പാക്കനാരുടെ കഥപറയാന്‍ വലിയ ഇഷ്ടമാണ് മുത്തശ്ശിക്ക്. കേള്‍ക്കാന്‍ എനിക്കും.
ഒരുദിവസം കുടിലിന്റെ മുറ്റ ത്തിരുന്ന് വട്ടിയും മുറവും ഉണ്ടാക്കുകയായിരുന്നു പാക്കനാരും കെട്ടിയവളും. വര്‍ത്തമാനം പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ കെട്ടിയവള്‍ ഒരു രഹസ്യം പറഞ്ഞു പാക്കനാരോട്.
”നാട്ടാര് അവിടേം ഇവിടേം പറയാന്‍ തൊടങ്ങീട്ട്ണ്ട്.”
”എന്ത്?”
”മുല്ലശ്ശേരി മൂത്തതമ്പ്‌രാന് കിടക്ക വിരിച്ചു കൊടുക്കാനും ഓവറയില് വെള്ളം കൊണ്ടുപോയി വെക്കാനും തമ്പ്‌രാന്റെ കാര്യം നോ ക്കാനും കൊച്ചുതമ്പ്‌രാട്ട്യാണത്രെ.”
”ആരാ മകളുകുട്ടിയോ?”
”അതേത്രേ.”
”ഒരട്ട നിനക്കും”
ഇത്രയേ പാക്കനാര് പറഞ്ഞു ള്ളൂ. പാക്കനാരുടെ കെട്ടിയവള്‍ക്ക് പരിഭ്രമമായി എന്താപ്പൊ അട്ടയുടെ കാര്യം പറയാന്‍! വെറുംവാക്കു പറയുന്ന ആളല്ലല്ലോ പാക്കനാര്? ദിവ്യ ദൃഷ്ടിയുള്ള ആളാണ്. ത്രികാലജ്ഞാനി.
കെട്ടിയവള്‍ നിര്‍ബന്ധം പിടിച്ച പ്പോള്‍ പാക്കനാര്‍ ആ കഥ പറഞ്ഞു കൊടുത്തു, കെട്ടിയവള്‍ക്ക്. കുറച്ചു മാസം മുമ്പാണ്. മൂത്തതമ്പുരാന്റെ അന്തര്‍ജ്ജനം അടുക്കളയില്‍ ചോറു വെക്കുകയായിരുന്നു. ചോറ് ഊറ്റാന്‍ നേരം തവികൊണ്ട് വെറുതേ ഒന്നിള ക്കി നോക്കിയതാണ്. അതാ കിടക്കു ന്നു ചോറില്‍ കറുത്ത ഒരു സാധ നം. അത് ചോറിനോടൊപ്പം കിടന്നു തിളക്കുന്നു. അതിനെ തവികൊണ്ട് വകഞ്ഞെടുത്തു. വൃത്തികെട്ട അട്ട. എങ്ങനെയാണാവോ അട്ട ചോറില്‍ വീണത്. അട്ടത്തു നിന്നാവും.
ഇടങ്ങഴി അരിയുടെ ചോറാണ്. അടിച്ചു തളിക്കാരികള്‍ രണ്ടാള്‍ക്കും പുറം പണിക്കു വന്ന രാമനും ചോറു കൊടുക്കണം. ഇത്രയും ചോറ് കുപ്പയിലേക്കു കൊട്ടാന്‍ അന്തര്‍ജ്ജനത്തിനു മനസ്സു വന്നില്ല.
പൂമുഖത്തിരുന്ന് പുരാണ പാരായണം ചെയ്യുകയായിരുന്ന നമ്പൂരിപ്പാടിനോട,് ചോറില്‍ അട്ടവീണു; എന്താ ചെയ്യേണ്ടത് എന്ന് ചോദിച്ചു.:
”അട്ടയെ എടുത്തു കളയ്ാ. ചോറ് പണിക്കാര്‍ക്ക് വിളമ്പി ക്കൊടുക്ക്ാ.”
നമ്പൂരിപ്പാട് പറഞ്ഞ പോലെ ചെയ്തു അന്തര്‍ജ്ജനം. തനിക്കും അദ്ദേഹത്തിനും വേറെ അരിവെച്ചു വാര്‍ത്തു.
എന്നും രാത്രി കിടക്കുമ്പോള്‍ ചിത്രഗുപ്തായനമഃ എന്നു ജപി ച്ചാണ് നമ്പൂരിപ്പാട് കിടക്കാറ്. അന്നു രാത്രി നമ്പൂരിപ്പാടിന് സ്വപ്നദര്‍ശന മുണ്ടായി. ചിത്രഗുപ്തന്‍ പ്രത്യക്ഷ പ്പെട്ട് നമ്പൂരിപ്പാടിനോട് പറഞ്ഞു:
”അങ്ങേക്കു വേണ്ടി ഒരു കുന്ന് അട്ട പരലോകത്ത് കൂട്ടി വെച്ചിട്ടുണ്ട്. അതുമുഴുവന്‍ അങ്ങ് തിന്നേണ്ടി വരും. നമ്പൂരി പറഞ്ഞിട്ടാണല്ലോ അട്ട വീണചോറ് ഭൃത്യജനങ്ങള്‍ക്ക് വിളമ്പിക്കൊടുത്തത്.”
”എന്താ ഇതിനൊരു പരിഹാരം?”
”ഒരു കാര്യം ചെയ്യൂ. നാളെ മുതല്‍ യൗവനയുക്തയായ മകളെക്കൊണ്ട് അങ്ങയുടെ കിടക്ക വിരിപ്പിക്കുക; ഓവറയില്‍ വെള്ളം വെപ്പിക്കുക; ദന്ത ധാവനത്തിനു വേണ്ടത് എടുത്തു തരീക്കുക ഇത്യാദികള്‍ ചെയ്യിക്കണം. ഫലമുണ്ടാവും”.
ചിത്രഗുപ്തന്‍ ഉപദേശിച്ച പോലെ നമ്പൂരിപ്പാടിന്റെ സകല കാര്യങ്ങളും മകളെക്കൊണ്ട് ചെയ്യിക്കാന്‍ തുടങ്ങി. മാളോര് അപവാദം പറഞ്ഞുപരത്താനും. നമ്പൂരിപ്പാട് പാവം മനസ്സില്‍ നിരൂപിക്കാത്ത കാര്യം.
നമ്പൂരിപ്പാടിനായി പരലോകത്ത് കൂട്ടിയിട്ട കുന്നട്ടയില്‍നിന്ന് അപ വാദം പറഞ്ഞ ഓരോരുത്തര്‍ക്കും ഓരോ അട്ടയെ വീതം വീതിച്ചു കൊടുത്തു.
പാക്കനാരു കെട്ടിയവളോടു പറയുകയായിരുന്നു:
”ഒരട്ട ബാക്കിണ്ടായിരുന്നു അത് നിനക്കും ആയി.”
”ശങ്കയാണ് വിഷം അപ്പൂ. അവനോന് ബോധ്യാവാത്ത കാര്യം ആരുപറഞ്ഞാലും വിശ്വസിക്കാന്‍ പാടില്ല. ആരെപ്പറ്റിയും ഇല്ലാത്തത് പറഞ്ഞു പരത്തരുത്. അപവാദം പറയുന്നതിലും വലിയ പാപല്യ.”
ശരിയാണെന്ന് ഞാനും സമ്മതിച്ചു.