ഏത് തലമുറയിലെയും മനുഷ്യര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതും ഏറ്റവുമധികം ഉപയോഗിക്കപ്പെട്ടതുമായ പദങ്ങളാണ് ശാസ്ത്രം, ശാസ്ത്രീയത എന്നതൊക്കെ. വിമാനം പറത്തിയ ശാസ്ത്രം, ചന്ദ്രനില്‍ പോയ ശാസ്ത്രം, ഹൃദയശസ്ത്രക്രിയ നടത്തിയ ശാസ്ത്രം. ഇതെല്ലാം നാം സ്ഥിരം കേള്‍ക്കുന്ന കാര്യങ്ങളുമാണ്. എന്നാല്‍ ഇതൊക്കെയാണോ ശാസ്ത്രം.
ഓര്‍ക്കുക, ന്യൂട്ടന് മുമ്പും ആപ്പിള്‍ താഴേക്ക് തന്നെയായിരുന്നു വീണിരുന്നത്. മനുഷ്യന്‍ ഉണ്ടാകുന്നതിനു കോടിക്കണക്കിനു വര്‍ഷം മുമ്പും സൂര്യനും ചന്ദ്രനും താരാപഥങ്ങളും ചലന നിയമങ്ങളും ഒക്കെയുണ്ടായിരുന്നു. ഇനി മനുഷ്യന്‍ ഒരു സുപ്രഭാതത്തില്‍ ഇല്ലാതായിപ്പോയാലും പ്രപഞ്ചം ഇങ്ങനെയൊക്കെത്തന്നെ മുന്നോട്ട് പൊയ്‌ക്കൊണ്ടേ ഇരിക്കും.
അതായത് ശാസ്ത്രം എന്നത് അനന്തമായ, ആദിമധ്യാന്തഭേദങ്ങളില്ലാത്ത അറിവിന്റെ പ്രവാഹമാണ്. അതില്‍ മനുഷ്യന് പ്രത്യേകിച്ച് ഒരു പങ്കുമില്ല. മനുഷ്യനുണ്ടെങ്കിലും ഇല്ലെങ്കിലും ഈ യാഥാര്‍ത്ഥ്യങ്ങള്‍ പ്രകൃതിയിലുണ്ടാകും.
യഥാര്‍ത്ഥത്തില്‍, നാം ശാസ്ത്രം എന്ന് ധരിച്ചുവെച്ചിരിക്കുന്നതും നിര്‍വ്വചിക്കുന്നതും സാങ്കേതികവിദ്യകളെ ആണ്. ശാസ്ത്ര അറിവുകളെ നമ്മുടെ ദൈനംദിന കാര്യങ്ങള്‍ക്ക് വേണ്ടി, ഭൗതികസാഹചര്യങ്ങള്‍ ഉപയോഗിച്ച് രൂപപ്പെടുത്തുന്ന സൗകര്യങ്ങള്‍ ആണ് സാങ്കേതികവിദ്യകള്‍. മനുഷ്യനുണ്ടാക്കിയ ആദ്യത്തെ സാങ്കേതികവിദ്യ അമ്പും വില്ലുമാണ്. അതുകൊണ്ടുതന്നെയാണ് വലിച്ചുകെട്ടിയ ഒരു ചരടിന്റെ ഇലാസ്റ്റിക് ബലത്തെ അമ്പിന്റെ ഗതികോര്‍ജ്ജമാക്കി മാറ്റുന്ന വില്ലിനെ ആദ്യത്തെ യന്ത്രമായി കണക്കാക്കുന്നത്. അതിനു പിന്നിലെ സയന്‍സ് അറിഞ്ഞുകൊണ്ടൊന്നുമല്ല ആദിമമനുഷ്യന്‍ വില്ലുണ്ടാക്കിയത്. ചുറ്റുപാടുകളെയും പ്രകൃതിയെയും നിരീക്ഷിച്ചു മനസ്സിലാക്കിയാണ് ഓരോ സാങ്കേതികവിദ്യകളും വികസിച്ചത്.
വിമാനം കണ്ടെത്തുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ്. എന്നാല്‍ വിമാനത്തെ ഉയര്‍ത്താനും പറക്കാനും കാരണമായ സയന്‍സ് അനാദികാലം മുതല്‍ ഇവിടെ ഉണ്ട്. അതുപോലെ ഇനിയുള്ള കാലത്ത് വികസിക്കാന്‍ പോകുന്ന സര്‍വ്വ സാങ്കേതികവിദ്യകളുടെയും സയന്‍സ് നമ്മുടെ പരിസരത്തൊക്കെ ഉണ്ട്. ആവശ്യമുള്ളപ്പോള്‍, നിലവിലുള്ള സാങ്കേതികവിദ്യകളുടെ ചുവടുപിടിച്ച് കുറേശ്ശെ കുറേശ്ശെ മാത്രമേ അവയെല്ലാം വികസിക്കുകയും കരഗതമാവുകയും ചെയ്യൂ.
പറഞ്ഞുവന്നത് ഇത്രയേയുള്ളൂ. ശാസ്ത്രം എന്നത് അനന്തമായ അറിവാണ്. സാങ്കേതികവിദ്യ എന്നത് അതിന്റെ ഒരു ഉപോല്പന്നവും. സമുദ്രത്തിലെ ജലമാണ് ശാസ്ത്രം, ആ ജലം ഒരു ബക്കറ്റില്‍ കോരിയെടുക്കുന്നതാണ് സാങ്കേതികവിദ്യ.
Comments