അടുത്തിടെ ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയുടെ മുന്‍ ജനറല്‍ മാനേജര്‍ ആയ സുധാംശു മണിയുടെ ഒരു പ്രസംഗം ഓണ്‍ലൈനില്‍ കേള്‍ക്കാനിടയായി. ഇന്ന് ഇന്ത്യന്‍ റെയില്‍വേയുടെ അഭിമാനമുഖമായി മാറിയ, രാജ്യം മുഴുവന്‍ തലങ്ങും വിലങ്ങും ഓടിക്കൊണ്ടിരിക്കുന്ന വന്ദേഭാരത് എന്ന ട്രെയിന്‍ ജനിച്ച കഥയാണ് അദ്ദേഹം പറഞ്ഞത്.
2017 ല്‍ അദ്ദേഹം ഐസിഎഫ് തലവനായി വരുമ്പോള്‍ അവിടുത്തെ ജീവനക്കാരുടെ സൗകര്യങ്ങള്‍ വളരെ പരിമിതമായിരുന്നു. സര്‍ക്കാരിനെ ഇക്കാര്യം ബോധ്യപ്പെടുത്തിയതോടെ സഹപ്രവര്‍ത്തകരുടെ നിലവാരവും സൗകര്യവും ഉയര്‍ത്താന്‍ കോടികള്‍ ഒഴുകി. അങ്ങനെ പെരമ്പൂരില്‍ ആധുനിക സൗകര്യങ്ങളോടു കൂടിയ പാര്‍പ്പിടങ്ങളും കളിസ്ഥലങ്ങളും സ്വിമ്മിങ് പൂളുകളും എല്ലാം അതിവേഗത്തില്‍ പൂര്‍ത്തിയായി. അതിനു ശേഷം അദ്ദേഹം സഹപ്രവര്‍ത്തകരോട് തന്റെ സ്വപ്‌നം പങ്കുവെച്ചു. നമുക്ക് സ്വന്തമായി, അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു സെമി ഹൈ സ്പീഡ് ട്രെയിന്‍ നിര്‍മ്മിക്കണം. സര്‍ക്കാര്‍ അനുമതികള്‍ ഞാന്‍ വാങ്ങിക്കൊള്ളാം. എനിക്ക് വേണ്ടത് നിങ്ങളുടെ പൂര്‍ണ്ണ സഹകരണവും സമര്‍പ്പണവുമാണ്.”
പദ്ധതിയുടെ രൂപരേഖയും വിശദമായ പ്രോജക്റ്റ് റിപ്പോര്‍ട്ടും കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചു. വികസനം, പ്രത്യേകിച്ച് റെയില്‍വേ വികസനം എന്നത് വലിയ പ്രാധാന്യത്തോടെ എടുത്തിരിക്കുന്ന കേന്ദ്രസര്‍ക്കാരും നരേന്ദ്രമോദിയും പദ്ധതിക്ക് ദ്രുതഗതിയില്‍ അനുമതി കൊടുത്തു, ഫണ്ടും അനുവദിച്ചു. അങ്ങനെ പന്ത് സുധാംശു മണിയുടെ ടീമിന്റെ കോര്‍ട്ടിലെത്തി. അപ്പോള്‍ ജീവനക്കാര്‍ക്ക് മറ്റൊരു സംശയം. സുധാംശു മണി തലപ്പത്ത് ഉള്ളിടത്തോളം പ്രശ്‌നമില്ല. അദ്ദേഹം അടുത്ത വര്‍ഷം റിട്ടയര്‍ ചെയ്യും. അപ്പോള്‍ പകരം വരുന്ന തലവന് പദ്ധതിയില്‍ താല്‍പര്യമില്ലെങ്കില്‍ എടുത്ത പണി മുഴുവന്‍ വെറുതെ ആകില്ലേ.
‘ഓ.. അത് പ്രശ്‌നമാണല്ലോ. പരിഹാരമുണ്ടാക്കാം. എനിക്ക് റിട്ടയര്‍ ചെയ്യാന്‍ ഇനി പതിനെട്ട് മാസങ്ങള്‍ ബാക്കിയുണ്ട്. ആ പതിനെട്ട് മാസങ്ങള്‍ക്കുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കുക…’
ഇത്തരത്തിലുള്ള ഒരു പദ്ധതി നടത്തി പരിചയമില്ല, ഇതുപോലുള്ള ട്രെയിനുകള്‍ യൂറോപ്പിലും ചൈനയിലുമൊക്കെ ഓടുന്നത് ടിവിയില്‍ കണ്ടിട്ടേ ഉള്ളൂ. എല്ലാം പൂജ്യത്തില്‍ നിന്ന് ഉണ്ടാക്കിയെടുക്കണം. കൈയിലുള്ളത് പതിനെട്ടു മാസവും അനന്തമായ ആത്മവിശ്വാസവും പ്രചോദനവും മാത്രം. ടീം പണി തുടങ്ങി. രാവെന്നോ പകലെന്നോ ഇല്ലാതെ. ഡിസൈന്‍, സാങ്കേതികവിദ്യകള്‍, പര്‍ച്ചേസുകള്‍, എല്ലാം ഒരേ മനസ്സോടെ പ്രവര്‍ത്തിച്ചു. എഞ്ചിന്‍ ഇല്ലാത്ത ഇരുവശത്തേക്കും ഒരുപോലെ പായുന്ന, മുകളില്‍ നിന്നുള്ള വൈദ്യുതി നേരിട്ട് ചക്രങ്ങളിലേക്ക് കൊടുത്ത് പ്രവര്‍ത്തിക്കുന്ന Main line multiple unit രീതിയിലാണ് ട്രെയിനിന്റെ ഡിസൈന്‍. നമുക്ക് നന്നായി പരിചയമുള്ള മെമു ട്രെയിനുകള്‍ ഇങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്. ശബ്ദവും കുലുക്കവും തീരെ കുറവ്. പെട്ടെന്ന് വേഗതയാര്‍ജ്ജിക്കാനും നിര്‍ത്താനും കഴിയും.
പരമാവധി വേഗം മണിക്കൂറില്‍ 180-200 കിലോമീറ്റര്‍ ആയതിനാല്‍ സസ്പെന്‍ഷന്‍, ഭാരം, യാത്രാസുഖം എല്ലാം അതിനനുസരിച്ച് ഉണ്ടാകണം. വാതിലുകള്‍ ഓട്ടോമാറ്റിക് ആയി തുറക്കുന്നതും അടയുന്നതും ആകണം. എല്ലാ കോച്ചുകളിലും സിസിടിവി, എപ്പോള്‍ വേണമെങ്കിലും ലോക്കോ പൈലറ്റിനോടോ ഗാര്‍ഡിനോടൊ ബന്ധപ്പെടാനുള്ള സൗകര്യങ്ങള്‍ എന്നിവ ഉണ്ടാകണം. അങ്ങനെ ഒരു സാധാരണ ട്രെയിനില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ, അന്താരാഷ്ട്ര നിലവാരമുള്ള ട്രെയിന്‍ ആണ് ഇത്. അതുമല്ല, നമ്മുടെ പാളങ്ങള്‍ ഇത്ര വലിയ വേഗതയില്‍ പോകാവുന്ന രീതിയില്‍ ശക്തിപ്പെടുത്തണം, സിഗ്‌നല്‍ സംവിധാനങ്ങള്‍ പൂര്‍ണ്ണമായും പരിഷ്‌കരിക്കണം.
പതിനെട്ടു മാസങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട പദ്ധതിയുടെ ട്രയല്‍ റണ്‍ ഏകദേശം ഒരു കൊല്ലം കൊണ്ട് നടന്നു. ട്രയല്‍ റണ്ണില്‍ 180 കിലോമീറ്റര്‍ വേഗത ആര്‍ജ്ജിക്കുകയും ചെയ്തു. ഈ പതിനെട്ടു മാസങ്ങള്‍ എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയത് കൊണ്ട് പദ്ധതിക്ക് പേരിട്ടത് ട്രെയിന്‍ 18 എന്നാണ്. എന്തായാലും പറഞ്ഞ സമയത്തിനുള്ളില്‍ നമ്മള്‍ നിര്‍മ്മിച്ച ഏറ്റവും അത്യാധുനികമായ ആദ്യ സെമി ഹൈസ്പീഡ് ട്രെയിന്‍ പാളങ്ങളെ വിറപ്പിച്ച് ഭാരതജനതയുടെ സിരകളിലൂടെ കൂകിപ്പായുക തന്നെ ചെയ്തു. ദല്‍ഹിയില്‍ നിന്ന് വരാണസിയിലേക്കുള്ള ആദ്യ സര്‍വ്വീസ് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ ട്രെയിനിന് വന്ദേഭാരത് എന്ന് പേരിട്ടത്. തൂവെള്ള നിറത്തില്‍, ഒരു പടുകൂറ്റന്‍ ഇരുതലമൂരിയെപ്പോലെ കിടക്കുന്ന ഇവന്റെ ഗാംഭീര്യം പറഞ്ഞറിയിക്കാനാവാത്തതാണ്. മാസങ്ങള്‍ക്കകം ദല്‍ഹിയില്‍ നിന്നും മാതാ വൈഷ്‌ണോദേവിയുടെ സന്നിധിയായ ജമ്മു കാശ്മീരിലെ കത്രയിലേക്ക് രണ്ടാമത്തെ സര്‍വ്വീസും ആരംഭിച്ചു.
സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികം നടക്കുന്ന ഈ വര്‍ഷം അവസാനിക്കുന്നതിനു മുമ്പ് രാജ്യത്ത് എഴുപത്തിയഞ്ച് വന്ദേഭാരത് ട്രെയിനുകള്‍ ഓടിക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് റെയില്‍വേ. ഏകദേശം ആഴ്ചയില്‍ ഒന്ന് എന്ന കണക്കില്‍ ഓരോ പുതിയ ട്രെയിനുകള്‍ വീതം ഉദ്ഘാടനം ചെയ്യപ്പെടുന്നു. കേരളത്തിനുള്ള വന്ദേഭാരത് മെയ് മാസത്തില്‍ തിരുവനന്തപുരം കണ്ണൂര്‍ റൂട്ടില്‍ കൂകിപ്പായും.
ഒരു പദ്ധതി പ്രഖ്യാപിച്ചാല്‍ പൂര്‍ത്തിയാകാന്‍ പതിറ്റാണ്ടുകള്‍ എടുത്തിരുന്ന ഒരു രാജ്യത്താണ് ഇത് നടക്കുന്നത് എന്നത് ലോകം അന്തംവിട്ട് നോക്കി നില്‍ക്കുകയാണ്.