നമ്മുടെയിടയില്‍ ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെട്ടതോ ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടതോ ആയ ഒരു പദമാണ് ശാസ്ത്രം, ശാസ്ത്രീയത എന്നത്. മനുഷ്യനെ പറക്കാന്‍ പഠിപ്പിച്ച ശാസ്ത്രം, ചന്ദ്രനിലെത്തിച്ച ശാസ്ത്രം, മഹാരോഗങ്ങള്‍ക്ക് മരുന്ന് കണ്ടെത്തിയ ശാസ്ത്രം, ഹൃദയം മാറ്റിവെച്ച ശാസ്ത്രം. അങ്ങനെയങ്ങനെ എന്തെല്ലാം വിശേഷണങ്ങളോടെയാണ് ശാസ്ത്രമെന്ന പദം ആഘോഷിക്കപ്പെടുന്നത്. സത്യത്തില്‍, മതമൗലികവാദികള്‍ തങ്ങളുടെ വിശ്വാസങ്ങളെയും വിശുദ്ധഗ്രന്ഥങ്ങളെയും വാഴ്ത്തുന്ന അതേ മനോഭാവത്തോടെ ആണ് നമ്മുടെയിടയിലെ ശാസ്ത്രമൗലികവാദികള്‍ പെരുമാറിക്കൊണ്ടിരിക്കുന്നത്.
നമുക്ക് ചില വാസ്തവങ്ങള്‍ പരിശോധിക്കാം. ആധുനിക ലോകം വിശ്വസിക്കുന്നത് സര്‍ ഐസക് ന്യൂട്ടന്‍ ആണ് ഗുരുത്വാകര്‍ഷണം കണ്ടെത്തിയത് എന്നാണ്. ന്യൂട്ടനും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ആര്യഭടന്‍ ആണ് ആദ്യമായി ഗുരുത്വാകര്‍ഷണ സിദ്ധാന്തം ആവിഷ്‌കരിച്ചത് എന്ന് ഇപ്പോള്‍ ഏറെക്കുറെ ലോകം അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്. അതവിടെ നില്‍ക്കട്ടെ. ഇപ്പറഞ്ഞ വ്യക്തികള്‍ക്ക് ഈ അറിവ് ഉണ്ടാകുന്നതിനു മുമ്പും ആപ്പിളും ചക്കയും തേങ്ങയും മാങ്ങയുമൊക്കെ താഴേക്ക് തെന്നയാണല്ലോ വീണിരുന്നത്. ചന്ദ്രന്‍ ഭൂമിയേയും ഭൂമി സൂര്യനേയും ചുറ്റുന്നുണ്ടായിരുന്നല്ലോ. ഇരവുപകലുകളും ഗ്രഹണങ്ങളും ഋതുക്കളുമൊക്കെ കൃത്യമായി വന്നുപോയിരുന്നല്ലോ. ഓക്സിജന്‍ കണ്ടെത്തുന്നതിനു മുമ്പും നമ്മള്‍ ഓക്സിജന്‍ ശ്വസിച്ചിരുന്നല്ലോ. അപ്പോള്‍ എന്താണ് ഇവര്‍ കണ്ടെത്തിയ ശാസ്ത്രം എന്ന് പറയുന്നത്?
ഇവിടെ, നമുക്ക് ചുറ്റും എല്ലാ തലമുറകളിലും, ഭൂമി പോലും ഉണ്ടാകുന്നതിനു മുമ്പ് തന്നെ ഉണ്ടായിരുന്ന അറിവുകള്‍, മഹാസത്യങ്ങള്‍. അതിലെ ഒരു അംശം ചില മഹാമനീഷികള്‍ തിരിച്ചറിഞ്ഞു എന്ന് മാത്രം. അങ്ങനെ തിരിച്ചറിഞ്ഞ അറിവുകള്‍ മനുഷ്യരാശിക്ക് പറഞ്ഞു കൊടുത്തു എന്ന് മാത്രം…അവര്‍ അറിഞ്ഞിരുന്നില്ലെങ്കിലും ഈ അറിവുകളൊക്കെ ഇവിടെത്തന്നെ ഉണ്ടാകുമായിരുന്നു. നാളെ മനുഷ്യരാശി ഒന്നടങ്കം നശിച്ചുപോയാലും ഒരിക്കലും നശിക്കാതെ ഈ അറിവുകള്‍ പ്രപഞ്ചത്തില്‍ തന്നെ ഉണ്ടാകും. എപ്പോഴെങ്കിലും ആരെങ്കിലുമൊക്കെ അത് അറിഞ്ഞെന്നു വരും, ഇല്ലെന്ന് വരും. പക്ഷേ അതൊന്നും ആദിമധ്യാന്തഭേദങ്ങള്‍ ഇല്ലാത്ത മഹാ പ്രപഞ്ച നടനത്തെ സ്വാധീനിക്കുന്നതേയില്ല.
അതായത്, ശാസ്ത്രമെന്നാല്‍ ആരും ഉണ്ടാക്കുന്നതോ ആരാലും വളര്‍ത്തപ്പെടുന്നതോ ആരെക്കൊണ്ടും നശിപ്പിക്കാന്‍ കഴിയാത്തതോ ആയ പ്രതിഭാസമാണ്. അത് അറിവിന്റെ ഒരു അനുസ്യൂതമായ പ്രവാഹമാണ്. മനുഷ്യന് വേണമെങ്കില്‍ ആ പ്രവാഹത്തില്‍ നിന്നും ഇത്തിരി കോരിയെടുക്കാം. അപ്പോഴീ കാണുന്ന നേട്ടങ്ങളൊക്കെ. അതേ, തീര്‍ച്ചയായും. നേട്ടങ്ങള്‍ നേട്ടങ്ങള്‍ തന്നയാണ്.
വിമാനമായാലും റോക്കറ്റ് ആയാലും മൊബൈല്‍ ഫോണ്‍ ആയാലും അവയൊക്കെ ആദ്യം പറഞ്ഞ അറിവുകളെ അടിസ്ഥാനമാക്കി, അതതു കാലത്തെ ജീവിത സൗകര്യങ്ങള്‍ക്ക് വേണ്ടി വികസിപ്പിച്ച സാങ്കേതിക വിദ്യകള്‍ ആണ്. അങ്ങനെ മനുഷ്യന്‍ ആദ്യം കണ്ടെത്തിയ സാങ്കേതിക വിദ്യ അമ്പിന്റെയും വില്ലിന്റെയുമാണ്. അഥവാ ആദ്യത്തെ യന്ത്രം എന്ന് പറയുന്നത് അമ്പും വില്ലുമാണ്. വളച്ചു നിര്‍ത്തിയ മരച്ചില്ല പിടിവിട്ടപ്പോള്‍ ശക്തമായി നിവരുന്നത് കണ്ടാകണം വില്ല് എന്ന ആശയം ഉണ്ടായത്. ഉരുണ്ടുരുണ്ട് പോകുന്ന ഒരു മരത്തടി നിരീക്ഷിച്ചതില്‍ നിന്നുമാണ് എക്കാലത്തെയും വലിയ കണ്ടെത്തല്‍ ആയ ചക്രം ഉണ്ടാകുന്നത്. കാട്ടുതീയില്‍ വെന്തുപോയ കായ്കനികളോ മാംസമോ ഭക്ഷിച്ചതില്‍ നിന്നുമാകണം ഭക്ഷണം പാകം ചെയ്യുക എന്ന ആശയം ഉണ്ടായത്. അങ്ങനെയങ്ങനെ നമ്മുടെ ചുറ്റുമുള്ള പ്രകൃതി പ്രതിഭാസങ്ങളെ നിരീക്ഷിച്ചും അറിയാന്‍ ശ്രമിച്ചും മിക്കപ്പോഴും യാദൃച്ഛികമായിട്ടാണ് ഓരോ സാങ്കേതികവിദ്യകളും കണ്ടെത്തിയത്. അവയെ ആണ് ശാസ്ത്രവികാസം എന്നും ശാസ്ത്രീയ നേട്ടങ്ങള്‍ എന്നും വിശേഷിപ്പിക്കുന്നത്.
കണ്ടെത്തലുകളും വികസനവുമെല്ലാം സംഭവിക്കുന്നത് സാങ്കേതിക മേഖലയിലാണ്. ശാസ്ത്രം എന്നാല്‍ പ്രത്യേകിച്ചാരും കണ്ടെത്തേണ്ട കാര്യമില്ല. അതെന്നും ഇവിടെ ഉണ്ടായിരുന്നു. ഇന്നുമുണ്ട് എന്നും ഉണ്ടായിരിക്കുകയും ചെയ്യും.
അതായത്. ഇനിയൊരു അമ്പതിനായിരം കൊല്ലം കഴിഞ്ഞു ഉണ്ടാകാന്‍ പോകുന്ന സാങ്കേതിക വിദ്യയുടെ പിന്നിലുള്ള അറിവ്. ശാസ്ത്രം. ദാ നമ്മുടെ കണ്മുമ്പില്‍, കയ്യെത്തും ദൂരത്തു തെന്നയുണ്ട്. പക്ഷേ അതറിയണമെങ്കില്‍, അതെടുക്കണമെങ്കില്‍ കാലമെന്ന മഹാസത്യം അനുവദിച്ചാലേ പറ്റൂ.
(ശാസ്ത്രായനം പംക്തി അവസാനിക്കുന്നു)