എത്ര കണ്ടാലും മതിവരാത്ത, ഓരോ പ്രാവശ്യം കാണുമ്പോഴും നോക്കിനിന്നുപോകുന്ന രണ്ടു കാര്യങ്ങളുണ്ട്. ഒന്ന് ആന, രണ്ട് തീവണ്ടി അഥവാ ട്രെയിന്‍. ഭീമാകാരമായ രൂപം, ശബ്ദം ഒക്കെത്തന്നെയാണ് ഈ രണ്ടു കാര്യങ്ങളെയും കൗതുകക്കാഴ്ചകള്‍ ആക്കുന്നത്. കൗതുകം എന്നതിലുപരി തീവണ്ടി എന്നത് മാനവ ജീവിതത്തെ ഏറ്റവുമധികം സ്വാധീനിച്ച എഞ്ചിനീയറിങ്ങ് ആണ്. പത്തൊന്‍പതാം നൂറ്റാണ്ടിനു ശേഷം ലോകം കുതിച്ചു പാഞ്ഞത് തീവണ്ടിയിലായിരുന്നു എന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയല്ല. റോക്കറ്റില്‍ പറക്കുന്ന ഈ കാലത്തും ട്രെയിനും റെയില്‍വേയുമില്ലാത്ത ഒരു അവസ്ഥയെപ്പറ്റി ചിന്തിക്കാന്‍ പോലുമാകില്ല.
ട്രെയിന്‍ ഓടണമെങ്കില്‍ റെയില്‍വേ ലൈനുകള്‍ നിര്‍ബന്ധമാണല്ലോ. റോഡ് നിര്‍മ്മിക്കുന്നത് പോലെ എവിടെയും നിര്‍മ്മിക്കാവുന്ന ഒന്നല്ല റെയില്‍വേ ലൈനുകള്‍. നിരപ്പായ ഭൂമി, കഴിയുന്നത്ര നേര്‍രേഖയിലുള്ള നിര്‍മ്മാണം, വളവുകള്‍ ഉണ്ടെങ്കില്‍ തന്നെ വളരെ വലിയ റേഡിയസില്‍. അങ്ങനെയങ്ങനെ ഒരുപാടൊരുപാട് പരിമിതികളും വെല്ലുവിളികളും റെയില്‍വേയ്ക്ക് ഉണ്ട്. അപ്പോള്‍ മലനിരകളും പുഴകളും പ്രവചനാതീതമായ ഭൂപ്രകൃതിയും കാലാവസ്ഥയുമൊക്കെയുള്ള ഇടങ്ങളിലൂടെ റെയില്‍വേ നിര്‍മ്മിക്കുക എന്നത് പലപ്പോഴും ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്.
എന്നാല്‍ അങ്ങിനെ ചില മഹാത്ഭുതങ്ങളും നമ്മുടെ നാട്ടില്‍ നടന്നിട്ടുണ്ട്, ഇപ്പോഴും നടക്കുന്നുമുണ്ട്. അതില്‍ പ്രധാനമായിരുന്നു 1998ല്‍ തുറന്ന കൊങ്കണ്‍ റെയില്‍വേ. പശ്ചിമഭാരതത്തിലെ കൊങ്കണ്‍ തീരത്തു കൂടി, മംഗലാപുരത്തെയും മുംബൈയെയും ബന്ധിപ്പിച്ച് എഴുനൂറോളം കിലോമീറ്റര്‍ ദൂരത്തില്‍ പണിതീര്‍ത്ത കൊങ്കണ്‍ റെയില്‍വേ ലോക റെയില്‍വേ ചരിത്രത്തിലെ തന്നെ ഒരു വിസ്മയമാണ്. അതുപോലെ, അല്ല അതിലും മേലെയുള്ള ഒരു എഞ്ചിനീയറിങ് അദ്ഭുതമാണ് ഇപ്പോള്‍ പണി തീര്‍ന്നുകൊണ്ടിരിക്കുന്ന, ജമ്മുവിനെയും ബാരാമുല്ലയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കശ്മീര്‍ റെയില്‍വേ.
ലോകത്തിലെ തന്നെ ഏറ്റവും ദുര്‍ഗ്ഗമമായ മലനിരകള്‍ ഉള്ള ഈ മേഖലയിലൂടെയുള്ള ഒരു റെയില്‍വേ ആവശ്യമാണെങ്കിലും സാങ്കേതിക വെല്ലുവിളകള്‍ കാരണം പല പ്രാവശ്യം പദ്ധതി ഉപേക്ഷിച്ചു. 1982ല്‍ തുടങ്ങിയ ഉധംപൂര്‍ വരെയുള്ള ചെറിയ ഭാഗം പോലും തീര്‍ന്നത് 2005 ലാണ്. ഒടുവില്‍, ജമ്മു മുതല്‍ ശ്രീനഗര്‍ വരെയുള്ള പദ്ധതിക്ക് 2002 ലാണ് പച്ചക്കൊടി ലഭിക്കുന്നത്. പക്ഷേ 2004ല്‍ സര്‍ക്കാര്‍ മാറുകയും നയം മാറുകയും ചെയ്തതോടെ കട്ര മുതല്‍ ബനിഹാല്‍ വരെയുള്ള ഭാഗം ഉപേക്ഷിക്കുന്ന സ്ഥിതി വന്നു. അതോടെ കശ്മീര്‍ റെയില്‍വേ പൂര്‍ണ്ണതയിലെത്താതെ കട്ര വരെ ചെന്ന് നിന്നു. അതിനു ശേഷം നൂറു കിലോമീറ്റര്‍ കഴിഞ്ഞു ബനിഹാലില്‍ നിന്ന് തുടങ്ങി ശ്രീനഗര്‍ വരെയുമായി. അതോടെ ജമ്മു മുതല്‍ ശ്രീനഗര്‍ വരെ ഒരു ട്രെയിനില്‍ പോവുക എന്നത് സ്വപ്‌നം മാത്രമായി മാറി.
എന്നാല്‍ 2014 ല്‍ മോദി സര്‍ക്കാര്‍ വന്നതോടെ, ഏതാണ്ട് മരിച്ചു കഴിഞ്ഞിരുന്ന കട്ര ബനിഹാല്‍ ലൈനിനു ജീവന്‍ വെച്ചു. ഈ മേഖലയിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഭാഗമാണിത്. രാജ്യത്തെ ഏറ്റവും നീളം കൂടിയ, 15 കിലോമീറ്ററിലധികം നീളമുള്ള വന്‍ തുരങ്കങ്ങള്‍, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ, ഈഫല്‍ ടവറിനേക്കാള്‍ ഉയരമുള്ള ചെനാബ് പാലം എല്ലാം ഈ സെക്ഷനില്‍ ആണ് വരുന്നത്. അസാമാന്യമായ ദൃഢനിശ്ചയം, സര്‍ക്കാരിന്റെ കറകളഞ്ഞ പിന്തുണ, കഠിനാധ്വാനം എല്ലാം ഒത്തുചേര്‍ന്നപ്പോള്‍ ഈ ഭാഗം ഇപ്പോള്‍ തൊണ്ണൂറു ശതമാനവും പൂര്‍ത്തിയായിക്കഴിഞ്ഞു. അതില്‍ തന്നെ ഏറ്റവും വലിയ വിസ്മയം ചെനാബ് നദിക്ക് കുറുകെ ഉയര്‍ന്ന ഒരു കിലോമീറ്ററിലധികം നീളമുള്ള ചെനാബ് പാലം തന്നെയാണ്.
റിക്റ്റര്‍ സ്‌കെയിലില്‍ 7.5 വരയുള്ള ഭൂകമ്പത്തെ ചെറുക്കാനും, മണിക്കൂറില്‍ ഇരുനൂറു കിലോമീറ്റര്‍ വരെയുള്ള കൊടുങ്കാറ്റുകളെ അതിജീവിക്കാനും പൂര്‍ണ്ണമായി സ്റ്റീലില്‍ തീര്‍ത്ത ഈ മഹാവിസ്മയത്തിനു കഴിയും. അങ്ങേയറ്റം പ്രതികൂലമായ ഭൂപ്രകൃതിയെ, അത്യാധുനിക സാങ്കേതികവിദ്യകള്‍ കൊണ്ട് മല്ലിട്ടാണ് ഇത് പൂര്‍ത്തിയാക്കിയത്. ഇവിടുത്തെ ഭൂപ്രകൃതി പ്രകാരം നദിയില്‍ തൂണുകള്‍ സ്ഥാപിക്കാന്‍ കഴിയില്ല. അതുകൊണ്ട് നദിയുടെ രണ്ടു വശങ്ങളിലുള്ള പാറകളില്‍ നിന്ന് പടുത്ത ഒരു പടുകൂറ്റന്‍ ആര്‍ച്ചിലാണ് ഈ പാലം സ്ഥിതിചെയ്യുന്നത്.
2022 ഡിസംബറില്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട ഈ പദ്ധതി കോവിഡ് കാരണമാണ് വൈകിയത്. എന്തായാലും ഈ വര്‍ഷം അവസാനത്തോടെ ഈ പാതയിലൂടെ തീവണ്ടികള്‍ കൂകിപ്പായും എന്ന ഉറപ്പ് റെയില്‍വേ നല്‍കിയിട്ടുണ്ട്. അങ്ങനെ കൊങ്കണ്‍ റെയില്‍വേയ്ക്ക് ശേഷം ലോകത്തെ അമ്പരപ്പിച്ചു കൊണ്ട് മറ്റൊരു എഞ്ചിനീയറിങ് വിസ്മയം കൂടി ഭാരതം അവതരിപ്പിക്കുകയാണ്.