അതില്‍ വരും. അതിനുവേണ്ടി ഒരു പഠനക്രമമുണ്ട്. എങ്ങനെ പഠിക്കണം, ഉച്ചാരണശുദ്ധി എങ്ങനെ കൊണ്ടുവരാം എന്നതൊക്കെ ഇതിലൂടെ അറിയാന്‍ സാധിക്കും.
യോഗവര്‍ഗ്ഗമാണ് മൂന്നാമത്തേത് :-
യോഗവര്‍ഗ്ഗമെന്നത് ആസനപ്രാണായാമങ്ങള്‍ ചെയ്യുക എന്നത് മാത്രമല്ല. ആസന പ്രാണയാമങ്ങളിലൂടെ ഞാന്‍ ധ്യാനിക്കുന്നു എനിക്ക് ശക്തി ലഭിക്കുന്നുവെന്നതല്ല. ഇങ്ങനെയൊക്കെയായിത്തീര്‍ന്ന് എന്നെക്കൊണ്ട് മറ്റുളളവര്‍ക്ക് എങ്ങനെ പ്രയോജനപ്പെടുന്നു? ”യൂജ്യതേ അനേന ഇതിയോഗ, യോഗകര്‍മ്മ കൗശലം” എന്നൊക്കെയുളള യോഗയുടെ നിര്‍വ്വചനങ്ങളിലൂടെ ജീവിക്കുന്നതെങ്ങനെയാണ്? നമ്മള്‍ കുശലതയോടെ ഒരു കര്‍മ്മം ചെയ്യുമ്പോള്‍ യോഗമാകുന്നത് എങ്ങനെയാണ്? ഇതൊക്കെയാണ് യോഗവര്‍ഗ്ഗത്തിലൂടെ നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്. യോഗയാണ് വിവേകാനന്ദ കേന്ദ്രത്തിന്റെ മര്‍മ്മം.
പിന്നെയുളളത് കേന്ദ്രവര്‍ഗ്ഗമാണ് :-
ഏകനാഥ്ജിയുടെ നൂറാം ജന്മദിനത്തോടനുബന്ധിച്ചാണ് കേന്ദ്രവര്‍ഗ്ഗത്തിന് തുടക്കം കുറിക്കുന്നത്. ഇത് വിവേകാനന്ദ കേന്ദ്രത്തിലെ കാര്യകര്‍ത്താക്കന്മാര്‍ക്കുളളതാണ്. കാര്യകര്‍ത്താക്കള്‍ ആഴ്ചയിലൊരിക്കല്‍ ഒന്നിച്ചുകൂടുന്നു. ഒന്നോ ഒന്നരയോ മണിക്കൂര്‍ ഒരുമിച്ച് യോഗ ചെയ്ത് കളികള്‍ കളിച്ച് അനുഭവങ്ങള്‍ പങ്കിട്ട്, വിവിധ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് ഒരു സ്ഥലത്ത് കേന്ദ്രീകരിക്കുന്നു. ഇതാണ് കേന്ദ്രവര്‍ഗ്ഗത്തില്‍ നടക്കുന്നത്. ഇങ്ങനെ നാല് വര്‍ഗ്ഗങ്ങളാണ് വിവേകാനന്ദ കേന്ദ്രത്തിന്റെ കാര്യപദ്ധതിയിലുളളത്.
അമൃത കുടുംബം പദ്ധതികൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്.
♠വിവേകാനന്ദ കേന്ദ്രത്തിന്റെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് തുടങ്ങിയതാണ് അമൃതകുടുംബം പദ്ധതി. നമ്മുടെ കുടുംബങ്ങളൊക്കെ മൃതമായിപ്പോകുകയാണ്. അതിനെ അമൃതമായി എങ്ങനെ പരിവര്‍ത്തനം ചെയ്യാം? അതിനായി നമുക്ക് എന്തൊക്കെ ചെയ്യാന്‍ കഴിയും? കുടുംബം നന്നായില്ലെങ്കില്‍ സമൂഹം നന്നാവില്ല. മാതൃകാകുടുംബം എന്ന ലക്ഷ്യത്തിലൂന്നിക്കൊണ്ട് വിവേകാനന്ദകേന്ദ്രം കഴിഞ്ഞ രണ്ടുവര്‍ഷമായി വളരെ പ്രാധാന്യം നല്‍കി ചില പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുകയാണ്. ഇതിനായി അമൃതകുടുംബം പദ്ധതിയില്‍ ആറു ‘ഭ’ കള്‍ക്ക് പ്രാധാന്യം കൊടുത്തിരിക്കുന്നു.
1. ഭാഷ, 2. ഭൂഷ (വസ്ത്രധാരണം), 3. ഭജന്‍, 4. ഭോജന്‍, 5. ഭവന്‍, 6. ഭ്രമണ്‍ (ഔട്ടിംഗ്).
മാതൃഭാഷയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് സംസ്‌കാരം പ്രതിഫലിപ്പിക്കുന്ന രീതിയിലുളള ഭാഷാരീതി പിന്തുടരുക. പാരമ്പര്യത്തിനനുസൃതവും, മാന്യവുമായ വസ്ത്രധാരണരീതി അവലംബിക്കുക. സന്ധ്യാസമയത്ത് കുടുംബാംഗങ്ങളെല്ലാം ഒരുമിച്ചിരുന്ന് ഈശ്വരനാമം, ഭജന എന്നിവ ചൊല്ലുക. പാരമ്പര്യത്തിനും, ശരീരത്തിന്റെയും മനസ്സിന്റെയും പോഷണത്തിനും ഉതകുന്ന ഭക്ഷണരീതി കൈകൊള്ളുക. കുടുംബസമേതം പുറത്തുപോയി തീര്‍ത്ഥഘട്ടങ്ങള്‍, ചരിത്രസ്മാരകങ്ങള്‍, ക്ഷേത്രങ്ങള്‍ എന്നിവ സന്ദര്‍ശിച്ച് കുട്ടികള്‍ക്ക് വിനോദവും വിജ്ഞാനവും നല്‍കുന്നതോടൊപ്പം അവരില്‍ പൈതൃകത്തെക്കുറിച്ചുളള ഒരു അവബോധം സൃഷ്ടിക്കുക. അവരില്‍ സേവനമനോഭാവം വളര്‍ത്തുക. ശാന്തമായ ഗൃഹാന്തരീക്ഷം നിലനിര്‍ത്തുക ഇതൊക്കെയാണ് ആറു ‘ഭ’ കള്‍കൊണ്ട് ഉദ്ദേശിക്കുന്നത്.
ഇരുപത്തിയൊന്നാമത്തെ വയസ്സിലാണ് അങ്ങ് വിവേകാനന്ദ കേന്ദ്രത്തില്‍ ജീവന്‍വ്രതിയായി എത്തുന്നത്. എന്തായിരുന്നു അതിന് പ്രേരണയായിത്തീര്‍ന്നത്.
♠ ശ്രീരാമകൃഷ്ണന്റെയും, സ്വാമി വിവേകാനന്ദന്റെയും നല്ല സ്വാധീനം ജീവിതത്തിലുണ്ടായിരുന്ന എന്റെ അപ്പൂപ്പന്‍ (അമ്മയുടെ അച്ഛന്‍) തൃശ്ശൂര്‍ രാമകൃഷ്ണ മിഷനിലെ അംഗമായിരുന്നു. നാലാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് കുട്ടികളുടെ വിവേകാനന്ദന്‍ എന്ന പുസ്തകം അപ്പൂപ്പന്‍ പഠിപ്പിക്കുന്നത്. ഇതാണ് എന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. സ്വാമിജിയെക്കുറിച്ചുളള കഥകള്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചു. ഞാന്‍ വിവേകാനന്ദ സ്വാമികളെ സ്വപ്‌നം കാണാന്‍ തുടങ്ങി. സ്വാമിജി എന്നെ വിളിക്കുന്നതും ഞാന്‍ വരും… ഞാന്‍ വരും… എന്ന് ഞാന്‍ പറയുന്നതും പലതവണ സ്വപ്‌നം കണ്ടു. എനിക്ക് സന്ന്യാസിയെപ്പോലെയാവണമെന്നും എന്നാല്‍ സന്ന്യാസവേഷം ധരിക്കാന്‍ താല്പര്യമില്ലെന്നും അപ്പൂപ്പനോട് പറയാറുണ്ടായിരുന്നു. ഒരിക്കല്‍ രാമകൃഷ്ണമിഷന്റെ തൃശൂരിലെ ഭക്തസമ്മേളനത്തില്‍ അന്ന് ഡോ.ലക്ഷ്മീകുമാരി ദീദിയുടെ പ്രഭാഷണം കേള്‍ക്കാനിടയായി. ഗംഭീരമായ ആ പ്രഭാഷണം എന്നെ വളരെ ആകര്‍ഷിച്ചു. എന്നാല്‍ അതിനേക്കാള്‍ എന്നെ ആകര്‍ഷിച്ചത് ഡോ.ലക്ഷ്മീകുമാരി ദീദിയെ സദസ്സിന് പരിചയപ്പെടുത്തിയ സ്വാമി രംഗനാഥാനന്ദജിയുടെ വാക്കുകളാണ്. ‘സന്ന്യാസിയാണ് ഡോ.ലക്ഷ്മീകുമാരി, സന്ന്യാസ വേഷം പോലും ത്യജിച്ച സന്യാസിനി.’ ഇത് കേട്ടപ്പോള്‍ എനിക്ക് വളരെ സന്തോഷം തോന്നി. ഇങ്ങനെയാവാനാണ് എനിക്ക് താല്‍പ്പര്യം എന്ന് ഞാന്‍ അപ്പൂപ്പനോട് പറഞ്ഞു. അങ്ങനെ അപ്പൂപ്പന്‍ എന്നെ ലക്ഷ്മീകുമാരി ദീദിയുടെ അടുത്ത് പരിചയപ്പെടുത്തി. അങ്ങനെയാണ് വിവേകാനന്ദ കേന്ദ്രത്തില്‍ ജീവന്‍വ്രതിയായി എത്തുന്നത്. എന്റെ ജീവിതദൗത്യം ഇതായിരിക്കണം.
ഏകദേശം കാല്‍നൂറ്റാണ്ടോളം ഭാരതത്തിലെ മറ്റ് സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുളളതിന്റെ അനുഭവത്തില്‍ കേരളത്തിലെ സാമൂഹ്യചുറ്റുപാടുകളെക്കുറിച്ച് എന്താണ് അഭിപ്രായം.
♠ ഭാരതത്തിന്റെ പല ഭാഗങ്ങളില്‍ പോകുമ്പോഴും അവിടുത്തെ ജനങ്ങളുടെ ജീവിതത്തില്‍ ഒരു നിഷ്ഠ നമുക്ക് കാണാന്‍ കഴിയും. അവരുടെ പ്രവൃത്തിയിലും നമുക്കത് കാണാം. അതുകൊണ്ട് തന്നെ അവിടെ കുടുംബജീവിതം ഏറെക്കുറെ സമാധാനപൂര്‍ണ്ണമാണ്. ഇവിടെ ഇതൊക്കെയുണ്ടെങ്കിലും അതിന്റെ പ്രയോഗത്തില്‍ തന്മയത്വത്തിന്റെ അഭാവം കാണുന്നു. ഇതിന്റെ കാരണം ഒരുപക്ഷേ അവര്‍ വളരുന്ന സാഹചര്യമായിരിക്കാം. ഇവിടെയിന്നും എത്രയോ നല്ല കാര്യങ്ങള്‍ നടക്കുന്നു. പുരാണപാരായണങ്ങള്‍, യാഗഹോമാദികള്‍, രാമായണ മാസാചരണം, ഭാഗവത സപ്താഹങ്ങള്‍ എന്നിവ കേരളത്തില്‍ നടക്കുന്നതുപോലെ മറ്റെവിടേയും കണ്ടിട്ടില്ല. ഇതൊക്കെയുണ്ടെങ്കില്‍ തന്നേയും ഇത് എന്തിന് ചെയ്യുന്നെന്നോ ഇതിന്റെ ഫലമെന്താണെന്നോ വേണ്ടുന്ന വിധത്തില്‍ ഒരു സാധാരണ വ്യക്തിക്ക് ഗ്രഹിക്കാവുന്ന രീതിയില്‍ എത്തുന്നില്ല എന്ന് തോന്നുന്നു. ഇതും ഒരു കാരണമാവാം.
മറ്റൊന്ന് കുടുംബങ്ങളിലെ ലക്ഷ്യബോധമില്ലാത്ത ജീവിതരീതിയാണ്. നൂറുശതമാനം സാക്ഷരത നേടിയ സംസ്ഥാനമാണ് കേരളം. ഭൂരിഭാഗവും വിദ്യാസമ്പന്നരുമാണ്. എന്നാല്‍ നമുക്ക് ലഭിച്ച വിദ്യാഭ്യാസത്തെ വേണ്ടരീതിയില്‍ സ്വന്തം ജീവിതത്തില്‍ നാം ഉപയോഗിക്കുന്നുണ്ടോ?
നിങ്ങള്‍ വിദ്യാസമ്പന്നനായ വ്യക്തിയാണ് എന്ന് പറയണമെങ്കില്‍ നിങ്ങളില്‍ അഞ്ച് ഗുണങ്ങള്‍ ഉണ്ടായിരിക്കണമെന്ന് സ്വാമി വിവേകാനന്ദന്‍ പറയുന്നു. “Education is the Combination of Five Actions” എന്നാണ് സ്വാമിജി പറഞ്ഞിട്ടുളളത്. ഒന്നാമത്തേത് observation. നിരീക്ഷണം. അത് ഇന്ന് നമുക്ക് ഇവിടെ കാണാന്‍ കഴിയുന്നുണ്ടോ? രണ്ടാമതായി Discrimination. തെറ്റും ശരിയും നമുക്ക് വേര്‍തിരിച്ചറിയാന്‍ ആവണം. മൂന്നാമത് Utilisation. പുകവലി ആരോഗ്യത്തിന് ഹാനികരമെന്ന് നാം വായിക്കുന്നു. പക്ഷേ ഇത് നാം ചെവിക്കൊള്ളുന്നില്ല. അക്ഷരാഭ്യാസമുണ്ട് പക്ഷേ വിദ്യാഭ്യാസത്തിന്റെ കുറവുണ്ട്. വിദ്യാസമ്പന്നനാണെങ്കില്‍ അക്ഷരാഭ്യാസം നിങ്ങളെ ജീവിതത്തില്‍ നയിക്കണം. പഠിച്ചതും നിരീക്ഷിച്ചതും ജീവിതത്തില്‍ ഉപയോഗിക്കണം. നാലാമത് Preservation. നല്ല കാര്യങ്ങള്‍ സ്വായത്തമാക്കിയാല്‍ അത് ജീവിതത്തില്‍ പാലിക്കണം. കൊണ്ടുനടക്കണം. നിങ്ങള്‍ നിയമം അറിയുന്നവനാണെങ്കില്‍ ഏതൊരു സാഹചര്യത്തിലും നിയമത്തെ പാലിക്കണം. അഞ്ചാമതായി Transmission. പഠിച്ച കാര്യങ്ങള്‍ തന്നിലേക്കൊതുക്കാതെ മറ്റുളളവരിലേക്ക് പകരേണ്ട രീതിയില്‍ പകര്‍ന്നുകൊടുക്കണം. ഇതിന്റെ അഭാവം ഇവിടെ കാണുന്നുണ്ട്. അറിവില്ലായ്മയൊന്നും ഇവിടെയില്ല. മഹാത്മാക്കളുടെ നാടാണ് കേരളം. എന്റെ അനുഭവത്തില്‍ മനസ്സിലാകുന്നത് പുതിയ തലമുറ ദിശാബോധമില്ലാതെ പോകുന്നുവെന്നാണ്. പണ്ട് ഇങ്ങനെയായിരുന്നില്ല.
മറ്റൊന്ന് മൂല്യച്യുതിയാണ്. മൂല്യങ്ങള്‍ തിരിച്ചുകൊണ്ടുവരണമെങ്കില്‍ കുടുംബങ്ങളും വിദ്യാലയങ്ങളും ഒത്തുചേരണം. ഇവിടെ രാഷ്ട്രീയം കാണരുത്. നിങ്ങള്‍ക്ക് ഏത് രാഷ്ട്രീയ പാര്‍ട്ടിയിലും വിശ്വസിക്കാം. അത് നിങ്ങളുടെ ഇഷ്ടം. പക്ഷേ മൂല്യങ്ങളുടെ കാര്യം വരുമ്പോള്‍ ഒരു വിട്ടുവീഴ്ചയും പാടില്ല. മൂല്യാധിഷ്ഠിതമായ കുടുംബജീവിതം, മൂല്യാധിഷ്ഠിത വിദ്യാഭ്യാസം ഇതാണ് ഇതിനൊരു പ്രതിവിധി. വിവേകാനന്ദ കേന്ദ്രം ഇതാണ് ചെയ്തുകൊണ്ടിരിക്കുന്നത്.